പൂമുഖം LITERATUREലേഖനം കോവിഡ് – ​നിയന്ത്രണങ്ങളല്ല പ്രതിരോധ ശേഷിയാണാവശ്യം

കോവിഡ് – ​നിയന്ത്രണങ്ങളല്ല പ്രതിരോധ ശേഷിയാണാവശ്യം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

നന്നേ ചെറുപ്പം മുതൽ വർഷത്തിലോ രണ്ടു വർഷത്തിലൊരിക്കലോ കഠിനമായ പനിയും ദേഹം വേദനയും ചുമയും ജലദോഷവും ഒക്കെ കടന്നു വരുന്ന ഒരു കാലഘട്ടം എനിക്കുണ്ടായിട്ടുണ്ട്. എന്തായാലും മൂന്നോ നാലോ ദിവസം കട്ടിലിൽ തനിയെ കഴിച്ചു കൂട്ടുമ്പോൾ നല്ല ചൂടുള്ള കഞ്ഞിയും ചുട്ട വറ്റൽ മുളകും ഉള്ളിയും ഞെരടിയുണ്ടാക്കിയ ചമ്മന്തിയും ചുട്ട പപ്പടവും ആയി ഭക്ഷണം കഴിക്കുന്നതും അമ്മയോ മുതിർന്ന സഹോദരിമാരോ അത് കോരിത്തരുന്നതും ഇന്നും ഒരു നൊസ്റ്റാൾജിയ ആണ്. മൂന്നോ നാലോ ദിവസം ആണ് പനിയെങ്കിലും ​ഏഴു ​ ദിവസം വേണ്ടി വരും രോഗം പൂർണ്ണമായി ഭേദമാകുവാൻ. പാരാസിറ്റാമോൾ ഗുളികയും കഫ് സിറപ്പും ചിലപ്പോൾ ഏതെങ്കിലും ആന്റിബയോട്ടിക്കും കഴിക്കേണ്ടി വരും. മുതിർന്നപ്പോഴും രണ്ടു മൂന്നു വർഷത്തിലൊരിക്കൽ ഇത് പോലെ പനിവരുന്നത് ഓർമയിലുണ്ട്. മിക്കവാറും ഒരാൾക്കു പനി വന്നു കഴിഞ്ഞു എഴുന്നേൽക്കുന്നതിനു മുന്നേ വീട്ടിൽ മറ്റു പലർക്കും പനി കിട്ടിയിട്ടുണ്ടാവും. വൈറൽ പനിയെന്നു തന്നെയാണ് അന്നും പറഞ്ഞിരുന്നത്. പക്ഷെ അന്നൊന്നും കോവിഡോ, ആന്റിജേൻ , ആർ ടി പി സി ആർ ടെസ്റ്റുകളോ ഉണ്ടായിരുന്നില്ല. ഒരു പക്ഷെ ആന്റിജൻ ടെസ്റ്റ് അന്നു നടത്തിയിരുന്നു എങ്കിൽ ഫലം പോസിറ്റിവ് ആയേനെ. മുതിർന്നപ്പോൾ മരുന്ന് കഴിച്ചില്ലെങ്കിലും ഒരാഴ്ച കഴിയുമ്പോൾ പനി മാറുന്ന വിദ്യകൾ മനസിലാക്കിയിരുന്നു. മരുന്ന് കഴിച്ചാൽ ഏഴു ദിവസം കൊണ്ടും മരുന്ന് കഴിച്ചില്ലെങ്കിൽ ഒരാഴ്ച കൊണ്ടും മാറുന്ന രോഗമായിരുന്നു ഈ വൈറൽ ഫീവർ.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം സീസണൽ ഇൻഫ്ലുവൻസ ലോകത്തെമ്പാടും കാലാവസ്ഥയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഫ്ലൂ ആണ്. തണുപ്പിൽ നിന്ന് ചൂടിലേക്കും ചൂടിൽ നിന്ന് തണുപ്പിലേക്കും മാറുമ്പോൾ ഉണ്ടാകുന്ന ഈ ഫ്ലൂ ജനസംഖ്യയുടെ ഏതാണ്ട് 10 – 15 % ആളുകൾക്ക് പിടിപെടാറുണ്ട്. 2017 ലെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പഠന റിപ്പോർട്ട് പ്രകാരം വർഷം ഏതാണ്ട് 6,50,000 ൽ പരം മരണങ്ങൾ ഇൻഫ്ലുവൻസ കാരണം ഓരോ വർഷവും ലോകത്ത്‌ ഉണ്ടാകുന്നു .ഇൻഫ്ലുവൻസ അണുബാധയെത്തുടർന്ന് ഗുരുതരമായ രോഗസാധ്യതയുള്ളവർ 65 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ, കൊച്ചുകുട്ടികൾ, പ്രതിരോധശേഷി കുറഞ്ഞ ആളുകൾ, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരാണ് . മനുഷ്യരിൽ രോഗത്തിന് കാരണമാകുന്ന സീസണൽ ഇൻഫ്ലുവൻസ വൈറസുകളെ ടൈപ്പ് എ, ടൈപ്പ് ബി. എന്നീ രണ്ട് ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു, അതേസമയം ഇൻഫ്ലുവൻസ ബി വൈറസുകളെ വംശപരമ്പരകളായി തരംതിരിച്ചിരിക്കുന്നു. ഏറ്റവും സാധാരണമായി പ്രചരിക്കുന്ന ഇൻഫ്ലുവൻസ വൈറസുകൾ സബ്ടൈപ്പ് A(H1N1)pdm09, A(H3N2), ഇൻഫ്ലുവൻസ ബി Yamagata, വിക്ടോറിയ വംശപരമ്പരകളുടേതാണ്. ഇൻഫ്ലുവൻസ അണുബാധയും ഗുരുതരമായ പ്രത്യാഘാതങ്ങളും തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് വാർഷിക വാക്സിനേഷൻ എന്നാണ് WHO അഭിപ്രായപ്പെടുന്നത്. .

