പൂമുഖം LITERATUREകഥ ഹോം ഡെലിവെറി

ഹോം ഡെലിവെറി

മെയ് 19; 2020, തിയ്യതിയും മാസവും എല്ലാം ഉറപ്പുവരുത്തി, എൻ്റെ മേൽനോട്ടപരിധിയിൽപ്പെട്ട ഷോപ്പുകളിൽ നിന്ന് വെരിഫൈ ചെയ്ത് തിരിച്ചുകിട്ടിയ പ്രതിമാസ സ്റ്റോക്ക്ഷീറ്റിൻ്റെ റിപ്പോർട്ട് ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ ഉറക്കത്തിൽ നിന്നുണരാത്ത ഭാര്യ കുഞ്ഞിനെ ചേർത്ത് പിടിച്ച് അവ്യക്തമായഭാഷയിൽ എന്തോ പറഞ്ഞു കൊണ്ടിരുന്നു.

“വർക്ക് അറ്റ് ഹോം” എന്ന മുഷിപ്പേറിയ ജോലിതുടങ്ങിയിട്ട് രണ്ടു മാസത്തിലധികമായിരിക്കുന്നു.

‘കോവിഡ് വന്നത് നന്നായി, ങ്ങളെ കുടുംബത്ത് കാണാൻ കിട്ടിയല്ലോ’എന്ന സന്തോഷത്തിലാണ് സഹധർമ്മിണി. അവധി ദിവസങ്ങളിൽ പോലും വിശ്രമിക്കാതെ ഓഫീസിൽ സദാ ചിലവഴിക്കുന്ന താൻ അതർഹിക്കുന്നു എന്ന് മനസ്സും പരിഹസിച്ചു.

റിപ്പോർട്ട് സമർപ്പിക്കേണ്ടത് ഇന്ന് വൈകുന്നേരം അഞ്ചു മണിക്കാണെന്നും അതിൽ നിന്ന് ഒരു വിട്ടുവീഴ്ചക്കും സാധ്യമല്ലെന്നുമുള്ള സെക്ഷൻഹെഡ് മൂർത്തിസാറിൻ്റെ ഔട്ട്ലുക്ക്സന്ദേശത്തെ തുടർന്ന് ജോലിയിൽ മുഴുകികൊണ്ടിരിക്കുമ്പോഴാണ്, ആധികാരികമായ ചൂടുവാർത്തകളുടെ അപാര നെറ്റ് വർക്കിംഗ് സംവിധാനവും സ്വാധീനവുമുള്ള ഹെഡ്ഓഫീസിലെ സുഹൃത്തിൻ്റെ ഫോൺകോൾ ലഭിച്ചത്.

“അറിഞ്ഞോ?, കോസ്റ്റ് കട്ടിംഗിൻ്റെ ഭാഗമായി നിങ്ങളുടെ സെക്ഷനിലെ നിരഞ്ജൻ്റെ പേര് പിരിച്ചുവിടുന്നവരുടെ ലിസ്റ്റിൽ ഉണ്ടത്രെ”

സംശയത്തിന് ഇടനൽകാത്ത വാർത്താ സ്രോതസ്സാണെങ്കിലും വിശ്വസിക്കാൻ അല്പം പ്രയാസപ്പെട്ടു. ജോലിയിൽ കൃത്യനിഷ്ഠയും ഉന്നതങ്ങളിൽ ഉയർന്ന സ്വാധീനവുമുള്ള ഒരാളെ എങ്ങനെ പിരിച്ചുവിടും! അതു മാത്രമല്ല സാധാരണ സ്വയംവിരമിക്കലൊഴിച്ച് ഫൈനാൻസ് ഡിപ്പാർട്ട്മെൻറിലേക്ക് അറുത്തു മാറ്റുന്ന കത്തി നീളാത്തതുമാണ്.’ മറ്റു ആധികാരിക സന്ദേശങ്ങൾ തുടർന്ന് ലഭിച്ചേക്കുമെന്ന ചിന്തകളോടെ ചെയ്തു കൊണ്ടിരുന്ന ജോലിയിലേക്ക് മുഴുകി. ലോക്ഡൗണിൻ്റെ ഭാഗമായി അടച്ചിട്ട ഷോപ്പുകളിലേക്ക് ഇഷ്യൂ ചെയ്ത് കൊടുത്ത സ്റ്റോക്ക്ഷീറ്റിൽ നോക്കി റിപ്പോർട്ട് ഉണ്ടാക്കുന്നത് പ്രഹസനമാണെന്ന് അറിയാമെങ്കിലും കമ്പനി നിയമങ്ങളെ അനുസരിക്കുന്ന ഒരുജോലിക്കാര നാവുകയല്ലാതെ നിവൃത്തിയില്ലല്ലോ!

