പൂമുഖം LITERATUREലേഖനം എഴുതപ്പെടാത്ത ഒരു തിരക്കഥയെ കുറിച്ച്

എഴുതപ്പെടാത്ത ഒരു തിരക്കഥയെ കുറിച്ച്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

‘വലിയമ്മയ്ക്ക് രണ്ട് മക്കളാണ് -കുട്ട്യേടത്തിയും ജാന്വേടത്തിയും..
കുട്ട്യേടത്തി കറുത്തിട്ടാണ്.
ജാന്വേടത്തിയുടെ അഭിപ്രായത്തിൽ, തൊട്ട് കണ്ണെഴുതാം…’

അമ്മയുടേയും വലിയമ്മയുടേയും ശകാരവും ഭേദ്യവും നിരന്തരം ഏറ്റുവാങ്ങിയും വ്യവസ്ഥിതിയെ പരസ്യമായി വെല്ലുവിളിച്ചും ജീവിച്ച കുട്ട്യേടത്തിയുടെ കഥ, കഥാപാത്രത്തിന്റെ സ്വഭാവത്തിലും രചനയുടെ ശൈലിയിലും വേറിട്ട് നിൽക്കുന്ന എം ടി കഥയാണ്.-
മലയാളികൾക്ക് മന:പാഠമായ കഥ ..

മോശമല്ലാത്ത മട്ടിൽ അതിന്റെ ചലച്ചിത്ര രൂപവും വന്നു..
കഥയോളം ഹൃദയസ്പർശിയായിരുന്നോ അത് എന്നതിനെ കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടാവും .

പറയാൻ ഉദ്ദേശിക്കുന്നത് മറ്റൊരു കഥയെ കുറിച്ചാണ്.

മരം കയറിയ- ആൺകുട്ടിയായ കുട്ടിനാരായണനെ അടിച്ച- കവിടി സഞ്ചിയുമായി വരുന്ന ജ്യോത്സ്യന്റെ പൊള്ളത്തരം വെളിച്ചത്താക്കാൻ, മച്ച് കിളയ്ക്കാൻ ആലോചിച്ച- കാതിൽ തൂങ്ങിനിന്നിരുന്ന ‘മണി’ എന്ന മാംസക്കഷണം, കറിക്കത്തി കൊണ്ട് പ്രാകൃതമായ ഒരു ശസ്ത്രക്രിയയിലൂടെ മാറ്റാൻ സ്വയം ശ്രമിച്ച- ‘അപ്പുണ്ണിച്ചോനാരു’മായി ആളൊഴിഞ്ഞയിടത്ത്, അസമയത്ത് ‘പന്ത്യല്ലാണ്ട് തവുതാരിച്ച്’ നിന്ന-, തന്റേടിയായ കുട്ട്യേടത്തിയോട് ഏതോ തരത്തിൽ ചേർത്തുവെച്ചു വായിക്കാവുന്ന ഒരു സ്ത്രീകഥാപാത്രത്തെ എം ടി ഹൃദ്യമായ മറ്റൊരു കഥയിലൂടെ അവതരിപ്പിക്കുകയുണ്ടായി, വർഷങ്ങൾക്ക് ശേഷം..

‘അന്വേഷണം മാസിക’യുടെ ആദ്യലക്കത്തിൽ പതനം എന്ന എം ടി കഥ വന്നു.

മൂന്നു ലക്കങ്ങൾക്ക് ശേഷം, വീണ്ടും, അദ്ദേഹത്തിന്റെ ഒരു കഥ അന്വേഷണത്തിൽ വന്നു.

‘മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ’ എന്ന സാമാന്യം ദീർഘമായ ഈ കഥ ചർച്ചകളിലൊന്നും പരാമർശിക്കപ്പെട്ടുകണ്ടിട്ടില്ല.

