പൂമുഖം മറുപക്ഷം ഉക്രൈനിലെ കാലാൾപ്പട

ഉക്രൈനിലെ കാലാൾപ്പട

ലോകരാജ്യങ്ങളിലെങ്ങുമുള്ള നയതന്ത്ര വിദഗ്ദർ സമാധാനപാലനത്തിനായാണ് 24 മണിക്കൂറും കഠിന പ്രയത്നം ചെയ്യുന്നതെന്നാണ് സങ്കല്പം. നയതന്ത്രം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് തന്നെ സമാധാനപരമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താനുള്ള കൊടുക്കൽ-വാങ്ങൽ വിലപേശൽ ആണല്ലോ. സങ്കൽപം ഇങ്ങനെയൊക്കെ ആണെങ്കിലും സംഗതി നേരെ മറിച്ചാണ്. ലോകമെങ്ങുമുള്ള നയതന്ത്ര പ്രതിനിധികൾ 24 മണിക്കൂറും കഠിന പ്രയത്നം ചെയ്യാറുള്ളത് യുദ്ധകാലത്താണ്, പ്രത്യേകിച്ച് തങ്ങൾ നേരിട്ടു പങ്കെടുക്കാത്ത യുദ്ധ കാലങ്ങളിൽ.

യുദ്ധം ഒരു ചെസ്സ് കളിയാണ്, അതിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കും പങ്കെടുക്കാത്തവർക്കും. എല്ലാ കരുക്കളും ഒരേ സമയം കളിച്ചു കൊണ്ടിരിക്കുന്ന കളി. നേരിട്ടു ചാടി വീണു വെട്ടുന്ന കുതിരയും ആനയും മാത്രമല്ല ആ കളിയിൽ ബുദ്ധിപരമായി നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു പക്ഷേ വെട്ടു കൊണ്ട് വീഴുന്ന കാലാളിനേക്കാളും ബുദ്ധി ഉപയോഗിക്കണം പിന്നിൽ അനങ്ങാതെ പതുങ്ങിയിരിക്കുന്നതെന്നു തോന്നിപ്പിക്കുന്ന തേര്. ഒടുവിൽ യുദ്ധം അവസാനിക്കുമ്പോൾ വിജയ കിരീടം ചൂടി നിൽക്കുന്ന രാജാവിനും രാജ്ഞിക്കുമൊപ്പം കളത്തിൽ ബാക്കിയാവണമെങ്കിൽ, അവശേഷിച്ച ഭൂമി തങ്ങളുടേത് കൂടിയാക്കണമെങ്കിൽ.

ഇന്നലെ അമേരിക്കയും അൽബേനിയയും ചേർന്ന് ലോകരാഷ്ട്രീയത്തിൽ യാതൊരു പ്രസക്തിയും അവശേഷിക്കാത്തവണ്ണം അപ്രസക്തമായിപ്പോയ യൂ എൻ രക്ഷാ സമിതിയിൽ അവതരിപ്പിച്ച യുദ്ധവിരുദ്ധ പ്രമേയവും അത്തരത്തിൽ ഒരു കരുനീക്കം തന്നെയായിരുന്നു. കറുപ്പിലും വെളുപ്പിലും ആരൊക്കെയെന്നറിയണം. ഇന്ത്യ കൃത്യമായി കളിയിൽ നിന്ന് വിട്ടു നിന്ന് കൊണ്ട് തങ്ങളുടെ നയതന്ത്ര വിലപേശൽ ശക്തി ബലപ്പെടുത്തി.

