”സുവ്യക്തമായ് ലിപിയിൽ പ്രണവം പോലെ. ഭവ്യനിനാദമേ, നീയിതിൽത്തങ്ങുക.”
(കുമാരനാശാന്‍ )
സൗമ്യമധുരോദാരമായ ശബ്ദത്തിന്റെ പേരായിരുന്നു ലതാമങ്കേഷ്കര്‍. പാട്ടിന്റെ കാനനത്തില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന വസന്തം. ഏകാന്തതയുടെ കാനനത്തില്‍ ഇരുളില്‍ ഒറ്റപ്പെട്ട മനുഷ്യര്‍ക്കുള്ളില്‍ തെളിഞ്ഞ നക്ഷത്രം. കാന്താരതാരകം. വാനമ്പാടിയെന്നാണ് ലോകം ലതാമങ്കേഷ്കറിനെ വിശേഷിപ്പിച്ചത്. ഒരു കാലത്തിന്റെ സത്തയെ മുഴുവന്‍ ഹൃദയത്തോട് ചേര്‍ത്ത ശബ്ദപ്രപഞ്ചത്തെ ഉയിരിലേക്ക് നോക്കി നാം കേള്‍ക്കുന്നു. ആ നാദം മരണത്തിനാലും വിടപറയാതെ മണ്ണിനെ നിര്‍വൃതിയില്‍ ലയിപ്പിക്കുന്നു. നൂറ്റാണ്ടുകളോളം വറ്റാത്ത ശോഭയോടെ ആ ഗാനമധുരി വിശ്വമാകെ അവശേഷിക്കുന്നു. ഏകാന്തതയെ, വേദനയെ, ആനന്ദത്തെ, പ്രണയത്തെ ആ ശബ്ദം സംവഹിച്ച ഭാവങ്ങള്‍ക്ക് എണ്ണമില്ല. ജീവിതത്തെ കുറച്ചു കൂടി ജീവസ്സുറ്റതാക്കി ആ പാട്ടുകള്‍ പ്രാണനോട് ചേരുന്നു. ലതാ മങ്കേഷ്കര്‍ എന്ന ഗായിക വിടപറയുമ്പോള്‍ ഓര്‍മ്മിക്കാന്‍ അനവധി പാട്ടുകള്‍ ഒന്നിനുപിറകെ ഒന്നായി കടല്‍തിര പോലേ തള്ളിയേറി വരുന്നുണ്ട്.രക്തത്തെക്കാള്‍ സാന്ദ്രതയോടെ സിരയിലാകമാനം ആ ശബ്ദം തീര്‍ത്ത അനുഭവം നിറയുന്നു. ഉടല്‍ പാട്ടിനാല്‍ പൂത്ത് നില്‍ക്കും പോലെ. ആപാദചൂഡം ശബ്ദത്തിന്റെ പൂങ്കുയില്‍ കൂടൊരുക്കുന്നു.

ജോണറുകളുടെ അതിരിനെ ഭേദിച്ച് നല്ല സംഗീതം മനുഷ്യനെ ആനന്ദിപ്പിക്കുന്നു എന്നര്‍ത്ഥം വരുന്ന ഒരു വാക്യം സംഗീതത്തെക്കുറിച്ചുള്ള തന്റെ പുസ്തകത്തില്‍ ഹറുക്കി മുറക്കാമി എഴുതുന്നുണ്ട്. ലതാ മങ്കേഷ്കര്‍ തന്റെ പാട്ടിനാല്‍ മനുഷ്യവംശത്തിന്റെ അതിരുകളെ മായ്ച്ചു,വിടവുകള്‍ നികത്തി, ശൂന്യതയെ നിറവുള്ളതാക്കി, ഏകാന്തതയെ ആള്‍ക്കൂട്ടമാക്കി. ആ നാദവൈഖരി ഈ നാടിന്റെ ഹൃദയത്തില്‍ തൊട്ടു.
