പൂമുഖം LITERATUREലേഖനം കെ റെയിലിനെ കുറിച്ച് വീണ്ടും

കെ റെയിലിനെ കുറിച്ച് വീണ്ടും

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

കെ റെയിൽ കേരളത്തിന് അനുയോജ്യമായ പദ്ധതിയാണോ എന്ന് എനിക്കിപ്പോഴും തീർച്ചയായിട്ടില്ല .അനുകൂലിച്ചും എതിർത്തും ഉള്ള ചില സന്ദേഹങ്ങളാണ് പങ്കു വെക്കാനുദ്ദേശിക്കുന്നത് .

ശാസ്ത്ര സാഹിത്യ പരിഷത് നഖ ശിഖാന്തം എതിർക്കുന്നത് കൊണ്ട് അത് കേരളത്തിന് ഗുണമുള്ളതാവാം എന്ന തോന്നൽ എനിക്കുണ്ട് . കാരണം ഡി പി ഇ പി യെ സർവാത്മനാ പ്രചരിപ്പിച്ചു പ്രോത്സാഹിപ്പിച്ചു പിന്താങ്ങി കേരളത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസത്തെ എന്നെന്നേക്കുമായി ശിഥിലമാക്കിയതുതൊട്ടു , ലോകബാങ്കിന്റെ പേ റോളിൽ എന്ന അപഖ്യാതി പേറുന്ന പരിഷത്തിനെ ഞാൻ മുഖവിലക്കെടുക്കാറില്ല

കെ റെയിലിനെതിരെയുള്ള പരിസ്ഥിതി സംരക്ഷണ വാദം അതേപടി സ്വീകരിക്കാനും എനിക്ക് ക ഴിഞ്ഞിട്ടില്ല ആയിരക്കണക്കിന് ഏക്കർ നെൽപ്പാടം നികത്തിയാണ് നെടുമ്പാശേരി വിമാനത്താവളം നിർമ്മിച്ചത് .പ്രളയ കാലത്തു വിമാനത്താവളം അതിന്റെ മൂല പ്രകൃതി വെളിപ്പെടുത്തുകയുണ്ടായി .എങ്കിലും നെടുമ്പാശ്ശേരി പല ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ വികസന മാതൃകയാണ് . കെ റെയിൽ പദ്ധതി വേണ്ടെന്നു വെച്ചാലും കേരളത്തിന്റെ പരിസ്ഥിതി വലിയ വെല്ലുവിളികൾ നേരിടുന്നു എന്ന ശക്തമായ സൂചനകൾ ലഭ്യമായികഴിഞ്ഞു .എങ്കിലും വ്യക്തികളോ സമൂഹമോ അധികൃതരോ കേവലവാദത്തിനപ്പുറം ഇവിടത്തെ ഭൗതിക നിർമിതിയുടെ കാര്യത്തിൽ ഗുണപ്രദമായ വീണ്ടു വിചാരം കൈക്കൊള്ളുമെന്ന് കരുതാൻ വയ്യ . വിഴിഞ്ഞം തുറമുഖം പണിയോടനുബന്ധിച്ചുള്ള സമുദ്ര ലംഘനത്തിന്റെ ഫലമായുള്ള തീരദേശനാശം ഭീകരമാണ് .മാത്രമല്ല പശ്ചിമഘട്ടത്തിൽ എത്രയോ അനധികൃത ക്വാറികൾ നിർബാധം പ്രവർത്തിക്കുന്നു . റിയൽ എസ്റ്റേറ്റ് നിരുപാധികം പ്രോത്സാഹിപ്പിക്കപ്പെടുന്നു .കെ റെയ്‌ലിനെതിരെ മാത്രമായി പരിസ്ഥിതി വാദം ഉന്നയിക്കുന്നതിൽ ആത്മാർത്ഥതയില്ല .

.
കേരളത്തിന്റെ വർധിച്ചു വരുന്ന ഗതാഗത കുരുക്ക് ദേശീയ പാതാ വികസനം കൊണ്ടോ സൂപ്പർ ഹൈവേ കൊണ്ടോ പരിഹരിക്കാം എന്ന് പ്രതീക്ഷയില്ല . അതിനും വ്യാപകമായ കുടിയൊഴിപ്പിക്കൽ വേണ്ടി വരും . ഇന്ന് എതിർക്കുന്ന എല്ലാ ശക്തികളും അന്നും എതിർപ്പുമായി എത്തും . കേരളത്തിന്റെ സ്ഥല ദൗർലഭ്യം അത്രയ്ക്ക് രൂക്ഷമാണ് .

