പൂമുഖം LITERATUREലേഖനം സിപിഎം കാണുന്ന ഇന്ത്യയും ചൈനയും. സത്യത്തിനു പ്രത്യയ ശാസ്ത്രമില്ല

സിപിഎം കാണുന്ന ഇന്ത്യയും ചൈനയും. സത്യത്തിനു പ്രത്യയ ശാസ്ത്രമില്ല

സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലാണ് മുഖ്യ വൈരുദ്ധ്യമെന്ന് സിപിഎം കരുതുന്നു.വളരെ വിശാലമായ അര്‍ത്ഥത്തില്‍ ഇത് ശരിയാവാമെങ്കിലും സമകാലിക അസ്ഥയില്‍ മുഖ്യ വൈരുദ്ധ്യം ജനാധിപത്യവും ചൈനയുടെത് പോലുള്ള ഒറ്റപ്പാര്‍ട്ടി സമഗ്രാധിപത്യ വ്യവസ്ഥയും തമ്മിലാണെന്ന് വാദിക്കുന്നു.

സിപിഎം 2018 ല്‍ അവരുടെ ഇരുപത്തിരണ്ടാം കോണ്‍ഗ്രസ്സില്‍ പാസ്സാക്കിയ രാഷ്ട്രീയ പ്രമേയത്തെയും ഇരുപത്തി മൂന്നാം കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തെയും ആസ്പദമാക്കിയിട്ടുള്ള ഒരു നിരീക്ഷണമാണിത്. ഈ രേഖകള്‍ പ്രത്യയ ശാസ്ത്ര രേഖകളാണ്.വസ്തുതാന്വേഷണം മാത്രം ലക്ഷ്യം വെച്ചുള്ള റിപ്പോര്‍ട് അല്ല എന്നു വരികിലും , ചിലയിടത്ത് ഇതില്‍ പ്രത്യക്ഷപ്പെടുന്ന അവാസ്തവങ്ങള്‍ , ഒരു ജനാധിപത്യ വിശ്വാസിക്ക് എങ്ങനെ അലോസരമുണ്ടാക്കുന്നു എന്നു പറയേണ്ടതുണ്ട്.ചില മേഖലകളെക്കുറിച്ച് പറയുമ്പോള്‍,വിശേഷിച്ചും സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ നേട്ടങ്ങള്‍ എന്നു വിശേഷിപ്പിച്ച് ചില സംഗതികളെ സമീപിക്കുമ്പോള്‍ , വ്യക്തമായി കാണാനുള്ള ശേഷിക്കുറവിനെ ഒരു ശസ്ത്രക്രിയ കൊണ്ട് സുഖപ്പെടുത്താനുള്ള ഒരു ശ്രമവും ഒരു കമ്യൂണിസ്റ്റ് പാര്‍ടി നടത്തുന്നില്ല എന്ന് വ്യക്തമാവും. അന്താരാഷ്ട്ര സ്ഥിതിയെ സംബന്ധിച്ച് ഈ രേഖകളെ പാര്‍ടി അനുഭാവിയല്ലാത്തൊരാള്‍ ഗൗരവപൂര്‍വം സമീപിക്കേണ്ടതുണ്ടോ എന്നു പോലും സംശയം ജനിപ്പിക്കുന്ന തരത്തില്‍ നികത്തപ്പെടാത്ത വലിയ കുഴികള്‍ അവിടവിടെ കാണാം.ഇത്തരത്തില്‍ ഒരു കേരളീയനെന്ന നിലയില്‍ ഇതിലൂടെ കടന്നുപോയ ഒരാള്‍ക്ക് സംശയങ്ങളുണ്ടാവുക സ്വാഭാവികം.കോണ്‍ഗ്രസ്സുകള്‍ക്കിടയിലെ കാലയളവില്‍ നടന്ന സംഭവങ്ങളുടെ ചിട്ടയായ അവലോകനത്തില്‍ തര്‍ക്കത്തിന് സ്ഥലമില്ല എന്നത് ശരിയാണെങ്കിലും ചില നിഗമനങ്ങള്‍ ,വസ്തുതകളുടെ പോരായ്മ കാരണം ദുര്‍ബലമാണ് എന്നു മാത്രമല്ല ,ഭാവിയെ സിപിഎം എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് സംശ യങ്ങള്‍ ഉളവാക്കുന്നവയുമാണ്.