പുതിയ ലോകം ആരുടേത് എന്നറിയാൻ കളി അൽപ നേരം നിരീക്ഷിക്കണം. അതാണിപ്പോൾ ഇന്ത്യ ചെയ്യുന്നത്. കളി കൈവിട്ടാൽ റഷ്യയോടൊപ്പം ചൈന ചേരും പിന്നെ ഇറാനും നോർത്ത് കൊറിയയും. വളരെ അപകടകരമായ ഒരു കോമ്പിനേഷൻ ആണത്, പ്രത്യേകിച്ച് നേരിട്ടു തന്നെ മനുഷ്യാവകാശങ്ങളിൽ ഒന്നും വിശ്വസിക്കാത്തവർ. മറുവശം പുറമെയെങ്കിലും മനുഷ്യാവകാശ കുപ്പായമിടുന്നവരാണ് ( അധികാരം കൈയ്യിലുള്ളവർക്ക് ആ കുപ്പായം വേണ്ടപ്പോൾ എടുത്തണിയാനും അല്ലാത്തപ്പോൾ അഴിച്ചു വെക്കാനും എളുപ്പമാണ്) ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ പ്രബലർ അല്ലാതിരുന്ന പല ഏഷ്യൻ രാജ്യങ്ങളും ഇന്ന് കളിയിൽ സജീവമാണ്, മാറ്റി നിർത്താൻ കഴിയാത്തവരാണ്. അങ്ങനെ പുതുതായി ഉണ്ടായേക്കാവുന്ന റഷ്യൻ – ചൈനീസ് – ഇറാനിയൻ – നോർത്ത് കൊറിയൻ സഖ്യത്തിൽ പഴയ റഷ്യൻ, ഇറാനിയൻ ബന്ധങ്ങൾ കണക്കാക്കിയാൽ സ്വാഭാവികമായി വരേണ്ടവർ ആണ് ഇന്ത്യ. റഷ്യ എല്ലാക്കാലത്തും ഇന്ത്യയോടൊപ്പം നിന്നിട്ടുണ്ട്, ഇന്ത്യയുടെ ദീർഘ കാല സുഹൃത്ത്.

നെഹ്‌റു ക്രൂഷ്‌ചേവിനൊപ്പം

ആ സുഹൃത്തിനെ പിണക്കാൻ വയ്യാത്തത് കൊണ്ട് മാത്രമല്ല ഇന്ത്യ യു എൻ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നതു. പുതിയകാല സുഹൃത്തായ അമേരിക്കയുമായി കൂടുതൽ വിലപേശൽ നടത്താൻ കൂടിയാണ്. ചൈനക്കെതിരെ അമേരിക്ക ഒരു സ്ട്രാറ്റജിക് പാർട്ണർ ആയി ഇപ്പോൾ ഈ മേഖലയിൽ കാണുന്നത് ഇന്ത്യയെയാണ്, പാകിസ്ഥാന്റെ കഴുത്തു ചൈനയുടെ കുപ്പിക്കുള്ളിലാണ്. അത് കൊണ്ടാണ് ഇന്നലെ വൈറ്റ് ഹൗസിൽ റഷ്യൻ ഉപരോധ വിഷയത്തിൽ ഇന്ത്യ നമുക്കൊപ്പമുണ്ടോ എന്ന ചോദ്യം ഉയർന്നതും ജോ ബൈഡനു ഇന്ത്യയുമായുള്ള ചർച്ചകൾ ഇനിയും അപരിഹാര്യമായി തുടരുന്നു എന്നും പറയേണ്ടി വന്നതും . ഇന്ത്യയെ ഒപ്പം ചേർത്ത് റഷ്യക്കെതിരെ ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കാനായി യൂ എസ് സ്റ്റേറ്റ് സെക്രട്ടറി ആന്തണി ബ്ലിങ്കൻ ഇന്ത്യൻ വിദേശ കാര്യ മന്ത്രി ജയശങ്കറിനെ നിർത്താതെ ഫോൺ വിളിച്ചു കൊണ്ടിരിക്കുകയാണ്.

2019 ൽ അമേരിക്ക ഇറാനെതിരെ വീണ്ടും വലിയ തോതിലുള്ള ഉപരോധങ്ങൾ ഏർപ്പെടുത്തിയപ്പോൾ മോദി ഗവണ്മെന്റ് ഇറാനുമായുള്ള മുഴുവൻ വ്യാപാരങ്ങളും നിർത്തി വെച്ചിരുന്നു. എന്നാൽ 2012 ൽ ഇതേ സാഹചര്യങ്ങളിൽ മൻമോഹൻ സിംഗ് ഗവണ്മെന്റ് ഇറാനുമായി ഒരു ബാർട്ടർ ഡീൽ ഉണ്ടാക്കിയിരുന്നു. ഇന്ത്യൻ ബാങ്കിങ് സിസ്റ്റം വഴി ഇറാനുമായി രൂപ ക്രയവിക്രയത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ചുകൊണ്ട് എണ്ണ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യൂക. പകരം ഇറാനു വേണ്ട അവശ്യ സാധനങ്ങൾ ഇന്ത്യ നൽകും. വാഷിങ്‌ടണിനും സമ്മതമായിരുന്നു ഈ ഡീൽ.

