പൂമുഖം LITERATUREകഥ തിമോത്തി അരിക്കാടി

തിമോത്തി അരിക്കാടി

അരിക്കാടി എന്ന പേരിൽ ഒരു സ്ഥലം സത്യമായും ഉണ്ടാവുമെന്ന് രമേശൻ
വിദ്യാധരൻ കരുതിയതേ ഇല്ല. അംബികാസുതൻ മാങ്ങാടിന്റെ പുസ്തകം കയ്യിൽ
കിട്ടുന്നതുവരെ ‘എൻമകജെ ‘ എന്നൊരു സ്ഥലനാമം നമ്മുടെ നാട്ടിൽ ഉണ്ടാവുമെന്ന്
ഊഹിക്കാതിരുന്നത് കൊണ്ട് അയാൾക്കതിൽ അത്ഭുതമൊന്നും തോന്നിയില്ല.
കറുത്ത പോളിസ്റ്റർ പാന്റ്സും വെളുത്ത പോളിസ്റ്റർ ഷർട്ടുമാണയാൾ
ധരിച്ചിരുന്നത്. വേണ്ടി വന്നാൽ ഒരു ജോഡി കൂടി കരുതാൻ പാങ്ങില്ലാത്തതു
കൊണ്ടല്ല, അവിടത്തെ അന്തേവാസിനികൾ അടിച്ചു മാറ്റുമോ എന്ന
ഭയം കൊണ്ടുമല്ല, സഹജമായ ലാളിത്യവും മിതത്വവും കൊണ്ട് വേണ്ടെന്നു
വച്ചതാണ്. തോളിൽ തൂക്കാനാവുന്ന തുണിസഞ്ചിയിൽ കരിമ്പനടിച്ച തോർത്ത്,
501 ന്റെ കട്ട, ചന്ദ്രിക സോപ്പ്, ചതഞ്ഞ ടൂത്ത്‌ബ്രഷ്, മെലിഞ്ഞ പേസ്റ്റ്, രാമചന്ദ്രൻ
ടെക്സ്റ്റയിൽസിലെ പഴയ കിലുക്കമുള്ള പ്ലാസ്റ്റിക് കവർ, വട്ടത്തിൽ കൂട്ടി തയ്ച്ച
കാവിമുണ്ട് ഇത്രയുമുണ്ട്. രാത്രികാലങ്ങളിൽ കാവിമുണ്ട് ഉടുക്കുകയോ
പുതച്ചുറങ്ങുകയോ ആവാം. അപ്പോൾ അയാൾക്ക് രവിയെ ഓർമ്മ വരും.
കരിമ്പനകളിൽ കാറ്റ് പിടിക്കും. അപ്പുക്കിളിയും മൈമുനയും കൂടെ ഉള്ളതുപോലെ
തോന്നും.

കെ .എസ് .ആർ. ടി .സി. ബസ്സിൽ ആഗ്രഹി ച്ച പോലെ തന്നെ വിൻഡോ സീറ്റ് കിട്ടി
എല്ലാവരും കയറിയതിനു ശേഷം മനഃപൂർവം തന്നെ അവസാനമായാണ് കയറിയത്‌ .
തിക്കിത്തിരക്കി ഇടിച്ചു കയറുന്നതിൽ ഒരു ഹിംസയുള്ളതായി അയാൾ ശരിക്കും
വിശ്വസിച്ചിരുന്നു. എന്നിട്ടും വിൻഡോ സീറ്റ്‌ കിട്ടിയത് തനിക്കായി കരുതിവെച്ച
പ്രകൃതിയുടെ വിഹിതമായി കാണാനുള്ള ഉൾക്കാഴ്ച അയാൾക്കുണ്ട്. ഓരോ
നെൽമണിയിലും ആരാൽ കഴിക്കപ്പെടണം എന്ന് എഴുതിയിട്ടുണ്ടാവുമെന്ന
കാര്യത്തിൽ അയാൾക്ക് സംശയമേതുമില്ല. വണ്ടി സ്റ്റാന്റീന്നെടുത്തു ഐലൻഡ്
കറങ്ങി ഉത്തരദിക്കിലേക്കുള്ള പ്രയാണമാരംഭിച്ചപ്പോഴാണ് ആദ്യം കയറിയ മഹാൻ
വിൻഡോ സീറ്റ്‌ ഒഴിവാക്കിയ കാര്യം എഴുത്തുകാരന് മനസ്സിലായത്. രാവിലെ എട്ടു
മണിക്ക് വടക്കോട്ടു പോകുമ്പോൾ വലതു ഭാഗത്താണെല്ലോ വെയിലടിക്കുന്നത്‌.
ഡ്രൈവറുടെ തൊട്ടു പിന്നിലുള്ള സീറ്റാണ് അത്. എന്നാൽ കഥാനായകൻ അക്കാര്യം
ശ്രദ്ധിച്ച മട്ടില്ല. സൈഡുവാരത്തെ കടകളിലെ ലെമണൈഡ് കുപ്പികളിലേക്ക് അയാൾ
കൗതുകത്തോടെ കണ്ണോടിച്ചു. തട്ടുകട, ചായക്കട, ചെരിപ്പുകട, ടയർകട,പെയിന്റ് കട
പഴക്കട, തുണിക്കട, വീടുകൾ, അമ്പലങ്ങൾ, പള്ളി, വെള്ളക്കെട്ട്,

