പൂമുഖം LITERATUREനിരൂപണം കഥാവാരം -10

കഥാവാരം -10

കുമാരനാശാനും ശ്രീ നാരായണ ഗുരുവും കഥാപാത്രങ്ങളായി വരുന്ന ഒരു സൃഷ്ടി എങ്ങനെയുണ്ടാവും? എത്രത്തോളം കാവ്യാത്മകവും തത്വചിന്താപരവുമായിരിക്കുമത്! എത്രയെത്ര ഗൃഹപാഠം ചെയ്യേണ്ടിവരും അത്തരം ഒരു കഥ എഴുതണമെങ്കില്‍!

“ലോകാനുരാഗമിയലാത്തവരേ, നരന്‍റെ
യാകാരമാർന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻ
ഏകാന്തനിർമ്മമതരേ, വെറുതേ വനത്തി
ന്നേകാന്തമാം ഗുഹവെടിഞ്ഞു വെളിപ്പെടായ്‌വിൻ!”
എന്നെഴുതിയ കവിയുടെ ലോകാനുരാഗത്തെ, വനയാത്രയെ, അതിലേറെ അദ്ദേഹത്തിന്റെ മരണത്തെ, ആവിഷ്കരിക്കുന്ന ഒന്നാണെങ്കില്‍! അതിലെ ദര്‍ശനങ്ങളുടെ ഗരിമ എത്രത്തോളമാവും? അതൊരു കഥയായി വരുമ്പോള്‍ വായനക്കാരന്റെ പ്രതീക്ഷ എത്ര ഉയര്ന്നതാവും? പ്രത്യേകിച്ചും, മലയാളത്തിലെ പുതു തലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ വി. ഷിനിലാല്‍ ആവുമ്പോള്‍? ഭാഷ കൊണ്ട് അത്ഭുതപ്പെടുത്തുന്ന, കഥയുടെ ശബ്ദവും ഭാഷയും ഒന്നാക്കി മാറ്റുന്ന പ്രതിഭയുള്ള എഴുത്തുകാരനാവുമ്പോള്‍..!

വി. ഷിനിലാൽ


‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’ എന്ന മാതൃഭൂമിക്കഥയിലും ഷിനിലാലിന്റെ ഈ സ്വതസിദ്ധമായ കഴിവ് നന്നായി കാണാം. പക്ഷേ, ഇവയെ ഒഴിച്ച് നിര്‍ത്തിയാല്‍ മീഡിയോക്കര്‍ വായനയെ തൃപ്തിപ്പെടുത്തുന്ന ശരാശരിക്കഥ എന്ന് മാത്രമേ പറയാന്‍ പറ്റുന്നുള്ളൂ. മോശം കഥയല്ല തന്നെ. പക്ഷേ, ഇത്രക്കും സുന്ദരമായ ഒരു കഥാ തന്തു കയ്യില്‍ വന്നിട്ടും, ‘അസാധാരണം ‘ എന്ന നിലവാരത്തിലേക്ക് എത്തിക്കാന്‍ പറ്റിയിട്ടില്ല എന്നതാണ് ഈ കഥയുടെ പോരായ്മ. മരണത്തെക്കുറിച്ചുള്ള വിവരണം, അദൃശ്യനായ മൂന്നാമന്‍ എന്നിങ്ങനെയുള്ള പ്രയോഗം. ഒരു ഭ്രമാത്മകതയോ നവീനതയോ കൊണ്ടു വരാന്‍ പര്യാപ്തമായിരുന്നില്ല. എങ്കിലും കാലന്റെ പരാജയഭീതിയും, അവസാനം കുമാരനാശാന്റെ മരണത്തോടെ കൈവരുന്ന വിജയിയുടെ സന്തോഷവും സുന്ദരമായി പറഞ്ഞിട്ടുണ്ട്. എഴുത്തുകാരന്‍ തന്നെ പ്രസ്താവിച്ചതാണ് “2021 ഒക്ടോബറില്‍ ആശാനും ശ്രീ നാരയണ ഗുരുവും തന്നെ കീഴടക്കി” എന്ന്. ഡിസംബര്‍ 29 നു പൂര്‍ത്തിയാക്കി എന്നും. കേവലം മൂന്നു മാസങ്ങള്‍ കൊണ്ട് കഥ തീര്‍ത്തു! ആ ധൃതിയെ നമ്മള്‍ പഴിക്കുക. അത് കാരണമാണ് മലയാള ചെറുകഥകളുടെ ഇടയില്‍ വളരെ ഉയരത്തില്‍ നില്‍ക്കുമായിരുന്ന ‘ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര’, നേരത്തെ പറഞ്ഞ ശരാശരി എന്ന വിശേഷണത്തില്‍ ഒതുങ്ങിയത്.

