പൂമുഖം LITERATUREലേഖനം ഇടത്, കോൺഗ്രസ്, ദേശീയ കൂട്ടുകെട്ട് – കാലത്തിന്റെ ആവശ്യകത?

ഇടത്, കോൺഗ്രസ്, ദേശീയ കൂട്ടുകെട്ട് – കാലത്തിന്റെ ആവശ്യകത?

“ഈ കഴിഞ്ഞ വെസ്റ്റ് ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടൽ ഉണ്ടാക്കുന്നവയാണ്. 1946 ന് ശേഷം കമ്മ്യൂണിസ്റ്റുകൾ ഇങ്ങനെ ദാരുണമായ ഒരു സ്ഥിതി അനുഭവിച്ചിട്ടില്ല. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായിട്ടാണ് സംസ്ഥാന നിയമസഭയിൽ ഒരു കമ്മ്യൂണിസ്റ്റും ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നത്”, ഈ കഴിഞ്ഞ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള സി പി എം സെൻട്രൽ കമ്മിറ്റി വിലയിരുത്തി. എന്നാൽ കേരളത്തിലെ വിജയത്തെ ചരിത്രപരം എന്ന് വിശേഷിപ്പിച്ചു കൊണ്ട് അതേ സെൻട്രൽ കമ്മിറ്റി, കേരളത്തിൽ കുറയുന്ന വോട്ട് ശതമാനത്തെ എടുത്തു പറഞ്ഞു. ” അനുകൂല ഘടകങ്ങൾ അവഗണിക്കാതെ , പാർട്ടിയുടെ വോട്ടു ശതമാനം 2021 ഇൽ 2006 നെ അപേക്ഷിച്ചു കുറവാണെന്ന വസ്തുത വിസ്മരിക്കാതെ ഇരിക്കുക”.

ഈ രണ്ടു നിരീക്ഷണങ്ങളും ഉൾക്കൊണ്ട് ത്രിപുരയിലും ഇടതിന്റെ വോട്ട് ശതമാനം ബി ജെ പി കൈക്കലാക്കുന്നു എന്നും മനസിലാക്കിയാൽ, സി പി ഐ നേതാവ് ബിനോയ് വിശ്വം, പി ടി തോമസ് അനുസ്മരണ പ്രഭാഷണത്തിൽ നടത്തിയ ‘കോൺഗ്രസിന്റെ തകർച്ച ഇടതു പാർട്ടികൾക്ക് ഗുണകരമാകില്ല എന്ന പ്രസ്താവന ഇന്നത്തെ ദേശീയ രാഷ്‌ട്രീയ സ്ഥിതിഗതിയുമായി ചേർത്ത് വെച്ചു ചർച്ച ചെയ്യപ്പെടേണ്ടതിന്റെ പ്രാധാന്യം വ്യക്തമാവും. കോൺഗ്രസ് ദേശീയമായി പ്രതിനിധീകരിക്കുന്ന ബി ജെ പിയുടെ എതിർദിശരാഷ്‌ടീയത്തെ ശക്തമായി ഉൾക്കൊള്ളാനുള്ള ശേഷി ദേശീയമായി ഇടതു പാർട്ടികൾക്ക് ഇല്ല എന്ന വസ്തുതയും ബിനോയ് വിശ്വം അംഗീകരിക്കുകയാണ് ഈ പ്രസ്താവന വഴി.

സി പി എം സെൻട്രൽ കമ്മിറ്റി തങ്ങളുടെ അടുത്ത നാലു വർഷത്തെ പാർട്ടി പരിപാടി നിശ്ചയിക്കുന്ന രേഖ ചർച്ച ചെയ്തു അംഗീകരിക്കുവാൻ ഹൈദരാബാദിൽ കൂടിയപ്പോൾ ഈ രാഷ്‌ട്രീയ വസ്തുതകളിലൂടെയും മാറുന്ന ഇടതു വോട്ടു ശതമാനക്കണക്കുകളിലൂടെയും, ബിനോയ് വിശ്വത്തിന്റെ വാക്കുകളിൽ യാഥാർഥ്യങ്ങളുടെ നിഴൽ വീണിരുന്നു എന്ന് കണ്ടെത്തി എന്ന് കരുതട്ടെ. കാരണം കേരളമല്ല ഇന്ത്യ എന്ന് ഉള്ളിന്റെ ഉള്ളിൽ സിപിഎം നേതാക്കൾക്കും അറിയാം, അവർ കേരളത്തിൽ എത്ര രാഷ്‌ട്രീയ ഉമ്മാക്കികൾ കാണിച്ചു മറച്ചു പിടിച്ചാലും.