മൈതാനം, പശു , ആട്, പൂച്ച, നായ, കോഴി, കോക്ക്, കാക്ക, പ്രാവ് മുതലായവ
ആദ്യമായി കാണുന്ന കൗതുകത്തോടെ അയാൾ നോക്കി. മിക്കപ്പോഴും
പുഞ്ചിരിക്കുകയും ഹോണടിയുടെ കമ്യൂഫ്ലാഷിൽ പൊട്ടിച്ചിരിക്കുകയും ചെയ്തു.
അരിക്കാടിയിൽ ബസ്സിറങ്ങുമ്പോൾ ആ സ്ഥലം തനിക്ക് അപരിചിതമായി
തോന്നാനിടയില്ലെന്നു അയാൾ ഉറപ്പിച്ചു കഴിഞ്ഞു.

ഷർട്ടും പാന്റ്സും കുടുസു കക്കൂസിലെ അഴുക്കു പിടിച്ച ബക്കറ്റിലിട്ടു
നനച്ചിടുക എല്ലാ രാത്രികളിലും പതിവുള്ളതാണ്. നേരം വെളുക്കുമ്പം
ഉണങ്ങിക്കിട്ടുകയും ചെയ്യും. ഉണങ്ങാത്ത ഭാഗങ്ങൾ ശരീരോഷ്മാവ്
പ്രയോജനപ്പെടുത്തി യാത്രക്കിടയിൽ ഉണങ്ങിക്കൊള്ളും. ജെട്ടി മാത്രം ഒന്നുകൂടി
കരുതിയിട്ടുണ്ട്. യാത്രകൾ മനുഷ്യനെ നവീകരിക്കുമെന്നുള്ള അഥവാ മനസ്സിനെ
വിമലീകരിക്കുമെന്നുള്ള വിശ്വാസം കൊണ്ടാണ് അയാൾ നിരന്തരം യാത്രകൾ
നടത്താറുള്ളത്. കോട്ടയത്ത് നിന്ന് ബസു കയറി കൊട്ടാരക്കരയിൽ ഇറങ്ങിയ ശേഷം
കുണ്ടറ വരെ നടന്നു പോയിട്ട് മറ്റൊരു ബസിൽ കയറി കൊല്ലത്തിറങ്ങും. അവിടന്ന്
ലോക്കൽ ട്രെയിനിൽ കയറി ഒറ്റ വിടലാണ്. പെരിന്തൽമണ്ണ അങ്ങാടിപ്പുറം
റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ നന്നേ ഇരുട്ടിയിട്ടുണ്ടാവും. ഓട്ടോക്കാരന്
സാമോദം ഇരുന്നൂറു രൂപ കൊടുത്തു് രണ്ടു കിലോമീറ്റർ അകലെയുള്ള ടൗണിലെത്തി
മുന്നൂറുരൂപയുടെ മുറിയെടുക്കും. കോഴിക്കോട്ടു വച്ച് ഒരിക്കൽ മുപ്പതു രൂപയുടെ
ഓട്ടത്തിന് മുന്നൂറു രൂപ കൊടുത്തത് സ്വീകരിക്കാൻ ആട്ടോക്കാരൻ വിസമ്മതിച്ച
വകയിൽ ഇരുവരും തമ്മിലുള്ള സ്നേഹവഴക്കു കയ്യാങ്കളി വരെ എത്തിയിട്ടുണ്ട്. (
മൂന്ന് മാസത്തിലൊരിക്കൽ ബെൻസ് കാറ് സർവ്വീസിന് കൊടുത്തിട്ട് വീട്ടിലെത്തി
ആട്ടോക്കാരനുമായി പതിമൂന്നു രൂപക്ക് തർക്കിക്കുകയും തെറി വിളിക്കുകയും
‘ഇന്നാ.. കൊണ്ട് പോയി തിന്ന്‌.’.എന്ന് പ്രാകിക്കൊണ്ട് അമ്പതു രുപ കൊടുക്കുകയും
ചെയ്യാറുള്ള ജോബിച്ചായൻ ഇത് കണ്ട് പഠിച്ചിരുന്നെങ്കിൽ എന്നാണ്
കഥാകൃത്തിന്റെ ഒരിത്. )