അനീഷ് ജോസഫ് ദേശാഭിമാനിയിൽ എഴുതിയ കഥ “ചെമ്പേരിപ്പാലം”, ഗൃഹാതുരത്വത്തിന്റെ പഴയ ഓർമ്മയിലേക്ക് വായനക്കാരനെ കൊണ്ടു പോകാൻ ശ്രമിച്ച കഥയാണ്. ഒരമ്പത് വർഷമെങ്കിലും പഴക്കമുണ്ടല്ലോ ഇതിലെ ഭാഷയ്ക്കും പേരുകൾക്കും എന്ന തോന്നൽ തുടക്കത്തിൽ തന്നെ വായനക്കാരനുണ്ടാകുന്നു. കാലഘട്ടത്തെക്കുറിച്ച് പറയാതെ, ആരംഭത്തിൽ തന്നെ വായനക്കാരനെ 1970 കളിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചിട്ടുണ്ട് കഥാകൃത്ത്. അക്കാലത്തെ ഗ്രാമീണ ജീവിതത്തിന്റെ പരിസരം കഥയിൽ തെളിഞ്ഞു കാണാം. ആൾക്കാരുടെ പരസ്പരമുള്ള അടുപ്പം, അതിന്റെ സൗന്ദര്യം- അത്യാവശ്യം നന്നായി വായനക്കാരന് അനുഭവി ക്കാനും കഴിയും. പക്ഷേ, കഥയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ കേന്ദ്രസ്ഥിതമായ ആശയം ദുർബലമാണ്. അനാവശ്യ വിവരണങ്ങൾ, അമിതമായ കഥാപാത്രങ്ങൾ, അതുകൊണ്ട് മാത്രം ഉണ്ടാകുന്ന വൃഥാ സ്ഥൂലത. ഒരു കുടുംബത്തിന്റെ ജീവചരിത്രം പറയുന്നതാണെങ്കിൽ പോലും, അതിലുള്ള എല്ലാ അംഗങ്ങളെയും, അവിടെ വരുന്ന എല്ലാ ബന്ധുമിത്രാദികളെയും, അവരുടെ പേരുകൾ, വായനക്കാരനെ അറിയിച്ച് കൊടുക്കേണ്ട ഒരു ബാധ്യതയും എഴുത്തുകാരനില്ല. കഥയിലെ അംഗ ബാഹുല്യം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഫലം ഒഴുക്കോടെ വായിച്ചു പോകേണ്ടിയിരുന്നതിനിടയ്ക്ക്, ഒരു കഥാപാത്രം ആരാണ്, ആരുടെ ആരാണ് എന്നിങ്ങനെ വായനക്കാരൻ പരീക്ഷയ്ക്ക് പഠിക്കും പോലെ പഠിക്കേണ്ടിവരുന്നു. വിരസവായനയായി ഒടുങ്ങുന്നു.

ദേശാഭിമാനിയിലെ രണ്ടാമത്തെ കഥയാണ് മധു തൃപ്പെരുന്തുറ എഴുതിയ “കൊത്താറൻ”. അനന്തമനന്തമായി പറഞ്ഞുപറഞ്ഞ് പഴകി ദ്രവിച്ചുപോയ ഒരു ആശയത്തെ സാമാന്യം ഭേദപ്പെട്ട രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു കഥാകൃത്ത്. ആശയം എന്നതിനേക്കാൾ കേന്ദ്രകഥാപാത്രത്തെ എത്രത്തോളം പരിപൂർണ്ണമാക്കാമോ അത്രത്തോളം പരിപൂർണതയിലാണ് കൊച്ചുരാമന്റെ നിർമ്മിതി. അയാളുടെ ഓരോ ഭാഷണവും അതിന്റെ ശബ്ദവും അയാളുടെ മനോനില വ്യക്തമാക്കുന്നതാണ്. നന്നായി എഡിറ്റ് ചെയ്യപ്പെട്ട കഥ.

തുടക്കം, ചലനം എന്നിവ ഭേദപ്പെട്ടതായിരിക്കുമ്പോഴും, എഴുത്തുകാരന്റെ പ്രാഗല്ഭ്യം കാണാൻ പറ്റുക അവസാനത്തെ ഒന്നോ രണ്ടോ വാചകങ്ങളിലാണ്. വെറും ഒരു ശരാശരിക്കഥ എന്ന് പറയുമായിരുന്ന കഥയെ ‘കൊള്ളാം…!’ എന്നു പറയിപ്പിക്കുന്നു ഈ അവസാന രണ്ട് വാചകങ്ങൾ.