ഇന്ത്യ കേരളമല്ല എന്ന് പറയുവാൻ കാരണം ഒന്നാം ലോക സഭയിലെ 22 സീറ്റിൽ നിന്ന്, പതിന്നാലാം സഭയിലെ ഇടതിന്റെ ഏറ്റവും ഉയർന്ന 59 സീറ്റിൽ നിന്ന്, ഇന്നത്തെ പതിനേഴാം സഭയിൽ ഏഴു സീറ്റിലേക്ക് ഇടതു പക്ഷം ചുരുങ്ങിയിരിക്കുകയാണ് എന്നതാണ്. ഇടതു പാർട്ടി എന്നത് കൊണ്ട് രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടികളും, ആർ എസ് പി യും, ഫോർവേഡ് ബ്ലോക്ക്, സിപി ഐ എം ലിന്റെ ചില പാർട്ടികളും ചേർന്നതിനെയാണ് ഇവിടെ വിവക്ഷിക്കുന്നത്. കഴിഞ്ഞ മൂന്നു ലോകസഭ തെരഞ്ഞെടുപ്പുകളിൽ ഇടതിന്റെ വോട്ട് ശതമാനം കുത്തനെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ് എന്ന വസ്തുതയും മറന്നു കൂടാ. ഒന്നാം യൂ പി എ യിലെ ഭരണത്തിന്റെ പിൻസീറ്റ് ഡ്രൈവർമാർ എന്ന വിശേഷണത്തിൽ നിന്ന് പതിനഞ്ചു വർഷം കൊണ്ട് ഇടതരുടെ ദേശീയ വോട്ട് ശതമാനം വെറും 3.36 ശതമാനമായി കുറഞ്ഞു. ഇതേ തെരഞ്ഞെടുപ്പിൽ ബി ജെ പി 37.36 ശതമാനം വോട്ട് നേടി 303 സീറ്റും ഇന്ത്യൻ നാഷണൽ കോൺഗ്രസ് 19.49 ശതമാനo വോട്ട് നേടി 53 സീറ്റും നിലനിറുത്തിയിരുന്നു എന്ന് ഓർമ്മിക്കുന്നത് നല്ലതായിരിക്കും.

മാത്രവുമല്ല, കഴിഞ്ഞ മൂന്ന് ലോകസഭാ തെരഞ്ഞെടുപ്പിലെ ദേശീയ ഇടതു വോട്ട് ശതമാനം പരിശോധിച്ചാൽ 2009 ലെ 8.28 ശതമാനത്തിൽ നിന്ന് പടിപടിയായി കുറഞ്ഞു, 2014 ഇൽ 5.22 ശതമാനമായി കുറഞ്ഞിട്ടാണ് 2019 ഇൽ 3.06 ശതമാനത്തിൽ എത്തിയത് എന്നും കാണാം. എന്നാൽ ഈ ശതമാനം 2004 ൽ ഇടതർക്കു ലോക സഭയിലെ ഏറ്റവും കൂടിയ 59 സീറ്റ് കിട്ടിയപ്പോളും 8.18 ശതമാനമായിരുന്നു എന്നും ഓർക്കണം. ഇടതന്മാർ ഭരണത്തിൽ നിർണായക സ്വാധീനം ചെലുത്തിയ 1977 ൽ അടിയന്തിരാവസ്ഥയെ തൂത്തെറിഞ്ഞ സമയത്തു ഈ ശതമാനം, 8.05 ആയിരുന്നു. എന്നാൽ 1989 ലെ തെരഞ്ഞെടുപ്പിൽ ഈ ശതമാനം ഉയർന്നു 10.16 ശതമാനമായിരുന്നു എന്നതും ഒരു വസ്തുതയാണ്. എന്നാൽ സോഷ്യലിസ്റ്റ് പാർട്ടികളുടെ നല്ല കാലത്ത്, അവരെയും ഇടതന്മാരായി കണ്ടാൽ, 1967 ൽ ഈ ശതമാനം 17.80 ശതമാനം വരെ ആയിരുന്നു. അതായതു കഴിഞ്ഞ അമ്പതു വർഷങ്ങളിലെ ഇടതരുടെ ജനപിന്തുണയുടെ പ്രതിഫലനമായി വോട്ട് ശതമാനം പരിശോധിച്ചാൽ താഴോട്ട് പോകുന്ന ഒരു ഗ്രാഫ് കാണാം. കഴിഞ്ഞ പതിനഞ്ചു വർഷത്തിൽ ആ ഗ്രാഫിന്റെ താഴോട്ടുള്ള പോക്ക് കുത്തനെ ആണ് എന്നും മനസിലാക്കാം.

എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കാര്യമെടുക്കുക. അവരുടെ വോട്ടിംഗ് ശതമാനം ആദ്യമായി കേന്ദ്ര ഭരണം നഷ്ടപെട്ട 1977 ൽ പോലും 34 .52 ആയിരുന്നു. പിന്നീട് കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെട്ടപ്പോൾ 1989 ൽ 39 .53 ശതമാനം വോട്ട് അവർക്കു ലഭിച്ചിരുന്നു. അന്നത്തെ കോൺഗ്രസ് പ്രധാമന്ത്രിയും, പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധി പ്രതിപക്ഷത്തു ഇരിക്കാൻ തീരുമാനിച്ചു. പക്ഷെ 1991 ൽ കോൺഗ്രസിന് 36 .26 ശതമാനമേ വോട്ട് ലഭിച്ചുള്ളൂ എങ്കിലും അവർ സഖ്യ കക്ഷികളുമായി കൂടി ചേർന്ന് അഞ്ചു വർഷം ഭരണം നടത്തി. പിന്നീട് പ്രതിപക്ഷത്തിരുന്ന 1996 ലും, 1999 ലും, 28 ശതമാനം വോട്ട് നേടിയാണ് അവർ 2004 ൽ വീണ്ടും ഭരണം പിടിച്ചത്. 2009 ൽ അവർ 28 ശതമാനo നേടി തന്നെ ഭരണത്തിൽ തിരിച്ചെത്തി. കഴിഞ്ഞ രണ്ടു ലോകസഭ തെരഞ്ഞെടുപ്പിലും ഈ ശതമാനം 19 ശതമാനമാണെങ്കിലും ഇടതരെ പോലെ ഭീകരമായി താഴോട്ടു പോകുന്ന ജനപിന്തുണയുടെ ഗ്രാഫ് എന്ന് കോൺഗ്രസിനെ പറ്റി പറയുവാൻ അടുത്തുള്ള ലോകസഭ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. അതായതു പത്തു ശതമാനം വോട്ട് അടുത്ത ലോക സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കൂടുതൽ ലഭിച്ചാൽ അവർക്ക് സഖ്യ കക്ഷികളുമായി കേന്ദ്ര ഭരണം തിരിച്ചു പിടിക്കാം.

