പൂമുഖം LITERATUREനിരൂപണം കഥാവാരം-7

കഥാവാരം-7

ജർമൻ ബ്രിട്ടീഷ് ഇക്കോണമിസ്റ്റ് ആയിരുന്ന ഇ എഫ് ഷുമാഹറുടെ ( E. F. Schumacher ) വിഖ്യാതമായ കൃതിയാണ് ‘ചെറുത് സുന്ദരം”. അദ്ദേഹത്തിന്റെ രസകരമായ ഒരു നിരീക്ഷണമുണ്ട്. മലയാളത്തിൽ പറയാൻ ധൈര്യമില്ലാത്തതിനാൽ ആ വാക്കുകൾ അതു പോലെ ഇവിടെ എഴുതാം.

“Any intelligent fool can make things bigger, more complex, and more violent. It takes a touch of genius — and a lot of courage to move in the opposite direction.”

സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികളെക്കാൾ, നമ്മുടെ സാഹിത്യ വിദ്യാർത്ഥികൾ ഈ വാചകം ഓർത്ത് വെക്കുന്നത് നന്നാവും.

1977 ലാണ് ഷുമാഹറുടെ മരണം. അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ, മലയാളം അറിയുമായിരുന്നെങ്കിൽ..
ഭാഷാപോഷിണിയിലെ വി. എച്ച് നിഷാദിന്റെ ‘കഥയുടെ ചിറകുകൾ’ വായിച്ചിരുന്നെങ്കിൽ…!
‘Small Is Beautiful, എന്ന പുസ്തകം പ്രസിദ്ധീകരിക്കുമായിരുന്നോ എന്നറിഞ്ഞു കൂടാ.

മാതൃഭൂമിയിൽ ഇപ്രാവശ്യം അമലിന്റെ കഥയാണ്. ‘ടിഷ്യൂപേപ്പർ കഥകൾ’. സ്ഥൂലതയാണ് അമലിന്റെ എല്ലാ കഥകൾക്കും. ‘ഈനു,’ ‘ചേന ‘എന്നീ കഥകളുടെ ദൈർഘ്യം, അവ വായിച്ചു പൂർത്തിയാക്കാൻ സമ്മതിക്കാത്തവയായിരുന്നു. പാരായണക്ഷമത ഇല്ലെങ്കിൽ കഥ പാതി വഴിയിൽ ഉപേക്ഷിക്കപ്പെടും. മുറകാമി മുതൽ പേർ സുദീർഘങ്ങളായ കഥയെഴുതുന്നു. വായനക്കാർ ഓരോ വാക്കിലും അദ്ദേഹത്തെ പിൻതുടരുന്നു. അവരെ കഥയിൽ തന്നെ പിടിച്ചു നിർത്താനുള്ള പ്രതിഭയുണ്ട് മുറകാമിക്ക്.അനുയോജ്യമല്ലാത്ത താരതമ്യമാണെന്ന് കരുതുന്നുണ്ടെങ്കിൽ മലയാളത്തിലേക്ക് വരാം. പോരായ്മകൾ എന്തു തന്നെ ഉണ്ടെങ്കിലും, സ്ഥൂലഗാത്രങ്ങളായ കഥകൾ എഴുതുമ്പോഴും വായനക്കാർക്കും കഥയ്ക്കും മേൽ നിയന്ത്രണമുള്ള എഴുത്തുകാരാണ് ഇ സന്തോഷ്‌ കുമാർ, ഇന്ദു ഗോപൻ തുടങ്ങിയവർ. അതു കൊണ്ട് തന്നെ നല്ല പാരായണക്ഷമമാണ് അവരുടെ കഥകളും. ആ വായനക്ഷമത അമലിന്റെ മേൽപറഞ്ഞ കഥകളിൽ കുറവാണ്. അതിനാൽ സുദീർഘമായ ഒറ്റക്കഥയ്ക്ക് പകരം ചെറിയ പത്ത് കഥകളാണ് ഇക്കുറി. പക്ഷേ ആ കഥകളെ പരസ്പരം ബന്ധപ്പെടുത്തുന്നചരട് എന്താണെന്ന് അറിയില്ല. അതിലെ, ‘പാവമ്പോലീസുകാരന്റെ ഭാര്യ’, ‘കാണ്മാനില്ലാക്കാലം’ എന്നിവ വെറുതേ വായിച്ചു പോകാം എന്ന് മാത്രം. ബാക്കി കഥനങ്ങളൊന്നും തന്നെ രസാനുഭൂതിയുടെ എന്തെങ്കിലും ഉദ്ദീപനമുണ്ടാക്കാൻ മാത്രം ശക്തമല്ല.

