പൂമുഖം LITERATUREകവിത വീട് ഒരു ജീവിയാണ്

വീട് ഒരു ജീവിയാണ്

ഒരു യാത്ര കഴിഞ്ഞു തിരിച്ചു വന്നാൽ
കൂടെ കൊണ്ടുപോകാത്തതിലുള്ള
പരിഭവത്തോടെ
കുറച്ചു നേരം കൊച്ചു കുട്ടിയെപ്പോലെ
മിണ്ടാതെയിരിക്കും
ക്ഷീണിച്ചുകിടക്കുമ്പോൾ
അരികിൽ വന്നിരുന്ന്
അമ്മയെപ്പോലെ മുതുകും നെറ്റിയും
തടവിത്തരും
വീട്ടിലുള്ളവരുടെ ആഹ്ളാദത്തിൽ
ഒപ്പം ചേർന്ന് നൃത്തം വെക്കും
സങ്കടത്തിൽ മുഖം വാടി മിണ്ടാതിരിക്കും
വീട് ഒരു ജീവിയാണ്

ആരുമില്ലാതെ
ഒറ്റക്ക് നിൽക്കുന്ന വീട്ടിലേക്ക്
ചെന്ന് നോക്കൂ
ഉറക്കം തൂങ്ങിയിരിക്കുന്ന വീട്
നമ്മെ കണ്ട്
ഞെട്ടിയുണരുന്നത് കാണാം

ഒരു പരിചയവുമില്ലാത്തവരുടെ
വീട്ടിൽ ചെന്നാൽ
വീട്ടുകാർ എത്തുന്നത് വരെ
കാവൽ നായുടെ ജാഗ്രതയോടെ
വീടു നമ്മെ അകറ്റി നിർത്തും
ആളില്ലാത്ത വീട്ടിൽ
അതിക്രമിച്ചു കയറിയവന്റെ
എന്തെങ്കിലും ഒരു തെളിവ്
വീട് തന്ത്രപൂർവ്വം എടുത്തു വെക്കും
പല കേസുകളിലും
അത്തരം തെളിവുകളാണ്
നിർണ്ണായകമായത്

പ്രിയപ്പെട്ടവർ വീടും പൂട്ടി
ദൂരയാത്ര പോകുമ്പോൾ
വീടും പിന്നാലെ ഇറങ്ങുന്നുണ്ട്
കാണാനാകില്ലെങ്കിലും
വീട് നമ്മെ സ്പർശിക്കുന്നത്
അറിയാനാകും
അതിനെയാണ് നമ്മൾ
വീടോർമ്മയെന്ന് തെറ്റിദ്ധരിക്കുന്നത്
അമ്മ മരിച്ചു പോയന്ന് മരിച്ചു പോയ,
വീടിന്റെ ജഡം മാത്രം പോരെ
വീടിനു ജീവനുണ്ടായിരുന്നു എന്നറിയാൻ..

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments

You may also like