പൂമുഖം LITERATUREനിരൂപണം കഥാവാരം – 6

കഥാവാരം – 6

“സരോജത്തെ കൊല്ലാൻ നിന്നോട് പറഞ്ഞാൽ മതിയായിരുന്നു”, കഴുത്ത് ഞെരിക്കുമ്പോൾ തന്റെ കൈ തൊട്ടതിനാൽ, ഭാര്യയെ കൊന്നത് താനാണെന്ന് അവൾ അറിഞ്ഞു കാണുമോ എന്ന് പിൽക്കാലം മുഴുവൻ പരിതപിക്കുന്ന ഭാസ്കര പട്ടേലർ. ഏറ്റവും വന്യതയുള്ള മനുഷ്യരിലും എന്തൊക്കെയോ തരത്തിലുള്ള മാർദ്ദവം, മനുഷ്യ സഹജമായ ദുർബലത ഇതൊക്കെയുണ്ടാവും എന്ന് നമ്മെ കാണിക്കുന്ന അതി ഗംഭീരമായ കഥാപാത്രമാണ് ഭാസ്കര പട്ടേലർ.
“കൈപിടിയുള്ള വല്യ ഒരു കുപ്പികകത്താ ജോണീവാക്കറു വരുന്നത്” എന്ന ഒറ്റ വാചകം കൊണ്ട് കഥാപാത്രത്തെ മൊത്തം നമുക്ക് മുൻപിൽ കൊണ്ടു വെക്കാൻ കഴിവുള്ള പ്രതിഭയാണ് സക്കറിയ എന്ന കാര്യത്തിൽ സംശയമില്ല.

സൂക്ഷ്മങ്ങളായ മാനറിസങ്ങളും വ്യക്തിത്വവും ഉച്ചാരണശൈലിയും വായനക്കാരന് എളുപ്പം കൈയെത്തിപ്പിടിക്കാവുന്ന വിധം പൂർണ്ണതയുള്ള രൂപത്തിലാണ് സക്കറിയ കഥാപാത്രങ്ങളെ നിർമ്മിക്കാറുള്ളത്. വളരെ ഉയർന്ന നിരീക്ഷണ പാടവമുള്ള എഴുത്തുകാരനായതിനാൽ, സക്കറിയയുടെ കഥയിലെ വ്യക്തികൾ, സംഭവങ്ങൾ, അന്തരീക്ഷം തുടങ്ങിയവ വായനക്കാരന്റെ മനസ്സിൽ വ്യക്തമായി പതിയുന്നതാവും. ഒരു യുനിക്നെസ്സ് ഉണ്ട് ആ എഴുത്തുകൾക്കെല്ലാം.
ആനുകാലികങ്ങളിൽ, സക്കറിയ കഥകൾ എഴുതിയിട്ട് കുറച്ചായി. വാർഷികപ്പതിപ്പുകളിൽ നിന്നും വളരെ ബുദ്ധിപരമായി സ്വയം ഒരകലം പാലിച്ചു അദ്ദേഹം. പത്രാധിപന്മാർ ആവശ്യപ്പെടുമ്പോൾ ചുട്ടെടുക്കാൻ പറ്റുന്ന വസ്തുവല്ലാ കഥ എന്ന് മനസ്സിലാക്കുന്ന, വായനക്കാരോട് (സ്വന്തം പ്രതിഭയോടും) പ്രതിബദ്ധതയുള്ള, ഇന്ന് മലയാളത്തിലുള്ള ഏറ്റവും പ്രതിഭാധനരിൽ ഒരാൾ. ഇക്കുറി മാതൃഭൂമിയിൽ സക്കറിയയുടെ കഥയുണ്ട്.

ഭക്തിഗായകൻ ഷാജിയെക്കുറിച്ചുള്ള കഥയാണ് അതേ പേരിൽ തന്നെ സക്കറിയ എഴുതുന്നത്. മദ്യം കഴിക്കാതിരുന്ന ഷാജി ഡൽഹിക്ക് പോകുന്നതും, അവിടെ വെച്ച് ഒ. വി. വിജയൻ, സക്കറിയ, ഗോപകുമാർ, മാധവൻ കുട്ടി എന്നിവരെ കാണുന്നതും, പിന്നീട് മദ്യത്തിൽ ജീവിതവും കഴിവും തുലച്ചു കളയുന്ന അവസ്ഥയിലേക്ക് അയാൾ വീണു പോകുന്നതും പറയുന്നു കഥാകൃത്ത്.