എന്നാൽ ഇത്തവണത്തെ യാത്ര ബി .മുരളി പറയുമ്പോലെ’
അയുക്തിപ്പയണമല്ല’ ! ലക്ഷ്യ ബോധത്തോടെയുള്ളതും ഇല്ലോജിക്കൽ
അല്ലാത്തതുമായ ആദ്യത്തെ യാത്രയാണ് ഇത്.
“അതെ ഇത് ലക്ഷ്യബോധമുള്ള യാത്ര തന്നെയാണ് “ .
അയാൾ തീരെ പതുക്കെയല്ലാതെ ആത്മഗതം ചെയ്തു. സഹോദരങ്ങളെയോ
ഗുരുനാഥനെയോ വൃക്ഷങ്ങളെയോ വൃഷഭങ്ങളെയോ ആകാശത്തെയോ ഒന്നും കാണാതെ
പക്ഷിയുടെ കണ്ണ് മാത്രം കണ്ട അർജുനന്റെ ഏകാഗ്രത അയാൾക്ക് ഓർമ്മ വന്നു.
‘ഇല്ല വൈകിയിട്ടില്ല ‘. കുറ്റബോധത്തോടെ അയാൾ കണ്ണുകളടച്ചു. ദമനം വരിച്ചു.

ഇന്ദ്രിയ നിഗ്രഹം തനിക്ക് പുത്തരിയല്ല. കലം നിറയെ ചക്കപ്പുഴുക്കും ചട്ടി
നിറയെ മത്തിക്കറിയും ഉണ്ടായിരുന്നിട്ടും പട്ടിണി കിടന്ന എത്രയോ രാത്രികൾ ..
മണക്കാതെ വിട്ട പനിനീർ സൂനങ്ങൾ.. കാണണ്ടന്നു വച്ച ഏഴഴകുള്ള നീലാകാശം,
കേൾക്കാതെ വിട്ട ഹരിപ്രസാദ് ചൗരസ്യ..!

നാല്പത്തിരണ്ടു വയസ്സിനിടക്ക് പുരുഷത്വത്തിന്റെ വെല്ലുവിളികളെ
ഉല്ലംഖിക്കുന്നത് ഒരിക്കലും ബാലികേറാമലയായിരുന്നില്ല. ഭഗീരഥ
പ്രയത്നമായിരുന്നില്ല..നേതി.!.നേതി .!.ഇതല്ല ..താൻ തിരയുന്നത് ഇതല്ല ..എന്ന്
മാത്രമേ തോന്നിയിട്ടുള്ളൂ. ഒരു ചെറു ചാഞ്ചല്യമുണ്ടായത് ഒരിക്കൽ മാത്രമാണ്.
പത്തൊൻപതാമത്തെ വയസ്സിൽ. ‘ചെറുചാഞ്ചല്യം’ എന്ന വാക്ക് സൂക്ഷ്മതയോടെ
തന്നെയാണ് ഉപയോഗിച്ചത്.

വലിയമ്മയുടെ വീട്ടിൽ ഒരാഴ്ച നില്ക്കാൻ പോയ കാലം. അവിടത്തെ
വേലക്കാരിയുടെ മകൾ ശകുന്തള, വയസ്സ് പതിനെട്ട്, പ്രായത്തേക്കാൾ വലിപ്പമുള്ള
കുടങ്ങളിൽ വെള്ളവുമായി പഞ്ചായത്ത് കിണറ്റിൽ നിന്നും വരുന്നു. മേൽമുണ്ടോ
തോർത്തോ ഷാളോ അണിയുന്ന ശീലം അവൾക്കില്ല. കുനിഞ്ഞും എടുത്തും തൂത്തും
വാരിയും പണി ചെയ്യാൻ അത് വല്ലാത്ത തടസം തന്നെയാണല്ലോ. ഒരേ സമയം
ദൃഢവും മൃദുവുമായ മാറിടം. ഒന്ന് അനാവൃതമായി കാണണം. പറ്റിയാൽ ഒന്ന് തൊടേം
വേണം. ചെറുചാഞ്ചല്യക്കാരന് അത്രേ വേണ്ടു! അതിനു മുമ്പോ പിന്നീടോ
ഉണ്ടാവാത്ത ധൈര്യത്തിന്റെ പുറത്തു ഇംഗിതം അറിയിച്ചു.
” നാളെ രാവിലെ അഞ്ചു മണിക്ക് കുളിമുറിയിൽ വന്നാൽ മതി”.
അവൾ സമ്മതം മൂളി. പുറം ഭാഗം പൂശാത്ത, മേൽക്കൂരയില്ലാത്ത
കുളിമുറിയായിരുന്നു അത്. തകരം കൊണ്ടുള്ള വാതിലും കുറ്റിയും ഉണ്ട്. കൃത്യം അഞ്ചു
മണിക്ക് രണ്ടാളും അകത്തു കയറി. കറവക്കാരൻ വന്ന ബഹളത്തിൽ മറ്റുള്ളവരുടെ
കണ്ണ് തൊഴുത്തിലായിരുന്നു. കുറ്റിയിട്ടു. തുണി നനക്കാനുള്ള കല്ലിൽ ടോർച്ചു
ലൈറ്റ് ഓൺ ചെയ്തു കമിഴ്ത്തി വച്ച ശേഷം കുടുക്കുകളഴിച്ചു. ഹൃദയം പെരുമ്പറ
കൊട്ടി. ഗദാധാരിയായ ജരാസന്ധന്റെ ആവാഹനമുണ്ടായി. പുറകിലത്തെ ഹുക്ക്
ഊരിയിട്ട് വേണം ടോർച്ചു എടുത്തു നോക്കാൻ. ഹൂക് അവൾ തന്നെ അഴിച്ചു. ഒരു
നോക്കേ കണ്ടുള്ളു. ചേതോഹരം.. അഭൗമം! ടോർച്ചു കമിഴ്ത്തി തിരികെ വച്ചു. ഇരു
കൈകളും ഉപയോഗിച്ച് രണ്ടു ഗോളങ്ങളേം (അതോ മുകുളങ്ങളോ?) തഴുകണം.

