പൂമുഖം LITERATUREകഥ പുനരാവര്‍ത്തനങ്ങള്‍…

പുനരാവര്‍ത്തനങ്ങള്‍…

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

”ഇതുവരെ കേറീല്യേ…എത്രയാ ടോക്കൺ നമ്പർ ?”

അപ്രതീക്ഷിതമായ ചോദ്യം ഞെട്ടിച്ച അവസ്ഥ മാറിക്കിട്ടാൻ അല്പനിമിഷങ്ങൾ എടുത്തു. വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി ചോദ്യത്തിന്റെ ഉറവിടം തിരഞ്ഞ കണ്ണുകൾ അവസാനിച്ചത് ആ നീലക്കണ്ണുകളിലായിരുന്നു. ചെമ്പന്മുടിക്കാരിയുടെ ചുരുണ്ട ഇടതൂർന്ന മുടിയിഴകൾ കാറ്റിനോട് പ്രണയം പങ്കുവയ്ക്കുന്നുണ്ട്. തേനിറ്റു വീഴുമെന്ന് തോന്നിക്കുന്ന ചായം തേയ്ക്കാത്ത ചുവന്ന അധരപുടങ്ങളിൽ തോൽപ്പിച്ചേ എന്ന് വിളിച്ചു പറയുന്ന പതിവ് പുഞ്ചിരി ..

”ആഹാ, നീയിങ്ങു പോന്നോ ? ബ്രേക്ഫാസ്റ്റ് റെഡി ആക്കിയിരുന്നോ? അല്ല , ഞാനിവിടെയാണ് വന്നതെന്ന് നീയെങ്ങനെ അറിഞ്ഞു? നീയെങ്ങനാ വന്നത് , ബസിലോ ?” ഒറ്റ ശ്വാസത്തിൽ ഒരു കൂട്ടം ചോദ്യങ്ങൾ തൊടുക്കുമ്പോൾ ഉള്ളിലെവിടെയോ അവളെ ജയിക്കാനുള്ള വാഞ്ഛ ഉണ്ടായിരുന്നോ എന്നുറപ്പിക്കാൻ വയ്യ. സാഹചര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ പൊട്ടിച്ചിരിച്ചുകൊണ്ട് അവൾ അടുത്തു വന്നിരുന്നു.

”മെല്ലെ, മെല്ലെ,….ഓരോന്നോരോന്നായി ചോദിക്കെടോ … ബ്രേക്ഫാസ്റ്റ് മാത്രല്ല തനിക്കുള്ള ലഞ്ചും റെഡി ആക്കി…

എന്നിട്ട് ടിവി കാണാനിരുന്നപ്പോൾ വല്ലാത്ത ബോറടി തോന്നി… വാതിൽ പൂട്ടി പുറത്തിറങ്ങിയപ്പോഴേക്കും ഒരു ചേട്ടൻ ദേ ഒറ്റയ്ക്ക് ബൈക്കിൽ പോണു… ലിഫ്റ്റ് ചോദിക്കേണ്ട താമസം ആളെന്നെ സിറ്റിയിൽ വിട്ടു. പിന്നൊരു ഓട്ടോപിടിച്ച് ഇങ്ങട് പോന്നു.. രാവിലെ ബാഗൊന്നും എടുക്കാതെ കാഷ്വൽ ഡ്രെസ്സിൽ ഇയാളിറങ്ങിയപ്പോഴേ ഉറപ്പിച്ചു ഇവിടെക്കാകുമെന്ന്..എന്താ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായില്ലേ ?”

വീണ്ടും പരിസരം മറന്നുള്ള ആ പൊട്ടിച്ചിരി. അമ്പരപ്പോടെ ചുറ്റും നോക്കിയത് പക്ഷെ ഞാനായിരുന്നു..

തൊട്ടടുത്ത മുറിയിലെ വാതിൽ തുറന്ന് വെള്ള സാരിയുടുത്ത ഒരു ചേച്ചി ഇറങ്ങിവന്ന്‌ പേര് വിളിച്ചു, ” മീനാക്ഷി ശ്രീധർ”.

ഇരിയ്ക്കെന്ന് കണ്ണുകൾ കൊണ്ട് നിർദ്ദേശിച്ച് എഴുന്നേറ്റു. മുറിക്കുള്ളിലേക്ക് കയറി അഭിവാദ്യം ചെയ്യുന്നതിന് മുന്നേ ആ ഘനഗംഭീര ശബ്ദം മുഴങ്ങി.