ഇൻഫ്ലുവൻസയുടെയും കോവിഡിന്റേയും രോഗ ലക്ഷണങ്ങളും രോഗ പ്രസരണവും ഒന്ന് പോലെ തന്നെയാണ്. പക്ഷെ പുതു കാലഘട്ടത്തിൽ ശാസ്ത്രത്തിന്റെ വളർച്ചയുടെ​ഫലമായോ ​, മരുന്ന് മാഫിയയുടെ ഇടപെടലുകൾ കൊണ്ടോ, ലോകത്തിലെ ഏറ്റവും വലിയ ഒരു വ്യവസായമായി മാറിയിരിക്കുകയാണ് കോവിഡ്. 2019 ൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് രോഗം 2020 മുതൽ ഇപ്പോഴും ലോകം മുഴുവൻ നിറഞ്ഞു നിൽക്കുകയാണ്. ഇക്കഴിഞ്ഞ മൂന്നു വർഷങ്ങളിലായി കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5.6 ദശലക്ഷമാണ്. ഇത്തരുണത്തിൽ കഴിഞ്ഞ നൂറ്റാണ്ടുകളിൽ അടയാളപ്പെടുത്തിയ വൈറസ് വ്യാപനവും അതിലൂടെ മരണമടഞ്ഞവരുടെ എണ്ണവും ​ കൂടി ​അറിയുന്നത് കോവിഡിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഉപകരിക്കും.

1.1918 ൽ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്‌ളു A(H1N1) virus) ആയിരിക്കണം ലോകത്താകെ 50-100 ദശലക്ഷത്തിലധികം മനുഷ്യ ജീവൻ തട്ടിയെടുത്ത ,റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ മഹാമാരി. (ഈ മരണക്കണക്കുകൾ ആധികാരികമല്ല, കാരണം, കൃത്യമായ കണക്കെടുക്കുക പ്രയാസമായിരുന്ന കാലത്താണ് സ്പാനിഷ് ഫ്ലൂ ഉണ്ടാവുന്നത് ) പിന്നീട് അനേകം ഗവേഷണങ്ങൾ ഈ വിഷയത്തിൽ നടക്കുകയും ഫ്ലൂ കുത്തിവയ്‌പ്പുകൾ വ്യാപകമാവുകയും ചെയ്തു. ഇൻഫ്ലുവെൻസ എന്ന വകഭേദത്തിൽ പെട്ട ഇത്തരം വൈറൽ പനികൾ പിന്നീടും ഉണ്ടായിരുന്നു എങ്കിലും അതിന്റെ ശക്തി സ്പാനിഷ് ഫ്ലൂ പോലെ മാരകമായിരുന്നില്ല.1957 -58 കാലഘട്ടത്തിൽ പൊട്ടിപ്പുറപ്പെട്ട ഏഷ്യൻ ഫ്ലൂ A(H2N2) virus) , 1968 ൽ ഉണ്ടായ ഹോങ്കോങ് ഫ്ലൂ A(H3N2) virus) എന്നിവ ഏകദേശം 1-4 ദശലക്ഷം ജീവനുകൾ വീതം അപഹരിക്കുകയുണ്ടായി .