‘ഒരു ട്വിസ്റ്റ് ഉണ്ട്, നിരഞ്ജൻ്റെ സ്വാധീനം അവനു ഗുണം ചെയ്തു. ലിസ്റ്റിൽ നിന്ന് അവൻ്റെ പേര് നീക്കം ചെയ്ത് ഹെഡ് ഒഫീസിലെ ബൈജുവും തൻ്റെ സെക്ഷനിലെ ബിനീഷും ലിസ്റ്റിൽ വന്നിരിക്കുന്നു’ എന്ന സന്ദേശമറിയിച്ച്‌ കൊണ്ട് അധികം വൈകാതെ തന്നെ നേരത്തെ വാർത്ത അറിയിച്ച സുഹൃത്തിൻ്റെ മറ്റൊരു ഫോൺകോൾ ലഭിച്ചപ്പോൾ മനസ്സ് വല്ലാതെ നൊമ്പരപ്പെട്ടു.

‘എന്താ വല്ലാതിരിക്കുന്നത്, എന്ത് പറ്റി?’ എന്ന ഭാര്യയുടെ ചോദ്യത്തിന്ഓഫീസിലെ ബിനീഷിൻ്റെ പേര് പിരിച്ചു വിടുന്നവരുടെ ലിസ്റ്റിൽ ഉണ്ടത്രെ!’എന്നു മാത്രം പറഞ്ഞൊഴിഞ്ഞു.

‘അയ്യോ’ എന്ന് ആശ്ചര്യപ്പെട്ട് കൊണ്ട് അവൾ തുടർന്നു “കഴിഞ്ഞ ഗെറ്റുഗദറിൽ അവൻ്റെ ഭാര്യ, അവർക്ക് രണ്ട് പേർക്ക് ജോലിയുണ്ടായിട്ട് കൂടി കിട്ടുന്ന കാശ് ഒന്നിനും തികയുന്നില്ലെന്ന് പറഞ്ഞ് കുറേ വേവലാതിപ്പെട്ടതാ. പാവങ്ങൾ ഇനിഎന്താ ചെയ്യുക? വിവരമറിഞ്ഞ സ്ഥിതിക്ക് ഒന്ന് വിളിച്ച് നോക്കാമായിരുന്നില്ലെ?” ‘വേണ്ട! ഒഫീഷ്യൽ അറിയിപ്പുകളൊന്നും ലഭിക്കാതെ വിളിച്ച് വെറുതെ വേദനിപ്പിക്കേണ്ട!’ എന്നു പറഞ്ഞ് അവളെ നിരുത്സാഹപ്പെടുത്തി.

‘ആർക്കും കിട്ടുന്ന കാശ് തികയാത്ത ഒരു കാലമാണിത്. അത് കൊണ്ട് തന്നെയല്ലെ നമുക്കും മൂത്തമകളെ നാട്ടിൽ ഉമ്മാടെ അടുത്താക്കേണ്ടി വന്നത്’ എന്ന് അവളും പരിഭവിക്കുന്നത് കേട്ടു.

മനസ്സ് വല്ലാതെ വിങ്ങി തുടങ്ങിയപ്പോൾ ഉമ്മയെയും മകളെയും വിളിച്ച് സംസാരിക്കാനുറച്ചു…

“ഇന്ന് നോമ്പ് ഇരുപത്തഞ്ചല്ലെ? പെരുന്നാളിന് ഇനി കൊർച്ചീസംങ്കുട്യെ ഉള്ളൂ. ടീവീല് കൊറോണടെ ഓരോ വാർത്തകള് കാണുമ്പോൾ ആധിയും വ്യാധിയും പെരുകിവരുന്നുണ്ട് മോനെ. ഇനി എത്ര കാലംന്ന് വെച്ചാ.. നിർത്തി പോന്നൂടെ അണക്ക്….” ഉമ്മയുടെ വാക്കുകൾക്ക് മുന്നിൽ കണ്ണുനിറഞ്ഞത് അവൾ കാണാതിരിക്കാൻ ഏറെ പണിപ്പെട്ടു.

