പൂമുഖം LITERATUREനിരൂപണം കഥാവാരം – 12

കഥാവാരം – 12

ഒൻപത് കഥകളാണ് മുഖ്യധാരയിലെ പ്രധാനപ്പെട്ട നാലു വാരികകളിൽ ഈയാഴ്ച പ്രസിദ്ധീകരിച്ചു വന്നത്.

അഷ്ടമൂർത്തി


മാതൃഭൂമിയിൽ അഞ്ചു കഥകളുണ്ട്. അഷ്ടമൂർത്തിയുടെ ‘ഓലച്ചൂട്ടിന്റെ വെളിച്ച’മാണ് ആദ്യത്തേത്. തന്റെ അനുഭവ പരിജ്ഞാനം കൊണ്ട് മാത്രം ഒരു വിവരണത്തെ കഥയാക്കി മാറ്റി എന്നു പറയാം. ഒരു പ്രേതകഥ. ഓലച്ചൂട്ടിന്റെ നൊസ്റ്റാൾജിയ മാറ്റി നിർത്തിയാൽ, പല കുറി കേട്ട പ്രേത കഥയുടെ, വലിയ മാറ്റമില്ലാത്ത ആവർത്തനം. ഒഴുക്കോടെ വായിച്ചു പോകാം എന്ന് മാത്രം. ആ ഒഴുക്ക്, കഥയുടെ ആകെത്തുകയെ ‘ക്ലിഷേ’ എന്ന് പറയുന്നതിനെ ഒതുക്കാൻ പര്യാപ്തമല്ല.

‘മാവ് വെട്ടുന്നില്ല’ ഉണ്ണി ആർ എഴുതിയ കഥയാണ്. പ്രതിഭാധനനായ എഴുത്തുകാരന് എന്തും കഥയ്ക്ക് വിഷയമാക്കാൻ കഴിയും എന്ന് കാണിച്ചു തരുന്നു ഇക്കഥ. അപാരമാണ് ഒഴുക്ക്. സംഭവങ്ങളുടെ വിവരണങ്ങളിൽ സ്വാഭാവികതയുണ്ട്. കഥാവസാനം, ‘നിർമ്മിക്കപ്പെട്ട’ സങ്കീർണതപോലെ അനുഭവപ്പെട്ടു എന്നത് ഒഴിച്ചു നിർത്തിയാൽ വായിക്കാവുന്ന കഥ തന്നെയാണിത്.

വിനു എബ്രഹാം

വിനു എബ്രഹാം എഴുതിയ ‘കൊച്ചു വാക്കുകളുടെ ശബ്ദതാരാവലി’, നല്ല കഥയായി അനുഭവപ്പെട്ടില്ല. വികാരങ്ങളോ, സംഭവങ്ങളുടെ ആഖ്യാനമോ ഒന്നുമില്ല അതിൽ. മറന്നു പോയ കുറേ വാക്കുകൾ കൊണ്ട് ഒരു ശബ്ദ താരാവലി ഉണ്ടാക്കുന്ന കാര്യം പറയുന്നു. എന്താണതിൽ ഇത്ര കഥ എന്നറിഞ്ഞു കൂടാ. അനുഭവ സമ്പന്നനായ എഴുത്തുകാരനിൽ നിന്നും പ്രതീക്ഷിക്കാത്ത എഡിറ്റിങ് പാളിച്ചകൾ ആരംഭത്തിൽ തന്നെയുള്ളത് കാരണം വായന വിരസമാകുന്നു. പേരുകൾ, സംഭവങ്ങൾ എന്നിവയുടെ ആവർത്തനം കഥയെ ശ്ലഥമാക്കും എന്ന് വിനു എബ്രഹാമിന് അറിയാത്തതല്ലല്ലോ.

ഒരു കഥയെ ആകർഷകമാക്കുന്നത് എന്തൊക്കെയാവാം? നൂതനത്വമുള്ള ആശയത്തിന്റെ നൂതനമായ ആവിഷ്കരണം തന്നെയാണ് ഏറ്റവുമാദ്യം പറയേണ്ടത്. പിന്നെ, കഥയിലെ ഭാഷ, കഥയുടെ ഘടനയ്ക്ക് അനുയോജ്യമാകുന്ന പദങ്ങൾ, സ്വാഭാവികമായ സംഭാഷണങ്ങൾ എന്നിവയും സുന്ദരമായിരിക്കണം. കഥാപാത്രസൃഷ്ടിപ്പിലെ ജാഗ്രത, സംഭവ സന്നിവേശം, ഒഴുക്ക്, കഥയുടെ വികസ്വര സ്വഭാവം, സംഘട്ടനവും നാടകീയതയും, എന്നിങ്ങനെ പലതുമുണ്ട് ചേർത്ത് പറയാൻ.

