പൂമുഖം LITERATUREലേഖനം കേരളത്തിന്റെ വിദ്യയും ആതുര ശുശ്രുഷയും ജൈന ബുദ്ധമതങ്ങളിൽ നിന്ന്

കേരളത്തിന്റെ വിദ്യയും ആതുര ശുശ്രുഷയും ജൈന ബുദ്ധമതങ്ങളിൽ നിന്ന്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

നവീനങ്ങളായ ആശയങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുകയെന്നത് കേരള സംസ്‌കാരത്തിന്റെ ഒരു പ്രത്യേകതയാണല്ലോ. അത് കൊണ്ട് തന്നെയാണ് ഭാരതത്തിൽ പിറവിയെടുത്തതും വിദേശങ്ങളിൽ സംജാതമായതും ആയ മതങ്ങളെയെല്ലാം തന്നെ അവയുടെ പ്രാരംഭ ദശയിൽ പോലും സ്വാഗതം ചെയ്യാൻ നമുക്ക് കഴിഞ്ഞത്. വൈവിധ്യമാർന്ന ഏതാദൃശ ചിന്താ ധാരകൾ ഗണ്യമായ സ്വാധീനം ചെലുത്തുക വഴി ഇവിടത്തെ സമുദായ സൗഹൃദാന്തരീക്ഷം സമ്പന്നമാവുകയും ചെയ്തു.

ക്രിസ്തു വർഷാരംഭത്തിനു നൂറ്റാണ്ടുകൾ മുൻപ് തന്നെ ജൈന ബുദ്ധ സന്ദേശങ്ങൾ കേരളത്തിൽ പ്രചരിച്ചിരുന്നു. ചന്ദ്രഗുപ്ത മൗര്യൻ (bc 321 -297 )രാജാധികാരം ത്യജിച്ചു ഭദ്ര ബാഹു എന്ന ജൈന സന്യാസിയുടെ ശിഷ്യത്വം സ്വീകരിച്ചു ദക്ഷിണേന്ത്യയിൽ വന്നു മൈസൂരിലെ ശ്രവണ ബെളഗുളയിൽ സന്യാസ ജീവിതം നയിച്ചത് ഒരു സുപ്രധാന ചരിത്ര സംഭവമാണ്. മത പ്രചാരണത്തിനും പ്രധാനമായ ധ്യാന സങ്കേതങ്ങൾ തേടിയുമാണ് ജൈന സന്യാസികൾ കേരളത്തിലെത്തിയത്. അക്കാലത്തു അവിടെ നിലനിന്ന ദ്രാവിഡാചാരങ്ങൾ ഒരു പ്രത്യേക മത സംഹിതയെ ആധാരമാക്കിയതായിരുന്നില്ല കാവുകളിൽ കുടിവെച്ചിരുന്ന നിരവധി ദേവീ ദേവന്മാരെ അവർ ആരാധിച്ചിരുന്നു. ശാന്തി സന്ദേശങ്ങളിൽ അധിഷ്ഠിതമായ , ചിട്ടയാർന്ന ഒരു ജീവിത ശൈലി മുഖമുദ്രയായ ശമണ മതങ്ങൾക്ക് കേരളത്തിലെ ജനങ്ങൾ വരവേൽപ്പ് നൽകുകയും ഭരണകർത്താക്കളുടെ ആശീർവാദത്തോടെ അവ തഴച്ചു വളരുകയും ചെയ്തു.

