പൂമുഖം LITERATUREകവിത പ്രണയ തീരം

പ്രണയ തീരം

ഉള്ളിൽ നിന്നോടിരമ്പും പ്രണയം
തുള്ളി പോലും പുറത്തേയ്ക്കൊഴുകാതെ
പൊള്ളുമീ മണ്ണിലമർന്നു പുണർന്ന്
കരൾ പിളർക്കുന്നു
എന്നുമെപ്പോഴും നിന്റെ
കൺതടങ്ങളിൽ നീ ഒളിപ്പിച്ചു
നവ്യമേതോ അനുഭൂതിതൻ
തിരയിളക്കം ..
എത്ര നീന്തിക്കരേറിയാലും
മതിവരാതെന്നും എന്നിൽനിൻ
പ്രണയം
എന്തിനെന്നെ സ്നേഹിച്ചു
മറഞ്ഞിരിക്കുന്നു നീ
എന്റെ കണ്ണുകൾ തോരാതെ
കാണുവാനോ ?
എന്തിനെന്മനം തൊട്ടു
തലോടുന്നു ,കൂടെ നീയെന്നും
ഉണ്ടെന്നോതുവാനോ ?
നിന്റെ കണ്ണിൽ നീ കാട്ടിത്തരുന്നു
എന്റെ പ്രണയത്തിൻ സാഗര വീചികൾ
എന്നിലെ എന്നെ ഞാനറിയുന്നു
നിന്നിലെ ഹൃദയ താളങ്ങളിൽ
സൂര്യ ചന്ദ്രന്മാർ എന്നെ
അണിയിക്കുന്നു ,സ്വർണ്ണ
വളകളും വെള്ളിക്കൊലുസും
എന്റെ നിത്യ പ്രണയത്തിൻ
സാക്ഷികളായവർ എന്നും
പുഞ്ചിരി തൂകുന്നു
എത്ര കാതങ്ങൾ താണ്ടണം ഞാൻ
എത്ര ജന്മങ്ങൾ പുനർജ്ജനിക്കണം
എത്രനൂൽപ്പാലങ്ങളിൽ വീഴാതെ
മറുകര എത്തണം
നിന്നിലേക്കെത്താൻ
നിന്നെ പുണരുവാൻ
നിന്നിലലിഞ്ഞു ചേരാൻ
ഒന്നായൊഴുകി ലയിച്ചിടാൻ .

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments

You may also like