നമ്മള്,
കാണാത്ത ദൂരക്കാഴ്ചകൾ,
വായിക്കാത്ത പുസ്തകങ്ങൾ,
പേരോർത്ത് വെക്കാത്ത മനുഷ്യർ,
സ്വയം മറന്നുവെച്ച കച്ചവടശാലകൾ,
രുചിക്കാതെ പോയ രസക്കൂട്ടുകൾ,
ഒപ്പമിരുന്ന് നെഞ്ചോളം പടരാൻ, പാടേ മറന്നു പോയ കടലിരമ്പങ്ങൾ,
മലയിടുക്കുകൾ കയറിച്ചെന്ന് മേഘച്ചീളുകളെത്തൊട്ട് കുളിരാനിടം കൊടുക്കാതെ പോയ, ഒറ്റക്കമ്പിളി പുതപ്പിനുള്ളിലെ ഇളം ചൂട്,
കാതടപ്പിക്കുന്ന കാറ്റിരമ്പത്തിനൊപ്പം പാറിപ്പറക്കാതിരുന്ന പട്ടച്ചിറകുകൾ,
നെയ്യാമ്പൽ പൂക്കളിൽ കവിതയെഴുതുമ്പഴും
സ്വയമറിയാതെ പോയ നിലാവെളിച്ചം,
ഒഴുകിപ്പറക്കുമ്പഴും കാറ്റേ മറന്നു പോയ പലവർണ്ണമിയലുന്ന കുമിളക്കൂട്ടങ്ങൾ,
ഞാറ്റുവേലപ്പെയ്ത്തുകളിൽ കുതിർന്ന വരമ്പിൻ ചോട്ടിൽ, കാക്കപ്പൂക്കളെ മറന്ന് വെച്ച ഇലക്കുമ്പിളുകൾ,
പലവട്ടം വഴി മറന്ന് പോയിട്ടും തോൽക്കാതെ പരതുന്ന, അടുക്കള വാതിൽക്കലെ കട്ടുറുമ്പിൻ കൂട്ടം,
പച്ചച്ച കുളപ്പടവിൽ ആളൊഴിയുന്നതും കാത്ത് ദൂരെ മിഴിയെറിഞ്ഞ് വെയിൽ കായുന്നൊരു കുളിക്കാൻ മടിയുള്ള ചെമ്പിച്ച പെണ്ണ്,
ഒടുവിലൊടുവില്…..,
നിന്റെ ഞാനോ എന്റെ നീയോ ആകാതിരുന്ന
ഞാനും നീയും,
ഇപ്പൊ,
മുഹൂർത്തം മറന്ന് നെയ്തെടുത്തതിനാലാവണം, മുറിഞ്ഞമർന്ന് പോയെങ്കിലും ഇതൊക്കെയൊന്ന് ഓർക്കാൻ തുനിഞ്ഞത്.
കവർ : വിത്സൺ ശാരദാ ആനന്ദ്