കർണാടകയിലെ ഹിജാബ് പ്രതിസന്ധി ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണെന്നു പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു . ഉഡുപ്പിയിൽ ഹൈക്കോടതിയിൽ പെറ്റീഷൻ സമർപ്പിച്ച വിദ്യാർത്ഥിനിയുടെ പിതാവിന്റെ ഹോട്ടൽ അക്രമികൾ അടിച്ചു പൊളിക്കകയും സഹോദരനെ കയ്യേറ്റം ചെയ്യുകയും ഉണ്ടായി ദിവസം കഴിയുന്തോറും അധികൃതർ കൂടുതൽ വിദ്യാലയങ്ങളിലേക്കു താൽക്കാലിക ഉത്തരവിന്റെ മറവിൽ നിരോധനം ബാധകമാക്കുകയാണ്.
2021 ഡിസംബറിൽ ലോക്ക് ഡൌൺ കഴിഞ്ഞു കോളേജ് തുറന്നപ്പോൾ ഉഡുപ്പിയിലെ കോളേജിൽ ഹിജാബ് ധരിച്ച ആറു കുട്ടികൾ പ്രവേശിക്കാൻ ശ്രമിക്കുകയും അധികൃതർ വിലക്കുകയും ചെയ്യുന്നിടത്തു നിന്നാണ് സംഭവം രാജ്യത്തിൻറെ ശ്രദ്ധയിൽ പെടുന്നത് . അതിനു മുൻപ് കോളേജിൽ പ്രവേശന കവാടത്തിൽ വെച്ച് ഹിജാബ് അഴിച്ചു ബാഗിൽ വെച്ച് കോളേജിൽ പ്രവേശിക്കുകയായിരുന്നു രീതി എന്ന് പ്രിൻസിപ്പൽ വിശദീകരിക്കുന്നു. യൂണിഫോം സംബന്ധിച്ച നിബന്ധനകൾ അനുസരിച്ചായിരുന്നു ആ സമ്പ്രദായം തുടർന്ന് വന്നത്. വിദ്യാർത്ഥിനികൾ അനുവാദത്തിനായി കോളേജ് അധികൃതർക്ക് അപേക്ഷ നൽകുകയും അതിന്മേൽ നടപടി ഉണ്ടാവാതിരിക്കുകയും ചെയ്തപ്പോഴാണ് ഏതാനും വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ചു കൊണ്ട് കോളേജിൽ പ്രവേശിക്കാൻ മുതിർന്നതും തടയപ്പെട്ടപ്പോൾ പ്രവേശന കവാടത്തിൽ സമരം ചെയ്തതും.

നിരവധി പോസ്റ്റുകളും വാർത്താ കുറിപ്പുകളും കണ്ണിൽ പെട്ടു എങ്കിലും നിലവിലുള്ള വസ്ത്ര ധാരണ രീതിയിൽ ആരാണ് മാറ്റം വരുത്തിയത് എന്ന് വ്യക്തമായിരുന്നില്ല. അത് വിവാദത്തിലും അതിനെ തുടർന്നുണ്ടായ വർഗീയ ധ്രുവീകരണത്തിലും താക്കോൽ ഘടകമാണ്. പിന്നെ എന്ത് കൊണ്ടായിരിക്കും അത് മാധ്യമങ്ങൾ സംശയ രഹിതമായി റിപ്പോർട്ട് ചെയ്യാതിരുന്നത്. അങ്ങനെ ചോദിച്ചാൽ ഒരു വർഗീയ കലാപം ഏതു മാധ്യമത്തിനാണ് ഇഷ്ടമല്ലാത്തത് ?