”വാ …വാ…എന്തുണ്ട് വിശേഷങ്ങൾ ..ജോലിയൊക്കെ എങ്ങനെ പോകുന്നു…വർക്ക് ഫ്രം ഹോം കഴിഞ്ഞു കാണുമല്ലോ അല്ലെ ? ശ്രീധർ എന്തു പറയുന്നു?”

കുറച്ചു മുന്നേ അവളോട് താൻ ചെയ്തതുപോലെ ഒരു കൂട്ടം ചോദ്യങ്ങൾ ഒരുമിച്ച്..

എല്ലാറ്റിനും കൂടെ ”സുഖം” എന്ന് ഒറ്റ വാക്കിൽ മറുപടി പറഞ്ഞ് ഒരു പുഞ്ചിരി സമ്മാനിച്ച് ഇരുന്നു.

” ഞാൻ പറഞ്ഞതിനെക്കുറിച്ച് താൻ ചിന്തിച്ചോ ? എന്ത് തീരുമാനിച്ചു?” കാലവിളംബം കുടാതെ അടുത്ത ചോദ്യവുമെത്തി.

എന്താണ് പറയേണ്ടതെന്നറിയാതെ അൽപനേരം തലകുനിച്ചിരുന്നു. പിന്നെ പതിയെ മുഖമുയർത്തി വിക്കിവിക്കി മറുപടി പറയാൻ ശ്രമിച്ചു, ”അത് …ഡോക്ടർ…ഞാൻ ….”

പുറത്തേക്കിറങ്ങുമ്പോൾ നേഴ്സ് ചേച്ചി മറ്റാരുടെയോ പേര് വിളിക്കുന്നത് കേട്ടു. നിറഞ്ഞ കണ്ണുകൾ അവൾ കാണാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു നടന്നു. പിന്നാലെ അവൾ വരുമെന്ന് ഒരു വിശ്വാസമുണ്ടായിരുന്നു. പാർക്കിങ്ങിൽ നിന്നും സ്‌കൂട്ടറെടുത്ത് സ്റ്റാർട്ട് ആക്കുമ്പോൾ പിന്നിലമർന്ന ഭാരം ആ വിശ്വാസം അരക്കിട്ടുറപ്പിച്ചു.

ഓഫീസിൽ എത്തിയതേയുണ്ടായിരുന്നുള്ളൂ ഫോൺ ബെല്ലടിച്ചു. ബ്ലൂടൂത്ത് ഓൺ ആക്കി …അവളാണ്…എത്തിയോ എന്ന അന്വേഷണം. മൂളലിൽ മറുപടി ഒതുക്കി സീറ്റിലേക്ക് നടന്നു. ഇനിയും വരും ആ കാൾ… ഫുഡ് കഴിച്ചോ, ചായ കുടിച്ചോ, തിരിച്ചോ എന്നൊക്കെയുള്ള അന്വേഷങ്ങളുമായി ആ ശബ്ദം ഇനിയും തന്നെ തേടിയെത്തും..ഒരു കൂടപ്പിറപ്പെന്ന പോലെ അതിലുപരി ചെറിയ കുഞ്ഞിനോട് ഒരമ്മയെന്നപോലെ അവളിങ്ങനെ താങ്ങായി തണലായി കൂടെ നടക്കാൻ തുടങ്ങിയിട്ട് ചെറിയ കാലയളവേ ആയിട്ടുള്ളുവെങ്കിലും ജന്മജന്മാന്തര ബന്ധം പോലെയാണ് അനുഭവപ്പെട്ടിട്ടുള്ളത്.

ആ ദിവസം…അവൾ കേറി വന്ന ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല ..നശിച്ചൊരു പ്രഭാതമായിരുന്നു അന്നത്തേത്…മുറിയാകെ കീഴ്മേൽ മറിയുന്നത് പോലെ തോന്നി..മുന്നിലിരുന്ന ഡോക്ടറുടെ മുഖം മാഞ്ഞു പോകുന്നത് അറിഞ്ഞിരുന്നു. കയ്യിലിരുന്ന കടലാസ്സ് വിറയ്ക്കുന്നുണ്ടായിരുന്നു..കാലിൽ നിന്നുമൊരു തരിപ്പ് മേലേക്ക് കയറുന്നതു പോലെ.. പതിയെ പതിയെ പ്രജ്ഞ മറഞ്ഞു പോകുന്നൊരു അവസ്ഥ.