കയ്യും കാലും വിറച്ചു. ലോകം രണ്ടു ബിന്ദുക്കളിലേക്കു ചുരുങ്ങിയ പോലെ!
തൊട്ടു തൊട്ടില്ല എന്നായപ്പോൾ ‘വേണ്ട..വേണ്ട.’ എന്നവൾ ഒച്ച താഴ്ത്തി
പറഞ്ഞു.
‘ അയ്യോ..! വേണ്ടങ്കി വേണ്ട.!.പേടിക്കണ്ട .’
അയാൾ കതകു തുറന്ന് ഇറങ്ങിപ്പോയി. ശ്രീകൃഷ്ണൻ വെറ്റില
കീറിക്കാണിച്ചു . ബ്രാഹ്മണവേഷത്തിൽ വന്ന ഭീമസേനൻ കാലേവാരി നെടുകെ കീറി.
അന്ന് കയറിയതാണ് കറുത്ത കാൽശരായിക്കുള്ളിൽ. ഇരുപത്തി മുന്ന് നീണ്ട
വർഷങ്ങൾ! ആ വ്രതശുദ്ധിയാണ് ഇന്ന് തകർക്കേണ്ടത്. വല്യമ്മയുടെ വീട്ടിലെ
വെക്കേഷൻ കഴിഞ്ഞു തിരികെ പോരാൻ നേരം ശകുന്തള വേലിക്കൽ വന്ന് തെല്ലു
ദേഷ്യത്തോടെയും പരമ പുച്ഛത്തോടെയും
‘പിന്നെ സിനിമ കാണാനാണോ വെളുപ്പാൻ കാലത്തു കുളിമുറിയിൽ വിളിച്ചു
കയറ്റിയത് ‘എന്ന് ചോദിച്ചതിന്റെ പൊരുൾ ഇപ്പഴും മനസിലായിട്ടില്ല.

സ്ഥാലീപുലാകന്യായമനുസരിച്ചു ഒരിക്കൽ..ഒരിക്കൽ മാത്രം..ഒരൊറ്റ
തവണ ..പെണ്ണിനെ അറിയണം. ആദി ശങ്കരന് പോലും അങ്ങനെ വേണ്ടി
വന്നുവല്ലോ! പാണ്ഡുവിനെപ്പോലെ പ്രാപ്‌തിയറ്റതുകൊണ്ടോ ബൗദ്ധന്മാരുടെ
വാക്കു കേട്ട് ഘോരവനത്തിലെ കുന്നിനു മുകളിൽ ഒളിച്ചു പാർക്കുന്ന ഗോത്ര
ദൈവത്തെ കണക്ക് കിട്ടാക്കനിയായതു കൊണ്ടോ അല്ല തന്റെ നിരാസമെന്നു
തെളിയിക്കണം. അനുഭവത്തിന്റെ വൈദ്യുത കാന്തിക പ്രഭാവം നന്നായി
ബോധ്യപ്പെട്ട ശേഷമുള്ള വൈരാഗ്യമാണ് ഉന്നം വയ്ക്കുന്നത് !

