പൂമുഖം LITERATUREകഥ തലകീഴായി വളരുന്ന മരം

തലകീഴായി വളരുന്ന മരം

പത്തു പ്രകാശവർഷം അകലെയുള്ള ഒരു നക്ഷത്രം ഈ നിമിഷം മരിക്കുന്നു എന്നു കരുതു. അതിൽ നിന്ന് പുറപ്പെട്ട അവസാനപ്രകാശരശ്മികൾ പത്തു വർഷത്തിന് ശേഷമായിരിക്കും നമ്മളിൽ എത്തുക. അത്രയും കാലം നാം അതിനെ അതിൻറെ പതിവ് സ്ഥാനത്ത് കണ്ടുകൊണ്ടേയിരിക്കും.മറിച്ച് അത്രയും ദൂരെയിരുന്ന് ഒരാൾ ഈ നിമിഷം നമ്മെ നോക്കിക്കൊണ്ടിരിക്കുകയാണെങ്കിലോ? പത്തുവർഷം മുൻപത്തെ നമ്മളെയായിരിക്കും അയാൾ കാണുന്നുണ്ടാവുക.അടുത്തടുത്ത് കാണുന്ന രണ്ട് നക്ഷത്രങ്ങൾ ഒരുപാട് വ്യത്യാസമുള്ള രണ്ട് കാലഘട്ടങ്ങളിൽ നിന്നാണ് ഒരുമിച്ച് നമുക്ക് മുന്നിൽ അങ്ങനെ പ്രത്യക്ഷപ്പെടുന്നത്. പ്രപഞ്ചം കൊണ്ടുനടക്കുന്നതത്രയും മായക്കാഴ്ചകൾ ആണെന്നർത്ഥം–
അയഥാർത്ഥമാണെല്ലാം – ഈ ഞാനൊഴികെ !

ആ ബോധത്തോടെ കഴിഞ്ഞ അര മണിക്കൂറിലധികമായി, അഞ്ചാം നിലയിലെ ഈ കാത്തിരിപ്പുമുറിയിൽ ഒറ്റക്കിരിക്കുകയാണ് ഞാൻ.
വന്നപ്പോൾ ഇവിടെ ഉണ്ടായിരുന്ന ചെറുപ്പക്കാരനുമായി ഇപ്പോൾ ഹാഫ്ഡോറിനപ്പുറം ഡോക്റ്റർ സംസാരിക്കുന്നത് അവ്യക്തമായി എനിക്ക് കേൾക്കാം.

അയാളുടെ അടഞ്ഞ മുഖവുമായി സംസാരിക്കാതെയെങ്കിലും ഒന്ന് പരിചയപ്പെടാൻ ഞാൻ ശ്രമിച്ചിരുന്നു.
ചുറ്റും അദൃശ്യമായ ഒരു കോട്ട തീർത്തിരുന്നു ചെറുപ്പക്കാരൻ.

അകത്ത് ശബ്ദത്തോടെ കസേര ഇളകി –
ചെറുപ്പക്കാരൻ പുറത്തുവന്നു –
എന്നെ നോക്കി ചിരിയുടെ നിഴൽ മുഖത്ത് വരുത്തി, പുറത്തേയ്ക്ക് നടന്നു .
രണ്ടോ മൂന്നോ മിനുട്ടിനു ശേഷം, ഹാഫ്ഡോർ തുറന്ന്, തല മാത്രം
പുറത്തേക്ക് കാണിച്ച് ഡോക്റ്റർ എന്നെ ക്ഷണിച്ചു.

അകത്ത് അഭിമുഖമായി ഇരുന്ന്, അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ സ്വയം പരിചയപ്പെടുത്തി :

“ പേര് യശ്വന്ത് – വയസ്സ് മുപ്പത്തഞ്ച് – സിസ്റ്റം അനലിസ്റ്റ് ആയി ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലി നോക്കുന്നു – ഭാര്യയും ഐ ടി മേഖലയിലാണ്‌ – എട്ട് വയസ്സായ ഒരാൺകുട്ടിയുണ്ട് – തിരക്കുണ്ട് – എന്നാലും സമാധാനത്തോടെയുള്ള ജീവിതം -”

നിർത്തിയപ്പോൾ ഡോക്റ്റർ സ്വന്തം പേര് പറഞ്ഞു– ചിരിച്ചു :

“ ഇനി, പറയാനുള്ളത് മുഴുവൻ വിസ്തരിച്ചു പറയു. എനിക്കെന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ഞാനത് അപ്പൊഴപ്പോൾ ചോദിക്കാം.”

