പൂമുഖം LITERATUREലേഖനം ഉക്രൈൻ-റഷ്യ സംഘർഷത്തിന് പിന്നിൽ

ഉക്രൈൻ-റഷ്യ സംഘർഷത്തിന് പിന്നിൽ


റഷ്യ തങ്ങളുടെ ഒരു ലക്ഷം വരുന്ന ആർമി ബറ്റാലിയനുകളെ ഉക്രൈൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നുവെന്നും താമസിയാതെ ഒരു യുദ്ധം അവിടെ പൊട്ടിപ്പുറപ്പെടുമെന്നുമുള്ള ആശങ്കാജനകമായ വാർത്തകളാണ് അന്താരാഷ്ട്രമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. അവിടെ ഒരു യുദ്ധം ആസന്നമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്നെ പറഞ്ഞുകഴിഞ്ഞു. കേരളത്തിലെ മാധ്യമങ്ങൾ എന്തുകൊണ്ടോ ഈ വാർത്തയ്ക്ക് വലിയ പ്രാധാന്യം കൊടുത്തുകാണുന്നില്ല. റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘർഷത്തിന് പിന്നിലുള്ള കാരണങ്ങൾ എന്തെല്ലാമാണ്, അത് എന്തുകൊണ്ട് അന്താരാഷ്ട്രപ്രാധാന്യം കൈവരിക്കുന്നു, എന്നീ കാര്യങ്ങളിലേക്ക് വെളിച്ചം വീശാനുള്ള ഒരു ചെറിയ ഉദ്യമമാണ് ഈ ലേഖനം.


നൂറ്റാണ്ടുകളോളം റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ചരിത്രമാണ് ഉക്രൈനുള്ളത്. സോവിയറ്റ് യൂണിയൻ നിലവിൽ വന്നപ്പോൾ സ്വാഭാവികമായി ഉക്രൈൻ അതിന്റെ ഭാഗമായി. വാസ്തവത്തിൽ സോവ്യറ്റ് യൂണിയന്റെ സ്ഥാപനത്തിൽ ഉക്രൈൻ ജനതയ്ക്ക് വലിയ പങ്കാണുള്ളത്. സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് 1991-ലാണ് ഉക്രൈൻ ഒരു സ്വാതന്ത്രരാജ്യമാവുന്നത്. അന്നുമുതൽ ഉക്രൈൻ തങ്ങളുടെ റഷ്യൻ വിധേയത്വം കുടഞ്ഞുകളയാനും കൂടുതൽ പാശ്ചാത്യ ചേരിയിലേക്ക് ചായാനുമുള്ള ഉദ്യമത്തിലാണ്. റഷ്യയെ സംബന്ധിച്ചിടത്തോളം ഉക്രൈനെ സ്വന്തം ചേരിയിൽ നിലനിർത്തുക എന്നത് അനിവാര്യമായ കാര്യമാണ്. ഭൂമിശാസ്ത്രപരമായി ഉക്രൈന്റെ കിടപ്പ് റഷ്യയ്ക്ക് അത്രയും തന്ത്രപ്രധാനമാണ്. ഉക്രൈൻ യൂറോപ്യൻ യൂണിയനുമായി കൂടുതൽ സഹകരിക്കുക എന്നതിനർത്ഥം നാറ്റോ സൈന്യം സ്വന്തം വീടിന് പുറത്ത് എത്തുക എന്നതാണെന്ന് റഷ്യയ്ക്ക് നന്നായി അറിയാം. അതുകൊണ്ട് എന്ത് വിലകൊടുത്തും ഉക്രൈനെ അതിൽ നിന്ന് പിന്തിരിപ്പിക്കുക എന്നതാണ് റഷ്യയുടെ ദൗത്യം. ഇപ്പോഴത്തെ യുദ്ധസമാനമായ സ്ഥിതിക്ക് പിന്നിലെ പ്രധാന കാരണവും അതുതന്നെയാണ്.

