പൂമുഖം LITERATUREലേഖനം മതം ,വർഗീയത , ജാതി

മതം ,വർഗീയത , ജാതി

സോഷ്യലിസം ,മതേതരത്വം ദേശീയോത്ഗ്രഥനം എന്നീ മൂന്നു പദങ്ങൾ ഭരണഘടനയുടെ മുഖവുരയിൽ കൂട്ടിച്ചേർക്കപ്പെട്ടത് 1976 ലെ നാൽപ്പത്തി രണ്ടാം (42 ) ഭരണഘടനാ ഭേദഗതി പ്രകാരമാണ് .സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം നമ്മുടെ രാഷ്ട്രത്തെ നയിച്ച മൂന്നു തത്വങ്ങളാണ് ഇവ ,ഇന്ത്യ ഒരു സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്ക് ആണ് എന്ന് ഭരണഘടനയുടെ മുഖവുരയിൽ പ്രഖ്യാപിക്കുന്നു .ഈ രാജ്യത്തു പരിപൂർണ മതേതരത്വവും സോഷ്യലിസവും നടപ്പിലാക്കുവാൻ നിയമ സഭകളും കോടതികളും ജനങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമായി വിശദീകരിക്കാനാണ് ഈ ഭേദഗതി കൊണ്ടുദ്ദേശിച്ചത് “സ്റ്റേറ്റ്മെൻറ്സ് ഓഫ് ഓബ്ജക്ട്സ് ആൻഡ് റീസൺസിൽ “ഇങ്ങനെ പറയുന്നു :

“മതേതരത്വം ,സോഷ്യലിസം ദേശീയോദ്ഗ്രഥനം എന്നീ ആശയങ്ങൾ ഭരണഘടനയിൽ അന്തർലീനമാണ് ഇവ വ്യക്തമായി മുഖവുരയിൽ വിശദീകരിക്കപ്പെടുകയാണ് .അതുവരെ ഭരണ ഘടനയുടെ വിശ്വാസ പ്രമാണമായിരുന്ന കാര്യം വളരെ വ്യക്തമായ സംജ്ഞകളുപയോഗിച്ച്‌ വിശദീകരിക്കുകയാണ് 42 ആം ഭേദഗതിയിലൂടെ ചെയ്തത് “

1976 ലെ ഈ ഭരണഘടനാ ഭേദഗതിക്ക് മുൻപ് നമ്മുടെ ഭരണ ഘടനയിൽ മതേതരത്വം എന്ന വാക്കു ഉണ്ടായിരുന്നില്ല .മതേതര രാഷ്ട്രമാണെന്നു പ്രത്യേകമായി സൂചിപിപ്പിച്ചിരുന്നില്ലെങ്കിലും ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് വ്യക്തമാക്കുന്ന നിരവധി വകുപ്പുകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു .

1948 ഡിസംബർ 7 ന് ഭരണഘടനാ നിർമ്മാണ സഭയിൽ പങ്കെടുത്തൂ കൊണ്ട് ശ്രീ ഗോപാലസ്വാമി അയ്യങ്കാർ “മതേതരം ” എന്നതിന്റെ അർഥം ഇങ്ങനെ വ്യക്തമാക്കി .”രാഷ്ട്രത്തെ മതേതരമാക്കാൻ നാം പ്രതിജ്ഞാബദ്ധരാണ് .മതേതരം എന്ന വാക്ക് കൊണ്ട് നാം ഒരു മതത്തിലും വിശ്വസിക്കുന്നില്ലെന്നോ നമ്മുടെ അനുദിന ജീവിതത്തിൽ, അതുമായി ഒരു ബന്ധവുമില്ലെന്നോ ഞാനർത്ഥമാക്കുന്നില്ല .അത് അർത്ഥമാക്കുന്നത് രാഷ്ട്രത്തിനു ഒരു മതത്തെ സഹായിക്കാനോ ഒരു മതത്തിനെതിരായി മറ്റൊന്നിന് മുൻഗണന നൽകാനോ കഴിയില്ലെന്ന് മാത്രമാണ് .”അറിയപ്പെടുന്ന എല്ലാ പ്രധാന മതങ്ങളിലും വിശ്വസിക്കുന്നവർ അധിവസിക്കുന്ന രാജ്യമാണ് നമ്മുടേത് .അത് കൊണ്ടാണ് ഭരണഘടന ഇന്ത്യയെ ഒരു മതേതര രാഷ്ട്രമായി -മതത്തോട് ബന്ധപ്പെടാതെ ഭരണം നടത്തുന്ന രാഷ്ട്രമായി -വിഭാവനം ചെയ്തത് എല്ലാ മതങ്ങളുടെയും നിഷേധമല്ല ,എല്ലാ മതങ്ങളുടെയും തുല്യമായ ആദരവാണ് അത് വിഭാവനം ചെയ്യുന്നത് .

വ്യത്യസ്ത മതങ്ങളിൽ പെട്ട ഇന്ത്യയിലെ ജനങ്ങളുടെ ഐക്യവും സാഹോദര്യവുമാണ് മതേതര രാഷ്ട്രം എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത് .മത സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശങ്ങൾ ഭരണഘടനയിൽ ആർട്ടിക്കിൾ 25 മുതൽ 28 വരെ ചേർക്കപ്പെട്ടിരിക്കുന്നു .പൊതു സമാധാനം ,ധാർമികത,ആരോഗ്യം മറ്റു ചില അനിവാര്യ കാര്യങ്ങൾ എന്നിവക്ക് വിധേയമായി എല്ലാവ്യക്തികൾക്കും സ്വതന്ത്രമായി മതത്തിൽ വിശ്വസിക്കുവാനും വിശ്വാസം പ്രഖ്യാപിക്കുവാനും പ്രചരിപ്പിക്കുവാനും അവകാശമുണ്ട് “ഇന്ത്യ ഒരു മതാധിഷ്ഠിത രാഷ്ട്രമല്ല . ഒരു മതാതീത രാഷ്ട്രമല്ല ,ഒരു മതവിരുദ്ധ രാഷ്ട്രമല്ല ,രാഷ്ട്രം മത തത്വങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും പൂർണമായി വേർപെടുത്തപ്പെട്ടതും അങ്ങനെ മതപരമായ കാര്യങ്ങളിൽ നിഷ്പക്ഷവുമാണ് “ശ്രീ വെങ്കിട്ടരാമന്റെ വാക്കുകളാണ് മേലുദ്ധരിച്ചത് .(The state is not religious or irreligious and not anti religious ;but is wholly detached from religious dogmas and activities and thus neutral in religious matters /-Sri .Venkitaraman ) എന്നാൽ മതം ജനങ്ങളുടെ സാമൂഹിക -സാമ്പത്തിക ജീവിതവുമായി വളരെയധികം ഇടകലർന്നിരിക്കുന്നതിനാൽ സാമൂഹ്യ നീതിക്കും ഭരണഘടനാ അവകാശങ്ങൾക്കുമെതിരെ മതത്തിന്റ സാമൂഹ്യ സാമ്പത്തിക പ്രവർത്തനങ്ങൾ ഉണ്ടാകുമ്പോൾ ഗവൺമെന്റിന് ഇടപെടുവാൻ അവകാശമുണ്ടായിരിക്കുമെന്നു നമ്മുടെ ഭരണഘടന അനുശാസിക്കുന്നുണ്ട് .

