പൂമുഖം LITERATUREനിരൂപണം കഥാവാരം – ഭാഗം എട്ട്

കഥാവാരം – ഭാഗം എട്ട്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ഒരു കഥാകൃത്ത് ആകണമെങ്കിൽ ജന്മസിദ്ധമായ പ്രതിഭ ആവശ്യമാണ്. പൂർവസൂരികളായ മഹാരഥന്മാരുടെ കലാസൃഷ്ടികളുടെ വായന വഴി തന്നിലുള്ള ആ പ്രതിഭയെ ജ്വലിപ്പിക്കുമ്പോഴാണ് എഴുത്തുകാരൻറെ കഥകൾ ഏറ്റവും സുന്ദരമാകുന്നത്. കഥയെഴുതാൻ ആഗ്രഹം മാത്രം പോരാ, സ്വാഭാവികമായ അഭിരുചി കൂടി വേണം. എങ്കിലും, കഥയെഴുത്തുകാരനായേ തീരൂ എന്ന ഉത്കടമായ ആഗ്രഹം കൊണ്ട്, മേൽപ്പറഞ്ഞ സഹജ പ്രതിഭ ഇല്ലെങ്കിലും കഥകളെഴുതി പ്രതിഫലിപ്പിക്കാൻ ചിലർക്ക് സാധിക്കും. ഭാഷയും പ്രയോഗങ്ങളും അവതരണവും കൊണ്ടുള്ള രചനാചാതുരി, ചിലപ്പോൾ ശുദ്ധമായ കലയാണെന്നുള്ള തോന്നൽ ഉണ്ടാക്കിയെടുക്കാം. പക്ഷേ അത് വളരെ ക്ഷണികമായിരിക്കും. ഒന്നോ രണ്ടോ കഥകൾ കൊണ്ട് തന്നെ അത്തരം എഴുത്തുകാരന്റെ ഭാവി നിർണയിക്കപ്പെടും.

വാക്യഘടനയും ശൈലിയും സുന്ദരമായില്ലെങ്കിൽ, കഥയുടെ ആശയം നന്നായിരിക്കുമ്പോൾ തന്നെ വായന വിരസമാവും. താൻ ഇപ്പോൾ തന്നെ ബഷീറോ കാരൂറോ ആയി എന്ന ഉത്തമ വിശ്വാസം ഇല്ലായെന്നുണ്ടെങ്കിൽ അവരുടെ കഥകൾ വായിച്ചു കൊണ്ടേയിരിക്കുക. ആസ്വദിക്കാൻ മാത്രമാവരുത് ആ വായന; പഠിക്കുവാൻ കൂടിയാവട്ടെ.

സുഭാഷ് ഒട്ടുംപുറം മാധ്യമം വാരികയിൽ എഴുതിയ ‘സിനിമയെ അണിഞ്ഞവൾ’ നല്ല ദൈർഘ്യമുള്ള കഥയാണ്. ( വായനക്കാർ, “പതിവ് പോലെ” എന്നു കൂടി ഇതിനൊപ്പം ചേർത്ത് വായിച്ചു കാണും എന്ന് ഞാൻ ഊഹിക്കുന്നു). കഥയുടെ പ്രധാന ആശയത്തിലേക്ക് വായനക്കാരനെ എത്തിക്കാൻ അനിയന്ത്രിതമാം വിധം വാചകങ്ങൾ ഉപയോഗിക്കുന്നുണ്ട് കഥാകൃത്ത്. ഇടക്കെപ്പോഴൊക്കെയോ ചില വികാരങ്ങൾ നമുക്ക് കിട്ടുന്നുണ്ട്. എവിടെയൊക്കെയോ കാരൂരിന്റെ പൂവമ്പഴവും അതിലെ ആത്തേരമ്മയും നമ്മുടെ ഓർമ്മകളിലേക്കെത്തുന്നത് ഇക്കാരണം കൊണ്ടാവാം. സിനിമയെ ജീവനോളം നെഞ്ചിലേറ്റുന്ന ഗ്രാമം. സംശയരോഗിയായ രാജൻ, അയാൾ കള്ളു കുടിച്ച് വന്നു ഭാര്യ ശാരിയെ തല്ലുന്നത്, അവളുടെ ഒളിച്ചോട്ടം, പിന്നെ പിടിക്കപ്പെടുന്നത്, കാമുകൻ ഉപേക്ഷിക്കുന്നത്, അവസാനം ആ പെണ്ണ് ആത്മഹത്യ ചെയ്യുന്നത്- ഇതാണ് കഥയുടെ ആകെത്തുക. ആശയം എത്രമാത്രം പഴകിയതാണെന്ന് പറയേണ്ടതില്ലല്ലോ. എങ്കിലും അതിനിടയിൽ ശാരിയും, കുട്ടിയായ ആഖ്യാതാവും തമ്മിലുള്ള വിശിഷ്ടമായ ബന്ധം പറയാൻ ശ്രമിക്കുന്നുണ്ട് എഴുത്തുകാരൻ. പക്ഷേ ആ ബന്ധത്തിന്റെ ഊഷ്മളത വായനക്കാരനെ സ്പർശിക്കുന്നതേയില്ല. ഭാഷയും പ്രയോഗങ്ങളും ആവർത്തനങ്ങളാകുന്നു. ഭൂതകാലം പറയുമ്പോൾ, വാചകങ്ങളിൽ കൂടി തുടർച്ച ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ കഥ പറച്ചിൽ ഉപന്യാസ സ്വഭാവം കൈവരിക്കും. തുടക്കം മുതൽ നോക്കുക. സാമാന്യഭൂതകാല വാക്യങ്ങൾ. അവ അവസാനിക്കുന്നതോ, എല്ലായ്‌പോഴും ‘രുന്നു’, ‘ആയിരുന്നു’, എന്നിങ്ങനെ! ഓരോ വാക്യത്തിനും സ്വതന്ത്ര സ്വഭാവമുള്ളതിനാൽ തുടർച്ച നഷ്ടപ്പെട്ട് പാരായണം വിരസമാവുന്നു. ഭാഷയും പ്രയോഗങ്ങളും സുന്ദരമായില്ലെങ്കിൽ, ക്രാഫ്റ്റിങ് അവിദഗ്ദധമായാൽ, വാക്യഘടനയിൽ വൈവിധ്യം വന്നില്ലെങ്കിൽ, ഇങ്ങനെയാവും കഥ!