”മീനാക്ഷി…മീനാക്ഷി ….എന്തായിത്, റിലാക്സ് മാൻ ..ഇത് തന്റെ മാത്രം അവസ്ഥയൊന്നുമല്ല …ധാരാളം പേര് ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്…തളരുകയല്ല ഇവിടെ വേണ്ടത്…അതിജീവിക്കുകയാണ്…ഞാൻ പറഞ്ഞ മാർഗ്ഗത്തെക്കുറിച്ച് ആലോചിക്കൂ…മറുപടി വേഗം വേണം…”

ഡോക്ടറുടെ വാക്കുകൾ മറ്റേതോ ലോകത്തിൽ നിന്നെന്നപോലെയാണ് കേട്ടുകൊണ്ടിരുന്നത്…ഉൾക്കണ്ണുകളിൽ, മനസിനെ ഒരു ഞണ്ട് പിടിമുറുക്കുന്നത് പിടച്ചിലോടെ കണ്ടില്ലെന്ന് നടിച്ചു. വേച്ച് വേച്ച് എഴുന്നേൽക്കുമ്പോൾ വീടെത്തുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നില്ല. ഫ്ലാറ്റിന്റെ ഡോർ തുറന്നതും അടച്ചതുമൊക്കെ തികച്ചും യാന്ത്രികമായിട്ടായിരുന്നു.. പിന്നെന്തൊക്കെയാണ് ചെയ്തത്? കിടക്കയിലേക്ക് മറിഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..

മാസമുറ തെറ്റാറുള്ളത് പതിവായതു കൊണ്ട് ആദ്യമൊന്നും അതിന് അത്ര പ്രാധാന്യം കൊടുത്തിരുന്നില്ല.. പക്ഷെ അതൊരു തുടർക്കഥയാവുകയും ഇടവേളകൾ മൂന്നു നാല് ദിവസങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്തപ്പോഴാണ് പരിശോധനയ്ക്ക് തയ്യാറായത്…ശ്രീയാണ് ഡോക്ടർ സുധാകരന്റെ പേര് നിർദ്ദേശിച്ചത്.. സംശയം അസ്ഥാനത്തല്ല എന്ന തെളിവുമായാണ് ആ റിപ്പോർട്ടുകൾ എന്നെത്തേടിയെത്തിയത്..തലയ്ക്കുള്ളിൽ എന്തൊക്കെയോ പൊട്ടിത്തകരുന്നതുപോലെ..കണ്ണുകൾ മുറുകെയടച്ചു.. എത്ര നേരം അങ്ങനെ കിടന്നു എന്നൊരു ബോധവുമില്ല..

വാതിലിലെ തുടർച്ചയായ മുട്ട് കേട്ടാണ് കണ്ണു തുറന്നത്.

പത്രക്കാരൻ പയ്യനായിരിക്കുമെന്ന് മനസിലോർത്ത് വാതിൽ തുറന്നു.. പക്ഷെ മുന്നിൽ നിന്നത് അവളായിരുന്നു.. നീല ജീൻസും അയഞ്ഞ പിങ്ക് കുർത്തയും കാറ്റിൽ പറക്കുന്ന ചെമ്പിച്ച മുടിയുമുള്ളൊരു പെണ്ണ്.. അവൾ മനോഹരമായി പുഞ്ചിരിച്ചു. ദീർഘസൗഹൃദം പോലെ..

അപരിചിതത്വം തീർത്ത അസ്വസ്ഥത മാറും മുമ്പേ എന്നെ തള്ളിമാറ്റി അവൾ അകത്തേക്ക് കടന്നു.. ഹോസ്പിറ്റലിൽ നിന്നും വന്നപ്പോൾ താൻ അലക്ഷ്യമായി വലിച്ചെറിഞ്ഞ ബാഗും ഫയലും സ്‌കൂട്ടറിന്റെ താക്കോലുമൊക്കെ അവളെടുത്ത് അതാത് സ്ഥാനങ്ങളിൽ വച്ചു ഒരു ചിരപരിചിതയെപ്പോലെ…ആരാ എന്താ എന്നൊക്കെയുള്ള ചോദ്യങ്ങളെ ചുണ്ടിൽ ബന്ധിച്ചു കൊണ്ട് അവളുടെ ശബ്ദം ഏതോ ബീഥോവൻ സംഗീതം പോലെ ഒഴുകി വന്നു..

