പൂമുഖം LITERATUREലേഖനം ആരാണ് മുഖ്യ ശത്രു ? ആരാണ് ഐക്യപ്പെടേണ്ടത് ?

ആരാണ് മുഖ്യ ശത്രു ? ആരാണ് ഐക്യപ്പെടേണ്ടത് ?

“കോൺഗ്രസിൽ നിന്ന് കൂറുമാറ്റം തുടർക്കഥയാവുകയാണ് നാനാ വിധ പ്രതി സന്ധികളുമായി മുഖാമുഖം നിൽക്കേണ്ടി വരുന്ന സന്ദർഭത്തിൽ പോലും സ്വന്തം ഭാവിയെ കുറിച്ച് ഗൗരവതരമായ ചർച്ചകൾ വേണമെന്ന് ആ പാർട്ടിയുടെ നയപരവും സംഘടനാപരവുമായ കടിഞ്ഞാൺ പിടിക്കുന്ന ഹൈക്കമാണ്ടിന്റേയും അതിനു ചുറ്റും എക്കാലവും ഇടം തേടുന്ന അനുചര വൃന്ദത്തിന്റെയും ആലോചനാ പരിസരങ്ങളിലൊന്നും ഉണ്ടാവുന്നില്ല .സത്യത്തിൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം ഇതാണ് .ആശയപരമായ അൾഷെമേഴ്സ് ബാധിച്ചത് പോലെയാണ് പ്രശ്നങ്ങളുടെ മുൻപിൽ കോൺഗ്രസ് നിലകൊള്ളുന്നത് .നാനാത്വങ്ങളിലെ ഏകത്വമാണ് ഇന്ത്യയുടെ കരുത്ത് .ആ വൈവിധ്യങ്ങൾക്കു ഇടമില്ലെങ്കിൽ ഇന്ത്യക്കു ശ്വാസം മുട്ടും .അത്തരമൊരു സ്ഥിതി വിശേഷത്തിലേക്കു രാജ്യം നീങ്ങുമ്പോൾ ഇന്ത്യയെ സ്നേഹിക്കുന്നവർ എന്ത് ചെയ്യണം എന്ന ജീവത്തായ ചോദ്യം ഉന്നയിക്കാൻ പോലും എന്ത് കൊണ്ട് കോൺഗ്രസിന് കഴിയുന്നില്ല?നെഹ്‌റു വിരോധത്തിന്റെയും പട്ടേൽ സ്നേഹത്തിന്റേയും അടിയിൽ പ്രവർത്തിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ദുഷ്ട ലക്ഷ്യങ്ങളോട് എത്ര ദയനീയമായാണ് കോൺഗ്രസ് പ്രതികരിക്കുന്നത്‌ !തങ്ങളുടെ ഗാന്ധി – നെഹ്‌റു പാരമ്പര്യങ്ങൾക്കു നേരെ സന്ഘപരിവാർ അഴിച്ചു വിടുന്ന ആക്രമണങ്ങൾക്കു മുൻപിൽ തല കുനിച്ചു നിൽക്കുന്ന കോൺഗ്രസിന്റെ ചിത്രം പരിതാപകരമാണ് .