പൂമുഖം LITERATUREലേഖനം കോൺഗ്രസ്സിന്‍റെ വെല്ലുവിളികൾ

കോൺഗ്രസ്സിന്‍റെ വെല്ലുവിളികൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ അതിനു പലകാരണങ്ങൾ പലരും പല വിധത്തിൽ കാണും. അതിൽ ഒന്ന് വ്യക്തികളെ(നേതാക്കളേയും ഉപദേശകരെയുമൊക്കെ) ടാർഗറ്റ് ചെയ്തുള്ള വിശകലനമോ ട്രോളോ ഒക്കെയാണ്. അതൊക്ക പെട്ടെന്നുള്ള scapegoat കളെ കണ്ടുപിടിക്കുന്ന തരം പ്രതികരണങ്ങളായാണ് കാണുന്നത്.

കോൺഗ്രസ്സ് എന്ന പാർട്ടി നേരിടുന്ന വെല്ലുവിളികൾ പ്രത്യയ ശാസ്ത്ര പരമായും, ചരിത്രപരമായും, ഘടനാപരമായും, സംഘടനാസംസ്കാരപരമായും നേതൃത്വ ശീലങ്ങൾ (leadership behavior) ഉൾപ്പെടെയുള്ള പലതലങ്ങളിലും വിശകലനം ചെയ്തില്ലങ്കിൽ, we would be barking at the wrong tree.

കോൺഗ്രസ്സ് നേരിടുന്ന വെല്ലുവിളികൾ ആന്തരിക സംഘടനാ പ്രതിസന്ധികൾ മാത്രം അല്ല. അതിലേറെ ബാഹ്യ പ്രതിസന്ധികളാണ്.

കോൺഗ്രസ്സിന്റെ പ്രശ്നങ്ങൾ,1987 മുതൽ തുടങ്ങിയതാണ്. അതിനു ഒരു കാരണം അരുൺനെഹ്‌റു,അരുൺസിംഗ്, തുടങ്ങിയവരും അതുപോലെയുള്ള അർബൻ സ്കിൽ ബേസ്ഡ് ഗ്രൂപ്പും പാർട്ടി നയങ്ങൾ രൂപീകരിക്കാൻ തുടങ്ങിയതാണ്. പാർട്ടിയിൽ അടിത്തട്ടിൽ നിന്ന് വളർന്നു വന്നവർക്ക്‌ ഡൽഹി അധികാര ഇടനാഴിയിൽ ഇടം ഇല്ലാതെയായി.

റൂട്ട്ലെസ്സ് വണ്ടെഴ്സായ ഡൽഹി സെന്ററിക് ഡൂൺ സ്കൂൾ അപ്പർ കാസ്റ്റ് അപ്പർ മിഡിൽ ക്‌ളാസ്സിന് നല്ല മാനേജീരിയൽ സ്കിൽ ഉണ്ടായിരുന്നു. പക്ഷെ പൊളിറ്റിക്കൽ പൾസ് പൂജ്യം ആയിരുന്നു. അതുകൊണ്ടാണ് ഭാവി രാഷ്ട്രീയത്തെ വല്ലാതെ സ്വാധീനിച്ച ഷാബാനു കേസും അയോധ്യയിൽ അമ്പലം തുറന്നതും രാമായൺ സീരിയൽ തുടങ്ങിയതും .1987 തുടങ്ങിയ കോർപ്പറേറ്റ് സർക്കാർ സ്ട്രാറ്റജിയുടെ പിഴവിൽ നിന്നാണ് കോൺഗ്രസ്സിന്‍റെ ഭാവി പ്രതിസന്ധികൾക്ക് തുടക്കം.

നെഹ്‌റുവിയൻ ഐഡിയോളജിക്കൽ ആശയധാരയുടെ ക്ഷീണം തുടങ്ങിയതു മുതൽ പുതിയ ഐഡിയോളേജിക്കൽ ബോധ്യങ്ങളോ ദൃഢതയോ ഇല്ലാതെയായി
അത് കൊണ്ട് തന്നെ അടിമുടി രാഷ്ട്രീയക്കാരനായ വി പി സിംഗിന്‍റെ മണ്ഡൽപ്രചാരണത്തേയോ മസ്ജിദ്-മന്ദിർ പ്രചാരണത്തേയോ ,പ്രത്യയശാസ്ത്രപരമായോ, രാഷ്ട്രീയമായോ സംഘടനാപരമായോ നേരിടാൻ സാധിച്ചില്ല.അതു തൊട്ടാണ് കൊണ്ഗ്രസ്സിന്‍റെ ആന്തരിക പ്രതിസന്ധികളും ബാഹ്യ പ്രതിസന്ധികളും കൂടുതൽ ദൃ ശ്യമാകാ ൻ തുടങ്ങിയത്. ഡൽഹികേന്ദ്രീകൃത വിദഗ്ദ്ധർക്ക്‌ പ്രത്യയ ശാസ്ത്രപരമോ രാഷ്ട്രീയമോ സംഘടനാ പരമോ ആയ പ്രാപ്തി ഇല്ലായിരുന്നു.