”ഒരു മാറ്റവും ഇല്ലല്ലേ…എല്ലാം അടുക്കി വയ്ക്കണം…ആദ്യം ഞാനൊന്ന് കുളിക്കട്ടെ…എന്നിട്ടൊരു ചായയെടുക്കാം, ഇയാളുടെ ലെമൺ ടീ …അതുകഴിഞ്ഞ് ഒക്കെ അടുക്കി വയ്ക്കാം കേട്ടൊ”.

ഞെട്ടൽ മാറും മുമ്പേ അവൾ ബാത്‌റൂമിൽ കയറിക്കഴിഞ്ഞിരുന്നു. തലയ്ക്ക് കയ്യും കൊടുത്ത് ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളുടെ ഭാരവും പേറി സോഫയിൽ എത്ര നേരം ഇരുന്നുവെന്നറിയില്ല..ലെമൺ ടീയുടെ മനസ് മയക്കുന്ന സുഗന്ധമാണ് ചിന്തകളിൽ നിന്നും ഉണർത്തിയത്… മുന്നിൽ ആവി പറക്കുന്ന ചായയും ചുണ്ടിൽ പുഞ്ചിരിയുമായി അവൾ..

സ്വകാര്യ ജീവിതത്തിൽ അതിക്രമിച്ചു കയറുകയും ഇറങ്ങിപ്പോകാൻ കൂട്ടാക്കുകയും ചെയ്യാത്ത അവളോടുള്ള വെറുപ്പ് എപ്പോഴാണ് ഉരുകിയൊലിച്ച് ഇല്ലാണ്ടായത് ?

സ്നേഹത്തിന്റെ നിറകുടമായിരുന്ന അമ്മ പന്ത്രണ്ടാം വയസ്സിൽ നഷ്ടമായപ്പോൾ ഒറ്റപ്പെടൽ അനുഭവപ്പെട്ടത് ആ അമ്മമനസിന്റെ അമിതമായ കരുതലൊന്നുകൊണ്ട് മാത്രമായിരുന്നു.. ആ ഒറ്റപ്പെടലിന് വിരാമമായത് ശ്രീ ജീവിതത്തിലേക്ക് കടന്നു വന്നതോടെയാണ്.. പങ്കാളി എന്നതിലപ്പുറം താൻ ശ്രീയിൽ തിരഞ്ഞതും ആ തണലും കരുതലുമായിരുന്നു… പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാതെ ശ്രീ എന്നും തന്നെ ചേർത്തു പിടിച്ചു..

ചുഴികളില്ലാതെ അന്തർധാരകളില്ലാതെ സ്വച്ഛന്ദം ഒഴുകിക്കൊണ്ടിരുന്ന ജീവിതനദിക്ക് മേൽ അശനിപാതം പോലെ പതിച്ചത് ശ്രീയുടെ കമ്പനി അദ്ദേഹത്തിന് നൽകിയ നിർബന്ധിത ഗൾഫ് പ്രോജക്ടും തന്റെ ഒഴിവാക്കാനാകാത്ത സ്ഥലം മാറ്റവുമായിരുന്നു.. ഒന്നും താങ്ങാനുള്ള ശക്തി മനസിനുണ്ടായിരുന്നില്ല..ആകെ ആടിയുലയുകയായിരുന്നു. ഒരുപക്ഷെ അമ്മ അങ്ങനെ ചേർത്തുപിടിച്ച് വളർത്തിയതിന്റെയാവാം …അതിന്റെ പേരിൽ അച്ഛന്റെയും ബന്ധുക്കളുടെയും കുറ്റപ്പെടുത്തലുകൾ അമ്മയെന്തോരം കേട്ടിരിക്കുന്നു.. തളർച്ചയിൽ നിന്നും ചെറുതായി മോചനം നേടി വരുമ്പോഴാണ് രോഗം പിടിമുറുക്കിയത്… ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ, ജീവിതത്തിലേക്ക് ഒരു മുന്നൊരുക്കവും ഇല്ലാതെ ഇടിച്ചു കയറി വന്നവൾ.. മെല്ലെ മെല്ലെ സ്നേഹം കൊണ്ട് അവൾ തനിക്ക് അമ്മയായി..കൂടപ്പിറപ്പായി…ആത്മസഖിയായി…ഇടയ്ക്കെപ്പോഴോ തന്റെ പേര് റെബേക്ക എന്നവൾ പറഞ്ഞതുപോലെ ഒരോർമ്മ..

