പൂമുഖം LITERATUREലേഖനം കോൺഗ്രസിന് മറ്റൊരു ബദൽ സാധ്യമോ ?

കോൺഗ്രസിന് മറ്റൊരു ബദൽ സാധ്യമോ ?

കരുത്തുറ്റ പ്രതിപക്ഷമുണ്ടെങ്കിലേ ശക്തമായ ജനാധിപത്യം പുലരുകയുള്ളൂ. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്സ് പാർട്ടിയുടെ തകർച്ചയോടു കൂടി കേന്ദ്ര ഭരണത്തിന് ജനാധിപത്യസ്വഭാവം നഷ്ടപ്പെട്ടു എന്നത് അവിതർക്കിതമാണ്. സംസ്ഥാനങ്ങളിലെ കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ മൂലവും കേന്ദ്ര നേതൃത്വം താറുമാറായതിനാലും ഈ വർഷം നടക്കുന്ന 7 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശരിയായി ഒരുങ്ങുവാൻ പോലും കഴിയാത്ത അത്രയും പരിതാപകരമായ നിലയിലാണ് പാർട്ടി. സ്വന്തം സംസ്ഥാനത്തിനപ്പുറം അണികൾ ഇല്ലാത്ത സംസ്ഥാന പാർട്ടികൾ പോലും ദേശീയപാർട്ടികൾ ആകുവാനുള്ള വൃഥാശ്രമത്തിൽ, കോൺഗ്രസിലെ അസംതൃപ്തരായ നേതാക്കളെയും അണികളെയും കൂടെക്കൂട്ടുകയാണ്. അതിനാൽ കോൺഗ്രസിന്റെ നേതൃത്വ പ്രതിസന്ധികളിൽ യു പി ഐ മുന്നണിയിലുള്ള സംസ്ഥാന പാർട്ടികളും അസംതൃപ്തരാണ്.ജാനാധിപത്യ സ്വഭാവമുള്ള മധ്യവർഗ രാഷ്ട്രീയത്തിൽ നിന്ന് മാറി വലതുപക്ഷ ഫാസിസ്റ്റു മാതൃകയിലുള്ള കേന്ദ്രീകൃത ഭരണരീതികളിൽ കേന്ദ്ര സർക്കാറും മിക്ക സംസഥാന സർക്കാരുകളും മാറുമ്പോൾ സ്തബ്ധരായി നിൽക്കേണ്ട ഒരവസ്ഥയിലാണ് കോൺഗ്രസ് പാർട്ടി. ജനാധിപത്യത്തിലുപരി ഏകാധിപത്യ ശൈലിയിൽ നേതാക്കൾ കൊണ്ടാടപ്പെടുന്ന ഈ പ്രവണതയെ ഉൾക്കൊള്ളുവാനോ, മനസിലാക്കുവാനോ കോൺഗ്രസ് പാർട്ടിക്ക് കഴിയില്ല. മുൻകാലങ്ങളിൽ, രക്ഷാകർതൃത്വത്തിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും നിയമങ്ങളിലൂടെയും ടോക്കൺ പ്രാതിനിധ്യത്തിലൂടെയും ദരിദ്രരേയും കർഷകരേയും ദലിതരേയും മുസ്ലീങ്ങളേയും സ്ത്രീകളേയും ഒരേസമയം കൂടെ നിർത്തുവാനുള്ള വിരുത് കോൺഗ്രസ് സ്വായത്തമാക്കിയിരുന്നു. പക്ഷെ ഇപ്പോൾ പ്രാദേശിക ജാതി മത വർഗ ഭാഷ ദേശ വിഭാഗങ്ങളായി പിന്തിരിഞ്ഞു നിൽക്കുന്ന അനേകമായി മാറിയ പാർട്ടികളെ ഉൾക്കൊള്ളുവാൻ കോൺഗ്രസിനോ അതിന്റെ നേതൃത്വത്തിനോ കഴിയുന്നില്ല.


