പൂമുഖം LITERATUREലേഖനം സ്വിച്ച് ഓൺ

സ്വിച്ച് ഓൺ

പൂട്ടിക്കിടക്കുന്ന ഒരു ഫാക്ടറി തുറക്കുമ്പോൾ മണ്ണിനടിയിലായിപ്പോയ ഒരു നഗരം പുനരുജ്ജീവിക്കുന്നത് പോലെയാണ്. സംസ്ഥാന സർക്കാർ വെള്ളൂർ ന്യൂസ്‌പ്രിന്റ് ഫാക്ടറി തുറക്കുവാൻ പോവുകയാണ്. 2019 ൽ കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനം ഏറ്റെടുത്ത കമ്പനി മൂന്നു കൊല്ലത്തിനു ശേഷം പ്രവർത്തിക്കാൻ പോകുന്നതായി വ്യവസായ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. പഴയ തൊഴിലാളികളെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടു ചർച്ചകൾ പുരോഗമിക്കുന്നു. കേരള പേപ്പർ പ്രോഡക്ടസ് എന്ന പേരിലാണ് പുതിയ സ്ഥാപനം പ്രവർത്തിക്കുക.

ഫാക്ടറിയുടെ പുതിയ ബോർഡ്

എവിടെയാണ് താമസം എന്ന ചോദ്യത്തിന് വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ അടുത്തു എന്ന് പറയുമ്പോൾ ആരും തിരിച്ചറിയുന്നത്ര പ്രസിദ്ധിയുള്ള കാലത്ത് അവിടെ എന്റെ ഭർത്താവിന് ഒരു ടെലിഫോൺ ബൂത്തും ഫോട്ടോസ്റ്റാറ്റ് കടയുമുണ്ടായിരുന്നു. ഫാക്ടറിയുടെ പ്രതാപകാലത്താണ് ഞാൻ പുഴയോരത്തെ വീട്ടിൽ താമസത്തിനു എത്തിപ്പെടുന്നത്. ഭർത്താവിന് കച്ചവട ബുദ്ധി ഇല്ലാത്തതു കൊണ്ട് ധാരാളം കച്ചവട സംരംഭങ്ങൾ പൊളിഞ്ഞതിനു ശേഷം ഒന്നുറപ്പിച്ചത് ഇവിടെയാണെന്ന് പറയാം.

ഞങ്ങളെപ്പോലെ ചെറുതും വലുതുമായ കച്ചവട സ്ഥാപനങ്ങൾ, ഒത്തിരി ക്വാർട്ടറുകൾ, ഗസ്റ്റ് ഹൌസ്, സെൻട്രൽ സ്കൂൾ, റീക്രിയേഷൻ ക്ലബ്, ഇന്ത്യൻ കോഫീ ഹൌസ്, ജീവനക്കാർക്ക് വിലക്കിഴിവുള്ള സൂപ്പർമാർക്കറ്റ് എന്നിവയാൽ സജീവമായ ഒരു ചെറു ടൗണ്ഷിപ്പ്. ക്ലബിലെ സജീവപ്രവർത്തകനായിരുന്നു എഴുത്തുകാരി സീമയുടെ ഭർത്താവ് സാംബശിവൻ. അവിടത്തെ ജീവനക്കാരും അതിനോട് അനുബന്ധിച്ചു ജീവിതം കെട്ടിപ്പൊക്കിയിരുന്നവരുമായി നിരവധി കുടുംബങ്ങൾ. ഞങ്ങൾ അവരെ പത്രാസുകാർ എന്ന് മനസാ വിശേഷിപ്പിച്ചു. ന്യുസ് പ്രിന്റ് ഫാക്ടറി വന്നതിനെ തുടർന്നാണ് പിറവം റോഡ്. സ്റ്റേഷനിൽ പല ദീർഘദൂര ട്രെയിനുകൾക്കും സ്റ്റോപ്പ് ഉണ്ടായത്.