ഉദാഹരണത്തിന് പാര്‍ടി പരിപാടിയില്‍ ജനകീയ ജനാധിപത്യ സംവിധാനത്തില്‍ ബഹുകക്ഷി സമ്പ്രദായം വിഭാവനം ചെയ്യുമ്പോഴും ഒറ്റപ്പാര്‍ടി രാഷ്ട്രങ്ങളെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളായി ഉയര്‍ത്തിക്കാണിക്കുന്നതിലെ വൈരുദ്ധ്യം സിപിഎം തിരച്ചറിയാതെ പോയതായിരിക്കില്ല.അതുപോലുള്ള ഒരു സ്‌റ്റേറ്റാണ് സിപിഎം വിഭാവനം ചെയ്യുന്നത് എന്നതാവാം ഈ ചിന്തയുടെ അടിസ്ഥാനം.പാലം കടക്കുവോളമുള്ള നാരായണ തന്നെയല്ലെയിത് ? അതെ.

പ്രധാനമായി ചൈനയെയും ഇന്ത്യയെയും സംബന്ധിച്ച് സിപിഎം ഉയര്‍ത്തുന്ന ചില നിഗമനങ്ങളും വിലയിരുത്തലുകളും എന്താണെന്ന് നോക്കാം.അമേരിക്കയോടും ജപ്പാനോടും ഓസ്‌ട്രേല്യയോടും ചേര്‍ന്ന് ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് ( ക്വാഡ് ) എന്ന സഖ്യത്തിന് രൂപം കൊടുക്കുക വഴി ഇന്ത്യ അമേരിക്കക്ക് പൂര്‍ണമായും വഴിപ്പെട്ടിരിക്കുന്നു എന്ന വിമര്‍ശനം സിപിഎമ്മിനുണ്ട്.ലോകത്തിലെ മുഖ്യ വൈരുദ്ധ്യം സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലാണ് എന്ന് സിപിഎം വിലയിരുത്തുന്നു.സിപിഎം ,സോഷ്യലിസ്റ്റ് രാജ്യങ്ങളായി എണ്ണുന്നത് ചൈന,വിയറ്റ്‌നാം,വടക്കന്‍ കൊറിയ,ലാവോസ് ,ക്യൂബ എന്നീ രാജ്യങ്ങളെയാണ്.അവിടങ്ങളില്‍ പൗരന്മാരുടെ ജനാധിപത്യാവകാശങ്ങള്‍ ഇല്ലാതാക്കപ്പെടുന്നതിനെക്കുറിച്ച് ഈ വിഷയം ഉന്നയിക്കുമ്പോള്‍ പരിഗണിക്കുന്നതേയില്ല.ഇത് ഒരു തല്‍ക്കാല അവസ്ഥയാണെന്നും തല്‍ക്കാലം ഇത് പരിഗണിക്കേണ്ടതില്ല എന്നും ആണെങ്കില്‍ ആ നിലപാട് സത്യസന്ധമല്ല.ഇപ്പറഞ്ഞ രാജ്യങ്ങളില്‍ കാണുന്നതല്ല യഥാര്‍ത്ഥ സോഷ്യലിസമെങ്കില്‍ അത് തുറന്നുപറയുന്നതാണ് സത്യസന്ധത.ഇനി ഇത് ഭാവിയി്ല്‍ വരാന്‍ പോകുന്ന സോഷ്യലിസത്തിന്റെ നിഴല്‍ മാത്രമാണ് ഇവിടങ്ങളില്‍ ദൃശ്യമാകുന്നത് എങ്കില്‍ അതിന്റെ പോരായമ്കള്‍ എന്ത് എന്നു തുറന്നു പറയുന്നത് വെച്ചുതാമസിപ്പിക്കുന്നതിന് ന്യായീകരണമില്ല.

