പൂമുഖം LITERATUREവായന കഥകൾ-കഥയില്ലായ്മകൾ

കഥകൾ-കഥയില്ലായ്മകൾ

ഹാറുക്കി മുറാക്കാമിയുടെ Birthday Girl എന്ന പുസ്തകത്തിന് ഒരു കൈപ്പത്തിയുടെ നീളവും വീതിയുമേയുള്ളൂ- നാൽപ്പത്തി രണ്ട് പേജുകളിലായി പറഞ്ഞിരിക്കുന്ന ഒരു ചെറുകഥ!

പഠിത്തത്തിനിടെ പാർട് ടൈം ആയി ജോലി ചെയ്യുന്ന രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ നാല് പരിചാരകർ മാത്രമുള്ള ഒരു ചെറിയ ഇറ്റാലിയൻ റെസ്റ്റോറൻറാണ്‌ രംഗം – കാഷ് കൗണ്ടറിൽ ഇരിക്കുന്ന മദ്ധ്യവയസ്കയും അതേ പ്രായമുള്ള ഫ്ലോർ മാനേജരും ആറാം നിലയിലെ മുറിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധനായ റെസ്റ്റോറൻറ് ഉടമയുമാണ് മറ്റു കഥാപാത്രങ്ങൾ.

പാർട് ടൈം പരിചാരികകളിൽ ഒരുവളുടെ ഇരുപതാം പിറന്നാൾ ദിവസമാണ് കഥ നടക്കുന്നത് –

ഇരുപതാം പിറന്നാൾ ജപ്പാൻകാർക്ക് മറ്റു പിറന്നാളുകൾ പോലെയല്ല, ആഘോഷിക്കാനുള്ളതാണ്. ഔദ്യോഗികമായി ഒരാൾക്ക് പ്രായപൂർത്തിയാവുന്ന ദിവസമാണത് !

ആഗ്രഹിച്ചതിൽ നിന്ന് വ്യത്യസ്തമായി അന്നവൾക്ക് സുഹൃത്തുമായി ജോലി വെച്ചുമാറാൻ ആയില്ല. ഒരിക്കലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാത്ത, അവധിയെടുക്കാത്ത, മാനേജർ പെട്ടെന്നുണ്ടായ വയറുവേദനയെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിക്കപ്പെടുക കൂടി ചെയ്തപ്പോൾ ജീവിതത്തിൽ ഒരിക്കൽ മാത്രം വരുന്ന ആ ഇരുപതാം പിറന്നാൾ അവളുടെ കൈയിൽ നിന്ന് ഊർന്നുപോയി. അതേ കെട്ടിടത്തിൻറെ ആറാം നിലയിലെ മുറിയിൽ ഏകാകിയായി കഴിയുന്ന റെസ്റ്റോറൻറ് ഉടമയ്ക്ക് അത്താഴം എത്തിച്ചു കൊടുക്കേണ്ട അധികജോലി കൂടി അവൾക്ക് ഏറ്റെടുക്കേണ്ടി വന്നത് അങ്ങനെയാണ്. നിർദ്ദേശപ്രകാരം ഭക്ഷണം അറുനൂറ്റി നാലാം നമ്പർ മുറിയുടെ വാതിൽക്കൽ എത്തിച്ച്, പിൻവാങ്ങുന്നതിനുപകരം, സമ്മതം വാങ്ങി ട്രോളിയുമായി അവൾ മുറിക്കകത്ത് പ്രവേശിക്കുന്നു. അവളുടെ ഇരുപതാം പിറന്നാൾദിവസമാണ് എന്ന് മനസ്സിലാക്കുന്ന റെസ്റ്റോറൻറ് ഉടമ ഒരു പാരിതോഷികമെന്ന നിലയിൽ അവളുടെ ഒരാഗ്രഹം – ഒരു wish – സാധിപ്പിച്ചുകൊടുക്കാമെന്ന് വാക്ക് കൊടുക്കുന്നു.

(‘But you had better think about it very carefully because I can grant you only one.’ He raised a finger. ‘ Just one. You can’t change your mind afterwards and take it back..’)