കോൺഗ്രസ് നിർജ്ജീവാവസ്ഥയിലാണ് എന്നത് ഒരു വാർത്തയല്ലാത്തപ്പോഴും ഈ വർഷം 7 സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പകുതിയിലെങ്കിലും വിജയിച്ചു വരുവാനുള്ള അവസരമുണ്ട്. അസ്തിത്വ പ്രതിസന്ധിയിൽ ഉഴറുന്ന ഗാന്ധി കുടുംബത്തിനും കോൺഗ്രസ് അനുഭാവികൾക്കും ഇതൊരു പ്രതീക്ഷയാണ്. 2019 ലെ ലോകസഭാ തെരെഞ്ഞെടുപ്പിനു ശേക്ഷം രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജി വച്ചതിനു ശേക്ഷം 23 അംഗ മുതിർന്ന നേതാക്കളുടെ വിമത സ്വരം, എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടായ ആഭ്യന്തര അധികാര തർക്കങ്ങൾ എല്ലാം അണികൾക്ക് പ്രഹരമായി. പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനായി മുതിർന്ന നേതാക്കൾ മുന്നോട്ടു വച്ച നിർദ്ദേശങ്ങൾ പോലും ചർച്ചയ്ക്ക് എടുക്കുവാൻ ഹൈക്കമാൻഡ് തയ്യാറായില്ല എന്നത് വലിയൊരു വീഴ്ചയാണ്. അങ്ങനെ ശിഥിലമായ പാർട്ടിക്ക് ഈ തെരഞ്ഞെടുപ്പ് ഒരു അത്താണിയാണ്. ഈ സ്റ്റേറ്റുകളിൽ ചിലതിലെങ്കിലും അധികാരം തിരിച്ചു പിടിച്ചില്ലെങ്കിൽ ഇപ്പോൾ ബാക്കിയുള്ള നേതാക്കളിൽ പലരും മറുകണ്ടം ചാടും.


ഡൽഹി, ഒഡീഷ, ത്രിപുര, ആന്ധ്ര, ഉത്തർ പ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, കാശ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് കോൺഗ്രസ് ഏതാണ്ട് അപ്രത്യക്ഷമായി കഴിഞ്ഞു. കേരളം, കർണാടക, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗോവ എന്നിവിടങ്ങളിൽ മാത്രമാണ് ഭരണപക്ഷത്തോ പ്രതിപക്ഷത്തോ കോൺഗ്രസിന് നിലനിൽക്കുവാൻ സാധിച്ചിട്ടുള്ളൂ. ഭരണത്തിൽ പങ്കാളിത്തമുണ്ടെങ്കിലും മഹാരാഷ്ട്രയിൽ ശിവസേനക്കും, ബി ജെ പിക്കും, എൻ സി പിക്കും പിന്നിലാണ് കോൺഗ്രസ്സ്. തമിഴ്നാട്ടിൽ ഡി എം കെ ഉള്ളതിനാൽ മാത്രം കോൺഗ്രസ് പിടിച്ചു നിൽക്കുന്നു.സംഘടനയെ ശക്തിപ്പെടുത്തുവാൻ നിയുക്തമായ നേതൃത്വം അണികളെയും നേതാക്കളെയും കേൾക്കുന്നതിൽ തീർത്തും പരാജയപ്പെട്ടിരിക്കുകയാണ്.

ഉത്തർപ്രദേശിൽ യോഗിയും അഖിലേഷും പടനയിക്കുമ്പോൾ പ്രിയങ്ക അവിടെ മായാവതിയെ പോലെ വെറും നോക്കുകുത്തിയായി മാറുകയാണ്. യോഗിക്കെതിരായ പോരാട്ടത്തിൽ അഖ്‌ലേഷ് യാദവ് പ്രധാന യോഗി വിരുദ്ധരെ ചേർത്തു പിടിച്ചിരിക്കുന്നത് പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാതിരിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ അമരീന്ദർ സിങ് പോയെങ്കിൽ കൂടി, പഞ്ചാബ് കോൺഗ്രസിന് ഭരണം പിടിച്ചെടുക്കുവാൻ സാധ്യതയുള്ള സംസ്ഥാനമാണ്, പ്രത്യേകിച്ചും കർഷക സമര പൂർവ കാലം. ആം ആദ്മി പാർട്ടിയും, ശിരോമണി അകാലിദളും, ബി ജെ പി- അമരീന്ദർ സിംഗ് മുന്നണിയും അവിടെ ഭരണവിരുദ്ധവികാര വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള സാധ്യത കൂടുതലായതിനാലാണിത്. പക്ഷെ സിദ്ദുവും ചന്നിയും കൂടി കോൺഗ്രസിനെ ഇപ്പോഴുള്ള സാധ്യതകളിൽ നിന്നും പിന്നോട്ട് വലിക്കുമോ? കണ്ടറിഞ്ഞു കാണാം.