2.1981 ലാണ് മറ്റൊരു മഹാമാരിയായ എച്. ഐ. വി റിപ്പോർട്ട് ചെയ്യപ്പെട്ടത്. എച് ഐ വി കാരണം ഏതാണ്ട് 35 ദശലക്ഷം ജീവൻ പൊലിഞ്ഞു എന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കുകൾ പറയുന്നത്. സ്പാനിഷ് ഫ്ലുവിനു ശേഷം ഏറ്റവുമധികം മരണങ്ങൾ സംഭവിച്ചത് HIV രോഗത്തിലൂടെയാണ്. നിരവധി വർഷത്തെ ഗവേഷണങ്ങൾക്ക് ശേഷമാണ് HIV രോഗത്തിന് മരുന്ന് കണ്ടു പിടിക്കാനായത്.

3.2002 ൽ ആണ്, കൊറോണ വൈറസ് ആദ്യമായി കണ്ടുപിടിക്കപ്പെടുന്നത്. അതും ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട സാർസ് രോഗം (SARS-CoV) വഴി. ചുമ, കഫം, തുമ്മൽ എന്നിവയിലൂടെയുള്ള തുള്ളികളിലൂടെ ( droplets} യാണ് പകരുന്നത്. കോവിഡ് പകരുന്നതും സമാനമായ രീതിയിലൂടെയാണ്. കോവിഡിന്റെ ആദ്യ പതിപ്പെന്ന് പറയാവുന്ന സാർസ് നാല് രാജ്യങ്ങളിലായി 8000 ത്തോളം ആളുകൾക്കാണ് പിടിപെട്ടത്. എന്നാൽ കോവിഡിനെക്കാൾ വളരെയധികമായിരുന്നു മരണനിരക്ക്, ഏകദേശം 10%.

4.2009 ൽ ആണ്, സ്വിൻ ഫ്ലൂ പ്രത്യക്ഷപ്പെടുന്നത് (H1N1)pdm09 virus. പതിമൂവായിരത്തോളം ജീവനുകൾ ആണ് ഈ രോഗത്താൽ നഷ്ടപ്പെട്ടത്. സ്വിൻ ഫ്‌ളുവിന്റെ പ്രസരണം കോവിഡിനോളം മാരകമായിരുന്നില്ല. സ്വിൻ ഫ്ലൂ കാലത്ത്, മുതിർന്നവർക്ക് പ്രതിരോധ ശേഷി ഉണ്ടായിരുന്നതിനാലാവണം 80% മരണങ്ങളും 65 വയസ്സിൽ താഴെയുള്ളവരിൽ ആയിരുന്നു സംഭവിച്ചത്.സ്വിൻ ഫ്ലൂ , മുതിർന്നവർക്ക് പ്രതിരോധ ശേഷി നൽകിയിരുന്നു എങ്കിലും കൊറോണ വൈറസ് മൂലമുണ്ടായ സാർസ് രോഗം, കോവിഡ് പോലെ മുതിർന്നവരിൽ ആണ് കൂടുതൽ മാരകമായത്.

5.2018 ൽ കോഴിക്കോട് ഉണ്ടായ നിപ്പ വൈറസിനെ പോലെ സാർസും, കോവിഡും വവ്വാലുകളിൽ നിന്നാണ് ഉത്ഭവിച്ചത് എന്നാണ് ഗവേഷകർ പറയുന്നത്.നിപ്പ പോലെ, നിരീക്ഷണം, രോഗം ബാധിച്ചവരെ ഒറ്റപ്പെടുത്തൽ, കർശനമായ ക്വാറന്റൈൻ നടപടികൾ എന്നിവ SARS ന്റെ പുരോഗതിയെ തടഞ്ഞു. “മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കുള്ള എല്ലാ പ്രക്ഷേപണത്തെയും തടസ്സപ്പെടുത്തി, SARS ഫലപ്രദമായി ഇല്ലാതാക്കി.”