സമകാലിക മലയാളം വാരികയിൽ ജീവ വൃക്ഷം എന്ന കഥയുണ്ട്. എഴുത്തുകാരി ജിസ ജോസ്. നല്ല ഭാഷ. രസകരമായ അന്തരീക്ഷത്തിൽ കഥയുടെ ആരംഭവും പുരോഗതിയും. തുടക്കത്തിലെ രചന മനോഹരമായിരുന്നുവെങ്കിലും, പനങ്കുറുക്കിനെക്കുറിച്ചും, പനമ്പൊടിയെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നുണ്ട് കഥാകാരി. ശേബയ്ക്ക് അതു പറയേണ്ടതുണ്ടാവാം; വായനക്കാരന് അത് കേട്ടറിഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ എന്നത് പറയാൻ പറ്റില്ല. മൂന്ന് സ്ത്രീകൾ തമ്മിലുള്ള സൗഹൃദത്തിൽ നിന്നും കഥ പോകുന്നത് അവരിൽ രണ്ടു പേരുടെ തകർന്ന ദാമ്പത്യ ജീവിതത്തിലേക്കാണ്. പദ്മയുടെ വിവാഹ മോചനം, ശേബയുടെ ഭർത്താവിന്റെ സ്വവർഗ രതി, അയാളുടെ മരണം, അതിനു ശേഷമുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം അങ്ങനെയങ്ങനെ. ദുർബലമാണ് കഥാതന്തു. ആദ്യം സുദീർഘമായി പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ കഥയുടെ പ്രധാന ആശയത്തിലേക്ക് സൂചകങ്ങളാകുന്നില്ല. അതു കൊണ്ട് തന്നെ കഥ വായിച്ച ശേഷം, ശേബയോട് സ്വാഭാവികമായി വായനക്കാരനുണ്ടാകേണ്ടിയിരുന്ന വൈകാരിക ബന്ധം സൃഷ്ടിക്കപ്പെടുന്നതുമില്ല. എങ്കിലും, സംഭവ വർണനകൾ സ്വാഭാവികമാണ്, ഭാഷയും.

മൂന്നു കഥകൾ. ആ മൂന്നും തമ്മിൽ അന്യോന്യമുള്ള സുദൃഢമായ ബന്ധം. അവയെ കോർത്തിണക്കുന്ന വ്യക്തമായ ചരട്.

വെടിക്കെട്ടുകാരനായ അച്ഛന്റെ തൊഴിലിലുള്ള പ്രാഗത്ഭ്യവും, അയാളോടൊപ്പം ചെന്നുചേരുന്ന പാവ്ലോ യുടെ യജമാനക്കൂറും, കണ്ണന്റെ പതനവും കഥാകാരൻ വിവരിക്കുന്നതിൽ സ്വാഭാവികതയുണ്ട്. എങ്കിലും ചില പോരായ്മകൾ പറയാതിരിക്കാനാവില്ല. വെടിക്കെട്ടിനെക്കുറിച്ചുള്ള വിവരണം കൊണ്ട് സവിശേഷമായ അനുഭൂതിയൊന്നും ഉണ്ടാകുന്നില്ല. കഥയിൽ അത്യാവശ്യമായ ഒരു ഘടകവുമല്ല ആ വിശദീകരണം. ഇവാൻ പാവ്ലോ പട്ടിയിൽ നടത്തിയ പരീക്ഷണവും വിസ്തരിക്കേണ്ട ആവശ്യമുള്ളതായി തോന്നിയില്ല. ചെറുകഥയ്ക്ക് ചേരാത്ത വിധമുള്ള ദൈർഘ്യം ഒരു ന്യൂനതയായി ചൂണ്ടിക്കാട്ടാമെങ്കിലും കഥ അവസാനിപ്പിച്ച രീതി ആ പോരായ്മയെ ലഘുകരിക്കുന്നു.

