പൂമുഖം LITERATUREനിരൂപണം കഥാവാരം – 9

കഥാവാരം – 9


ഒരു കഥ മഹത്തരമാകുന്നത്, അതിലേക്ക് കൂട്ടിച്ചേർക്കാനോ എടുത്തുകളയാനോ ഒരു വാചകവും ഇല്ലാതെയിരിക്കുമ്പോഴാണ്. മാതൃഭൂമിയിൽ എൻ പ്രഭാകരൻ എഴുതിയ ‘പാതിരാക്കോഴി അഥവാ വഴി തെറ്റി വന്ന ഒരു നാടോടിക്കഥ’, തുടക്കത്തിലെ ഖണ്ഡിക വായിച്ചാൽ മനോഹരമായ കഥ എന്ന് തെറ്റിദ്ധരിച്ചു പോകും. കഥയിൽ ആ ഒരു ഖണ്ഡിക മാത്രമേയുള്ളൂ. അതിനുശേഷം വരുന്ന ഏത് ഖണ്ഡികയും, ഏത് വാചകവും എടുത്തു മാറ്റിയാലും കഥയ്ക്ക് ഒന്നും സംഭവിക്കുന്നില്ല. പ്രത്യേകിച്ച് ഒരു കഥയും അതിലില്ല എന്നത് കൊണ്ടാണിത്. കഥയുടെ ഒടുക്കം നോക്കുക. അവസാനത്തെ വാചകത്തിന് പകരം ‘ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു…!”
എന്ന് പറഞ്ഞാലും ഇതേ ഇഫക്ട് തന്നെയാണ് ഉണ്ടാവുക.

മെസൊപൊട്ടേമിയ എന്നാണ് എം ഫൈസലിന്റെ കഥയുടെ ടൈറ്റിൽ (ദേശാഭിമാനി വാരിക ). യൂഫ്രട്ടീസ് ടൈഗ്രിസ് നദിക്കരയിലെ സമ്പന്നമായ പൗരാണിക സംസ്കാരത്തിൽ നിന്നുമുള്ള ഒരു കഥ പറച്ചിൽ എന്ന് പ്രതീക്ഷിക്കരുത്. കഥാനായകന് അങ്ങനെ ഒരു ഇഷ്ടം. അതുകൊണ്ട് തലക്കെട്ട് ചേർത്തു. അതുമായി ബന്ധപ്പെട്ട വിരസമായ കുറേ കാര്യങ്ങൾ പറഞ്ഞു ചേർത്തു. അതിനുശേഷമാണ് ദുർബലമായ കഥാതന്തുവിലേക്ക് എത്തുന്നത് തന്നെ. കോവിഡ് കാരണം പ്രതിസന്ധിയിലായിപ്പോയ ട്രാവൽ ആൻഡ് ടൂറിസം ഇൻഡസ്ട്രിയിൽ നിന്നും സഹപ്രവർത്തകരായ തൊഴിലാളികളെ പിരിച്ചു വിടുന്നതിന്റെ ആത്മസംഘർഷം അനുഭവിക്കുന്ന കഥാനായകൻ. പക്ഷേ കഥാകാരൻ ഉദ്ദേശിച്ച ഫീലിംഗ് വായനക്കാരിലേക്ക് എത്തുന്നതേയില്ല. കഥയിൽ ചേർക്കപ്പെടുന്ന ഹിസ്റ്ററി – ജ്യോഗ്രഫി തുടങ്ങിയവ അക്കാദമിക ആവശ്യത്തിനുവേണ്ടി വായിക്കുന്നവർക്ക് കൊള്ളാം. ഫിക്ഷന്റെ അനുഭൂതി ആസ്വദിക്കാൻ ശ്രമിക്കുന്നവർക്ക് അതൊരു വിരസ വിവരണം മാത്രമാണ്. ആയതിനാൽ റിയാസ്, നൈല, സമീർ എന്നീ കഥാപാത്രങ്ങളെ വായനക്കാരന്റെ മനസ്സിൽ പതിപ്പിക്കുന്നതിനു മുൻപേ, ‘നിങ്ങൾ കുറച്ച് ലോക വിവരങ്ങൾ പഠിക്കൂ..’ എന്ന് പറയുന്ന പ്രതീതി ഉണ്ടാകുന്നു. അവരോടുണ്ടാകേണ്ട അടുപ്പം ഉറപ്പിച്ചു നിർത്താൻ പറ്റാതെ വരുന്നു. അതിനു ശേഷം കഥാകൃത്ത് പറയുന്ന കാര്യങ്ങളിൽ നൂതനമായ ഒന്നും കാണാനും പറ്റാത്തതിനാൽ, കഥാവസാനം, “ഡിയർ സർ, യുവർ ഫ്രണ്ട്, മൈ ഫാദർ ഈസ് നോ മോർ” എന്ന നൈലയുടെ സന്ദേശം കേട്ട് വായനക്കാരൻ, “ഡീപ് കണ്ടോളൻസസ്” എന്ന് പറഞ്ഞ് പുസ്തകം മടക്കുന്നു. സൂക്ഷ്മതയിൽ എഡിറ്റിങ് കൊള്ളാം. ഭാഷയും നല്ലത്. അതിനിടയിൽ ചലനാത്മകമാകേണ്ടുന്ന വികാരങ്ങൾ വേണ്ട വിധം സന്നിവേശിപ്പിക്കാൻ പറ്റാത്തത് മേല്പറഞ്ഞ സ്ഥൂല വിവരണങ്ങൾ കാരണമാകാം.