അതിന്‍റെയൊക്കെ പരിണത ഫലമാണ് 1992 ൽ ബാബറി മസ്ജിദ് തകർക്കുന്നത് തടയാനായില്ല എന്ന ധാരണ ബലപ്പെട്ടത്. ഇന്ത്യയുടെ പുതിയ രാഷ്ട്രീയ ഘട്ടം മാറുന്നത് 1992 മുതലാണ്. കോൺഗ്രസിന് ഒറ്റക്ക് ഭരിക്കാൻ ശേഷി ഇല്ലാതെയായി.

1992 ലെ ലിബറലൈസെഷൻ നഗര വാസികൾക്കും സവർണ മധ്യ വർഗ്ഗക്കാർക്കും വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കി. സാമ്പത്തിക വളർച്ചയുടെ പ്രധാന ഗുണഭോക്താക്കൾ ഇന്ത്യയിൽ ഏകദേശം 10% ആളുകൾ ആയിരുന്നു. എന്നാൽ ഗ്രാമങ്ങളിൽ ഉള്ള പാവപ്പെട്ടവർക്കും ദളിത്‌, ആദിവാസി വിഭാഗങ്ങൾക്കും ചെറുകിട കച്ചവടക്കാർക്കും പ്രശ്നങ്ങൾ കൂടി.

1997 ആയപ്പോഴേക്കും കോൺഗ്രസ്സിനെ പരമ്പരാഗതമായി പിന്തുണച്ചിരുന്ന മുസ്ലിം, ദളിത്‌, ആദിവാസി (40%ജനങ്ങൾ )വിഭാഗങ്ങളിൽ ഉള്ളവർക്ക് പാർട്ടിയിൽ വിശ്വാസം നഷ്ടപ്പെട്ടതാണ് കോൺഗ്രസ്സിന് ഉണ്ടായ ഏറ്റവും വലിയ വെല്ലുവിളി. അന്നും ഇന്നും. അതുപോലെ മണ്ഡൽ രാഷ്ട്രീയത്തിൽ ഓ ബി സി വിഭാഗങ്ങൾ ഉത്തരേന്ത്യയിൽ വേറെ പാർട്ടികളിൽ പോയി. അതൊക്കെ മാറാതെ ഘടനാപരമായ പ്രതിസന്ധി മാറില്ല.

2004 ലും 2009 ലും കോണ്ഗ്രസ്സ് പിടിച്ചു നിന്നത് വൈ. എസ്‌. ആറിനെപ്പോലെ ജനകീയ നേതാക്കൾ ആന്ധ്രയിൽ മുഴുവൻ സീറ്റ് പിടിച്ചത് കൊണ്ടാണ്. ഡൽഹികേന്ദ്രീകൃത വിദഗ്‌ധർ അടിസ്ഥാന രാഷ്ട്രീയ സ്പന്ദനം അറിയാതെ തിരഞ്ഞെടുപ്പിന് തൊട്ട് മുന്നേ ആന്ധ്ര പ്രദേശ് രണ്ടാക്കിയതോടെ ആന്ധ്രയും തെലുങ്കാനയും പോയി. കോൺഗ്രസ്സുകാരനായ ജഗനെ വെട്ടാൻ അടിസ്ഥാന കോൺഗ്രസ്സ് വിരോധിയായ ചന്ദ്ര ബാബു നായിഡുവിന്‍റെ ടി ഡി പി യെ കൂടെ കൂട്ടിയതോടെ കോണ്ഗ്രസ്സ് വോട്ട് ശതമാനം ഒന്നായി (1%) മാറി.

2011 മുതലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയേയും ആർ എസ്‌ എസ്‌ സ്പോൺസർ ചെയ്ത “ഇന്ത്യ എഗൈൻസ്റ്റ് കറപ്‌ഷനെ”യും നേരിടാനുള്ള രാഷ്ട്രീയ നേതൃത്വ ശേഷിയോ സംഘടനാ നേതൃത്വമോ,സിവിൽ സർവീസ് സാമ്പത്തിക വിദ്ഗനും നല്ല മനുഷ്യനുമായ മൻമോഹൻ സിംഗിന് ഉണ്ടായിരുന്നില്ല സോണിയ ഗാന്ധിക്ക്‌ അസുഖമായി ചികിത്സക്ക്‌ പോയതോടെ രാഷ്ട്രീയ നേതൃത്വവും സംഘടനാ നേതൃത്വവും ഇല്ലാത്ത അവസ്ഥയിലായി കോണ്ഗ്രസ്സ് . കോൺഗ്രസ്സിനും സർക്കാരിനും രണ്ടാം യൂ പി യെയുടെ രണ്ടാം ഘട്ടത്തിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെ പെട്ടന്ന് ചൂഷണം ചെയ്തു,വേഗത്തിൽ ബഹുമുഖ-ബഹു തല പ്രചാരണം നടത്തിയാണ് 2014 ൽ മോഡി അധികാരം പിടിച്ചത്. മോഡി ആദ്യം തൊട്ട് ഒഴിവാക്കിയത് ഡൽഹികേന്ദ്രീകരിച്ച സാമൂഹിക ഉന്നതരെയാണ്.