അഞ്ചാറ് മാസം കൂടുമ്പോൾ ചില അഭിശപ്ത രാത്രികളിൽ വല്യമ്മയുമായി
തിരുപ്പതി, തിരുച്ചെന്തുർ, തിരുവട്ടാർ തുടങ്ങിയ പുണ്യ സ്ഥലങ്ങളിൽ
തീർത്ഥയാത്ര പോകുന്നതും ഇരുവരും ഒറ്റ മുറിയിൽ കഴിയേണ്ടി വരുന്നതും കുളി
കഴിഞ്ഞു ഈറനണിഞ്ഞ മുലക്കച്ചയുമായി വരുന്ന വല്യമ്മയെ
കാണാനിടയാകുന്നതും സ്വപ്നം കണ്ട് ഉറക്കത്തിൽ ഇന്ദ്രിയ സ്ഖലനമുണ്ടാവാറുണ്ട്.
ആ ദുഃശീലത്തിനുകൂടി ഇതോടെ അറുതി വരുത്തണം.

അതിർത്തി ഗ്രാമമായ അരിക്കാടിയിൽ തിമോത്തി എന്ന പേരിൽ ഒരു
ബേക്കറിയുണ്ടെന്നും അവിടെച്ചെന്നു ‘ലഡു അല്ലെങ്കി വേണ്ട ജിലേബി ‘ എന്ന
കോഡ് പറയുകയാണെങ്കിൽ ഒരു കിങ്കരൻ വന്ന് വാതിൽക്കർട്ടനുള്ളിലെ
ഇടനാഴിയിലേക്ക് കൊണ്ടു പോവുകയും പതിനേഴ്..പതിനെട്ട്..ഏറിയാൽ ഇരുപത്
വയസ്സ് പ്രായം വരുന്ന പത്തു പന്ത്രണ്ടു പെമ്പിള്ളേരെ കാണിച്ചു തരുമെന്നും
ഒരാളെ തിരഞ്ഞെടുത്താൽ അവിടെത്തന്നെയുള്ള മുറിയിലേക്ക് ആനയിക്കുമെന്നും
ആനന്ദനാണ് പറഞ്ഞു തന്നത്. ഉലകം ചുറ്റും വാലിബനാണ്‌ ആനന്ദൻ. രണ്ടായിരം
രൂപ കൊടുത്താൽ ഒരു മണിക്കൂർ അവിടെ തങ്ങാം. രണ്ടു മണിക്കൂറിനു മൂവായിരം
കൊടുക്കണം.

ഉച്ചയൂണിനു ബസ്സ് നിർത്തി. ഇരുപത് മിനിട്ട് ബ്രെക്ക് ഉണ്ടെന്നു
കണ്ടക്ടർ അറിയിച്ചു. വയറു നിറച്ചു കഴിക്കുന്നത് അബദ്ധമാവുമെന്നു ടി ഡി
രാമകൃഷ്ണന്റെ നോവലിൽ വായിച്ചതോർമ്മവന്നതുകൊണ്ട്
നാരങ്ങാനീരിലൊതുക്കി. ഒരു കപ്പലണ്ടി മുട്ടായി നുണയുകയും ചെയ്തു.
വീട്ടുകാർക്ക് മീനും ഇറച്ചിയും നിർബന്ധമാണ്. ‘പട്ടരിൽ പൊട്ടനില്ല’എന്ന്
പറയാറുണ്ടല്ലോ! അവർ ശുദ്ധ വെജിറ്റേറിയൻ ആയതു കൊണ്ടാവും അങ്ങനെ.
ബ്രാഹ്മണ്യം ജന്മസിദ്ധമല്ല, ആർജ്ജിതമാണ്! ഇരുപതാമത്തെ വയസിലാണ്
അങ്ങനെയൊരു ഉൾവിളിയുണ്ടായത്. അന്നുതൊട്ട് വെജിറ്റേറിയൻ ആണ്. വേഗൻ
എന്നും പറയാം. ഭാഷയിലും വ്രതശുദ്ധിയുണ്ട്. ‘ അതെയോ?’ ‘ഉവ്വ്’ എന്നൊക്കെയേ
പറയു. വീട്ടുകാരെ പോലെ നാഴികക്ക് നാപ്പതു വട്ടം ‘പുല്ല്,’ ‘മയിര് ‘ ഇത്യാദി
നിഷിദ്ധവാക്കുകൾ ഉപയോഗിക്കാറില്ല. അതിന്റെതായ ദാർശനിക പ്രഭാവലയം
തനിക്കു ചുറ്റും എപ്പഴും ഉണ്ട് എന്നയാൾക്ക്‌ അറിയാം. ഗാണ്ഡീവത്തെ കുറ്റം
പറയുന്നവനെ വധിക്കുമെന്നുള്ള ശപഥം പാലിക്കാൻ അർജുനൻ ജേഷ്ഠനെ ചീത്ത
വിളിക്കുകയാണെല്ലോ ചെയ്തത്. വാക്കുകൾ കൊണ്ടുള്ള വധവും ഹിംസ തന്നെയാണ്.