ഉക്രൈൻ അതിർത്തിയിലെ റഷ്യൻ പട്ടാള വിന്യാസം


റഷ്യൻ വിധേയത്വത്തിൽ നിന്ന് മാറി യൂറോപ്പുമായി കൂടുതൽ സമന്വയിക്കുക എന്ന ലക്ഷ്യത്തോടെ, യൂറോപ്യൻ യൂണിയനും ഉക്രൈനും തമ്മിൽ സഹകരണം വാഗ്ദാനം ചെയ്യുന്ന കരാറിന്റെ (association agreement) പ്രാഥമിക ജോലികൾ 2008-ൽ തുടങ്ങിയതാണ്. അതിന് മുമ്പ് വർഷങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാറിന്റെ കരട് പോലും തയ്യാറാക്കുന്നത്. ഉക്രൈനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗോതമ്പ്, പ്രകൃതിവാതകം എന്നിവയിലാണ് യൂറോപ്യൻ യൂണിയന്റെ കണ്ണെങ്കിൽ അവരുമായി നടത്തുന്ന free trade വഴി ലഭിക്കുന്ന അധിക സാമ്പത്തികലാഭത്തിലും നിക്ഷേപത്തിലും technology transfer-ലും ആണ് ഉക്രൈന്റെ കണ്ണ്. ഈ രണ്ടുകൂട്ടരെ കൂടാതെ അമേരിക്കയ്ക്കും ഈ കരാർ നടപ്പാക്കി കിട്ടുന്നതിൽ അതീവ താല്പര്യമുണ്ട്. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോയ്ക്ക് ഉക്രൈനിൽ പ്രവേശനം ലഭിച്ചാൽ റഷ്യയ്ക്ക് മേൽ കടിഞ്ഞാണിടാൻ കഴിയുമെന്ന താല്പര്യമാണത്. ഒറ്റനോട്ടത്തിൽ യൂറോപ്യൻ യൂണിയനും ഉക്രൈനിനും win-win സ്ഥിതിയാണ് ഈ കരാർ സമ്മാനിക്കുന്നത്. നിരവധി മീറ്റിങ്ങുകൾക്കും ചർച്ചകൾക്കുമൊടുവിൽ 2014-ൽ ഈ association agreement ഒപ്പിടുന്ന നിലയിൽ എത്തിയതാണ്. എന്നാൽ അവസാനനിമിഷം റഷ്യൻ ചായ്‌വുള്ള, അന്നത്തെ ഉക്രൈൻ പ്രസിഡന്റ് വിക്റ്റർ യാനുകോവിച്ച് കരാർ ഒപ്പിടുന്നതിന് വിസമ്മിതിക്കുകയാണുണ്ടായത്. തുടർന്ന്, റഷ്യയുടെ സമ്മർദ്ദമാണ് ഇതിന് പിന്നിൽ എന്ന് ആരോപിച്ച് ഉക്രൈനിൽ ജനകീയപ്രക്ഷോഭം ഉടലെടുക്കുകയും തൽഫലമായി വിക്ടർ യാനുകോവിച്ച് രാഷ്ട്രപതിസ്ഥാനത്ത് നിന്ന് നിഷ്കാസിതനാവുകയും ചെയ്തു. സമാന്തരമായി ഉക്രൈനിൽ കരാർ അനുകൂലികളും റഷ്യൻ അനുകൂലികളും എന്ന് രണ്ട് ചേരികൾ ഉണ്ടാവുകയും അതൊരു ആഭ്യന്തര കലാപത്തിലേക്ക് രാജ്യത്തെ എത്തിക്കുകയും ചെയ്തു. പ്രധാനമായും റഷ്യയോട് അതിർത്തി പങ്കിടുന്ന പ്രവിശ്യയിലെ, റഷ്യൻ സാംസ്‌കാരിക പശ്ചാത്തലമുള്ള, ജനങ്ങളാണ് കരാറിനെ എതിർത്തത്. ഇതിനിടയിൽ ഉക്രൈനിൽ ഉൾപ്പെട്ടിരുന്ന ക്രീമിയ എന്ന പ്രദേശത്തെ ആക്രമിച്ച് റഷ്യ സ്വന്തം വരുതിയിലാക്കുകയും ഉക്രൈന്റെ കിഴക്കൻ പ്രവിശ്യകളിൽ പൊട്ടിപ്പുറപ്പെട്ട കലാപങ്ങൾക്ക് സഹായ-സഹകരണങ്ങൾ നൽകുകയും ചെയ്തു. ഉക്രൈന്റെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഡോൻബാസ് (Donbas) എന്ന പ്രദേശത്ത് റഷ്യൻ അനുഭാവികളായ കലാപകാരികൾ Donetsk and Luhansk People’s republic എന്ന പേരിൽ ഒരു സ്വയംപ്രഖ്യാപിത രാജ്യവും സ്ഥാപിച്ചതായി പ്രസ്താവിച്ചു.