മുന്നറിയിപ്പു തന്ന സമയപരിധിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ബ്രാഞ്ചിലെ സെക്ഷൻ ഹെഡിന്ന് സി.സി വെക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയത് കൊണ്ടാകണം ‘നന്നായിരിക്കുന്നു, നാളെ രാവിലെ ഓഫീസിലേക്ക് ഒന്നുവരണം, ഒരു അത്യാവശ്യകാര്യമുണ്ടെ’ന്ന് രവികുമാർ സാറിൽ നിന്ന് അറിയിപ്പു ലഭിച്ചത്. ഇത്ര ദിവസം ഓഫീസിൽ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്തിട്ട് നാളെ മാത്രം ഇപ്പൊ എന്താണാവോ ഇത്ര അത്യാവശ്യ കാര്യം?’എന്ന അവളുടെ സംശയത്തിന് ‘ബിനീഷിന്റെ ഔദ്യോഗീക അറിയിപ്പ് ഒരുപക്ഷെ വന്നിട്ടുണ്ടാകാം .അങ്ങനെയെങ്കിൽ ഹാൻഡോവർ ചടങ്ങിന് കൂടി സാക്ഷിയാകേണ്ടി വരുമല്ലോ’ എന്ന് ഉത്തരം നൽകി .നോമ്പ് തുറക്കുന്നതിന്നു വേണ്ട ഒരുക്കങ്ങളിലേക്ക് അവളോടൊപ്പം ചേർന്നു.

രണ്ട് മാസത്തിലധികമായി പതിവില്ലാത്ത ഓഫീസിലേക്കുള്ള പ്രഭാതയാത്ര അല്പം മടി ഉളവാക്കിയെങ്കിലും ആജ്ഞയനുസരിച്ച് കൊണ്ട് ഓഫീസ് ബിൽഡിംഗിൻ്റെലിഫ്റ്റിൽ ഇരുപത്തിയൊന്നാം നമ്പർ പ്രസ്സ് ചെയ്ത് കണ്ണാടിയിലെ പ്രതിരൂപത്തെ നോക്കി ആശ്ചര്യപ്പെട്ടു. ഉമ്മ പറയാറുള്ള പോലെ ദീർഘകാലത്തെ പ്രവാസം തന്നിൽ ഒത്തിരി മാറ്റം വരുത്തിയിരിക്കുന്നു.

പതിവ് ബഹളങ്ങളില്ലാത്ത, മൂകത തളം കെട്ടിനിൽക്കുന്ന ഓഫീസ്.രവികുമാർസാർ പതിവ് പത്രപാരായണത്തിനിടയിൽ ചെയ്ത് തീർക്കേണ്ട ജോലികളെ കുറിച്ചും ബിനീഷിന് ഇന്ന് വരാൻ കഴിയില്ലെന്നും ഓർമ്മിപ്പിച്ചു. വാക്കിലും പ്രവൃത്തിയിലും ഒരു നാടകീയത പ്രകടമായിരുന്നു.

തിരക്ക് പിടിച്ച ജോലികൾക്കിടയിൽ ‘അദേയ് നൂറ്റി രണ്ടിലെ സൽമാടെ കസിൻ വന്നിട്ടുണ്ട്, മാളില് ബ്യൂട്ടി പാർലറുള്ള നൂറ- ഓള് അടിപൊളിയായി മൈലാഞ്ചി ഇട്ട് തരാന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ ഇടാൻ പൂവാണ്. നാലീസംകൂടി കഴിഞ്ഞാൽ പെരുന്നാൾഅല്ലെ, ഇന്ന് നോമ്പ്തുറക്കാൻ എനിക്കൊന്നും ഉണ്ടാക്കാൻ വയ്യ. ങ്ങള് വരുമ്പോൾ എന്തേലും പാർസല് വാങ്ങിക്കോ’എന്ന ഭാര്യയുടെ ആവശ്യത്തിന് ‘ഓകെ’എന്ന് പറഞ്ഞൊഴിയാൻ ശ്രമിക്കുന്നതിന് മുന്നെ അവൾ ഇടക്ക് കയറി.