ഒരിക്കൽ ഓഫിസിൽ നിന്നും വരുമ്പോൾ ബാൽക്കണിയിൽ അകലെയല്ലാതെയൊഴുകുന്ന നദിയിലേക്ക് കണ്ണും നട്ട് അവൾ നിൽക്കുന്നത് കണ്ടു. അടുത്ത് ചെന്നപ്പോഴാണ് മനസിലായത് നദിയിലേക്കല്ല അതിലൂടെ ചാഞ്ചാടി ഒഴുകി നീങ്ങുന്ന വഞ്ചിയിലേക്കാണ് അവൾ നോക്കുന്നതെന്ന്. താനരികിൽ വന്നതറിഞ്ഞിട്ടും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവളുടെ ചിന്തകളുടെ ആഴം തിരിച്ചറിഞ്ഞ് താനും മൗനം പാലിച്ചു. ആ മൗനസ്ഫടികമുടച്ചത് അവൾ തന്നെയായിരുന്നു…

”താനാ വഞ്ചി കണ്ടോ…ഇതുപോലൊരു വഞ്ചിയിലാണ് അദ്ദേഹമെന്നെ കെട്ടിത്താഴ്ത്താൻ ശ്രമിച്ചത്…”

ഒന്ന് ഞെട്ടിയെങ്കിലും ചോദ്യങ്ങൾ ചോദിച്ച് അവളെ തടസപ്പെടുത്താൻ തോന്നിയില്ല…പറയട്ടെ …ഒരായുസ്സിന്റെ നൊമ്പരം മുഴുവൻ അവൾ പറഞ്ഞു തീർക്കട്ടെ..തത്കാലം താൻ മിണ്ടാട്ടമില്ലാത്തൊരു കേൾവിക്കാരിയാകാം ..മനസ് അങ്ങനെ മന്ത്രിച്ചു…

ചുണ്ടിൽ തത്തിക്കളിച്ച, ലോകത്തോട് മുഴുവൻ തനിക്ക് തോൽക്കാൻ മനസില്ലെന്ന് വിളിച്ചു പറയുന്ന പതിവ് പുഞ്ചിരി മായ്ക്കാതെ അവൾ പറഞ്ഞുകൊണ്ടേയിരുന്നു..

”അദ്ദേഹത്തിനെന്നെ ഒരുപാടിഷ്ടമായിരുന്നു.. കുട്ടിക്കാലത്തെ വികൃതികൾ വളച്ചൊടിച്ച് സൈക്കോപാത്ത് എന്നൊക്കെ ആരൊക്കെയോ മുദ്ര കുത്തിയവളായിട്ടും അദ്ദേഹമെന്നെ പ്രാണന് തുല്യം സ്നേഹിച്ചു…എനിക്കും അങ്ങനെ തന്നെയായിരുന്നു..അസൂയ തോന്നിയിട്ടാവണം നാഴികവിനാഴികകളെണ്ണുന്നൊരു രോഗത്തിന്റെ പിടിയിൽ ദൈവമെന്നെ തളച്ചിട്ടു. മരിക്കാൻ ഭയമുണ്ടായിരുന്നില്ല…പക്ഷെ ഇഞ്ചിഞ്ചായി വേദന തിന്ന് തന്റെ പ്രിയപ്പെട്ടവന്റെ നൊമ്പരം കണ്ട് മരിക്കാൻ എനിക്ക് സൗകര്യമില്ലായിരുന്നു..”

തഴുകിയകലുന്ന കാറ്റിന്റെ ഈണത്തിന് ഭംഗം വരുത്തേണ്ട എന്ന് കരുതിയിട്ടാവണം അവളൊരു നിമിഷം മൗനം പാലിച്ചു..

” പിന്നെല്ലാം പെട്ടെന്നായിരുന്നു.. മനസിലൊരു നാടകത്തിന് വേദിയൊരുക്കി…കൂട്ടിന് കളികൂട്ടുകാരനെയും കൂടെ കൂട്ടി.. പാവം എന്റെ അവസ്ഥയറിഞ്ഞ് എന്റെ കൂടെ നിന്നതിന് അവനെന്തുമാത്രം അപമാനം സഹിച്ചുവെന്നോ …”

അവളുടെ ശബ്ദത്തിന് ഒരു ചിലമ്പൽ വരുന്നുണ്ടോ…തൊണ്ടയിടറുന്നുണ്ടോ…അതോ ഒക്കെയും തോന്നലുകളാണോ…

തന്റെ ഭാവമാറ്റങ്ങളോ ചിന്തകളോ കാര്യമാക്കാതെ അവൾ തുടർന്നു..