സംഭവത്തിന് രണ്ടു മാസം മുൻപ് ഒരു വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തതിനെതിരെ എ ബി വി പി സംഘടിപ്പിച്ച റാലിയിൽ ഇപ്പോൾ ഹിജാബ് സമരത്തിന് മുൻപിലുള്ള വിദ്യാത്ഥിനിയുൾപ്പെടെയുള്ള മുസ്ലിം വിദ്യാർഥികൾ പങ്കെടുക്കുകയും റാലിയുടെ ഫോട്ടോ വൈറൽ ആവുകയും ചെയ്തു . അതിനെ തുടർന്ന് പോപ്പുലർ ഫ്രണ്ടു മായി ചാർച്ചയുള്ള വിദ്യാർത്ഥി സംഘടനയായ ‘ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ’യുടെ അംഗങ്ങൾ മുസ്ലിം വിദ്യാർത്ഥിനികൾ റാലിയിൽ പങ്കെടുത്തതിനെ വിമർശിക്കുകയും കർണാടകയുടെ തീരപ്രദേശങ്ങളിലുള്ള മുസ്ലിം വീടുകളിൽ വ്യാപകമായ പ്രചാരണം നടത്തുകയും ചെയ്തു . അതിന്റെ ഫലമായാണ് കോളേജ് തുറന്നപ്പോൾ ചില വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ചു പ്രവേശിക്കാൻ മുതിർന്നത് . സംഭവം നടക്കുമ്പോൾ ഭൂരിപക്ഷം മുസ്ലിം വിദ്യാർത്ഥിനികളും യൂണിഫോം ചിട്ട യനുസരിച്ചു ഹിജാബ് ധരിക്കാതെയാണ് ക്ലാസ്സിൽ ഇരുന്നത് എന്നതിൽ നിന്ന് അതായിരുന്നു പതിവ് രീതി എന്ന് അനുമാനിക്കാം .
ക്‌ളാസിൽ ഹിജാബ് ധരിക്കാൻ അവകാശമുന്നയിക്കുന്ന വിദ്യാർത്ഥിനിയുടെ പക്ഷം നോക്കാം . പൂർവ വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ചു ക്‌ളാസിൽ പ്രവേശിച്ചിരുന്നു എന്ന് അവൾ സാക്ഷ്യപ്പെടുത്തുന്നു . കഴിഞ്ഞ മൂന്നു കൊല്ലങ്ങളായിട്ടാണ് സീനിയർ വിദ്യാർത്ഥിനികൾ ഹിജാബ് ധരിക്കുന്നതിന്റെ പേരിൽ ഉപദ്രവം നേരിട്ടു തുടങ്ങിയത് .
തുടർന്ന് ഉഡുപ്പി കോളേജിൽ വിഷയം പഠിക്കാൻ ഒരു കമ്മിറ്റിയെ നിയമിക്കുകയും തീരുമാനം വരുന്നത് വരെകോളേജിൽ തൽസ്ഥിതി തുടരാൻ സംസ്ഥാന പ്രീയൂണിവേഴ്സിറ്റി വകുപ്പ് ഉത്തരവിറക്കുകയും ചെയ്യുന്നു .സംഘർഷമുണ്ടായ ഉഡുപ്പി കോളേജിലേക്ക് മാത്രം ബാധകമായ താൽക്കാലിക ഉത്തരവിന്റെ പേർ പറഞ്ഞു അടുത്തുള്ള നഗരത്തിലെ നൂറ്റാണ്ടു പിന്നിട്ട സർക്കാർ കോളേജിൽ കോളേജ്കമ്മിറ്റിയുടെ നേതൃ സ്ഥാനം കൂടി വഹിക്കുന്ന സ്ഥലം എം എൽ എ(ബി ജെ പി )ഹിജാബ് വിലക്ക് പ്രഖ്യാപിക്കുന്നു . ദശാബ്ദങ്ങളായി വിദ്യാർത്ഥിനികൾ ഹിജാബ് ധരിച്ചു ഹാജരാവുന്ന കോളേജിൽ ഉത്തരവിറക്കിയത് നിയമ വിരുദ്ധവും ദുരുദ്ദേശപരവും ആസൂത്രിതമായ ഒരു വർഗീയ കാര്യപരിപാടിയുടെ ഭാഗവുമായിരുന്നു എന്ന് വ്യക്തം .