ഇനി നോക്കേണ്ടത് ഇടതു പാർട്ടികൾ ശൂന്യമായി ക്കൊണ്ടിരിക്കുന്ന ബംഗാൾ ത്രിപുര സംസ്ഥാന ലോക് സഭ തെരഞ്ഞെടുപ്പിൽ ആരാണ് അവർക്ക് പകരമായി എത്തുന്നത് എന്നാണ്. ബംഗാളിൽ 2009 ലോക സഭയിലെ 43 .3 ശതമാനത്തിൽ നിന്ന് 2014 ഇൽ 32 ശതമാനമായി കുറഞ്ഞു. 2019 ൽ ഒരു സീറ്റും കിട്ടാതെ വെറും 7.96 വോട്ടു ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. ത്രിപുരയിൽ 2009 ൽ 61.69 ശതമാനം വോട്ടിന് സംസ്ഥാനത്തെ രണ്ടു സീറ്റ് പിടിച്ച സിപിഎം 2014 ൽ വോട്ടു ശതമാനം കൂട്ടി 64 ശതമാനം ആക്കിയെങ്കിലും, 2019 ൽ അത് 17.31 ശതമാനമായി കുറഞ്ഞു. രണ്ടു ലോക്‌സഭാ സീറ്റിലും പരാജയപ്പെട്ടു. ഈ വർഷം നിയമസഭയിൽ ഇടതർ സംപൂജ്യരായി ആദ്യമായി കമ്മ്യൂണിസ്റ്റുകാർ ഇല്ലാത്ത ഒരു നിയമ സഭ ബംഗാളിന് നൽകി. 35 വർഷം തുടർ ഭരണം നടത്തിയ അവരുടെ സ്ഥാനത്തു പ്രതിപക്ഷമായി വന്നിരിക്കുന്നത് ഇടതു പാർട്ടികൾ നഖ ശിഖാന്തം എതിർക്കുന്ന ബി ജെ പി എന്ന, മതേതര രാജ്യത്തെ മാറ്റി മറിക്കുവാൻ ശ്രമിക്കുന്ന സംഘപരിവാർ പാർട്ടിയാണ്. അത് പോലെ ത്രിപുര നിയമസഭയിലും ബി ജെ പി ഇടതരെ തോൽപ്പിച്ച് ഭരണം കയ്യേറിയിരിക്കുന്നു.

കഴിഞ്ഞ ലോക സഭയിലെ വോട്ടു ശതമാനം നോക്കിയാൽ ബി ജെ പിയും കോൺഗ്രസ്സും മാത്രമാണ് രണ്ടക്ക വോട്ടു ശതമാനമുള്ള പാർട്ടികൾ. അതായതു ബാക്കിയെല്ലാവരും ഇടതന്മാർ ഉൾപ്പെടെ ഒറ്റ അക്ക വോട്ടു ശതമാനത്തിൽ പെടുന്നവർ ആണ് എന്ന് ചുരുക്കം. ഇവിടെയാണ് ബിനോയ് വിശ്വത്തിന്റെ “കോൺഗ്രസ് തകർന്നാൽ നികത്താനുള്ള കെൽപ്പു ഇടതർക്കു ഇല്ല ” എന്ന് പറയുന്നതിൻറെ രാഷ്‌ടീയ പ്രസക്തി ഏറുന്നത്. അതായതു കേന്ദ്രത്തിൽ ദിവസേന എന്ന വിധം ജന പിന്തുണ നഷ്ടമാക്കി കൊണ്ടിരിക്കുന്ന, ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കുവാൻ ശ്രമിക്കുന്ന ബി ജെ പി സംഘ പരിവാർ പാർട്ടികളെ നേരിടണമെങ്കിൽ ഇന്നും 53 അംഗങ്ങൾ ഉള്ള 19 ശതമാനം വോട്ടു ശതമാനം ലഭിക്കുന്ന കോൺഗ്രസിനെ ആർക്കും അവഗണിക്കാൻ പറ്റില്ല എന്ന്.