കേരളത്തിലെ ബുദ്ധമത സ്വാധീനത്തെക്കുറിച്ചു അറിവ് തരുന്ന പ്രാചീന രേഖ ഗുജറാത്തിലെ ഗിർനാർ ശാസനമാണ്‌. തന്റെ അധികാരാതിർത്തിയിൽ അല്ലായിരുന്നുവെങ്കിലും പാണ്ഡ്യം, ചോളം, കേരളപുത്രം എന്നീ രാജ്യങ്ങളിൽ അശോക ചക്രവർത്തി നടത്തിയ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ വിവരണം ഈ ശാസനത്തിലുണ്ട്. അനേക നൂറ്റാണ്ടുകൾ കേരളത്തിലെ സംസ്കാര സ്രോതസ്സുകളായി നില കൊണ്ട ജൈന-ബുദ്ധമതങ്ങളുടെ ക്ഷയത്തിനു കാരണം എ ഡി നാലാം നൂറ്റാണ്ടിൽ ആരംഭിച്ചു, എട്ടാം നൂറ്റാണ്ടോടെ പാരമ്യത്തിലെത്തിയ ആര്യ ബ്രാഹ്മണരുടെ കുടിയേറ്റവും വ്യാപനവുമാണ്. ശങ്കരാചാര്യരുടെ നേതൃത്വത്തിലുണ്ടായ ഹൈന്ദവ നവോത്‌ഥാനം ഇതര മതങ്ങളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചു. ബുദ്ധമതാചാരങ്ങൾ പലതും സ്വീകരിക്കുകയും ഹിന്ദു മതത്തിന്റെ ഭാഗമായി അവതരിപ്പിക്കുകയും ചെയ്ത ശങ്കരാചാര്യരെ പ്രച്ഛന്ന ബുദ്ധൻ എന്ന് കേരളബ്രാഹ്മണർ ആക്ഷേപിച്ചിരുന്നു. ക്രമേണ ജൈന ബൗ ദ്ധ ദേവാലയങ്ങൾ ഹിന്ദു മത ക്ഷേത്രങ്ങളായി മാറുകയും ചെയ്തു.

എങ്കിലും ഈ രണ്ടു മതങ്ങളുടെയും സ്വാധീനം കേരളത്തിലെ സാംസ്‌കാരിക പശ്‌ചാത്തലത്തിൽ ഇന്നും കാണുവാൻ കഴിയുന്നു. പള്ളികളോടനുബന്ധിച്ചു സ്ഥാപിച്ച പള്ളിക്കൂടങ്ങളാണ് ആദ്യമായി കേരളത്തിലെ സാധാരണക്കാരന് അറിവിന്റെ പ്രകാശം പകർന്നു കൊടുത്തത് ഹൈന്ദവേതര ആരാധനാലയങ്ങളാണ് പള്ളികൾ. ആദ്യകാലത്തെ പള്ളികൾ ബുദ്ധ വിഹാരങ്ങളായിരുന്നു .ബുദ്ധ ജൈന പള്ളികളോടനുബന്ധിച്ചു എഴുത്തു കളരികൾക്കു പള്ളിക്കൂടം എന്ന് പറഞ്ഞിരുന്നു. ജൈന ബൗദ്ധ പണ്ഡിതന്മാരാണ് കേരളത്തിലെ ആദ്യ വിദ്യാഭ്യാസ പ്രചാരകന്മാർ. പണ്ടുകാലത്തെ കേരളത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങു “നാനം മോനം ” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നമോസ്തു ജിനതേ എന്നാണ് ആദ്യമായി കുട്ടികളെ കൊണ്ടു എഴുതിച്ചിരുന്നത്. നമോസ്തു ജിനതേ എന്നതിന്റെ ചുരുക്കമാണ് നാനം മോനം. പിന്നീടാണ് ഹരിശ്രീ സമ്പ്രദായം വന്നത്. ഇത് ഹൈന്ദവവുമാണ്.