പോപ്പുലർ ഫ്രണ്ടും ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയും രക്ഷിതാക്കൾക്കും മുസ്ലിം സമൂഹത്തിൽ പൊതുവേയും ഉണ്ടാക്കിയ അവിശ്വാസത്തിന്റെ അന്തരീക്ഷം വീണുകിട്ടിയ സുവർണാവസരമാക്കുകയായിരുന്നു ഹിന്ദുത്വരാഷ്ട്രീയം .വിഷയം ചർച്ച ചെയ്യാൻ ക്ഷണിക്കപ്പെട്ട രക്ഷിതാക്കളുടെ മുൻപിൽ പിറ്റേദിവസം പ്രതിഷേധമായി ഹിന്ദു വിദ്യാർഥികൾ കാവി ഷാൾ പുതച്ചു ഹാജരായി .ഹിന്ദുത്വ സംഘടനകളുടെ പ്രേരണയാലാണ് യാഥാസ്ഥിതികത്വത്തിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും പതാക വാഹകരായി ആൺകുട്ടികൾ -നാളത്തെ പൗരന്മാർ – കാവി ഷാൾ ധരിച്ചും തലപ്പാവണിഞ്ഞും പ്രത്യക്ഷപ്പെട്ടത് .ഫലത്തിൽ എന്തിനെതിരെയായിരുന്നു അവർഅണി നിരന്നത് ?സഹ ജീവികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനെതിരെ ,വിദ്യാഭ്യാസ അവകാശത്തിനെതിരെ , രാജ്യത്തെ മത സഹ വർത്തിത്വത്തിനും ,സാമൂഹ്യ പുരോഗതിക്കും എതിരെ .
ഒരു പക്ഷത്തിന്റെ വക്താക്കളായി എ ബി വി പി യും മറുപക്ഷത്തെ പിന്താങ്ങി സി എഫ് ഐ യും നിലയുറപ്പിച്ചപ്പോൾ കെ എസ് യു ,വും എസ് എഫ് ഐ യും അസാന്നിധ്യം കൊണ്ട് ശ്രദ്ധേയരായി . വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ സമരഭൂമിയിൽ നിന്ന് മതേതര സംഘടനകൾ പിൻവാങ്ങുന്നതിൽ വലിയ അപകടം ഉണ്ട് . കർണാടകയിൽ നഗരങ്ങളിലും തീര ദേശങ്ങളിലും മത തീവ്ര വികാരം പുലർത്തുന്ന വിദ്യാർത്ഥി സംഘടനകൾ ഗണ്യമായ സ്വാധീനം ചെലുത്തുന്നുവത്രെ . എബിവിപി യുടെ ബലാത്സംഗ വിമർശക റാലിയിൽ പങ്കെടുത്തതിന് താൻ കുടുംബാംഗങ്ങളിൽ നിന്നും സമുദായത്തിൽ നിന്നും കടുത്ത സമ്മർദ്ദം നേരിടേണ്ടിവന്നുവെന്നു ഹിജാബ് സമരത്തിന്റെ മുൻനിരയിലുള്ള Assadi എന്ന പെൺകുട്ടി സമ്മതിക്കുന്നു . “ഹിന്ദു ജാഗരണ വേദിക”യുമായി തങ്ങൾ നിരന്തര സമ്പർക്കത്തിലാണ് എന്ന് കാവിഷാൾ പ്രതിഷേധക്കാരും . അടുത്ത ദിവസങ്ങളിൽ സമരം കൂടുതൽ കോളേജുകളിലേക്കു വ്യാപിച്ചു ഹിജാബ് ധരിക്കുന്നവരുടെയും കാവി ഷാൾ പുതച്ചു വരുന്നവരുടെയും എണ്ണം പല കോളേജുകളിലേക്കും പെരുകി .
