പൂമുഖം LITERATUREലേഖനം ‘ഭാര്‍ഗവീ നിലയം’ പ്രേതകഥയോ?

‘ഭാര്‍ഗവീ നിലയം’ പ്രേതകഥയോ?


കേട്ടുകേള്‍വികള്‍ക്കപ്പുറത്ത്, ഭാര്‍ഗവീ നിലയത്തില്‍, കഥാകാരനു പുറമെ ഭാര്‍ഗവിയുടെ സാന്നിദ്ധ്യം നേരിട്ടനുഭവിക്കുന്ന, ഒരാളേയുള്ളു; പരീക്കണ്ണി.അന്നത്തെ ജനകീയ സിനിമയുടെ ചേരുവകളുടെ നിര്‍ബന്ധത്തിനു വഴങ്ങി അടൂര്‍ ഭാസിക്കു വേണ്ടി സൃഷ്ടിച്ച ഒരു കഥാപാത്രമെന്നു ഒറ്റ നോട്ടത്തില്‍ തോന്നാവുന്ന പരീക്കണ്ണിക്ക് മാത്രം ഭാര്‍ഗവീ സാന്നിദ്ധ്യം ഉറപ്പാക്കാനുള്ള കഥാകാരന്‍റെ നിശ്ചയത്തിനു പിന്നില്‍ കൃത്യമായ ഉദ്ദേശം തന്നെയുണ്ട് എന്ന് കഥയും തിരക്കഥയും ഒന്നിച്ച് ഒരു പുനര്‍ വായനയ്ക്ക് വിധേയമാക്കുമ്പോള്‍ തെളിയുന്നു.

നിഗൂഢമായ ഒരു ഭവനത്തില്‍ കഥാകാരന്‍ എത്തുകയല്ല. മറിച്ച് താനാഗ്രഹിച്ച നിഗൂഢത ഭവനത്തിലേക്ക് ആരോപിക്കുകയാണ് ബഷീര്‍ ചെയ്യുന്നതെന്ന് “നീലവെളിച്ച”ത്തിന്‍റെ തുടക്കം തന്നെ തെളിവേകുന്നുണ്ട്. “വളരെ സുന്ദരിയായ ഒരു സ്ത്രീയെ… ഹോ! .. ഇവളെ ആരെയും കാണിക്കരുത്. ഒരു പര്‍ദ്ദ ഇട്ടു മൂടണം…ഇങ്ങനെയുള്ള ഒരു ഭാവമാണ് ആ പഴയ മാളിക എന്നിലുണ്ടാക്കിയത്…” എന്നു ,ഭാര്‍ഗവീ നിലയത്തെപ്പറ്റിയുള്ള പൊതു ബോധം എന്ത് എന്നറിയുന്നതിനു മുമ്പേ തന്നെ രേഖപ്പടുത്തുന്ന കഥാകാരന്‍, നിഗൂഢത സൃഷ്ടിക്കുകയാണ്.
“പോസ്റ്റുമാനെക്കണ്ട് അഡ്രസ് മാറിയ വിവരം പറയണം.. സ്ഥലം മറ്റാര്‍ക്കും പറഞ്ഞു കൊടുക്കരുതെന്നും പറയണം. ഏകാന്ത സുന്ദരമായ രാത്രികള്‍, പകലുകള്‍” എന്ന അന്തര്‍ഗതവും തനിക്കു മാത്രം പ്രാപ്യമായ ഒരു രഹസ്യത്തെ കാത്തു വയ്ക്കാനുള്ള കഥാകാരന്‍റെ അന്തരിംഗിതമല്ലാതെ ഒന്നുമല്ലല്ലോ. ആള്‍പ്പെരുമാറ്റമില്ലാത്ത, രഹസ്യം ചൂഴ്ന്നു നില്‍ക്കുന്ന വീട് ബഷീറിന്‍റെ കാവ്യഭാവനയില്‍ വരുന്നത് ‘നീലവെളിച്ച’ത്തില്‍ മാത്രമല്ല. ‘നീലവെളിച്ച’ത്തിനും(1954) കുറെ മുമ്പെഴുതിയ ‘ഒഴിഞ്ഞ വീട്’ എന്ന കഥയിലെ നിഗൂഢ ഭവനത്തിലെ അന്തേവാസി ഒരു ചിത്രകാരനാവുന്നതും അവിടത്തെ ഏക സന്ദര്‍ശകന്‍ ഒരു കവിയാകുന്നതും ശ്രദ്ധിച്ചാല്‍, ‘നീലവെളിച്ച’ത്തിലെ ഭാര്‍ഗവീ നിലയം എന്തിനെയാണ് സൂചകമാക്കുന്നത് എന്ന് കാണാതെ പോവുക വയ്യ.