അവൾ സ്വന്തം ആഗ്രഹം വെളിപ്പെടുത്തുന്നു-

‘തീർത്തും ചെറിയ മോഹമായി പോയില്ലേ?’ എന്ന് അദ്‌ഭുതപ്പെട്ടു കൊണ്ടാണെങ്കിലും അത് നിവർത്തിച്ചു കൊടുത്തതായി തൊഴിലുടമ അവളോട് പറയുന്നു. അധികം താമസിയാതെ അവൾ അവിടത്തെ ജോലി വിടുന്നു. വർഷങ്ങൾക്ക് ശേഷം ആ കഥ കേൾക്കുന്ന സുഹൃത്ത് അവൾക്ക് അനുവദിച്ചുകിട്ടിയ ആഗ്രഹത്തെ കുറിച്ച് രണ്ട് ചോദ്യങ്ങൾ അവളോട് ചോദിക്കുന്നു.

അവളുടെ wish എന്തായിരുന്നു എന്നവൾ ചോദിക്കുന്നില്ല! –

ചോദ്യം ഒന്ന്: അന്നത്തെ ആഗ്രഹം സാധിച്ചുകിട്ടുകയുണ്ടായോ?

ചോദ്യം രണ്ട്: മറ്റെന്തെങ്കിലുമായിരുന്നു ചോദിക്കേണ്ടിയിരുന്നത് എന്ന് പിന്നീടെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

‘പറയാറായില്ല, ജീവിതം ഇനിയും ബാക്കികിടക്കുകയല്ലേ?’ എന്നായിരുന്നു ആദ്യചോദ്യത്തിന് അവളുടെ ഉത്തരം.
അഥവാ സുഹൃത്തിനായിരുന്നു അങ്ങനെയൊരവസരം കിട്ടിയിരുന്നതെങ്കിൽ എന്തായിരുന്നിരിക്കും അവൾ ആവശ്യപ്പെട്ടിട്ടുണ്ടാവുക എന്ന മറുചോദ്യം രണ്ടാം ചോദ്യത്തിനും.

സ്വന്തം തൊഴിൽദാതാവിനോട് അവൾ അന്ന് ചോദിച്ച ചോദ്യമെന്തായിരുന്നു എന്നത് കഥയിലില്ല.

വിട്ടുപോയ വരികൾ വായനക്കാർക്ക് സൗകര്യം പോലെ പൂരിപ്പിക്കാം..

ഈ ‘കഥയില്ലായ്മ’യാണ് കഥയുടെ ജീവൻ. ഇടയ്ക്ക് പേജ് നഷ്ടപ്പെട്ട പുസ്തകത്തെ പോലെ അത് വായനക്കാരനെ നിരാശപ്പെടുത്തുന്നില്ല. ഒരർത്ഥത്തിൽ, തനിക്ക് വേണ്ടി ആ ഭാഗം എഴുതിച്ചേർക്കാൻ – എഴുത്തിൽ പങ്കുചേരാൻ- വായനക്കാരനെ ക്ഷണിക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്.

കഥ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത് 2002 ൽ ആണ്. കഥാകൃത്തിൻറെ സപ്തതി ആഘോഷത്തിൻറെ ഭാഗമായി, 2019 ൽ പുറത്തിറക്കിയ പ്രത്യേക പതിപ്പാണ് ഞാൻ വായിച്ചത്. പുസ്തകത്തിൻറെ ആകർഷകമായ പുറംചട്ടയിൽ രണ്ട് ഭാഗത്തും നക്ഷത്രങ്ങൾ മൂടിയ ആകാശമാണ്. ആ പ്രകാശ ബിന്ദുക്കൾക്കിടയിലൂടെ കാണുന്ന ഇരുട്ടാണെന്നിലെ വായനക്കാരന് ഹൃദ്യമായി അനുഭവപ്പെട്ടത്.

പ്രപഞ്ചത്തിൽ എൺപത് ശതമാനത്തിലധികം ഇന്ദ്രിയഗോചരമല്ലാത്ത തമോദ്രവ്യമാണ് എന്ന് ശാസ്ത്രം വിശ്വസിക്കുന്നു. കഥാലോകത്തിനും ഇത് ബാധകമാണ് എന്ന് തോന്നാറുള്ളത് ഇത്തരം വായനകളിലാണ്.