ആശ്വാസത്തോടെ ഞാൻ തുടങ്ങി :

“ ഒരു പേടിസ്വപ്നത്തിന് പരിഹാരം തേടി ഡോക്റ്ററെ കാണേണ്ട പ്രായമല്ല എനിക്ക് എന്നെനിക്ക് നന്നായറിയാം . ഞാൻ വന്നിരിക്കുന്നത് പക്ഷേ, സത്യമായും അങ്ങനെയൊരു ആവശ്യവുമായാണ്, ഡോക്റ്റർ. കൊല്ലങ്ങളായി ആവർത്തിച്ചാവർത്തിച്ചു കാണുന്ന സ്വപ്‌നങ്ങളിൽ ഒന്ന് ഈയിടെയായി എൻ്റെ ഉറക്കം കെടുത്തുന്നു. ആവർത്തിക്കുന്ന സ്വപ്‌നങ്ങൾ എല്ലാവർക്കും ഉണ്ടാവും. അവയൊന്നും, മുതിർന്നതിനു ശേഷം ആരെയും നിരന്തരം അസ്വസ്ഥരാക്കുന്നുണ്ടാവില്ല- എന്നാണെൻറെ വിശ്വാസം .”

കണ്ണട അല്പം താഴ്ത്തിവെച്ച്, കസേരയിൽ ചാരിയിരുന്ന് കേട്ടുകൊണ്ടിരുന്ന ഡോക്റ്റർ വിരലുയർത്തി എന്നെ തടഞ്ഞു :

” ഒന്നോ രണ്ടോ ഉദാഹരണങ്ങൾ പറയാമോ ? “

ഞാൻ ചിരിച്ചു.

“തീർച്ചയായും ഡോക്റ്റർ- കൂടുതൽ സമയമെടുക്കരുതല്ലോ എന്ന് ആലോചിച്ച് ചുരുക്കിയതാണ്.”

” നമുക്കീ ലോകത്തെ സമയം മുഴുവനുമുണ്ട് – പറയൂ- ഇന്നെനിക്ക് കാണാനുള്ള അവസാനത്തെ ആളാണ് താങ്കൾ. “

” കാൽ തെറ്റി അടിത്തട്ടില്ലാത്ത ആഴത്തിലേയ്ക്ക് വീഴുന്നതാണ് ഏറ്റവും തവണ കണ്ടിട്ടുള്ള സ്വപ്നം- ഇന്നും തുടരുന്ന, ഓർമ്മയിലെ ആദ്യകാല സ്വപ്നങ്ങളിൽ ഒന്ന് .
ഒന്നും പഠിക്കാതെ, ഒട്ടും തയ്യാറാവാതെ, പരീക്ഷാ ഹാളിലേയ്ക്ക് കയറുന്നതായാണ് ഇനിയൊന്ന്. തോൽവിയുടെ ഭാരം മരണം വരെ ചുമക്കേണ്ടതിൻറെ ആധിയോടെയാണ് ഞാനുണരുക”

ഡോക്റ്റർ ചിരിച്ചു :

” എൻ്റെ സ്വപ്‌നങ്ങൾ താങ്കൾ കട്ടെടുത്തു എന്ന് പറയേണ്ടിവരും .”

” ഡോക്റ്റർ !”

“ഇനിയും പോരട്ടെ – ഒന്നോ രണ്ടോ -”

” പൊതുസ്ഥലത്ത് എവിടെയോ നൂൽബന്ധമില്ലാതെ പെട്ടുപോകുന്നതായി പല പ്രാവശ്യം സ്വപ്നം കണ്ടിട്ടുണ്ട്. നഗ്നനായി, വീട് ലക്ഷ്യമാക്കി നടക്കുമ്പോൾ അയൽക്കാരും സുഹൃത്തുക്കളുമൊക്കെ വഴിയിലുണ്ടാവും. ഒരു മറവുമില്ലാത്ത ആ വഴി അവരുടെ കണ്ണിൽ പെടാതെ എങ്ങനെ കടന്നുകിട്ടും എന്ന അങ്കലാപ്പുമായി നടക്കുന്നതിനിടെ ഉണരും. വീണ്ടും ഉറക്കത്തിൽ വീഴുംവരെ ജാള്യത വിട്ടുമാറില്ല.”