ജനങ്ങളുടെ ആരോഗ്യകരമായ ജീവിതത്തിന് സൗജന്യ വൈദ്യ സഹായം പള്ളികളോടനുബന്ധിച്ചു നൽകിയിരുന്നു. അടുത്തകാലം വരെ അയിത്തക്കാരായി സവർണ ഹിന്ദുക്കൾ മാറ്റി നിർത്തിയിരുന്ന ഈഴവ മണ്ണാൻ വൈദ്യന്മാർ ബുദ്ധ മതത്തിലെ വൈദ്യ വിഭാഗത്തിന്റെ പിന്മുറക്കാരാണ്. ആയുർവേദ ചികിത്സാ സമ്പ്രദായത്തിന് കേരളത്തിൽ നിലവിലുള്ള പ്രചാരം ബുദ്ധമതത്തിന്റെ സംഭാവനയാണ് അഷ്ടാംഗ ഹൃദയ കർത്താവായ വാഗ്ഭടൻ കേരളത്തിൽ താമസിച്ചിരുന്ന ബുദ്ധമതാചാര്യനായിരുന്നു. പ്രസ്തുത ഗ്രന്ഥത്തിന് കേരളത്തിലുള്ളത്ര പ്രചാരം മറ്റു പ്രദേശങ്ങളിലില്ലത്രേ.

ഇന്ന് കേരളത്തിലെ ക്ഷേത്രങ്ങളിലെ ഉല്സവങ്ങൾക്കു വർണപ്പൊലിമ നൽകുന്ന താലപ്പൊലി, ആനയെഴുന്നള്ളിപ്പ്, കുതിര കളി, കാള വേല കുമ്മാട്ടി എന്നെ ചടങ്ങുകളുടെ തുടക്കം ബുദ്ധമതവുമായി ബന്ധപ്പെട്ടതാണ്. ബുദ്ധിമാന്മാരായ ആര്യ ബ്രാഹ്മണർ ജനസ്വാധീനം ലക്‌ഷ്യം വെച്ച് ജൈന ബൗദ്ധാചാരങ്ങൾ പലതും ഹൈന്ദവമാക്കി സ്വീകരിച്ചു അവതരിപ്പിച്ചു.

ബുദ്ധൻ ജനങ്ങളോട് സംസാരിച്ചത് പാലി ഭാഷയിലായിരുന്നു. ബൗദ്ധ പ്രഭവ കാലത്തു കേരളത്തിലേക്ക് കടന്നു വന്ന പാലി ഭാഷാ പദങ്ങൾ ഇവിടത്തെ ഭാഷയെയും സ്വാധീനിക്കുകയുണ്ടായി. നാം നിത്യ വ്യവഹാരത്തിനുപയോഗിക്കുന്ന പല വാക്കുകളും പാലി ഭാഷയിലേതാണ്. പള്ളി, കുറവാ, വാലായ്മ, (അശുദ്ധി ) പിടകം (പെട്ടകം) മാമൂൺ (മാമൂൽ ) സംപൂജ്യൻ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന അയ്യ തുടങ്ങി നിരവധി പദങ്ങൾ പാലിയുടെ സ്വന്തമാണ്. എന്തിനധികം, ബഹുമാന്യൻ എന്ന അർത്ഥമുള്ള അജ്ജ എന്ന പാലി പദമാണത്രെ നമ്മടെ ‘അച്ഛ’നായി മാറിയത്. സ്വന്തം പിതാവിനെ മാത്രമല്ല ആദരവ് അർഹിക്കുന്ന മുതിർന്നവരെയെല്ലാം നാം അച്ഛനെന്നു സംബോധന ചെയ്യുന്നു. കണ്ടുവച്ചനും, തീത്തുവച്ചനും, പാലിയത്തച്ചനും, പള്ളിയിലെ അച്ചനുമെല്ലാം നമുക്കു ബഹുമാന്യരാണല്ലോ. അത് പോലെ തന്നെ പൊന്നു അച്ചിയും കല്യാണി അച്ചിയും.

