പൂമുഖം LITERATUREവായന വെളിച്ചം കെട്ട് പോകുന്ന അറിവ്

വെളിച്ചം കെട്ട് പോകുന്ന അറിവ്


2020 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ പ്രസിദ്ധീകരിച്ച ശേഷം കഴിഞ്ഞ വർഷം പുസ്തകമായി പുറത്തിറങ്ങിയ നോവലാണ് ഇ സന്തോഷ്‌ കുമാറിന്റെ ജ്ഞാന ഭാരം.2021 ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഈ നോവൽ വായിക്കുന്നത് 2021 ന്റെ തുടക്കത്തിലാണ്. വിഷയ വൈവിധ്യത്തിലും ശില്പ ഭദ്രതയിലും സവിശേഷ ശ്രദ്ധ പുലർത്തുന്ന നോവലിസ്റ്റാണ് ഇ സന്തോഷ്‌ കുമാർ. തുടക്കത്തിൽ നിശ്ചലമായ ഒരു തടാകം പോലെ നമുക്ക് തോന്നുമെങ്കിലും കഥ പുരോഗമിയ്ക്കുമ്പോൾ സാഗരത്തിൽ ഉയരുന്ന കൂറ്റൻ തിരമാല പോലെ നമുക്ക് തോന്നിപ്പിക്കും. സമകാലിക ചെറുകഥകളിൽ പ്രകടിപ്പിക്കുന്ന പാൻ ഇന്ത്യൻ സ്വഭാവം സന്തോഷ്‌ കുമാറിന്റെ ഈ നോവലിലും ദൃശ്യമാണ്.

കഥ പറയുന്ന ആൾക്ക് ,കൈലാസ് പട്ടേലിന്റെ ഹേഗിൽ വച്ചുള്ള മരണം അറിയിച്ചു കൊണ്ടുള്ള മകൻ വിഘ്‌നേഷിന്റെ ഫോൺ വിളി വരുന്നതോടെയാണ് , നോവൽ ആരംഭിക്കുന്നത്. ബോംബെയിൽ വച്ച് കൈലാസ് പട്ടേൽ എന്ന വൃദ്ധനെ അപ്രതീക്ഷിതമായി പരിചയപ്പെടുന്ന ഭൂതകാലത്തേയ്ക്കാണ് നമ്മളെ കഥ പറയുന്നയാൾ കൂട്ടിക്കൊണ്ട് പോകുന്നത്. നിരാമയ എന്ന വലിയ ഫ്ലാറ്റിൽ താമസിക്കുന്ന കൈലാസ് പട്ടേലിന്റെ വിചിത്രമായ വായനയെ കുറിച്ച് അറിയുമ്പോഴാണ് നമ്മുടെ ആദ്യത്തെ അത്ഭുതം. തന്റെ പിതാവ് ഏറെ പ്രതീക്ഷയോടെ പഠിക്കുന്ന കാലത്ത് ഏൽപ്പിച്ച ,ഒന്നാം ലോക മഹായുദ്ധ കാലത്തിന് മുമ്പുള്ള വിജ്ഞാന കോശങ്ങളുടെ പന്ത്രണ്ട് വാല്യങ്ങൾ. പിതൃ തർപ്പണം പോലെ കൈലാഷ്‌ വായിച്ചു പഠിക്കുകയാണ്.പുതിയ കാലത്തെ പുസ്തകങ്ങളെ കുറിച്ച് ചോദിക്കുമ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ യാണ്.
” പുതിയ കാലത്തെ ജീവിതമായിരുന്നു നോവലുകളിലും കഥകളിലും. എനിക്കാണെങ്കിൽ അതിൽ പറയുന്ന ലോകത്തോട് പരിചയം കുറവായിരുന്നു. “
ഭൂവൻ ദേശായി എന്ന പ്രശസ്തനായ വക്കീലിന്റെ ഡ്രൈവർ ആയിരുന്നു കൈലാസ് പട്ടേലിന്റെ അച്ഛൻ. ഏവർക്കും ആരാധ്യനായിരുന്ന, ഏറെ രാഷ്ട്രീയ സ്വാധീനമുള്ള വക്കീൽ. കൈലാഷിന്റെ അച്ഛൻ ഒരപകടത്തിൽ മരിച്ചതിനെ തുടർന്ന് വീടിന്റെ ഭാരം ഏറ്റെടുക്കേണ്ടി വന്ന കൈലാസ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് അവിടെ ഗുമസ്തനാകുന്നു. കഥ പുരോഗമിയ്ക്കുന്നതോടൊപ്പം ഭൂവൻ ദേശായ് മരിക്കുന്നു. മകൻ നരേഷ് ദേശായി വക്കീലായി തുടരുന്നു. നരേഷ് ദേശായി, ഒരനുയായിയായി കൈലാസിനെ കാണുന്നു. നരേഷ് എന്ന കഥാപാത്രത്തിന്റെ തുറന്ന് പറച്ചിൽ ആണ് ഈ നോവലിന്റെ കാതലായ ഭാഗം. ആ കഥാപാത്രത്തിന്റെ വളർച്ച ഏറെ തിളക്കമുള്ളതായി തീരുന്നു.
തന്റെ പ്രശസ്തനായ അച്ഛൻ ഭൂവൻ ദേശായിയെ കുറിച്ച് നരേഷ് ഇങ്ങനെ പറയുന്നു
” ദാരിദ്രനായ ഒരുത്തനെ അദ്ദേഹം എളുപ്പം അവഗണിയ്ക്കും. എന്നാൽ ദരിദ്രരുടെ ആൾക്കൂട്ടത്തെ ആദരിയ്ക്കും. അവർക്ക് മുന്നിൽ നടക്കും. “