“ യശ്വന്ത് കഥയെഴുതാറുണ്ടോ ?”

“അയ്യോ, ഡോക്റ്റർ !”

” കാര്യമായി ചോദിച്ചതാണ് – ഞാൻ കേട്ടിടത്തോളം താങ്കൾ നല്ല ഒരു കഥ പറച്ചിലുകാരൻ ആണ് . എഴുതാറില്ലെങ്കിൽ എഴുതിത്തുടങ്ങണം എന്ന് ഞാൻ പറയും.”

നന്ദി ധ്വനിപ്പിച്ച് ഞാൻ ചിരിച്ചു .

” മാനസികരോഗിയാണെന്ന് തോന്നിക്കുന്ന ഒരക്രമി പിന്തുടർന്നു വരുന്നതായി സ്വപ്നം കാണാറുണ്ട്. അയാളിൽ നിന്ന് രക്ഷ തേടി ഓടാൻ ശ്രമിക്കുമ്പോൾ കാലുകൾക്ക് വേഗം കിട്ടില്ല – മൈക്കേൽ ജാക്സൻ്റെ മൂൺവാക്കിങ് പോലെ – മണലിൽ ഓടുന്നതുപോലെ- നിന്നുപോകുന്നത് പോലെ ! “.

” മുഖവുര ഇതിലധികം നന്നാവാനില്ല”
ഡോക്റ്ററുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി പടർന്നു –

“ഇനി, കുഴപ്പക്കാരൻ സ്വപ്നത്തെ കുറിച്ച് പറയു. “

“ വളരെ ചെറിയ ഒരു സ്വപ്നമാണത്, ഡോക്റ്റർ . വിഴുങ്ങാൻ കഴിയാവുന്നതിൽ അല്പം വലിയ എന്തോ ഒന്ന് – ഒരു ചോക്ലേറ്റോ ഒരു പൊട്ട് ശർക്കരയോ ആവാം – ഞാൻ വായിലിട്ടിരിക്കുന്നു. ഓരോ ഭക്ഷണത്തിനു ശേഷവും അങ്ങനെ എന്തെങ്കിലുമൊരു മധുരം പതിവുണ്ട്. സ്വപ്നത്തിൽ, എൻ്റെ ഒരു നിമിഷത്തെ അശ്രദ്ധയിൽ അത്, വശത്തുകൂടെ തൊണ്ടയിലേയ്ക്ക് ഇറങ്ങുന്നു. വിഴുങ്ങാനോ പുറത്തേയ്ക്ക് എടുക്കാനോ ആവാതെ, ശ്വാസം മുട്ടി അടുത്ത നിമിഷം മരിക്കാൻ പോകുന്നു എന്ന ഭയത്തോടെ ഞാൻ ഉണരുന്നു. ഉറക്കത്തിൽ കരയുന്ന ശബ്ദം കേട്ട് ഭാര്യ എന്നെ തട്ടി വിളിക്കാറുണ്ട്. മരണസഞ്ചാരത്തിൽ നിന്നാണ് ഞാൻ ഉണരുക. അവളുടെ മുഖത്തും ശബ്ദത്തിലും പ്രകടമായ നീരസമുണ്ടാവും. ഉറക്കം തടസ്സപ്പെടുന്നതല്ല അവളെ അലോസരപ്പെടുത്തുന്നത്. ഉറക്കത്തിലെ കരച്ചിലിൻറെ ‘മൃഗീയമായ ഈണ’മാണ്. അത് മനുഷ്യൻറെ കരച്ചിലായി തോന്നാറില്ലെന്നവൾ പറയുന്നു ”

“ ഇതിനെ ഭയന്നല്ല, പക്ഷേ, യശ്വന്ത് എന്നെ കാണാൻ എത്തിയിരിക്കുന്നത് ?”