“അദേയ്,മോൻക്ക് ഉപ്പാടെ ഫ്രണ്ടിന്റെ കടേൽന്ന് ഷവായയും വേണംന്ന് “

സ്വന്തമായി കടകളുള്ള ഫ്രണ്ട്സിന്റെ ലിസ്റ്റ് മനസ്സിൽപരതുന്നത് കണ്ടിട്ടാവണം ‘റൗണ്ടബൗട്ടിനടുത്തുള്ള ഹോട്ട് ആൻഡ് സ്പൈസീൽന്ന്’ എന്നവൾ മുഴുമിപ്പിച്ചത്.

‘നേരത്തെ ഇറങ്ങാൻ കഴിഞ്ഞാൽ വാങ്ങി കൊണ്ടു വരാം, അല്ലെങ്കിൽ ഓർഡർ ചെയ്താൽ അവർ വീട്ടിലെത്തിച്ചോളും’എന്ന് പറഞ്ഞ് ഫോൺ വെച്ചു. രവികുമാർ സാറിൽ നിന്ന് എന്തോ അപ്രൂവൽ വാങ്ങാൻ വന്ന സെയിൽസ് മാനേജർ ‘അവതരിപ്പിച്ചോ’ എന്ന് ചോദിക്കുന്നതും ‘അറിയിപ്പ് മേലാധികാരികളിൽ നിന്നായിരിക്കും’ എന്ന് മറുപടി കൊടുത്തതും എന്തിനാണെന്ന് വ്യക്തമായില്ലെങ്കിലും ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്ന് ബോധ്യമായത് കൊണ്ടാവണം’വർക്കുകൾ കഴിഞ്ഞോ’എന്ന ചോദ്യശരം എനിക്ക് നേരെ തൊടുത്തു വിട്ടത്.

‘Almost done sir, only the final touches remain’എന്നുണർത്തിച്ച് കൊണ്ട് ഭാര്യയുടെ ആവശ്യപ്രകാരമുള്ള ഓർഡർ അറിയിക്കുന്നതിന് വേണ്ടി സുഹൃത്തിനെ വിളിച്ചുസന്ദേശം കൈമാറി.

ഇഫ്താറിന് മുന്നെ കൊടുത്തയക്കാമെന്ന ഉറപ്പിൽ ശേഷിക്കുന്ന മിനുക്കു പണികളിലേക്ക് കടക്കുമ്പോൾ ‘Almost done, it is right time for you to speak directly’ എന്നസന്ദേശം രവികുമാർ സാർ ആർക്കോ കൈമാറുന്നത് കേട്ടു.

‘ഓർഡർ കൊടുത്തോ?’ എന്ന ചോദ്യവുമായി ഭാര്യയുടെ കോൾ വന്നതിന് ‘കൊടുത്തിട്ടുണ്ട്, താമസിയാതെ വീട്ടിലെത്തും’ എന്ന് പറഞ്ഞ് ഫോൺ കട്ടാക്കുമ്പോൾ ‘നൂറയുടെ ഹെന്ന ഡിസൈൻ സൂപ്പറാണ് ട്ടാ, ഇട്ട് കഴിഞ്ഞാൽ ഞാൻ വാട്സാപ്പിൽ അയക്കാം, അഭിപ്രായം പറയാൻ മറക്കരുത്’ എന്നു പറഞ്ഞത് മന:പൂർവ്വം കേൾക്കാതിരിക്കാൻ ശ്രമിച്ചതാണോ, അതോ ലാൻഡ് ഫോണിൻ്റെ ബെല്ലടി ശബ്ദത്തോടൊപ്പം കാളർ ഐഡിയിൽ തെളിഞ്ഞ അർണബ് മൽഹോത്ര എന്ന ഫൈനാൻസ് മാനേജറുടെ പേരുകണ്ട് ഭയപ്പാടോടെ ഉപേക്ഷിച്ചതാണോ എന്നുവ്യക്തമല്ല. ഫോണെടുത്ത മാത്രയിൽ, ‘You know the current situation without me describing it, so thank you so much for your long and sincere service and the company will not need your service from tomorrow.’ എന്ന വാക്കുകൾ കാതിൽ പ്രകമ്പനം കൊണ്ടു. കരുണയ്ക്കായുള്ള ‘സർ’ വിളികൾ കേൾക്കാത്ത മട്ടിൽ ‘Further action will be announced by the HR Department’ എന്ന അറിയിപ്പോടെ.എല്ലാം അവസാനിച്ചിരുന്നു.

