പൂമുഖം LITERATUREനിരൂപണം കഥാവാരം – 15

കഥാവാരം – 15

മനോഹരങ്ങളായ രണ്ട് വിവർത്തന കഥകളുണ്ട് മാതൃഭൂമിയിൽ. ആദ്യത്തേത് ശ്രീലങ്കൻ എഴുത്തുകാരൻ ഇസുരു ചാമര സോമവീര എഴുതിയ ‘മിസ്സിസ് പെരേര’ എന്ന സിംഹള കഥ. വാർദ്ധക്യത്തിലേക്കെത്തിയ ഒരു സ്ത്രീയുടെ നഷ്ടപ്പെട്ടുപോയ പ്രതീക്ഷകൾ, ആഗ്രഹങ്ങൾ, ദാമ്പത്യം, ഒരു കുടുംബിനി ആകുവാനായി സ്വയം ഉപേക്ഷിച്ചു കളയുന്ന നിറങ്ങൾ ഇവയൊക്കെയാണ് കഥയിൽ പറയുന്നത്. ഏത് ദേശത്തും, ഏതുകാലത്തും, മിസ്റ്റർ എന്ന പദത്തിനപ്പുറം കാണുന്ന ആൺ രൂപത്തിന് ആജ്ഞാനുവർത്തിയോ നിഴലോ മാത്രമായിപ്പോകുന്ന സ്ത്രീ സ്വത്വത്തിന്റെ നേർക്കാഴ്ചയാണിത്. ഒരു സവിശേഷ നിമിഷത്തിൽ ആ സ്വപ്നങ്ങളെ താൻ തിരിച്ചുപിടിക്കുന്നു എന്ന തോന്നലുണ്ടാകുന്ന സ്ഥലത്തുനിന്നും കഥയിൽ പെട്ടെന്ന് വരുന്നു ട്വിസ്റ്റ്‌. പതിഞ്ഞ ശബ്ദത്തിലുള്ള കഥ. മനോഹരമായ ഭാവുകത്വവും നാടകീയതയുമൊക്കെ കഥാകൃത്ത് കാണിക്കുന്നത് സ്ത്രീയുടെ വെറും ആത്മഗതം കൊണ്ട് മാത്രമാണ്. പെൺ മനസ്സിന്റെ അറിയപ്പെടാത്ത അഗാധതയിലേക്കാണ് നമ്മൾ ചെല്ലുന്നത്. അതും വളരെ വളരെ സ്വാഭാവികമായ രീതിയിൽ. അതീവസുന്ദരം തന്നെയാണിത്. കഥ, അവതരണം, അതിന്റെ സൗന്ദര്യം ഇത്യാദി കാര്യങ്ങളെപ്പറ്റി പറയുന്നതിനേക്കാൾ ശ്രേഷ്ഠമായി എനിക്ക് തോന്നിയത്, നമ്മുടേതല്ലാത്ത ഭാഷയിൽ രചിക്കപ്പെട്ട ഒരു കഥ എങ്ങനെ നമ്മുടേതായി മാറി എന്നതിനെ കുറിച്ച് പറയാനാണ്. കഥയെ വിവർത്തനം ചെയ്ത എ കെ റിയാസ് മുഹമ്മദ് തീർച്ചയായും പരാമർശിക്കപ്പെടേണ്ടതുണ്ട് ഇവിടെ. ഈയടുത്ത് മുഖ്യധാരാ വാരികകളിലൊന്നിൽ രണ്ട് വിവർത്തന കഥകൾ വായിച്ചിരുന്നു. അവ നോൺ ഫിക്ഷൻ കൃതിയുടെ പരിഭാഷ പോലെയാണ് അനുഭവപ്പെട്ടത്. പക്ഷേ ഇക്കുറി മാതൃഭൂമിയിൽ, കഥയുടെ ഭാവവികാരങ്ങൾ അനുഭവിപ്പിക്കുന്നതിൽ പരിഭാഷകർ വിജയിച്ചിരിക്കുന്നത് കാണാം.