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഇന്ത്യയിലുണ്ടായ സാമൂഹിക സാംസ്‌കാരിക നവോത്ഥാന പ്രസ്ഥാനത്തിന് മത വിശ്വാസവുമായി ബന്ധമുണ്ടായിരുന്നു .മത സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ ദേശീയപ്രസ്ഥാനത്തിന്റെ വളർച്ചയെ സഹായിച്ചുവെങ്കിലും അവ മതപരമായ ഒരു സ്വഭാവം നില നിർത്തിയിരുന്നു .ദേശീയ പ്രസ്ഥാനം ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലായപ്പോൾ മതേതരത്വം എന്ന ആശയം രാഷ്ട്രീയ രംഗത്ത് പ്രകടമായി .അത് ഭരണഘടനയുടെ മൗലികാവകാശത്തിലും പിന്നീട് ഭരണഘടനയുടെ മുഖവുരയിൽ 1976 ലെ ഭരണഘടനാ ഭേദഗതിയിലൂടെയും വ്യക്തമാക്കപ്പെട്ടു .

ഭരണഘടനാപരവും നിയമപരവുമായ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെങ്കിലും ഈ രാജ്യത്തിൻറെ വംശീയവും ആത്മീയവും സാംസ്കാരികവുമായ സാമൂഹ്യ പാരമ്പര്യത്തിന് മതേതര സ്വഭാവം ഇതുവരെ കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. രാജ്യത്തിൻറെ രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങളിൽ മതങ്ങളുടെ സ്വാധീനം വർധിച്ചു വരുന്നത് കണക്കിലെടുക്കേണ്ടതുണ്ട് .ഇത് മതേതരത്വത്തിന് കടക വിരുദ്ധമാണ് .ഇന്ത്യയിലെ ഓരോ മത വിഭാഗങ്ങളും ഓരോ താല്പര്യ കക്ഷികളായിതതീർന്ന് രാഷ്ട്രീയ സമ്പ്രദായത്തിൽ ഇടപെടുന്നു വർഗീയ രീതിയിൽ സംഘടിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു .വർഗീയത അപകടകാരിയായ ഒരു സാമൂഹ്യ പ്രതിഭാസമായി വളർന്നിരിക്കുന്നു .

വർഗീയത :

മതക്കൂട്ടായ്മയുടെ പേരിൽ നടത്തുന്ന രാഷ്ട്രീയ നീക്കമാണ് വർഗീയത. വിൽഫ്രഡ് സ്മിത്ത് വർഗീയതയെ ഇങ്ങനെ നിർവചിച്ചു “ഓരോ വിഭാഗത്തിലും പെട്ടവരെ വ്യതിരിക്തവും പലപ്പോഴും മറ്റുള്ളവരുടേതിനോട് വിരുദ്ധവുമായ താല്പര്യമുള്ളതുമായ ഒരു പ്രത്യേക രാഷ്ട്രീയ വിഭാഗമായി കണക്കാക്കുന്ന ഒരു മനസ്ഥിതിയാണ് വർഗീയത .”റഷീദുദ്ദീൻ ഖാൻ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ് “ജനങ്ങളുടെ വേദപ്രമാണാനുസൃതമായ മത വ്യക്തിത്വത്തെയും പൗരന്മാരുടെ നിരപേക്ഷമായ ജനാധിപത്യ അവസരങ്ങളെയും ചൂഷണം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയ ശാസ്ത്രമാണ് വർഗീയത “ചുരുക്കിപ്പറഞ്ഞാൽ ഒരു പ്രത്യേക മത വിഭാഗത്തോടുള്ള രാഷ്ട്രീയ ചായ്‌വാണ് വർഗീയത .വിവിധ സമുദായങ്ങളുടെ മത സാംസ്‌കാരിക വ്യത്യാസങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നത്തിലാണ് വർഗീയതയുടെ ഉറവിടം .വർഗീയതയുടെ പേരിൽ സംഘടിപ്പിക്കപ്പെട്ട രാഷ്ട്രീയ പാർട്ടികൾ നമ്മുടെ നാട്ടിലുണ്ട് .സ്വന്തം സമുദായത്തിന്റെ ആവശ്യങ്ങൾ നേടുവാൻ അവർ വർഗീയതയെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാക്കി. .തിരഞ്ഞെടുപ്പിലും തിരഞ്ഞെടുപ്പിതര പ്രശ്നങ്ങളിലും വിജയിക്കുന്നതിനു വർഗീയ ജാതി പരിഗണനകൾ 1950 മുതൽ തന്നെ രാഷ്ട്രീയ കക്ഷികൾ ഉപയോഗിക്കാൻ തുടങ്ങി .

മതവും രാഷ്ട്രീയവും തമ്മിലുള്ള അവിഹിത ബന്ധമാണ് വർഗീയതയ്ക്ക് വളം വെച്ച്”കൊടുക്കുന്നത്. ബഹുകക്ഷി ജനാധിപത്യമാണ് ഇന്ത്യയിൽ നിലവിലുള്ളത് .രാഷ്ട്രീയക്കാർ അധികാരത്തിലേറാൻ ജനങ്ങളുടെ മതവികാരങ്ങൾ ചൂഷണം ചെയ്യുന്നു .മത നേതൃത്വം സ്വാർത്ഥ താൽപര്യങ്ങൾക്കായി രാഷ്ട്രീയ കക്ഷികളുടെ പ്രലോഭനങ്ങൾക്കു വശംവദരാവുകയും ചെയ്യുന്നു .പാർലമെന്റിലേക്കും നിയമ സഭയിലേക്കും ഉള്ള സ്ഥാനാർഥി നിർണയം ,പ്രചാരണം ,വോട്ടെടുപ്പ് എന്നിവയിലെല്ലാം ജാതീയും വർഗീയതയും മതവും നിർണായക പങ്കു വഹിക്കുന്നു .മതവും രാഷ്ട്രീയവും തമ്മിൽ ചേരുമ്പോൾ വർഗീയത വളരുന്നതിന് ഉദാഹരണങ്ങൾ ഏറെയുണ്ട് .അയോദ്ധ്യ സംഭവത്തിന് മുൻപും പിൻപും അത്തരം വർഗീയ സംഘർഷങ്ങൾ ഇന്ത്യയിൽ നടന്നിട്ടുണ്ട് .മതം അധികാര രാഷ്ട്രീയവുമായി ഇടപഴകുമ്പോൾ മതത്തിനു അതിന്റെ സംശുദ്ധി നഷ്ടപ്പെടുന്നുണ്ട് .ഈ ദുഷ്പ്രവണത മതത്തിന്റെ മൂല്യച്യുതിക്ക്‌ കാരണമായിട്ടുണ്ട് .