വാജ്പേയിയുടെ ബി ജെ പി അല്ല മോഡിയുടെത്. അതിന്റ കോർ ഗുജറാത്തു മോഡൽ കോർപ്പറേറ്റ് ചങ്ങാത്ത മുതലാളിത്തവും തീവ്ര ഹിന്ദുത്വ ധ്രു വീകരണ രാഷ്ട്രീയവുമാണ്. മാർവാടി കോർപ്പറേറ്റ് മൂലധനം, ആർ എസ്‌ എസ്‌ ഗ്രാസ് റൂട്ട് അടിത്തറ, കോർപ്പറേറ്റ് തിരെഞ്ഞെടുപ്പ് യന്ത്രം , ബ്രാഹ്മണ-സവർണ -ഒബിസി വോട്ട് ബാങ്ക്, ലോകത്തിലെ ഏറ്റവും വലിയ പാർട്ടി ഓഫിസ്, രാപ്പകൽ ജോലി ചെയ്യുന്ന ഏതാണ്ട് മൂന്നൂറിലധികം പ്രൊഫഷനലുകൾ , പ്രൊജക്റ്റ് മാനേജ്മെ ന്റ് മാതൃകയിൽ ഓരോ സംസ്ഥാനത്തും നാലു അഞ്ചും കൊല്ലം മുമ്പുള്ള സ്ട്രാറ്റജി ആസൂത്രണം ,രഹസ്യാന്വേഷണ യന്ത്രം,നിരന്തരമുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്കം, രഹസ്യാന്വേഷണ /നിരീക്ഷണ അധികാര പ്രയോഗം, മാധ്യമങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഇൻവെസ്റ്റ്‌മെന്റ് -കോഓപ്ഷൻ, മുകളിൽ തൊട്ട് അടിവരെയുള്ള ഏതാണ്ട് അമ്പതിനായിരം പേരുടെ സാമൂഹ്യ മാധ്യമ സംഘം, ഭരണ അധികാരമുപയോഗിച്ച് വിരട്ടിയും ഇണക്കിയും,എല്ലാ മാർഗവും ഉപയോഗിച്ചും ജനകീയ ബന്ധമുള്ള കോണ്ഗ്രസ് നേതാക്കളെ ചൂണ്ട ഇടീൽ.

റൂത്ത്ലെസ്സ് പൊളിറ്റിക്സും കില്ലർ ഇന്സ്ടിങ്റ്റും ഏതാണ്ട് ഇന്ത്യയിൽ മുഴുവൻ 25 കൊല്ലം പ്രവർത്തിച്ച അനുഭവ പരിചയവും ഗുജറാത്തി മാർവാടി കോർപ്പറേറ്റ് മൂലധനവുമാണ് മോഡി മോഡൽ.

കോൺഗ്രസിന് ഇന്നും ഉള്ളത് പി എൻ ഹസ്‌ക്കറിന്റെ ഉപദേശത്തിൽ 1970കളുടെ ആദ്യത്തിൽ ഇന്ദിരാ ഗാന്ധി തുടങ്ങിയ മുകളിൽ നിന്നു കീഴ്പ്പോട്ടു കേന്ദ്രീകൃത ഹൈകമാൻഡ്പ്രോക്ത അർദ്ധ – ഫ്യുഡൽ സംഘടനാ സംവിധാനമാണ്. പഴയ കംപ്യുട്ടറിൽ പുതിയ സോഫ്റ്റ്‌വെയർ ഇട്ടാൽ സിസ്റ്റം ഹാങ്ങാവുന്നത് പോലെയാണ് ഓരോ തിരെഞ്ഞെടുപ്പിലും ഉള്ള പരീക്ഷണം. പഴയ അമ്പസാഡർ കാറിന് പുതിയ അതിവേഗ കാറുകളുമായി മത്സരിക്കാൻ സാധിക്കുന്നില്ല. അതിനു കാറിന്റെ ഡ്രൈവറേയോ സഹായികളേ യോ കുറ്റപ്പെടുത്തിയത് കൊണ്ടു പ്രശ്നം തീരില്ല.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേവലം പുറം പൂച്ചിന് പുതിയ പെയിന്റടിച്ചതു കൊണ്ടും നല്ല ഹോൺ പിടിപ്പിച്ചതു കൊണ്ടും പഴയ അധികാര വണ്ടിയായി അംബാസഡർ കാറിന് പുതിയ അതിവേഗ കാറുകളുടെ ഒപ്പം ഓടിയെത്താൻ ആകുന്നില്ല. അധികാര ഭരണത്തിൽ മാത്രം ഇരുന്നു തഴമ്പ് പിടിച്ചവർക്ക് സജീവ പ്രതിപക്ഷമാകാനുള്ള ശേഷിക്കുറവണ്ട്‌. മാറ്റങ്ങൾക്കുള്ള വിമുഖതയുടെ, പഴയ ബാഗേജുകളുടെ ഭാരം വേറെ.