ചൈനയും ഇന്ത്യയും തമ്മിലുള്ള അസുഖകരമായ ബന്ധത്തെ സിപിഎം ഏതു രീതിയില്‍ കാണുന്നു എന്ന് പ്രമേയത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 2020 ഗാല്‍വനില്‍ നടന്ന സംഭവത്തില്‍ സിപിഎം ,ഇന്ത്യാ ഗവണ്‍മെന്റിന്റെ നിലപാടിനോട് ഒപ്പം നില്‍ക്കുന്നു എന്ന് സത്യസന്ധമായി വ്യക്തമാക്കിയിട്ടുണ്ട്.1962 ലെ യുദ്ധകാലത്തും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി ചൈനാ അനുകൂലികളായിരുന്നു എന്ന് ആക്ഷേപിക്കുന്നതില്‍ വാസ്തവമില്ല.അതതേച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നുവെങ്കിലും.ഒപ്പം തന്നെ ചൈന എങ്ങനെയാണ് ഗാല്‍വന്‍ സംഭവത്തെ റിപ്പോര്‍ട് ചെയ്തത് എന്ന് നോക്കാം.ഗാല്‍വനിൽ 2020 ജൂണില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ മരിച്ചു.തങ്ങളുടെ ഭാഗത്ത് നാലു പേരാണ് മരിച്ചതെന്ന് ചൈന വെളിപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങള്‍ ഉചിതമായ ആദരവോടെ സംസ്‌ക്കരിക്കുകയുമുണ്ടായി.അതിന് പുറമെ ഈ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരോഫീസറെ ബെയ്ജിങിലെ ശീതകാല ഒളിംപിക്‌സിന്റെ മുന്നോടിയായി നടന്ന ദീപശിഖ പ്രയാണത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു.ഗെയിംസില്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് പറഞ്ഞ് ,ഇതോടെ ഇന്ത്യ ഉദ്ഘാടന ചടങ്ങില്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ അയക്കേണ്ടെന്ന് തീരുമാനിച്ചു.അമേരിക്കയുള്‍പ്പെടെ ഏതാനും രാജ്യങ്ങള്‍ നേരത്തെ തന്നെ,ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഉന്നയിച്ച് ,ഉദ്ഘാനചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.പാശ്ചാത്യ രാജ്യങ്ങളോടൊപ്പം ഇന്ത്യ ചേരാതിരുന്നതിനെ ,ചൈന സര്‍ക്കാരിന്റെ നിലപാടുകള്‍ പ്രത്യക്ഷപ്പെടാറുള്ള ‘ ഗ്ലോബല്‍ ടൈംസ് ‘എന്ന ചൈനാ മാധ്യമം സ്വാഗതം ചെയ്യുകപോലുമുണ്ടായി.പക്ഷെ ചൈന സൈനികനെ ദീപശിഖാ പ്രയാണത്തില്‍ പങ്കെടുപ്പിച്ചതോടെ ഇന്ത്യക്ക് ബഹിഷക്കരണം മാത്രമേ വഴിയുള്ളൂ എന്നായി.( ഇന്ത്യയില്‍ നിന്ന് ഒരു അത്‌ലറ്റ് മാത്രമാണ് പങ്കെടുത്തത്.കാശ്മീരുകാരനായ ആരിഫ് ഖാന്‍ ).

ഗാല്‍വനില്‍ തങ്ങളുടെ എത്ര പട്ടാളക്കാര്‍ മരിച്ചു എന്ന കാര്യം ചൈന മറച്ചുവെക്കുകയാണെന്ന് അടുത്തിടെ ഓസ്‌ട്രേല്യന്‍ മാധ്യമമായ ‘ ദ ക്ലാക്‌സന്‍ ‘ ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ റിപ്പോര്‍ട്ടു ചെയ്തു. ചൈനയുടെ 38 പേര്‍ ഗാല്‍വന്‍ നദിയിലെ കൊടും തണുപ്പുള്ള വെള്ളത്തില്‍ ഒലിച്ചുപോയെന്ന് റിപ്പോര്‍ടു ചെയ്യാന്‍ ചൈനയ്ക്കകത്തുതന്നെ ഉടലെടുത്ത ,പിന്നീട് നീക്കം ചെയ്യപ്പെട്ട റിപ്പോര്‍ടുകളെയും സോഷ്യല്‍ മീഡിയയില്‍ വന്ന എഴുത്തുകളെയും ‘ക്ലാക്‌സന്‍ ‘ആശ്രയിച്ചിരുന്നു ( ഈ ലേഖനത്തിന്റെ തലക്കെട്ടിലെ ‘സത്യത്തിന് പ്രത്യയശാസ്ത്രമില്ല ‘ എന്ന ഭാഗം ‘ക്ലാക്‌സ’ന്റെ മുഖവാചകമാണ്.) അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ സ്വന്തം സൈനികരുടെ മരണത്തെപ്പോലും ‘സോഷ്യലിസ്റ്റ് ‘ രാജ്യമായ ചൈനക്ക് മറച്ചുവെക്കാന്‍ കഴിയുന്ന തരത്തില്‍ ആശയവിനിമയം സര്‍ക്കാരിന് എളുപ്പം നിയന്ത്രിക്കാന്‍ കഴിയുമെന്ന് അനുമാനിക്കണം.ഇതില്‍ അല്‍ഭുതമില്ല.1962 ല്‍ നടന്ന ഇന്ത്യ – ചൈന യുദ്ധത്തില്‍ തങ്ങളുടെ എത്ര സൈനികര്‍ മരിച്ചു എന്ന കാര്യം അടുത്തിടെ മാത്രമാണ് ചൈന വെളിപ്പെടുത്തിയത്!

സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ചാണ് ,അല്ലാതെ പ്രത്യയശാസ്ത്രം നോക്കിയിട്ടല്ല ചൈനയുള്‍പ്പെടെ എല്ലാ രാജ്യങ്ങളും കൂട്ടുകൂടുന്നത് എന്നതാണ് വസ്തുത.അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണകൂടത്തെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിലൊന്ന് ചൈനയായിരുന്നു.ചൈനയുടെ സിഞ്ചിയാങ് പ്രവിശ്യയോട് തൊട്ടു കിടക്കുന്ന കസാക്ക്‌സ്താനില്‍ എണ്ണ വിലക്കയറ്റത്തിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങുകയും തുടര്‍ന്ന് അവിടത്തെ സര്‍ക്കാര്‍ അത് നിഷ്‌ക്കരുണം അടിച്ചമര്‍ത്തുകയുമുണ്ടായി. അക്രമങ്ങളിലും വെടിവെപ്പിലുമായി ഇരുനൂറിലധികം പേര്‍ മരിച്ചു.കസാക്ക്‌സ്താനില്‍ അസ്ഥിരത ഉണ്ടാവുന്നത് ചൈനക്ക് വലിയ പ്രയാസമുണ്ടാക്കും എന്നതിനാല്‍ ചൈന സ്വാഭാവികമായും ആ രാജ്യത്തിന്റെ നേതൃത്വത്തിനൊപ്പമാണ് നിലകൊണ്ടത്.ചൈനയില്‍ നിന്ന് യുറോപ്പിലേക്ക് ചരക്ക് കൊണ്ടു പോകാനുള്ള റെയില്‍ കസാക്കസ്താനിലൂടെ കടന്നുപോകുന്നു.മാത്രമല്ല ഇങ്ങോട്ട് പ്രകൃതി വാതകം വരുന്നതും അതു വഴിയാണ്.ചൈനയുടെ വായ്പയോടെ വിവിധ രാജ്യങ്ങളില്‍ പദ്ധതികള്‍ സ്ഥാപിക്കുന്ന ബെല്‍റ്റ് റോഡ് ഇനീഷ്യേറ്റീവിന്റെ വഴിയും ഇതിലൂടെയാണ്.ഇവിടെ സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള മുഖ്യവൈരുദ്ധ്യം കണ്ടെടുടക്കുക പ്രയാസം.