ഇസുരു ചാമര സോമവീര

എ കെ റിയാസ് മുഹമ്മദ്

ല്യുജീ പിരാന്തല്ലൊയുടെ ‘യുദ്ധം’ എന്ന കഥയെക്കുറിച്ച് ഇവിടെ ഒരഭിപ്രായം പറയുക അതിസാഹസികത തന്നെയാണ്. മഹാനായ എഴുത്തുകാരന്റെ ഉത്കൃഷ്ടമായ കഥയെക്കുറിച്ച് എന്ത് പറയാൻ! നിർബന്ധിത സൈനിക സേവനത്തിനു വേണ്ടി അയക്കപ്പെട്ട ഇരുപത് വയസ്സുകാരനായ മകനെ, അപ്രതീക്ഷിതമായി യുദ്ധമുഖത്തേക്ക് ഭരണകൂടം പറഞ്ഞയക്കുമ്പോൾ അവനെ യാത്രയയക്കാൻ പോകുന്ന മാതാപിതാക്കളുടെ ദുഃഖമാണ് കഥാവിഷയം. എങ്ങനെയാണ് അതിപ്രഗത്ഭനായ ഒരെഴുത്തുകാരൻ ഒന്നു രണ്ടു വാചകങ്ങൾ കൊണ്ടുതന്നെ കഥാപാത്രങ്ങളെ വായനക്കാരന് ഏറ്റവും അടുപ്പവും ഇഷ്ടവും ഉള്ള ആൾക്കാരാക്കി മാറ്റുന്നത് എന്നറിയണമെങ്കിൽ ഈ കഥ വായിക്കുക. വൃദ്ധദമ്പതികൾ കയറിയ ആ ട്രെയിനിനകത്ത് പുത്രദുഃഖം അനുഭവിക്കുന്നവരാണ് എല്ലാവരും. യുദ്ധമുഖത്തേക്ക് പോയവരുടെ ബന്ധുക്കൾ. ഇവരുടെ സന്താപ പ്രകടനം സഹിക്കവയ്യാതെ അവരിലൊരാൾ യുദ്ധത്തെ കുറിച്ചും ദേശസ്നേഹത്തെ കുറിച്ചും വാ തോരാതെ സംസാരിക്കുന്നു. മക്കളോടുള്ള സ്നേഹം എന്നതിലുപരി ഇരുപത് വയസ്സായ യുവാവിന് തോന്നുന്ന ഇഷ്ടങ്ങളെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. അതിൽ ഏറ്റവും പ്രധാനം സ്വന്തം നാടിനു വേണ്ടി ജീവത്യാഗം ചെയ്യുക എന്നത് തന്നെ. അന്തസ്സുള്ള യുവാക്കളുടെ കാര്യമാണ് താൻ പറയുന്നത് കേട്ടോ എന്ന് കൂടെക്കൂടെ അദ്ദേഹം കൂട്ടിച്ചേർക്കുന്നുമുണ്ട്. രാജ്യത്തിനും അതിന്റെ തലവനും വേണ്ടി ജീവത്യാഗം ചെയ്ത തന്റെ മകനെക്കുറിച്ച് ദുഃഖമേതുമില്ലാതെ സംസാരിക്കുന്ന യാത്രക്കാരനിലേക്കായി എല്ലാവരുടെയും ശ്രദ്ധ. ‘അപ്പോൾ താങ്കളുടെ മകൻ ശരിക്കും മരിച്ചുപോയോ?’എന്ന് ചോദിക്കുന്നു വൃദ്ധ. അതുവരെ തന്റെ മകന്റെ മരണത്തിൽ അഭിമാനം കൊള്ളുകയും ദേശസ്നേഹത്തെയും ദേശീയതയെയും കുറിച്ച് വാതോരാതെ ഉറക്കെ സംസാരിക്കുകയും ചെയ്തു കൊണ്ടിരുന്ന യാത്രക്കാരൻ, തന്റെ മകൻ ശരിക്കും മരിച്ചുപോയി എന്ന സത്യം, മനുഷ്യാവസ്ഥയുടെ വികാരങ്ങളിൽ നിന്നുകൊണ്ട് അപ്പോഴാണ് മനസ്സിലാക്കുന്നത്. ആ തിരിച്ചറിവിൽ ഹൃദയഭേദകമായി പൊട്ടിക്കരയുന്നതോടെ കഥ തീരുന്നു. അസാധാരണം എന്നല്ലാതെ വേറെ എന്ത് പറയും!