കേരളത്തിലെ ഇടതരുടെ സ്ഥിതി അത്ര സുഖകരമല്ല എന്ന് സി പിഎം സെൻട്രൽ കമ്മിറ്റി അവരുടെ തെരഞ്ഞെടുപ്പ് അവലോകനത്തിൽ കുറയുന്ന വോട്ട് ശതമാനം കണക്കിലെടുത്തു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇടതു മുന്നണിയുടെ വോട്ടു ശതമാനം കഴിഞ്ഞ മൂന്ന് ലോകസഭ തെരഞ്ഞെടുപ്പുകളിൽ കുറഞ്ഞു കൊണ്ടേ ഇരിക്കുന്നു. 2009 ലെ 41.89 ശതമാനത്തിൽ നിന്ന് 2014 ൽ വോട്ടു കുറഞ്ഞു 40.33 ശതമാനവും, 2019 ൽ 36.29 ശതമാനവും ആയിരിക്കുകയാണ്- നിയമ സഭ വോട്ട് ശതമാനവും ഈ കുറവ് കാണിക്കുന്നുണ്ട് പൊതുവെ, ഈ കഴിഞ്ഞ വർഷം ഇടതർ ജയിച്ചുവെങ്കിലും. അത് തന്നെയാണ് സി പി എം സെൻട്രൽ കമ്മിറ്റിയുടെ പ്രസ്താവനയും ചൂണ്ടി കാണിക്കുന്നത്. അതായതു ബംഗാൾ ത്രിപുര അവസ്ഥയിലേക്ക് കേരളത്തിലെ ഇടതർക്കും എത്തുവാൻ ഭാവിയിൽ സാധ്യത ഇല്ലാതില്ല എന്ന്.

ഈ രാഷ്‌ട്രീയ സാഹചര്യത്തിലാണ് ബിനോയ് വിശ്വത്തിന്റെ കോൺഗ്രസ്-ഇടതു ബന്ധങ്ങളെ പറ്റിയുള്ള പ്രസ്താവന കേരള രാഷ്‌ടീയത്തിന്റെ നാലു ചുവരിനു അപ്പുറമായി ദേശീയ രാഷ്‌ട്രീയത്തിൽ പ്രസക്തമാകുന്നത്. കേരളത്തിൽ മാത്രം അധികാരം പിടിക്കുകയും ഇന്ത്യ എന്ന രാജ്യത്തിനെ ബി ജെ പി ക്കു വിഹരിക്കാൻ വിടുകയും ചെയ്യുന്ന രാഷ്‌ട്രീയ നിലപാട്, അതെന്തിന്റെ പേരിലാണെങ്കിലും മറ്റാരേക്കാളും വിനാശകരമാകുന്നത് ഇടതർക്കാ യിരിക്കും എന്നത് ബംഗാളും, ത്രിപുരയും ഉദാഹരിച്ചിരിക്കുകയാണ്. അത് മനസ്സിലാക്കി അന്ധമായ കോൺഗ്രസ് വിരോധത്തിനപ്പുറം, ഇടതർ ഉൾപ്പെട്ടിരുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികൾ വഴികാട്ടിയ മതനിരപേക്ഷതയുടെ നേരായ വഴിയിൽ, രാജ്യത്തെ കൊണ്ട് വരേണ്ടതിന്റെ ആവശ്യകത ഇടതു പാളയത്തിലെ വല്യേട്ടൻ ആയ കേരളത്തിലെ സി പി എം നേതൃത്വത്തിനു അവരുടെ ദേശീയ നേതൃത്വം പോലെ തന്നെ മനസ്സിലാകുമെന്നു കരുതുന്നു. അവർക്കു വഴികാട്ടാനായി ഒരു മോഡൽ സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി കാണിച്ചു തന്നിട്ടുണ്ട്. അവിടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭരണ കക്ഷിയായ ആഫിക്കൻ നാഷണൽ കോൺഗ്രസിന് ഒപ്പം രാഷ്‌ട്രീയമായി നിന്ന് കൊണ്ട് തൊഴിലാളി, സംഘടനകളിലൂടെയും, മറ്റും തങ്ങളുടെ രാഷ്‌ട്രീയ പ്രസക്തി ഉറപ്പിക്കുന്നു. പ്രധാന മന്ത്രിമാരായിരുന്ന നെഹ്‌റുവിന്റെയും, ഇന്ദിരാ ഗാന്ധിയുടെയും കാലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടികളും അതല്ലേ ചെയ്തത്? അതും മൂന്ന് സംസ്ഥാനങ്ങളിലെ അധികാരം പിടിച്ചു കൊണ്ടാണ് എന്ന് മാത്രം. അത് കൊണ്ടാണ് ദേശീയ രാഷ്‌ട്രീയത്തിലെ ഒരു തിരുത്തൽ ശക്തി ആയി ഇടതു പാർട്ടികൾക്ക് പാർലമെന്റിലും, മറ്റു വേദികളിലും ഈയിടെ വരെ പ്രവർത്തിക്കുവാൻ കഴിഞ്ഞതും. ഈ തിരുത്തൽ ശക്തി എന്താണ് എന്ന് വടക്കേ ഇന്ത്യക്കാർക്ക് പോലും മനസിലായത് ഒന്നാം യൂ പി എ സർക്കാരിന്റെ കാലത്തായിരുന്നു എന്നത് ഇടതു പാർട്ടികളുടെ ഹിന്ദി സംസ്ഥാനങ്ങളിലെ ശോഷിച്ച ജനപിന്തുണയെ ആണ് കാണിക്കുന്നത്. തങ്ങളുടെ പാരമ്പര്യ ശക്തി ദുർഗങ്ങളിലെ തെരഞ്ഞെടുപ്പിൽ കുറഞ്ഞു വരുന്ന ജന പിന്തുണ, സംഘ പരിവാറിന്റെ വിഭജന രാഷ്‌ടീയം എന്നിവ അതിനു ഇടതരെ ഇനി തിരിച്ചു വരുവാൻ അനുവദിക്കുമോ എന്നും കാണേണ്ടിയിരിക്കുന്നു.