ഉത്തരാഖണ്ഡിലും ഭരണവിരുദ്ധ വികാരം ശക്തമാണ്, ഹരീഷ് റാവത്ത് എന്ന നേതൃത്വമാണ് കോൺഗ്രസിനവിടെ മുതൽക്കൂട്ട്. ഗോവയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചു വന്ന കോൺഗ്രസ് സാമാജികർ അടപടലം ബി ജെ പിക്കൊപ്പം ചേർന്നെങ്കിലും ബി ജെ പിയിലെ ആഭ്യന്തര കലാപം ഒരു പക്ഷെ കോൺഗ്രസിന് കച്ചിത്തുരുമ്പ് ആയേക്കും. പക്ഷെ ഗോവയിലും പഞ്ചാബിലും ആം ആദ്മി പാർട്ടി കോൺഗ്രസ്സ് വോട്ടുകളാവും പിടിച്ചെടുക്കുക. മണിപ്പൂരിൽ കോൺഗ്രസ് നിയമസഭാ സാമാജികരും ഒടുവിൽ കോൺഗ്രസ് പി സി സി പ്രസിഡന്റും ബി ജെ പി യിലേക്ക് എത്തിയെങ്കിലും ഭരണവിരുദ്ധ വികാരത്തിൽ കോൺഗ്രസിന് ജയിച്ചു വരുവാനുള്ള സാധ്യതകൾ ഏറെയാണ്. അവിടെയും ബി ജെ പിയിൽ ആഭ്യന്തര കലാപമാണ്. വർഷാവസാനം തെരെഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഹിമാചലിലും ശക്തമായ മത്സരത്തിലൂടെ ഒരു തിരിച്ചു വരവിനുള്ള സാധ്യതയുണ്ട്. ഗുജറാത്തിൽ 2017 ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ വളരെ ഊർജ്ജ്വസ്വലമായ പ്രചാരണത്തിലൂടെ ബി ജെ പിക്ക് ഒപ്പമെത്തുവാൻ കോൺഗ്രസിന് ഒരു പരിധി വരെ കഴിഞ്ഞിരുന്നു എങ്കിലും സ്ഥിരമായി പ്രതിപക്ഷത്ത് ഇരിക്കുവാൻ ആണ് അവർക്കു താത്പര്യമെന്ന് തെറീഞ്ഞെടുപ്പിനു ശേക്ഷമുള്ള പാർട്ടിയുടെ നിരാശാജനകമായ പ്രകടനം സൂചിപ്പിക്കുന്നത്.


2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നേ, 2023 ൽ തെരഞ്ഞെടുപ്പ് നടക്കുന്ന 4 തെരഞ്ഞെടുപ്പുകളും അതീവ നിർണ്ണായകമാണ്. കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ നിലവിൽ രാജസ്ഥാനിലും ചത്തിസ്‌ഗഡിലും കർണാടകയിലെയോ മധ്യപ്രദേശിലെയോ പോലുള്ള ഭരണവിരുദ്ധ വികാരമില്ല എന്നത് കോൺഗ്രസിന് അല്പം ആശ്വാസം നല്കുന്നുണ്ടാകും.പക്ഷെ, 2024 ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ മോദിക്കും ഷായ്ക്കും അറിയാം, ദേശീയതലത്തിൽ കോൺഗ്രസ്സ് മാത്രമാകും പ്രധാന എതിരാളി എന്ന്. അതിനാലാണ് അവർ കോൺഗ്രസിനെയും ഗാന്ധി പരിപവാറിനെയും നിരന്തരമായി വേട്ടയാടുന്നത്. 2014 ലും 2019 ലും കോൺഗ്രസിന് ഏകദേശം 20 ശതമാനത്തിനടുത്തു വോട്ടുകൾ കിട്ടി. കോൺഗ്രസ് വോട്ടു വിഹിതം 25% ശതമാനത്തിലേക്ക് മാറിയാൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാം. ഗാന്ധി കുടുംബത്തിന് മാത്രമേ കോൺഗ്രസിനെ ഒന്നിപ്പിച്ചു നിർത്തുവാൻ സാധിക്കുകയുള്ളൂ എന്നതിനാലാണ് തരം കിട്ടുമ്പോഴൊക്കെയും കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും മോഡി ഷാ കൂട്ടുകെട്ട് നിരന്തരം വേട്ടയാടുന്നത്.