2019 ന്റെ അവസാനം ചൈനയിൽ ഉത്ഭവിച്ച കോവിഡും കൊറോണ വൈറസ് മുഖാന്തിരമായതിനാൽ തുടക്കത്തിൽ സാർസിനെ പ്രതിരോധിച്ച രീതിയിൽ നിരീക്ഷണം, ഐസൊലേഷൻ, ക്വാറന്റൈൻ തുടങ്ങിയ മാർഗങ്ങളിലൂടെ രോഗത്തെ നിർമ്മാർജ്ജനം ചെയ്യുവാൻ ശ്രമിച്ചെങ്കിലും കോവിഡിനെ യഥാസമയം തിരിച്ചറിയുവാനും ഉറവിടത്തിൽ തന്നെ നിർമ്മാർജ്ജനം ചെയ്യുവാനും കഴിയാതെ പോയി. മരണനിരക്ക് സാർസിനെതിനെക്കാൾ കുറവായിരുന്നെങ്കിലും വ്യാപനശേഷി വളരെ കൂടുതലായിരുന്നു.

പലകാരണങ്ങളാൽ ഇന്ത്യ പോലെയുള്ള മൂന്നാം ലോകരാഷ്ട്രങ്ങളിൽ കോവിഡ് ഒഴികെ മറ്റു ഫ്ലുകൾ വലിയ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ ഫ്ലൂ മുഖാന്തിരമുള്ള മരണനിരക്കും താരതമ്യേന കുറവായിരുന്നു. ഇൻഫ്ലുവൻസയിലൂടെ മരണമടഞ്ഞവരുടെ യഥാർത്ഥ കണക്കുകൾ നമ്മുടെ സർക്കാരുകളുടെ കയ്യിലുമില്ല. മാറുന്ന ലോകക്രമങ്ങളിൽ ഇന്ത്യയുടെ ഇടപെടലുകളും ഇന്ത്യക്കാരുടെ ജീവിതരീതിയിലും സഞ്ചാരങ്ങളിലും വന്ന മാറ്റങ്ങൾ കൊണ്ടാകാം, കോവിഡ് മറ്റു രാജ്യങ്ങളിൽ എന്ന പോലെ ഇന്ത്യയിലും വ്യാപിച്ചു.

കോവിഡിനെ പ്രതിരോധിക്കുവാൻ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കുള്ള എല്ലാ പ്രക്ഷേപണത്തെയും തടസ്സപ്പെടുത്തി, SARS ഫലപ്രദമായി ഇല്ലാതാക്കിയ രീതിയാണ് നടപ്പാക്കേണ്ടിയിരുന്നത് . പക്ഷെ യൂറോപ്പും അമേരിക്കയുമെല്ലാം തുടക്കത്തിൽ ഹെർഡ്‌ ഇമ്മ്യുണിറ്റിയിലൂടെ രോഗത്തെ പ്രതിരോധിക്കുവാൻ ശ്രമിച്ചപ്പോൾ, രോഗവ്യാപനം നിയന്ത്രാണാതീതമാവുകയും പൊതുജനാരോഗ്യ സേവനങ്ങളുടെ അപര്യാപ്തത കാരണം മരണനിരക്ക് ഭയാനകമായ രീതിയിൽ ഉയരുകയും ചെയ്തു . പക്ഷെ ആദ്യ വേരിയന്റ് ഏകദേശം ഏഴെട്ടു മാസങ്ങൾ കൊണ്ട് അവിടങ്ങളിൽ നിയന്ത്രിക്കുവാൻ സാധിച്ചു. 2020 -21 വർഷത്തെ രണ്ടാം വരവിൽ യൂറോപ്പിലും അമേരിക്കയിലും കാര്യങ്ങൾ കുറേക്കൂടി നിയന്ത്രണവിധേയമായി. ഇതിനിടയിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുവാൻ വാക്സിനുകൾ വ്യാപകമായതും രോഗം നിയന്ത്രണവിധേയമാക്കുവാൻ സഹായകമായി .

ഇന്ത്യയിലും ആദ്യ കോവിഡ് പ്രതിരോധം പ്രഹസനമായിരുന്നു. ചെണ്ട കൊട്ടിയും, മണിയടിച്ചും, ഗോമൂത്രം കുടിച്ചും, മാസ്ക് വച്ചും, ലോക്ക് ഡൌൺ നടത്തിയും ആട്ടിയകറ്റാൻ നോക്കിയെങ്കിലും കോവിഡ് വളരെ ശക്തമായ രീതിയിൽ വ്യാപിക്കുകയുണ്ടായി. ആദ്യ കോവിഡ് തരംഗത്തിൽ, കേരളം ICMR മാർഗ നിർദ്ദേശങ്ങൾ സ്വീകരിച്ചു കൂടുതൽ ശ്രദ്ധിച്ചതിനാൽ ആവണം , മറ്റു സംസ്ഥാനങ്ങളിലെ പോലെ വലിയ രീതിയിലുള്ള വ്യാപനം ഒന്നിച്ചുണ്ടായില്ല, മറിച്ച് കൂടുതൽ നാൾ നീണ്ടു നിന്ന സ്ഥിരതയാർന്ന വ്യാപനമായിരുന്നു എന്നാണ് ആന്റിബോഡി ടെസ്റ്റുകളിൽ നിന്നും മനസിലായത്.