എല്ലാ തുറകളിലും മതനിരപേക്ഷസമീപനങ്ങളെ ആട്ടിയകറ്റാനും ഹിന്ദുത്വ ശൈലികൾ കുത്തിനിറക്കാനും നടത്തുന്ന ശ്രമങ്ങളെ കുറിച്ച് അറിഞ്ഞ ഭാവം പോലും കോൺഗ്രസിനില്ല .കോൺഗ്രസ് നേരിടുന്ന രാഷ്ട്രീയവും ദാർശനികവുമായ ഗുരുതരാവസ്ഥയുടെ ആഴമാണ് ഇതെല്ലം വിളിച്ചു പറയുന്നത് രാഹുൽ ഗാന്ധിയെ ഭരണമേല്പിക്കുന്നതു കൊണ്ടോ പ്രിയങ്കാ ഗാന്ധിയെ വിളിച്ചു വരുത്തുന്നത് കൊണ്ടോ മറികടക്കാവുന്ന പ്രതിസന്ധിയല്ല കോൺഗ്രസ് നേരിടുന്നത് .തൊഴുത്ത്മാറ്റിക്കെട്ടിയതു കൊണ്ടോ കടിഞ്ഞാൺ പിടിക്കുന്ന ആൾ മാറിയത് കൊണ്ടോ പരിഹരിക്കാവുന്നതല്ല കോൺഗ്രസ് നേരിടുന്ന പ്രശ്നങ്ങൾ .കോൺഗ്രസ് അതിന്റെ പ്രത്യയ ശാസ്ത്രമാനങ്ങളിലേക്കു നോക്കാൻ ഈ വൈകിയ വേളയിലെങ്കിലും ധൈര്യം കാണിക്കുമോ എന്നതാണ് പ്രശ്നം .കോൺഗ്രസ് അതിന്റെ തിരിച്ചു വരവിനാണ് ആഗ്രഹിക്കുന്നതെങ്കിൽ ആ പാർട്ടി നെഹ്‌റുവിനെ കണ്ടെത്തിയേ തീരൂ.”
കോൺഗ്രസിന്റെ ഇന്നത്തെ ദയനീയ സ്ഥിതിയിൽ നിന്ന് കരകയറാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന കോൺഗ്രസ് വിമതപക്ഷമായ ജി 23 ലെ പ്രമുഖ നേതാക്കളിലാരെങ്കിലും പാർട്ടിയുടെ പഠനത്തെയും ദുര്യോഗത്തെയും പറ്റി ചിന്തിച്ചതാണ് മേൽ കൊടുത്ത വരികൾ എന്ന് ആരെങ്കിലും വിചാരിച്ചാൽ അവർക്കു തെറ്റിപ്പോയി .കോൺഗ്രസ് കോർപ്പറേറ്റ് വിധേയത്വത്തിന്റെ പടുകുഴിയിൽ വീണു കിടക്കുന്ന ഒരു ബൂർഷ്വാ പാർട്ടിയാണെന്ന് വിശ്വസിക്കുന്ന ഇടതു ഘടക കക്ഷിയായ സി പി ഐ യിലെ മുതിർന്ന നേതാവായ ബിനോയ് വിശ്വത്തിന്റെ “കോൺഗ്രസ്സും ഇടതു പക്ഷവും “എന്ന ലേഖനത്തിലെ (2016 സെപ്റ്റംബർ 4 മാതൃഭൂമി ദിനപ്പത്രം ) പ്രസക്ത വരികളാണ് മേലുദ്ധരിച്ചത് .


