പൂമുഖം LITERATUREനിരൂപണം കഥാവാരം 14

കഥാവാരം 14

മിക്കപ്പോഴും മനുഷ്യാവസ്ഥകളുടെ സ്ഫുടീകരണമാണ് സാഹിത്യത്തിൽ നമുക്ക് ദർശിക്കാനാവുക. ഒരർത്ഥത്തിൽ മനുഷ്യജീവിതം തന്നെയാണത്. സ്വയം അതിലെ കഥാപാത്രങ്ങൾ ആയിരിക്കേ നമ്മുടെ ബോധത്തിൽ നിന്നും തെന്നിമാറിയ സംഭവങ്ങൾ; അതിനെ സാഹിത്യകാരൻ ഏറ്റവും ദീപ്തമായി ആവിഷ്കരിക്കുന്നു. അപ്പോൾ അതിലെ കഥാപാത്രം വായനക്കാരൻ തന്നെയാണ്. അല്ലെങ്കിൽ അയാൾക്ക് ഏറ്റവും നന്നായി അറിയുന്ന ഒരാൾ. അതുമല്ലെങ്കിൽ അയാൾ വിശ്വസിച്ചുപോകുന്ന ഒരു കെട്ടുകഥ. ഇതിൽ ഏതാണെങ്കിലും സാഹിത്യകാരൻ പറയുന്നത് നുണയോ നേരോ ആകട്ടെ അതിനെ വായനക്കാരൻ അവിശ്വസിക്കാതിരിക്കുമ്പോൾ കഥ വിജയിച്ചു എന്ന് പറയാം. ആ കഥയുടെ വികാരം വായനക്കാരനിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ, കഥ വിരസമായ ലേഖനമാകും.

ഒരിടത്തും തടസമില്ലാതെ, തുടക്കംമുതലുള്ള ഒഴുക്കിൽ വായനക്കാരനെ പിടിച്ചിരുത്തുന്ന കഥയാണ് മാതൃഭൂമിയിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ ‘അരികിൽ നീ വന്നിരിക്കൂ.’

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

മനുഷ്യാവസ്ഥകളെ അതി സൂക്ഷ്മമായി നോക്കിക്കാണുന്ന എഴുത്തുകാരനെക്കാണാം അതിൽ. ഇത് നമുക്ക് നല്ല പരിചയമുള്ള ആളാണല്ലോ എന്ന് സ്വയം പറഞ്ഞു പോകും. ചിലപ്പോൾ താൻ തന്നെയാണോ എന്ന് സംശയിച്ചേക്കും. നമ്മൾ ശ്രദ്ധിക്കാത്തതോ അറിയാതെപോയതോ ആയവയെ യാഥാർഥ്യമാക്കി നമ്മുടെ മുൻപിൽ വെക്കുന്നു കഥാകൃത്ത്. സൂക്ഷ്മമായി വായനക്കാർ അതിൽ സത്യം കാണുന്നു. പൂർണതയുള്ള കഥയാണിത്. ചാലനാത്മകതയും വികാരങ്ങളുമുള്ള സുന്ദരമായ എഴുത്ത്. കഥ വായിക്കുന്നത് കൊണ്ട് അനുവാചകൻ ആഗ്രഹിക്കുന്ന നാവ്യാനുഭൂതി പകർന്നുതരാൻ കഥാകാരന് സാധിക്കുന്നുണ്ട്.

ഡോക്ടർ അജ്മൽ ഹുസൈനും കോളേജ് അധ്യാപികയായ മുംതാസ് സുൽഫി യും തമ്മിലുള്ള ദാമ്പത്യം പറയുകയാണ് ഈ കഥയിൽ. കഥയുടെ പ്രധാന ഘടകങ്ങളായ രൂപശിൽപവും ഭാവശിൽപവും കലാപരമായി ഉയർന്നു നിൽക്കുന്നു. എത്ര അനായാസമായാണ് കഥ പറഞ്ഞു പോകുന്നത്. “ഇതാണ് ജീവിതം..!” എന്ന് വായനക്കാരനെ കൊണ്ട് പറയിപ്പിക്കാൻ പര്യാപ്തമാണ് ഈ കൃതി. രണ്ടേ രണ്ടു കഥാപാത്രങ്ങൾ കൊണ്ടാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ജീവിതത്തിന്റെ സങ്കീർണതകളെ രേഖപ്പെടുത്തുന്നത്. കഥയുടെ രാഷ്ട്രീയം എന്ത് തന്നെയും ആവട്ടെ, അത് കഥ ഒരു കലാരൂപം ആർജ്ജിച്ചതിനു ശേഷം മാത്രം വരുന്നതാണ്. ഏതെങ്കിലും ഒരു മതം, അല്ലെങ്കിൽ പ്രത്യയശാസ്ത്രം, അതിന്റെ അക്ഷര വായന സ്വാഭാവികമായ മാനുഷിക ജീവിതത്തിൽ ചെലുത്തുന്ന നിഷേധാത്മക സ്വാധീനത്തിന്റെ ചിത്രമാണിത്. കലയിലെ രാഷ്ട്രീയം അനുവാചകൻ അറിയാതെ അവനെ അനുഭവിപ്പിക്കുന്ന മാന്ത്രികത്വം!