സ്ത്രീ മനസ്സിലേക്ക് കടന്നു ചെല്ലാൻ കഴിയാത്ത അമ്പത് വയസ്സുകാരനായ ബാബുവിന്, അപ്രധാനമായ സിനിമാ വേഷങ്ങൾ ചെയ്യുന്ന ഒരു പെൺകുട്ടിയോട് തോന്നുന്ന പ്രണയമാണ് ദേശാഭിമാനിയിലെ ‘തിരുശേഷിപ്പ്’ എന്ന പി എഫ് മാത്യൂസ് കഥ. കഥയുടെ തുടക്കം, ഒടുക്കം എന്നിവ മനോഹരം തന്നെ. പെൺമനസ്സിന്റെ സങ്കീർണത, ഒരു വിധത്തിലും മനസ്സിലാക്കാൻ പറ്റാത്ത ദുരൂഹതയായി നമുക്ക് മുന്നിൽ വെക്കുന്നുണ്ട് കഥാകൃത്ത്. കഥാന്ത്യത്തിൽ എഴുത്തുകാരന്റെ പ്രതിഭ ദൃശ്യമാണെങ്കിലും, ബാബു എന്ന കഥാപാത്രത്തോട്, ആഴത്തിലുള്ള വൈകാരിക അടുപ്പം വായനക്കാരന് കൈ വരുന്നുണ്ടോ എന്നത് ഉറപ്പിച്ച് പറയാൻ കഴിയുന്നില്ല. എങ്കിലും, ഭേദപ്പെട്ട കഥ തന്നെയാണിത്.

ഡോക്ടർ സി. കെ ശാലിനി യുടെ കഥയുമുണ്ട് ദേശാഭിമാനിയിൽ. ‘മലഞ്ചെരിവുകളിൽ രാക്കാറ്റ് വീശുമ്പോൾ’. ഭാര്യ മരിച്ചു പോയ ഒരാൾക്ക് കൗമാരക്കാരിയായ മകളോട് തോന്നിയ ലൈംഗികത. അവളെ പ്രാപിക്കുമ്പോൾ ആ കുട്ടിയുടെ പ്രതികാരം. പുതുമ തീരെ ഇല്ലാത്ത വിഷയം. കഥയുടെ മധ്യഭാഗം മുതൽ മന്ദത. കഥയ്ക്ക് ഏറ്റവും ആവശ്യമുള്ളത് മാത്രം പറയുക എന്ന കാര്യം എഴുത്തുകാരി ശ്രദ്ധിക്കാത്തത് പോലെ. സൂക്ഷ്മാർത്ഥത്തിൽ എഡിറ്റിങ് കൊള്ളാമെങ്കിലും വിവരണങ്ങളിൽ അലസമാണ് അവതരണം.