ല്യുജീ പിരാന്തല്ലൊ

ദാർശനികമോ ധൈഷണികമോ ആയ ഒരു തലത്തിൽ നിന്നുകൊണ്ട്, ഏതെങ്കിലും പ്രത്യയശാസ്ത്രത്തിനോ മത രാഷ്ട്രീയ സംഹിതകൾക്കോ വേണ്ടിയുള്ള രക്തസാക്ഷിത്വത്തെ എത്രതന്നെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചാലും, ഏറ്റവും അടുപ്പമുള്ളവർക്ക് അതിനെക്കാളും ഒക്കെ അപ്പുറമാണ് മാനുഷികമായ വൈകാരികത എന്ന മഹാസത്യം പറയുന്നു ഈ കഥ. ശരത് മണ്ണൂരിന്റെ പരിഭാഷയും നന്ന്.

ശരത് മണ്ണൂർ

സമകാലിക മലയാളം വാരികയിലെ കഥ ‘ആദിമ രാത്രി’യാണ്. എഴുത്തുകാരി സജിനി എസ്. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ വധൂവരന്മാരുടെ ആദ്യരാത്രിയാണ് കഥയുടെ തുടക്കം. ഗ്രേസും ജോയ്സും. ഗ്രേസിന്റെ അപ്പാപ്പൻ സവിശേഷമായി രൂപപ്പെടുത്തിയ അന്തരീക്ഷത്തിലുള്ള മണിയറയിൽ പാലിന് പകരം വിസ്കി. കൗതുകകരമാകേണ്ടുന്ന രംഗസജ്ജീകരണം, പക്ഷേ അത്രത്തോളം താത്പര്യജനകമായി തോന്നിയില്ല. കഥയുടെ ഒഴുക്ക് ഏകദേശം മധ്യഭാഗം വരെ സുന്ദരം. കഥയിൽ, എവിടെയൊക്കെയോ ഒരു ‘ലോലിറ്റ’ ഗന്ധം. അപ്പാപ്പന് ഗ്രേസിനോടുള്ള നിഗൂഢമായ ആഗ്രഹമെന്നത് പോലെ. പക്ഷെ, ഈ ഒരു അഗമ്യഗമന മാനസികാവസ്ഥയെ കലയായി ഉയർത്താൻ കൂടുതൽ ശ്രദ്ധിക്കുന്നതിന് പകരം, കഥ ഒരുതരം സങ്കീർണ വിവരണം കൊണ്ട് ആശയക്കുഴപ്പത്തിലേക്ക് വായനക്കാരനെ കൊണ്ട് പോകുന്നു. വിവരണങ്ങളിലെ സ്ഥൂലത, കഥാവസാനം വായനയെ വിരസമാക്കുന്നു.