വൈകിയാണെങ്കിലും ഇത്തരത്തിലൊരു ഡീൽ വിലപേശലിലൂടെ ഇറാനുമായി മാത്രമല്ല റഷ്യയുമായും ഉണ്ടാക്കാനും അതിനു വാഷിങ്ങ്ടണിന്റെ അംഗീകാരം നേടിയെടുക്കാനുമാണ് ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നത്. ഇറാനിൽ നിന്ന് ഇത്തരത്തിൽ രൂപ നൽകി യൂറിയ ഇറക്കുമതി ചെയ്യാനുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. റഷ്യയാണ് നമ്മുടെ മറ്റൊരു വളം ദാതാവ്. അവരുമായും ഇത്തരത്തിൽ ഒരു ധാരണ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ കൊടുമ്പിരിക്കൊണ്ടു നടക്കുകയാണ്. ഇന്ത്യയുടെ 60 ശതമാനം work force ഉം ഇപ്പോഴും പണിയെടുക്കുന്നത് കാർഷിക മേഖലയിലാണ്. യുദ്ധം നീണ്ടു പോയാൽ ഇന്ത്യ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം എണ്ണ മാറ്റി നിർത്തിയാൽ യൂറിയയുടെ ലഭ്യത ആണ്, അതാകട്ടെ കാർഷിക മേഖലയിൽ ദീര്ഘകാല ദോഷം ചെയ്യുകയും ചെയ്യും.

കളിയുടെ ആദ്യ ഘട്ടത്തിലേ അമേരിക്ക ആദ്യ വൻ വിജയം നേടിക്കഴിഞ്ഞു. EU റഷ്യൻ ഉപരോധം വഴി ഏറ്റവും സാമ്പത്തിക നേട്ടമുണ്ടാകുന്നത് അമേരിക്കക്കാണ്, അതിനായിരുന്നു ഈ കളി തന്നെ. ലോകത്തിലെ ഏറ്റവും വലിയ നാച്ചുറൽ ഗ്യാസ് റിസേർവ് ഉള്ളത് റഷ്യയിലാണ്. ഈ ഗ്യാസ് ഉക്രൈനിലെ മണ്ണിനടിയിലൂടെ ആയിരക്കണക്കിന് കിലോമീറ്റർ നീളുന്ന പൈപ്പ് ലൈൻ വഴി ജർമ്മനിയിലെത്തുന്നതും അതിനു തങ്ങൾ തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം യൂറോയിൽ പണം നൽകുന്നതും സ്വപ്നം കണ്ടിരിക്കുകയായിരുന്നു ജർമ്മൻ ചാൻസലർ. ഉപരോധം അതെല്ലാം വെള്ളത്തിലാക്കി. അല്ലെങ്കിലും ഡോളറിൽ അല്ലാതെ അന്താരാഷ്ട്ര ക്രയ വിക്രയങ്ങൾ നടത്താൻ ഏതെങ്കിലും ലോക രാജ്യങ്ങൾ ശ്രമിച്ചിട്ടുള്ളപ്പോഴൊക്കെ ആ രാഷ്ട്രത്തലവൻ കൊല്ലപ്പെട്ടിട്ടുണ്ടല്ലോ, ജർമ്മനിയോട് അത്തരം ഒരു സമീപനം എടുക്കാൻ ആവാത്തതിനാലും തങ്ങൾ ഒരു സട കൊഴിഞ്ഞ സിംഹമാണെന്നു സ്വയം ബോധ്യപ്പെട്ടു തുടങ്ങിയതിനാലും ഇത്തവണ പുറത്തു നിന്നു റഷ്യയോട് ഉന്തുന്തുന്താളെയുന്ത് എന്ന് പാടിയെന്നേയുള്ളൂ, സന്ദർഭം കാത്തിരുന്ന,ഗ്യാസ് പൈപ്പ് ലൈനിനെക്കാളും പ്രാധാന്യം ഉക്രൈന് ആണെന്നറിയാവുന്ന പുട്ടിൻ ആളെയുന്തി. അമേരിക്കക്കു ഇനി വേണ്ടത് യുദ്ധം പുതിയ ചേരികൾ സൃഷ്ടിക്കാതെ അവസാനിക്കണം. അതിനു ഇന്ത്യയുടെ ചെറിയ സാന്ദർഭികമായ വിലപേശലുകൾ അവർ സമ്മതിച്ചു കൊടുക്കാനാണ് സാധ്യത. വിലപേശലുകൾ കഴിയുമ്പോൾ ഇന്ത്യയും നിലപാട് മാറ്റും.