അഡിഷണൽ റെയിൽ പാത കിട്ടാക്കനിയാണ് എന്ന് സംസ്ഥാനത്തിന്റെ പോയ വർഷങ്ങളിലെ റെയിൽ ബജറ്റ് വിഹിതം പഠിച്ചാൽ വ്യക്തമാവും .പുതിയ ബജറ്റ്‌ അത് വീണ്ടും തെളിയിച്ചിരിക്കുകയാണ് പുതിയ ബജറ്റിൽ കേരളത്തിന്റെ റെയിൽ ഇരട്ടിപ്പിക്കൽ പദ്ധതികൾക്ക് നിസ്സാരമായ ഫണ്ട് വിഹിതമാണ് വകയിരുത്തിയിരിക്കുന്നത് .കഞ്ചിക്കോട് കോച്ച് ഫാക്ടറി നേടിയെടുക്കാൻ കോൺഗ്രസ് കേന്ദ്രം ഭരിച്ചപ്പോൾ പോലും കേരളത്തിലെ മുന്നണികൾക്ക് സാധിച്ചിട്ടില്ല .അതെ സമയത്തു റായ് ബറേലിയിൽ അനുവദിച്ച കോച്ച് ഫാക്ടറിയിൽ വന്ദേമാതരം ട്രെയിനുകളുടെ ഭാഗങ്ങൾ നിർമ്മിക്കുന്നു !കേരളത്തിനായി ഒരു ട്രെയിൻ അനുവദിച്ചാൽ നാളുകൾക്കകം അത് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടുന്നതായി ക്രമീകരിക്കുന്നതാണ് കണ്ടുവരുന്നത് . ഒരിക്കലും മറിച്ചു സംഭവിക്കുകയില്ല . ആരു കേന്ദ്രം ഭരിച്ചാലും കേരളത്തിന് വേണ്ടത്ര പുതിയ റെയിൽ പാതകൾ ഉടനെയൊന്നും കിട്ടാൻ പോകുന്നില്ല .

.ഇതോടോപ്പം എനിക്ക് കെ റൈലിന് എതിരായ വാദങ്ങളും മുന്നോട്ടു വെക്കാനുണ്ട് .

ഒന്ന് റെയിൽ ഒരു കേന്ദ്ര asset ആണ് . അത് നാളെ മാനേജ് ചെയ്യുന്നതും കൈമാറ്റം ചെയ്യുന്നതും കേന്ദ്രത്തിന്റെ അധികാര പരിധിയിൽ പെട്ട കാര്യമാണ് . അത്തരം ഒരു നിർമ്മിതി ഭീമമായ കടം എടുത്തു സംസ്ഥാനം നടപ്പിലാക്കേണ്ടതില്ല .

രണ്ടാമതായി ഇവിടത്തെ പദ്ധതി നിർവഹണ റെക്കോർഡ് ബൃഹത് പദ്ധതികൾ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ഇല്ലാത്തതാണ് . എന്റെ നാട്ടിൽ മുക്കാൽ കി മീ നീളമുള്ള റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് കല്ലിട്ടു നാലര കൊല്ലം പൂർത്തിയാക്കി കഴിഞ്ഞു . 10 ശതമാനം പണിപോലും പൂർത്തിയായിട്ടില്ല .കോവിഡ് ആദ്യഘട്ടത്തിൽ പോലീസ് കാവൽ നിന്നാണ് ഉടമകളെ കുടിയൊഴിപ്പിച്ചത് . ആറുമാസക്കാലത്തോളം വേണ്ട ഭാഗം പൊളിക്കാനോ ശിഷ്ട ഭാഗം ഉടമക്ക് വിട്ടു കൊടുക്കാനോ നടപടി ഉണ്ടാവാത്തപ്പോൾ ഉടമകൾ ആനുപാതികമായ നഷ്ടപരിഹാരം സർക്കാരിലേക്ക് തിരിച്ചടച്ചു സ്വമേധയാ കെട്ടിടങ്ങൾ പൊളിക്കുകയും അവശേഷിച്ചത് താമസത്തിനു യോഗ്യമാക്കി തിരിച്ചു വരികയുമാണുണ്ടായത് . ഇത്തരം അവസരങ്ങളിൽ തികച്ചും മനുഷ്യത്വ രഹിതമാണ്‌ ഇവിടത്തെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സമീപനം . അത് മാറിയേ പറ്റൂ .