കഥയെഴുത്തിന്റെ സുന്ദരമായ ഭാഷ അനുഭവിക്കാൻ നിങ്ങൾ ഷനോജ് ആർ ചന്ദ്രന്റെ ‘കാലൊടിഞ്ഞ പുണ്യാളൻ’ വായിക്കൂ.

ഷനോജ് ആർ ചന്ദ്രൻ

പുത്ര ദുഃഖിതരായ മാതാപിതാക്കളുടെ മികച്ചചിത്രം നമുക്ക് ഇതിൽ കാണാൻ കഴിയും. പീറ്ററും ഭാര്യയും. ഒന്നര വയസ്സുള്ള പ്രായത്തിൽ തങ്ങൾക്കു് നഷ്ടപ്പെട്ടുപോയ കുഞ്ഞിനെ ഓർത്ത് ദുഃഖിക്കുന്നവർ ആണിവർ. ഒന്നുരണ്ടു സംഭാഷണങ്ങളിൽ മാത്രം കടന്നുവരുന്ന അമ്മയും പ്രധാനകഥാപാത്രമായ അച്ഛനുമാണ് കഥയുടെ കേന്ദ്രം. ചില കാര്യങ്ങളിൽ വായനക്കാരന് വിശ്വസനീയത ഉണ്ടാക്കുവാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട ത്രേസ്യ എന്ന കഥാപാത്രവും എഴുത്തുകാരൻ റെ വൈദഗ്ധ്യത്തിനു ഉദാഹരണമാണ്. പള്ളി പെരുന്നാൾ കഴിഞ്ഞ ഉടൻ പുണ്യാളനെ കടത്തിക്കൊണ്ട് പോകുന്ന രംഗം വർണിക്കുന്നത് വളരെ വളരെ സ്വാഭാവികം. അവിടെയെല്ലാം നമ്മൾ കഥയെ അനുഭവിക്കുകയാണ്.

ഭാവനയാണ് കഥാകൃത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കൈമുതൽ. യഥാർത്ഥമായ രംഗം ആവിഷ്കരിക്കുമ്പോൾ വായനക്കാരന്റെ ഭാവനയോടൊപ്പം സഞ്ചരിക്കണം എഴുത്തുകാരുടെ ഭാവനയും. അതിനാൽ ഉള്ള ഒരു കാര്യത്തെ പറയുമ്പോൾ അത് വായിക്കുന്നവരിൽ എത്രത്തോളം രജിസ്റ്റേഡ് ആകുന്നു എന്നത് പ്രധാനമാണ്. കുട്ടനാടും പരിസരപ്രദേശങ്ങളും ആലപ്പുഴയും കായലും ആണ് കഥയുടെ അന്തരീക്ഷം. ഇവയൊന്നും അത്രത്തോളം പരിചിതമല്ലാത്ത ഒരു ഉത്തരമലബാറുകാരന് കഥയുടെ അന്തരീക്ഷത്തിലേക്ക് ഇറങ്ങിച്ചെല്ലുക എളുപ്പമാകില്ല. അതിനാൽ സാർവ്വദേശീയത എന്ന സവിശേഷത ചെറുതായി നഷ്ടപ്പെടുന്നു എന്ന് പറയണം. പള്ളി പെരുന്നാളിനെ കുറിച്ച് പറഞ്ഞതിനുശേഷം പീറ്ററിലേക്ക് എത്തുന്നതുവരെയുള്ള ഭാഗം ഒന്നുകൂടി എഡിറ്റ് ചെയ്യാമായിരുന്നു എന്ന് തോന്നി. എങ്കിലും ഉള്ളടക്കത്തിലും അവതരണത്തിലും വികാരം കൈമാറ്റം ചെയ്യുന്നതിലും കഥ വിജയം പ്രാപിച്ചിട്ടുണ്ട്.

‘ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു എന്റെ അച്ഛൻ ആരാന്ന്
ഞാൻ പറഞ്ഞു നിന്റെ തന്തയാണെന്ന് ‘
ഇങ്ങനെ തുടങ്ങുന്നു അനൂപ് അന്നൂർ മാധ്യമത്തിൽ എഴുതിയ ‘രാജാവിന്റെ മകൻ’ എന്ന കഥ.

അനൂപ് അന്നൂർ

രസകരമായി തുടങ്ങിയ ഇക്കഥ ഒടുങ്ങുമ്പോൾ നമുക്ക് ഒരു പൈങ്കിളിക്കഥ വായിച്ച അനുഭവം. പരുത്തിയറപ്പോര് എന്ന നല്ലൊരു കഥ എഴുതിയ കഥാകൃത്ത് എന്തു കൊണ്ട് ഒരു എഫ് ബി ഗ്രൂപ്പിൽ എഴുതുംപോലെ ഇതെഴുതി എന്ന് മനസ്സിലാവുന്നില്ല.

