പൂമുഖം LITERATUREനിരൂപണം കഥാവാരം – ഭാഗം 3

കഥാവാരം – ഭാഗം 3

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

“ഏതെങ്കിലും ഒരു ദർശനം സ്ഥാപിച്ചെടുക്കാനായി ഒരാൾ നോവൽ രചിക്കേണ്ട കാര്യമൊന്നുമില്ല. ഒരു നോവലിന് മാത്രം കണ്ടെത്താൻ കഴിയുന്ന ജ്ഞാനം ആവിഷ്കരിക്കുമ്പോഴാണ് അതൊരു കലാസൃഷ്ടി ആകുന്നത്. ഒരു നോവൽ അതിന്റെ എല്ലാ സൗന്ദര്യത്തോടും കൂടി ഒരു നോവലായി നില കൊണ്ടാൽ മാത്രം മതിയാകും.”
ജനുവരി ലക്കം എഴുത്ത് മാസികയിലെ പി എഫ് മാത്യൂസിന്റെ ലേഖനത്തിൽ നിന്നുമുള്ളതാണ് ഈ വരികൾ. ഒരു വട്ടമല്ല, രണ്ടു വട്ടം അതേ എന്ന് പറയുന്നു ഈ അഭിപ്രായത്തിന്.

ദർശനങ്ങളോ രാഷ്ട്രീയമോ സാഹിത്യത്തിൽ പ്രതിഫലിപ്പിക്കുന്നതിൽ തെറ്റ് പറയാൻ പറ്റില്ലെങ്കിലും മേല്പറഞ്ഞ അഭിപ്രായത്തോട് യോജിക്കുവാൻ കാരണങ്ങളുണ്ട്. കലാസൃഷ്ടി എന്ന നിലയിൽ നിന്നും ‘ലഘുലേഖ’ എന്ന നിലയിലേക്ക് താഴുന്നുണ്ട് ഈയടുത്തായി ചില സൃഷ്ടികൾ.രാഷ്ട്രീയം,ദർശനങ്ങൾ, തുടങ്ങിയവ കഥയെ വിഴുങ്ങിക്കളയുന്നത് കൊണ്ടാണത്. എങ്കിലും ശ്രീ എൻ പ്രഭാകരൻ, മേല്പറഞ്ഞ പി എഫ് അഭിപ്രായത്തോട് യോജിക്കുമെന്ന് തോന്നുന്നില്ല. ആണെങ്കിൽ ഈയാഴ്ചയിലെ മാതൃഭൂമിയിൽ “കൂമൻ പുഴയിലെ തട്ടുകടക്കാരൻ “എന്ന കഥ എഴുതുമായിരുന്നില്ലല്ലോ. തുടക്കത്തിൽ നല്ല ഒഴുക്കോടെ വായിച്ചു പോകാവുന്ന കഥ, ചിരപരിചിതമായ സന്ദരർഭങ്ങളും ആശയങ്ങളും കൊണ്ട് വിരസതയുണ്ടാക്കുന്നു. തട്ടുകട നടത്തുന്ന ഉടുമ്പൻ ഒരു സുപ്രഭാതത്തിൽ സാഹിത്യത്തെക്കുറിച്ച് നെടു നെടുങ്കൻ പ്രസംഗം നടത്തി കഥ അവസാനിപ്പിക്കുന്നു. കഥ വായിച്ചതാണോ ഒരു പ്രസംഗം കേട്ടതാണോ എന്ന ആശയക്കുഴപ്പം.

എൻ പ്രഭാകർ

എബ്രഹാം മാത്യു എഴുതിയ “ദൈവത്തിന്റെ മുറിവുകൾ” എന്ന കഥയുമുണ്ട് അതേ മാതൃഭൂമിയിൽ. എടുത്ത് പറയാൻ എന്തെങ്കിലുമുള്ളതായി അനുഭവപ്പെട്ടില്ല.

രണ്ടു കഥകളുണ്ട് മാധ്യമത്തിലും. ബി രവികുമാർ എഴുതിയ “ചാവോല,” വീണ എഴുതിയ “അരശുപള്ളി”.അനായാസം വായിച്ചു പോകാവുന്ന നല്ല കഥയാണ് ചാവോല. നുണയെ മനോഹര നേരാക്കുന്ന സിദ്ധി കാണാം ഇക്കഥയിൽ. പ്രതിപാദ്യ വിഷയം കഥാകൃത്തിന്റെ കയ്യിൽ ഭദ്രം. താൻ പറയാനുദ്ദേശിക്കുന്നത് എന്താണെന്നും, അതിലെ കഥാപാത്രങ്ങൾ, സംഭവങ്ങൾ, അന്തരീക്ഷം, വികാരം എന്നിവയെ ഏറ്റവും ഫലപ്രദമായി വായനക്കാരനിലേക്ക് എങ്ങനെ എത്തിക്കാം എന്നും വ്യക്തമായ ധാരണയുണ്ടെങ്കിൽ, അനാവശ്യമായ അലങ്കാരങ്ങളോ വാക്യങ്ങളോ കഥയിൽ വന്നു ചേരില്ല. ഒരു സുഖദായിയായ കഥ തന്നെയാണിത്.