ജാതി

“ജാതിയിലൂടെയുള്ള സാമൂഹ്യ വിഭജനം ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ ജാതി വ്യവസ്ഥയുടെ തത്വം അടിയുറപ്പിച്ചിരിക്കുകയാണ് .ജാതി എന്നതിന് ഭാഷാപരമായ അർഥം ജനനം അഥവാ ജന്മനാൽ എന്നാണ് .വേദങ്ങളിൽ വിപുലീകരിക്കപ്പെട്ട കുടുംബം എന്ന അർത്ഥത്തിലാണ് ജാതി എന്ന പദം ഉപയോഗിച്ചിട്ടുള്ളത് .രക്ത ബന്ധത്തിന് ഊന്നൽ നൽകുന്ന രീതിയിലും ജാതി എന്ന പദം ഉപയോഗിച്ചു കാണുന്നു ജാതി ജനങ്ങളുടെ ഒരു വിഭാഗത്തിന്റെ സാമൂഹിക – സാമ്പത്തിക പദവി വിലയിരുത്തുന്നതിന്റെ മാനദണ്ഡമായി മാറി .ഓരോ ജാതിയും പ്രത്യേക മതാനുഷ്ഠാനങ്ങൾ ആചരിക്കുന്ന പ്രത്യേക വിഭാഗമായി മാറുകയും ചെയ്തു .

ഉത്തരേന്ത്യയിൽ സംഭവിച്ചത് പോലെ ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിലല്ല കേരളത്തിൽ ജാതി സമ്പ്രദായം രൂപപ്പെട്ടത് .മധ്യ കാല കേരളത്തിൽ ബ്രാഹ്മണ മേധാവിത്വം നിലവിൽ വന്നപ്പോൾ ബ്രാഹ്മണന്മാരുടെ നേതൃത്വത്തിൽ ബ്രാഹ്മണ ഗ്രാമങ്ങൾ സ്ഥാപിക്കപ്പെട്ടു .ഓരോ തൊഴിലും ചെയ്യുവാൻ പ്രത്യേകം പ്രത്യേകം വ്യക്തികൾ ആവശ്യമായി വന്നു ,അങ്ങനെ സമൂഹത്തിൽ പുതിയ തൊഴിൽ കൂട്ടായ്മകൾ ഉയർന്നു വന്നു .തൊഴിൽ ചെയ്യുന്ന വ്യക്തിയുടെ ജോലിയും അവകാശവും പരമ്പരാഗതമായി തീർന്നതോടെ ജാതികൾ ഉയർന്നു വന്നു .തൊഴിൽ കൂട്ടങ്ങൾ കാലാന്തരത്തിൽ പ്രത്യേക ജാതികളായി പരിണമിച്ചു .അദ്ധ്വാനത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ വിഭജനം നടന്നതിന്റെ ഫലമായിട്ടാണ് കേരളത്തിൽ എണ്ണമറ്റ ജാതികളും ഉപജാതികളും ഉണ്ടായത് .

ഉത്തരേന്ത്യയിൽ പിൽകാല വേദ സമൂഹത്തിൽ സാമൂഹിക വിഭജനം ചാതുർവർണ്യത്തിന്റെ അടിസ്ഥാനത്തിലാണുണ്ടായത് .വർണം ഒരു വ്യക്തിയുടെ അനുഷ്ഠാന പദവി നിർണയിച്ചപ്പോൾ ജാതി യഥാർത്ഥ പദവി നിശ്ചയിച്ചു .വർണം എന്ന സംസ്കൃത പദത്തിന് നിറം , രൂപം, തരം , ജാതി വർഗം,സ്വഭാവം എന്നിങ്ങനെ പല അർത്ഥങ്ങളുമുണ്ട് .പിൽക്കാല വേദ സമൂഹം ബ്രാഹ്മണ ,ക്ഷത്രീയ ,വൈശ്യ ,ശൂദ്ര എന്നിങ്ങനെ നാല് വർണങ്ങളായി വിഭജിക്കപ്പെട്ടു .ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലാണ് വർണങ്ങളെ കുറിച്ച് ആദ്യമായി പരാമർശം കാണുന്നത് .വിരാട് പുരുഷന്റെ വായിൽ നിന്ന് ബ്രാഹ്മണനും ബാഹുക്കളിൽ നിന്ന് ക്ഷത്രിയനും ,തുടകളിൽ നിന്ന് വൈശ്യനും പാദങ്ങളിൽ നിന്ന് ശുദ്രനും ആവിർഭവിച്ചു .(ഋഗ്വേദം 10 :90 :12 ) ഈ വർണ ശ്രേണിയുടെ ഉത്ഭവത്തെ കുറിച്ച് ഋഗ്വേദത്തിലെ പുരുഷ സൂക്തത്തിൽ (10 :90 :1 -16 )പരാമർശിക്കുന്നുണ്ട് .അങ്ങിനെയാണ് തുല്യമല്ലാത്ത ഒരു സാമൂഹ്യ വിഭജനത്തെ സ്വാഭാവികമാക്കിയത് .ഈ നാല് വർണങ്ങൾ സമൂഹത്തിന്റെ നാലു വിരലുകളാണ് എന്നാൽ അവ തുല്യങ്ങളല്ല .ഏറ്റവും മുകളിൽ ബ്രാഹ്മണനും ഏറ്റവും താഴെ തട്ടിൽ ശൂദ്രനും ആയ ഒരു ശ്രേണീ വ്യവസ്ഥയായിരുന്നു അത് .ഒരു വ്യക്തിയുടെ വർണ ശ്രേണിയിലെ പദവി നിശ്ചയിക്കുന്നത് ആ വ്യക്തിയുടെ ജനനമാണ് .സമൂഹത്തിന്റെ ക്രമബദ്ധമായ പ്രവർത്തനം ഉറപ്പു വരുത്തുന്നതിനാവശ്യമായ ഒരു സാമൂഹ്യ വ്യവസ്ഥയായി ഇത് മാറി . വർണ വ്യവസ്ഥ നില നിർത്തുന്നതിനു വേണ്ടി ഒരേ വർണത്തിൽ നിന്ന് തന്നെ വിവാഹം ഒരേ തരത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ എന്നിവ നിശ്ചയിക്കപ്പെട്ടു .