അരിക്കാടിയിൽ ബസിറങ്ങി പബ്ലിക് ടാപ്പിൽ നിന്നും വെള്ളം കുടിക്കുകയും
മുഖം കഴുകുകയും ചെയ്തു. പുഴുക്കടി ബാധിച്ചതിനാൽ വീട്ടുകാർ ഉപേക്ഷിച്ച ഒരു
നായ അവിടെ ചടഞ്ഞു കൂടി കിടപ്പുണ്ടായിരുന്നു. ഇരുപതു രൂപ കൊടുത്തു്
മുറുക്കാൻ കടയിൽ നിന്നും രണ്ടു പാർലെ ജി വാങ്ങി. വാത്സല്യത്തോടെ നായയെ
ഊട്ടി. ഒരു കവർ ബിസ്‌ക്കറ്റ് തീരും മുമ്പേ അതിനു മതിയായി. സമയം ആറേകാൽ
ആയിക്കാണും. തിമോത്തി ബേക്കറിയിലേക്കുള്ള വഴി ഈ നായ കാട്ടിത്തരുമെന്നൊരു
ഉൾവിളിയുണ്ടായി. ഇത്തരം തോന്നലുകൾ ഒരിക്കലും തെറ്റാറില്ല. രണ്ടടി മുന്നിലായി
നായ അസ്തമയ സൂര്യനെ ലാക്കാക്കി നടന്നു. അയാൾ അനുഗമിച്ചു. പതിനൊന്നു
മിനിട്ടു നടന്നു കാണും. പാതയുടെ വലതു വശത്തു ‘തിമോത്തി ബേക്കറി ആൻഡ്
ഐസ്ക്രീം പാർലർ’എന്ന ബോർഡ് കാണുമാറായി. ആരും പറയാതെ തന്നെ നായ
തിരിഞ്ഞു നടന്നതിൽ അയാൾക്ക്‌ അത്ഭുതമൊന്നും തോന്നിയില്ല!

തിമോത്തിയിൽ വലതു കാലെടുത്തു വച്ചു, ‘ലഡു അല്ലെങ്കി ..’ എന്ന അടയാള
വാക്യം പൂരിപ്പിക്കുന്നതിനു മുമ്പ് തന്നെ ഒരു മൊട്ടത്തലയൻ രമേശൻ വിദ്യാധരനെ
ഡോർ കർട്ടനുള്ളിലേക്കാനയിച്ചു. പഫ്‌സും ബ്രെഡും മറ്റുമുണ്ടാക്കുന്ന യന്ത്ര
സാമഗ്രികളടങ്ങിയ ബോർമയുടെ സൈഡിലൂടെയുള്ള കറുത്ത ഇടനാഴി തീരുന്നത്
വെളിമ്പറമ്പിലേക്കുള്ള വാതിലിലാണ്. അവിടെയും കർട്ടനുണ്ട്. വാതിൽ തുറന്ന്
പുറത്തിറങ്ങിയത് ഏക്കറുകണക്കിനുള്ള കശുമാവിൻ തോട്ടത്തിലേക്കാണ്. രണ്ടാൾ
പൊക്കത്തിൽ മതിലുകെട്ടി സംരക്ഷിച്ചിട്ടുള്ള തോട്ടത്തിൽ അങ്ങ് ദൂരെ കാണുന്ന
കെട്ടിടത്തിലേക്കാണ് രണ്ടടി വീതിയിൽ തറയോടുപാകി നിർമിച്ച പാതയിലൂടെ
നടന്നു പോകേണ്ടത്. ശ്മശാന ഭീകരതയും നായകളുടെ മുരൾച്ചയും ലോങ്ങ് ഷോട്ടിൽ
കറങ്ങി നടപ്പുണ്ട്.