മൊത്തത്തിൽ അധികമൊന്നും പറയാനില്ലെങ്കിലും ചില സ്ഥലങ്ങളിൽ ഒരു സൗന്ദര്യം നമുക്ക് കാണാൻ കഴിയുന്നുണ്ട്. കഥയുടെ ആശയം എത്രയോ തവണ നമ്മൾ കേട്ടതാകാം. പക്ഷേ, യാഥാർത്ഥ്യം, ഭാവന എന്നിവയ്ക്കിടയിൽ കൂടെയുള്ള രസകരമായ സഞ്ചാരമുണ്ട്.

ഷാജിയുടെ മനസ്സിന്റെ അറിയാത്ത ചുഴികളിലേക്ക് കഥാകൃത്തിന് പ്രവേശിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് ചോദ്യമാണ്.അതുകൊണ്ട് തന്നെ പ്രെയ്‌സ് ദ ലോഡ്, ഭാസ്കര പട്ടേലരും എന്റെ ജീവിതവും ഇതൊക്കെ മറന്ന് ഈ കഥ വായിച്ചാൽ കുഴപ്പമില്ലാതെ തീർക്കാം.

ദേശാഭിമാനിയിൽ സുഭാഷ് ഒട്ടും പുറം എഴുതിയ കഥയാണ് ‘മലക്കുകളുടെ സത്കാരം’.
അവിചാരിതമായി പെയ്ത മഴ കാരണം കടത്തിണ്ണയിലേക്ക് മാറി ഇരിക്കേണ്ടി വരുന്ന വഴിയോര കച്ചവടക്കാരിലാണ് കഥ തുടങ്ങുന്നത്. ഡീറ്റെയ്‌ലിംഗ് – വസ്തുതാ വിവരണം – അതി ഭീകരം. കാർവറുടെ ‘പ്രിസർവ്വേഷൻ’ എന്ന ചെറുകഥയിൽ കാണാം ചില വിവരണങ്ങൾ. “ഫ്രിഡ്ജ് തുറക്കുന്നു. അതിന്റെ ആദ്യത്തെ കള്ളിയിൽ ഇന്നത്. അതിന്റെ വലതു വശം ഇന്നത്. താഴെ വേറെന്തോ ഒന്ന്…” എന്നിങ്ങനെ. പക്ഷേ, മഹാൻമാരായ എഴുത്തുകാർ, ക്ഷുദ്ര വിവരണം എന്ന് തോന്നിക്കുന്ന വിശദീകരിക്കലിന് അപ്പുറത്തും ഇപ്പുറത്തും, ആ വിവരണത്തെ സാധൂകരിക്കുന്ന ന്യായങ്ങൾ ഉണ്ടാകും. സുഭാഷ് ഒട്ടും പുറം കഥ തുടങ്ങുന്നത് പുതുമഴയുടെ മണത്തോടെയാണ്. തുടർന്ന് വരുന്ന മറ്റു പല മണങ്ങളും പിടിച്ചു നടന്നു നീങ്ങുന്ന വൈശാഖൻ എന്ന കഥാനായകൻ അവസാനം ഒരു സെക്കന്റ് ഹാന്റ് പുസ്തകങ്ങൾ വിൽക്കുന്ന കൂടാരത്തിൽ എത്തുന്നു. അവിടെ സ്കൂൾ കാലത്തെ ഉറ്റമിത്രത്തെ കണ്ടുമുട്ടുന്നു. തുടർന്ന് ഇവർ രണ്ടു പേരും ഗൃഹാതുരത്വത്തിന്റെ അഗാധ ഗർത്തത്തിലേക്കു വീഴുന്നു…! അങ്ങനെ എന്തൊക്കെയോ പ്രസ്താവിക്കുന്നു കഥാകൃത്ത്. പ്രസ്താവിക്കുന്നു എന്നേ ഞാൻ പറയുന്നുള്ളൂ. കാരണം, ആ വാചകങ്ങൾ പ്രസ്താവനകൾ മാത്രമാണ്. എത്രയായിരം തവണ കണ്ട വിഷയം ആണിത്! അതിന്റെ വിവരണത്തിൽ എന്തു നൂതനത്വമാണ് കഥാകൃത്ത് അവകാശപ്പെടുന്നത്!