സ്വന്തം ചെറുകഥകൾക്കും നോവലുകൾക്കും പുറമെ, പുരാണേതിഹാസങ്ങളിൽ നിന്നും ഐതിഹ്യങ്ങളിൽ നിന്നും വടക്കൻ പാട്ടിൽ നിന്നും ചരിത്രത്തിൽ നിന്നും കഥകൾ സ്വീകരിക്കാനും അവയെ, അവയിലെ കഥാപാത്രങ്ങളെ, വിവാദങ്ങൾക്ക് കാരണമാകാവുന്ന രീതികളിൽ മാറ്റി വ്യാഖ്യാനിക്കാനും മുതിരുന്ന ചലച്ചിത്രങ്ങൾ കുറച്ചുണ്ട് എം ടി യുടേതായി.
അദ്ദേഹത്തിന്റെ കഥകൾക്കും തിരക്കഥകൾക്കും- തീരുമാനമാവാത്ത രണ്ടാമൂഴം അടക്കം- ഇന്നും കമ്പോളത്തിൽ തലമുതിർന്ന ആവശ്യക്കാരുണ്ട് -അഭിനേതാക്കൾ മുതൽ സംവിധായകർ വരെ . .

ഈ തിരക്കുകൾക്കിടയിൽ ഒരു തിരക്കഥയായോ ചിത്രമായോ വളരാൻ ആവാതെ ‘വലിയ വീട്ടിലെ സുന്ദരി’ ഇരുന്നുപോയതിനെന്താവാം കാരണം ?

മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ എന്ന കഥയുടെ ആശയം ഇങ്ങനെ:

(സംഭാഷണങ്ങൾ അൻപത് വർഷം മുൻപ് കഥ വായിച്ച ഓർമ്മയിൽ നിന്ന് -തെറ്റുണ്ടാവാം.)

വാസുവിന്റെ സമപ്രായക്കാരിയായ സുന്ദരി, പണക്കാരനും പ്രമാണിയുമായ അച്ഛന്റെ മകളാണ്.

വാസുവിനൊപ്പം,നടന്നാണ് അവൾ സ്‌കൂളിൽ പോകുന്നത്.

അവധി കഴിഞ്ഞ് അച്ഛൻ ജോലിസ്ഥലത്തേയ്ക്ക് പോയതിന് ശേഷം സുന്ദരി വാസുവിനോട് പറഞ്ഞു :

“സ്‌കൂളിൽ പുവ്വാൻ, വില്ല് വെച്ച കാളവണ്ടി വാങ്ങിത്തരാം ന്ന് അച്ഛൻ പറഞ്ഞു. ഞാൻ വേണ്ടാന്ന് പറഞ്ഞു …..നാലടി നടന്നതോണ്ട് ഒരു നഷ്ടോം വരാൻ പോണ്ല്യ “

സ്‌കൂളിലേയ്ക്ക്, വലിയ വീട്ടിലെ കുട്ടിയുടെ ചോറ്റുപാത്രം ചുമക്കുന്നത്, സാമ്പത്തിക ശേഷി കുറഞ്ഞ തായ് വഴിയിലെ അംഗമായ, വാസുവാണ്.
കൂടെ പഠിക്കുന്നവർ അതിനവനെ കളിയാക്കുന്നുണ്ടായിരുന്നു.
എങ്ങനെ, ആരോട് , പറഞ്ഞ്, അതിൽ നിന്നൊഴിയും എന്നാലോചിച്ച് വിഷമിച്ചുകൊണ്ടിരിക്കെ, ഒരു ദിവസം സുന്ദരി തന്നെ വിഷയം എടുത്തിട്ടു.
തീർപ്പും കൽപ്പിച്ചു .

