ഇപ്പോൾ
എന്റെ കാഴ്ചകൾ പരിമിതമാണ്
വളർച്ചയുടെ ഘട്ടങ്ങൾ
എനിക്ക് പരിമിതമായ
ഗുഹാവഴികൾ ഒരുക്കി
കത്തുന്ന മീനച്ചൂടിലും
വിയർക്കാത്ത ശീതമുറികൾ
ഏറ്റക്കുറച്ചിൽ ഒട്ടും ഇല്ലാത്ത നിർവികാരത.
ചെരിഞ്ഞു വീഴാതെ
ഏണിയുടെ മുകളിൽ കയറിപറ്റി.
താഴോട്ട് നോക്കാറില്ല
അപശകുനകാഴ്ചകൾ കണ്ട്
അസ്വസ്ഥ ജ്വരം വന്നാലോ..
നടക്കാൻ മറന്നു പോയിരിക്കുന്നു ഞാൻ
വിയർത്തുഷ്ണം താങ്ങാൻ വയ്യ.
മുറിയുടെ ഭാവം വെടിഞ്ഞാൽ
ലിഫ്റ്റിന്റെ താഴ്ച്ചയിലേക്ക്
അടഞ്ഞ കാർ വാതിലിൽ
യാന്ത്രിക ശീതം.
മെലിഞ്ഞ വഴികളില്ല,
കാറ്റില്ല , ചാറ്റൽ മഴയില്ല
ദൈന്യ മുഖങ്ങളില്ല.
നീണ്ട കൈകൾ പിണഞ്ഞ-
സ്തമിച്ച സൌഹൃദ സന്ധ്യകളില്ല.
ആഴ്ച്ചയറുതി കഴിഞ്ഞാൽ
നീണ്ട പകൽ പോലെ
മറ്റൊരു ആഴ്ച
പാതകളിൽ നിവരും.
വിതുമ്പലില്ലാത്ത
നിറഞ്ഞ തീൻ മേശകൾ.
ഒഴിവ് ദിനങ്ങളിൽ
നിശബ്ദദത മാത്രം വിരുന്ന്.
അശ്വനേത്ര കവചം
ധരിച്ചു ഞാൻ.
മറ്റനേകം കാഴ്ചകൾ അന്യമായ്.
ഏതൊരാൾക്ക് ദാനമായി
നൽകിടുമീ കവചം
നേരിനെ തൊട്ടറിയാൻ