വേരുകൾക്കടിയിൽ നിന്ന് മണ്ണ് ചോർന്നു പോകുന്ന മരത്തിൻ്റെ അവസ്ഥ എത്രത്തോളമാണെന്ന് ബോധ്യമായ നിമിഷങ്ങൾ. നിലംപൊത്തുകയല്ലാതെ മറ്റു നിർവ്വാഹമില്ലെന്ന തിരിച്ചറിവിൽ കൂരിരുട്ട് പരക്കുന്നു എന്ന തോന്നൽ.

കോർണിഷ് ഭാഗത്തെ കാഴ്ച സമ്മാനിക്കുന്ന ചില്ലു ജാലകത്തിൽ അങ്ങ് പടിഞ്ഞാറ് ഒരു പകലിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൻ്റെ ചോരക്കറ പടർന്നിരുന്നു.

‘ബാങ്ക് കൊടുക്കാറായല്ലോ, ഓർഡർ ചെയ്തവ ഇത് വരെ വന്നിട്ടില്ല.’ എന്ന സങ്കടമഴ കാതിലേക്ക് പെയ്തിറങ്ങിയപ്പോൾ തണുത്തുറഞ്ഞ വാക്കുകളാൽ അന്വേഷണം നടത്തിയെങ്കിലും ‘ഇവിടെ നിന്ന് പോന്നല്ലോ! അവിടെ എത്തേണ്ട സമയവും കഴിഞ്ഞു, ഞാനൊന്ന് അന്വേഷിക്കട്ടെ’ എന്ന് ഹോട്ടലുടമയായ സുഹൃത്ത് സാന്ത്വനിപ്പിച്ചു.

സുദീർഘമായ സേവനത്തെ, ബാങ്കിനെ തുടർന്ന് മൂന്നിറക്ക് വെള്ളത്തിൽ അവസാനിപ്പിച്ച് ഓഫീസിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഹെഡ്ഓഫീസിലെ ഹോട്ട് ന്യൂസുകൾ കൈമാറാറുള്ള സുഹൃത്തിൻ്റെ നമ്പർ മൊബൈലിൽ പരതിയെടുത്ത് ചെവിയോട് ചേർത്തു.

‘മറ്റൊരു ട്വിസ്റ്റ് കൂടി നടന്നത് താനറിയാതെ പോയതോ, അതോ അറിയിക്കാൻ മറന്നതോ’ എന്ന എന്റെ ചോദ്യത്തിന്, ‘അറിഞ്ഞിരുന്നു , പക്ഷെ തന്നെ അറിയിക്കാനുള്ള ത്രാണിയില്ലാത്തത് കൊണ്ട് മൗനം പാലിച്ചതാണ്. മാത്രമല്ല ബിനീഷിനെ ലിസ്റ്റിൽ നിന്ന് മാറ്റി തൻ്റെ പേരു ചേർക്കാൻ താനൊക്കെ വാനോളം പുകഴ്ത്തുന്ന രവികുമാറിൻ്റെ ചരടുവലിയും പ്രകടനവും അപാരമായിരുന്നു. ങാ..ബിനീഷ് അയാളുടെ ബന്ധുവാണല്ലേ” എന്നിങ്ങനെ വിവരണങ്ങൾ അധികരിച്ചപ്പോൾ’ ഞാൻ പിന്നെ വിളിക്കാം’എന്നു പറഞ്ഞ് കൈകാണിച്ച് നിറുത്തിയ ടാക്സിക്കുള്ളിലേക്ക് കയറി. ഓഫീസും വീഥികളും എന്നിൽനിന്ന് എന്നെന്നേക്കുമായി ഓടിയകലുന്ന പോലൊരു തോന്നൽ. യാത്ര പോകേണ്ട സ്ഥലത്തെ കുറിച്ച് ഓർമ്മിപ്പിച്ചപ്പോൾ ഡ്രൈവർ ‘ഈ വഴി അവസാനിക്കുന്നിടത്ത് അല്പം മുമ്പ് ഒരു ആക്സിഡൻ്റ് ഉണ്ടായിട്ട് വലിയ ട്രാഫിക്ബ്ലോക്കുണ്ട് നമുക്ക് അല്പം വളഞ്ഞ് പോകേണ്ടി വരും’എന്നുണർത്തിച്ച് മറ്റൊരു വഴിയിലേക്ക് തിരിച്ചു.