പ്രണയ നൈരാശ്യത്താല്‍ ആത്മഹത്യ ചെയ്ത ഒരാളിന്‍റെ പ്രേതസാന്നിദ്ധ്യത്താല്‍ അഭിശപ്തമായ വീട് എന്ന പൊതുബോധം കഥാകാരനിലേക്ക് പതിയെ പുറത്തുനിന്ന് കടന്നു വരുന്നു. ഭാര്‍ഗവിയെന്ന നായികയുടെ പ്രേതരൂപത്തോട്സംഭാഷണത്തിലേര്‍പ്പെടുന്ന കഥാകാരന്‍ പക്ഷെ, ഈ ‘പൊതു ബോധം’പിന്തുടരാന്‍ തയാറില്ല. “നിന്നെപ്പറ്റി കുറെ അപവാദങ്ങള്‍ കേട്ടു” എന്നാണ് അയാള്‍ ഭാര്‍ഗവിയോട് പറയുന്നത്. പ്രണയം, നിരാശ, ആത്മഹത്യ… എന്നിങ്ങനെ ആ കാലത്തെ കാല്പനിക ഭാവനയുടെ പൊതു നിര്‍മ്മിതിയോട് ഒത്തു പോകുന്ന ഒരു കഥയില്‍ തനിക്കു താല്പര്യമില്ലെന്നു തന്നെയാണ് ഈ ‘അപവാദ’ പ്രസ്താവനയിലൂടെ കഥാകാരന്‍ പ്രഖ്യാപിക്കുന്നത് .

ഊരു ചുറ്റലിനു ശേഷം മടങ്ങിയെത്തി എഴുത്തുകാരനാവാന്‍ തയാറെടുക്കുമ്പോള്‍, തനിക്കു കൈവശമില്ലാത്ത ഭാഷയെ(?) തിരിച്ചെടുക്കാന്‍ രമണന്‍ വായിച്ചതിനെപ്പറ്റി ബഷീര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ രമണന്‍ ഭാഷാപരമായോ ഭാവപരമായോ തന്നിലെന്തു സ്വാധീനമാണ് ഉണ്ടാക്കിയതെന്ന് ബഷീര്‍ പറയുന്നില്ല. എന്നാല്‍ ഭാര്‍ഗവിയോട് കഥാകാരന്‍ നടത്തുന്ന ഭാഷണം, പ്രണയത്തെ തിരസ്കരിച്ചചന്ദ്രികയെ ക്രൂരയാക്കുന്ന കാല്പനികകാലത്തിന്‍റെ പൊതു വിശ്വാസങ്ങളെകൂടിയാണ് അഭിസംബോധന ചെയ്യുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളു.
“ഭാര്‍ഗവിക്കുട്ടീ.. സത്യമായും നീ പ്രേമത്തിനു വേണ്ടിയാണോ മരിച്ചത്? പ്രേമം അനന്തമായ ജീവിതത്തിന്‍റെ പൊന്‍ പുലരിയാണ്… മണ്ടിക്കഴുതയായ നിനക്ക് ഒരു ചുക്കും അറിഞ്ഞു കൂടായിരുന്നു.. ആത്മഹത്യ ചെയ്യാതെ കുറെക്കാലം കൂടി ജീവിച്ചിരുന്നെങ്കില്‍ നിനക്കതു മനസ്സിലാവുമായിരുന്നു…”നിരുപാധിക സ്നേഹത്തിന്‍റെ വക്താവായ, ശരീരകാമനകളെ മതിലിനപ്പുറം നിര്‍ത്തിപ്രണയത്തെ ആവിഷ്കരിക്കാന്‍ കഴിഞ്ഞ കഥാകാരന് പക്ഷെ, പ്രണയത്തില്‍ എരിഞ്ഞടങ്ങുന്ന കാല്പനിക താരള്യത്തോട് കൂറില്ല. പുലരിയില്‍ ഹോമിച്ചു തീരേണ്ടതല്ല അനന്തമായ ജീവിതമെന്നതാണ് അയാളുടെ ജീവിത വീക്ഷണം.
“ഞാന്‍ എഴുതാന്‍ തുടങ്ങുകയാണ്… ഒരു വെളിച്ചം..ഓ ചുമ്മാ ഭാവനയാണ്..” ഇങ്ങനെ നീലവെളിച്ചത്തില്‍ രേഖപ്പെടുന്ന വെളിച്ചം കഥയിലേക്ക്, കഥാകാരന് കിട്ടുന്ന പ്രവേശികയല്ലാതെ മറ്റൊന്നുമല്ല. ഭാര്‍ഗവി ഓര്‍മ മാത്രമായി, കഥാകാരന്‍ വെറുംമനുഷ്യനായി മാറിപ്പോയ കുറെ നാളുകള്‍ക്കു ശേഷം മുനിഞ്ഞു കത്തുന്ന, എണ്ണയില്ലാത്തതിനാല്‍ തിരി കത്തിത്തീരുന്ന റാന്തലിലേക്ക് എണ്ണ അന്വേഷിച്ച് – ഇത് സര്‍ഗാത്മകതയുടെ വേദനയും അന്വേഷണവും അല്ലാതെ മറ്റൊന്നുമല്ലല്ലോ- സുഹൃത്തുക്കളുടെ വാസസ്ഥലത്തെത്തുമ്പോള്‍ അവിടെ വീണ്ടും ഭാര്‍ഗവി ചര്‍ച്ചാ വിഷയമാകുന്നു. അവിടെ നിന്നു മണിക്കൂറുകള്‍ക്കുശേഷം മടങ്ങി എത്തുമ്പോള്‍ മുറിയില്‍ നിറഞ്ഞു നില്‍ക്കുന്ന നീലവെളിച്ചം!ഈ നീലവെളിച്ചം എവിടെ നിന്നുണ്ടായി? എന്ന ചോദ്യത്തില്‍ കഥ അവസാനിക്കുകയാണ്. ബഷീര്‍ ഇവിടെ എഴുത്ത് എന്ന സര്‍ഗ പ്രക്രിയയെത്തന്നെ വിഷയമാക്കുക യായിരുന്നു എന്ന നേരിനെ നിരവധി സൂചനകള്‍ കൊണ്ടും വായിച്ചെടുക്കാതെ പ്രേത സാന്നിദ്ധ്യം അന്വേഷിച്ചു പോയ മലയാള ഭാവന ബഷീറില്‍ നിന്ന് ഏറെ അകലെയായിരുന്നു വെന്നേ കരുതാനാവൂ.