മാറുന്ന, വിപ്ലവം ഇനി വരാനില്ലാത്ത ലോകത്തു, ഇടതു രാഷ്‌ട്രീയത്തിൻറെ പ്രസക്തി തങ്ങളുടെ തൊഴിലാളി മുന്നണി സംഘടനകളെ ശക്തമാക്കി, അവരെ, ഇന്ത്യയെ മറ്റൊന്നാക്കുവാൻ പരിശ്രമിക്കുന്ന സംഘപരിവാർ രാഷ്‌ട്രീയത്തിനെ ചെറുക്കുവാൻ പ്രാപ്തരാക്കുക എന്നതാണ്. അതുവഴി തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ അധികാരത്തിൽ എത്തുവാനും ശ്രമിക്കാം. ദേശീയ രാഷ്‌ട്രീയത്തിൽ ഇന്നത്തെ ഇന്ത്യൻ ഭരണഘടന അതിന്റെ മതനിരപേക്ഷതയോടെ ജനാധിപത്യ മൂല്യത്തിൽ ഉറച്ചു നിലനിൽക്കേണ്ടി ഇരിക്കുന്നു. അതിനു വേണ്ട ദേശീയരാഷ്‌ട്രീയം കാലോചിതമായി നടത്തേണ്ടത് ഇന്ത്യയുടെ എന്നത് പോലെ തന്നെ ഇടതു പാർട്ടികളുടെയും നിലനിൽപ്പിന്റെ ആവശ്യകതയാണ്. അത് സി പിഎം കണ്ണൂർ പാർട്ടി കോൺഗ്രസ് മനസിലാക്കുമെന്നു കരുതട്ടെ. അത് തന്നെയല്ലെ ബിനോയ് വിശ്വം എന്ന സി പി ഐ നേതാവ് പറഞ്ഞത് എന്ന് ഇടതു രാഷ്‌ട്രീയത്തെ മനസിലാക്കുന്നവർക്കു തോന്നുന്നതിൽ അത്ഭുതമില്ല.