കേരളത്തിൽ ബുദ്ധമതത്തിനു വമ്പിച്ച പ്രചാരമുണ്ടായിരുന്നുവെന്ന വസ്തുത ആറ്റൂർ കൃഷ്ണപ്പിഷാരടി അടിവരയിട്ടു പറയുന്നുണ്ട് സിലോണിൽ നിന്ന് മതപ്രചാരണത്തിനു ഈ നാട്ടിലെത്തിയ സന്യാസിവര്യന്മാരാണ് ഇവിടുത്തെ ബൗദ്ധ വ്യാപനത്തിന് വലിയൊരളവിൽ വഴിയൊരുക്കിയത്. തെക്കൻ കേരളത്തിൽ നിന്നാണ് ബുദ്ധ വിഹാരങ്ങളുടെ ശേഷിപ്പുകളും ബുദ്ധ വിഗ്രഹങ്ങളും കൂടുതലായി കണ്ടെടുത്തിട്ടുള്ളത്. മാവേലിക്കര, കാർത്തികപ്പള്ളി, പള്ളിക്കൽ ഭരണിക്കാവ് എന്നീ പ്രദേശങ്ങൾ ഇതിൽ പ്രാധാന്യമർഹിക്കുന്നു തകഴിയിലെ കരുമാടിക്കുട്ടൻ പ്രസിദ്ധനാണല്ലോ.

മധ്യ കേരളത്തിലെ കൊടുങ്ങല്ലൂരായിരുന്നു മറ്റൊരു പ്രധാന സങ്കേതം. ശ്രീമൂലവാസം ഭാരതം മുഴുവൻ പ്രസിദ്ധമായ ബൗദ്ധ കേന്ദ്രമായിരുന്നു. തിരുവില്വാമലയിലും തിരുനാവായിലും ചമ്രവട്ടത്തും കേളി കേട്ട ബുദ്ധ വിഹാരങ്ങൾ ഉണ്ടായിരുന്നു . ധർമടം, പള്ളിക്കുന്ന്, മാടായി എന്നിവയായിരുന്നു വടക്കൻ കേരളത്തിൽ ഈ ദർശനത്തിന് സ്വാധീനമുണ്ടായിരുന്ന സ്ഥലങ്ങൾ.

പാലക്കാട്ടു ബൗദ്ധ കേന്ദ്രങ്ങളുടെ അവശിഷ്ടങ്ങൾ വിരളമായേ കണ്ടെത്തിയിട്ടുള്ളൂ. പേരുകേട്ട മണപ്പുള്ളിക്കാവ് പഴയ കാലത്തു ഒരു ചൈത്യമായിരുന്നുവെന്നു മുട്ടത്തു ശിവരാമമേനോൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രമണപ്പള്ളിയാണത്രെ മണപ്പുള്ളിയായി മാറിയത്. തൃത്താല, പട്ടാമ്പി, പള്ളിപ്പുറം, ആനക്കര എന്നിവിടങ്ങളിൽ നിന്നും ലഭിച്ച സൂചനകൾ ബൗദ്ധപാരമ്പര്യത്തിലേക്കു വിരൽ ചൂണ്ടുന്നു . കൂറ്റനാടിനടുത്തുള്ള കട്ടിൽമാടം ഈ പ്രദേശത്തെ ഇതിനുള്ള തെളിവാണ് .

പാലക്കാടിനോട് ചേർന്ന് കിടക്കുന്ന തിരുവില്വാമലയുടെ ചരിത്രം അന്വേഷിച്ച ശ്രീ സി കെ നമ്പൂതിരി കണ്ടെത്തിയ വസ്തുതകൾ ബ്രാഹ്മണാധിനിവേശത്തിനു ശേഷം അവിടെ നടന്ന പരിവർത്തനത്തിലേക്കു വെളിച്ചം വീശുന്നു അഞ്ചാം നൂറ്റാണ്ടിനു ശേഷമാണ് ഇത് വില്വന്റെ മലയായത്. വില്വപുരാണത്തിന്റെ പ്രസക്തിയെ അദ്ദേഹം നിഷേധിക്കുന്നുണ്ട് . ആദ്യ പ്രതിഷ്ഠ അയ്യന്റെ (ബുദ്ധന്റെ) തായിരുന്നു അയ്യനെ കുണ്ടിലയ്യപ്പനാക്കി ഇറക്കിയിരുത്തിയാണ് വില്വന്റെ സ്ഥാന നിർണയം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ഇന്ന് നാം അറിയുന്ന ഐവർ മഠം അയ്യന്റെ മഠമായിരുന്നു. പിന്നീടുണ്ടാക്കിയ കഥയിലാണ് ഐവർ മഠമായി മാറിയത്. തിരുവില്വാമല-പാമ്പാടി പ്രദേശങ്ങൾ ബുദ്ധ മത കേന്ദ്രങ്ങളായിരുന്നുവെന്ന് സി കെ നമ്പൂതിരി സമർത്ഥിക്കുന്നു.

