മൂവന്തി നേരത്ത് ഇത്തിരിക്കുറിഞ്ഞി
വീട്ടിലേക്ക് കാലെടുത്ത് വെച്ചത്
വഴി തെറ്റിയതോ കൌതുകം പൂണ്ടോ?
‘ഹേയ്’, കണ്ണിറുക്കി പതിയെ മച്ചിലേക്ക്
അള്ളിക്കയറുന്നതിനിടെ ചിണുങ്ങൽ:
‘പാവം കുറിഞ്ഞിക്ക് ഇത്തിരിയിടം…’
മച്ചൊരുങ്ങി, അലങ്കൃതം:
മഞ്ഞിൽ ചൂളരുത്,
ചൂടിൽ ഉരുകരുത്…
ചാടി, തലകുത്തി മറിഞ്ഞ് കുറിഞ്ഞി…
കൂട്ടായും കഥ പറഞ്ഞും മച്ച്.
ആരവം, പെരുമഴത്താളം…
ഒത്തിരി നാളുകൾ അങ്ങനെയിങ്ങനെ…
മച്ച് മച്ചല്ലാതായി, പൂച്ചയിടം മാത്രമായി.
ഒരേ പോലെകൾ മടുപ്പിക്കുമെന്ന്,
മച്ചിലെപ്പൊറുതി മതിയാക്കാൻ ന്യായം!
കേറി വന്ന വാതിൽ തുറന്നിരിപ്പുണ്ട്,
യാത്രാമൊഴിയെന്ന ഔചിത്യവും ബാക്കി.
പതിയെ ഇറങ്ങി പോകാമായിരുന്നു.
ഓട് പൊളിച്ച്, മേൽക്കൂര തകർത്ത്
പതിരാക്കള്ളനെപ്പോലെ ചാടണം:
പരിലാളനയ്ക്ക് പകരമായി
മച്ച് തവിട് പൊടിയാക്കണം!
പൂച്ചനീതി, അതൊന്ന് വേറെയാണ്…
‘ചില ഹിംസകൾ ചരിത്രത്തിന്റെ
അനിവാര്യതകളാണ്’
പുൽത്തകിടിയിൽ ഉല്ലസിച്ച്
ഇളംവെയിൽ കായുന്ന
ഉത്തരാധുനികപ്പൂച്ചയുടെ മുരൾച്ച.
പുതിയ മേച്ചിൽപുറം തേടുന്ന ഇടവേള…
‘പൂച്ച നാല് കാലിലേ വീഴൂ!’ എന്ന്,
തത്തമ്മയുടെ ലളിതമായ പാരഫ്രെയ് സിങ്!