സാർവലൗകിക നിയമമായ ധർമ്മം വർണ വ്യവസ്ഥയോട് ചേർക്കപ്പെട്ടു .മനു, ഗൗതമ,യാജ്ഞവൽക്യൻ എന്നിവർ വർണ ധർമങ്ങൾ വികസിപ്പിച്ചു .സ്വത്വം ,ഗ്രൂപ്പ് രൂപീകരിക്കൽ ,വർണ ശ്രേണികൾക്കുള്ളിലും തമ്മിൽ തമ്മിലുമുള്ള ബന്ധങ്ങൾ ,തൊഴിൽ എന്നിങ്ങനെയുള്ള സാമൂഹ്യഘടനയെയെല്ലാം നിർവചിക്കുകയും ക്രമീകരിക്കുകയും ചെയ്തു .13 മുതൽ 17 വരെയുള്ള ശതകങ്ങളിൽ ശൂദ്ര ധർമത്തെ ക്കുറിച്ചു ധാരാളം സംസ്കൃത ഗ്രന്ഥങ്ങൾ ,ബനാറസ് ,മിഥില ,ബംഗാൾ ഗംഗാസമതലത്തിലെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലെ ബ്രാഹ്മണകുടുംബങ്ങളിലെ ധർമശാസ്ത്ര വിശാരദന്മാർ നിർമ്മിച്ചു .മുഗൾ സാമ്രാജ്യത്വത്തിന്റെയും മറാത്ത സാമ്രാജ്യത്തിന്റെയും ഉയർച്ചാ കാലഘട്ടം മുതൽ കൊളോണിയൽ ഭരണം തുടങ്ങുന്നതു വരെ ശുദ്രന്മാരുടെ ധർമ്മത്തെ കുറിച്ച് വിശദീകരിക്കുന്ന ഗ്രന്ഥങ്ങൾ നിർമ്മിക്കപ്പെട്ടു .

വേദ പഠനം .പൂജാ വിധികൾ , മന്ത്രജപം ,സംസ്കൃത വിദ്യാഭ്യാസം എന്നിവ ബ്രാഹ്മണരെ സമൂഹത്തിൽ ഉന്നത പദവിക്കർഹരാക്കി .ശുദ്രന്മാർക്ക് ഈ അവകാശങ്ങളെല്ലാം നിഷിദ്ധമായിരുന്നു .ശുദ്രന്മാർക്ക് താഴെയായി ജാതി വ്യവസ്ഥയിൽ നിന്നും ബഹിഷ്കൃതരായ ജാതി വിഭാഗമുണ്ടായിരുന്നു .ഈ വിഭാഗത്തിന് ഈ അവകാശങ്ങൾ ചിന്തിക്കുവാൻ കഴിഞ്ഞിരുന്നില്ല .ശൂദ്രർ സമൂഹത്തിൽ പ്രത്യേക അതിർത്തിക്കുള്ളിൽ താമസിക്കുവാൻ നിർബന്ധിതരായി .ശുദ്രന്മാർക്ക് സമാനമായിട്ടാണ് സ്ത്രീകളെ കണക്കാക്കിയിരുന്നത് .സ്ത്രീ -ശൂദ്ര സമാനത എന്നത് ശൂദ്ര ധർമ്മത്തിന്റെ ഒരടിസ്ഥാന തത്വമായിരുന്നു . ജാതിയുടെ അടിസ്ഥാനത്തിൽ പുരുഷന്മാർക്ക് ഉന്നതാധികാരങ്ങളും മേധാവിത്വവുമുണ്ടായിരുന്നു .

19 ആം നൂറ്റാണ്ടിൽ ഇന്ത്യയിലുണ്ടായ മത -സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ തുടങ്ങുന്നതിനു മുൻപ് മതപരമായ അന്ധവിശ്വാസങ്ങളിലും ,പാരമ്പര്യത്തിലും അനാചാരങ്ങളിലും ജാതി വ്യവസ്ഥയിലും കുരുക്കിക്കിടങ്ങുകയായിരുന്നു ഇന്ത്യ .ജാതി സമിതികൾ ,ജാതി മുഖ്യന്മാർ ,പഞ്ചായത്തുകൾ എന്നിവ ജാതി നിയമങ്ങൾ കർശനമായി നടപ്പിലാക്കി .ബാല്യ വിവാഹവും ബഹുഭാര്യത്വവും ശിശു ഹത്യയും സ്ത്രീധന സമ്പ്രദായവും സതി എന്ന ക്രൂരമായ ആചാരവും നില നിന്നിരുന്നു .മിശ്ര വിവാഹവും മിശ്ര ഭോജനവും നിരോധിക്കപ്പെട്ടിരുന്നു .തീണ്ടലും തൊടീലും ജാതി വ്യവസ്ഥയുടെ മറ്റൊരു ഭീകരമുഖമായിരുന്നു .അയിത്ത ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പോകുവാനോ ,പൊതു സ്ഥലങ്ങൾ ഉപയോഗിക്കുവാനോ , പൊതു നിരത്തുകളിൽ കൂടി നടക്കുവാനോ അവകാശമില്ലായിരുന്നു .

19 ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഇന്ത്യയിലെ സാംസ്‌കാരിക രംഗങ്ങളിൽ പുതിയ ഒരു ഉണർവ് പ്രകടമായി .ആധുനിക പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനമായിരുന്നു ഇതിനു കാരണം. പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ച ഇന്ത്യാക്കാർ ഇവിടെ നടമാടിയിരുന്ന മതപരവും സാമൂഹ്യപരവുമായ അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും അജ്ഞതയേയും പറ്റി ബോധവാന്മാരായി .സാമൂഹ്യവും മതപരവും രാഷ്ട്രീയവുമായ പുനരുദ്ധാരണത്തിന് വേണ്ടി അവർ പ്രയത്നിച്ചു .1802 ൽ ശിശുഹത്യ നിരോധിക്കപ്പെട്ടു .1872 ലെ ആക്ട് പ്രകാരം ശിശു വിവാഹവും ബഹുഭാര്യാത്വവും നിരോധിക്കപ്പെട്ടു വിധവാ വിവാഹത്തിന് സാധുത്വം നൽകുകയും മിശ്ര വിവാഹം നിയമ വിധേയമാക്കുകയും ചെയ്തു എന്നാൽ ഈ നിയമം ശരിയായ രീതിയിൽ നടപ്പിലായില്ല .ഇന്ത്യയിലെ സാമൂഹ്യ പ്രവർത്തകരുടെ ശ്രമഫലമായാണ് ഇതെല്ലം സാധ്യമായത് .

ഭർത്താവിന്റെ മൃത ദേഹത്തോടൊപ്പം വിധവയുടെ ജീവനുള്ള ശരീരവും ചിതയിൽ ദഹിപ്പിക്കുക എന്ന ക്രൂരമായ നടപടിക്കെതിരെ ബ്രഹ്മസമാജ സ്ഥാപകനായ രാജാറാം മോഹൻ റോയ് യാഥാസ്ഥിതിക ഹിന്ദു വിഭാഗങ്ങളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചു പോരാടി .എ ഡി 510 ൽ ഗുപ്ത കാലഘട്ടത്തിലാണ് ഇന്ത്യയിൽ ആദ്യമായ് സതി സമ്പ്രദായം അനുഷ്ഠിക്കപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചിരിക്കുന്നത് .എ ഡി 600 -1200 കാലഘട്ടത്തിൽ ഈ സമ്പ്രദായത്തിന് ഉത്തരേന്ത്യൻ സമൂഹത്തിൽ സാമൂഹിക അംഗീകാരം ലഭിച്ചിരുന്നു . ഗുപ്താ നന്തര കാലഘട്ടത്തിലും ഹർഷന്റെ ഭരണകാലത്തും സതി നടത്തിയതിന് തെളിവുകളുണ്ട് .ഹർഷന് ശേഷം രജപുത്ര കാലത്തു സതി കൂടുതൽ വ്യാപകമായി അനുഷ്ഠിക്കപ്പെട്ടു .