ഫർസാന

തീർച്ചയായും, വാക്കുകളുടെ പരിമിതമായ ഉപയോഗവും എഡിറ്റിങ്ങും നല്ല കഥയെ വേറിട്ട് നിർത്തും. ഇങ്ങനെ നോക്കുമ്പോൾ, ഈയടുത്ത് വായിച്ച കഥകളിൽ, ഔട്ട്‌സ്റ്റാന്റിങ് എന്ന് പറയാവുന്ന കഥയാണ്, ഫർസാന എഴുതിയ ‘ഇഫ്‌രീത്ത് എന്ന് പേരുള്ള പെൺജിന്നിന്റെ കഥ’.

ഇ പി ശ്രീകുമാർ എഴുതിയ ‘ഡബ്ബാവാല’ ആണ് മാതൃഭൂമിയിലെ അഞ്ചാമത്തെ കഥ. എഴുത്തുകാരൻ കഥയിൽ സംഭവങ്ങൾ പറയുന്നുണ്ട്. അവയൊക്കെ വിശ്വസനീയമാണ് താനും. പക്ഷേ കഥയെ കഥയായി അവതരിപ്പിക്കണമെങ്കിൽ അതിനകത്ത് വികാരം കൂടി വേണം. ആ വികാരം ഒറ്റയടിക്ക് ഒഴിക്കപ്പെടുന്നതാകരുത്. പതുക്കെപ്പതുക്കെ കഥയുടെ വികാരം അനുവാചകനിലേക്ക് എത്തിക്കുന്നതിൽ വിജയിച്ച കഥയല്ല ഇത്. സ്ഥിതിവിവരക്കണക്കുകളുടെ പട്ടിക തയ്യാറാക്കുന്നവർക്ക് ഉപകാരപ്പെടുന്ന ലേഖന സ്വഭാവമുള്ള സൃഷ്ടി. ഒരു തരത്തിലുള്ള നവ്യാനുഭൂതിയും വായനക്കാരനിൽ ഉണ്ടാക്കാതെ ഒടുങ്ങുന്നു ഇക്കഥ.

ഇ പി ശ്രീകുമാർ

സമകാലിക മലയാളത്തിൽ രഞ്ജു എം വി എഴുതിയ ‘കൂറ്റ്’ എന്ന കഥ, പ്രമേയ വൈവിധ്യം എന്നതിനെക്കാൾ അവതരണരീതി കൊണ്ട് ശ്രദ്ധേയമാണ്.

രഞ്ജു എം വി

ഒരു കഥക്ക് വേണ്ടുന്ന ചേരുവകൾ എല്ലാമുള്ള സൃഷ്ടി. രണ്ടു കാലഘട്ടങ്ങളെ പ്രസ്താവിക്കുമ്പോൾ സംഭവിക്കുന്ന ഏച്ചു കെട്ടൽ ഇവിടെ ഉണ്ടാകുന്നില്ല. ഫ്യൂഡൽ കാലഘട്ടത്തിലെയും ആധുനിക കാലത്തിലെയും സ്ത്രീയെ അവതരിപ്പിക്കുമ്പോൾ, അതും തൊട്ടടുത്തുള്ള രണ്ട് തലമുറകളെയാവുമ്പോൾ, എഴുത്തുകാരൻ പുലർത്തുന്ന കയ്യൊതുക്കം ശ്രദ്ധേയമാണ്. തുടക്കം, ഒഴുക്ക്, ഒടുക്കം, ഭാഷ ഇവ ശരാശരിക്ക് മുകളിലാണ്.

അവിദഗ്ദ്ധമായ രചനക്ക് ഏറ്റവും നല്ല ഉദാഹരണമാണ് എസ് ജയേഷ് മാധ്യമത്തിൽ എഴുതിയ ‘മജീദിന്റെ അത്ഭുതകഥ’. തുടക്കം കൊണ്ട് കഥാകൃത്ത് എന്തോ നമ്മോട് പറയുന്നു എന്ന് തോന്നിപ്പിച്ചുവെങ്കിലും, അതും കഥയും തമ്മിൽ ഒരു ബന്ധവുമില്ല എന്നു തന്നെ മനസ്സിലാക്കണം. അതിനുശേഷം ഒടുക്കം വരെ നോവൽ സംഗ്രഹം പോലുള്ള പ്രസ്താവം. പത്തും ഇരുപതും വർഷങ്ങൾ ഇങ്ങനെ പറഞ്ഞ് അമ്മാനമാടുകയാണ് കഥാകാരൻ. കാലഗണനയിലും പ്രായം കണക്കുകൂട്ടുന്നതിലും അമ്പേ പരാജയം. ഇതുപോലുള്ള കഥകൾ പ്രസിദ്ധീകരിക്കുന്നത് വഴി വാരികക്ക് ‘നല്ല പേര്’ കിട്ടും എന്ന് മാത്രമേ പറയുന്നുള്ളൂ

എസ് ജയേഷ്

ദേശാഭിമാനി വാരികയിൽ രണ്ട് കഥകളുണ്ട്.