ദേശാഭിമാനിയിൽ രണ്ടാമത്തെ കഥ, എസ് ശശികുമാറിന്റേതാണ്.
നമ്മുടെ സാമൂഹികവും മാനുഷികവുമായ ബോധത്തെ പ്രകോപിപ്പിക്കുന്ന ഏതെങ്കിലും സംഭവം ഉണ്ടാവുക. അതിനെ അധികരിച്ച് ഒരു കഥ എഴുതാൻ നമുക്ക് തോന്നുക. നമുക്ക് മുമ്പേ പല പല ആൾക്കാർ പലതരത്തിൽ വളരെ സുന്ദരമായി പറഞ്ഞിരിക്കാൻ സാധ്യതയുള്ള അത്തരമൊരു വിഷയത്തെ എങ്ങനെ വ്യത്യസ്തമായി പറയും എന്നാവും ‘മെഹ്റൂളിയിലെ പുഴയും സുബർണ്ണരേഖാ നദിയും’ എന്ന കഥ എഴുതാനിരിക്കുമ്പോൾ എസ് ശശികുമാർ ചിന്തിച്ചിട്ടുണ്ടാവുക.
അപ്പോഴാണ് സ്വാഭാവികമല്ലാത്ത രീതിയിലുള്ള കഥയെഴുത്ത് സംഭവിക്കുന്നത്. ഫലം, കഥയുടെ പ്രധാന ആശയത്തോട് യാതൊരു ബന്ധവുമില്ലാത്ത വളരെ വളരെ കൃത്രിമത്വം തുളുമ്പുന്ന പശ്ചാത്തല വിവരണങ്ങളുണ്ടാകുന്നു. അത് കഥയുടെ സിംഹഭാഗവും കവരുന്നു. എന്നിട്ട് ബാക്കി പറയുന്നത് വെറും ഒരു പൈങ്കിളി പ്രസ്താവന മാത്രമാകുന്നു. അത്ര മാത്രം പറഞ്ഞു നിർത്താമെന്ന് തോന്നുന്നു. അല്ലെങ്കിൽ “എം ഫൈസലിന്റെ കഥയെ നല്ലത് എന്ന് പറയിപ്പിക്കാൻ വേണ്ടി മാത്രമുള്ള ഒരു കഥ” എന്ന് പറഞ്ഞ് പോവും.