ഒന്ന്
”കേള്‍ക്കുന്നവര്‍ക്ക് സ്വന്തം ആത്മാവിന്റെ അശരീരിയായി സംഗീതം മാറിയത് ആകാശവാണിയിലൂടെയാണ്” എന്ന് പ്രദീപന്‍ പാമ്പിരിക്കുന്നു എഴുതുന്നുണ്ട്. ശബ്ദം സൃഷ്ടിക്കുന്ന മനോമണ്ഡലത്തില്‍ ശ്രദ്ധയോടെ ആസ്വാദകര്‍ ഇറങ്ങി നിന്നു. സ്വന്തം ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ച്ചകളെ അവര്‍ പാട്ടില്‍ ദര്‍ശിച്ചു. ‘തൂ ജഹാ ജഹാ ചലേ ഗേ ,മേരാ സായാ സാത്ത് ഹോഗാ ‘ എന്ന ഗാനം സുനില്‍ ദത്തും സാധനയും അഭിനയിച്ച് 1966 ല്‍ പുറത്തിറങ്ങിയ “മേരാ സായ” എന്ന ചിത്രത്തിന് വേണ്ടിയാണെന്ന് അറിയും മുന്‍പേ ഒരു രാത്രിയില്‍ ആകാശവാണിയിലൂടെ ഈ ഗാനം കേട്ടു. അന്ന് ദൃശ്യങ്ങളോ, ഗായികയുടെ മുഖമോ ഒന്നും മനസ്സിലില്ല. പക്ഷെ അതുവരെ കേട്ട പാട്ടുകളില്‍ നിന്നും ലഭിക്കാത്ത എന്തോ ഒന്ന് ഈ പാട്ടില്‍ നിന്നും ഉറവ പൊട്ടി ഒഴുകുന്നു. ആ പാട്ടില്‍ തന്നെ ലയിച്ചുറങ്ങി ആ രാത്രി. പിന്നെയും നിരവധി തവണ ഈ ഗാനം ആത്മാവിനെ വാരിപ്പുണര്‍ന്നു.’കഭി മുജ് കോ യാദ് കർകേ എന്ന ഭാഗത്ത് ഉന്‍ഹേ ആ കേ മേരേ ആംസു എന്ന വരിയില്‍ എത്തുമ്പോള്‍ ലതാജി ശബ്ദത്തെ ഒരു പ്രാവിനെയെന്ന പോലെ ഉള്ളിലൊതുക്കുന്നത് എന്തൊരനുഭവമാണ്! അങ്ങനെ എത്രയെത്ര പാട്ടുകള്‍.
രണ്ട്
1942 ല്‍ പുറത്തിറങ്ങിയ “കിറ്റി ഹസാല്‍” എന്ന മറാത്തി ചിത്രത്തിന് വേണ്ടിയാണ് പതിമൂന്ന്കാരിയായ ലത ആദ്യമായി ഒരു ഗാനം റെക്കോര്‍ഡ് ചെയ്തത്. നിര്‍ഭാഗ്യവശാല്‍ ആ ഗാനം ഫൈനല്‍ കട്ടില്‍ നീക്കപ്പെട്ടു.നിര്‍ഭാഗ്യത്തിന്റെ മണിമുഴക്കിയാണ് ചലച്ചിത്രലോകം ലതയെ സ്വീകരിച്ചത്. പാട്ടിന്റെ ഗിരിശൃംഗങ്ങളിലേക്കുള്ള ആദ്യചുവട് മാത്രമായിരുന്നു അത്. അറുപതാണ്ട് കഴിയുമ്പോഴേക്കും ഇന്‍ഡോറില്‍ നിന്ന് വന്ന ആ പതിമൂന്ന് വയസ്സുകാരി പെണ്‍കുട്ടി പേരിനൊപ്പം ഭാരതരത്ന അണിഞ്ഞിരുന്നു. ഭാരതത്തിന്റെ വാനമ്പാടിയായി പറന്നിറങ്ങിയ ചില്ലകളിലെല്ലാം വസന്തം പടര്‍ത്തിയിരുന്നു.