ഈ പ്രസ്താവനക്ക് ഇപ്പോൾ കൂടുതൽ പ്രാധാന്യവും പ്രസക്തിയും ലഭിച്ചിരിക്കുന്നു . കോൺഗ്രസിനെ സംബന്ധിച്ച്‌ ഇതിലെ നിരീക്ഷണങ്ങൾ ശരി വെക്കുന്നതാണ് പുറത്തുവന്ന നിയമസഭാ ഫലങ്ങൾ .നാനാ ഭാഗത്തു നിന്നുമുള്ള മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് തികച്ചും അലംഭാവത്തോടെയും അപക്വതയോടെയും ആണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത് .ഉത്തർ പ്രദേശ് ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടു മുൻപും കോൺഗ്രസിൽ നേതാക്കളുടെ കൂറുമാറ്റം തുടർന്നു .യു പി യിലെ താര പ്രചാരകനായി കോൺഗ്രസ് പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് ആർ പി എൻ സിംഗ് കോൺഗ്രസ് വിട്ടു ബി ജെ പിയിൽ ചേർന്നിരുന്നു .രണ്ടാം യു പി എ യിലെ ആഭ്യന്തര സഹ മന്ത്രിയായിരുന്ന സിംഗ് രാഹുൽ സംഘത്തിലെ പ്രമുഖനായിരുന്നു.ജ്യോതിരാദിത്യ സിന്ധ്യയും ജിതിൻ പ്രസാദും നേരത്തേ തന്നെ ബി ജെ പി യിൽ ചേർന്നിരുന്നു.പത്മഭൂഷൺ പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസിലെ മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ കൂറുമാറ്റത്തെപ്പറ്റിയുള്ള ചർച്ചക്ക് ചൂടേറി വന്നു . പഞ്ചാബ് മുൻമുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പാത തിരഞ്ഞെടുക്കുമെന്നായിരുന്നു സംസാരം. കൂറുമാറില്ലെന്നു കോൺഗ്രസ് സ്ഥാനാർത്ഥികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കാൻ ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും കൊണ്ട് പോകുന്ന കാഴ്ചയും ഇപ്രാവശ്യം ജനം കണ്ടു.ജയിച്ചാൽ അഞ്ചു വർഷം പാർട്ടിക്കൊപ്പം തന്നെ ഉറച്ചു നിൽക്കുമെന്ന് പ്രതിജ്ഞ ഗോവയിൽ നടന്നു.സത്യം ചെയ്യാൻ കൊണ്ട് പോയ സ്ഥാനാർത്ഥികൾക്കൊപ്പം മുതിർന്ന കോൺഗ്രസ് നേതാവ് ശ്രീ പി ചിദംബരവും ഈ ആരാധനാലയങ്ങളിൽ എത്തിയതായും റിപ്പോർട്ടുണ്ട് .കോൺഗ്രസ് പാർട്ടിയുടെ പതനം ഈ നിലയിലേക്ക് താണുപോയി.


ബിനോയ്‌വിശ്വം തന്റെ ലേഖനത്തിൽ മതേതര ജനാധിപത്യ കക്ഷികളുടെ വിശാലമായ ഐക്യമാണ് ഇന്ന് ആവശ്യം എന്ന് സി പി ഐ കരുതുന്നതായി പറയുന്നു. എന്ത് വില കൊടുത്തും ആർ എസ് എസ് ബി ജെ പിവിരുദ്ധ പോരാട്ടം വേണം.കോൺഗ്രസ് അടക്കമുള്ള ജനാധിപത്യ മതേതര ശക്തികൾ ഒന്നിക്കണം.ഇന്ത്യയിലാകമാനം സാന്നിധ്യമുള്ള ഏറ്റവും വലിയ മതേതര പാർട്ടി ഇന്നും കോൺഗ്രസ് ആണ്.ആ പാർട്ടി തകരരുത്.തകർന്നാൽ ഉണ്ടാകുന്ന ശൂന്യത നികത്താൻ ഇടതു പക്ഷത്തിനു കെൽപ്പുണ്ടായിരുന്നെങ്കിൽ അതിനേക്കാൾ സ്വീകാര്യമായ മറ്റൊന്നില്ല.കോൺഗ്രസ് തകർച്ചയുണ്ടാക്കിയ ശൂന്യതയിലേക്ക് കടന്നു വരുന്നത് ബി ജെ പിയാണ്.അതു കൊണ്ടാണ് ഫാസിസത്തെ ഒന്നാം നമ്പർ ശത്രുവായി കാണുന്ന ഇടതു പക്ഷക്കാർ കോൺഗ്രസ് തകരരുതെന്നു ആഗ്രഹിക്കുന്നത്. ഇങ്ങനെ ആയിരുന്നു വിശ്വത്തിന്റെ വാദ മുഖങ്ങൾ.

