പൂമുഖം ഓർമ്മ അരിയോട്ടുകോണത്തെ സാമൂഹ്യപാഠങ്ങൾ – ഭാഗം 1

അരിയോട്ടുകോണത്തെ സാമൂഹ്യപാഠങ്ങൾ – ഭാഗം 1

സാമൂഹ്യജീവിയായ മനുഷ്യർ പരസ്പരം വെച്ചുപുലർത്തേണ്ട സഹോദര്യപരമായ സഹിഷ്ണുതയാണ് മാനവികത. മതവും ജാതിയും രാഷ്ട്രീയവും സമ്പത്തും ലിംഗനീതിയുമൊക്കെ പറഞ്ഞു മത്സരിക്കുന്നവരും അത്തരം മത്സരങ്ങൾക്ക് പ്രേരിപ്പിക്കുന്നവരുമെല്ലാം അമാനവികതയുടെ അപ്പോസ്തലന്മാരായിരിക്കും.

കെട്ടുകാഴ്ച്ചകളിലെ ആരവങ്ങളിൽ ലയിക്കുന്നവർ സൃഷ്ടിക്കുന്ന കഥകളായിരിക്കും പലരുടെയും കോമാളി വേഷങ്ങളുടെ പിന്നാമ്പുറങ്ങൾ. കുടിയിരുന്നവരും കടന്നുപോയവരും ഇടയ്ക്ക് മാത്രം കടന്നു വരുന്നവരുമായ മനുഷ്യരിൽ കോമാളികളെ തിരയുന്നവർ തിരിച്ചറിയാത്തത്, കോമാളിത്തമെന്നത് കാണുന്നവരിൽ മാത്രമുള്ള മാനസിക സന്തോഷങ്ങളാണെന്നതാണ്.

മാധവൻ പിള്ളയെന്ന അദ്ധ്വാനിയായ മനുഷ്യൻ നടന്നു തീർത്ത വഴിയിലൂടെയാണ് അരിയോട്ടുകോണത്തേക്ക് ചെന്നുകയറുന്നത്. കാളവണ്ടികൾ സഞ്ചരിച്ചിരുന്ന ചെമ്മൺ പാതയുണ്ടായിരുന്ന കാലത്ത് തുടങ്ങിയതാണ് മാധവൻ പിള്ളയുടെ കൈസഹായം. നിറയെ സാധനങ്ങളുമായി പോത്തൻകോട് ചന്തയിൽ നിന്നും വരുന്ന കാളവണ്ടികൾ തമ്പുരാൻ ക്ഷേത്രത്തിന്റെ മുന്നിലെ വഴിയിലെത്തുമ്പോൾ കാളകൾ ഒന്ന് പരുങ്ങും, അവിടെ നിന്നും അരിയോട്ടുകോണം മുക്ക് എത്തുന്നതുവരെയുള്ള നീണ്ടക്കയറ്റമാണ് കാരണം. വണ്ടിക്കാരൻ കാളകളെ തല്ലിയും തലോടിയും വാലിൽ പിടിച്ചിളക്കിയും കയറ്റം കയറാൻ നിർബന്ധിക്കും, വണ്ടിയിൽ നിന്നും കഴുത്ത് ഊരിയെടുക്കാൻ കഴിഞ്ഞാൽ രക്ഷപ്പെടാമായിരുന്നുവെന്ന് കാളകളും, എങ്ങനെയെങ്കിലും കയറ്റമൊന്ന് കയറിയാൽ മതിയെന്ന് വണ്ടിക്കാരനും ചിന്തിക്കുന്ന നേരത്ത് ദൈവദൂതനായി മാധവൻ പിള്ള അവതരിക്കും.

ചിലപ്പോഴെല്ലാം അവതാരം കാളവണ്ടികളെയും കാത്ത് വഴിയരുകിൽ കാത്തുനിൽപ്പുണ്ടാവും. കയറ്റം കയറുന്ന കാളവണ്ടികളുടെ പിന്നിലായി മാധവൻ പിള്ള നടക്കും ഒപ്പം കഴിയുന്ന രീതിയിൽ വണ്ടി തള്ളി കൊടുക്കുകയും ചെയ്യും, ഇടയ്ക്കെല്ലാം വണ്ടി നിന്നുപോയാൽ പുറകിലേക്ക് ഉരുണ്ടു പോകാതിരിക്കാൻ ചെറിയ തടിക്കഷണം വണ്ടിയുടെ ചക്രങ്ങൾക്കടിയിൽ ഉറപ്പിക്കും. വീണ്ടും വണ്ടി മുന്നോട്ട് തള്ളി ചലിപ്പിച്ച ശേഷം തിരികെ വന്ന് തടിക്കഷണവുമെടുത്ത് വണ്ടിയുടെ പുറകെ ഓടിയും തള്ളിയും വണ്ടിയെ അരിയോട്ടുകോണം മുക്കിലെത്തിക്കും. അവിടെയെത്തിയാൽ കാളകളെ ഒന്ന് തൊട്ടും തലോടിയും മാധവൻ പിള്ള തിരികെ നടക്കും, ഇതിനിടയിൽ വണ്ടിക്കാരൻ എന്തെങ്കിലും ചില്ലറ കൊടുത്താൽ വാങ്ങാറില്ല, പകരം വണ്ടിക്കാളകൾ വഴിയിൽ നിക്ഷേപിക്കുന്ന ചാണകം മുഴുവൻ അദ്ദേഹം വട്ടത്താമരയിലയിലും തേക്കിന്റെ ഇലയിലും കോരിക്കൊണ്ട് പോകും.