ആൾക്കൂട്ടത്തിന്റെ കയ്യടി പ്രതീക്ഷിക്കുന്ന ഇപ്പോഴത്തെ പോപുലിസ്റ്റ് നേതാക്കളുടെ ഗണത്തിൽ പെടുത്താം ഭൂവൻ ദേശായിയെയും.
‘ ഒരു പാവപ്പെട്ടവന്റെ അവകാശത്തെപ്പോലും ഞെരിച്ചു കളഞ്ഞെന്നിരിക്കും, എന്നാൽ ഒരു ജനതയുടെ മനുഷ്യാവകാശത്തിന് വേണ്ടി കൊടിപിടിച്ചു മുന്നിലുണ്ടാകും.കാഴ്ചപ്പണ്ടങ്ങളിലായിരുന്നു ഭൂവൻ ദേശായിയുടെ ശ്രദ്ധ’ എന്ന്‌ നരേഷ് കൈലാസിനോട് തുറന്നടിക്കുന്നു” രാഷ്ട്രീയമായ ശരികളുമായി നടക്കുന്നവരോട് എനിയ്ക്കിപ്പോൾ പേടിയാണ് കൈലാസ്. രാഷ്ട്രീയ ശരികൾ നടപ്പിലാക്കുന്നതിന് വേണ്ടി എന്ത് തെറ്റും അവർ ചെയ്യും. “പുതിയ കാല പോപ്പുലിസ്റ്റ് നേതാക്കളുടെ പൊതു സ്വഭാവമാണിത്

‘വിജയം കൊയ്യുന്നവർ ലോകമാകെ ജീവിക്കാൻ പറ്റാത്ത ഒരിടമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു ‘എന്ന നിരീക്ഷണം, വിജയം സ്ഥാപിയ്ക്കാൻ യുദ്ധം തുടങ്ങിയ നേതാക്കളുടെ കാലത്ത് പ്രസക്തമാണ്.

ഇവരെ കൂടാതെ കൽക്കത്തയിൽ,വിദേശത്തെ ജോലി ഉപേക്ഷിച്ച് അച്ഛന്റെ പഴയ പുസ്തകക്കട നോക്കി നടത്തുന്ന ഖുറൈഷ് അഹ്മദ്, നരേഷിന്റെ സഹോദരി ജഗദ, ഭർത്താവ് സോഹൻ എന്നിവരും കഥാപാത്രങ്ങളായി വരുന്നുണ്ട്. കൈലാസിന്റെ ഭാര്യ മാധവിയ്ക്ക് വലിയ പരിഗണന നോവലിൽ ലഭിച്ചിട്ടില്ല
ജ്ഞാന ഭാരം എന്ന പേര് സൂചിപ്പിക്കുന്ന പോലെ അറിവിന്റെ അർത്ഥ ശൂന്യതയിലാണ് നോവൽ അവസാനിയ്ക്കുന്നത്. ദാർശനിക തത്വങ്ങൾ നോവലിൽ സന്നിവേശി പ്പിക്കുന്നതിൽ നോവലിസ്റ്റ് വിജയിക്കുന്നുമുണ്ട്.

നൂറു കണക്കിന് വർഷം കൊണ്ട് വളരെ പതുക്കെ മനുഷ്യൻ ആർജ്ജിച്ച വിജ്ഞാനം, അയാളുടെ ഓർമകൾ എല്ലാം ഒരു ഞൊടിയിട കൊണ്ട് ശേഖരിക്കുകയും ഉപയോഗപ്പെടുത്താൻ കഴിയുകയും ചെയ്യുക എന്നുള്ളത് തീർച്ചയായും വലിയൊരു സാധ്യതയാണ്. അതെ സമയം മനുഷ്യൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും അത് തന്നെയായിരിക്കും. ഭൂമിയിൽ മനുഷ്യന്റെ അധീശ്വത്വം അവസാനിക്കുകയാവുമോ?

ഇ സന്തോഷ് കുമാർ

നിർമ്മിത ബുദ്ധിയുടെ ഈ കാലത്ത് ഈ സന്ദേഹം നമുക്കും ഉണ്ടാകും.റെയ്മണ്ട് കാർവറിന്റെ ” തൂവലുകൾ ” എന്ന കഥയിൽ എൻസൈക്ളോപ്പീഡിയ ഹൃദിസ്‌ഥ മാക്കിയ ആൾ മരിച്ചു പോയതിനെപ്പറ്റി പറയുന്ന ഭാഗം നോവലിന്റെ തുടക്കത്തിൽ കൊടുത്തിട്ടുണ്ട്. അത് നോവലിലേക്കുള്ള ചൂണ്ട് പാലകയാണെന്ന് കരുതാം. നന്നായി എഡിറ്റ്‌ ചെയ്യപ്പെട്ടിരിക്കുന്ന ഈ നോവൽ, തമിഴ് നോവലിസ്റ്റ് ബാ. വെങ്കടേശ്വരൻ പറഞ്ഞ പോലെ ,ഒരു വിളക്ക് പോലെ നിറഞ്ഞു കത്തുകയാണ്. അറിവിന്റെ അർത്ഥരാഹിത്യങ്ങളെക്കുറിച്ചും പരിമിതികളെക്കുറിച്ചും നമ്മൾ ചിന്തിച്ചു കൊണ്ടേയിരിക്കും. അറിവിന്റെ കെട്ട് പോയ വെളിച്ചത്തക്കുറിച്ച് പരിതപിക്കാം.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like