ഇതേറ്റവും സന്തോഷിപ്പിച്ചത് കോൺഗ്രസ് പാർട്ടിയെയാണ്.ഇതിനു പ്രതികരണമായി ‘കോൺഗ്രസ്സല്ലാതെ ദേശീയ ബദലില്ല'(2022 ജനുവരി18 മാതൃഭൂമി ദിനപ്പത്രം ) എന്ന ലേഖനത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി ശ്രീ ആര്യാടൻ, നരേന്ദ്ര മോഡി ഭരണത്തിന് ബദലാകാൻ മത നിരപേക്ഷ കക്ഷികളുടെ കൂട്ടായ്മക്ക് നേതൃത്വം നല്കാൻ കോൺഗ്രസിനല്ലാതെ മറ്റേതു മത നിരപേക്ഷ പ്രസ്ഥാനത്തിനാണ് സാധ്യതയുള്ളത് എന്ന് പ്രസ്താവിച്ചിട്ടുണ്ട്.വർഗീയ വിരുദ്ധ നിലപാടുകളുള്ള മത നിരപേക്ഷ കക്ഷികളുടെ ബദലിനെ കുറിച്ച് പറയാൻ സി പി എമ്മിനെക്കാൾ അവകാശം സി പി ഐ ക്കുണ്ടെന്നു വിശ്വസിക്കുന്നു എന്ന് എഴുതുവാനും മറന്നില്ല.പക്ഷെ ആ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം അവസരത്തിനൊത്തുയർന്നില്ല.


വളരെ നേരത്തെ തന്നെ സോഷ്യലിസ്റ്റാദർശങ്ങൾ കൈവിട്ട കോൺഗ്രസ് ഇപ്പോൾ മതേതര സംസ്കാരത്തിനും വെള്ളം ചേർക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.ഏറ്റവും ഒടുവിൽ “ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ് , ഹിന്ദുത്വ വാദികളുടെ രാഷ്ട്രമല്ല “എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന ചിലരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു .കോൺഗ്രസ് വർഗീയതയുമായി സമരസപ്പെടുകയാണെന്ന ആക്ഷേപം ഇടതു കക്ഷികളിൽ നിന്ന് ഉണ്ടായിരിക്കുന്നു.


“കോൺഗ്രസിന് ഒരു മുഴുവൻ സമയ പ്രസിഡണ്ട് ഇല്ല.മതേതരത്വം എന്ന ആശയവുമായി മുന്നോട്ടു പോകുവാൻ കഴിഞ്ഞില്ല.മതേതര സംസ്കാരത്തിനെതിരായ പ്രവർത്തനങ്ങൾ അത് കൈക്കൊള്ളുന്നു.പുതിയ തലമുറയിൽ നിന്ന് പാർട്ടിയിലേക്ക് വന്നവർ കിട്ടിയ അവസരം മുതലാക്കി പാർട്ടി മാറാനാണ് ശ്രമിക്കുന്നത്.അവസര വാദികളായ അവർ സ്ഥാന മാനങ്ങൾക്കു വേണ്ടിയാണ് കോൺഗ്രസിലേക്ക് വന്നത് .കോൺഗ്രസിന്റെ പ്രത്യയ ശാസ്ത്രത്തെക്കുറിച്ചു ഉറച്ച ബോധമുള്ളവർക്കു സംഘടനയെ കൈമാറണം.ബി ജെ പിക്ക് നേരെ വേണ്ടത് പ്രത്യയശാസ്ത്രത്തിലൂന്നിയ പോരാട്ടമാണ്.” ജി 23 ലെ പ്രമുഖ നേതാവായ ശ്രീ മണിശങ്കർ അയ്യർ ഒരഭിമുഖത്തിൽ (മാതൃഭൂമി ദിനപത്രം 2022 ജനവരി 30)തുറന്നു പറയുന്നതാണ് മേലുദ്ധരിച്ചത്. അതും അർഹിക്കുന്ന ഗൗരവത്തോടെ ശ്രവിക്കാൻ പാർട്ടി ഹൈ കമാൻഡ് മുതിർന്നില്ല.