“ അല്ല ഡോക്റ്റർ – എത്രയോ കൊല്ലങ്ങളായി ആവർത്തിച്ചാവർത്തിച്ച് കണ്ടിട്ടുള്ള സ്വപ്നമാണ്. അത്‌ എന്തുകൊണ്ട് അങ്ങനെ ആവർത്തിക്കുന്നു എന്ന് അറിയാൻ തീർച്ചയായും താത്പര്യമുണ്ട്. പക്ഷേ വീണ്ടും ഉറക്കത്തിൽ വീഴുന്നത് വരെയേ അതെന്നെ ബുദ്ധിമുട്ടിക്കൂ.
കഴിഞ്ഞ ഒന്നോ ഒന്നരയോ കൊല്ലത്തിനിടയിലെപ്പോഴോ സ്വപ്നം വളർച്ചയുടെ വിചിത്രമായ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. ആദ്യം അത് സ്വപ്നത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേയ്ക്കായിരുന്നു. ഉണർന്ന് കഴിഞ്ഞും തൊണ്ടയിൽ കുരുങ്ങിയ വസ്തുവും ശ്വാസം മുട്ടലും ഭയവും ബാക്കി നിൽക്കും. അതിനെ എങ്ങനെയെങ്കിലും അകത്തേയ്ക്കാക്കാനുള്ള പരക്കംപാച്ചിലിൽ അടുത്തുള്ള ടീപോയ്ക്ക് മുകളിൽ ഫ്‌ളാസ്‌കിൽ കരുതിയിരിക്കുന്ന വെള്ളം എടുത്ത് അഞ്ചോ ആറോ കവിൾ കുടിച്ചു കഴിഞ്ഞേ ഞാൻ ശരിക്കും ഉണരൂ –
വെള്ളം കുടിക്കുന്നത് സ്വപ്നത്തിലല്ല.
ഞാൻ പറയുന്നത് ഡോക്റ്റർക്ക് വ്യക്തമായോ എന്നറിയില്ല.”

“തീർച്ചയായും, യശ്വന്ത് – ബാക്കി പറയു.”

“പിന്നീടൊരിക്കലും സ്വപ്നം ആദ്യരൂപത്തിൽ അവസാനിച്ചില്ല. വെള്ളം കരുതാൻ മറന്നല്ലോ എന്നും വെള്ളമേ കിട്ടാത്ത സ്ഥലത്താണല്ലോ ഞങ്ങൾ എന്നുമൊക്കെയുള്ള ഭയത്തോടെ ഉണരുമ്പോൾ ടീപ്പോയ്ക്ക് മുകളിൽ ഫ്‌ളാസ്‌ക് കണ്ട്, വിവരിക്കാനാവാത്ത ആശ്വാസം തോന്നിയ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്.
മുറിയിൽ വെള്ളം വെയ്ക്കാൻ മറന്ന ഒരേയൊരു ദിവസം ബെഡ് റൂമിൽ നിന്ന് ഹാൾ മുറിച്ചുകടന്ന് അടുക്കളയിൽ പോയി വെള്ളം കുടിച്ചതും ഓർക്കുന്നു. ഭാര്യയെ ഉണർത്താതെ, ശബ്ദമുണ്ടാക്കാതെ, രണ്ട് വാതിലുകൾ തുറന്ന്, ലൈറ്റുകൾ തെളിയിച്ച്, അടുക്കളയിൽ ഷെൽഫിൻറെ അടച്ചുവെച്ച വലിപ്പ് തുറന്ന്, ഗ്ളാസ് എടുത്ത്, ടാപ്പിന് കീഴെ കഴുകി, ഫിൽറ്ററിൽ നിന്ന് വെള്ളമെടുത്ത് കുടിച്ച്, ഗ്ളാസ് തിരികെ വലിപ്പിനകത്ത് കമഴ്ത്തി, ലൈറ്റുകൾ കെടുത്തി, വാതിലുകൾ അടച്ച്, തിരിച്ചുവന്ന് പുതപ്പിനകത്ത് കയറുന്നതുവരെ ഉള്ള കാര്യങ്ങൾ സ്വപ്നവും യാഥാർത്ഥ്യവുമാണ്.

ഡോക്റ്റർ ഇമവെട്ടാതെ കേട്ടിരുന്നു.

“ഇപ്പോൾ അഞ്ചാറു മാസമായി ഭയപ്പെടുത്തിക്കൊണ്ട് സ്വപ്നം വീണ്ടും വളരുന്നു- പഴയതിൻ്റെ തുടർച്ചയായല്ല . ഇത്തവണ സ്വപ്നത്തിൽ നിന്ന് സ്വപ്നത്തിലേയ്ക്ക് ആണ് അതിൻ്റെ പോക്ക്. ആ വളർച്ച എന്നെ ഭയപ്പെടുത്തുന്നു- ഒന്നിലധികം കാരണങ്ങൾ കൊണ്ട് !”