ഗവർണർ ജനറലായിരുന്ന കോൺവാലിസ്‌ പ്രഭുവിന്റെ കാലത്തു തന്നെ (1786 -1793 ) ഈ ആചാരത്തെ നിരുത്സാഹപ്പെടുത്താൻ അദ്ദേഹം ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർക്ക് നിർദേശം നൽകിയിരുന്നു .വെല്ലസ്ലി പ്രഭു ഈ പ്രശ്നം സാദർ നിസാമത് അദാലത്തിലെ ജഡ്ജിമാർക്ക് റെഫർ ചെയ്തു .എന്നാൽ ഇത് നിരോധിക്കുന്നതിനോട് അവർ വിയോജിച്ചു .ഈ സമ്പ്രദായം പൂർണമായി നിർത്തലാക്കുന്നതിന് പകരം അത് നിയന്ത്രിക്കുന്നതിന് ചില നിർദേശങ്ങൾ അവർ മുന്നോട്ടു വെച്ചു .എന്നാൽ 1813 വരെ ഈ നിർദേശങ്ങളും നടപ്പിലാക്കിയില്ല. ഈ നിർദേശങ്ങളെല്ലാം ഉൾപ്പെടുത്തിയ ഒരു സർക്കുലർ മിന്റോ പ്രഭു നീതിന്യായ ഉദ്യോഗസ്ഥന്മാർക്കയച്ചു കൊടുത്തു ഒരു മജിസ്‌ട്രേറ്റിന്റെയോ പോലീസ് ഉദ്യോഗസ്ഥന്റേയോ അനുവാദം കൂടാതെയോ ഒരു പോലീസുദ്യോഗസ്ഥന്റെ സാന്നിധ്യം കൂടാതെയോ ഒരു സ്ത്രീയും ആഹുതി ചെയ്യപ്പെടരുത് എന്നായിരുന്നു സർക്കുലർ .എന്നാൽ ഈ മുൻകരുതൽ നടപടികൾ ഫലപ്രദമായില്ല ;1818 ൽ ബംഗാൾ പ്രസിഡൻസിയിൽ തന്നെ 800 വിധവകൾ സ്വയം ആത്മാഹുതി ചെയ്തു .ഹിന്ദുക്കളുടെ മതവികാരങ്ങൾ വ്രണപ്പെടുമെന്ന ആംഹർസ്റ്റ് പ്രഭു (Lord Amherst )കരുതി .’സതി എന്ന സമ്പ്രദായം നിലനിൽക്കുന്നത് കൊണ്ടുള്ള ദോഷത്തെക്കാൾ വളരെ കൂടുതൽ ദോഷങ്ങളിലേക്ക് അതിന്റെ നിരോധനം നയിക്കും’ എന്നദ്ദേഹം ഉൽക്കണ്ഠ പ്രദർശിപ്പിച്ചു.(Abolition of Sati would lead to evils infinitely greater than those arising from the existence of the practice-Lord Amherst).എന്നാൽ അവസാന നടപടി എടുക്കുവാൻ ബെന്റിക്ക് പ്രഭു തീരുമാനിക്കുക തന്നെ ചെയ്തു .വില്യം ബെന്റിക് പ്രഭു 1829 ൽ നിയമം മൂലം സതി നിർത്തലാക്കി .രാജാറാം മോഹൻ റോയിയെപ്പോലുള്ള മത സാമൂഹ്യ പരിഷ്കരണ വാദികളുടെ സഹകരണവും സർദാർ നിസാമത് അദാലത് ജഡ്‌ജിമാരുടെ പിന്തുണയും ഇക്കാര്യത്തിൽ ബെന്റിക് പ്രഭുവിന് ശക്തി പകർന്നു .

സതി സമ്പ്രദായത്തെ കുറിച്ച് ഇത്രയും വിശദീകരിച്ചതു നൂറ്റാണ്ടുകളോളം ഇന്ത്യയിൽ നില നിന്നിരുന്ന മനുഷ്യത്വപരമല്ലാത്ത ക്രൂരമായ ഈ മതാചാരത്തിനെതിരെ യാഥാസ്ഥിതിക മത വിശ്വാസികളുടെ ശക്തമായ എതിർപ്പിനെ വക വെക്കാതെ പോരാടിയത് രാജാറാം മോഹൻ റോയിയെപ്പോലുള്ള ഉല്പതിഷ്ണുക്കളായ ഭാരതീയരായിരുന്നു എന്നും അധികാരത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് ഭരണാധികാരികളാണ് അത് നിർത്തലാക്കുവാനുള്ള രാഷ്ട്രീയ നിശ്ചയ ദാർഢ്യം കാണിച്ചത് എന്നും ചൂണ്ടിക്കാണിക്കുവാനാണ് .

19 ആം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിലുണ്ടായ മത പരിഷ്‌കാരങ്ങൾ ചില പ്രത്യേക പ്രദേശങ്ങളിലും പ്രത്യേക മതങ്ങളിലും ഒതുങ്ങി നിന്നതായിരുന്നു എങ്കിലും അവയ്ക്കു പൊതുവായ ചില കാഴ്ചപ്പാടുകളുണ്ടായിരുന്നു .അവ മനുഷ്യത്വപരവും മതേതരത്വ സ്വഭാവമുള്ളതുമായിരുന്നു .മത സാമൂഹ്യ പരിഷ്ക്കർത്താക്കൾക്കു മതേതരത്വ സ്വഭാവം ദ്രുശ്യമായിരുന്നു .

എന്നാൽ മത സാമൂഹ്യ പരിഷ്കരണങ്ങൾ ഉയർന്ന ജാതി വിഭാഗങ്ങളിൽ ഒതുങ്ങി നിന്നു .ഉയർന്ന ജാതിക്കാരുടെ സാമൂഹ്യപരിഷ്‌കാരങ്ങൾ സമൂഹത്തിലെ ഭൂരിപക്ഷമായ താഴ്ന്ന ജാതിക്കാരുടെ ഇടയിലേക്ക് ഇറങ്ങി ചെന്നില്ല .19 ആം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ ജനങ്ങളെ സ്വാധീനിച്ച ചില സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുണ്ട് .അവ ബ്രാഹ്മണേതരർ , പ്രത്യേകിച്ച് താഴ്ന്ന ജാതിക്കാർ തുടങ്ങിയവരുടേതാണ് .മഹാ രാഷ്ട്രയിലും തമിഴ്‌നാട്ടിലും കേരളത്തിലും പഞ്ചാബിലും അത്തരം പ്രസ്ഥാനങ്ങളുണ്ടായി .ജാതി വ്യവസ്ഥക്കെതിരെ മഹാ രാഷ്ട്രയിൽ ഫൂലെയും കേരളത്തിൽ ശ്രീ നാരായണ ഗുരുവും ഇതിൽ പ്രമുഖരാണ് .