സജിനി എസ്

ധന്യ എം ഡി എഴുതിയ ‘ഒറ്റാൽ’ എന്ന കഥയാണ് മാധ്യമത്തിൽ. ഭേദപ്പെട്ട കഥ തന്നെയാണിത്. സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ പന്തിഭോജനം എന്ന കഥയെ ഉപജീവിച്ച് എഴുതിയത് എന്ന് എഴുത്തുകാരി തന്നെ പറയുന്നുണ്ട്. ഒരു കഥയാൽ വായനക്കാരനെക്കൊണ്ട് രാഷ്ട്രീയത്തെ അനുഭവിപ്പിക്കുന്ന ഉന്നതമായ സർഗ്ഗസൃഷ്ടിയാണ് ‘പന്തിഭോജനം.’ പക്ഷേ ഉപരിതലത്തിൽ ആ കഥ, നാലഞ്ച് സുഹൃത്തുക്കളുടെ അടുപ്പത്തിന്റെയും അസൂയയുടെയും പ്രൊഫഷണൽ ഈഗോയുടെയും ചട്ടക്കൂടിനകത്ത് നിന്നും പതുക്കെപ്പതുക്കെ വികാസം കൊള്ളുന്ന കൃതിയാണെന്നു കാണാം. അതിന്റെ അഗാധത യിലാണ് രാഷ്ട്രീയം പ്രത്യക്ഷപ്പെടുന്നത്. കീഴാളന്റെ സ്വത്വബോധവും വിധേയത്വവും തമ്മിലുള്ള സംഘട്ടനവും, വിധേയത്വം സ്വത്വബോധത്തെ അടിച്ചമർത്തുന്നതുമാണ് കഥയുടെ ഒടുക്കം. ഈ ഒടുക്കത്തിന്റെ നേർവിപരീതമാണ് ഒറ്റാൽ എന്ന കഥയിൽ ധന്യ എം.ഡി സന്നിവേശിപ്പിക്കുന്നത്. ഇതിന്റെ തുടക്കത്തിൽ ഭേദപ്പെട്ട കഥ തന്നെയാണിത് എന്ന് പറയാൻ കാരണം, മുൻപേ എഴുതപ്പെട്ട കഥയെ മാറ്റിയെഴുതുമ്പോൾ സംഭവിക്കുന്ന വിരസത ഒരു പരിധിവരെ സ്വതന്ത്രമായ ഭാവന കൊണ്ട് ഇല്ലായ്മ ചെയ്യുന്നതിൽ കഥാകൃത്ത് വിജയിച്ചു എന്നതിനാലാണ്. പക്ഷേ മൂലകഥയിൽ നിന്നുമുള്ള മാറ്റം രസകരമായി അവതരിപ്പിച്ചു എങ്കിലും, അധ്യാപികയായ ആഖ്യാതാവ്, സ്വഗതാഖ്യാനം ആയി പറയുന്ന കാര്യങ്ങൾ പലതും ആവശ്യമില്ലാത്തതായി ഭവിച്ചു. കറുത്ത നിറത്തെ കളിയാക്കുന്ന തൻറെ ചെറിയ ക്‌ളാസ്സിലെ വിദ്യാർത്ഥികളോട് ഉയർന്ന മാനുഷികമൂല്യങ്ങൾ ഒക്കെ പറഞ്ഞു നവോത്ഥാന രൂപത്തിലുള്ള, ഒരുതരം പ്രഭാഷണ സമാനമായ വിശദീകരണങ്ങൾ അനാവശ്യമായിട്ടാണ് അനുഭവപ്പെട്ടത്. കൂടാതെ കഥയുടെ അവസാന പേജിൽ പറയുന്ന കാര്യങ്ങളിൽ, ഏറ്റവും ഒടുക്കം ഉള്ള ഒന്നോ രണ്ടോ പാരഗ്രാഫുകൾ ഒഴികെ മറ്റുള്ളവ കഥയുടെ സൗന്ദര്യത്തിനോ ആശയത്തിന്റെ ആകെത്തുകയ്ക്കോ സവിശേഷമായി യാതൊന്നും തന്നെ സംഭാവന ചെയ്യുന്നില്ല. എങ്കിലും, മാറിയ കാലഘട്ടത്തിലെ ദളിത് സ്വത്വം, പന്തിഭോജനത്തിലെ രുക്മിണി യിൽനിന്നും ബഹുദൂരം ഉയർന്ന് ചിന്തിക്കുന്നവരാണ് എന്ന് വായനക്കാരെ വിശ്വസിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് ഒറ്റാൽ. രൂപശിൽപവും ഭാവശിൽപവും ഒരു കഥയ്ക്ക് അനുകൂലമായ വിധത്തിൽ സൃഷ്ടിച്ചിട്ടുള്ളതിനാൽ രാഷ്ട്രീയ സ്വഭാവമുള്ള ഈ രചനയ്ക്ക് കലയുടെ സൗകുമാര്യത തീർച്ചയായുമുണ്ട്.