കൈയിലെ പേന മേശപ്പുറത്ത് വെച്ച് രണ്ട് കൈപ്പടങ്ങളും വിരലുകൾ കോർത്ത് അകത്തേയ്ക്ക് മടക്കി അതിന്മേൽ താടി ചേർത്ത്, ഡോക്റ്റർ ഇരുന്നു.

“പുതിയ സ്വപ്നത്തിൽ ഞാനൊരു മനോരോഗവിദഗ്ദ്ധൻ്റെ മുന്നിൽ ഇരിക്കുകയാണ്, ഡോക്റ്റർ, സ്വപ്നത്തെ കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചു കൊണ്ട്…!”

“ ഓ – യശ്വന്ത് ! ”

ഒന്ന് നിർത്തി, കണ്ണുകൾ വലുതാക്കി ഡോക്റ്റർ അദ്‌ഭുതപ്പെട്ടു :

“ അതൊരു വല്ലാത്ത സ്വപ്നം! “

“എനിക്ക് ഭയം തോന്നുന്നു, ഡോക്റ്റർ .”

“ഭയപ്പെടേണ്ട കാര്യമില്ല ..നമുക്ക് പരിഹാരമുണ്ടാക്കാം. ഒരു പഴയ കഥ ഓർമ്മ വന്നത് പറയട്ടേ ? മുത്തച്ഛനെ കാണാൻ നാട്ടിലെ വൈദ്യർ ഒരിക്കൽ വീട്ടിൽ വന്നു. അവർ കൂട്ടുകാരായിരുന്നു. മുത്തച്ഛൻ ഒരു കെട്ട് പ്രശ്നങ്ങൾ ഒറ്റയടിക്ക് വൈദ്യരുടെ മുന്നിൽ അവതരിപ്പിച്ചു:
‘രാത്രി ഉറക്കം കുറവാണ്. പകൽ സദാ ഉറക്കം തൂങ്ങിക്കൊണ്ടാണ്. വിശപ്പില്ല. ക്ഷീണമുണ്ട്. ഓർമ്മക്കുറവുണ്ട്.’
പറഞ്ഞവസാനിപ്പിച്ച്, മുത്തച്ഛൻ പറഞ്ഞു :
‘വൈദ്യര് ഒരു വഴി കാണണം. എനിക്ക് ഇതിൽ നിന്നൊന്നു പുറത്ത് കടക്കണം.’
ചിരിച്ചുകൊണ്ട് വൈദ്യരുടെ മറുപടി :
‘സമയം വേണം..എനിക്കിതിലൊരു രണ്ട് തച്ച് പണിയാനുണ്ട്.’
അത് പറഞ്ഞ് രണ്ടുപേരും ഉറക്കെയുറക്കെ ചിരിച്ചത് എന്തിനെന്ന് കുട്ടികളായിരുന്ന ഞങ്ങൾക്ക് മനസിലായില്ല.
ഇപ്പോൾ യശ്വന്തിനോട് ഞാനും പറയാം :
സമയം വേണം – എനിക്കിതിലൊരു രണ്ട് തച്ച് പണിയാനുണ്ട്!”

ഡോക്റ്റർ മേശപ്പുറത്തെ ബെല്ലമർത്തി.
ഹാഫ് ഡോർ തുറന്ന് അകത്തുവന്ന സഹായിയെ നിർത്തി അദ്ദേഹം എന്നോട് ചോദിച്ചു :

“കോഫിയോ ചായയോ ..?”

മറുപടി വൈകുന്നു എന്ന് തോന്നിയത് കൊണ്ടാവാം എൻറെ നേരെ ചെറുതായി കൈവീശി ഡോക്റ്റർ ചെറുപ്പക്കാരനോട് പറഞ്ഞു :

“കടുപ്പത്തിൽ രണ്ട് കോഫി!…… ഇനി പറയു .. “

“സ്വപ്നം – സ്വപ്‌നങ്ങൾ അത്രയേയുള്ളൂ, ഡോക്റ്റർ – പറയാനുള്ളത് എൻറെ സംശയങ്ങളെ കുറിച്ചും ഭയങ്ങളെ കുറിച്ചുമാണ് . വന്നുവന്ന്, സ്വപ്നം കാണുകയാണോ ഉണർന്നിരിക്കുകയാണോ എന്ന് തീർച്ചപ്പെടുത്താനാവാത്ത അവസ്ഥയിലാണ് ഞാൻ.. സ്വപ്നങ്ങളിൽ കണ്ട ഡോക്റ്റർമാരെ ആരെയും എനിക്ക് മുൻപരിചയമില്ല. കറുത്ത കോട്ടിട്ടവർ ..കട്ടിഫ്രെയിമുള്ള കണ്ണട ധരിച്ചവർ.. ഊശാൻതാടിക്കാർ – തലമുടി തോളറ്റം വളർത്തിയവർ.. കട്ടിപ്പുരികമുള്ളവർ.. ഡോക്റ്ററെ പോലെ ഇവയൊന്നുമില്ലാതെയും ചിലർ ! “