2019 ലെ തെരഞ്ഞെടുപ്പിൽ 53 സീറ്റിലാണ് കോൺഗ്രസ് ജയിച്ചത്. 2014 ലെ 44 സീറ്റിൽ നിന്ന് 9 സീറ്റുകളുടെ വർദ്ധനവ് മാത്രം. 53 സീറ്റുകളിൽ കേരളത്തിൽ നിന്ന് 15 സീറ്റുകൾ, പഞ്ചാബിൽ നിന്ന് കിട്ടിയത് 8 സീറ്റുകൾ. തമിഴ് നാട്ടിൽ നിന്ന് കിട്ടിയ 8 സീറ്റുകൾ ഡി എം കെ യുടെ കരുണ കൊണ്ട് മാത്രം. ആസാമിൽ നിന്നും തെലങ്കാനയിൽ നിന്നും മൂന്നു വീതവും പശ്ചിമ ബംഗാളിൽ നിന്നും ഛത്തിസ്ഗഡിൽ നിന്നും രണ്ടു വീതവും എം പിമാരെ കിട്ടിയപ്പോൾ മറ്റു 12 സീറ്റുകൾ 12 സംസ്ഥാനങ്ങളിൽ നിന്നാണ് എന്ന് ഓർക്കുന്നത് നന്നാവും.
കഴിഞ്ഞ തവണ കിട്ടിയ ഈ 53 സീറ്റുകൾ നിലനിർത്തുവാൻ കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയിൽ സാധ്യമാകുമോ? കേരളത്തിൽ, കേന്ദ്രത്തിൽ ബി ജെ പി ക്കു എതിരായ ഒരു ബദലിന് കോൺഗ്രസ്സിൽ വിശ്വാസമർപ്പിച്ചാൽ പോലും പത്തിലധികം സീറ്റുകൾ ലഭിക്കുക പ്രയാസമാകും. പഞ്ചാബിൽ അതി ശക്തമായ പോരാട്ടമാവും അമരീന്ദർ സിംഗിന്റെ അഭാവത്തിൽ നേരിടേണ്ടി വരിക. ആസാമിൽ കോൺഗ്രസിന്റെ ഒരു വിഭാഗം തൃണമൂൽ കോൺഗ്രസിൽ പോയി, തെലങ്കാനയിൽ കോൺഗ്രസ് ബി ജെ പി ക്കും പിന്നിലാവുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തിസ്‌ഗഡിലും ഭരണത്തിൽ ഉണ്ടായിട്ടു പോലും ഛത്തിസ്ഗഡിൽ നിന്ന് 2 പേരെ മാത്രമാണ് ഈ മൂന്നു സംസ്ഥാനങ്ങളിൽ നിന്നായി ലോകസഭയിലേക്കു അയക്കുവാൻ കോൺഗ്രസിന് സാധിച്ചത്.