ദേശനാമം കൊണ്ട് ബുദ്ധമതവുമായി അടുപ്പമുള്ള ഒരു ഗ്രാമമാണ് പാലക്കാടിന്റെ ഭാഗമായ മുണ്ടൂർ. മുണ്ഡനം ചെയ്തവന്റെ ഗ്രാമ്യ ഭാഷയാണ് മുണ്ടൻ. മുണ്ടൻ ബുദ്ധ സന്യാസിയും മുണ്ടി ബുദ്ധ സന്യാസിനിയുമാണ്. ആ നിലക്ക് മുണ്ടന്റെ ഊരാണ്‌ മുണ്ടൂർ. മുണ്ടിത ശിരസ്കരായ രണ്ടു ആചാര്യന്മാരുടെ ആശയങ്ങൾ പ്രചരിച്ച സ്ഥലമാണ്. ജൈന പ്രതിഷ്ഠയുള്ള ഈശ്വരൻകോട് മുണ്ടൂരിന്റെ ഭാഗമാണ് മുണ്ഡനും മുണ്ടിയും മുണ്ടപ്പനും വ്യക്തിനാമങ്ങളായി ഇവിടെ നിലനിൽക്കുകയും ചെയ്യുന്നു. ബുദ്ധന്റെ തൽഭാവമായ പൂതനുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ് പൂതന്നൂരും പൂതൻ കോടും. മണ്ണാർകാടിനടുത്തുള്ള ആര്യമ്പാവിലെ ആര്യനമ്പിക്ഷേത്രം ഒരു ബുദ്ധ ദേവാലയമായിരുന്നു. ഇപ്പോൾ ഇത് ഭഗവതി ക്ഷേത്രമാണ്.

ആറാം നൂറ്റാണ്ടു വരെ കേരളത്തിലെ ജനസംഖ്യയിൽ നല്ലൊരു വിഭാഗം ബുദ്ധമതാനുയായികളായിരുന്നുവെന്നു കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ പി.കെ. ഗോപാലകൃഷ്ണൻ അഭിപ്രായപ്പെടുന്നു. ബ്രാഹ്മണ്യത്തിനു ആധിപത്യം ലഭിച്ചതോടെ ബുദ്ധ വിശ്വാസികളെ അകറ്റി നിർത്തുവാൻ തുടങ്ങി. മറ്റു മാർഗമില്ലാതെ അവർ ഹിന്ദു മതം സ്വീകരിച്ചപ്പോൾ അവർണരായിട്ടാണ് പരിഗണിച്ചത്. ആദ്യം ബ്രഹ്മണ്യത്തെ എതിർത്ത് നിന്ന് പിന്നീട് ഹിന്ദുമതക്കാരായപ്പോൾ താഴ്ത്തപ്പെട്ട ഭാഗമാണത്രെ ഈഴവർ. ഈഴത്തു നിന്നും വന്ന ബുദ്ധ സന്യാസികളുടെ പിൻഗാമികൾ എന്ന അർത്ഥത്തിലാണ് ഈഴവർ എന്ന് വിളിച്ചു തുടങ്ങിയതു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈഴവർ പഴയ കാലത്തു ആരാധിച്ചിരുന്ന രണ്ടു ദൈവങ്ങളായിരുന്നത്രെ ചിത്തനും (സിദ്ധൻ) അരത്തനും (അർഹതൻ ).