‘നീലവെളിച്ച’ത്തില്‍ നിന്ന് ജനപ്രിയസിനിമയെ രൂപപ്പെടുത്താനുള്ള വെല്ലുവിളി ബഷീര്‍ എങ്ങനെ നേരിട്ടു എന്നത് ഗൗരവമാര്‍ന്ന പഠനത്തിന് വിഷയമായിട്ടുണ്ടോ എന്നറിയില്ല. എഴുത്തിനെത്തന്നെ വിഷയമാക്കിയ ഒരു ചെറുകഥയുടെ ഭാവമണ്ഡലത്തെ സിനിമയുടെ ഫ്രെയിമിലേക്ക് കൊണ്ടു വരുമ്പോള്‍ ബഷീര്‍ കാണിച്ച സൂക്ഷ്മതയെയും ഹൊറര്‍/പ്രേത സിനിമയുടെ ലേബലൊട്ടിച്ച് നാം കണ്ടില്ലെന്നു നടിച്ചതായി തോന്നുന്നു. ഭാര്‍ഗവീ നിലയം എന്ന നിഗൂഢവും മനോഹരവും ഭീകരവുമായ (ഒരേ സമയം മനോഹരവും ഭീകരവും ആവുക എന്നതും ബഷീറിനു മാത്രം സ്വന്തമായ പ്രയോഗമാണല്ലോ) ഭവനം സൃഷ്ടി രഹസ്യത്തെത്തന്നെ പ്രതിനിധീകരിക്കുന്നതിന്‍റെ സൂചകമാണ് സിനിമയിലെയും ആദ്യസംഭാഷണം (സംഭാഷണം മാത്രമല്ല, സൂക്ഷ്മമായ ശബ്ദങ്ങളും ചിത്രങ്ങളും ചലനങ്ങളും പോലും വിശദമായി രേഖപ്പെടുത്തുന്ന തിരക്കഥ, മറ്റൊരാളിന്‍റെ (സംവിധായകന്‍റെ) വ്യതിരിക്ത വ്യാഖ്യാനത്തിനുള്ള സാധ്യത തന്നെ അടച്ചു കളയുന്നുണ്ട്)
“എനിക്കു വേണ്ടി കാത്തിരുന്ന… സുന്ദരിയായ യുവതിയെപ്പോലെ… എനിക്കായി ഇത്രയും കാലം കാത്തിരുന്ന മനോഹര ഭവനമേ! നിനക്കു വന്ദനം!”