“നമ്മുടെ ഈ കൂടിക്കാഴ്ചയെ കുറിച്ചും ഇല്ലേ സംശയം ?”

“ സത്യം പറയണമല്ലോ – രണ്ടോ മൂന്നോ തവണ ഞാൻ ദേഹത്ത് നുള്ളിനോക്കി, ഡോക്റ്റർ..”

“..ബാക്കി പറയു..”

“ ഞാൻ സംസാരിച്ചു തീരുമ്പോൾ എൻറെ മുഖത്ത് കണ്ണുകളുറപ്പിച്ച് അവർ ആലോചനയിൽ മുഴുകാറുണ്ട്. എൻറെ മനസ്സിൻറെ മാത്രം സൃഷ്ടികളാണ് അവരോരോരുത്തരുമെങ്കിൽ എനിക്കറിയാത്ത എന്താവാം അവർ ആലോചിച്ചുകൂട്ടുന്നത്? അങ്ങനെ ഭൂതവും ഭാവിയുമില്ലാതെ ഏതാനും നിമിഷനേരത്തേയ്ക്ക് എൻറെ സ്വപ്നത്തിൽ മാത്രമായി അവർക്ക് ജീവിച്ച് ‘അവസാനിക്കാ’മെങ്കിൽ അങ്ങനെ ആരുടെയോ സ്വപ്നത്തിലെ കഥാപാത്രമല്ല ഞാനെന്ന് ഞാനെങ്ങനെ ഉറപ്പിക്കും? പഴയ കവിതയിൽ വായിച്ചതുപോലെ ‘ആരുടെ തോന്നലാണ് ഞാൻ’ എന്ന് ചിലപ്പോൾ ഭയം തോന്നും. പോയിപ്പോയി അവസാനിക്കാത്ത ഒരുസ്വപ്നത്തിലേയ്ക്ക് ഞാൻ വലിച്ചെടുക്കപ്പെട്ടാലോ ? പലപ്പോഴും ഈ ഡോക്റ്റർമാർ അപ്രസക്തമെന്ന് എനിക്ക് തോന്നുന്ന ചോദ്യങ്ങൾ ചോദിക്കുന്നു. പ്രശ്നത്തിന് വിചിത്രമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു “

“അവർ ചോദിച്ച ചില ചോദ്യങ്ങളോ പറഞ്ഞ പ്രതിവിധികളോ ഓർമ്മയുണ്ടോ…?”

“ഒരു ഡോക്റ്റർ ചോദിച്ചത് ഞാൻ പാട്ട് പാടാറുണ്ടോ എന്നാണ്. ഇനിയൊരാൾക്ക് അറിയേണ്ടിയിരുന്നത് എൻ്റെ വീട്ടിലോ അടുത്ത ബന്ധത്തിലോ ആർക്കെങ്കിലും എപ്പോഴെങ്കിലും പാമ്പ് കടിയേറ്റിട്ടുണ്ടോ എന്നാണ്..- ഈ അസംബന്ധ നാടകങ്ങളിൽ നിന്ന് എനിക്കൊരു രക്ഷ വേണം, ഡോക്റ്റർ ”

കോഫി കപ്പ് ചുണ്ടോടടുപ്പിച്ച് ഡോക്റ്റർ പറഞ്ഞു :