മൂന്നാമതായി കുടിയൊഴിപ്പിക്കൽ ഇടതു സർക്കാരിനും ഘടക കക്ഷികൾക്കും വലിയ രാഷ്ട്രീയ വെല്ലുവിളി ആയിരിക്കും നൽകുക. . പൊതു ആവശ്യത്തിന് സ്ഥലം കൈവിടേണ്ടി വരുന്നവൻ നിലവിലുള്ളതിലും ഒട്ടും മോശമല്ലാത്ത രീതിയിൽ അഥവാ കൂടുതൽ മെച്ചമായ രീതിയിൽ പുനരധിവസിക്കപ്പെടണം . അത് ഇന്നുവരെ നടന്നിട്ടില്ല . ഇപ്പോഴും പരിഗണനയിലുമില്ല .മൂലമ്പള്ളിയിലെപ്പോലെ പ്രാദേശികമാവുമ്പോൾ സർക്കാരുകൾക്ക് അത് അവഗണിച്ചും അധികാരത്തിലെത്താൻ കഴിഞ്ഞു . പക്ഷെ തിരുവനന്ത പുരം മുതൽ കാസർഗോഡ് വരെയാവുമ്പോൾ പ്രത്യാഘാതം ഗുരുതരമായിരിക്കും

എന്താണ് മറു വഴി എന്നതിനും ഒരു നിർദേശം സമർപ്പിക്കാനുണ്ട് . കെ റെയിൽ തത്വത്തിൽ അംഗീകരിക്കുക . ഘട്ടം ഘട്ടമായി വാർഷിക റെയിൽ ബജറ്റിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കുക . ആദ്യം മലബാർ മേഖലയിൽ ആവണം പാത വരേണ്ടത് . അവിടെ ദീർഘ ദൂര ഗതാഗത സൗകര്യം തുലോം കുറവാണ് . മാത്രമല്ല ഈ പ്രദേശത്തു കുറെ ദൂരം കെ റെയിൽ കടന്നു പോകുന്നത് റയിൽവെയുടെ അധീനതയിലുള്ള പ്രദേശത്തു കൂടിയാണ് , നിലവിലുള്ള പാതക്ക് സമാന്തരമാണ് . ഇങ്ങനെ ചെയ്യുമ്പോൾ വൻപിച്ച external borrowing ഒഴിവാക്കാം .ഘട്ടം ഘട്ടമായി സ്ഥലം ഏറ്റെടുത്താൽ മതി .അതോടൊപ്പം അടിയന്തിര സ്വഭാവമുള്ള .മറ്റു പദ്ധതികൾ തടസ്സം കൂടാതെ മുന്നോട്ടു കൊണ്ട് പോകാനും സാധിക്കും .സംസ്ഥാനത്തുടനീളം നിർമ്മിക്കേണ്ട ശുചി മുറികൾ ,കേന്ദ്രീകൃത മൽസ്യ മാംസ ചന്തകൾ ,ലൈഫ് മിഷനിൽ ബാക്കിയുള്ള നിർമ്മിതികൾ , രണ്ടോ മൂന്നോ ജില്ലകൾക്കൊന്ന് എന്ന നിരക്കിൽ ആശുപത്രി മാലിന്യ സംസ്കരണ പദ്ധതികൾ എന്നീ മുൻഗണനാ പദ്ധതികളുടെ കാര്യമാണ് ഉദ്ദേശിച്ചത് .

ഭരണ കക്ഷിയും പ്രതിപക്ഷവും പൗര സമൂഹവും ഒരുമിച്ചു കുരുക്കഴിക്കേണ്ട പ്രശ്നമാണ് കേരളത്തിലെ അതി വേഗ ഗതാഗതം .ഇത് ഒരു lightning strike തന്ത്രത്തിലൂടെ നടപ്പിലാക്കാമെന്ന് ഭരണ കക്ഷിയോ ഒരിക്കലും അനുവദിക്കില്ലെന്ന് പ്രതിപക്ഷമോ നിലപാടെടുക്കരുത് .പരിസ്ഥിതി നാശം പരമാവധി കുറച്ചു ഏറ്റവും അനുയോജ്യവും ലോകോത്തരവുമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പദ്ധതി ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments

You may also like