ഇതിന് കടക വിരുദ്ധമാണ് അരശുപള്ളി. എഡിറ്റിംഗിലെ വൈദഗ്ദ്ധ്യമില്ലായ്മ മുഴച്ചു കാണാം കഥയിൽ. കഥയ്ക്ക് പ്രത്യേകിച്ച് ഒന്നും സംഭാവന ചെയ്യാത്ത കുറെയേറെ വിശദീകരണങ്ങൾ. ഫോകസ് ഇല്ലാത്തതിനാൽ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ചാടിക്കൊണ്ടേയിരിക്കുന്നു കഥ. വികാര രഹിതമായ വാക്യങ്ങൾ – സുന്ദരമാണെന്ന് കരുതി എഴുത്തുകാർ ഏച്ചുകെട്ടി വെയ്ക്കുന്നവ – കഥ വായിക്കുക എന്നത് ഹെർക്കൂലിയൻ ടാസ്ക് ആക്കി മാറ്റുന്നു.

ദേശാഭിമാനി വാരികയിൽ രമേശൻ മുല്ലശ്ശേരി എഴുതിയ “ഉള്ളിച്ചെടികൾ” സുന്ദരമായ കഥ ആയി തോന്നിയില്ല. തോട്ടിയുടെ മകൻ വായിക്കുമ്പോൾ നമുക്കുണ്ടാകുന്നത് അപരിമിതമായ ആഹ്ളാദം. കഥാപാത്രത്തോട് അനുതാപവും. സ്വാഭാവികമായി പറഞ്ഞു പോകേണ്ടിയിരുന്ന കഥയ്ക്ക് കൃത്രിമക്കൂട്ട് ചേർത്തത് പോലെ ആവുന്നു കഥയിലെ രാഷ്ട്രീയം. പെർഫെക്ട് ബ്ളെൻഡിംഗ് സംഭവിക്കുന്നു എന്ന് തോന്നുന്നില്ല. ( ടി പി എന്ന ഇനീഷ്യൽ പറയുന്നതും അതിന്റെ വിശദീകരണവും സുകന്യയും വേണുവുമുള്ള സംഭാഷണവും ചില സ്ഥലങ്ങളിൽ ക്ലിഷേ ആയിപ്പോവുന്നു. )

“മരണക്കിണർ” എന്ന നല്ല കഥയ്ക്ക് ശേഷം അനിൽ ദേവസിയുടേതായി കണ്ട രണ്ടാമത് കഥയാണ് “ലൈഫ് ഓഫ് കെ.” “ചൂണ്ടപ്പന” ഒരു നല്ല കഥയായി തോന്നാതിരിക്കാൻ കാരണം ആശയവും ആവിഷ്കരണവും പഴഞ്ചൻ ആയതു കൊണ്ടായിരുന്നു. ലൈഫ് ഓഫ് കെ, ആശയം പുതിയത്. അവതരണം, കഥയുടെ ചട്ടക്കൂടിൽ നിൽക്കാത്തത്. കഥ, പറയുന്നതാവണം. ലേഖനസ്വഭാവത്തിലേക്ക് അത് പോയാൽ കഥയുടെ സൗന്ദര്യം വായനക്കാരന് ലഭ്യമാകില്ല.

എഴുത്ത് മാസികയിലെ മനോജ്‌ വെങ്ങോല എഴുതിയ ‘

“ഊത്'” എന്ന കഥ സുന്ദരം. നല്ല ഒഴുക്കുണ്ട് കഥയ്ക്ക്. കഥാപാത്രങ്ങൾ മനസ്സിൽ തങ്ങി നിൽക്കുന്നവ തന്നെ. മരിച്ചു പോയ ആളെക്കുറിച്ച്, ജീവിച്ചിരിപ്പുണ്ട് എന്ന മനസ്സിന്റെ തോന്നൽ ഉള്ള കഥാപാത്രം നമ്മുടെ ഭൂതകാല വായനയിൽ വന്നിട്ടുണ്ടാകാമെങ്കിലും, വ്യത്യസ്തമായ അന്തരീക്ഷത്തിൽ പക്വതയുള്ള രീതിയിൽ കഥ പറയുന്നു മനോജ്‌ വെങ്ങോല.

വളരെ സ്വാഭാവികമായ രീതിയിൽ പറഞ്ഞു പോകുന്ന കഥ. വാക്കുകൾ കൊണ്ട് നിർമ്മിക്കപ്പെടുന്ന പൂർണതയുള്ള കഥാപാത്രങ്ങൾ. ഏറ്റവും തെളിവാർന്ന രീതിയിലുള്ള സംഭവ സന്നിവേശം. വായനക്കാരനെ മുഴുവൻ സമയവും പിടിച്ചിരുത്തുന്ന കഥപറച്ചിൽ. കഥയിലെ ആദ്യ ഭാഗത്ത് ഒളിപ്പിച്ചു വച്ച സൂചനകൾ. അവസാനം, ഏറ്റവും അവസാനം വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന അന്ത്യം. വാടകച്ചീട്ട് എന്ന കഥ സമകാലിക മലയാളം വാരികയിൽ. പ്രതിഭാധനനായ കഥാകൃത്താണ് ഉണ്ണികൃഷ്ണൻ കളീക്കൽ.

കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like