”അവന്റെ കുഞ്ഞ് വയറ്റിൽ വളരുന്നുണ്ടെന്നും അതിനെ നശിപ്പിക്കില്ല പ്രസവിച്ചു വളർത്തുമെന്നുമൊക്കെ പറഞ്ഞ് ജോലി കഴിഞ്ഞെത്തിയ അദ്ദേഹത്തെ ചൊടിപ്പിച്ചു. കപടദേഷ്യവും വാശിയും മുനയുള്ള വാക്കുകളും കൊണ്ട് അദ്ദേഹത്തെ ചിന്തിക്കാൻ ഇടകൊടുക്കാതെ കുത്തിമുറിവേല്പിച്ചു. ഒടുവിൽ ആത്മനിയന്ത്രണങ്ങളുടെ അവസാന ചരടുമറ്റ് അദ്ദേഹം എനിക്ക് നേരെ നിറയൊഴിച്ചു, പിന്നെ ഇതുപോലൊരു വഞ്ചിയിൽ ഭാരം കയറ്റിവച്ച് സമുദ്രത്തിൽ താഴ്ത്തി..”

കാഴ്ചയിൽ നിന്നും കണ്ണുകളെ പിൻവലിച്ച് തന്റെ രണ്ടു ചുമലിലും കൈവച്ച് കുലുക്കി ഒരു ഭ്രാന്തിയെപ്പോലെ അവൾ ചോദിച്ചു, ”താൻ പറയു ഞാൻ മാനസികരോഗിയാണോ…പറയെടോ…പറയ്”

ആർത്തലച്ച് പൊട്ടിക്കരഞ്ഞുകൊണ്ടവൾ തന്നെ മുറുകെ കെട്ടിപ്പിടിച്ചു…മുടിയിഴകളിൽ തലോടി ആശ്വസിപ്പിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനാവില്ലായിരുന്നു തനിക്ക്…കുറച്ചു നേരം ആ നിൽപ് തുടർന്നു.. പിന്നവൾ കണ്ണു തുടച്ച് അടുക്കളയിലേക്ക് നടന്നു…

”റെബേക്ക നീ പിന്നെങ്ങനെ ….?” വാക്കുകൾ പകുതിയിൽ മുറിഞ്ഞു..

” രക്ഷപ്പെട്ടു എന്നല്ലേ …അത് പിന്നൊരിക്കൽ പറയാം ട്ടാ ” കുസൃതിച്ചിരിയോടെ അത്രയും പറഞ്ഞ് അവളോടിപ്പോയി…പിന്നീടൊരിക്കലും അവളതേക്കുറിച്ച് പറഞ്ഞില്ല ..ഞാൻ ചോദിച്ചതുമില്ല..

നാളുകളെത്ര കഴിഞ്ഞു…തനിക്കിപ്പോ സങ്കടമില്ല…ഒറ്റപ്പെടലിന്റെ തളർച്ചയില്ല…അവളുണ്ടല്ലോ കൂടെ..

അങ്ങനെ ഒരു ദിവസം….

പ്രത്യേകതകളൊന്നും ഇല്ലാത്തൊരു ദിവസം…

പതിവുപോലെ ഓഫിസിൽ കംപ്യുട്ടറിന് മുന്നിൽ കുത്തിയിരിക്കുമ്പോഴാണ് മൊബൈൽ ശബ്ദിച്ചത്..ശ്രീയാണ് വിളിക്കുന്നത്..

”എടോ …ഞാനുടനെ നാട്ടിലെത്തും…താൻ ഡോക്ടറെ പിന്നെ കണ്ടിരുന്നോ?” മറക്കാനാഗ്രഹിച്ചത് ശ്രീ ഓർമ്മിപ്പിക്കുമെന്ന് കരുതിയില്ല…വീട്ടിലെത്തിയിട്ട് വിളിക്കാമെന്ന് പറഞ്ഞ് ഫോൺ വച്ചു..ഫ്ലാറ്റിലെത്തുമ്പോൾ ആകെ കലുഷിതമായിരുന്നു മനസ്. ഒന്ന് കുളിച്ചാൽ ശാന്തമാകും എന്ന് കരുതിയത് വെറുതെയായി.. മുറിയിലെ ഷെൽഫിൽ നിറച്ചു വച്ചിരിക്കുന്ന പുസ്തകങ്ങൾക്കിടയിൽ വെറുതെ എന്തോ തിരഞ്ഞു.. മനസ് കോംപ്രമൈസിന് തയ്യാറായില്ല.. അവൾ തന്ന ചായയും കുടിച്ച് കിടന്നു..ഞെട്ടിയുണർന്നത് ആരോ വന്നു നിൽക്കുന്നുവെന്ന അവളുടെ വാക്കുകൾ കേട്ടാണ്.