പ്രിയ ജോസഫ് സമകാലിക മലയാളം വാരികയിൽ എഴുതിയ കഥയാണ് കാറൽ മാർക്സ് ചരിതം. രണ്ടാം ക്ലാസുകാരിയുടെ അനുഭവ വിവരണം പോലെയുള്ള കഥ പറച്ചിൽ. കൊള്ളാവുന്ന കഥയാണിത്. സുന്ദരമായ പൊളിറ്റിക്കൽ നരേഷൻ. എങ്കിലും, ഒരു പ്രാവശ്യം പറഞ്ഞതോ സൂചിപ്പിച്ചതോ ആയ കാര്യം ആവർത്തിക്കേണ്ടതില്ല എന്നത് ശ്രദ്ധിക്കാമായിരുന്നു എഴുത്തുകാരിക്ക്. ജോസ് ചേട്ടന്റെ വരവ് അമ്മയുടെ സ്വൈര്യം കെടുത്തുമെന്ന് കൂടെക്കൂടെ എന്തിന് പറയണം!
ചെറുകഥ എന്നാൽ, അതിലെ കഥാപാത്രങ്ങൾ വ്യക്തമായി നിർവചിക്കപ്പെട്ടവരാകണം. കഥയുടെ കേന്ദ്രാശയത്തോട് ഒട്ടി നിൽക്കുന്നവരല്ലെങ്കിൽ, അവരുടെ പേരുകൾ പറയേണ്ട ആവശ്യമേയില്ല. ഒരു പാട് പേരുകൾ കഥയുടെ വായനയിൽ സങ്കീർണതയുണ്ടാക്കും.
മൊത്തത്തിൽ കഥ കൊള്ളാമെന്ന് തന്നെ വീണ്ടും പറയുന്നു. മേല്പറഞ്ഞ എഡിറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നെങ്കിൽ ഒന്ന് കൂടി സുന്ദരമാകുമായിരുന്നു കഥ.

കെ എസ് രതീഷ് മാധ്യമം വാരികയിൽ എഴുതിയ ‘തന്തക്കിണർ’ പാരായണസുഖവും വൈകാരിതയും ഉള്ള കഥയാണ്. കഥയിലേക്ക് വായനക്കാരനെ വലിച്ചിടുകയും മുഴു സമയം അയാളെ പിടിച്ചിരുത്തുകയും ചെയ്യുന്നുണ്ട് കഥാകൃത്ത്. സ്വന്തം കൈ കൊണ്ട് മകന് സംഭവിക്കുന്ന അപകടം, അതിന്റെ പരിസരത്ത് നിന്നും തുടങ്ങുന്ന കഥ, ഭൂതകാലത്തിന്റെ ഓർമ്മയിൽ കൂടി സഞ്ചരിക്കുന്നു. സുന്ദരമാണ് കഥയുടെ ഒടുക്കം. നന്നായി എഡിറ്റ്‌ ചെയ്യപ്പെട്ട കഥ. പക്ഷേ, ചില പ്രയോഗങ്ങൾ വേണ്ടിയിരുന്നില്ല എന്ന് തോന്നി. “ഒരു പുലരിയിൽ തീവണ്ടി എന്നെ നാട്ടിലെ സ്റ്റേഷനിൽ തുപ്പി വെച്ചു.” കഥയുടെ ആകത്തുകയോട്, അത് സ്ഫുരിപ്പിക്കുന്ന വൈകാരികതയോട് ചേരാത്ത പ്രയോഗമാണിത്. ഇത്തരം സൂക്ഷ്മമായിട്ടുള്ള കാര്യങ്ങളിലും ശ്രദ്ധ വെക്കാമായിരുന്നു.

എങ്കിലും, ഇക്കുറി വായിച്ച കഥകളിൽ, ഇവ രണ്ടും സുന്ദരമായവ തന്നെ.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like