പക്ഷെ കോൺഗ്രസ് നാമാവശേക്ഷമാവുമ്പോൾ ആരായിരിക്കും ബി ജെ പി ക്കു ബദലാവുക. ലോകസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് കണക്കാക്കുകയാണെങ്കിൽ 37.30% വോട്ടിന്റെ പിൻബലത്തിൽ ബി ജെ പി 303 സീറ്റുകൾ നേടിയപ്പോൾ 19.46% വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തു വന്ന കോൺഗ്രസ് നേടിയത് 53 സീറ്റുകൾ. പക്ഷെ എടുത്തു പറയേണ്ട കാര്യം മൂന്നാം സ്ഥാനത്തു വന്ന തൃണമൂൽ കോൺഗ്രസിന് കിട്ടിയതാകട്ടെ 4.06 % വോട്ടുകൾ മാത്രമാണ്. അതായത് മൂന്ന് മുതൽ ഒൻപതു വരെ സ്ഥാനത്തു വന്ന 7 രാഷ്ട്രീയ പാർട്ടികൾക്ക് കൂടി കിട്ടിയ വോട്ടു രണ്ടാം സ്ഥാനത്തു വന്ന കോൺഗ്രസിന് കിട്ടി എന്നുള്ളതാണ്. ബി ജെ പിക്കും കോൺഗ്രസിനും പിന്നിൽ മൂന്നുമുതൽ ഏഴു വരെ എത്തിയ പാർട്ടികളും അവയുടെ വോട്ടു ഷെയറും കൂട്ടിയാൽ കിട്ടുന്നത് കോൺഗ്രസിന് കിട്ടിയ വോട്ടിനേക്കാൾ കുറവാണ് കിട്ടിയത്. (19.21) മാത്രം. തൃണമൂൽ കോൺഗ്രസ് (4.06) ബഹുജൻ സമാജ് പാർട്ടി (3.62) സമാജ്‌വാദി പാർട്ടി (2.55) വൈ എസ് ആർ കോൺഗ്രസ് (2.53) ഡി എം കെ (2.34) ശിവസേന (2.09) തെലുങ്ക് ദേശം (2.04). അതായത് കേന്ദ്രത്തിൽ മറ്റൊരു പാർട്ടിക്കും കോൺഗ്രസിന് ബദൽ ആയി ബി ജെ പിക്ക് എതിരായി പോരാടുവാനുള്ള കരുത്തോ, അണികളോ ഇല്ല.

കേന്ദ്രത്തിൽ ബി ജെ പിക്ക് എതിരെ ശക്തമായ ഒരു പോരാട്ടം ഉണ്ടാവണമെങ്കിൽ പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ്, ഉത്തർ പ്രദേശിലെ സമാജ്‌വാദി പാർട്ടി, ആന്ധ്രയിലെ വൈ എസ് ആർ കോൺഗ്രസ്, തെലങ്കാനയിലെ ടി ആർ എസ്, എന്നിവരെ കൂടി ഇപ്പോഴുള്ള യു പി ഐ യിലെ ഡി എം കെ, എൻ സി പി, ആർ ജെ ഡി, എന്നീ കക്ഷികൾക്കൊപ്പം കൊണ്ട് വരണം. ഇവരൊക്കെയും ഒരു കാലത്തു കോൺഗ്രസ്സിൽ നിന്ന് തെറ്റിപ്പിരിഞ്ഞ പോയവരോ സോഷ്യലിസ്റ്റ് കാഴ്ചപ്പാട് ഉള്ളവരോ ആണ്. സി പി എം ഉൾപ്പെടുന്ന ഇടതു പക്ഷ കക്ഷികൾക്ക് കേരളത്തിൽ ഒഴികെ മറ്റൊരിടത്തും കോൺഗ്രസിനെ ശക്തിപ്പെടുത്തുവാൻ കഴിയാത്തതിനാലും കേരളത്തിൽ അവരെ കൂടെ കൂട്ടാതെ തന്നെ യു ഡി എഫ് ശക്തമായ നിലയിലായതിനാലും സി പി എം കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം തിരുത്തുവാൻ മെനക്കെടേണ്ടതില്ല. സി പി എമ്മിനെ കൂടെ കൂട്ടുന്നതു കൊണ്ട് കോൺഗ്രസിന് വലിയ ഒരു മെച്ചം ഉണ്ടാകില്ല. ഒരു മതേതര ഇടതുപക്ഷം കൂടെയുണ്ട് എന്ന തോന്നൽ ഉണ്ടാക്കുവാൻ മാത്രമുള്ള മെച്ചമേ ഉണ്ടാവൂ.