വാതിൽക്കലെത്തിയതും ശ്വാസം നിലച്ചത് പോലെ..മുന്നിൽ നിറപുഞ്ചിരിയോടെ ശ്രീ.

”എടോ ഞാൻ എയര്പോര്ട്ടിലെത്തിയിട്ടാ തന്നെ വിളിച്ചത്…തനിക്ക് സർപ്രൈസായില്ലേ…?

ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് …

ഞാനാഗ്രഹിച്ചതും അത് തന്നേ”..

ബാഗൊക്കെ വലിച്ചെറിഞ്ഞ് ഓടി വന്ന് കെട്ടിപ്പിടിച്ച് ശ്രീ തന്നെയെടുത്ത് വട്ടം ചുഴറ്റി…നെറുകയിൽ അമർത്തിയമർത്തി ചുംബിച്ചു..

”ഇനി ഞാനെങ്ങോട്ടുമില്ല…നമ്മളൊരുമിച്ച് ”

മന്ത്രണം പോലെയാണ് ശ്രീ അങ്ങനെ പറഞ്ഞതെങ്കിലും താനത് കേട്ടത് ഇടിമുഴക്കം പോലെയാണ്..

ചുറ്റിവരിഞ്ഞ കൈകൾ അകത്തിമാറ്റി താനകത്തേക്ക് കയറിപോയത് ശ്രീയെ വേദനിപ്പിച്ചിട്ടുണ്ടാവണം..

”എടോ എന്താ …എന്താ പറ്റീത് തനിക്ക് ”ചോദ്യവുമായി ശ്രീ പിന്നാലെയെത്തുമെന്ന് അറിഞ്ഞിട്ടു തന്നെ ഉറക്കം നടിച്ചു കിടന്നു. വലിച്ചെഴുന്നേല്പിച്ച് കട്ടിലിൽ ചാരിയിരുത്തി ശ്രീ ആ ചോദ്യം ആവർത്തിച്ചുകൊണ്ടേയിരുന്നു…

സഹികെട്ടപ്പോൾ പറഞ്ഞു, ” ഐ ഹേറ്റ് യു…നിങ്ങൾ പണത്തെയും ജോലിയെയുമാണ് സ്നേഹിച്ചത്…എന്നെയല്ല..ഇങ്ങനൊരുവൾ ഇവിടെ ജീവിക്കുന്നുണ്ടെന്നോ എന്തെല്ലാം മാനസിക സമ്മർദങ്ങളെ അവൾ അതിജീവിക്കുന്നുണ്ടെന്നോ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ…അന്വേഷിച്ചിട്ടുണ്ടോ…?നിങ്ങൾക്ക് വലുത് നിങ്ങളാണ് …നിങ്ങളെ മാത്രമേ നിങ്ങൾ സ്നേഹിച്ചിട്ടുള്ളൂ…ഇങ്ങനൊരാൾക്കൊപ്പം കഴിയാനെനിക്ക് ബുദ്ധിമുട്ടുണ്ട്..നമുക്ക് പിരിയാം ”

ഒന്നും മനസിലാവാതെ ശ്രീ കണ്ണുകൾ ചിമ്മുന്നത് മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചു…

ആദ്യമൊക്കെ സമാധാനത്തിൽ ആരംഭിച്ച ആ വാക്‌പോര് അവസാനിച്ചത് ശ്രീയുടെ കരതലം തന്റെ കവിളിൽ പതിച്ചപ്പോഴാണ്…കണ്ണിൽ നിന്നും പൊന്നീച്ച പറക്കുന്നത് ആദ്യമായിട്ടറിഞ്ഞു ..പതിയെ കാഴ്ച മറഞ്ഞ് മയക്കത്തിലേക്ക് വീണു…

അതാ അവിടെ കടവത്ത് അവൾ നിൽപ്പുണ്ടല്ലോ …അരികിൽ ഒരു വഞ്ചിയും..അവളതിലേക്ക് കയറാൻ ഒരുങ്ങുകയാണ്..