“ഇക്ക, ഇങ്ങളും സ്നേഹിതനും ഒക്കെ കണക്കാ, ഇത് വരെ ഓർഡർ എത്തിയിട്ടില്ല.നോമ്പ് തുറന്നോ, എന്തെങ്കിലും കഴിച്ചോ എന്ന് പോലും ചോദിക്കാൻ നിങ്ങൾക്ക് തോന്നിയില്ലല്ലോ? അല്ലേലും എന്നേക്കാൾ സ്നേഹം ഓഫീസിനോടാണല്ലോ, ഫയലുകളും കെട്ടിപ്പിടിച്ച് അവിടെ തന്നെ കിടന്നോ”. സങ്കടങ്ങളും തേങ്ങലുകളും തോരാമഴയായി. ഇതിനിടയിൽ പലപ്പോഴും ഹോട്ടലുടമയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം ഫോൺ എൻഗേജ്ഡ്ടോൺ മാത്രമാണ് സമ്മാനിച്ചിരുന്നത് എന്ന് തുറന്ന് പറയാനാവാതെ സങ്കടമഴ പെയ്യാൻ മൗനാനുവാദം നൽകി.

സങ്കടങ്ങൾ പെരുകുമ്പോൾ കുളിരേകുന്ന വാക്കുകൾ സമ്മാനിക്കാൻ ഉമ്മാക്ക് മാത്രമേ സാധിക്കൂ എന്ന് അനുഭവത്തിൻ്റെ വെളിച്ചത്തിൽ ബോധ്യമുള്ളത് കൊണ്ട് വിളിച്ചു വിവരമറിയിച്ചു.

‘ൻ്റെ കുട്ട്യെന്തിനാപ്പൊ ഇത്ര സങ്കടപ്പെട്ണത്, ആ കമ്പനീലെ അന്നത്തിനുള്ള വക റബ്ബ് അവസാനിപ്പിച്ചൂന്ന് മാത്രം നിരീച്ചാൽ മതി, ദുനിയാവ് പിന്നേം നീണ്ട് പരന്ന് കെടക്കല്ലേ മോനെ’ എന്ന ഉമ്മയുടെ വാക്കുകൾ ഉൾക്കരുത്തേകി.

എൻ്റെ ഫോണിലൂടെയുള്ള സംസാരവും മറ്റും ശ്രദ്ധിച്ചത് കൊണ്ടാവണം താമസസ്ഥലത്തിനടുത്തെത്തി മീറ്ററിൽ തെളിഞ്ഞ കാശ് നീട്ടിയപ്പോൾ ‘സർ, ബുദ്ധിമുട്ടിലല്ലേ, കാശില്ലെങ്കിൽ വേണ്ട’ എന്ന് ഡ്രൈവർ ഉണർത്തിച്ചത്. കൂടെഡിക്കി തുറന്ന് നാല് ഭക്ഷണപ്പൊതി എനിക്ക് നേരെ നീട്ടി.

‘ഇതെങ്കിലും സ്വീകരിക്കണം, എൻ്റെ സന്തോഷത്തിന് വേണ്ടി മാത്രം. ഇവിടെ ഒരു ഷൈഖിന്റെ വീട്ടിൽ എൻ്റെ സുഹൃത്തുണ്ട്. അവിടെ നിന്ന് ദിവസവും കിട്ടാറുള്ളതാണ്. വണ്ടിയിൽ ഇനിയുമുണ്ട്. വെറുതെ നാശാക്കി കളയരുതല്ലോ’ എന്ന വാക്കുകൾക്കും സന്മനസ്സിനും നന്ദി പറഞ്ഞു കൊണ്ട് സ്വീകരിച്ചു.

ഫ്ലാറ്റിനുള്ളിലെ മൂകതയും കാർമേഘവും അലിഞ്ഞു പോകാൻ ജി-മെയിൽ ആപ്പിലെ ഇൻബോക്സിൽ ഇന്ന് (20,മെയ്,2020ന്) എച്ച്. ആറിൽ നിന്ന് വന്ന ടെർമിനേഷൻ നോട്ടീസിൻ്റെ സോഫ്റ്റ് കോപ്പി ഓപ്പൺ ചെയ്ത് കാണിച്ച് കൊടുക്കേണ്ടി വന്നു.