നിലവിലെ 20 ശതമാനം വോട്ടിൽ നിന്ന് കോൺഗ്രസ് തങ്ങളുടെ വോട്ടു വിഹിതം ഗണ്യമായി ഉയർത്തേണ്ടതുണ്ട്. 25% വോട്ടു വിഹിതം ഉള്ള ഒരു പാർട്ടിക്ക് മാത്രമേ മേൽപറഞ്ഞ പാർട്ടികളെ ഒരുമയോട് കൂടെ നിർത്തുവാൻ കഴിയുകയുള്ളു. അതിനു അടിമുടി മാറേണ്ടത് കോൺഗ്രസ് പാർട്ടിയാണ്. ജി -23 നേതാക്കളുടെ കൂട്ടായ്മ ആവശ്യപ്പെട്ടത് പ്രകാരം ബൂത്തുതലം മുതൽ കോൺഗ്രസിനെ ഉടച്ചു വാർക്കുകയും താഴെത്തട്ടു മുതലേ തെരെഞ്ഞെടുപ്പ് നടക്കുകയും മുഴുവൻ സമയ പാർട്ടി പ്രസിഡന്റ് ഉണ്ടാവുകയും ചെയ്യണം. തെരഞ്ഞെടുക്കപ്പെട്ട ഒരു നേതൃത്വമുണ്ടെങ്കിലേ പാർട്ടിയുടെ കീഴ് ഘടകങ്ങൾ ചലനാത്മകമാവുകയുള്ളൂ. ജോലിയെടുക്കുന്ന അണികൾക്കും താഴെ തട്ടിൽ ജോലി നേതാക്കൾക്കും സ്ഥിരമായ ഒരു വരുമാനം കോൺഗ്രസ്സ് നൽകണം. ഇക്കാര്യത്തിൽ ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയും കേരളത്തിലെ സി പി എമ്മും ചെയുന്നത് പോലെ ഒരു നയം സ്വീകരിക്കണം. പി എസ് സി ചോദ്യപേപ്പർ ചോർത്തിയോ നേതാക്കളുടെ ഭാര്യമാർക്ക് അനർഹമായ രീതിയിൽ യൂണിവേഴ്സിറ്റികളിൽ ജോലി കൊടുക്കണമെന്നു അല്ല പറയുന്നതു. കൂടെ നിൽക്കുന്നവർക്ക് അർഹതപ്പെട്ട ജോലി ലഭിക്കുവാനും സ്ഥിരമായ വരുമാനം ഉണ്ടാക്കുവാനുമുള്ള ഒരു സംവിധാനം കെട്ടിപ്പെടുക്കണം. സി പി എം, ജനകീയാസൂത്രണത്തിലൂടെയും സഹകരണ സംഘങ്ങൾ, യൂണിവേഴ്സ്റ്റിറ്റി, കോർപറേഷൻ, ബോർഡുകൾ വഴിയും അനേകം പാർട്ടി നേതാക്കൾക്കും അവരുടെ കുടുംബാംങ്ങൾക്കും ജോലി തരമാക്കി കൊടുക്കുവാൻ സാധിച്ചു. പാർട്ടിക്ക് വേണ്ടി പണിയെടുക്കുമ്പോൾ പോലും കുടുംബത്തിനു പട്ടിണി കൂടാതെ കഴിയാവുന്ന ഒരു സംവിധാനം.
കോൺഗ്രസിന്റെ പോഷക സംഘടനകളിൽ ഏറ്റവും ശ്രദ്ധേയമായത് പ്രൊഫഷണൽ കോൺഗ്രസ് ആണ്. ആ സംഘടനയെ കൂടുതൽ വളർത്തുകയും അങ്ങനെ പ്രൊഫഷണലുകളെ കൂടുതലായി പാർട്ടിയിലേക്ക് അടുപ്പിക്കുകയും ചെയ്‌താൽ, കൂടുതൽ സാധാരണക്കാർ കോൺഗ്രസിലേക്ക് ഒഴുകുക മാത്രമല്ല, ഈ പുതിയ മാതൃകാ രാഷ്ട്രീയത്തിന് നവജീവൻ പകരുകയും ചെയ്യും.