“വലിയ വീട്ടിലെ കുട്ടീടെ ചോറ്റുപാത്രം എട്ത്ത് നടക്കണേല് ഒരു കൊറച്ച്ലും ല്യ.ആരെങ്ക്ലും എന്തെങ്ക്ലും പറയ് ണ് ണ്ടെങ്ക്ല് അവ്ര്ക്ക് അദ് ന്ള്ള ഭാഗ്യല്യാത്തോണ്ട് പറയാന്ന് കര്ത്യാ മതി”

സംസാരിക്കുന്നത് സുന്ദരിയാണോ മരിച്ചുപോയ മുത്തശ്ശിയാണോ എന്ന് അദ്‌ഭുതപ്പെടാനേ വാസുവിന് കഴിയാറുള്ളു ..

വീട്ടിൽ നിന്ന് അല്പം ദൂരെ, ഇടവഴിയിലൂടെ വരുമ്പോൾ, പൊടുന്നനെ, തിരിവ് തിരിഞ്ഞ് ഒരു പശുക്കൂട്ടം പ്രത്യക്ഷപ്പെടുന്നു. ഓടാൻ നിർദ്ദേശം കൊടുത്ത്, വാസു അടുത്ത വീടിന്റെ പടി ചാടിക്കടന്ന് സുരക്ഷിതസ്ഥാനത്തെത്തി.

സുന്ദരി കൂസലില്ലാതെ, പശുക്കൾക്കിടയിലൂടെ നടന്നുവന്നേയുള്ളു.

ശ്വാസമടക്കി കാത്തുനിന്നിരുന്ന വാസുവിന് ഒറ്റ വാക്യത്തിൽ വിശദീകരണം കിട്ടി :

“ഒരു പ്രായം കഴിഞ്ഞാ പെൺകുട്ട്യോള് ഓടിക്കൂട !”

സമപ്രായക്കാരിയായ അയൽക്കാരി, ലക്ഷ്മിക്കുട്ടി (?), സുന്ദരിയാണ് എന്ന് വാസുവിന് തോന്നിത്തുടങ്ങിയ കാലമായിരുന്നു.

വീട്ടിലെ കുളത്തിൽ കുളിക്കാൻ വന്നപ്പോൾ, സുന്ദരി വാസുവിനെ വിസ്തരിച്ചു :

“…അവളെ കാണാൻ അത്രയ്‌ക്കൊക്കെ ഭംഗി ണ്ടോ”

വാസുവിന് മറുപടി ഇല്ലായിരുന്നു.

“ചിരിക്ക്യേ വർത്താനം പറയേ ചിയ്യണോൺടൊന്നൂല്യ..ലോഗ്യാവാനൊന്നും പോണ്ട ട്ട്വോ”

“എന്താ സുന്ദരിക്കുട്ടി പറേണ്..?” അമ്മ അന്വേഷിച്ചു..

കുളത്തിലേയ്ക്ക് നടന്നുകൊണ്ട്, സുന്ദരിയുടെ മറുപടി :

“ആങ്കുട്ട്യോളല്ലേ…., കൊറ്യൊക്കെ കണ്ട്ല്യാ കേട്ട്ല്യാന്ന് വിചാരിക്കാൻ നമ്മള് പഠിക്കണം”

“പന്ത്രണ്ട് വയസ്സേള്ളൂ ന്ന് പറഞ്ഞിട്ടെന്താ കാര്യം –എന്തൊരു തന്റേടാ ആ കുട്ടിക്ക് !”

സുന്ദരി പോയിക്കഴിഞ്ഞ്, അമ്മയുടെ , ഉറക്കെയുള്ള ആത്മഗതം –

ആലോചിച്ച് ഉറപ്പിച്ച് നടത്തുന്ന കല്യാണത്തേക്കാൾ സ്വയംവരമാണ് നല്ലതെന്ന സ്വന്തം അഭിപ്രായം അവതരിപ്പിച്ച്, സുന്ദരി വാസുവിനോട് പറഞ്ഞു:

“ സ്വയംവരായിര് ന്നെങ്കിലേയ് ….., ——— ത്തെ ചന്ദ്രനോട് (?) നല്ല ഒരു ഷർട്ടും ഇട്ട് ഒരറ്റത്ത് വന്നിരുന്നോളാൻ പറയും ഞാൻ ..!”

