പൂമുഖം LITERATUREകവിത പങ്കുവയ്പ്

പങ്കുവയ്പ്

നിറങ്ങൾ വെട്ടിമുറിച്ച്
നിങ്ങൾ പങ്കിട്ടെടുത്തപ്പോൾ,
മറഞ്ഞത്, എന്റെ
സ്വപ്നങ്ങളിലെ
മഴവില്ലുകളായിരുന്നു.

ഭാഷയും രൂപവും ഇഴകീറിയെടുത്ത്
നിങ്ങളെന്റെ വർഗ്ഗവും ഉപവർഗ്ഗവും
മുദ്രണംചെയതു.

ഭൂപടങ്ങൾ മാറ്റിവരച്ച നിരീക്ഷകർ
ഏകശാസനത്തിൽ
ജനിതകത്തെ പുനഃക്രമീകരിച്ചപ്പോൾ
അകലങ്ങളിലേക്കെറിയപ്പെട്ടത്
എന്റെ പൈതൃകങ്ങളായിരുന്നു.

സ്വനിർവചനങ്ങളാൽ
നിങ്ങൾ
സ്വത്വമരുളിയപ്പോൾ
വർണ്ണച്ചിറകുകളറ്റ്
മുഖമിടിച്ചുവീണ ഞാൻ
പിറന്ന മണ്ണിൽ
തിരിച്ചറിയാനാവാത്തവനുമായി.

പരീക്ഷണശാലയിലന്ത്യത്തിൽ
അഴുകിയലിയാനൊരു
നിഴൽപോലുമില്ലാതെ,
വിണ്ടുണങ്ങിയ കാലടികളിൽ
ഞാൻ എന്നെത്തിരയുകയായിരുന്നു..!

കവർ : ജ്യോതിസ് പരവൂർ

Comments

You may also like