സ്വയം പ്രഖ്യാപിത ഡോണെറ്റ്സ്ക് രാഷ്ട്ര പതാക

ഈ കലാപങ്ങളും സംഘര്ഷങ്ങളും ഉക്രൈൻ പട്ടാളവും കലാപകാരികളും തമ്മിലുള്ള യുദ്ധത്തിൽ കലാശിച്ചു. അവസരം മുതലാക്കി റഷ്യൻ പട്ടാളം കടന്നുകയറുകയും ആ പ്രദേശങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തു.
റഷ്യൻ പട്ടാളം ഉക്രൈന്റെ സ്ഥലങ്ങൾ കൈവശപ്പെടുത്തിയെന്നും ഉക്രൈന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നുവെന്നും കലാപകാരികൾക്ക് ആയുധങ്ങൾ നൽകുന്നുവെന്നും ഉക്രൈനും പാശ്ചാത്യരാജ്യങ്ങളും ആരോപിച്ചെങ്കിലും റഷ്യ അതെല്ലാം തള്ളിക്കളയുകയും മറിച്ച് അമേരിക്കയും നാറ്റോയും ചേർന്ന് ഉക്രൈന് ആയുധങ്ങൾ നൽകുകയും joint drills നടത്തുകയുമാണെന്ന മറു ആരോപണം ഉന്നയിക്കുകയും ചെയ്തു. ഇതിനിടെ, വിക്ടർ യാനുകോവിച്ച് സ്ഥാനമൊഴിഞ്ഞ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഉക്രൈൻ പ്രസിഡണ്ട് ആയി സ്ഥാനമേറ്റ പെട്രോ പൊറോഷെങ്കോ Ukraine-European Union Association Agreement-ലെ സാമ്പത്തികഘടകങ്ങൾ മാത്രം ഉൾപ്പെടുത്തി അവരുമായി ഒരു കരാറിൽ ഒപ്പിട്ടു. യൂറോപ്യൻ യൂണിയനുമായുള്ള association agreement-ലേക്കുള്ള പ്രധാന ചുവടുവെയ്‌പ്പെന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്.
ഉക്രൈൻ ഇതുവരെ നാറ്റോ അംഗമായിട്ടില്ല. ഉക്രൈനിൽ ഉൾപ്പെടുന്ന 30 സംസ്ഥാനങ്ങളും ഏകകണ്ഠമായി ആവശ്യപ്പെട്ടാലേ അത് സാധ്യമാവൂ. സമീപഭാവിയിൽ യൂറോപ്യൻ യൂണിയനിൽ അംഗമാവുക, അതുവഴി നാറ്റോ സഖ്യത്തിൽ ചേരുക, എന്നിട്ട് അവരുടെ സഹായത്തോടെ റഷ്യ കൈവശപ്പെടുത്തിയ സ്ഥലങ്ങൾ തിരിച്ചെടുക്കുക. ഇതാണ് ഉക്രൈന്റെ ലക്‌ഷ്യം. റഷ്യയെ സംബന്ധിടത്തോളം ഉക്രൈൻ നാറ്റോ സഖ്യത്തിൽ ചേരുക എന്നത് ഒരിയ്ക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. എന്ത് വിലകൊടുത്തും അവർ അത് ചെറുക്കും. റഷ്യയുടെ സമീപപ്രദേശത്ത് നാറ്റോ സൈന്യത്തെയോ ആയുധങ്ങളോ വിന്യസിക്കാൻ പാടില്ല എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ചുനിൽക്കുകയാണ് റഷ്യ. ഇക്കാര്യത്തിൽ അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും ഉറപ്പ് നൽകണമെന്നും റഷ്യ ആവശ്യപ്പെടുന്നു. അങ്ങനെയൊരു ഉറപ്പ് നൽകാൻ പാശ്ചാത്യരാജ്യങ്ങൾ ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾറ്റൻബെർഗ് റഷ്യയുടെ ഈ ആവശ്യം പാടെ നിരാകരിക്കുകയും ചെയ്തു.