നടന്നു നടന്നു കോൺക്രീറ്റ്കെട്ടിടത്തിലെത്തി. മൊട്ടത്തലയൻ ചൂണ്ടു
വിരലിലെ നക്കിൾ കൊണ്ട് നാലു തവണ വാതിലിൽ മുട്ടി. വാതിൽ തുറക്കപ്പെട്ടു.
ഇരുവരും ശംഖും ചിപ്പിയും തൂക്കിയിട്ട കർട്ടൻ നൂണ്ട് ഹാളിലേക്ക് കടന്നു.
പതിനൊന്നു പെമ്പിള്ളേരും ഒരു തള്ളച്ചിയും. പത്തുപേർ ഏറെക്കുറെ സമാനമായി
ചിരിക്കുകയും ഭ്രൂവിലാസങ്ങൾ നടത്താൻ പരിശ്രമിക്കുകയും ചെയ്തപ്പോൾ ഒരുവൾ
മാത്രം ശോകാർദ്ര ഗാനം പോലെ..കണക്കു സാറ് കാണാതെ ഒളിച്ചു നിൽക്കുന്ന
ഫോർമുല മറന്ന കുട്ടിയെപ്പോലെ..കളിപ്പാട്ടം വാങ്ങാതെ വന്നതിനു കെറുവിച്ചു
നിൽക്കുന്ന അനുജത്തിയെപ്പോലെ..ശരിയായ ഉപമ കണ്ടെത്താൻ
പാടുപെടുന്നതിനിടയിൽ തടിച്ചി വന്ന് കൈ നീട്ടി. ‘രണ്ടായിരം ‘ എന്ന്
ആജ്ഞാപിച്ചു. രൂപ കൊടുത്തിട്ട് ഇൻഡിഫറെൻറ് ആയി നിന്നവളെ
ചൂണ്ടിക്കാണിച്ചു.

തള്ളച്ചി രണ്ടാളെയും ഇരുണ്ട ഇടനാഴിയുടെ ഫാഗ് എൻഡിലെ
മഞ്ഞവെളിച്ചമുള്ള റൂമിലേക്ക്‌ നയിച്ചു. ഒരു ടവ്വൽ അവളെ ഏൽപ്പിച്ച ശേഷം
തിരിച്ചു പോയി. അകത്തു കയറിയ പാടെ പെൺകുട്ടി വാതിൽ കുറ്റിയിട്ടു.
‘പേര്?’
രമേശൻ ചോദിച്ചു. അവൾ ‘മുജ്‌റ’എന്നോ മറ്റോ പറഞ്ഞു. ശരിയായി കേട്ടില്ല.

‘ വിശന്നിട്ടു വയ്യ.’
അയ്യോ! കുറച്ചു ഭക്ഷണം കരുതേണ്ടിയിരുന്നല്ലോ എന്നയാൾ ഞെട്ടി. തുണി
സഞ്ചി തുറന്ന്‌ മിച്ചം വന്ന പാർലെ ജി കൊടുത്തു. അവൾ മുഴുവനും ഒറ്റയിരിപ്പിനു
തിന്നിട്ട്‌ കൂജയിലെ വെള്ളം കുടിച്ചു. ബാത്ത് റൂമിൽ കയറി വലിയ ശബ്ദത്തോടെ
മൂത്രമൊഴിച്ചു.
‘ മൂന്നു ദിവസമായി ഉറങ്ങിയിട്ട് .. വല്ലാത്ത ക്ഷീണം .’
‘ എന്നാൽ ഉറങ്ങിക്കോളൂ .’ അയാൾ പുഞ്ചിരിച്ചു.
‘ ഉറങ്ങിക്കോട്ടെ?’
‘ഉറങ്ങൂ ‘
‘അത് കഴിഞ്ഞിട്ട് ഉറങ്ങാം ‘
‘ ഉറങ്ങിയിട്ട് അതാവാം..ഇപ്പോൾ ഉറങ്ങൂ’
അവൾ കട്ടിലിൽ വീണ പാടെ നേരിയ കൂർക്കം വലിയിൽ ലയിച്ചു. അയാൾ
അവളുടടുത്തു് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കിടന്നു. ഇപ്പോൾ അയാളെ കണ്ടാൽ
ബാലറ്റ് പെട്ടിക്ക് കാവൽ നിൽക്കുന്ന പോലീസുകാരനെപ്പോലെയാണ് തോന്നുക!

ഇത്രയും ജാഗ്രതയോടെ അയാൾ ആദ്യമായാണ് എവിടെയെങ്കിലും കിടക്കുന്നത്.
ഫാൻ കറങ്ങുന്നതും ബാത്റൂമിലെ ടാപ്പിൽ വെള്ളം ഇറ്റു വീഴുന്നതും അകലെയെങ്ങോ
ലോറി ഹോണടിക്കുന്നതും അവളുടെ നേരിയ കൂർക്കം വലിയും സർവോപരി തന്റെ
നെഞ്ചിടിപ്പും അയാൾക്ക് ഉണ്മയോടെ അറിയാനാവുന്നുണ്ട്. ഇതല്ലേ സാക്ഷാൽ
ധ്യാനം! സാക്ഷീ ഭാവം!

