പൂമുഖം LITERATUREകഥ ഒരു വിപ്ലവാനന്തര ഇതിഹാസം

ഒരു വിപ്ലവാനന്തര ഇതിഹാസം


കൂമൻ കാവിൽ എത്തിയപ്പോഴും ആ ചുവന്ന മഴ നിന്നു പെയ്തു. കൂമൻ കാവിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ ഏറുമാടങ്ങൾ അത്രയും ചാറ്റൽ മഴയിൽ ആദ്യമേ തന്നെ നിലം പൊത്തിയിരുന്നു. അപ്പുറത്ത് ബസ്സുകാർ ഉപയോഗിച്ചിരുന്ന ഒരു ഹോട്ടൽ ഇടിഞ്ഞു വീണിരുന്നു. അവിടെ കൊടുങ്കാറ്റിലും പറന്നു പോവാത്ത അപ്പവും മുട്ട റോസ്റ്റും പത്ത് രൂപ കോംബോ ആയിരുന്നത് രവി ഓർത്തു. പക്ഷേ നാണക്കേട് ആയിരുന്നത് കൊണ്ട് സ്കൂൾ കുട്ടികൾ പോലും അത് കഴിച്ചിരുന്നില്ലല്ലോ എന്ന ഖേദസ്മൃതിയിൽ രവി വിഷാദിച്ചു. രവിയുടെ കാൽ ആഞ്ഞ് നടന്നപ്പോൾ ശക്തിയിൽ മണ്ണിനടിയിലെ എന്തിലോ പോയിടിച്ചു. അത് മഞ്ഞക്കുറ്റി ആയിരിക്കുമെന്ന് രവിക്കറിയാമായിരുന്നു. 2022 – ലെ വിപ്ലവ സമയത്ത് നാടു മുഴുവൻ വാരി വിതറിയതാണ്.


പെട്ടന്ന് മിന്നലടിച്ചു. രവി തിരിഞ്ഞു. അല്ല, കോഴണശ്ശേരി സമാധാന കൗൺസിൽ സെക്രട്ടറി കണ്ണി മൂത്താനും സംഘവുമാണ്. തലയിൽ ഇരുമ്പു വടി കൊണ്ട് അടിച്ചതാണ്. വീണ്ടും ഇരുമ്പു വടി ഉയരുന്നത് രവി കൗതുകത്തോടെ നോക്കി. വിപ്ലവപ്പല്ല് മുളയ്ക്കാത്ത കുഞ്ഞു സ്റ്റാലിന്റെ വികൃതിയാണ്.

‘ശിവരാമൻ നായരുടെ ഫ്യൂഡൽ പട്ടീ. നീ പിള്ളാരെ അക്ഷരം പഠിപ്പിക്കും അല്ലേ ? ‘

‘ നിനക്ക് റൗക്ക ഇടാതെ കുനിഞ്ഞ് നിന്ന് കൊയ്യുന്നത് കാണണം , അല്ലേടാ ? ‘ – മറ്റൊരുവൻ.
മഴ പെയ്യുന്നു. മഴ മാത്രം. വിപ്ലവത്തിന്റെ ചുവന്ന മഴ. മഴ നിയമസഭയിൽ എന്ന പോലെ ഉറങ്ങി. മഴ ചരിത്രപരമായ മണ്ടത്തരങ്ങളോളം ചെറുതായി. അനാദിയായ മഴ വെള്ളത്തിന്റെ സ്പർശം.

ലാഭത്തിലോടുന്ന കെ.എസ്.ആർ.ടി.സി വരാനായി രവി കാത്തു കിടന്നു.


അങ്ങനെ കിടക്കവേ, രവി സ്വയം വിമർശിച്ചു. ജീവിതത്തിന്റെ രണ്ടറ്റവും മിന്നൽ പോലെ കൂട്ടി മുട്ടിക്കുന്ന മറ്റൊന്ന് ഉള്ളപ്പോൾ താൻ എന്തിന് ബസ്സ് കാത്തു കിടക്കണം? രവി ഇടത്തേക്ക് ഒന്ന് ഇഴഞ്ഞു നീങ്ങി സ്വസ്ഥനായി.

ആ മഹാ സ്വസ്ഥതയിൽ കെ – റെയിൽ വരാനായി രവി കാത്തു കിടന്നു.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like