“യശ്വന്ത്, സ്വന്തം പ്രശ്നങ്ങൾ വ്യക്തമായി വാക്കുകളിൽ അവതരിപ്പിക്കാൻ കഴിയുന്ന രോഗി ഒരു മനോരോഗവിദഗ്ദ്ധന് വലിയ സഹായമാണ് ചെയ്യുന്നത്. മറ്റു ഡോക്റ്റർമാരെ പോലെ സ്റ്റെതസ്കോപ്പും തെർമോമീറ്ററും തരുന്ന വിവരങ്ങൾ മാത്രം വെച്ചല്ല ഞങ്ങൾ രോഗനിർണയം നടത്തുന്നതും ചികിത്സിക്കുന്നതും. ആ നിലയ്ക്കാണ് ഞാൻ പറയുന്നത്, യശ്വന്ത് എൻറെ ജോലി കാര്യമായി കുറച്ചുതന്നു. താങ്കളുടെ ചില സംശയങ്ങൾ, സ്വപ്നങ്ങളിൽ ആണെങ്കിലും, തീർത്തുതരാൻ ഞാൻ ശ്രമിക്കാം. ആ ഡോക്റ്റർമാർ ചോദിച്ചതായി പറഞ്ഞ ചോദ്യങ്ങളില്ലേ? അവ യശ്വന്ത് കരുതുന്നത് പോലെ തീരെ അപ്രസക്തങ്ങളാവണ മെന്നില്ല. എൻറെ സഹായം തേടി വരുന്നവരോട് അത്തരം ചോദ്യങ്ങൾ ചോദിക്കുന്ന കൂട്ടത്തിലാണ് ഞാനും . എനിക്കതിന് രണ്ട് കാരണങ്ങളെങ്കിലും പറയാനാവും. ആവട്ടെ , പാട്ട് പാടാറുണ്ടോ എന്ന ചോദ്യത്തിന് സ്വപ്നത്തിൽ യശ്വന്തിൻറെ മറുപടി എന്തായിരുന്നു എന്നോർമ്മയുണ്ടോ? “

“ഞാൻ പാടാറില്ല ഡോക്റ്റർ!”

“അതൊരു മുഴുവൻ ഉത്തരമായില്ല, യശ്വന്ത് – സാധാരണ ഡോക്റ്റർമാരുടെ മുന്നിൽ ഇരിക്കുന്ന അനായാസതയോടെ യാവില്ല മിക്കവാറും പേർ ഒരു മനോരോഗ വിദഗ്ധൻറെ മുന്നിലിരിക്കുക. എന്തോ അമാനുഷമായ ശക്തികളുള്ളവരാണ് ഞങ്ങൾ എന്ന് കരുതുന്നവരാണ് പലരും. അതുണ്ടാക്കുന്ന ഭയം, അകലം, കാരണം നിങ്ങൾ മനസ്സ് തുറക്കാൻ മടിക്കും. ഭയം മാറ്റി നിങ്ങളെ സമതലങ്ങളിലേക്ക് കൊണ്ടുവരാൻ, അന്തരീക്ഷത്തിന് അയവ് വരുത്താൻ ലഘുവായ ഒരു കുശലപ്രശ്നത്തിന് കഴിഞ്ഞെന്നിരിക്കും. ഞാൻ അതാണ്‌ പതിവ്. ഇവിടെ എനിക്കത് വേണ്ടിവന്നില്ല. അനായാസമായി, വ്യക്തമായി, കാര്യങ്ങൾ അവതരിപ്പിക്കാൻ ആവാത്തവരെയേ സഹായിക്കേണ്ടതുള്ളൂ. പിന്നെ, പാടാറില്ല എന്നതിനുപകരം ‘പാടാനറിയില്ല -വീട്ടിൽ എപ്പോഴെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ മൂളാറുണ്ടെങ്കിലും’ എന്ന ഉത്തരമാവില്ലേ കൂടുതൽ ശരി? മുഴുവൻ സത്യം പറയാൻ ശ്രദ്ധിക്കുന്നയാളാണോ എന്നറിയാൻ ഞങ്ങൾ ഒരുപക്ഷേ അങ്ങനെയൊരു ചോദ്യം ചോദിച്ചെന്നിരിക്കും. ഇനി നമുക്ക് പ്രശ്നത്തിലേക്ക് കടക്കാം..”

ഡോക്റ്റർ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു – ജനാലയുടെ അടുത്തേയ്ക്ക് നീങ്ങി – അഴികളില്ലാത്ത ജനൽ, കമ്പിവലയുടെ കൊളുത്ത് നീക്കി മലർക്കെ തുറന്ന് അദ്ദേഹം എന്നേയും ക്ഷണിച്ചു. താഴെ ഇരുദിശകളിലും ഇരമ്പിയോടുന്ന നഗരം. ഉറുമ്പുകളെ പോലെ തലങ്ങും വിലങ്ങും തിരക്കിട്ട് നടക്കുന്ന കാൽനടക്കാരും..