ഭരണ ഘടനയിലെ ആർട്ടിക്കിൾ 14 അനുസരിച്ചു് എല്ലാവർക്കും നിയമത്തിന്റെ മുന്നിൽ തുല്യമായ സംരക്ഷണവും സമത്വവും ഉറപ്പുവരുത്തുന്നു .മതം,വർഗം, ജാതി,ലിംഗം ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ പൗരന്മാർക്കിടയിൽ തരംതിരിവുകൾ ഏർപ്പെടുത്തുന്നതിനെ അത് തടയുന്നു തുല്യതാ തത്വത്തിനു വിരുദ്ധമാക്കാൻ ഇടയുള്ള ചില തത്വങ്ങളും ഭരണ ഘടനയിൽ കടന്നു കൂടിയതിനെ തല്പര കക്ഷികൾ ചൂഷണം ചെയ്യുകയും മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്തതിനു സമീപകാല സംഭവങ്ങൾ സാക്ഷ്യം വഹിക്കുന്നു എന്ത് ഭക്ഷിക്കണം എന്നത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിൽ പെട്ട കാര്യമാണ് .സ്വാഭാവികമായും അത് ഒരു പ്രശ്നമാകേണ്ട കാര്യമല്ല .എന്നാൽ പശുവിനെ കൊല്ലുന്നതും അതിന്റെ ഇറച്ചി തിന്നുന്നതും ശിക്ഷാർഹമായ കുറ്റങ്ങളെണെന്നു പല സംസ്ഥാനങ്ങളും നിയമം പാസ്സാക്കിയിട്ടുണ്ട് .ആ നിയമങ്ങളാകട്ടെ ഭരണ ഘടനയിലെ നിർദേശക തത്വത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ചവയാണ് .ആ നിർദേശക തത്വം ഒരു മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വന്നതുമാണ് .ഒരു ഏകീകൃത സിവിൽ നിയമം കൊണ്ട് വരിക എന്നത് ഭരണ ഘടനയിലെ നിർദേശക തത്വങ്ങളിൽ ഉൾപ്പെടുന്നു .(ആർട്ടിക്കിൾ 44 ).വ്യക്തി സ്വാതന്ത്ര്യത്തിനും ലിംഗ സമത്വത്തിനും സമത്വാവകാശത്തിനും യോജിക്കാത്ത മത വ്യക്തി നിയമങ്ങൾ ഭരണഘടനയിലെ മതസ്വാതന്ത്ര്യ അവകാശത്തിന്റെ പേരിൽ ഇവിടെ നിലനിൽക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ് .ഒരു ഏകീകൃത സിവിൽ നിയമം തന്നെ മതേതരത്വത്തിനും മൗലികാവകാശങ്ങൾക്കും തടസമാവാനിടയുണ്ടെന്ന വാദവും ശക്തമാണ് .പരമ്പാരാഗതമായ വിശ്വാസങ്ങൾക്ക് ക്ഷതമേല്പികക്കാതെ മതങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട് .വ്യക്തികളുടെ ജാനാധിപത്യാവകാശങ്ങൾക്ക് തടസ്സമായി നിൽക്കുന്ന മത പാരമ്പര്യങ്ങൾക്കെതിരെ ഒരു മതേതര ജനാധിപത്യ രാഷ്ട്രത്തിൽ നിയമസഭകൾക്കും കോടതികൾക്കും നടപടികളെടുക്കേണ്ടതായി വരും .വിവാഹം , വിവാഹ മോചനം, അനന്തരാവകാശം എന്നീകാര്യങ്ങളിൽ മതവ്യക്തി നിയമങ്ങൾക്കെതിരെ ഈ സ്ഥാപനങ്ങൾക്ക് നടപടിയെടുക്കേണ്ടി വന്നിട്ടുണ്ട് .അത്തരം സന്ദർഭങ്ങൾ ഇന്ത്യയിൽ വർദ്ധിച്ചു വരുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ പ്രകടമാകുന്നത് .

രാജ്യത്തു ദളിതർക്കെതിരെയുള്ള അക്രമങ്ങൾ വർധിച്ചു വരികയാണ് .കീഴ് ജാതിക്കാരെ ആക്രമിച്ചതായി ബന്ധപ്പെട്ട 50291 കേസുകൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തതായി ദേശീയ ക്രൈം റെക്കോർഡ് ബ്യുറോ കണക്കുകൾ കാണിക്കുന്നു .2012 ൽ ഇത് 33655 ഉം 2013 ൽ 39408 ഉം ആയിരുന്നു 19 ശതമാനത്തിന്റെ വർദ്ധന .ദളിതർക്കെതിരായ അതിക്രമങ്ങളിൽ ഉത്തർ പ്രദേശ് ആണ് മുന്നിൽ ദളിതർക്കെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട് 2014 ൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത 50291 കേസുകളിൽ 12714 ഉം യു പി യിലാണ് .ഹരിയാനയും മദ്ധ്യപ്രദേശും ബീഹാറും ഇക്കാര്യത്തിൽ പിന്നിലല്ല ജാതിപ്രശ്നം അതിന്റെ രൂക്ഷതയിൽ ഇന്ന് ഉത്തരേന്ത്യയിൽ പൊന്തി വന്നിരിക്കുന്നു .

ഭിന്ന മതങ്ങൾ നിലനിൽക്കുന്ന ഇന്ത്യയിൽ ഓരോ വ്യക്തിക്കും സ്വന്തം മതവിശ്വാസം പ്രഖ്യാപിക്കുവാനും ആചരിക്കുവാനും പ്രചരിപ്പിക്കുവാനും ഉള്ള മൗലികാവകാശം മറ്റു മതങ്ങൾക്കുള്ള അതേ അവകാശങ്ങൾക്കു വിരുദ്ധമായി വരുന്ന ഘട്ടങ്ങളിൽ മത തർക്കങ്ങൾ സ്വാഭാവികമായി ഉയർന്നു വരും .ഈ സംഘർഷ മേഖലയെ കണ്ടറിഞ്ഞു പരിഹാരം കാണുവാൻ മത മേലധ്യക്ഷന്മാരും ഭരണകൂടവും ശ്രമിച്ചാൽ മതത്തിന്റെയും ജാതിയുടേയും പേരിൽ ഇന്ന് ദൃശ്യമാവുന്ന മത തർക്കങ്ങൾക്ക് പരിഹാരമാവും .