“വിദ്യാർത്ഥികളുടെ വാട്സപ്പ് ഗ്രൂപ്പുകളിലാണ് പ്രതിഷേധം മുളപൊട്ടിയത് . കൂടെയുള്ള പെൺകുട്ടികൾ ശിരോവസ്ത്രം ധരിച്ചു കണ്ടപ്പോൾ ഞങ്ങൾ അസ്വസ്ഥരായി . ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാവുകയാണ് വേണ്ടത് . ഹിന്ദുകുട്ടികളോട് കാവി ഷാൾ ബാഗിൽ കരുതാൻ ഞങ്ങൾ നിർദേശിച്ചു . ഞങ്ങൾക്ക് എന്ത് കൊണ്ട് സ്വന്തം മത സ്വത്വം ഉന്നയിച്ചു കൂടാ ? “പ്രതിഷേധിക്കുന്നവരുടെ വക്താവായ കൗമാരക്കാരന്റെ വാക്കുകളാണ് ” കൃത്രിമ ബുദ്ധി മനുഷ്യ വികാരങ്ങൾ അനുഭവിക്കുവാനും പ്രതികരിക്കാനും പ്രാപ്തി നേടുന്നതു ചർച്ച ചെയ്യപ്പെടുന്ന ലോക സാഹചര്യത്തിൽ , അതിവേഗം കുതിക്കുന്ന ഏഷ്യൻ ശക്തി എന്ന് ഊറ്റം കൊള്ളുന്ന രാജ്യത്തെ , മുതിർന്ന വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ അസ്വസ്ഥരാവുന്നതും കണിശത പുലർത്തുന്നതും അവരവരുടെ മതസ്വത്വത്തെ കുറിച്ചാണെന്നത് നമ്മൾ എവിടെയെത്തി നില്ക്കുന്നു എന്ന് സൂചിപ്പിക്കുന്നു . ആരാണ് ഈ വിഷയങ്ങൾ ഇവർക്ക് മുൻപിൽ ഇട്ടു കൊടുത്തത് ?

ബീഫ് ഉപയോഗത്തിന്റെ പേരിൽ ആദ്യമായൊരാളെ തല്ലിക്കൊന്നത് ഒരു ധ്രുവീകരണ കാര്യപരിപാടിയുടെ launching ആയിരുന്നു . ചിലയിടങ്ങളിൽ ആവർത്തിച്ചുവെങ്കിലും അത് ഹിന്ദുത്വ ശക്തികൾ ഉദ്ദേശിച്ചത് പോലെ കത്തിപ്പിടിച്ചില്ല . ഹിന്ദുമത വിശ്വാസികളിൽ ഒരു വലിയ വിഭാഗം അത് പിന്താങ്ങാൻ വിസമ്മതിച്ചു . “മഹാ പാപം ” എന്നവർ ആ ക്രൂരതയ്ക്കെതിരെ മത ഭാഷയിൽ തന്നെ കണ്ണുംകാതും പൊത്തി. അതിന്റെ തുടർച്ചകൾ പരീക്ഷിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം ലവ് ജിഹാദ് കടന്നു ഇപ്പോൾ ഹിജാബ് വിരുദ്ധ സമരത്തിൽ എത്തി മുസ്ലിം സ്ത്രീകൾക്കെതിരെ നേർക്ക്നേർ പടനീക്കം നടത്തിയിരിക്കുകയാണ് .പക്ഷെ അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തു ഈ തീപ്പൊരി ഇട്ടു കൊടുത്തത് മുസ്ലിം തീവ്ര സംഘടനകളാണ്.അടുത്ത ഘട്ടത്തിൽ ഒരേ സമയം ന്യുനപക്ഷ പ്രതിരോധമായും സ്വന്തം സമുദായത്തിലെ സ്ത്രീകളെ ഒതുക്കുവാനുമുള്ള സുവർണാവസരമായും പരിവർത്തിപ്പിച്ചിരിക്കയാണ്അവർ . അവരുടെ സ്ത്രീകൾ ഒരിക്കലും അത് തിരിച്ചറിയില്ല എന്ന് അവർക്കുറപ്പുണ്ട് .