‘Birthday Girl വായിച്ച് അവസാനിപ്പിച്ചപ്പോൾ ആദ്യം മനസ്സിലെത്തിയ കഥ പ്രസിദ്ധമായ Monkey’s Paw ആണ്. W W Jacobs ൻറെ കഥ കൃത്യം ഒരു നൂറ്റാണ്ട് മുൻപ് , 1902 ൽ ആണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വിശ്വാസിക്കും അവിശ്വാസിക്കും സ്വന്തം യുക്തിക്കനുസരിച്ച് വായിച്ച് ആസ്വദിക്കാവുന്ന കഥ താഴെ തന്നിരിക്കുന്ന ലിങ്കിൽ കിട്ടും.

https://www.englishclub.com/reading/story-monkeys-paw.htm

കഥ പറയാതെ പറയുന്ന ‘ഈ സൂത്രപ്പണി നന്നായി ഉപയോഗിച്ചിട്ടുള്ള രണ്ട് മലയാളകഥകളും പെട്ടെന്ന് ഓർമ്മയിൽ വന്നു :.
സക്കറിയയുടെ ‘ഒരെഴുത്ത്’ (അതാണ് പേരെന്നാണോർമ്മ) എന്ന കഥ വാർദ്ധക്യത്തിൻറെ പ്രശ്നങ്ങളുമായി കഴിയുന്ന അച്ഛൻ മകന് എഴുതുന്ന കത്തിൻറെ രൂപത്തിലാണ്. സുഹൃത്തിൻറെ മകൻറെ വിവാഹത്തിൽ ഭാര്യയോടൊപ്പം പങ്കെടുത്തപ്പോൾ ഉണ്ടായ അസുഖകരമായ അനുഭവം കത്തിൽ അച്ഛൻ പങ്കുവെയ്ക്കുന്നു.
വരനോട് പറയാൻ വിചാരിച്ചിരുന്ന പ്രധാനപ്പെട്ട ഒരു കാര്യം പറഞ്ഞില്ലല്ലോ എന്ന് മുഹൂർത്തസമയത്താണ് അയാൾക്ക് ഓർമ്മ വന്നത്. മുന്നിൽ വധു നിൽക്കെ ചടങ്ങിന് തയ്യാറെടുക്കുകയായിരുന്ന വരനെ അയാൾ പേരെടുത്ത് വിളിച്ചു.
സന്നിഹിതരായിരുന്ന ആർക്കും അതിഷ്ടപ്പെട്ടില്ലെങ്കിലും ചെറുക്കൻ മണ്ഡപത്തിൽ നിന്നിറങ്ങി, നീരസം പ്രകടമാക്കാതെ, അയാൾക്കടുത്തെത്തി.
‘എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ടായിരുന്നു’ എന്ന് പറഞ്ഞുകഴിഞ്ഞപ്പോൾ ആണ് കാര്യം എന്തെന്ന് താൻ മറന്നുപോയി എന്ന് അസ്വസ്ഥതയോടെ അയാൾ അറിയുന്നത്. അതിഥികളുടെ പിറുപിറുപ്പ് അയാൾക്ക് കേൾക്കാമായിരുന്നു.
സ്വന്തം ഭാര്യയുടെ മുഖത്തെ അസ്വാരസ്യം കാണുകയും ചെയ്യാമായിരുന്നു.
സ്വസ്ഥമായി ഉറങ്ങാനാവാതെ കിടക്കവേ രാത്രി വൈകി എപ്പോഴോ ആ കാര്യം പൊടുന്നനെ അയാൾക്ക് ഓർമ്മ വന്നു. വെച്ചുതാമസിപ്പിച്ചാൽ ശരിയാവില്ലെന്ന ബോദ്ധ്യത്തോടെ അയാൾ വധൂവരമാരുടെ മുറിവാതിലിൽ തട്ടിവിളിച്ചു.
ബഹളം കേട്ട് ചുറ്റുമുള്ള മുറികളിൽ നിന്നൊക്കെ ആൾക്കാർ ഉണർന്നെത്തി. കാര്യം അറിയുമ്പോൾ അവരൊക്കെ തന്നോട് പൊറുക്കുമെന്നയാൾ വിശ്വസിച്ചു.
വാതിൽ തുറന്ന്, പരുഷമായ ഭാവവുമായി മുന്നിൽ നിന്ന വരനോട് അയാൾ പറഞ്ഞു : “നേരത്തേ ഞാൻ പറയാൻ വിചാരിച്ച കാര്യം ഇതാണ് ––”
വിശദീകരിക്കാനാവാത്ത എന്തോ കാരണം കൊണ്ട് ഇത്തവണയും പറയാനിരുന്ന കാര്യം അയാൾ മറന്നു!
സ്വന്തം നില വിശദീകരിച്ചു സംസാരിക്കാനാവാതെ നിന്ന അച്ഛൻ കത്ത് അവസാനിപ്പിക്കുന്നത്, തൻറെ ഭാഷ മനസ്സിലാവാത്ത ലോകത്തോട് സംസാരിക്കുന്നത് നിർത്തി എന്നു പറഞ്ഞാണ്.