ഇടതു പാർട്ടികൾ ഈ വസ്തുതകൾ കണ്ടില്ലെങ്കിലും ലോകം ഇന്ത്യയിൽ വളർന്നു വരുന്ന വംശീയവും, മതപരവുമായ ഫാസിസത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞു. ജനുവരി 12നു യൂ എസ് കോൺഗ്രസിൽ അത്യപൂർവമായ ഒരു വാദം നടന്നു. വംശഹത്യ ജാഗ്രത (Genocide watch) എന്ന സംഘടന ഇന്ത്യയിൽ ഒരു വംശഹത്യക്കു കളമൊരുങ്ങുന്നുണ്ട് എന്നും, യൂ എസ് സർക്കാർ ഇന്ത്യൻ സർക്കാരിന് അത് തടയാനുള്ള നിർദേശം കൊടുക്കണമെന്നും ഉള്ള ഒരു മുന്നറിയിപ്പ് ഉണ്ടായിരുന്നു ആ വാദത്തിൽ. എല്ലാവരെയും അമ്പരപ്പിച്ചത്. ആഫ്രിക്കയിലെ റുവാണ്ടയിൽ ആയിരുന്നു ഈ കൂട്ടർ അവസാനം ഇതുപോലെ ഒരു ഒരു മുന്നറിയിപ്പ് നടത്തിയത്. അതിനു ശേഷം അവിടെ വംശഹത്യ നടക്കുകയും ചെയ്തുവത്രേ. അതായതു, ഇന്ത്യ വിഭജനകാലത്തെപ്പോലെ ഒരു കലാപത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുയാണ് എന്ന് ലോകവും തിരിച്ചറിയുന്നു. അതിനു കാരണം ഇന്നത്തെ മത ജാതി വിദ്വേഷ പ്രചാരണങ്ങളെ തടയിടാത്ത കേന്ദ്രസർക്കാർ തന്നെയാണെന്ന് എല്ലാവർക്കും അറിയാം.

അത് മനസ്സിലാക്കി തങ്ങളുടെ രാഷ്‌ട്രീയ പരിപാടികൾ പരിഷ്കരിക്കാത്ത രാഷ്‌ട്രീയ കക്ഷികൾ എത്ര അവകാശവാദങ്ങൾ ഉന്നയിച്ചാലും, അത് ജലരേഖ പോലെ നിഷ്പ്രഭം ആണ്. ഇന്ത്യയെ മറ്റൊരു ദുരന്തത്തിൽ നിന്ന് രക്ഷിക്കാനുള്ള ബാധ്യത ഇന്ന് കേന്ദ്രത്തിലെ എല്ലാ പ്രതിപക്ഷ പാർട്ടികൾക്കുമാണെന്നു ചുരുക്കം. ഇവിടെയാണ് ഇടതു കോൺഗ്രസ് സഖ്യത്തിന് ചരിത്ര, കാലിക പ്രസക്തി. അത് മനസിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ സ്വാതന്ത്ര്യ സമരത്തിലെ പടലപ്പിണക്കം ഇടതർക്കു കൊടുത്ത ‘രാജ്യ ദ്രോഹി’ എന്ന പട്ടം വീണ്ടും താങ്ങി ഇന്ത്യൻ രാഷ്‌ട്രീയത്തിൽ അപ്രസക്തരായി ബംഗാളിലെ പോലെ പാർലമെന്റിലും അവർ സംപൂജ്യർ ആകും. കേരളമാകട്ടെ ബംഗാൾ പോലെ 40 ഇത് അധികം ലോകസഭ അംഗങ്ങളെ അയക്കുന്ന സംസ്ഥാനമല്ല. വെറും ഇരുപതു ലോകസഭ അഗങ്ങളെ കൊണ്ട് അഞ്ഞൂറിൽ അധികം അംഗങ്ങൾ ഉള്ള ലോകസഭയിൽ ബി ജെ പിയെ തടയുക എന്നത് മലർപ്പൊടിക്കാരൻ പോലും സ്വപ്നം കാണില്ല. അങ്ങനെ ഒരു രാഷ്‌ട്രീയ നിലപാട് കേരളത്തിലെ ഇടതു പാർട്ടികൾ എടുത്താൽ, അത് 35 സീറ്റുകൊണ്ട് കേരള ഭരണം കഴിഞ്ഞ വർഷം പിടിക്കാൻ പോയ കേരള ബി ജെ പിയുടെ അനുഭവമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ …

കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺ

Comments
Print Friendly, PDF & Email

You may also like