കഥയിൽ ഉൾപ്പെടുത്തുന്ന എല്ലാ കഥാപാത്രങ്ങളുടെയും വികാരം വായനക്കാരന്റെ മനസ്സിൽ പതിപ്പിക്കുക. അതിനു വേണ്ടി ഉപയോഗിക്കുന്ന വാക്കുകൾ അത്ര തന്നെ ചുരുക്കുക. കഥയുടെ ഓരോ ഘട്ടത്തിലും വായനക്കാരന്റെ മനസ്സിൽ ഉയർന്നു വരുന്ന വികാരങ്ങളെ തെന്നിത്തെന്നി മാറ്റുക. കഥ പറയുന്ന എഴുത്തുകാരനല്ല, പകരം കഥാപാത്രം വായനക്കാരന് തൊട്ടടുത്ത് തന്നെ ഉണ്ടല്ലോ എന്ന തോന്നലുളവാക്കുക. അങ്ങനെയെങ്കിൽ വായനക്കാരന് കിട്ടുന്ന രസാനുഭൂതി എത്ര ഉയർന്നതാവും! ആ വികാരം പൂർണത പ്രാപിക്കുന്നു രാജേഷ് ആർ വർമ്മയുടെ ‘ലഡാക്ക്’ എന്ന കഥയിൽ. സമകാലിക മലയാളം വാരികയിലെ ഇക്കഥ മനോഹരം തന്നെ.

പക്ഷേ, അതേ സമകാലിക മലയാളത്തിൽ വിനീഷ് കളത്തറയുടെ ‘പാസ്റ്റെൻസ്’ എന്ന കഥയുണ്ട്. ഈ പറഞ്ഞ കാര്യങ്ങളുടെയെല്ലാം വിരുദ്ധ ദിശയിൽ പ്രയാണം ചെയ്യുന്ന കഥ. തുടക്കം തന്നെ വിരസമായ വസ്തു സ്ഥിതി വിവരണം. ഗൃഹാതുരത്വമുളവാക്കുന്ന യേശുദാസിന്റെ പഴയ പാട്ട് ചേർത്താൽ കഥ ഗംഭീരമാവുമോ? ഹിന്ദു മുസ്‌ലിം വിദ്വേഷം, യുക്തിവാദികൾ വിശ്വാസിയായി മാറുന്നത്, പഴയ സുഹൃത്ത് അവിചാരിതമായി റോഡ് അപകടത്തിൽ മരിച്ചു പോകുന്നത്! ഇതിന്റെയൊക്കെ കാലം എന്നേ കഴിഞ്ഞു.

‘ഉത്കൃഷ്ടരായ മനുഷ്യരും ഉണ്ട്’ എന്ന സി വി ബാലകൃഷ്ണൻ കഥയുണ്ട് മാധ്യമത്തിൽ.കഴിവുറ്റ എഴുത്തുകാരന്റെ ഒതുക്കമുള്ള കഥ. വായനക്ക് ശേഷവും അതിന്റെ വികാരം ബാക്കി നിർത്തുന്നുണ്ട് ഇക്കഥ. ആശയത്തിൽ പുതുമയില്ലെങ്കിലും ആവിഷ്കാരത്തിലും പദപ്രയോഗങ്ങളിലും നവീനതയുണ്ട്. കൊള്ളാം എന്ന് അഭിപ്രായപ്പെടാവുന്ന സൃഷ്ടി.

‘കാൽ ചിത്രങ്ങൾ’ ആണു മാധ്യമത്തിലെ രണ്ടാം കഥ. എഴുത്തുകാരി ദീപാ ദേവി.രചനാശൈലി കൊള്ളാം. രണ്ടാം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ അകന്ന ബന്ധുവിന്റെ ലൈംഗിക സ്പർശം ഏൽക്കേണ്ടി വരുന്ന കഥാനായിക. പതിനെട്ടു വയസ്സിനു മുൻപേ ബലാത്സംഗം ചെയ്യപ്പെട്ട്, പ്രതിയാൽ കത്തിക്കപ്പെട്ട പെൺകുട്ടി. അവളുടെ ആത്മാവിന്റെ ഭാഷണം പോലെ ഒരു കഥ. കഥാവസാനം, ഒറ്റ പാരഗ്രാഫ് കൊണ്ട് വ്യത്യസ്തമായ ഒടുക്കം ഉണ്ടാക്കിയിട്ടുണ്ട് കഥാകൃത്ത്. അതു മാറ്റി വെച്ചാൽ കഥയുടെ പ്രതിപാദ്യ വിഷയം ചർവിത ചർവണം മാത്രമാണ്.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like