​കേരള സമൂഹത്തിൽ അതിയായ സ്വാധീനമുണ്ടായിരുന്ന ബുദ്ധ വിഹാരങ്ങളുടെ സവിശേഷ ശ്രദ്ധ പതിഞ്ഞിരുന്ന രണ്ടു മേഖലകളാണ് വിദ്യാഭ്യാസവും ആതുര ശുശ്രുഷയും. “പള്ളി ” കളുടെ അവിഭാജ്യ ഘടകങ്ങളായിരുന്നു പള്ളിക്കൂടങ്ങൾ. പള്ളികളോട് അനുബന്ധിച്ചു നടത്തിയിരുന്ന ആതുര ശുശ്രുഷയുടെ ബാക്കി പത്രമാണ് ഇന്നും ചില ക്ഷേത്രങ്ങളിൽ നടന്നു വരുന്ന ഔഷധ വിതരണം. വിദ്യയുടെയും ആതുര ശുശ്രുഷയുടെയും കേന്ദ്രങ്ങളായിരുന്ന ബുദ്ധ വിഹാരങ്ങൾ അഞ്ചാം നൂറ്റാണ്ടു മുതലുള്ള മീമാംസക മതത്തിന്റെ പ്രചാരത്തോടെയാണ് ക്ഷേത്രങ്ങളായത്.

ബുദ്ധ ജൈന വിഹാരങ്ങളെയും തട്ടകങ്ങളെയും വിശ്വാസങ്ങളെയും പരിവർത്തിപ്പിച്ചു ആര്യ ബ്രാഹ്മണ്യം പ്രബലമാകുന്ന ഘട്ടത്തിൽ നയജ്ഞരായ അവരുടെ പുരോഹിതന്മാർ ജനസാമാന്യത്തിന്റെ താല്പര്യം പരിഗണിച്ചു അവയിലെ പല നല്ല വശങ്ങളും ഇന്നത്തെ ക്ഷേത്രാചാരങ്ങളിൽ നിലനിർത്തിപ്പോരുന്നു എന്നത് ഒരു ഫലിതമാണെന്നേ പറയേണ്ടതുള്ളൂ.

കേരളത്തിലെ ജനഹൃദയങ്ങളിൽ നിന്ന് ബുദ്ധനെ തുടച്ചുമാറ്റാൻ കഴിഞ്ഞില്ല എന്നതിനാൽ ആര്യവൽക്കരണകാലത്തു അയ്യനെ ഹരിഹരപുത്രനായ അയ്യപ്പനായി ബ്രാഹ്മണ മതം അംഗീകരിച്ചു. അങ്ങനെ രണ്ടായിരത്തി നാനൂറു വർഷങ്ങൾക്കു മുൻപ് കപിലവസ്തുവിൽ തെളിഞ്ഞ ദീപം കേരളീയർ ഇന്നും കെടാതെ സൂക്ഷിക്കുന്നു. ബുദ്ധ വിഹാരങ്ങളുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്നില്ല എന്നതിൽ ഖേദത്തിനു അവകാശമില്ല. കലിയുഗ വരദനായി പുത്തരച്ചൻ ഇന്നും ജനങ്ങളെ അടുക്കും ചിട്ടയുമുള്ള ഒരു ജീവിതത്തിന് പ്രേരിപ്പിക്കുന്നു. ജാതി മത വിഭാഗീയത അകറ്റി നിർത്തുന്ന രീതി അയ്യപ്പാരാധനയുടെ സവിശേഷതയാണല്ലൊ.

കവർ ഡിസൈൻ: ജ്യോത്സ്ന വിൽസൺ

Comments
Print Friendly, PDF & Email

You may also like