വന്ന ആലോചനകളൊക്കെ ഇഷ്ടപ്പെട്ടില്ലെന്ന് സുന്ദരി മടക്കിയെന്നും ഇനിയൊരാലോചന ഉണ്ടാവില്ലെന്ന അച്ഛന്റെ തീർപ്പിനുമുന്നിൽ, ഒടുവിൽ വന്നതിന് വഴങ്ങി, സുന്ദരനല്ലാത്ത ശേഖരേട്ടനു(?)മായുള്ള വിവാഹത്തിന് സമ്മതിച്ചു എന്നും ആരോ പറഞ്ഞ്, വീട്ടിലറിഞ്ഞിരുന്നു.

ഉറപ്പിക്കലിനു ശേഷം, വീട്ടിൽ വന്നപ്പോൾ സുന്ദരി അമ്മയോടും വാസുവിനോടുമായി പറഞ്ഞു :

“ആള് കാണാൻ അത്ര സുന്ദരനൊന്ന്വല്ല ട്ട്വോ ……”

സുന്ദരി തോറ്റോ എന്ന് വാസുവിനോ നമുക്കോ സംശയം തോന്നുന്നതിനു മുൻപ് അടുത്ത വാക്യം :

“…അല്ലെങ്കിലും ചന്തൂം സൗന്ദര്യോം ഒക്കെ എത്രീസ്തിക്കാ..?’’
വിവാഹം കഴിഞ്ഞ്, മഹാനഗരത്തിലേയ്ക്ക് ഭർത്താവിനോടൊപ്പം യാത്ര തിരിച്ച സുന്ദരിയെ, മാസങ്ങൾക്ക് (വർഷങ്ങൾക്ക് ?) ശേഷം വാസു വീണ്ടും കാണുന്നത്, എന്തോ ജോലിയുമായി ബന്ധപ്പെട്ട് അവിടെയെത്തിയപ്പോൾ ആണ്.

അഞ്ചാം നിലയിലെ, ആധുനിക സൗകര്യങ്ങളുള്ള ഫ്‌ളാറ്റിൽ, സുന്ദരിക്ക് ഒന്നും കുറവുള്ളതായി തോന്നിയില്ല.

നേരത്തേ വരാമെന്നു പറഞ്ഞ് ഓഫീസിലേയ്ക്ക് പോയയാൾക്ക്, രണ്ട് ദിവസം കഴിഞ്ഞേ മടങ്ങാനാവു എന്ന വിവരം ഫോണിലൂടെ കേട്ടപ്പോഴത്തെ, സുന്ദരിയുടെ പൊട്ടിച്ചിരി മുതൽ പലതും വ്യാഖ്യാനിക്കാനാവാതെ ബുദ്ധിമുട്ടുകയായിരുന്നു വാസു-

വൈകുന്നേരം, സുന്ദരിയുടെ നിർദ്ദേശമനുസരിച്ച്, ശേഖരേട്ടന്റെ, വിലപ്പിടിപ്പുള്ള വസ്ത്രങ്ങൾ ധരിച്ച്, ഒരു ദിവസത്തെ രാജകുമാരനായി വാസു, നഗരം ചുറ്റിക്കണ്ടു. സുന്ദരിയുടെ മുന്നിൽ എന്നുമുണ്ടായിരുന്ന അപകർഷതാബോധവുമായി നടന്നിരുന്ന വാസുവിന് സുന്ദരി ധൈര്യം കൊടുത്തു.:

“ ….ങ്ങനെ മുനിയെ പോലെ നടക്കേണ്ട ..എന്തെങ്കിലുമൊക്കെ പറഞ്ഞോളൂ..”