‘ന്നാലും പിരിച്ച് വിട്ടതിനെപ്പറ്റി ചെറിയൊരു സൂചനയെങ്കിലും നൽകാമായിരുന്നില്ലേ?’എന്ന പരിഭവങ്ങൾക്ക് മുന്നിൽ ടാക്സി ഡ്രൈവർ സമ്മാനിച്ച ആവിപറക്കുന്ന ഭക്ഷണപ്പൊതി തുറന്നു വെച്ച് വെറുതെ ചിരിക്കാൻ ശ്രമിച്ചു.

ഈ കോവിഡ് കാലത്ത് ഒരു ജോലി തരപ്പെടുത്തുക അല്പം പ്രയാസമേറിയതായത് കൊണ്ട് നാട്ടിലേക്ക് പോകാമെന്ന ധാരണയിൽ അന്നു രാത്രി തന്നെ ഞങ്ങൾ എത്തിച്ചേർന്നിരുന്നു. എങ്കിലും ഒരു മാസത്തെ നോട്ടീസ് പീരിയേഡ് എന്ന കടമ്പ പൂർത്തീകരിക്കേണ്ടതുണ്ടെന്നും യാത്രക്ക് മറ്റോ ചാർട്ടേഡ് ഫ്ലൈറ്റ് തരപ്പെടുത്തേണ്ടി വരുമെന്നുള്ളതും അവളെ ഉണർത്തിച്ചു. സെറ്റിൽമെൻ്റ്ആയി കിട്ടുന്ന കാശ് ബാങ്കിലെ കടമിടപാടുകൾ തീർക്കാനേ തികയുകയുള്ളുവെങ്കിലും ‘ബടെ അൻ്റെ തെങ്ങിൻതോപ്പും പുഞ്ചപ്പാടവും വീടും തൊഴുത്തും ഒക്കെ അൻ്റെ സ്വന്തമല്ലെ, ജ്ജ് ബേജാറാവാണ്ട് പോരാൻ നോക്കെ’ന്നഉമ്മയുടെ വാക്കുകൾ ധൈര്യം പകർന്നു.

എങ്കിലും ചെറിയ പെരുന്നാളിന് ഇൻബോക്സിൽ വന്നു നിറഞ്ഞ ഈദാശംസകൾ മൃതശരീരത്തിന് മേലെ വെക്കുന്ന റീത്ത് പോലെ തോന്നിച്ചു. അധികം വൈകാതെ ആധികയറി ഉമ്മയുടെ സ്ഥിതി മോശമായപ്പോൾ ‘കരുണ’യിലെബഷീർ പോകാനുള്ള സീറ്റ് ഏർപ്പാടാക്കി തരാമെന്ന ഉറപ്പിലാണ് പിന്നീടുള്ള കാര്യങ്ങളുമായി മുന്നോട്ട് നീങ്ങിയത്.

പ്രായമേറിയ ഉമ്മയുടെ സ്ഥിതി മോശമായത് കൊണ്ട് നോട്ടീസ് പീരീയഡ് എന്ന കടമ്പ പൂർത്തീകരിക്കാതെ യാത്ര ചെയ്യാനുള്ള അനുമതി എച്ച്.ആറിൽ നിന്ന് ലഭിച്ചു. നോട്ടീസ് കിട്ടിയതിന്റെ ഒമ്പതാം നാൾ യാത്രക്കുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി പി.പി.ഇ കിറ്റും മാസ്കും ഷീൽഡും ഗ്ലൗസും അണിഞ്ഞ ഞങ്ങൾ മൂന്ന്പേർ ഏർപ്പാട് ചെയ്ത ടാക്സിയിലേക്ക് കയറുമ്പോൾ ‘അല്ല ഇക്കാ, ഇങ്ങള്കമ്പനീൽന്ന് വല്ലതും കട്ടിട്ടോ തിരിമറി നടത്തിയിട്ടോ ആണോ പോകുന്നത്?’ എന്ന ചോദ്യം അവളിൽ നിന്നും ഉണ്ടായി…