അതു വരെ അടിപിടിയും പരസ്പരം ചെളിവാരിഎറിഞ്ഞും അധികാര മോഹത്തിൽ മുഴുകി, മുന്നൊരുക്കം ഇല്ലാതെ,അവസാന നിമിഷം കതിരിൽ കൊണ്ടു വളം വെച്ചാലോ, റോഡ് ഷോ നടത്തി ആളെക്കൂട്ടിയാലോ, മാദ്ധ്യമ ജാലവിദ്യയിലൂടെയോ വോട്ട് കിട്ടില്ല. കോൺഗ്രസ്സിനോട് പ്രതിബദ്ധത ഇല്ലാത്ത ബി ജെ പി ക്കാരനായ നവജ്യോത് സിന്ധുവിനെ പിടിച്ചു കൊണ്ഗ്രസ്സ് പ്രസിഡന്റ് ആക്കിയത് കൊണ്ടു ഉത്തരത്തിൽ ഇരുന്നത് കിട്ടിയും ഇല്ല കക്ഷത്തിൽ ഉള്ളത് പോവുകയും ചെയ്തു എന്ന സ്ഥിതിയിലായി. നാളെ സുരേഷ് ഗോപി കോൺഗ്രസ്സിൽ വന്നാൽ കോൺഗ്രസ്സുകാരെ തഴഞ്ഞു അയാളെ കെ പി സി സി പ്രസിഡന്റാക്കിയാൽ എങ്ങനെ ഇരിക്കും? അതുപോലെയാണ് ഹാർദിക് പട്ടേലിനെ ഗുജറാത്തിൽ നേതാവാക്കിയത്

അതു കൊണ്ടു ചരിത്രപരമായും പ്രത്യയശാസ്ത്രപരമായും സംഘടനാ പരമായും വിശദമായ ആത്മ പരിശോധന നടത്തി,കോൺഗ്രസ്സിന് വോട്ട് ചെയ്ത ജനങ്ങളിൽ എല്ലായിടത്തും വിശ്വാസം അർജിച്ച്, കോൺഗ്രസ്സിൽ നിന്ന് പോയ എല്ലാവരേയും (മമത, ജഗൻ, ശരദ് പവാർ മുതൽ ഒരുപാട് പേർ) തിരികെ കൊണ്ടു വന്ന് ഒരു പുതിയ രാഷ്ട്രീയ /പ്രത്യയ ശാസ്ത്ര നിലപാടും ഒരു ദീർഘ കാല കാഴ്ചപ്പാടും ഉണ്ടെങ്കിൽ കോൺഗ്രസ്സിന് ഇനിയും ഒരു തിരിച്ചുവരവിനു സാധിക്കും.

അടിസ്ഥാന തലത്തിൽ കുറഞ്ഞത് അഞ്ചു കോടി ജനങ്ങളെ ചേർത്ത്,അടിസ്ഥാന തലം തൊട്ട് തിരഞ്ഞെടുപ്പ് നടത്തി, ഏറ്റവും നല്ല പ്രവർത്തകർക്ക് ഇടം നൽകി പാർട്ടി അടിമുടി പുതുക്കി പണിഞ്ഞാൽ കോണ്ഗ്രസ്സ് വീണ്ടും വരും.

ഗാന്ധിജിയുടെ രാഷ്ട്രീയ നൈതികതയും ജവഹർലാൽ നെഹ്‌റുവിന്‍റെ ജനായത്ത പ്രത്യയശാസ്ത്ര ബോധ്യങ്ങളും ടോക്കണിസത്തിനു അപ്പുറം കൊൺഗ്രസ്സിന്‍റെ ഉള്ളിൽ കൊണ്ടു വന്നു മാറ്റം വരുത്തിയാൽ കോൺഗ്രസിന് ഭാവിയുണ്ട്.

NB : എഴുതിയത് കോൺഗ്രസ്സ് വീണ്ടും ശക്തമാകണം എന്നാഗ്രഹിക്കുന്ന ഒരു കോൺഗ്രസ്സുകാരൻ

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments

You may also like