പൂമുഖം LITERATUREകവിത മരം

മരം

ശിഖരങ്ങളെത്രയറു
ത്തെടുത്താലും
മണ്ണിലോട്ടാഴ്ന്നിറങ്ങുന്ന
ഹൃദയമേ
നീരുറവതേടി പലവഴി
പായും വേരിനെ
ഏതുകൈകളാൽ നീ
ചുറ്റിപ്പിടിക്കും

ആഴത്തിലാഴത്തിലെന്ന പോൽ
കരൾപിളർന്ന്
പുഴയിലൊട്ടടുക്കെ
നീ പടർന്ന വഴിയത്രയും
പച്ചയാൽ ഞാൻ
വിരിപ്പിട്ടതല്ലേ

പൂക്കളാൽ വസന്തം
തീർത്ത്
മനോഹരിയായ് ചമച്ചും
ചില്ലകളാലൂഞ്ഞാലാട്ടി
കാറ്റിനെയുന്മാദനൃത്ത-
മാട്ടിയവളല്ലേ

ചുവപ്പാൽ നിന്നെ
പുതപ്പിച്ച്
പച്ചയായ്
തളിർത്തതല്ലേ
ശീതളഛായയിലുരുവിട്ടതല്ലേ,
മിഥുനങ്ങൾ
മധുരമനോജ്ഞ
സുന്ദര ഗാഥകൾ

ശിഖരങ്ങളറുത്തു
പോയൊരെന്നെ
പുതുനാമ്പിനാൽ
നീയുണർത്തേണ്ടതല്ലേ
മറന്നിടാമോ,
പൊയ്പ്പോയ
വസന്തങ്ങൾ
നിന്നെപ്പൊതിഞ്ഞ
നാളുകൾ.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like