രാജ്യത്തെ ഛിദ്രീകരണ പ്രവർത്തനങ്ങളിൽ ഹിന്ദുത്വ -മുസ്ലിം തീവ്ര വാദ ശക്തികൾ പരസ്പര പോഷകമായിട്ടാണ് പ്രവർത്തിക്കുന്നത് എന്ന് വീണ്ടും തെളിയിക്കുകയാണ് ഹിജാബ് പ്രശ്നത്തിന്റെ തുടക്കവും വ്യാപനവും .ഭൂരിപക്ഷ ബലം ഉപയോഗിച്ചു ഹിന്ദുത്വ ശക്തികൾ പ്രത്യക്ഷമായാണ് നീങ്ങുന്നത് ആരുണ്ടിവിടെ തടയാൻ എന്നതാണ് കോടതികളെയും മാധ്യമങ്ങളെയും വരുതിയിലാക്കിയ അപ്രമാദിത്തം . രഹസ്യാത്മകവും ഗ്രൗണ്ട് ലെവലിൽ ലഹരിമരുന്നുപയോഗം പോലെ പ്രച്ഛഹ്നമായി വ്യാപിക്കുന്നതുമാണ് ഇസ്ലാമിക തീവ്ര രാഷ്ട്രീയം .
ബീഫ് കൊലപാതകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹിജാബ് സമരത്തിന് വ്യാപന ക്ഷമത കൂടുതലുണ്ട് . ഇതിലെന്ത് ?എന്ന് നിർദോഷികളും നിഷ്പക്ഷരും വരെ കടത്തി വിടുന്നു . അതിന്റെ ലക്ഷണങ്ങൾ മഹാരാഷ്ട്രയിൽ പ്രത്യക്ഷമായി. കേരളവും ജാഗരൂകമായിരിക്കണം .മാനന്തവാടിയിൽ കന്യാസ്ത്രീ ഹിജാബ് ധരിച്ച കുട്ടിയെ തടഞ്ഞു എന്ന വ്യാജ വീഡിയോ വൈറൽ ആയി . ഈ മഹാ വിപത്തിനെതിരെ നമ്മുടെ യുവതയെ സ്ത്രീ പുരുഷ ഭേദമെന്യേ അടിയന്തിരമായി സജ്ജരാക്കേണ്ടതുണ്ട് .മതേതര വിദ്യാർത്ഥി -യുവജന സംഘടനകൾക്കാണ് ഇതിൽ മുഖ്യ പങ്കു വഹിക്കാനാവുക . രാഷ്ട്രീയ പാർട്ടികളുടെ ആജ്ഞാനുവർത്തികളായി അവശേഷിക്കാതെ വിദ്യാർത്ഥി ലോകത്തു മത നിരപേക്ഷതയുടെ ജനാധിപത്യ സംസ്കാരം കൊണ്ടു വരാൻ , കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വിദ്യാർത്ഥി യുവജന സംഘടനകൾ തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞു പ്രവർത്തിക്കണം. പൊതുസമൂഹം ഒപ്പം നിൽക്കണം .
കടന്നു പോയ ദുരന്ത കാലങ്ങളിൽ കൈമെയ് കോർത്ത്സന്നദ്ധ പ്രവർത്തനം നടത്തിയവരാണ് ഇവിടത്തെ യുവാക്കൾ . സൂക്ഷ്മമായി നോക്കിയാൽ മിക്കവാറും ആ ശ്രമദാനവും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിന്റെയും നിർദേശങ്ങൾക്ക് വിധേയമായ കേഡർ പ്രവർത്തനമായിരുന്നു എന്ന് കാണാം. കക്ഷി രാഷ്ട്രീയത്തിനും മത സ്ഥാപനങ്ങൾക്കും പുറത്തു യുവജനങ്ങളിൽ ഒരു നവ ലോക വീക്ഷണം വളരണം, വളർത്തണം . അതിനു സ്വീകരിക്കേണ്ട നയങ്ങളെയും പരിപാടികളെയും കുറിച്ച് നൂതനാശയങ്ങൾ മാധ്യമങ്ങൾ ചർച്ച ചെയ്യണം.
*കർണാടക സമരത്തിന്റെ വിവരങ്ങൾക്ക് അവലംബം ദി ഹിന്ദു dtd 19 / 2/ 22
കവർ : വിത്സൺ ശാരദാ ആനന്ദ്