ഇന്ത്യക്കും ഇതേ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ പിന്തുടരുകയേ വഴിയുള്ളൂ.വടക്കന്‍ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന കടന്നുകയറ്റങ്ങളും അതു വഴി ഇന്ത്യക്കു മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദങ്ങളും ചെറുക്കുന്നതിന് ഇന്ത്യക്ക് ചൈനയുടെ എതിര്‍ഭാഗത്തു നില്‍ക്കുന്ന രാജ്യങ്ങളുടെ സഹായം തേടാന്‍ കഴിയും വിധം അവരുമായി സഹകരിക്കുക ഒരു വഴിയാണ്.ഇന്ത്യ എന്തുകൊണ്ട് ക്വാഡിനെ ആശ്രയിക്കുന്നു എന്ന് ചൈനക്ക് മനസ്സിലാകായ്കയല്ല.ക്വാഡിനെ കാര്യമായി കണക്കാക്കേണ്ടതില്ല എന്ന അഭിപ്രായം പുറമേക്കെങ്കിലും ചൈനക്കുള്ളതായി ‘ഗ്ലോബല്‍ ടൈംസി” ലെ മുന്‍ റിപ്പോര്‍ടുകളില്‍ നിന്ന് മനസ്സിലാവും.ഇന്ത്യ തന്നെ ഒരു വന്‍ശക്തിയായി വളരാന്‍ ആഗ്രഹിക്കുന്ന സ്ഥിതിക്ക് അവര്‍ പൂര്‍ണമായും അമേരിക്കക്ക് കീഴ്‌പെട്ടു നില്‍ക്കാന്‍ താല്പര്യപ്പെടുകയില്ലെന്നും ജപ്പാനെപ്പോലെ അമേരിക്കയുടെ ആശ്രിതരാജ്യമാകുകയില്ലെന്നുമുള്ള വിലിയിരുത്തലുകള്‍ ആ പ്രസിദ്ധീകരണത്തില്‍ വന്നിട്ടുണ്ട്.റഷ്യയുമായുള്ള ഇന്ത്യയുടെ വിദേശ മന്ത്രി തല സംഭാഷണം ഇതിലേക്കുള്ള ചൂണ്ടുപലകയായി അവര്‍ എടുത്തുകാട്ടുകയുമുണ്ടായി.ശൈത്യകാല ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഔദ്യോഗിക സാന്നിദ്ധ്യം ഉണ്ടാവും എന്ന് ഇന്ത്യ അന്നു പറഞ്ഞതും ‘ഗ്ലോബല്‍ ടൈംസ് ‘ഇന്ത്യയുടെ സ്വതന്ത്ര നിലപാടിന് ഉദാഹരണമായി എടുത്തുകാട്ടിയിരുന്നു.പുറമെ ക്വാഡ് അതിലെ അംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തില്ലെന്ന് വാദിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറുകയും ചൈന ക്വാഡിനെതിരെയുള്ള തങ്ങളുടെ വിമര്‍ശനം കടുപ്പിക്കുകയും ചെയ്തതില്‍ നിന്ന് ക്വാഡ് അവരെ കുടുതല്‍ പ്രകോപിച്ചിരിക്കുന്നുവെന്ന് അനുമാനിക്കണം.ഇത് ഇന്ത്യക്ക് ഗുണകരമാണോ അല്ലയോ എന്നത് മറ്റൊരു വിഷയമാണ്.

ചൈനയുടെ ആഭിമുഖ്യത്തിലുള്ള ബെല്‍റ്റ് റോഡ് ഇനീഷ്യേറ്റീവിനെ സിപിഎം ഉയര്‍ത്തിക്കാണിക്കുന്നുവെങ്കിലും ഇത് സംബന്ധിച്ച ആശങ്കകള്‍ ഇന്ത്യയെ അതില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു എന്ന കാര്യം അവഗണിക്കുന്നു.ഉദാഹരണത്തിന് ചൈന- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത് ,പാകിസ്താന്റെ കൈവശമുണ്ടായിരുന്ന കാശ്മീരിന്റെ ഒരു ഭാഗത്തു കൂടിയാണ്.ചൈനയും പാകിസ്താനും തമ്മിലുള്ള അതിര്‍ത്തി കരാറനുസരിച്ച് ആ ഭാഗത്തെ 5000 ചതുരശ്ര കിലോ മീറ്റര്‍ സ്ഥലം പാകിസ്താന്‍ ചൈനക്ക് വിട്ടുകൊടുത്തിട്ടുണ്ട്.
ചൈനയെ അമേരിക്ക വളയുകയാണ് എന്ന് കരുതുന്നവര്‍ , സിപിഎം പോളിറ്റ് ബ്യൂറോ അംഗം.എസ് രാമചന്ദ്രന്‍ പിള്ളയെക്കൂടാതെ ധാരാളം പേരുണ്ട്.പ്രസിദ്ധ പത്രപ്രവര്‍ത്തകനും വാര്‍ത്താചിത്ര നിര്‍മാതാവുമായ ഓസ്‌ട്രേല്യക്കാരന്‍ ജോണ്‍ പില്‍ജര്‍ അവരിലൊരാളാണ്.2016 ല്‍ പില്‍ജര്‍ ‘ ദ കമിങ് വാര്‍ ഓണ്‍ ചൈന ‘ എന്ന ഒരു വാര്‍ത്താചിത്രം നിര്‍മിച്ചിരുന്നു.അതില്‍ ഏഷ്യയിലും ശാന്തസമുദ്രത്തിലും അമേരിക്കക്കുള്ള സൈനിക താവളങ്ങളെക്കുറിച്ച് പറയുന്നു.ഇത് വസ്തുതയാണ്.അമേരിക്ക ചൈനയെ ഒതുക്കാന്‍ ശ്രമിക്കുന്നു എന്നതും വസ്തുതയാണ്.അതേ സമയം അമേരിക്കയും ചൈനയും തമ്മിലുള്ള ബലപരീക്ഷണത്തിന്റെ കാരണങ്ങളല്ല ഇന്ത്യക്ക് ചൈനയുമായുള്ള അഭിപ്രായഭിന്നതക്ക് കാരണം.വടക്കന്‍ പ്രദേശത്തെ അതിര്‍ത്തിയില്‍ ചൈന നിരന്തരം സൃഷ്ടിക്കുന്ന പ്രകോപനങ്ങളാണ് അത്.രണ്ടും രണ്ടായിട്ടു തന്നെ കാണണം.ഒപ്പം തന്നെ ചൈനക്ക് സ്വന്തം താല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയും വിധം അവരുടെ സ്വാധീന മേഖല വര്‍ധിക്കുന്നതിനോടും ഇന്ത്യയ്ക്ക് താല്പര്യമുണ്ടാവില്ല.