ഹോട്ടലിനോട് ചേർന്ന ബാറിൽ നുരയുന്ന ലഹരി അകത്ത് പടർന്നു തുടങ്ങുമ്പോൾ, സുന്ദരി ചുണ്ടനക്കാതെ, ശബ്ദം താഴ്ത്തി പറഞ്ഞു :

“ഇപ്പൊ നോക്കണ്ട ..അപ്രത്തിരിക്കണ സായ്പ്പ് അടുത്തിരിക്കണ ചെറ്പ്പക്കാരിയടെ തൊടേല് നുള്ളി..”

തത്ക്കാലത്തേയ്ക്കാണെങ്കിലും ശേഖരേട്ടന്റെ വേഷവും സുന്ദരിയുടെ സംസാരരീതിയും മദ്യലഹരിയും ചേർന്നപ്പോൾ, വീട്ടിലെത്തിക്കഴിഞ്ഞ്, വാസു, ഒരു നിമിഷത്തേയ്ക്ക് സ്വയം മറന്നു !

“വാസൂ…!”

സുന്ദരിയുടെ ഉച്ചത്തിലുള്ള വിളിയിൽ, അയാളുടെ ലഹരിയിറങ്ങി.
‘അപ്പൂപ്പൻ താടി പോലെ’ ഭാരമില്ലാതായി.
നാട്ടിലേയ്ക്ക് മടങ്ങാൻ തയാറാവുമ്പോൾ അടുത്ത മുറിയിൽ നിന്ന് അടക്കാൻ ശ്രമിച്ചിട്ടും അടങ്ങാതെ സുന്ദരിയുടെ തേങ്ങലുകൾ ഉയർന്നു.

മഹാനഗരത്തിന്റെ ചിത്രം മനസ്സിൽ മാഞ്ഞുപോയിരിക്കുന്നു എന്നുപറഞ്ഞാണ് കഥ തുടങ്ങുന്നത്..അവസാനിക്കുന്നതും –

‘ഓർമ്മയുള്ളത് അഞ്ചാം നിലയിലെ ജനാലയിലൂടെ താഴെ കല്ലുകൾ പാകിയ തറയിലേക്ക് അടർന്നു വീണ ഒരു തീപ്പൂവിന്റെ ചിത്രം മാത്രമാണ് –
നാലഞ്ചു വരികളിൽ പത്രത്തിൽ, ചതഞ്ഞ അച്ചടിയക്ഷരങ്ങൾ വരച്ചുവെച്ച ചിത്രം -‘

സുന്ദരി സ്വന്തം ദാമ്പത്യത്തിൽ, ജീവിതത്തിൽ, അസംതൃപ്തയായിരുന്നോ– അറിയില്ല.

കുട്ട്യേടത്തിയിൽ നിന്ന് ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞ്, എം ടി എഴുതിയ സുന്ദരിയുടെ കഥ – അതിന്റെ അവസാനം, നമ്മെ കൂടുതൽ നൊമ്പരപ്പെടുത്തും
‘കുട്ട്യേടത്തി’യും ‘മഹാനഗരത്തിന്റെ പശ്ചാത്തലത്തി’ലും ഒരേ മട്ടിൽ തുടങ്ങി, ഒരേ തലങ്ങളിലൂടെ വളർന്ന്, ഒരേതരത്തിൽ അവസാനിക്കുന്ന കഥകളാണ്.

എന്നിട്ടും എന്തുകൊണ്ടോ സുന്ദരി, വായനക്കാരുടെ, ചലച്ചിത്രലോകത്തിന്റെ, ശ്രദ്ധയിൽ പെടാതെ പോയി.