അതേ വാരികയിലെ രണ്ടാമത്തെ കഥയാണ് വത്സലൻ വാതുശ്ശേരിയുടെ താൻ. പഴയകാല അധികാരിയുടെ പറമ്പ് കിളക്കാൻ വന്ന ശിവൻ, ഇയാളെ താൻ എന്ന് സംബോധന ചെയ്യുന്നതിന്റെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക മാനങ്ങളാണത്രേ കഥ. കുറച്ച് വൈകിപ്പോയി ഈ കഥ പ്രസിദ്ധീകരിക്കാൻ. ചുരുങ്ങിയത് എഴുപത് എഴുപത്തഞ്ച് കൊല്ലം മുൻപായിരുന്നെങ്കിൽ ഒന്നാം തരം രാഷ്ട്രീയക്കഥ ആയേനെ ഇത്.

സോക്രട്ടീസ് കെ വാലത്ത്

ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച നാലു പേരുടെ കഥയാണ് ‘ശേഷപത്രം.’ സോക്രട്ടീസ് വാലത്ത് ദേശാഭിമാനി വാരികയിൽ എഴുതിയതാണ് ഈ കഥ. വ്യത്യസ്ത പ്രായത്തിലും സ്ഥലങ്ങളിലുമുള്ള പരസ്പരം അറിയാത്ത നാലു പേർ. അതു കൂടാതെ അഞ്ചാമനായി കഥാനായകനും. പക്ഷെ, അവസാനം ആത്മഹത്യയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന നിമിഷം തന്നെ വാഹനാപകടത്തിൽ കൊല്ലപ്പെടുന്നു ഇയാൾ. അതിൽ കൂടുതൽ ഒന്നുമില്ല കഥയിൽ. കഥാകൃത്തിന്റെ എഴുത്തിലെ അനുഭവ സമ്പത്ത് കൊണ്ട് തുടക്കം നന്നാക്കി വെച്ചതും, ഒഴുക്കോടെ കഥ പറഞ്ഞതും എടുത്തു പറയാം.

ജോജോ ആന്റണി

ജോജോ ആന്റണി മലയാളനാടിൽ എഴുതിയ കഥ ‘തണുപ്പുകൊണ്ടൊരു പുതപ്പ്’ തീർച്ചയായും വായനക്കെടുക്കാവുന്ന ഒന്ന് തന്നെയാണ്. കഥയിലെ കേന്ദ്ര ആശയത്തെ ഒരിക്കലും വാക്കുകൾവഴി വെളിവാക്കാതെ, കഥ പൂർത്തിയാക്കിയതിനുശേഷം വായനക്കാരനെ കഥാപാത്രമെന്നപോലെ മാറ്റിക്കളയുന്ന കഥ. കഥയിലാകെ നിശബ്ദതയാണ് ഉള്ളത്; മരണത്തിന്റെ ഒച്ചയില്ലായ്മ. അതിന്റെ തണുപ്പ് രചനയെ മൊത്തം ചൂഴ്ന്നു നിൽക്കുന്നു. ഏറ്റവും പ്രിയപ്പെട്ടവളുടെ വിയോഗം ഒരാളിൽ ചെലുത്തുന്ന സ്വാധീനമാണത്. ഏറെക്കുറെ ഈ ഭൂമിയിൽനിന്നും ഇവിടുത്തെ ചലനങ്ങളിൽനിന്നും മാറ്റിനിർത്തപ്പെട്ടവനെ പോലെ, അർദ്ധബോധാവസ്ഥയിൽ ഉള്ള കഥാപാത്രത്തെയാണ് നമ്മൾ കാണുന്നത്. മരണം എന്ന വാക്കേ ഉപയോഗിക്കാതെ മരണത്തിന്റെ നിസ്സഹായത അനുഭവിപ്പിക്കുന്നു കഥാകൃത്ത്. മനോഹരം. ആശുപത്രിയിൽ, മോർച്ചറിയിൽ മൃതശരീരം കാത്തു നിൽക്കുന്നവരെ കുറിച്ച് നമ്മളോട് എഴുത്തുകാരൻ പറയുന്നു. ഒരു കുട്ടി ഒഴികെ ബാക്കിയെല്ലാവരും ഭൂമിയുടെ സന്തോഷത്തിൽ നിന്നും പുറത്താണ്. ലോകത്ത് എവിടെയായിരുന്നാലും ശരി, മരണം, അത് അടുപ്പക്കാരിലുണ്ടാക്കുന്ന വികാരം ഒന്നുതന്നെ എന്ന് കാണിച്ചുതരുന്നതും കൂടിയാണ് ഈ കഥ.
(തുടക്കത്തിൽ, വിവരണങ്ങൾ കുറക്കാമായിരുന്നു എന്ന് പറയാം. കഥയിലേക്ക് പെട്ടെന്ന് വായനക്കാരനെ എടുത്തിടാത്തത് പോലെ. ആശുപത്രിയിലെ ഗ്ലാസ് ഡോർ തുറയുകയും അടയുകയും ചെയ്യുന്നത് അമിത ഭാഷണം ആയി തോന്നി എന്നത് പറയാതിരിക്കുന്നില്ല)

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like