മറാത്തി നാടകപ്രവര്‍ത്തകനായ ദീനനാഥ് മങ്കേഷ്കറിന്റെയും ശേവന്തി മങ്കേഷ്കറിന്റെ മകളായി 1929 ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ലതാമങ്കേഷ്കര്‍ ജനിച്ചു. ദീനനാഥിന്റെ സ്വദേശമായ ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്നാക്കിയതാണ്. ലത മങ്കേഷ്കറിന്റെ ആദ്യനാമം ഹേമ എന്നായിരുന്നു. പിന്നീട്, ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി, പേരു ലത എന്നാക്കിമാറ്റുകയാണുണ്ടായത്. ഗായകരായ ഹൃദ്യനാഥ് മങ്കേഷ്കർ, ആശാ ഭോസ്‌ലേ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവര്‍ സഹോദരങ്ങളാണ്.
അച്ഛനോടൊപ്പം നാടകരംഗത്ത് പ്രവര്‍ത്തിച്ചാണ് ലത കലാമേഖലയിലേക്ക് പ്രവേശിക്കുന്നത്. 1942 ല്‍ ആദ്യം റെക്കോര്‍ഡ് ചെയ്ത ഗാനം സിനിമയില്‍ നിന്ന് നീക്കിയെങ്കിലും ലത തളര്‍ന്നില്ല. അതിനിടയില്‍ അച്ഛന്റെ മരണമടക്കം പല പ്രതിസന്ധികളും ജീവിതത്തിലുണ്ടായി. ”ആ വർഷം തന്നെ ലത “പാഹിലി മംഗള-ഗോർ” എന്ന മറാത്തി ചിത്രത്തിൽ അഭിനയിക്കുകയും ‘നടാലി ചൈത്രാചി നവാലായി’ എന്ന ഗാനമാലപിക്കുകയും ചെയ്തു. 1943-ൽ ഗജാബാഹു എന്ന ചിത്രത്തിലെ ‘മാതാ ഏക് സപൂത് കി ദുനിയാ ബദൽ ദേ തൂ ‘എന്നതാണ് ലതയുടെ ആദ്യ ഹിന്ദി ഗാനം. 1948-ൽ ‘ഷഹീദ്’ എന്ന ചിത്രത്തിനു വേണ്ടി പാടാനെത്തിയ ലതയെ ശബ്ദം നേർത്തതാണെന്ന് പറഞ്ഞ് നിർമ്മാതാവ് എസ്. മുഖർജി മടക്കി അയക്കുകയാണുണ്ടായത്. ” ഈ സംഭവം ലതയെ കൂടുതല്‍ കരുത്തുള്ളൊരാളാക്കി മാറ്റി. തളരാതെ തന്റെ വഴിയില്‍ മുന്നോട്ട് പോയ ലത പതുക്കെ പിന്നണിഗാനരംഗത്ത് സജീവമായി. വിവിധ സംഗീതസംവിധായകര്‍, ഗാനരചയിതാക്കള്‍, ചിത്രങ്ങള്‍ എന്നിങ്ങനെ ലതാമങ്കേഷ്കര്‍ പതിനഞ്ച് ഭാഷകളിലും നിറഞ്ഞ നാദപൂര്‍ണ്ണതയുടെ പേരാണ്. പോപ്പുലര്‍ സംഗീതത്തോട് വിമുഖത പുലര്‍ത്തിയവരുടെ വിമര്‍ശനപാത്രമായി പലപ്പോഴും ലതമങ്കേഷ്കര്‍ മാറിയിട്ടുണ്ട്. അപ്പോഴും ഉയര്‍ന്ന ശിരസ്സോടെ തന്റെ കണ്ഠത്തെ അവര്‍ കടഞ്ഞു.അതില്‍ നിന്നും നാദം അമൃതായി ആസ്വാദകഹൃദയത്തിലേക്ക് പടര്‍ന്നു.