‘എന്തേ, എന്തുപറ്റി’ എന്ന് ഞാൻ ആശ്ചര്യപ്പെട്ടപ്പോൾ’ഒരു യാത്ര അയപ്പോ, സമ്മാനം നൽകലോ, ഒരു ഫോൺ കോളിലൂടെ സാന്ത്വനിപ്പിക്കലോ ഒന്നും കൂടെ ജോലിചെയ്യുന്നവരുടെ ഭാഗത്ത് നിന്ന് കാണാൻ കഴിഞ്ഞില്ല. അതോണ്ട് ചോദിച്ചതാ. ഇത്രയും കാലം ബർത്ത്ഡേ പാർട്ടിക്കും കുഞ്ഞ് പിറന്നതിന്നും യാത്ര അയപ്പിനും എന്നൊക്കെ പറഞ്ഞ് എല്ലാ മാസവും ഒരു തുക ചിലവഴിക്കുന്ന ആളായിട്ട് കൂടി.. വല്ലാത്ത ജാതികള് തന്നെ!’ എന്ന പയ്യാരംപറച്ചിലിന് പകരമായി സമ്മാനിച്ച പുഞ്ചിരി മാസ്കിനുള്ളിൽ വെറുങ്ങലിച്ച് അന്ത്യവിശ്രമം കൊണ്ടു.

എയർപോർട്ടിലെ ഡിപ്പാർച്ചറിൽ അകലം പാലിച്ചുള്ള വരി നിൽപ്പിനിടയിൽ ഹോട്ടുലുടമയായ സുഹൃത്ത് പുറത്തു നിന്നു കൊണ്ട് വരിക്ക് മുന്നിൽ നിൽക്കുന്ന ആരോടോ കൈവീശി കാണിക്കുന്നത് ഭാര്യയാണ് എനിക്ക് കാണിച്ച് തന്നത്.

ഞാൻ ധൃതിപ്പെട്ടു സുഹൃത്തിൻ്റെ അടുത്തേക്കെത്തി ‘നല്ല ആളാ, ഒരു ഓർഡർ തന്നിട്ട് ഡെലിവറി ചെയ്യാമെന്നും ഏറ്റ് ഒരു വിവരവുമുണ്ടായില്ല. അതിനു ശേഷവും നിന്നെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും യാതൊരു വിവരവുംതരാതെ എവിടെ പോയി ഒളിച്ചിരുന്നു,? അതൊക്കെ പോട്ടെ, ഇന്നത്തെ എയർ ഇന്ത്യയിൽ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് പോവുകയാണ്. ഇപ്പോഴെങ്കിലും കാണാനും പറയാനും പറ്റിയല്ലോ സമാധാനമായി’ എന്ന് ഉണർത്തിച്ചു.

‘ഞാനും….നിന്നെ കാണാനിരിക്കുകയായിരുന്നു, അന്നു നിനക്ക് ഓർഡർ കൊണ്ടുവന്ന ആളും ഈ ഫ്ലൈറ്റിലുണ്ട്. ജീവനോടെയല്ലെന്ന് മാത്രം!….’ മുറിഞ്ഞു പോയ വാക്കുകൾ കൂട്ടി ചേർക്കാൻ അവൻ പാടുപെടുന്നുണ്ടായിരുന്നു ‘അന്ന്ഓർഡർ കൊണ്ടു വരുന്ന വഴിക്ക് ബൈക്ക് ആക്സിഡൻഡ് ആകുകയായിരുന്നു’ മുൻനിരയിൽ കൗണ്ടറിനോട് ചേർന്ന് നിൽക്കുന്ന രൂപത്തെ ചൂണ്ടിക്കാണിച്ച് അയാൾ തുടർന്നു. ‘അവൻ്റെ ജ്യേഷ്ടനാണ് ആ നിൽക്കുന്നത്’എന്ത് മറുപടി പറയണമെന്നറിയാതെ വാക്കുകൾക്ക് വേണ്ടി പരതുമ്പോൾ പി.പി.ഇ കിറ്റിനുള്ളിലെ എന്റെ ശരീരം വെന്തുരുകുന്നത് പോലെ തോന്നി.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

വര : പ്രസാദ് കാനത്തുങ്കൽ

Comments
Print Friendly, PDF & Email

You may also like