ഭാര്‍ഗവിയുടെ കഥ (where is the key of your life? എന്നു സിനിമാഡയലോഗ്) അന്വേഷിക്കുന്ന കഥാകാരന്‍ പൊതുബോധ വിശ്വാസങ്ങളില്‍ (പ്രണയം, നിരാസം,ആത്മഹത്യ) നിന്നു വ്യതിരിക്തമായ ഒരു കഥ കണ്ടെത്താന്‍ നടത്തുന്ന സര്‍ഗാന്വേഷണം തന്നെയാണ് സിനിമയുടെയും ആന്തരിക ശ്രുതി. ഭാര്‍ഗവിയുടെ പ്രേതസാന്നിദ്ധ്യം അനുഭവിക്കുന്ന പരീക്കണ്ണി എന്ന
കഥാപാത്രത്തിന്‍റെ സൃഷ്ടി ഈ അര്‍ത്ഥത്തിലാണ് പ്രസക്തമാകുന്നത്. കഥാകാരനായ ബഷീറിനെ അന്ധമായി വിശ്വസിക്കുന്ന, മറ്റു വിവേചനശേഷി ഇല്ലാത്ത ഈ കഥാപാത്രം, കഥാകാരനെ പൂര്‍ണമായി വിശ്വസിച്ച് പിന്തുടരുന്ന വായനക്കാരനല്ലാതെ മറ്റാരുമല്ല. അതു കൊണ്ടാണ് കഥാകാരന്‍റെ സൃഷ്ടിയായ ഭാര്‍ഗവിയെ ‘പൂത്തിരിക്കൊച്ചമ്മ’യായി അയാള്‍ക്ക് കാണാന്‍ കഴിയുന്നത്. തന്‍റെ വയറ്റത്ത് അവര്‍ ചവിട്ടിയ അനുഭവം പറയുന്ന കഥാപാത്രം, വേദന തോന്നലാണെന്ന് കഥാകാരന്‍ പറയുന്നതോടെ അതും അംഗീകരിക്കുന്നു!

ഭാര്‍ഗവിയുടെ കഥയ്ക്ക് ‘പൊതു ബോധ’ത്തില്‍ നിന്നു വ്യതിരിക്തമായ ഒരു രൂപം നല്‍കുമ്പോള്‍ കഥാകാരന്‍റെ ദൗത്യം പൂര്‍ണമാകുന്നു. എല്ലാ കഥാ പാത്രങ്ങളും ഇല്ലാതെയായി, താന്‍ മാത്രമാകുന്ന അന്ത്യരംഗം സര്‍ഗസൃഷ്ടിയുടെ പൂര്‍ത്തീകരണമാണ് സൂചിപ്പിക്കുന്നത്. “പെട്ടെന്ന് ഒരിക്കലും ഒന്നും സംഭവിച്ചിട്ടില്ലാത്ത മാതിരി നിശബ്ദത”എന്നാണ് തിരക്കഥ സമാപിക്കുന്നത്.
“പ്രേതസിനിമ”യുടെ ജനപ്രിയ ചേരുവയിലേക്ക് എത്ര,സമര്‍ത്ഥമായാണ് തന്‍റെ ‘കഥ’ ബഷീര്‍ ഒളിപ്പിച്ച് കടത്തുന്നതെന്നതിന് ഉദാഹരണങ്ങള്‍ ഇനിയുംകൂട്ടാവുന്നതേയുള്ളു. നീലവെളിച്ചവും ഭാര്‍ഗവീ നിലയവും അങ്ങിനെ സര്‍ഗ വ്യവഹാരം പ്രമേയമാക്കുന്ന മലയാളത്തിലെ ആദ്യകാല സാഹിത്യ രചനകള്‍ ആവുന്നു എന്നും പറയാം.

കവർ ഡിസൈൻ : ജ്യോതിസ് പരവൂർ

Comments
Print Friendly, PDF & Email

You may also like