ബന്ധുക്കളും സുഹൃത്തുക്കളും പല രാജ്യങ്ങളിൽ നിന്നും ഈയടുത്ത ദിവസങ്ങളിൽ വിളിച്ചിരുന്നു. അവരിൽ പലരും ബൂസ്റ്റർ ഡോസ് എടുത്തു, പക്ഷെ ബൂസ്റ്റർ ഡോസ് എടുത്തവർക്കു പോലും കോവിഡ് പകരുന്നു. വാക്‌സിനുകൾ കോവിഡ് രോഗം തടയുന്നില്ല എന്നതിനാൽ അവ ഫലപ്രദമല്ല എന്ന് സംശയിക്കേണ്ടിയിരിക്കുന്നു മരുന്ന് മാഫിയയുടെ മൂടു താങ്ങികളാണ് വാക്സിനുകൾ എടുത്തത് കൊണ്ടാണ് അതിനു ശേഷം കോവിഡിന് തീവ്രതയില്ല എന്ന് പറഞ്ഞു പരത്തുന്നത്. എന്നാൽ ഓരോ പുതിയ വേരിയന്റുകളുടെയും തീവ്രത പൊതുവേ കുറഞ്ഞു വരികയെന്നത് ഒരു സാധാരണ പ്രതിഭാസം മാത്രമാണ്. മാത്രവുമല്ല ആദ്യം കോവിഡ് വന്നവരിൽ ഹെർഡ്‌ ഇമ്മ്യൂണിറ്റി കുറച്ചെങ്കിലും അവശേഷിക്കുന്നുമുണ്ടാവാം. വാക്സിൻ കമ്പനികളും സർക്കാറുകളും തമ്മിൽ നടത്തിയ വലിയ കൊള്ളയുടെ കഥകൾ പുറത്തു വരാൻ കുറെ കാലം കാത്തിരിക്കേണ്ടി വന്നേക്കാം

ഒമിക്രോൺ വ്യാപനത്തിൽ തുടക്കത്തിൽ സാമൂഹിക അകലം പാലിക്കുകയും രോഗം വരാതിരിക്കുവാനുള്ള സാധ്യതകൾ അന്വേഷിക്കുകയും ചെയ്തുവെങ്കിലും രോഗം അഭൂതപൂർവമായി പടർന്നു പിടിക്കുന്നതിനാൽ ഇംഗ്ലണ്ട് ഉൾപ്പടെ പലരാജ്യങ്ങളും ഹെർഡ്‌ ഇമ്മ്യുണിറ്റിക്കായി നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണ് ചെയ്യുന്നത്.

ലോകത്ത് എല്ലായിടത്തും മരണനിരക്ക് ഉയർന്നത് വളരെ പ്രായമായവരിലും, മറ്റു ജീവിത ശൈലീ രോഗങ്ങൾ ഉള്ളവരിലും, താരതമ്യേന ഇമ്മ്യുണിറ്റി കുറഞ്ഞവരിലും, കോവിഡിനോടൊപ്പം ന്യുമോണിയ വന്നവരിലുമാണ്. അതിനാൽ കഠിന രോഗമുള്ളവർ, പ്രായമായവർ, ഗർഭിണികൾ എന്നിവർ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക. കോവിഡ് രോഗ ചികിത്‌സക്കിടയിൽ ന്യുമോണിയ വരാതിരിക്കുവാൻ ആരോഗ്യ രംഗത്തുള്ളവർ ശ്രദ്ധിച്ചാലും മരണനിരക്ക് കുറയ്ക്കുവാൻ കഴിയും.