ഒരു യുദ്ധം ഏതു നയതന്ത്ര വിദഗ്ധനാണ് ഇഷ്ടമില്ലാത്തത്

കളി കഴിയുമ്പോൾ ആർക്കും വേണ്ടാത്ത കുറെ മനുഷ്യർ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞു തിരിയും. അമ്മ നഷ്ടപ്പെട്ട കുട്ടികൾ, ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യമാർ, മക്കളെ നഷ്ടമായ അച്ഛനമ്മമാർ. അവരെക്കുറിച്ചു നമ്മൾ കവിതയെഴുതും, ഫോട്ടോ പ്രദർശനം നടത്തും. അപ്പോഴേക്കും നയതന്ത്ര വിദഗ്ദർ അടുത്ത കരുക്കൾ നീക്കാൻ തുടങ്ങും

……………………………………………………………..

അടിക്കുറിപ്പ് : ഇതിനിടയിൽ റഷ്യ – യുക്രൈൻ യുദ്ധം അങ്ങ് ശൂന്യാകാശം വരെയെത്തി കേട്ടോ. ഇന്റർ നാഷണൽ സ്‌പേസ് സ്റ്റേഷന്റെ ഭാവിയിൽ തന്നെ കരിനിഴൽ വീഴ്ത്തിക്കൊണ്ടു ഇന്നലെ റഷ്യൻ സ്‌പേസ് ഏജൻസിയുടെ തലവൻ ദിമിത്രി റൊഗോസിൻ നിരവധി ട്വീറ്റുകൾ ചെയ്യുകയുണ്ടായി. റഷ്യക്ക് എതിരെ ഉപരോധം തുടർന്നാൽ ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ അമേരിക്കയിലോ യൂറോപ്പിലോ വന്നു വീഴുന്നത് തടയാനാവില്ല എന്നായിരുന്നു അതിലൊന്ന്. ശീതയുദ്ധത്തിനു ശേഷം ആദ്യമായാണ് റഷ്യ അമേരിക്കയോടും മറ്റു പാശ്ചാത്യ വികസിത രാജ്യങ്ങളോടും ഇത്തരമൊരു പ്രൊജക്ടിൽ ചേർന്ന് പ്രവർത്തിക്കുന്നത്. റഷ്യൻ സാങ്കേതിക വിദ്യയാണ് ISS നെ താഴെ വീഴാതെ കാക്കുന്നത് എന്നതാണ് ദിമിത്രിയുടെ ട്വീറ്റിന് ആധാരം. സംഗതി വിവിധ രാജ്യങ്ങളിലെ സ്‌പേസ് സയന്റിസ്റ്റുകൾ ഗൗരവമായി എടുക്കുന്നില്ലെങ്കിലും സ്‌പേസ് സ്റ്റേഷനിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന അമേരിക്കൻ – റഷ്യൻ ശാസ്ത്രജ്ഞരിൽ യുദ്ധവും ഉപരോധവും ഇത്തരം വെല്ലുവിളികളും നീണ്ടുനിൽക്കുന്ന മാനസിക സംഘർഷങ്ങൾ സൃഷ്ടിക്കും എന്ന് പറയാതെ വയ്യ

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like