“ യശ്വന്തിനറിയാമോ ആ കാണുന്ന ജനക്കൂട്ടത്തിൽ ഒരാളില്ല ഏതെങ്കിലും തരത്തിലുള്ള ഭ്രാന്തില്ലാത്തവരായി. അതവരാരെങ്കിലും സമ്മതിച്ചുതരുമോ? സ്വപ്നം എന്താണെന്നും എന്തിനാണെന്നും ഇന്നും ഞങ്ങൾക്കും കൃത്യമായറിയില്ല. ഞാനതിനെ കുറച്ചുനേരത്തേയ്ക്കുള്ള ഭ്രാന്തായിട്ടാണ് കരുതാറുള്ളത്. യുക്തിക്ക് നിരക്കാത്ത സ്വപ്നങ്ങളെ, അല്ലെങ്കിൽ, നമ്മൾ എങ്ങനെയാണ് വ്യാഖ്യാനിക്കുക? ടിപ്പു സുൽത്താനുമായി ദ്വന്ദയുദ്ധത്തിൽ ഏർപ്പെട്ടതായി ഞാൻ സ്വപ്നം കണ്ടത് ഈയിടെയാണ്…..
ഉറക്കത്തിന്റെ പ്രശ്നവുമായി വരുന്നവരോട് ഡോക്റ്റർമാർ പതിവായി നിർദ്ദേശിക്കുന്ന ചില ചിട്ടകൾ ദിനചര്യയുടെ ഭാഗമാക്കുന്നതാവട്ടെ ചികിത്സയുടെ ആദ്യപടി. അത്താഴം ലഘുവാക്കുക- നേരത്തേയാക്കുക – മനസ്സിനെ മോശമായി ബാധിക്കുന്നതൊന്നും കാണുകയോ കേൾക്കുകയോ വായിക്കുകയോ ചെയ്യാതിരിക്കുക.. അങ്ങനെയങ്ങനെ -അടുത്ത തവണ കാണുമ്പോൾ ഞാൻ വിശദമാക്കാം. “

“ഇതൊക്കെ എന്നുമുതലേ ശീലമാക്കിയവ, ഡോക്റ്റർ !”

“വ്യായാമം ചെയ്യാറുണ്ടോ ?”

“രാവിലെ സൂര്യനമസ്കാരവും നടത്തവുമായി ഒരു മണിക്കൂർ – മുടങ്ങാതെ!”

“വ്യായാമത്തിൽ ഒരൈറ്റം കൂടി ആയാലോ
..?”

“തീർച്ചയായും ഡോക്റ്റർ ..”

“ഇപ്പോൾ ..?”

മറുപടി, പറയുന്നതിന് പകരം, ചെയ്തുകാണിക്കാനായി മുട്ടുകാൽ മടക്കി ഞാൻ കുത്തനെ നിലത്തിരുന്നു . കൈകൾ കൊണ്ട് കാലുകളെ പൊതിഞ്ഞുപിടിച്ചു. അതേ നിലയിൽ നിലത്തുനിന്ന് ഉയർന്ന് ഒരാളുയരത്തിൽ അന്തരീക്ഷത്തിൽ നിന്ന എന്നോട് ഡോക്റ്റർ ചോദിച്ചു :

“ബുദ്ധിമുട്ടുണ്ടോ ?”

ഞാൻ തലയാട്ടി.
മുറിക്കകത്ത് മേൽത്തട്ടിന് തൊട്ടുതാഴെ ഫാനിനെ രണ്ടോ മൂന്നോ തവണ വട്ടംചുറ്റി ജനാല വഴി പുറത്ത് കടന്നു .

നഗരാന്തരീക്ഷത്തിലെ പൊടിമഴയുടെ തണുപ്പിലൂടെ നേർത്ത കാറ്റിലൂടെ, തിരക്കിനും കെട്ടിടങ്ങൾക്കും മുകളിലൂടെ പറന്നുനീങ്ങുന്നതിനിടെ ഞാൻ തിരിഞ്ഞുനോക്കി.

അഞ്ചാം നിലയിലെ ജനാലയ്ക്കൽ കൈയുയർത്തി വീശി, വിജയചിഹ്നം കാണിച്ച്, ഡോക്റ്റർ നിൽക്കുന്നുണ്ടായിരുന്നു!

ചിത്രം : പ്രസാദ് കാനത്തുങ്കൽ

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like