ജാതി സംഘർഷവും വർഗീയ സംഘർഷവും യഥാക്രമം ജാതി രാഷ്ട്രീയത്തിൽ നിന്നും മത രാഷ്ട്രീയത്തിൽ നിന്നുമാണ് ഉത്ഭവിക്കുന്നതെന്ന് സാധാരണ പറയാറുണ്ടെങ്കിലും രണ്ടിന്റെയും ഉറവിടം മതത്തിലാണ് .മണ്ഡൽ സമരവും മന്ദിർ പ്രശ്നവും അടിസ്ഥാനപരമായി മതവുമായി ബന്ധപ്പെട്ടതാണ് സംവരണത്തിനായി ഹാർദിക് പട്ടേലിന്റെ സമരവും ദാദ്രി സംഭവവും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നടന്നതാണെങ്കിലും രണ്ടിന്റെയും ഉറവിടം മതത്തിലാണെന്നു കാണാം .

“മതങ്ങൾ തമ്മിൽ കലഹിച്ചു കലഹിച്ചു നാം ഇന്നു നാശത്തിന്റെ ഒടുവിലത്തെ ദിവസത്തിന്റെ തലേന്നാൾ എത്തിയിരിക്കുന്നത് പോലെ തോന്നുന്നു .”ഡോ. സുകുമാർ അഴീക്കോട് 1993 ഒക്ടോബരിൽ എഴുതിയ മതവും മതങ്ങളും എന്ന ലേഖനത്തിന്റെ ആദ്യ വാചകമാണ് മേലുദ്ധരിച്ചത് .ഭീതി യുളവാക്കുന്ന ഈ സ്ഥിതി വിശേഷം ഇന്ന് ഇന്ത്യയിൽ നില നിൽക്കുന്നുണ്ട് എന്നാണ് സമീപ കാല സംഭവങ്ങൾ തെളിയിക്കുന്നത് .ഉത്തർ പ്രദേശിലെ ദാദ്രിയിൽ പശുവിറച്ചി കഴിച്ചെന്നാരോപിച്ചു മുസ്ലിം മധ്യ വയസ്കനെ കൊന്ന സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചു അന്നത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജി ബഹുസ്വരത സഹിഷ്ണുത എന്നീ പരമ്പരാഗത മൂല്യങ്ങൾ പാഴാക്കുവാൻ അനുവദിക്കരുതെന്നും രാജ്യത്തിൻറെ വൈവിധ്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി .

അഭിപ്രായ സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടാണ് മത സ്വാതന്ത്ര്യം ഇന്ത്യയിൽ അനുവദിക്കപ്പെട്ടത് .വിവിധ മതങ്ങളും ജാതികളും നിലനിൽക്കുന്ന ഇന്ത്യയിൽ വ്യക്തികളുടെ ജനാധിപത്യാവകാശങ്ങൾക്ക് പോറലേല്പിക്കുന്ന നിയമങ്ങൾ പെട്ടെന്ന് കൊണ്ടുവരുന്നത് ജനങ്ങൾ ഇഷ്ടപ്പെടുകയില്ല .അത്തരം നീക്കങ്ങൾക്കെതിരെ എതിർപ്പ് കൂടും .നമ്മൾക്കു വേണ്ടത് പുതിയ മത നിയമങ്ങളല്ല “മത ധ്വംസിയായ ഒരു നിയമ നിർമാണം ഇന്ത്യയിൽ കൊണ്ടുവരാൻ പറ്റില്ല .മതഭേദ കലഹ ധ്വംസിയായ ഒരു നിയമ നിർമ്മാണമേ ഇവിടെ സാധുവാകയുള്ളൂ “(ഡോ സുകുമാർ അഴീക്കോട് -മതവും മതങ്ങളും : ഭാഷാ പോഷിണി -ഒക്ടോബര് 1993 )

നമ്മുടെ ഭരണഘടന സംരക്ഷിത വേർതിരിവ് (protective discrimination ) എന്ന ആശയം സ്വീകരിച്ചിട്ടുണ്ട് പിന്നോക്ക വിഭാഗക്കാരെയും ന്യുന പക്ഷത്തേയും സംരക്ഷിക്കുക എന്നതാണ് അത് ലക്ഷ്യമിടുന്നത് ഇന്ത്യയെ ഒരു സമത്വ സമൂഹമായി മാറ്റിയെടുക്കുവാൻ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംരക്ഷണം നൽകേണ്ടത് അത്യാവശ്യമാണ് .പിന്നോക്ക വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി പല ആനുകൂല്യങ്ങളും അനുവദിക്കുന്നതിന് വേണ്ടി ‘സംരക്ഷിത തരം തിരിവ് ‘നയത്തിലൂടെ ഇന്ത്യൻ ഭരണ ഘടന തന്നെ ജാതികളെ അംഗീകരിച്ചിട്ടുണ്ട് .സംവരണം സ്പഷ്ടമായും പ്രത്യേകമായിട്ടും ജാതി വിവേചനവും അസമത്വവും പരിഹരിക്കുന്നത് സംബന്ധിച്ചാണെന്നാണ് ഭരണ ഘടനാപരമായ കാഴ്ചപ്പാട് . ജാത്യാസമത്വങ്ങളുടെയും ജാതി വിവേചനത്തിന്റെയും അനിഷേധ്യമായ സാന്നിദ്ധ്യം അവയുടെ തുടർന്ന് കൊണ്ടിരിക്കുന്ന പുനരുത്പാദനം എന്നീ കാരണങ്ങളാൽ കീഴ് ജാതി ഭൂരിപക്ഷത്തെ സവരണം കൊണ്ട് സംരക്ഷിക്കണം .മറ്റു വാക്കുകളിൽ പറഞ്ഞാൽ ഗുണ ഭോക്താക്കളെ ശാക്തീകരിച്ചു അവരുടെ പിൽക്കാല തലമുറകളെ ജനറൽ കാറ്റഗറിയിൽ വിജയകരമായി മത്സരിക്കാൻ പ്രാപ്തരാക്കുക എന്നതാണ് സംവരണത്തിന്റെ കൃത്യം .അങ്ങനെ സംവരണത്തിന് അർഹരായ ഉദ്യോഗാർത്ഥികൾ ജനറൽ കാറ്റഗറിയിൽ വന്നു തുടങ്ങുമ്പോൾ സംവരണം ഫലിച്ചു തുടങ്ങുന്നു എന്നതിന്റെ സൂചനയാണത് .സമൂഹത്തിന്റെ ജാതി സങ്കലനം ജനറൽ കാറ്റഗറിയിൽ പ്രതിഫലിക്കുവാൻ തുടങ്ങുമ്പോഴാണ് സംവരണം നിർത്തലാക്കുവാനുള്ള സമയം “.ഡൽഹി യൂണിവേർസിറ്റിയിൽ സമൂഹ ശാസ്ത്രം പഠിപ്പിക്കുന്ന സതീശ് ദേശ്പാണ്ഡെയുടെ “THE PATIDAR IDEA OF RESERVATION(The Hindu September 5,2015) എന്ന ലേഖനത്തിൽ നിന്നുദ്ധരിച്ചതാണ് മേൽ വരികൾ .