യൂറോപ്പിൽ ഒമിക്രോൺ ശക്തമായ സാഹചര്യത്തിലാണ് ഗവേഷക വിദ്യാർത്ഥി കൂടിയായ മൂത്ത മകൾ വീട്ടിലെത്തുന്നത്. ഞങ്ങളുടെ ചർച്ചകൾ പലപ്പോഴും കോവിഡിനെ കുറിച്ചും അതിന്റെ പ്രതിരോധത്തെ കുറിച്ചുമൊക്കെ ആയിരുന്നു. ഒമിക്രോൺ വേരിയന്റ് വളരെ വേഗത്തിൽ പടരുന്നുവെങ്കിൽ പോലും അത് ഡെൽറ്റ പോലെയോ ആൽഫ പോലെയോ മാരകമല്ല എന്നത് വളരെ വലിയ ശുഭാപ്തിവിശ്വാസം നൽകുന്നു എന്നായിരുന്നു അവളുടെ അഭിപ്രായം. ചിലപ്പോൾ ഒമിക്രോണിനേക്കാൾ ശക്തി കുറഞ്ഞ ചില വേരിയന്റുകൾ കൂടി വന്നു മിക്കവാറും ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കോവിഡ് ഒരു വാർത്തയാകാതെ കാലാവസ്ഥാ വ്യതിയാനത്തിൽ കടന്നു വരുന്ന മറ്റൊരു ഫ്ലൂ മാത്രമായി രൂപാന്തരപ്പെടാം എന്നും .

സ്പാനിഷ് ഫ്ലൂ മുതൽ സ്വിൻ ഫ്ലൂ വരെയുള്ളവയുടെ തരംഗങ്ങൾ വ്യത്യസ്ത അളവുകളിൽ നിലനിൽക്കുന്നത് പോലെ കോവിഡ് തരംഗങ്ങളും മാരകമായ പ്രശ്നങ്ങൾ ഇല്ലാതെ ഭൂമിയിൽ തുടരുവാൻ ആണ് സാധ്യത. ആരോഗ്യ രംഗത്തെ പ്രമുഖരും ഇതേ അഭിപ്രായം പങ്കു വയ്ക്കുന്നു.​ ​വാക്സിൻ നിർമ്മാണ സമയത്ത് ഒറ്റ ഡോസിനെക്കുറിച്ചാണ് പറഞ്ഞിരുന്നത് എങ്കിൽ, പിന്നീടത് 28 ദിവസം നീളുന്ന രണ്ടാം ഡോസും പിന്നീട് ബൂസ്റ്റർ ഡോസുമായി നിൽക്കുന്നു. ഇനിയിതും ഇൻഫ്ലുവൻസ വാക്സിൻ പോലെ എല്ലാ വർഷവും സ്വീകരിക്കേണ്ട ഗതിയിലേക്ക് മാറും. ​കോവിഡ് പ്രതിരോധം ​ ചികിത്സാ മാഫിയയുടെ മുൻപിൽ തലവെച്ചു കൊടുക്കില്ലെന്ന് പ്രത്യാശിക്കാം ​

ബബിളിൽ കഴിയുന്നവർക്കും, ഏറ്റവും ഒറ്റപ്പെട്ടു, നിയന്ത്രണങ്ങളിൽ ജീവിക്കുന്നവർക്കും കോവിഡ് വരുന്നു. കോവിഡ് വന്നവർക്കു തന്നെ ഒന്നിലധികം തവണ വരികയും ചെയ്യുന്നു. വാക്സിൻ ഒന്നും രണ്ടുമല്ല, ബൂസ്റ്റർ ഡോസ് എടുത്തവർക്കും കോവിഡ് വരുന്നു. ആയതിനാൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ പോലും കുറയ്ക്കുന്നതാവും കോവിഡ് നീണ്ടു നിൽക്കാതിരിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗം. ഇന്ത്യയിലും, പ്രത്യേകിച്ച് കേരളത്തിലും നിയന്ത്രണങ്ങൾക്ക് ഇളവുകൾ നൽകി സ്വാഭാവിക ഇമ്മ്യൂണിറ്റിയിലൂടെ കോവിഡിനെ തുരത്തുകയാണ് വേണ്ടത് . വാക്സിൻ സ്വീകരിച്ചവർക്കും പലതവണ കോവിഡ് പിടിപെടുന്നതിനാൽ വാക്‌സിനോ മറ്റു നിയന്ത്രണങ്ങളോ അല്ല, സ്വാഭാവിക പ്രതിരോധശേഷിയാണ് കോവിഡിനെ തുരത്തുവാൻ ആവശ്യം. അതിലൂടെ ഇനിയും താങ്ങാൻ കഴിയാത്ത അടച്ചിടൽ ഒഴിവാക്കി സാമ്പത്തികമായ അതിജീവനവും സാദ്ധ്യമാകും.

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like