എന്തായിരുന്നു അച്ഛന് ആ വരനോട് പറയാനുണ്ടായിരുന്നത്?

‘വെളിച്ചം വിളക്കന്വേഷിക്കുന്നു‘ എന്ന സ്വന്തം നാടകത്തിൻറെ ആമുഖത്തിൽ സമാനമായ ഒരു ചോദ്യം സങ്കൽപ്പിച്ച് നാടകകൃത്ത് കെ ടി മുഹമ്മദ്‌ എല്ലാ എഴുത്തുകാർക്കും വേണ്ടി അതിനുത്തരം തരുന്നുണ്ട്. കേന്ദ്രകഥാപാത്രം രംഗത്ത് വരാത്ത നാടകമാണ് കെ ടി യുടേത്.
അഥവാ പുറമെ നിൽക്കുന്ന ഒരാളെ കേന്ദ്രീകരിച്ചാണ് കഥ വളരുന്നത്.

രാധയുടെ കാമുകൻ നാട് വിട്ട് പോയിരിക്കുന്നു. –
ഹാജിയാരുടെ മകനും.
ഗ്രാമത്തിൽ എവിടെനിന്നോ ഒരു ഭ്രാന്തൻ വന്നുചേർന്നിട്ടുണ്ട്. അയാളെ കുറിച്ച് ആർക്കും ഒന്നും അറിഞ്ഞുകൂട. അയാൾ ആരോടും ഒന്നും സംസാരിക്കുകയില്ല.
അയാളെ കുറിച്ച് പറയുമ്പോഴൊക്കെ രാധ കാതോർക്കുന്നതായി സഹോദരൻ മനസ്സിലാക്കുന്നു. അയാൾ അവളുടെ, നാടുവിട്ട കാമുകനാണോ?
ഭ്രാന്തൻറെ വിശേഷങ്ങൾ കേൾക്കുമ്പോൾ ഹാജിയാർക്ക് സംശയം : അയാൾ തൻറെ മകനാണോ?

സംശയനിവർത്തിക്കായി രാധയുടെ സഹോദരനും ഹാജിയാരും സ്വന്തം വീടുകളിൽ നിന്ന് ഇറങ്ങിത്തിരിക്കുന്നിടത്ത് നാടകം അവസാനിക്കുന്നു !

കെ. ടി. ആമുഖത്തിൽ എഴുതുന്നു : ‘ഭ്രാന്തൻ രാധയുടെ കാമുകനാണോ ? – ഹാജിയാരുടെ മകനാണോ – രണ്ടും ഒരാളാണോ ? എനിക്ക് തീർച്ചയില്ല – നിങ്ങൾക്ക് തീർച്ചയാവുകയാണെങ്കിൽ ഞാൻ പരാജയപ്പെടുകയാണ്.’

അതാണ് ശരി – ‘നിങ്ങൾക്ക് തീർച്ചയാവുകയാണെങ്കിൽ ഞാൻ പരാജയപ്പെടുകയാണ്. ‘

കഥയിൽ കുത്തിട്ടുപോയ ആ ഭാഗത്ത് എന്ത്‌ നടന്നു എന്ന് അറിയില്ലെങ്കിലും പരാതികളില്ലെന്ന് വായനക്കാരൻ –

അത്‌ കണ്ടെത്തേണ്ട ബാദ്ധ്യത തനിക്കില്ലെന്ന് എഴുത്തുകാരനും.

ശുഭപര്യവസായിയായ കഥ!

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments

You may also like