മൂന്ന്
ഇ സന്തോഷ്കുമാറിന്റെ ‘വാക്കുകള്‍ ‘ എന്ന നോവലില്‍ ഒരു തെരുവുകച്ചവടകാരന്‍ കടന്നുവരുന്നുണ്ട്. അയാള്‍ ജീവിക്കുന്ന ഭഷയിലെ അവസാന കണ്ണിയാണ് അയാള്‍. അയാള്‍ ഇല്ലാതാവുന്നതോടെ ആ ഭാഷയും ഭാഷയിലെ ഓര്‍മ്മകളും പാട്ടുകളും ഇല്ലാതാവും. ഒരു മൃതസഞ്ജീവനിക്കും പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കാതെ വിസ്മൃതിയിലേക്ക് നിത്യനിദ്രയിലേക്ക് ആ ഭാഷ ഇല്ലാതാവും. കലയെയും ഇങ്ങനെയൊരു വിധി കാത്തിരിക്കുന്നുണ്ട്. പക്ഷെ ചിലത് പൊടുന്നനെ ഉയിര്‍ത്തെഴുന്നേല്‍ക്കും. തെരുവിലെ ഏതെങ്കിലും ഒരു വളവില്‍ വച്ചു നാം കണ്ടുമുട്ടുന്ന പഴയസ്നേഹിതനയെ സ്നേഹിതയെയോ പൊലെ ഒരു ഗാനം കാലങ്ങള്‍ക്കു ശേഷം നമ്മളെ തേടിയെത്താം.തീര്‍ത്തും അപ്രതീക്ഷിതമായ ഒരു നേരത്ത്, അപ്രതീക്ഷിതമായ സമയത്ത്. ചിലപ്പോള്‍ ആ പാട്ടിനെ സമൂഹത്തിലേക്ക് പുനരാനയിക്കേണ്ട വിധിഹിതം നമ്മളില്‍ എത്തിച്ചേര്‍ന്നതാവാം. വിസ്മൃതിയുടെ തോടും ഒരുനാള്‍ പൊട്ടാം. ഓര്‍മ്മയുടെ വെളിച്ചത്താല്‍ ആ പാട്ടും ആ കാലവും ചങ്ങലകണ്ണിപോലെ ചേര്‍ന്ന് നില്‍ക്കുന്ന ഓര്‍മ്മകളും ഒരു ഗാനത്തിലൂടെ നമ്മളിലേക്കെത്താം. വിസ്മൃതിയിലേക്കൊഴുകാതെ, കാലകയത്തില്‍ കടപുഴകാതെ ലതാമങ്കേഷ്കറിന്റെ ഗാനങ്ങള്‍ ഇന്ത്യന്‍ ജീവിതപരിസരത്തിലൂടെ സഞ്ചരിച്ചു. അത് ദേശാതിര്‍ത്തികള്‍ ഭേദിച്ച് ഒഴുകി. ‘ലഗ് ജാ ഗലേ മേ ഫിര്‍ ഹസി രാത്ത് ഹോ ഗയി ‘ കേരളത്തിലിരുന്നും പഞ്ചാബിലിരുന്നും മധ്യപ്രദേശിലിരുന്നും മനുഷ്യര്‍ ഒരുപോലെ മൂളി. പല മട്ടില്‍ ജീവിക്കുന്ന മനുഷ്യരെ, പല ഭാഷകള്‍ സംസാരിക്കുന്നവരെ ഈ പാട്ട് ഒരുമിപ്പിക്കുകയും അവരുടെ ദൈനംദിന ജീവീതപരിസരങ്ങളിലൂടെ ഒഴുകുകയും ചെയ്തു.