ഈ പശ്ചാത്തലത്തിലാണ് സി പി എം ന്റെ അടവ് നയം വരുന്നത്.എല്ലാ പൊതു തെരഞ്ഞെടുപ്പുകൾ വരുമ്പോഴും അടവുനയവുമായി സി പി എം രംഗത്ത് വരിക പതിവാണ്.സിപിഎമ്മിന്റെ 21 ആം പാർട്ടി കോൺഗ്രസ് ബി ജെപിയും മോദി ഗവൺമെന്റുമാണ് മുഖ്യ ശത്രുവെന്നും കോൺഗ്രസിനോടുള്ള എതിർപ്പ് തുടരുമെന്നും കരട് രേഖയിൽ പ്രഖ്യാപിച്ചു.കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ പാർട്ടിക്കുണ്ടാവില്ലെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്.സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ചു ബി ജെ പി ക്കെതിരെ കോൺഗ്രസുമായും കൈകോർക്കാമെന്ന പാർലമെന്ററി അടവു നയം തുടരുവാനാണ് സി പി എം ന്റെ തീരുമാനം.ഇതിനായി പ്രാദേശിക പാർട്ടികളുമായുള്ള സഖ്യം തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പ്രാദേശികപാർട്ടികൾ ആ പ്രദേശത്തെ ബൂർഷ്വാസികളുടെ താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്നവരാണെന്നും അവരുടെ താല്പര്യങ്ങളനുസരിച്ചു കോൺഗ്രസുമായും ബി ജെ പിയുമായും അവസര വാദ കൂട്ടുകെട്ട് നടത്തുന്നവരാണെന്നും 21 ആം പാർട്ടി മുൻപാകെ ചർച്ചക്ക് വന്ന കരട് പ്രമേയത്തിൽ പറയുന്നുണ്ട്.സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ചു ബി ജെ പി ക്കെതിരെ പ്രാദേശിക പാർട്ടികളുമായി ഉള്ള സഖ്യങ്ങൾ തുടരുമെന്നും സിപിഎം തീരുമാനിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.പ്രാദേശിക പാർട്ടികളോടുള്ള സമീപനത്തിൽ സിപിഎം മാറ്റം വരുത്തിയിട്ടുണ്ട്. പ്രാദേശികപാർട്ടികളുമായി സഖ്യത്തിലേർപ്പെട്ട് ബി ജെ പിക്കെതിരായ വോട്ട് ഒന്നിപ്പിക്കും എന്നാണ് പുതിയ അടവ് നയം.


പ്രാദേശിക പാർട്ടികളുടെ ആവിർഭാവത്തെക്കുറിച്ചു അല്പം ചിന്തിക്കുന്നത് ഉചിതമായിരിക്കും ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ പ്രാദേശിക പാർട്ടികൾ വളരെ പ്രധാനപ്പെട്ടതും സ്ഥിരതയുമുള്ള ഒരു പ്രതിഭാസം ആയിരിക്കുന്നു.അവക്ക് ഒരു നിശ്ചിത രാഷ്ട്രീയ പ്രത്യയ ശാസ്ത്രം ഉണ്ടായിരിക്കണമെന്നില്ല സമുദായികമോ പ്രാദേശികമോ ആയ പ്രശ്നങ്ങളാണവയുടെ രൂപീകരണത്തിനടിസ്ഥാനം.രാഷ്ട്രീയ പാർട്ടികളുടെ രൂപീകരനത്തേയും പ്രവർത്തനത്തെയും സംബന്ധിച്ച് നിയമങ്ങളോ നിയന്ത്രണങ്ങളോ ഒന്നും ഇന്ത്യയിലില്ല.ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലുമൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കാം.ഈ അവസ്ഥ ചെറിയ പാർട്ടികളുടെ ആവിർഭാവത്തിനു കാരണമായിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ മൂന്നു തിരഞ്ഞെടുപ്പ് ചർച്ചകളിലും കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷമാണ് ലഭിച്ചത്.1967 ലെ പൊതു തിരഞ്ഞെടുപ്പിൽ ജനം കോൺഗ്രസിനെ കൈവിട്ടു.എട്ടു സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിതര ഗവൺമെന്റുകൾ രൂപീകരിക്കപ്പെട്ടു.ഇന്ത്യയിൽ ആദ്യമായി തിരഞ്ഞെടുപ്പ് സഖ്യങ്ങൾ മന്ത്രിസഭാ രൂപീകരണത്തിന് വഴി തെളിയിച്ചു.കേരളത്തിലെ 1952 ലെ ഇടതു മുന്നണിയും 1967 ലെ കോൺഗ്രസിതര ജനാധിപത്യ മുന്നണിയും വൈരുധ്യങ്ങൾ കാരണം തകർന്നുവെങ്കിലും മുന്നണി പ്രസ്ഥാനം ദേശീയ തലത്തിലേക്ക് വ്യാപിക്കുകയാണുണ്ടായത്.അതോടെ പ്രാദേശിക പാർട്ടികൾക്ക് പ്രാധാന്യമേറിവരികയും അധികാരത്തിനു വേണ്ടി വിലപേശാൻ തുടങ്ങുകയും ചെയ്‌തു .കോൺഗ്രസിൽ നിന്നും മതേതര പാർട്ടികളിൽ നിന്നും നീതി ലഭിക്കാതെ ബി ജെ പി യിൽ ചേക്കേറിയ ഇത്തരം പാർട്ടികളെ പ്രത്യയ ശാസ്ത്രത്തിന്റെ ലംഘനത്തിന്റെ പേരിൽ പുറം തള്ളാതെ പ്രശ്നങ്ങൾ പരിഹരിച്ചു ബോധവൽക്കരിച്ചു ഇടതു പക്ഷത്തേക്ക് കൊണ്ട് വന്നു ജനകീയ അടിത്തറ വിപുലീകരിക്കുവാൻ പറ്റിയ സമയമാണിത്.
കഴിഞ്ഞ 15 കൊല്ലക്കാലം പാർട്ടി വളർന്നില്ല എന്നത് സിപിഎം 21 ആം പാർട്ടി കോൺഗ്രസിൽ സമർപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്.അടവ് നയത്തിലെ പാളിച്ച ഇതിനു കാരണമാകുന്നു എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. അടവ് നയങ്ങൾ തിരഞ്ഞെടുപ്പ് കാലത്തു ഏതാനും സീറ്റുകൾ അധികം കിട്ടുന്നതിന് ഉപകരിച്ചേക്കാം. അത് അടിസ്ഥാന നയത്തിന് പകരമാവില്ല. അടിസ്ഥാന പ്രത്യയ ശാസ്ത്രങ്ങളാവട്ടെ ഇന്ത്യയിലെ പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ചു രൂപപ്പെടുത്തിയതാവുകയും വേണം .എന്നാൽ മാത്രമേ അവക്ക് ജനങ്ങളുടെയിടയിൽ സ്വീകാര്യത വർധിക്കുകയുള്ളൂ .ഓരോ സംസ്ഥാനത്തിന്റെയും വൈവിധ്യങ്ങളും പ്രത്യേകതകളും കണക്കിലെടുത്തു അതിനു യോജിച്ച തരത്തിലുള്ള ഭരണം നടത്തുന്നതിന് പറ്റിയ തരത്തിലുള്ള പ്രത്യയ ശാസ്ത്രം രൂപപ്പെടുത്തേണ്ടതുണ്ട്.ഓരോ സംസ്ഥാനത്തിലേയും പ്രാദേശിക പാർട്ടികളുമായി സഖ്യം അതിനു വഴിതെളിയിക്കുമെന്നു പ്രതീക്ഷിക്കാം.