ജെൻസ് സ്റ്റോൾട്ടൻബർഗ്


സൈന്യത്തെ അതിർത്തിയിൽ വിന്യസിക്കുക വഴി ഉക്രൈനെ ആക്രമിക്കാൻ റഷ്യ തയ്യാറെടുക്കുകയാണെന്നാണ് പാശ്ചാത്യരാജ്യങ്ങളും അമേരിക്കയും പറയുന്നത്. 8500 പേർ ഉൾപ്പെടുന്ന അമേരിക്കൻ സൈന്യത്തെ ഏതുസമയവും കിഴക്കൻ യൂറോപ്പിൽ വിന്യസിക്കാവുന്ന തരത്തിൽ തയ്യാറാക്കി അമേരിക്ക നിർത്തിയിരിക്കുകയാണ്. പ്രദേശത്തിന്റെ “സുരക്ഷയ്ക്കും പ്രതിരോധത്തിനും” ഉതകുന്ന വിധത്തിൽ നാറ്റോയും തങ്ങളുടെ വിമാനങ്ങളും കപ്പലുകളും പ്രദേശത്തേക്ക് അയയ്ക്കുകയാണ്.
ഉക്രൈനെ ആക്രമിക്കാൻ റഷ്യ തയ്യാറെടുക്കുകയാണെന്ന പാശ്ചാത്യരാജ്യങ്ങളുടെ ആരോപണം റഷ്യ നിഷേധിക്കുകയാണ്. പാശ്ചാത്യശക്തികളും അമേരിക്കയും ആവശ്യമില്ലാതെ സ്ഥിതിഗതികൾ വഷളാക്കുകയാണെന്നാണ് റഷ്യ പറയുന്നത്. ഉക്രൈനെ ആക്രമിച്ചാൽ റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചുകഴിഞ്ഞു. അങ്ങനെ വന്നാൽ റഷ്യയും കൈകെട്ടി ഇരിക്കുകയില്ലല്ലോ. ഉക്രൈനിൽ നിന്ന് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രകൃതിവാതകം റഷ്യ നിർത്തലാക്കിയാൽ അത് യൂറോപ്പിൽ വലിയതോതിൽ ഊർജ്ജപ്രതിസന്ധി സൃഷ്ടിക്കും. കൂടാതെ അന്താരാഷ്ട്ര വിപണിയിൽ എണ്ണയ്ക്ക് ക്ഷാമം ഉണ്ടാവുകയും അത് ലോകത്താകെ ഊർജ്ജപ്രതിസന്ധിയും വിലക്കയറ്റവും സൃഷ്ടിക്കാനും സാധ്യതയുണ്ട്.
അന്തരീക്ഷം ആരോപണ-പ്രത്യാരോപണങ്ങളാൽ മുഖരിതമാണെങ്കിലും സൈന്യ വിന്യാസങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒരു യുദ്ധം പൊട്ടിപുറപ്പെടുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നു. ഒരു ചടുലനീക്കത്തിലൂടെ ഉക്രൈനെ കീഴ്പെടുത്തി തങ്ങളുടെ bargaining power വർധിപ്പിക്കുക എന്നൊരു തന്ത്രം റഷ്യ എടുത്തേക്കാം എന്നൊരു അഭിപ്രായം ചില കേന്ദ്രങ്ങളിൽ നിന്ന് വരുന്നുണ്ട്. അങ്ങനെ വന്നാൽ അമേരിക്കയും പാശ്ചാത്യശക്തികളും അതിനെ എങ്ങനെ നേരിടും എന്നതും ഒരു ചോദ്യമാണ്.

അതിർത്തിയിലെ റഷ്യൻ സൈനിക നീക്കം


എന്തായാലും സ്ഥിതിഗതികൾ തികച്ചും ആശങ്കാജനകമാണ്. സംഘർഷങ്ങൾ ഒരു യുദ്ധത്തിലേക്ക് നീങ്ങാതിരിക്കട്ടെ എന്ന് ആശിക്കാനേ നമുക്ക് വഴിയുള്ളൂ.

Comments
Print Friendly, PDF & Email

You may also like