കുട്ട്യേടത്തി എന്തല്ലയോ അതാണ് സുന്ദരി.
.
ഈറൻ തുണിയുടെയോ നനഞ്ഞ വിറകിന്റെയോ ഒക്കെ മണമാണ് , കുട്ട്യേടത്തി അടുത്ത് വരുമ്പോൾ..
മയമില്ലാത്തതും പ്രാകൃതവുമാണവരുടെ രീതികൾ.
‘നെന്റെ നാമൂസ് ന്റെ അട്ത്ത് വേണ്ട മോളേ..അടിച്ച്‌ കൊല്ലി ഞാൻ തിരിക്കും..:’ എന്നതാണ് ആ സംസാര ഭാഷ.

വലിയവീട്ടിലെ സുന്ദരി, സുന്ദരിയാണ്-
വാക്കിലും നോക്കിലും ഒതുക്കവും ചിട്ടയും പ്രായത്തിൽ കവിഞ്ഞ പക്വതയും കാണിക്കുന്നവളാണ്.
പൊങ്ങച്ചമാണോ എന്ന് വാസുവിന് തീർച്ചയില്ലാത്ത എന്തോ ഒന്ന് ഒരാവരണമായി എപ്പോഴും കൊണ്ടുനടക്കുന്നവളാണ്.

കഥകൾ തമ്മിൽ കൗതുകകരമായ സാദൃശ്യങ്ങളുണ്ട്.

  • രണ്ടിലും കഥ പറയുന്നത്, കുട്ടിയായ വാസുവാണ്.
  • രണ്ടിലും അവന്റെ സ്നേഹവും ആരാധനയും പിടിച്ചുപറ്റിയ സ്ത്രീകളാണ് കഥാപാത്രങ്ങൾ..
  • ഒറ്റപ്പെട്ട സമാന്തര സംഭവങ്ങളിലൂടെയാണ് കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വം വായനക്കാരന് വെളിപ്പെട്ടുകിട്ടുന്നത്.
  • കഥയുടെ തുടർച്ചയ്ക്ക് ഊനം തട്ടാതെ, സ്പൈരൽ ബൈൻഡിംഗിൽ ചെയ്യാനാവുന്നതുപോലെ, എടുത്തുമാറ്റുകയോ പുതുതായി ചേർക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യാവുന്ന കൊച്ചുകഥകൾ കുത്തിക്കെട്ടി ഉണ്ടാക്കുന്ന വലിയ കഥകളാണ് രണ്ടും.
  • പ്രാകൃതമായ ശസ്ത്രക്രിയയ്ക്ക് ശേഷവും കാതിലെ ‘മണി പോയിട്ടില്ലെന്നും അറ്റുതൂങ്ങി നിൽക്കുന്നേയുള്ളു എന്നും കുട്ട്യേടത്തി കണ്ടെത്തുന്ന സന്ദർഭം വായനക്കാരന്റെ ഓർമ്മയിൽ എത്തിക്കും ‘മഹാനഗരത്തിന്റെ പശ്ചാത്തലത്തി’ലിന്റെ അവസാനഭാഗത്തുള്ള സുന്ദരിയുടെ തേങ്ങലുകൾ
    -ശക്തരായ കഥാപാത്രങ്ങൾ തളരുന്ന സന്ദർഭം, രണ്ടു കഥയിലും ഒരുപോലെ!
  • രണ്ടും ഒരേമട്ടിൽ, ആത്മഹത്യകളിൽ അവസാനിക്കുന്നു

സുന്ദരിയുടെ കഥയിൽ ഒരു ചലച്ചിത്രത്തിന്റെ തിരക്കഥ അവസരം കിട്ടാതെ ഇരിപ്പുണ്ട് എന്ന് ഏത് സംവിധായകനാണ് ,നിർമ്മാതാവാണ് , മലയാളത്തിന്റെ പ്രിയ കഥാകൃത്തിനെ അറിയിക്കുക?

* കല യു കെ എന്ന സംഘടന ഡോ. സീന ദേവകിയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിക്കുന്ന PALM LEAF ന്റെ 2019 പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പുന:പ്രസിദ്ധീകരണം

കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like