‘ ചൈനക്കെതിരായ വലിയ പ്രചാരണം നടത്തുന്നത് സിപിഎമ്മിനെ ആക്രമിക്കാനാണ് .ചൈനയെ വളഞ്ഞിട്ട് ആക്രമിക്കികയാണ്…..ഇന്ത്യ അടക്കമുള്ളവരെ ഒപ്പം ചേര്‍ത്ത് അമേരിക്ക ചൈനക്കെതിരെ നീക്കം നടത്തുന്നു.’ എന്ന് ജനുവരിയില്‍ നടന്ന സിപിഎം കോട്ടയം ജി ല്ലാ സമ്മേളനത്തില്‍ രാമചന്ദ്രന്‍ പിള്ള പ്രസംഗിക്കുകയുണ്ടായി.എന്നാല്‍ ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുത്ത് നിര്‍ദ്ദേശിക്കുകയുണ്ടായി.” സോഷ്യലിസ്റ്റ് രാജ്യമെന്ന നിലക്ക് സാമ്രാജ്യത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ചൈന തയ്യാറാകുന്നില്ല.പാര്‍ടി 2012 ലെ കോണ്‍ഗ്രസ്സ് അംഗീകരിച്ച പ്രത്യയ ശാസ്ത്ര പ്രമേയത്തില്‍ ഇതു പറഞ്ഞിട്ടുണ്ട് പാര്‍ടി അവിടെത്തന്നെയാണ് നില്‍ക്കുന്നത്.’
തുടര്‍ന്ന് ചൈനയെ പ്രകീര്‍ത്തിക്കുകയായിരുന്നില്ല തന്റെ ഉദ്ദേശ്യമെന്ന് രാമചന്ദ്രന്‍ പിള്ള വിശദീകരിക്കുകയുമുണ്ടായി.ഏതായാലും ചൈന സോഷ്യലിസ്റ്റ് രാഷ്ട്രമാണെന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ സംശയമില്ല.