വാതിലിൽ മുട്ട് കേൾക്കുന്നു. മണിക്കൂർ ഒന്നായിക്കാണും. വാതിൽ ഇച്ചിരി
തുറന്ന് അയാൾ തള്ളച്ചിയുടെ കയ്യിൽ ആയിരം രൂപ കൂടി വച്ചിട്ട് പഴയ പോലെ
വന്ന് കിടന്നു. അവളുടെ നെറുകയിൽ വിരലോടിച്ചു. തന്റെ ആണത്തം വെറുതെയൊന്നു
തപ്പി നോക്കി. അത് മാഞ്ഞുപോയിരിക്കുന്നു. എപ്പോഴാണത് മാഞ്ഞു പോയത്?
അവൾ വിശക്കുന്നു എന്ന് പറഞ്ഞപ്പോഴാണോ?, ശബ്ദമുണ്ടാക്കി
മൂത്രമൊഴിച്ചപ്പോഴാണോ?, അതോ ഉറങ്ങിയിട്ട് മൂന്നു ദിവസമായി എന്ന്
പറഞ്ഞപ്പോഴോ? അറിയില്ല.

അടുത്ത മണിക്കൂറും തീരാറായി. അയാൾ മനക്കണക്ക് കൊണ്ട് സെക്കൻഡ്
സൂചികളെണ്ണി. കൃത്യം. പെർസെന്റേജ് എറർ തീരെ ഇല്ല. തള്ളച്ചി കതകിൽ
മുട്ടുന്നു. അവളെ ഉണർത്താതെ അയാൾ എണീറ്റു. ടിപ്പ് ‌കൊടുക്കാൻ വച്ചിരുന്ന
അഞ്ഞൂറ് അവളുടെ കൈ വെള്ളയിൽ വച്ചിട്ട് കതകുതുറന്ന് പുറത്തേക്കു നടന്നു.

കശുമാവിൻ തോട്ടത്തിലൂടെ തിമോത്തി ബേക്കറിയിലേക്കു തിരികെ
നടക്കുമ്പോൾ അവൾ വെറും വെറുതെ..അതെ..വെറും വെറുതെ..ഉടുപ്പുകളഴിച്ചു് ഒരു
പുതപ്പിനുള്ളിൽ അല്ലെങ്കിൽ തന്റെ കാവി മുണ്ടിനുള്ളിൽ കെട്ടിപ്പിടിച്ചു
ഉറങ്ങിയിരുന്നെങ്കിലോ എന്ന് ഇടക്കെപ്പഴോ ആഗ്രഹിച്ചത് തെറ്റായോ എന്ന്
അയാൾ മനസ്ഥാപപ്പെട്ടു.

ബേക്കറിയിൽ നിന്ന് പുറത്തിറങ്ങി തിരിഞ്ഞു നോക്കാതെ പതിനൊന്നു
മിനിട്ടു നടന്ന് നായ കിടന്ന പൈപ്പിനരികിലെത്തി. അത്ഭുതം! അലിഞ്ഞുപോയ
പുരുഷത്വം തിരിച്ചു വന്നിരിക്കുന്നു. ചന്ദ്രനെ നോക്കി അയാൾ നരച്ച ചിരി
ചിരിച്ചു. ‘ ഈറനണിഞ്ഞ വലിയമ്മയെ സ്വപ്നം കാണുന്നതിൽ അത്ര വലിയ
കുഴപ്പമൊന്നുമില്ല. അവർ മരിച്ചു പോവുകയും ചെയ്തെല്ലോ.’കേൾക്കാൻ
ആരുമില്ലെന്ന ഉറപ്പിൽ ഉച്ചത്തിലാണയാൾ അത് പറഞ്ഞത്. ‘അത്ര വലിയ
കുഴപ്പമൊന്നുമില്ല’എന്ന വാക്യം മൂന്നു പ്രാവശ്യം ആവർത്തിച്ചു.

ഇരുന്നൂറു രൂപ ആട്ടോക്കാരന് കൊടുത്തു് അടുത്ത കവലയിലിറങ്ങി
മുന്നൂറുരൂപയുടെ മുറിയെടുത്തു. രണ്ടു പഞ്ഞിക്കഷണങ്ങൾ ചെവിയിൽ തിരുകി.
വട്ടത്തിൽകൂട്ടിതയ്ച്ച കാവിമുണ്ട് തലവഴി മൂടി കിടന്നു. കാലുകൾ തമ്മിൽ
പുണരുമ്പോൾ തണുപ്പും രോമാഞ്ചവും അനുഭവപ്പെടാറുള്ളതോർത്തു് കാൽസരായി
ഊരിയില്ല. കണ്ണുകളടഞ്ഞു. കുന്നിൻചെരുവിലെ ഏകാന്തക്ഷേത്രത്തിൽ മണി
മുഴങ്ങി. തൃത്താറാവിന്റെ മണം!!


ചിത്രങ്ങൾ : പ്രസാദ് കാനത്തുങ്കൽ

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like