ഫാക്ടറിയുടെ പഴയ ബോർഡ്

സമീപത്തു കൂടി ഒഴുകിയ പുഴ ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ ഏറ്റുവാങ്ങി ഏറെ അപവാദംത്തിനിരയായി. പക്ഷെ, അതിനെയെല്ലാം മറികടന്ന് കുറെ ജീവിതങ്ങൾ അവിടെ പുഷ്പ്പിച്ചിരുന്നു. പുഴ ഒഴുകി ഒഴുകി, കുറെ വർഷങ്ങളും ഒപ്പം ഒഴുകിപ്പോയി. നടത്തിപ്പിലെ പിഴവുകൊണ്ടോ എന്തോ നല്ല നിലയിൽ നടന്നു വന്ന സ്ഥാപനംതകർന്നു. ജീവനക്കാരെ വെട്ടിക്കുറച്ചു. പലരും സ്വയം വിരമിക്കൽ പദ്ധതി സ്വീകരിക്കാൻ നിർബന്ധിതരായി. ടൗൺഷിപ്പിൽ തിരക്കൊഴിഞ്ഞു. ക്വാർട്ടറുകൾ മക്കൾ ഉപേക്ഷിച്ച അച്ഛനമ്മമാരെ പോൽ അനാഥർ ആയി. കച്ചവട സ്ഥാപനങ്ങൾ പൂട്ടി. മാറ്റം ഞങ്ങളുടെ കുഞ്ഞു സ്ഥാപനത്തെയും ബാധിച്ചു. അത് വേറൊരാളെ നടത്തിപ്പിനായി ഏൽപ്പിച്ചു എന്റെ ഭർത്താവു വീട്ടിലിരിപ്പായി. കേവലം പേരിനുടമ മാത്രമായി. വലിയ വേദനയായിരുന്നു ആ കാഴ്ച്ച. ഫാക്ടറിക്കു വേണ്ടി സ്ഥലം ഏറ്റെടുത്ത വീടുകളിലെ ഒരാൾക്കെങ്കിലും ജോലി കൊടുത്ത് എത്രയോ പേരുടെ അന്നദാതാവായിരുന്ന ആ മഹത്തായ വ്യവസായത്തിന് ഇങ്ങനെ ഒരു ഗതി വന്നുവല്ലോ എന്ന് ഉള്ളുരുകി. അപ്പച്ചന്റെ അമ്മ ധാരാളം കുഴലപ്പം ഉണ്ടാക്കി സൗജന്യമായി പ്രിയപ്പെട്ടവർക്ക് കൊടുക്കാറുണ്ടായിരുന്നു. അവസാനകാലത്തു വലത്തെ കൈ തളർന്നു കിടക്കുമ്പോൾ അപ്പച്ചൻ വിലപിക്കുമായിരുന്നു; ‘ഇത്രേം കൊടുത്തിട്ട് വലതു കൈ തന്നെ തളർന്നു പോയല്ലോ ‘എന്ന്. അത് പോലെ തളർന്ന ഞങ്ങളുടെ ഫാക്ടറി ഇപ്പോൾ സംസ്ഥാന ഗവണ്മെന്റ് ഏറ്റെടുത്തിട്ടുണ്ട്. ഫാക്ടറിക്ക് മുന്നിലുള്ള വഴികൾ ഇരുവശത്തും വൃക്ഷങ്ങൾ വെച്ചു മനോഹരമാക്കിയിരുന്നു. അതിലെ കാറോടിച്ചു പോകുമ്പോൾ, ആഹാ!, ഹിന്ദി സിനിമകളിൽ പാട്ടുംപാടി ഡ്രൈവ് ചെയ്യുന്ന റൊമാന്റിക് കഥാപാത്രമായി ഞാൻ മാറാറുണ്ടായിരുന്നു. വലിയ തറവാടുകൾ പൊളിഞ്ഞു നാമാവശേഷം ആകുമ്പോൾ അതിന്റെ മുറ്റത്തു നിൽക്കു പുല്ലിന് പോലും വേദന തോന്നും. പുല്ലിൻ തുമ്പത്തു നിൽക്കും കണ്ണുനീർതുള്ളിയെപ്പോലെ ഞാനും. ഇടയ്ക്കു ഓർമ്മവരുന്നു, നല്ല ഒരു ഗസ്റ്റ് ഹൌസ് ഉണ്ടായിരുന്നു, അങ്ങ് മുകളിൽ. അവിടെ പോയിരിക്കാൻ നല്ല രസമാണെന്നു എന്റെ ഭർത്താവു കണ്ണൻ പറയാറുണ്ട് അവിടെ വച്ചാണ് അഭയ കേസിലെ ഒരു പ്രതിയെ ചോദ്യം ചെയ്തത്. പിന്നെ, അവിടെ ഗൃഹാതുരത്വം ഉണർത്തുവാൻ കെല്പുള്ള ഇന്ത്യൻ കോഫീ ഹൌസ് ഉണ്ടായിരുന്നു ചേച്ചിയുടെ മക്കൾ വരുമ്പോൾ അവിടെപോയി മസാല ദോശ കഴിക്കാറുണ്ടായിരുന്നു.

കഴിഞ്ഞ പ്രളയ കാലത്തു പുഴയുടെ തീരത്തുള്ള വീടുകളിൽ നിന്നും ആളുകളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചിരുന്നത് ആൾ ഒഴിഞ്ഞ ഫാക്ടറി കെട്ടിടങ്ങളിലാണ്. ഇടതു സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയിൽ ഏറ്റെടുത്ത സ്ഥാപനം ജനുവരി ഒന്നിന് ഔപചാരികമായി തുറന്നു. ഉടനടി പ്രവർത്തനം തുടങ്ങി സമീപ പ്രദേശങ്ങളെയും ജീവിതങ്ങളേയും വീണ്ടെടുക്കുന്നത് കാണാൻ കാത്തിരിക്കുന്നു.

കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺ

Comments

You may also like