ബിജെപിയുടെ കേന്ദ്രഭരണം ,പൗരന്മാരുടെ സ്വകാര്യതയെ ഭഞ്ജിക്കുന്ന നടപടികള്‍ നിരന്തരം സ്വീകരിക്കുന്നു എന്നു മാത്രമല്ല,പാര്‍ലമെന്റിലെ ഭൂരിപക്ഷത്തെ ,ഭൂരിപക്ഷത്തിന്റെ മര്‍ദ്ദനമായി പ്രയോഗിക്കുന്നു എന്ന ആക്ഷേപം സിപിഎമ്മിനുണ്ട്.പക്ഷെ തങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ പാര്‍ടി അധികാര പ്രയോഗത്തിന്റെ ഏകശാസനമാണ് നടക്കുന്നത് എന്നും പൗരന്റെ ജനാധിപത്യാവകാശങ്ങള്‍ അവിടങ്ങളില്‍ കവര്‍ന്നെടുക്കപ്പെടുന്നു എന്നുമുള്ള ആക്ഷേപങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു.യാഥാര്‍ത്ഥ്യത്തിന് നേരെ നോക്കാനുള്ള വിസമ്മതത്തില്‍ നിന്ന് ജനിക്കുന്ന വൈരുദ്ധ്യമാണിത്.ഒരിടത്തു നടത്തുന്ന അടിച്ചമര്‍ത്തല്‍ ലോകത്ത് എവിടെ പ്രയോഗിച്ചാലും അത് അടിച്ചമര്‍ത്തല്‍ തന്നെ.സാമ്രാജ്യത്വവും സങ്കല്‍പത്തിലുള്ള സോഷ്യലിസവും തമ്മില്‍ വൈരുദ്ധ്യമുണ്ട് എന്ന് വാദിക്കുന്നത് മനസ്സിലാക്കാനാവും.നന്മയും തിന്മയും തമ്മില്‍ വൈരുദ്ധ്യമുണ്ട് എന്നു പറയും പോലെ തന്നെ.എന്നാല്‍ സോഷ്യലിസം എന്നത് ,ഇപ്പോഴത്തെ ‘സോഷ്യലിസ്റ്റ് ‘ രാജ്യങ്ങളിലെ വ്യവസ്ഥയാണെങ്കില്‍ അതല്ല മുഖ്യവൈരുദ്ധ്യം എന്നു പറയേണ്ടി വരും.സാമ്രാജ്യത്വ ചേരിക്കകത്തെ വിള്ളലുകള്‍ സിപിഎം കാണാതിരിക്കുന്നില്ല.അതേ വിള്ളലുകള്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കിടയിലും ഉണ്ടല്ലോ .ശാന്ത സമുദ്രതീരത്തെ ചില രാജ്യങ്ങള്‍ക്ക് ചൈനയുമായി തര്‍ക്കമുള്ളതുപോലെ വിയറ്റ്‌നാമിനും തര്‍ക്കമുണ്ട്.യഥാര്‍ത്ഥത്തില്‍ മുഖ്യവൈരുദ്ധ്യം ഇനിയും വികസിക്കാന്‍ സാധ്യതയുള്ള ജനാധിപത്യവും ചൈനയുടെതുപോലുള്ള ഏകപാര്‍ടി സ്റ്റേറ്റുകളിലെ സമ്പ്രദായവും തമ്മിലുളളതാണ്.ആ വൈരുദ്ധ്യം വളര്‍ന്നുവലുതാകാതിരിക്കാന്‍ ചൈന ആഗ്രഹിക്കുന്നു എന്നു കരുതണം.ആ വൈരുദ്ധ്യം വളര്‍ന്നുവലുതാവാതിരിക്കാന്‍ പുടിന്റെ റഷ്യയും ആഗ്രഹിക്കുന്നു.യുക്രെയ്ന്‍ ,റഷ്യയുടെ സ്വാധീന വലയത്തില്‍ നിന്ന് മുക്തമായി യുറോപ്യന്‍ യൂനിയനിലും നാറ്റോവിലും അംഗമാവാന്‍ പരിശ്രമിക്കുന്നു.മറുവശത്ത് പോളണ്ടും ഹങ്കറിയും പോലെ ജനാധിപത്യത്തിന് വിലയിടിഞ്ഞിട്ടുള്ള രാജ്യങ്ങള്‍ യുറോപ്യന്‍ യൂനിയനില്‍ അംഗങ്ങളാണ്.