കഥകൾ പറഞ്ഞിരിക്കാൻ ഇഷ്ടപ്പെടുന്ന വരദ രാജനും എപ്പോഴും അയാളുടെ കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന സുഹൃത്ത് ജോസഫുമാണ് വി പ്രവീണ സമകാലിക മലയാളം വാരികയിൽ എഴുതിയ ‘കത്തി’ എന്ന കഥയിലെ കഥാപാത്രങ്ങൾ.
കഥകൾ പറയുന്ന വരദരാജൻ, ഒരു അപരിചിതൻ പറയുന്ന കഥയുടെ ശ്രോതാവാകുന്നതും, കഥയ്ക്കുള്ളിൽ വേറൊരു കഥ കുഴഞ്ഞു മറിഞ്ഞ്, ഒരു വ്യത്യസ്ത അനുഭൂതിയിലേക്ക് വായനക്കാരനെ എറിഞ്ഞിടുന്നതുമായ വളരെ നല്ല കഥയാണിത്. കഥ അവസാനിക്കുമ്പോൾ, വായനക്കാരനിൽ ഉണ്ടാകുന്ന സന്ദേഹങ്ങൾ, ഭീതി.. സുന്ദരമാണത്.
ഇതിന് മുൻപ് ‘പട്ടം’ എന്ന കഥയെക്കുറിച്ച് പറഞ്ഞിരുന്നു. അതും ഈ കഥയും തമ്മിൽ, കഥയുടെ ആശയം, അവതരണം, ഭാഷ, എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം വ്യത്യസ്തതയുണ്ട്. എഴുത്തുകാരിയുടെ റെയിഞ്ച് നെ വ്യക്തമായി കാണിച്ചു തരുന്നുണ്ട് ഇക്കഥ. എങ്കിലും, വളരെ സ്വാഭാവികമായി വായനക്കാരന് ഉൾക്കൊള്ളാൻ പറ്റുന്ന കഥയിൽ, ചില അലങ്കാര പ്രയോഗങ്ങൾ കൃത്രിമത്വം ഉണ്ടാക്കുന്നു.

ഈയാഴ്ച വായിച്ച കഥകളിൽ, അത്ഭുതപ്പെടുത്തിയത് മാധ്യമം വാരികയിൽ വന്ന കഥയാണ്. ‘ഇസഹ പുരാണം’. കഥാകൃത്ത് അർജുൻ അരവിന്ദ്. തുടക്കം, ചലനം, ഒടുക്കം എല്ലാം നല്ലത്. നൂതനത്വമുള്ള ആശയം. യഥാതഥത്വവും, ഭ്രമകല്പനയും ഗംഭീരമായി ചേർത്ത് വെച്ച കഥ. ഒരു വേള, മാജിക്കൽ റിയലിസത്തിന്റെ സ്പർശം. യുക്തിയുടെ ചോദ്യങ്ങൾ വായനയെ തടസ്സപ്പെടുത്താൻ സമ്മതിക്കാതെ, ഭ്രമകല്പനയെ സത്യമെന്ന് തോന്നിപ്പിക്കുന്ന കഴിവുണ്ട്, സോഫിയയും പാമ്പും തമ്മിലെ ബന്ധം പറയുമ്പോൾ. മെലോഡ്രാമ ആകാതെ, വൈകാരികത എങ്ങനെ കഥയിൽ സന്നിവേശിപ്പിക്കാം എന്ന് കാണിച്ചു തരുന്നു കഥാകൃത്ത്. മനോഹരമാണിക്കഥ.

ഇവ കൂടാതെ മലയാളനാട് ഓൺലൈൻ വെബ് പോർട്ടൽ പ്രസിദ്ധീകരിച്ച ഒരു കഥ കൂടി ഇപ്രാവശ്യം പറയാം. അനിൽകുമാർ സി പി യുടെ ‘വാട്ടുകപ്പയും തോട്ടുമീനും’. അമിത പ്രതീക്ഷകൾ ഒന്നുമില്ലെങ്കിൽ വെറുതെ വായിച്ചുപോകാവുന്ന ഒരു ശരാശരിക്കഥ. ഭാഷണരീതിയിൽ വരുന്ന ശ്രദ്ധക്കുറവ് ഒരു പോരായ്മ തന്നെയാണ്. മുന്നറിയിപ്പില്ലാതെ, പെട്ടെന്ന്, കഥ പറയുന്ന ഭാഷ മാറിപ്പോകുന്നത് വായനയുടെ ഒഴുക്കിനെ നന്നായി ബാധിക്കും. ഉറച്ചതല്ല കഥയുടെ ആശയം. പക്ഷേ, വായനാക്ഷമതയുണ്ട് എന്നതും, ഹാസ്യത്തിന്റെ മേമ്പൊടി, വിരസമാകുന്നില്ല എന്നതും മെച്ചമായി പറയാം.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like