വിനോദ് ആനന്ദ് എഴുതിയ ‘ബാറേവ് ഗോറിസ്’ ആണ് ആദ്യത്തേത്. വൈകാരികതയോ നാടകീയതയോ കൊണ്ട് അനുവാചകനെ ഹർഷോന്മാദത്തിലാക്കുക എന്നതിനുപകരം തനിക്കറിയാവുന്ന പൊതു വിജ്ഞാനം, ചരിത്രം, ഭൂമിശാസ്ത്രം എന്നിവയിലുള്ള അവഗാഹം തുടങ്ങിയവ വായനക്കാരുടെ മുമ്പിൽ തുറന്നു വെക്കുക എന്നതാണ് തന്റെ ധർമ്മം എന്ന് ധരിച്ചുവച്ചിരിക്കുന്നു എഴുത്തുകാരൻ. ഒരു വിദേശ രാജ്യത്തുള്ള പ്രായമേറെചെന്ന ഇന്ത്യക്കാരിയായ സ്ത്രീ ഒരു ഹോട്ടൽ മുറിയിൽ ജന്മദിനാഘോഷത്തിന്റെ പിറ്റേദിവസം മരിച്ചു പോകുന്നു പോലും. ഇതാണ് കഥ. അതിന് അവതരിപ്പിച്ചിരിക്കുന്ന രീതിയോ! വിരസം എന്ന് പറഞ്ഞുകൂടാ, അതിവിരസം എന്ന് ആവർത്തിച്ച് തന്നെ പറയണം.

വിനോദ് ആനന്ദ്

ദേശാഭിമാനിയിലെ രണ്ടാമത്തെ കഥ സമരൻ തറയിൽ എഴുതിയ ‘ചരട്’ ആണ്. പ്രവാസികുടുംബത്തിലെ മൂത്തമകനെ പ്ലസ്ടുവിന് ശേഷം നാട്ടിലേക്ക് അയക്കുന്നതും അവിടെ ഏകാന്തത അനുഭവിക്കുന്ന മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ അവൻ കുറച്ചുകാലം കഴിയുന്നതും, പിന്നീട് ഏതോ ഗുരുവിന്റെ സംഘത്തിൽ ചേർന്നു സാമൂഹ്യ ദ്രോഹി ആവുന്നതും, ഇതൊക്കെ അറിഞ്ഞപ്പോൾ ആകെപ്പാടെ ടെൻഷനടിച്ച് മാതാപിതാക്കൾ നാട്ടിലേക്ക് വരുന്നതും അങ്ങനെ എന്തൊക്കെയോ. കഥയുടെ ആശയം എന്തുമാകട്ടെ അതിനെ അവതരിപ്പിക്കണമെങ്കിൽ പ്രതിഭ വേണം. അതാണ് ഒരു ‘പറച്ചിൽ കാരനെ’ കഥാകൃത്ത് ആക്കുന്നത്. വളരെ അയഞ്ഞ രീതിയിലാണ് കഥാവതരണം. കേട്ടു തഴമ്പിച്ച വിഷയങ്ങളെ കഥയാക്കി മാറ്റുമ്പോൾ എഴുത്തുകാരൻ സ്വീകരിക്കേണ്ടുന്ന നൂതന സ്വഭാവമുള്ള അവതരണം ഇതിലില്ല. തുടക്കത്തിലെ സംഭാഷണങ്ങൾ പഴയകാല പൈങ്കിളിക്കഥകളെ ഓർമിപ്പിക്കും.

ഇത്രയധികം ചെറുകഥകൾ പ്രസിദ്ധീകരിക്കപ്പെട്ട ഈയാഴ്ച, വായനക്കാരനെ സംതൃപ്തിപ്പെടുത്തുന്ന കഥകൾ വളരെ പരിമിതമാവാൻ കാരണക്കാർ, എഴുത്തുകാരാണോ എഡിറ്റർമാരാണോ എന്ന് വായനക്കാർ തീരുമാനിക്കട്ടെ.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like