1949 ല്‍ അധികാരത്തില്‍ വരും മുമ്പെ മാവോ ,അമേരിക്കയുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു എന്ന കാര്യം ,പില്‍ജര്‍ തന്റെ വാര്‍ത്താചിത്രത്തില്‍ പറയുന്നു.അധികാരപ്രാപ്തിക്ക് അഞ്ചു വര്‍ഷം മുമ്പ് മാവോ ,അമേരിക്കന്‍ അധികാരികള്‍ക്ക് രഹസ്യമായി ഇങ്ങനെ എഴുതിയതായി പില്‍ജര്‍ : ‘ ചൈന ഇപ്പോള്‍ തന്നെ വ്യവസായവത്ക്കരിക്കേണ്ടതുണ്ട്.സ്വതന്ത്ര വ്യാപാരത്തിലൂടെ മാത്രമേ ഇത് സാധിക്കൂ.ചൈനയുടെയും അമേരിക്കയുടെയും താല്പര്യങ്ങള്‍ ,സാമ്പത്തികമായും രാഷ്ട്രീയമായും ചേര്‍ന്നു നില്‍ക്കുന്നു.തങ്ങള്‍ സഹകരിക്കില്ലെന്ന് അമേരിക്കക്ക് ഭയപ്പെടേണ്ടതില്ല.അമേരിക്കയെ അടിച്ചു കൊണ്ട് അപകടം ക്ഷണിച്ചുവരുത്താന്‍ ഞ്ങ്ങള്‍ക്കാവില്ല.ഒരു സംഘര്‍ഷത്തിലേക്ക് എടുത്തുചാടാന്‍ ഞങ്ങള്‍ക്കാവില്ല.’ ഭാവിയിലേക്ക് നോക്കാനുള്ള കെല്പില്ലായ്മയും അഹന്തയും കാരണമാവാം അമേരിക്കക്കാര്‍ ഇതിന് മറുപടിയൊന്നും നല്‍കിയില്ല. എന്നാല്‍ ഇപ്പോള്‍ ഒരു സംഘര്‍ഷത്തിന്റെ ആപത്തുകള്‍ ഏറ്റെടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കും എന്ന് ചൈന കരുതുന്നു.
തങ്ങളുടെ തന്നെ വലിയൊരു പ്രതിബിംബം ഇപ്പോള്‍ ഭീഷണിയുയര്‍ത്തുന്നതായി അമേരിക്ക കാണുന്നുവെന്ന് പില്‍ജര്‍.അമേരിക്ക കണ്ണാടി നോക്കുമ്പോള്‍ ,ശാസ്ത്ര നോവലുകളിലെന്ന പോലെ ,അതേ പോലെ കോട്ടും ടൈയും ധരിച്ച ചൈനയുടെ പ്രതിബിബത്തെ കാണുകയും ഭയക്കുകയും ചെയ്യുന്നു.അതേ സമയം ഈ രാജ്യങ്ങള്‍ രണ്ടു വ്യവസ്ഥകള്‍ പിന്തുടരുന്നു എന്ന കാര്യത്തിലേക്ക് പില്‍ജര്‍ കടക്കുന്നില്ല.സിപിഎമ്മും ചില കാര്യങ്ങള്‍ക്കു നേരെ അതു പോലെ കണ്ണടക്കുന്നു.

വിദൂരമായ ഒരു കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുടെയൊ രാഷ്ട്രീയ ഇസ്ലാമിന്റെയൊ പോലുള്ള പ്രത്യയശാസ്ത്രങ്ങള്‍ അപ്രസക്തമാകുന്ന ഒരു കാലം വിഭാവനം ചെയ്യുന്നതില്‍ തെറ്റില്ല.അതു വരേക്കും കമ്യൂുണിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന പാര്‍ടിയുടെയൊ അതല്ലെങ്കി്ല്‍ മതപ്രത്യയശാസ്ത്രത്തിലധിഷിഠിതമായിട്ടുള്ള പാര്‍ടിയുടെയൊ ഏകാധിപത്യമാണ് അഭികാമ്യം എന്ന് പറയാതെ പറയുന്നത് തെറ്റു തന്നെയാണ്.സമ്പത്തിന്റെ പുനര്‍വിതരണം ശരിയായി നടക്കുന്നുവെങ്കില്‍ അതായത് ഉണ്ണാനും ഉടുക്കാനുമുള്ള വക ഉറപ്പുവരുത്തിയെങ്കില്‍ മറ്റു കാര്യങ്ങള്‍ തല്‍ക്കാലം മറക്കുക എന്ന വിചാരത്തെ ഒരു ജനാധിപത്യ വിശ്വാസിക്ക് നിരാകരിക്കുകയേ വഴിയുള്ളൂ.

കവർ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like