ധന്യ എം ഡി

ദേശാഭിമാനി വാരികയിൽ ശ്യാം കൃഷ്ണൻ ആർ എഴുതിയ കഥയാണ് ‘ത്രിലോക്.’ പത്തൊമ്പതുകാരനായ കേന്ദ്രകഥാപാത്രത്തിന്റെ പേരാണ് ഈ തലക്കെട്ട്. ഒൻപത് പേജുകളിൽ സാമാന്യം വിസ്തരിച്ച് ത്രിലോകിന്റെ കഥ പറയുന്നു. ആദ്യത്തെ രണ്ടുമൂന്നു പേജുകളിൽ തന്നെ അനവധിയനവധി പേരുകളാണ്. കഥാപാത്രങ്ങൾ അത്രയേറെ അത്യാവശ്യം അല്ലെങ്കിൽ ആ പേരുകളുടെ സാംഗത്യം എന്താണ്? ഉത്തരേന്ത്യയിലെ ഒരു ഹോട്ടൽ തൊഴിലാളിയായ ബാലന്റെ കഥയാണിത്. ഇടയ്ക്കിടെ വൈകാരികത കൊണ്ട് വായനക്കാരനെ ആകർഷിക്കാൻ ശ്രമിച്ചു എന്നത് ഒഴിച്ചുനിർത്തിയാൽ പൂർണ്ണത പ്രാപിക്കാത്ത കഥ ആയിട്ടാണ് അനുഭവപ്പെട്ടത്. സവിസ്തരമായ പ്രതിപാദ്യം. വ്യക്തമായി നിർവ്വചിക്കപ്പെട്ട തുടക്കവും ഒടുക്കവും ഇല്ലെങ്കിൽ കഥ വായിക്കുന്നതും വർത്തമാനപത്രം വായിക്കുന്നതും ഒരുപോലെ ആകും. ഒരൊറ്റ ബിന്ദുവിലേക്ക് കേ ന്ദ്രീകരിക്കപ്പെടാത്ത, ചിതറിപ്പോയ സംഭവങ്ങളുടെ വിവരണം മാത്രമായി കഥ അവസാനിക്കുന്നു. വായന തീരുമ്പോഴും, കഥാന്ത്യത്തിൽ ഉദ്ദേശിച്ചത് എന്താണെന്ന് വായനക്കാരനെ കൂടി വിശ്വസിപ്പിക്കാൻ എഴുത്തുകാരന് സാധിക്കുന്നില്ല. അതീവ ദുർബലവും വളരെ പെട്ടെന്ന് ഊഹിക്കാൻ പറ്റുന്നതുമായ ക്ലൈമാക്സിന് പുതിയ മാനം നൽകാൻ ശ്രമിച്ചത് അസംബന്ധം എന്ന തോന്നൽ മാത്രമേ ഉണ്ടാക്കുന്നുള്ളൂ.