ഇങ്ങനെ കിട്ടുന്ന ചാണകം മുഴുവൻ ഒരിടത്ത് കൂട്ടിയിട്ട് ആവശ്യക്കാർക്ക് വിൽക്കുകയായിരുന്നു അദ്ദേഹത്തിന്റെ വരുമാന മാർഗ്ഗങ്ങളിൽ ഒന്ന്, അന്നത്തെ വീടുകൾ മുഴുവൻ ചാണകം മെഴുകിയത് ആയിരുന്നതും കൃഷിക്ക് പ്രധാന വളമായി ചാണകം ഉപയോഗിച്ചിരുന്നതും അദ്ദേഹത്തിന്റെ കച്ചവട സാധ്യതകളെ വളർത്തിയിരുന്നു. വണ്ടി തള്ളി സഹായിക്കുന്ന മാധവൻ പിള്ള പ്രതിഫലമായി ചാണകം മാത്രമേ ആഗ്രഹിച്ചിരുന്നുള്ളുവെന്നത് ഇപ്പോൾ ആലോചിക്കുമ്പോൾ അത്ഭുതമാണ്.

മാധവൻ പിള്ളയുടെ വാർദ്ധക്യകാലത്താണ് ഞങ്ങൾ അദ്ദേഹത്തെ കാണുവാൻ തുടങ്ങിയത്. മുട്ടിന് താഴെവരെ ഇറക്കമുള്ള തോർത്തുമുണ്ട് ഉടുത്ത്,‌ തോളിലൊരു ചെറിയ തോർത്തും ഇട്ടുമല്ലാതെ ഞങ്ങൾ മാധവൻ അപ്പൂപ്പനെ കണ്ടിട്ടില്ല, അൻപത് പൈസയുടെ വെള്ളിനാണയം രോമങ്ങൾ എഴുന്നുനിൽക്കുന്ന ചെവിയിലെ ദ്വാരം അടയ്ക്കാനെന്നവണ്ണം തിരുകിവെയ്ക്കുന്നതും ചെരിപ്പിടാത്ത കാലുകൾ കൊണ്ട് ശബ്ദമുണ്ടാക്കി നടക്കുന്നുമെല്ലാമായിരുന്നു അദ്ദേഹത്തിന്റെ രീതികൾ. മരച്ചീനിയുടെയും പിണ്ണാക്കിന്റെയും ചാക്കുകൾ കെട്ടിവെച്ച വലിയ ക്യാരിയറുകളുള്ള സൈക്കിളുകൾ അരിയോട്ടുകോണം ക്ഷേത്രത്തിന്റെ പടിക്കെട്ടുകൾ തുടങ്ങുന്നയിടത്ത് നിന്നും കുന്നംവിള മുക്കുവരെ തള്ളിക്കയറ്റി എത്തിക്കുയെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാനജോലി. ആ തൊഴിലിൽ എതിരാളികൾ ഇല്ലാത്തതും ദിവസേന ധാരാളം സൈക്കിളുകൾ എത്തിയിരുന്നതും കാരണമാകാം തോർത്തുമുണ്ടിന്റെ മടിക്കെട്ടിൽ നിറയെ കിലുങ്ങുന്ന നാണയങ്ങളുമായല്ലാതെ അദ്ദേഹത്തെ കണ്ടിട്ടില്ല.