സമകാലിക മലയാളം വാരികയിൽ അഖില കെ എസ് എഴുതിയ കഥയാണ് ‘ഒരേ നിറമുള്ള രണ്ട് വാക്കുകൾ’. പറയാൻ ഉദ്ദേശിക്കുന്ന ആശയത്തിലേക്ക്, അല്ലെങ്കിൽ മുഖ്യവിഷയത്തിലേക്ക് വായനക്കാരനെ കൊണ്ടുവരാൻ ആവശ്യമായ കഥാപാത്രങ്ങളുടെയും സംഭവങ്ങളുടെയും ചേർപ്പ് നല്ല രീതിയിൽ തന്നെ എഴുത്തുകാരി ചെയ്തിട്ടുണ്ട്. വ്യത്യസ്ത രീതിയിലുള്ള ബന്ധങ്ങളുടെ, മാനസികമായ അടുപ്പങ്ങളുടെ സുന്ദരമായ ചിത്രീകരണമാണിത്. അതുപോലെ കഥ അവസാനിപ്പിച്ച രീതി മനോഹരം തന്നെ. വൈകാരികത വളരെ നന്നായി വായനക്കാരനിലേക്ക് സംക്രമിപ്പിക്കുന്നതിൽ വിജയിച്ച കഥ. (തുടക്കത്തിൽ, ചില വിവരണങ്ങൾ കഥയിൽ അത്യാവശ്യമായിരുന്നോ എന്നത് ഒന്ന് കൂടെ നോക്കാവുന്നതാണ്. കഥയുടെ ചലനം മന്ദഗതിയിലാവുന്നതും, മുറുക്കം കുറയുന്നതും അക്കാരണം കൊണ്ടാവാം.)

മാധ്യമം വാരികയിൽ ടി പി വേണുഗോപാലൻ എഴുതിയ അഞ്ചാമത്തെ ദിക്ക് എന്ന കഥയ്ക്ക് വിദൂരസ്ഥമായ സാമ്യം കാണും മുകളിൽ പറഞ്ഞ കഥയോട്. സ്വവർഗ്ഗസ്നേഹിതരുടെ കഥയാണ് ഇവ രണ്ടും. പക്ഷേ, അതിനപ്പുറം രണ്ട് കഥകളിലെയും ക്രാഫ്റ്റിങ് വ്യത്യസ്തവും മനോഹരവുമാണ്. സ്വവർഗ്ഗ സ്നേഹിയായ പെൺകുട്ടിയുടെ ആത്മഹത്യയുടെ വിവര ശേഖരണത്തിനായി പോകുന്ന പത്രപ്രവർത്തകന് സംഭവിക്കുന്ന അപകടം. വധശ്രമത്തിൽ നിന്നും രക്ഷപ്പെടുമ്പോൾ, അവിചാരിതമായി കൊലയാളിയുടെ കൈ ഞരമ്പ് മുറിച്ചു പോകുന്നതും, തുടർന്ന് കഥാനായകൻ കടന്നു പോകുന്ന പിരിമുറുക്കവുമാണ് കഥ. നാടകീയത, സ്വാഭാവികത, ഒഴുക്ക്, ഭാഷ ഇവയെല്ലാം സുന്ദരം. പക്ഷേ, ഒന്നും ഊഹിക്കാൻ പോലും സമ്മതിക്കാതെ, നിഗൂഢതയിലേക്ക് എടുത്തിടുന്ന കഥയാണിത് എന്ന് വായനക്കാരനറിയുന്നത് അവസാനമാണ്. വായിച്ച് പുസ്തകം മാറ്റി വെച്ച ശേഷവും നിങ്ങൾ ഓപ്പറേഷൻ തിയേറ്ററിന്റെ മുൻപിലെ ഇരുമ്പ് കസേരയിൽ തന്നെയാവും. അത്ഭുതത്തോടെ, പ്രതീക്ഷയോടെ, നിങ്ങളും റിച്ചിയെ കാത്തു നിൽക്കുകയാവും. ടാലന്റ്, പ്രതിഭ, അതെന്താണെന്ന് കാണിച്ചു തരുന്ന മനോഹരമായ കഥ.

അഹ്മദ് ഷെരീഫ്‌

കവർ : വിത്സൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like