റീന പി ജിയുടെ ‘ഭായ് ബസാർ’ ആണ് ദേശാഭിമാനിയിലെ രണ്ടാമത്തെ കഥ. ഒറ്റവാക്കിൽ പറഞ്ഞാൽ ബാലിശം എന്ന് മാത്രമേ ഈ കഥയെക്കുറിച്ച് പറയേണ്ടതുള്ളൂ എന്നു തോന്നുന്നു. പൈങ്കിളി സ്വഭാവമുള്ള സംഭാഷണമോ അവതരണമോ വളരെയധികം കാണാം ഇതിൽ. ഒരേ വേഗതയിൽ തുടർച്ചയായി പറഞ്ഞു പോകുന്നതല്ലല്ലോ കഥ. ഒരു സിനിമയുടെ തിരക്കഥയെക്കുറിച്ച് ചർച്ച ചെയ്യുന്ന സുഹൃത്തുക്കളോടെ കഥ തുടങ്ങുന്നു. അതിനുശേഷം ഇയാൾ കഥപറയുന്നു. അറുപഴഞ്ചൻ ആണ് വിഷയം. അതിന്റെ അവതരണം എത്രയോവട്ടം നമ്മൾ സിനിമയിലും ജനപ്രിയ സാഹിത്യത്തിലും കണ്ടതിൽ നിന്ന് ഒട്ടും വിഭിന്നവുമല്ല. എഴുത്തുകാരിയുടേതായ സംഭാവനയായിട്ട് പറയാൻ കഴിയുന്നത്, കഥാവസാനം സുഹൃത്തിനെ തേടി ഇറങ്ങുന്ന തിരക്കഥാകൃത്ത് അയാളെ കാണുന്ന രംഗമാണ്. പറഞ്ഞ സിനിമാക്കഥയിലെ തീവ്രവാദികൾ കഥയിലെയൊരാളെ വെടിവെച്ചുകൊന്നത് പോലെ സുഹൃത്തും വെടിയേറ്റ് കൊല്ലപ്പെട്ട്കി ടക്കുന്ന രംഗം കാണുന്നു. അതോടെ നമുക്ക് വ്യക്തമാകുന്നു, ഭരണകൂട ഭാഷ്യം പോലെ ഇവിടെ ധാരാളമായി തീവ്രവാദ കൊലപാതകങ്ങൾ നടന്നു കൊണ്ടിരിക്കുന്നു എന്ന്.

റീന പി ജി

എഴുത്തുകാർ പത്രങ്ങൾ വായിക്കട്ടെ. കഥകൾ വായിക്കട്ടെ. തങ്ങളുടെ ബോധ്യം എന്ത് തന്നെയാണെങ്കിലും അതിനെ കഥയായി അവതരിപ്പിക്കട്ടെ. വാർത്തകൾക്കാണെങ്കിൽ ഇഷ്ടംപോലെ വർത്തമാനപത്രങ്ങൾ, ചാനലുകൾ, സോഷ്യൽ മീഡിയ തുടങ്ങി അനവധി ഉപായം നമുക്കുണ്ടല്ലോ.

മലയാളനാട് വെബ് പോർട്ടലിൽ മുസ്തഫ പെരുമ്പറമ്പത്ത് എഴുതിയ ‘ഹോം ഡെലിവറി’ എന്ന കഥയുണ്ട്. കോവിഡ് തുടക്കകാലത്ത് എഴുതിയ കഥയായിരിക്കണം ഇത്. കഥയുടെ വിഷയം എന്തുമാകട്ടെ, അതിനെ അവതരിപ്പിക്കുന്ന രീതി, കഥയുടെ ചട്ടക്കൂടിന് അനുയോജ്യമാവുക എന്നതാണ് പ്രധാനം. സാധാരണയിൽ സാധാരണ ആയിട്ടുള്ള ഒരു വിഷയത്തെ അത്രത്തോളം സാധാരണരീതിയിൽ പ്രതിപാദിച്ചു പോകുന്നു. വികാര സാന്ദ്രീകരണത്തിന് ഉതകുന്ന വിധം ക്രാഫ്റ്റ് ചെയ്യപ്പെടാത്ത അപക്വമായ എഴുത്ത് മാത്രമാണ് ഇക്കഥ.

മുസ്തഫ പെരുമ്പറമ്പത്ത്

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like