മുതിർന്നവരോടൊന്നും അധികം ഇടപഴകാത്ത മാധവൻ അപ്പൂപ്പൻ കുട്ടികളുടെ അടുത്ത സുഹൃത്തായിരുന്നു, ചില്ലറ കളിയാക്കലുകളും അത്യാവശ്യം അപശബ്ദങ്ങളുമുണ്ടാക്കി കുട്ടികളെ ചിരിപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ വേഷമായിരുന്നു ഞങ്ങളുടെ പ്രധാന ആകർഷണം. സൈക്കിൾ തള്ളുമ്പോൾ മാത്രം ചുമലിലെ തോർത്തെടുത്ത് തലയിൽ കെട്ടിയിരുന്നത് എന്തിനാണെന്ന കാര്യത്തിൽ കുട്ടികൾ തമ്മിൽ ചില്ലറ തർക്കങ്ങൾ ഉണ്ടായിരുന്നു, തോർത്ത് തലയിൽ കെട്ടുമ്പോൾ ബലം കൂടുമായിരിക്കുമെന്ന താത്കാലിക മറുപടി കണ്ടെത്തി സമാധാനിച്ചിരുന്ന ഞങ്ങൾക്ക്, അതിന്റെ രഹസ്യം അദ്ദേഹത്തോട് ചോദിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല. മാധവൻ അപ്പൂപ്പനോട് ഞങ്ങൾക്ക് ആദ്യമായി ഭയം തോന്നിയത് അയൽവാസിയെ വെട്ടുകത്തികൊണ്ട് വെട്ടിയതിന് അദ്ദേഹത്തെ പോലീസ് പിടിച്ചുവെന്ന് അറിഞ്ഞപ്പോഴാണ്. കേസൊക്കെയായി കാണാതിരുന്ന ദിവസങ്ങളിൽ മറ്റുപലരും സൈക്കിളുകൾ തള്ളുന്ന പരിപാടിയിലേക്ക് കടന്നുവെങ്കിലും മാധവൻ അപ്പൂപ്പൻ തിരികെയെത്തിയതോടെ മത്സരത്തിനുള്ള അവസരം പോലും നൽകാതെ എല്ലാപേരും കളമൊഴിഞ്ഞു. മെലിഞ്ഞു കുറുകിയ മനുഷ്യന്റെ തൊഴിലിനോടുള്ള ആത്മാർത്ഥതയോട് മുട്ടിനിൽക്കാൻ കഴിവില്ലാതെ പിന്തിരിഞ്ഞവരിൽ പലരും പിൽക്കാലത്ത് ഭാരം കയറ്റിയ വലിയ വാഹനങ്ങൾ അതേ വഴിയിലൂടെ ഓടിച്ചു പോയിട്ടുണ്ട്.

കാളവണ്ടികളുടെ കാലത്ത് പ്രതിഫലം വാങ്ങാതെ ചാണകം മാത്രം ലക്ഷ്യമാക്കിയിരുന്ന മാധവൻ അപ്പൂപ്പൻ സൈക്കിളുകളുടെ കാലത്ത് വെള്ളിനാണയത്തിലേക്ക് പരിവർത്തനപ്പെട്ടുവെന്നത് മാത്രമാണ് വ്യത്യാസം, കാളവണ്ടികൾ തള്ളിയിരുന്ന അദ്ദേഹം സൈക്കിളുകൾക്ക് താങ്ങായി മാറിയത് സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടലായിരിക്കാം.

ദാമോദരൻ മേശിരിയെന്ന പേര് ഒരുകാലത്ത് അരിയോട്ടുകോണത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. മദ്യപിക്കുന്നതിനായി ജംഗ്‌ഷനിലെ ചാരായ ഷാപ്പിലെത്തുന്ന പലരിൽ ഒരാളായിരുന്നുവെങ്കിലും മദ്യപിച്ചു കഴിഞ്ഞാൽ ചില്ലറ അഭ്യാസമുറകൾ കാഴ്ച്ചവെക്കാതെ മേശിരി ഒരിക്കലും മടങ്ങിപ്പോയിരുന്നില്ല. നടന്നു വരുന്നതിനിടയിൽ ആളുകൾക്കിടയിൽ പെട്ടെന്ന് നിൽക്കുന്നതും കാലുകളും കൈകളും പിണച്ചുവെച്ച് പ്രത്യേകരീതിയിൽ ശബ്ദമുണ്ടാക്കുന്നതുമായിരുന്നു ആകപ്പാടെയുള്ള കലാപരിപാടി.

ചാരായ നിരോധനത്തോടെ ഷാപ്പ് പൂട്ടിയെങ്കിലും അരിയോട്ടുകോണത്തെ നടവഴികളിൽ നിന്നും ദാമോദരൻ മേശിരി മാറിപ്പോയില്ല, കുട്ടികളോടോ സ്ത്രീകളോടോ അപമര്യാദയായി പെരുമാറാത്തതും മറ്റുള്ളവർക്കെതിരെ അതിക്രമങ്ങൾക്കൊന്നും മുതിരാത്തതുമാകാം മേശിരിയെ ശല്യക്കാരനായി ആരും കാണാതിരുന്നതിന്റെ കാരണം. അരിയോട്ടുകോണത്തെ വഴികളിലൊന്നിൽ കമിഴ്ന്ന് കിടന്ന് നിത്യനിദ്ര പ്രാപിച്ച മനുഷ്യന് ആരാധകരോ അനുവാചകരോ ഉണ്ടായില്ലായെന്നു മാത്രമല്ല തുടർച്ചകളുമുണ്ടായില്ല.

ഓരോ മനുഷ്യനും തുരുത്തുകളായി മാറിക്കൊണ്ടിരിക്കുന്ന സമകാലിക സമൂഹത്തിൽ മാധവൻ അപ്പൂപ്പനും ദാമോദരൻ മേശിരിയുമൊക്കെ പുകഞ്ഞ കൊള്ളികളായിരിക്കാം, അവരുടേതായ വഴികളിൽ നടക്കുന്നതിനിടയിൽ മറ്റുള്ളവർക്ക് ബാധ്യതയാകാതെ കടന്നുപോയവരിലും മാനവികതയുടെ വിരൽപ്പാടുകൾ കാണുമായിരിക്കും!.

കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺ

വര : പ്രസാദ് കാനത്തുങ്കൽ

Comments
Print Friendly, PDF & Email

You may also like