”നീ നീയെങ്ങോട്ടാ പോണേ …എന്നെ നീയും ഒറ്റയ്ക്കാക്കുകയാണോ…വേണ്ട പ്ലീസ് പോകല്ലേ…എന്നെ ഒറ്റയ്ക്കാക്കി പോകല്ലേ…”

തന്റെ ഭ്രാന്തജല്പനങ്ങൾക്ക് ചെവികൊടുക്കാതെ അവൾ വഞ്ചി തുഴഞ്ഞു പോയി…

അകലെ മറയുന്ന അവളിൽ നിന്നും അവസാനം കേട്ട വാക്കുകൾ ഇതായിരുന്നു, ”നീ ഞാനാകാൻ നോക്കരുത് …കാരണം നീയൊരിക്കലും ഞാനല്ല എന്നത് തന്നെ ”

ഞെട്ടിയുണർന്നു…കണ്ണുകൾക്ക് വല്ലാത്ത ഭാരം…തുറക്കാനാകുന്നില്ല…ശരീരമാസകലം മുള്ളു തറച്ചത് പോലെ വേദനിക്കുന്നു…

തണുത്തൊരു കരം തന്റെ നെറുകയിൽ തലോടുന്നുണ്ട്..

ഏത് അബോധാവസ്ഥയിലും ശ്രീയുടെ സ്പർശം തിരിച്ചറിയാവുന്നതുകൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി…ശ്രീയുടെ ഇളം ചൂടുള്ള ചുണ്ടുകൾ നെറ്റിയിലമരുന്നതറിഞ്ഞു..

”ഉറങ്ങിക്കോളൂ…ഞാനിവിടെ അടുത്തുണ്ട്…”

പിന്നെയും ദിവസങ്ങളെടുത്തു മനസ് സ്വാഭാവികതയിലേക്ക് മടങ്ങിയെത്താൻ…പതിയെ കണ്ണുകൾ തുറന്നു പിടിക്കാനും ശബ്ദിക്കാനും കഴിയുമെന്നായപ്പോൾ ഊണും ഉറക്കവുമില്ലാതെ കൂടെയിരുന്ന ശ്രീ തളർന്ന ശബ്ദത്തിൽ ചോദിച്ചു…

”നമുക്ക് അച്ഛനമ്മമാർ ആകാൻ താൻ ഒരു കുഞ്ഞിന് ജന്മം നൽകിയേ തീരൂ എന്ന് എപ്പോഴാണെടോ താൻ ചിന്തിച്ചു തുടങ്ങിയത്.”

വിതുമ്പുന്ന ചുണ്ടുകൾ കടിച്ചുപിടിച്ച് കൈ പതിയെ വയറിന് മേലെ വച്ചു…തന്നിൽ നിന്നുമെന്തോ അടർത്തിമാറ്റപ്പെട്ടിരിക്കുന്നു…..

തിരിച്ചറിവിന്റെ വേദനയോടെ ശ്രീയുടെ മാറിൽ തലചായ്ച്ചിരുന്നു…

പിന്നെപ്പോഴോ കുഴഞ്ഞ വാക്കുകളിൽ ”റെബേക്ക ” എന്നു മാത്രം പറഞ്ഞു…മുറിഞ്ഞു പോയ ചോദ്യം കണ്ണുകളിൽ പ്രകടമാക്കിയിരുന്നു..

ഒരു പുഞ്ചിരിയോടെ തന്നെ ബെഡിൽ ചായ്ച്ചിരുത്തി ശ്രീ എഴുന്നേറ്റുപോയി മേശമേലിരുന്ന ഒരു പുസ്‌തസ്കമെടുത്തുകൊണ്ടുവന്ന് തന്റെ മുന്നിൽ പിടിച്ചു….

അടഞ്ഞു പോകുന്ന കണ്ണുകൾ വലിച്ചു തുറന്ന് അതിന്റെ പേര് വായിച്ചു

”ഡോഫിൻ ഡു മോരിയരുടെ റെബേക്ക ”

ചുണ്ടോളം വന്നൊരു തേങ്ങൽ നെഞ്ചിലമർന്നു…

വിറയ്ക്കുന്ന കരതലങ്ങളപ്പോൾ നെഞ്ചോട് ചേർത്തുപിടിക്കുന്നുണ്ടായിരുന്നു ശ്രീ, ഞാനുണ്ടല്ലോ കൂടെ എന്നു പറയുംപോലെ….

ചിത്രം : പ്രസാദ് കാനത്തുങ്കൽ

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like