ജാതി സമ്പ്രദായം സമൂഹത്തിൽ ഉയർന്ന ജാതിക്കാരുടെ മേധാവിത്തം ഉറപ്പിക്കുക മാത്രമല്ല കീഴ് ജാതിക്കാരിൽ സ്വന്തം അധമ പദവിയെപ്പറ്റി ബോധം വളർത്തിയെടുക്കുകയും ചെയ്തു .പിൽക്കാലത്തു ഇന്ത്യയിൽ താഴ്ന്ന ജാതിക്കാർ ഉയർന്ന ജാതിക്കാരുടെ മർദ്ദനത്തിനെതിരെ പ്രബലമായ പ്രസ്ഥാനം കെട്ടിപ്പടുത്തു .ഇന്ത്യൻ ഭരണ ഘടന തൊട്ടു കൂടായ്മയെ നിയമം മൂലം നിരോധിച്ചു .ആരാധനാലയങ്ങൾ താഴ്ന്ന ജാതിക്കാർക്ക് തുറന്നു കൊടുത്തു .എന്നാൽ ജാതിവ്യവസ്ഥയുടെ തിന്മകൾ ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്നു എന്നതാണ് യാഥാർഥ്യം .പാരമ്പര്യമായ തൊഴിലാണ് ജാതീയതയുടെ നിലനില്പിനടിസ്ഥാനം .അതൊരു സാമൂഹ്യ വ്യവസ്ഥയായി തീർന്നു .അത് സമൂഹത്തെ തട്ടുകളായി വേർതിരിച്ചു .ജാതി സമ്പ്രദായം വ്യക്തികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിച്ചു തുടങ്ങി .കുടുംബം വിവാഹം തുടങ്ങിയവയെയും ഇവ ബാധിച്ചു .ജാതിയുടെ പേരിൽ സമൂഹത്തിലെ ഒരു വിഭാഗത്തെ അടിച്ചമർത്തുകയും ചെയ്തു ,ജാതി ഒരു മതാനുഷ്ഠാനമായിത്തീർന്നു .ജാതി നിയമങ്ങൾ ലംഘിക്കുന്നവർക്ക് സമൂഹ ഭ്രഷ്ട് കല്പിക്കപ്പെട്ടു .മതത്തിന്റെ പ്രത്യയ ശാസ്ത്രപരമായ കർമ്മ സിദ്ധാന്തവുമായി ജാതി സമ്പ്രദായം കൂട്ടി യോജിക്കപ്പെടുകയും ചെയ്തു .സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ൾക്ക് തുല്യ അവകാശങ്ങൾ നിഷേധിക്കുന്നതും അവരെ വേർതിരിച്ചു നിർത്തുന്നതുമായ ജാതി സമ്പ്രദായം വേദങ്ങളുടെയും ഗ്രന്ഥങ്ങളുടെയും പുരാണങ്ങളുടെയും പിന് ബലത്തിലാണ് ഉന്നത ജാതിക്കാർ നില നിർത്തിയത് .

നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന ജാതി പാരമ്പര്യത്തെ ഇല്ലാതാക്കാൻ എളുപ്പമല്ല .രജനി കൊത്താരിയുടെ അഭിപ്രായത്തിൽ പാരമ്പര്യമില്ലാതെ ഒരു സമൂഹവും നിലനിൽക്കുകയില്ല .ജാതി സമ്പ്രദായത്തിലെ സങ്കുചിതവും മനുഷ്യരെ ഭിന്നിപ്പിക്കുന്നതുമായ ഘടകങ്ങളെ ഇല്ലായ്മ ചെയ്ത് മതേതരവും ജനാധിപത്യപരവുമായ ഘടകങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നു രജനി കോത്താരി അഭിപ്രായപ്പെടുന്നു .ഉത്പതിഷ്ണുക്കളായ മത -രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകർ ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന മതം-വർഗീയത -ജാതി എന്നിവ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് മത നിരപേക്ഷമായ പരിഹാരം കാണാൻ കഴിയുന്ന സാമൂഹ്യ മാറ്റങ്ങൾക്കുള്ള നയപരിപാടികൾക്ക് രൂപം കൊടുക്കേണ്ടത് അത്യാവശ്യമാണ് .

ദുഷിച്ച ജാതി -മതപ്രവണതകളെ നീക്കം ചെയ്യുവാൻ പുതിയ പ്രസ്ഥാനങ്ങളൊന്നും തന്നെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഭരണഘടന നിലവിൽ വന്നതിനു ശേഷം ഉണ്ടായില്ല .എല്ലാമതങ്ങളെയും തുല്യമായി പരിഗണിക്കുക മാത്രമല്ല ;എല്ലാ മതങ്ങളിലുമുള്ള ആചാരാനനു ഷ്ഠാനങ്ങളെ -അവ മാതേതരത്വത്തിനും ജനാധിപത്യത്തിനും യോജി ക്കാത്തവയാണെങ്കിൽ കൂടി -സംരക്ഷിക്കുക എന്ന് കൂടിയായിത്തീർന്നു ഇന്ത്യയിലെ മതേതരത്വം .മതങ്ങളിലെ നല്ല തത്വങ്ങൾ ജീവിത ചര്യയായി സ്വീകരിക്കുവാൻ ജനങ്ങളെ പ്രാപ്തരാക്കുന്ന ചുമതല എല്ലാ മതങ്ങളും ഏറ്റെടുക്കണം .മതങ്ങളിലെ ചീത്ത വശങ്ങൾ വർജ്ജിക്കുന്നതിനു ബോധവൽക്കരണം നടത്തുകയും വേണം .നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സങ്കീർണമായ പ്രശ്നങ്ങൾക്കു മത സിദ്ധാന്തങ്ങളും മതാചാരങ്ങളും ജാതി വിവേചനവും ഒരു കരണമായിട്ടുണ്ടെങ്കിൽ അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് മതങ്ങൾ സാരമായ പങ്കു വഹിക്കേണ്ടിയിരിക്കുന്നു .ദേശീയതയോടൊപ്പം വളർന്ന 19 ആം നൂറ്റാണ്ടിലെ മത -സാമൂഹിക നവീകരണ പരിഷ്കാരങ്ങളുടെ തുടർച്ചയായി പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന മതേതരത്വവും മാനവികവുമായ കാഴ്ചപ്പാടുള്ള മത -സാമൂഹിക നവീകരണ പ്രസ്ഥാനം 21 ആം നൂറ്റാണ്ടിൽ ഉണ്ടാവണം .

references

1 .constitution of India

2 History of India by Narendra Krishna Sinha and Anil Chandra Banerjee .

3 പൂർവാധുനിക ഇന്ത്യ -സമൂഹ രൂപീകരണം – ശ്രീ ടി കെ ഗംഗാധരൻ

4 രാഷ്ട്ര തന്ത്രവും ഇന്ത്യൻ ഭരണഘടനയും -കെ ടി വർക്കി.

5 കേരളം -ചരിത്രവും സംസ്കാരവും ശ്രീ ടി കെ ഗംഗാധരൻ .

6 .The Reactionary Present By Ananya Vajpeyi ( The Hindu -October 6 -2015

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like