പൊതുനന്മയെ സേവിക്കാൻ കൊതിക്കുന്ന, എന്നാൽ രാഷ്ട്രീയമില്ലാത്ത, ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള ശോഭയുള്ള, ഊർജ്ജസ്വലരായ ആളുകളാൽ ഇന്ത്യ നിറഞ്ഞിരിക്കുന്നു. കോൺഗ്രസ് പാർട്ടി അവരുടെ സ്വാഭാവിക ഭവനമാക്കണം. അത്തരം ഒരു രീതിയിലൂടെ, പുതിയതായി വരുന്നവർ നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ അവരുടെ ഊർജ്ജവും ബുദ്ധിയും പ്രയോഗിക്കുന്നതിനാൽ, കോൺഗ്രസ് പാർട്ടിക്ക് എല്ലാ തലങ്ങളിലും മുന്നേറുവാൻ കഴിയും.


ബദലുകളുടെ അഭാവത്തിൽ ഇന്ത്യയിലെ ഊർജ്വസ്വലരായ അനേകം ആളുകൾ വലിയ ചിന്താക്കുഴപ്പത്തിലാണ്. വാസ്തവത്തിൽ, കോൺഗ്രസിൽ ഇന്ന് ഭാവനയുടെ അഭാവമാണ്. ഇന്ത്യയിലെ ജനങ്ങൾക്ക് അവരുടെ രാഷ്ട്രീയത്തിൽ ഭാവനയെ വികസിപ്പിക്കുന്ന ഒരു സംഘടനയാണ് ആവശ്യം. അതുകൊണ്ടു കോൺഗ്രസിൽ പരീക്ഷണാത്മകതയുടെ ഒരു നൈതികത തീർത്തും അത്യന്താ പേക്ഷിതമായിരിക്കുന്നു. എണ്ണമറ്റ ദേശീയ പ്രതിസന്ധികൾ നേരിടാൻ പുതിയ ആശയങ്ങൾ സൃഷ്ടിക്കുന്ന, ദേശീയ തലത്തിൽ ഒരു പുതിയ തരം രാഷ്ട്രീയത്തിനും ഒരു പുതിയ തരം രാഷ്ട്രീയ പാർട്ടിക്കും വേണ്ടിയുള്ള പരിവർത്തനമാണ്കോൺഗ്രസ് ആവിഷ്കരിക്കേണ്ടത്. ജനങ്ങൾക്ക് പുതിയ ആശയങ്ങൾ ആവശ്യമാണെന്ന് നേതാക്കൾ മനസിലാക്കണം, കാരണം പ്രബലമായ ദേശീയ പാർട്ടിയാകുവാനുള്ള മറ്റൊരു ശക്തിയാകുവാൻ തൃണമൂൽ കോൺഗ്രസിനോ, ആം ആദ്മി പാർട്ടിക്കോ, എന്തിനേറെ ബഹുജൻ സമാജ് പാർട്ടിക്കോ കഴിയില്ല.ജാതിയുടെയും മതത്തിന്റെയും വർണ്ണ വെറിയുടെയും ജീർണിച്ച സാമൂഹിക ഘടനകളിൽ കുടുങ്ങിക്കിടക്കുന്ന നമ്മുടെ ജനതയെ ഇന്ത്യൻ സമൂഹത്തിന്റെ തന്നെ തുടർച്ചയായ പുനർനിർമ്മാണത്തിന്റെ യന്ത്രമാക്കുകയായിരിക്കണം കോൺഗ്രസിന്റെ ലക്‌ഷ്യം.
സ്വയം പുനർനിർമ്മിക്കാനുള്ള ഈ അവസരം കോൺഗ്രസ് പാഴാക്കിയാൽ, ഈ നിമിഷത്തിന്റെ ഭാരം താങ്ങാൻ കഴിയുന്ന ഒരു പുതിയ ദേശീയ പാർട്ടി രൂപീകരിക്കാൻ മറ്റ് സാമൂഹിക ശക്തികൾ ഒന്നിക്കണം. യഥാർത്ഥ വിപ്ലവം സൃഷ്ടിക്കാൻ കഴിയുന്ന ഒരു ദേശീയ പാർട്ടിക്ക് ഇന്ത്യയിലെ ജനങ്ങൾ അർഹരാണ്.

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like