അപൂർണതയിലെ പരിപൂർണത-ഗംഭീരമാണ് കഥാവസാനം.

ദേശാഭിമാനിയിൽ എം പ്രശാന്ത് എഴുതിയ ഡബിൾ ബാരൽ കഷ്ടിച്ച് നാലു പേജുള്ള കഥയാണ്. റോസിയുടെ ഭർത്താവ് ജോണിയും വർക്കിച്ചേട്ടനും അയാളുടെ ഭാര്യ വീനസും കാട്ടിലേക്ക് വേട്ടയ്ക്ക് പോകുമ്പോൾ കാടിന് സമീപത്തെ ഒറ്റപ്പെട്ട കെട്ടിടത്തിൽ കുഞ്ഞുമായിരിക്കുന്ന റോസിയിലാണ് കഥ തുടങ്ങുന്നത്. തുടക്കത്തിൽ തന്നെ വർക്കി സ്ത്രീലമ്പടനാണെന്ന് കഥാകൃത്ത് കാണിച്ചു തരുന്നു. നായാട്ടിനു പോയ വർക്കിച്ചൻ ഒരു കാട്ടു പന്നിയെ വെടിവെച്ച് വീഴ്ത്തുന്നത് സുന്ദരമായി തന്നെ കഥാകൃത്ത് പറയുന്നുണ്ട്. ജോണിയെയും വീനസിനെയും അവിടെ നിർത്തി, വർക്കിച്ചൻ റോസിയുടെ അടുത്തേക്ക് വരുന്നതാണ് കഥ. കഥ തീർന്നു. ഇക്കാര്യങ്ങളൊക്കെ എത്രയെത്രയോ തവണ നമ്മൾ വായിച്ചതും കണ്ടതുമാകയാൽ, ഈ ആശയം പ്രതിഫലിപ്പിക്കുന്നതിന് നൂതനമായ അവതരണരീതി കഥാകൃത്ത് അവലംബിച്ചിരുന്നെങ്കിൽ നന്നാകുമായിരുന്നു.

എഡിറ്റിങ് അവിദഗ്ദധമെന്ന് മാത്രമല്ല, ഭാഷയും ഭാഷണവും കൈകാര്യം ചെയ്യുന്നതിലും അനവധാനത കാണാൻ കഴിയും. അച്ചടി ഭാഷ എന്ന് വിളിക്കപ്പെടുന്ന പൊതു ഭാഷയിൽ തുടങ്ങുന്ന കഥ ഒരു മുന്നറിയിപ്പുമില്ലാതെ കോട്ടയം – മധ്യ തിരുവിതാംകൂർ ഭാഷയിലേക്ക് ചാടുന്നു. ആത്മഗതമാണോ സംഭാഷണമാണോ എന്നറിയാൻ പറ്റാത്ത വിധം വഴിതെറ്റിക്കുന്ന ചിഹ്നനം (ഉദ്ധരണികൾ). അതിനാൽ, വായന ക്ലേശകരമാകുന്നു.

മുൻപൊരിക്കൽ പറഞ്ഞത് ആവർത്തിക്കുന്നതിൽ വായനക്കാർ ക്ഷമിക്കുക. കഥയുടെ ആകെത്തുകയോട് ചേർന്നു നിൽക്കണം അതിൽ ഉപയോഗിക്കുന്ന ഭാഷ. അല്ലെങ്കിൽ ഏച്ചു കെട്ടിയത് പോലെ, ഒരു തരം കൃത്രിമത്വം അനുഭവപ്പെടും വായനക്കാർക്ക്. നിങ്ങൾ ബാല്യകാല സഖി വായിക്കൂ. ഒരു മനുഷ്യൻ വായിക്കൂ. ഭൂമിയുടെ അവകാശികൾ വായിക്കൂ. അവ മൂന്നിലും ഭാഷ എത്ര മാത്രം വൈവിദ്ധ്യപൂർണമാണെന്ന് നോക്കൂ. കഥയുടെ ഉള്ളടക്കം അതിന്റെ ഭാഷയോട് എങ്ങനെ നീതി പുലർത്തുന്നു എന്ന് കണ്ടറിയൂ.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like