ശങ്കര്‍ ജയ്കിഷനും എസ് ഡി ബര്‍മ്മനും നൗഷാദലിയും ഈണമിട്ട ഗാനങ്ങളിലൂടെ ലത മങ്കേഷ്കറിന്റെ ശബ്ദം പെയ്തിറങ്ങി. സിംഹളയിലും തമിഴിലും മലയാളത്തിലും 1950-60 കാലയളവില്‍ ലതാമങ്കേഷ്കര്‍ ഗാനമാലപിച്ചു. ‘ഏ ചോരേ കി ജാത് ബാദി ബേവാഫ ‘ , ‘ആജാ രേ പർദേശി ‘, ജാനേ ക്യാ ബാത് ഹേയ് , യെ ദില്‍ ഔര്‍ ഉന്‍കി, ‘അജീബ് ദസതാന്‍ ഹായ് യെ ‘ , ‘നൈനോ മൈന്‍ ബദ്ര ചായേ ‘ രുദാലിയിലെ ദില്‍ ഹൂം ഹൂം കരേ , ജിയ ചലേ ജാ ചലേ തുടങ്ങിഎണ്ണിയാല്‍ തീരാത്തത്ര ഗാനങ്ങള്‍. ദില്‍ തോ പാഹല്‍ ഹേയ് എണ്‍പതാം വയസ്സിലും ആവേശത്തോടെ പാടുന്ന ലതാജിയെ നമ്മുക്ക് യൂ ട്യൂബില്‍ കാണാം. നിത്യസാധനയാര്‍ന്ന ശബ്ദമാധുര്യം അവരില്‍ വസിച്ചു. എസ് പി ബിയോടൊത്ത് ആലപിച്ച ‘വളയോസൈ ‘എന്ന ഗാനത്തില്‍ അനന്യമായ ആ ശബ്ദപ്രവാഹം കേള്‍ക്കാം. അച്ഛനില്‍ നിന്നാണ് ലതാ സംഗീതം അഭ്യസിച്ചത്. രാം രാം പവന, മറാത്ത ടിറ്റുക മെൽവ, മൊഹിത്യാഞ്ചി മഞ്ജുള, സധി മാനസേ, തമ്പാടി മതി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ലതാ മങ്കേഷ്കര്‍ സംഗീതം നിര്‍വഹിച്ചു.
കാലത്തിന്റെ മഹാസമുദ്രത്തില്‍ ഈ ഈ നാദവും ലയിക്കുന്നു. ആ ഗാനമാധുരി ഇവിടമാകെ പടര്‍ന്ന് നില്‍ക്കും. ശോകത്തിന്റെ ഗിരിദാമങ്ങളില്‍ അലയുന്നവര്‍ക്കും ഉല്ലാസത്തില്‍ പൊയ്കയില്‍ നീരാടുന്നവര്‍ക്കും സംഗീതം മോക്ഷസമാനമായ നിര്‍വൃതി നല്‍കുന്നു. ജനപ്രിയസംഗീതത്തിന്റെ ധാരയിലൂടെ പല ഭാഷകളിലൂടെ ദേശത്തിന്റെ ഹൃദയാന്തര്‍ഭാഗത്തിലൂടെ ഒരു നദിയായി ലതാമങ്കേഷ്കറിന്റെ ശബ്ദം നാല്‍പത്കള്‍ മുതല്‍ ഇന്ന് വരെ ഒഴുകി. അതിനിടയില്‍ രാജ്യവും ജനതയും പല അവസ്ഥകളിലൂടെ കടന്നുപോയി. അപ്പോഴൊക്കെയും ഈ ഗാനങ്ങള്‍ എതോ പഴയ റേഡിയോ സെറ്റില്‍ നിന്ന് മുഴങ്ങി കേട്ടു.
അക്കമഹാദേവിയുടെ ഒരു വചനകവിത ലതാമങ്കേഷ്കര്‍ പകര്‍ന്ന ഗാനാനുഭൂതിയെ വിവരിക്കാന്‍ ഉപയോഗിക്കട്ടെ.
” അത്
തടാകത്തിന്റെ
വരണ്ട മടിത്തട്ടിലേക്ക്
അരുവി ഒഴുകിയെത്തുന്നപോലെയും
കമ്പുകള്‍ വരെ ഉണങ്ങിയ
ചെടികളില്‍
മഴ കോരിച്ചൊരിയുന്നതുപോലെയും ആയിരുന്നു ”
വിട നാദമേ !!!
കവർ : വിത്സൺ ശാരദാ ആനന്ദ്
കടപ്പാട് : Google Images, YouTube