ബഹുസ്വരതയാണ് ഇന്ത്യൻ സമൂഹത്തിന്റെ പ്രത്യേകത.ഒരു വംശം , ഒരു മതം ഒരു ഭാഷ ഒരു രാജ്യം എന്ന രീതിയിൽ ഏകാത്മക രാഷ്ട്രങ്ങളായി നില നിൽക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഇന്ത്യക്കുള്ള പ്രധാന വ്യത്യാസം ഈ വൈവിദ്ധ്യ സങ്കുലതയാണ്.വിവിധ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ഇവിടെ യുണ്ട് .അറിയപ്പെടുന്ന സകല മതങ്ങളിലും വിശ്വസിക്കുന്നവർ ഈ നാട്ടിൽ ജീവിക്കുന്നു.
ഇന്ത്യയിൽ 28 സംസ്ഥാനങ്ങളും 8 കേന്ദ്ര പ്രദേശങ്ങളുമുണ്ട് .ഓരോ സംസ്ഥാനത്തിനും വ്യതിരിക്തമായ സാംസ്‌കാരിക സ്വഭാവവും പ്രാദേശിക വികാരങ്ങളും ഉണ്ട് .ഇവരുടെ പ്രശ്നങ്ങൾ വ്യത്യസ്തമാണ് ഏതെങ്കിലും ഒരു പ്രത്യേക പ്രത്യയ ശാസ്ത്രത്തിന്റെ നിബന്ധനകളിൽ ഒതുക്കി പരിഹരിക്കുവാൻ കഴിയാത്തതാണ് അവ.ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ ചട്ടക്കൂടിനകത്തു നിന്ന് മാത്രമേ ഏതൊരു രാഷ്ട്രീയ പാർട്ടികൾക്കും ഇവിടെ പ്രവർത്തിക്കുവാനാകൂ.പ്രത്യയ ശാസ്ത്രവും നയവും പരിപാടികളും എല്ലാം തന്നെ ഭരണഘടനാനുസൃതമായിരിക്കണം .നമ്മുടെ ദേശീയ ഐക്യത്തെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വ്യക്തമായ ഉപാധികൾ ഭരണ ഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയിൽ അധിവസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്ന സാമൂഹ്യ സാമ്പത്തിക ദർശനങ്ങൾ അതിലുണ്ട്.സോഷ്യലിസ്റ്റ് തത്വങ്ങളും ഗാന്ധിയൻ തത്വങ്ങളും അന്താരാഷ്ട്ര തത്വങ്ങളും അതിലടങ്ങിയിട്ടുണ്ട്.അവ നേടിയെടുക്കുന്നതിന് ഓരോ രാഷ്ട്രീയ പാർട്ടികളും അവരുടെ പ്രത്യയ ശാസ്ത്രത്തേയും നയങ്ങളെയും പരിപാടികളേയും പ്രകടന പത്രികകളെയും പുനരാവിഷ്കരിക്കേണ്ടിയിരിക്കുന്നു .കാലഹരണപ്പെട്ടവയെയും ,അപ്രായോഗികമായവയേയും അനുയോജ്യമല്ലാത്തവയേയും ജനം തിരസ്കരിക്കും .ഇനിയെങ്കിലും ഇത് മുന്നിൽകണ്ടു കൊണ്ട് ബഹുസ്വരതയിലും ഫെഡറലിസത്തിലും വിശ്വസിക്കുന്ന പ്രാദേശിക പാർട്ടികളുമായുള്ള വിശാല ഐക്യം പ്രായോഗികമാക്കുന്നതിനായി മുഖ്യ പ്രതിപക്ഷ പാർട്ടികൾ പ്രവർത്തിച്ചു തുടങ്ങേണ്ടതാണ്.ആപ്പിന്റെ പഞ്ചാബിലേക്കുള്ള വ്യാപനവും, അടുത്തിടെ നടന്ന പശ്ചിമ ബംഗാൾ, തമിഴ്നാട്, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലങ്ങളും ഇനിയും സാധ്യമാണ് എന്ന സൂചന നൽകുന്നവയാണ്.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like