പൂമുഖം LITERATUREലേഖനം കെ റെയിൽ; ആരുടെ വികസനം ?

കെ റെയിൽ; ആരുടെ വികസനം ?

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

പാത്തുമ്മയുടെ ആടിനെ വിറ്റു കിട്ടിയ പണം പ്രളയനാന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി നമ്മുടെ മുഖ്യമന്ത്രി സ്വീകരിച്ചതും 6 മണി ബുള്ളറ്റിനിൽ അഭിമാനപൂർവ്വം പറഞ്ഞതും ഏതാനും വർഷങ്ങൾക്കു മുമ്പ് മാത്രമാണ്. നിരവധി സ്‌കൂൾ കുട്ടികളും കുടുക്ക പൊട്ടിച്ചു കേരള പുനർനിർമ്മാണത്തിനായി ചില്ലറ തുട്ടുകൾ നൽകിയിരുന്നു. നമ്മുടെ മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും വിവിധ രാജ്യങ്ങളിലെ മലയാളികളെ സംഭാവനയ്ക്കായി സന്ദർശിച്ചു. ചിലർ പണം തരാമെന്നു പറഞ്ഞു, ചിലർ പറഞ്ഞു പറ്റിച്ചു, ചിലർ ദാനം തരാമെന്നു പറഞ്ഞ പണം സ്വീകരിക്കാൻ കഴിയാതെ പോയി.

കേരളം ഇത്ര വലിയ ഒരു പ്രതിസന്ധി നേരിട്ടപ്പോൾ ഒരു ജപ്പാനുമില്ലായിരുന്നു നമുക്ക് കുറച്ചു കാശ് കടം തന്നു സഹായിക്കാൻ. അന്ന് ഒരു ലക്ഷം കോടിയൊന്നും നമുക്ക് ആവശ്യമില്ലായിരുന്നു, വേണ്ടിയിരുന്നത് വെറും ഇരുപതിനായിരം കോടി. ആരും തന്നില്ല. പിണറായി വിജയൻ സർക്കാർ ക്ഷണിച്ചു കൊണ്ടുവന്ന ഒരു ആഗോള കൺസൾട്ടൻസിയും അന്ന് നമ്മോടു പറഞ്ഞില്ല, അതിനെന്താ നമുക്ക് ജപ്പാനിൽ നിന്ന് പത്തോ ഇരുപത്തിനായിരമോ കോടി കടമെടുക്കാമല്ലോ എന്ന്. കാരണം അവർക്കറിയാമായിരുന്നു ജപ്പാൻ അങ്ങനെ ചുമ്മാ പണം തരില്ലെന്ന്.

ജപ്പാനല്ല ലോകത്തിലെ ഒരു രാജ്യവും, ബാങ്കിങ് ഏജൻസിയും അങ്ങനെ നമുക്ക് വേണ്ട കാര്യങ്ങൾ നമുക്ക് തോന്നുമ്പോൾ ചെയ്യാനുള്ള പണം തരില്ല. അവർ നമുക്ക് കടം തരുന്നത് അവരുടെ എക്കോണമിക്കു അത് കൊണ്ട് ഗുണമുള്ളപ്പോൾ മാത്രമാണ്

അതായതു നിങ്ങളുടെ നാട്ടിൽ പലിശക്ക് പണം കടം കൊടുക്കുന്ന ഒരു മുതലാളി ഉണ്ടെന്ന് കരുതുക. നിങ്ങളുടെ വീട്ടിനുള്ളിൽ മഴക്കാലത്തു വെള്ളം കയറി അരിയും സാധനങ്ങളും ചോറ് വെക്കാനുള്ള കലവും മഴയത്തു ഒലിച്ചു പോകുമ്പോൾ ഓടി മുതലാളിയുടെ വീടിനു മുന്നിൽ പോയി സഹായിക്കണേ എന്ന് പറഞ്ഞാൽ മുതലാളി ഗേറ്റടയ്ക്കും പറ്റുമെങ്കിൽ പട്ടിയെയും അഴിച്ചു വിടും. അത് നിങ്ങൾക്കും അറിയാം അത് കൊണ്ടാണ് മുതലാളിയുടെ വീട്ടിലേക്ക് ഓടാതെ നിങ്ങൾ അടുത്തുള്ള സ്‌കൂളിലേക്ക് ഓടുന്നത്.

വെള്ളമൊക്കെ ഇറങ്ങി കുറേക്കാലം കഴിഞ്ഞു, നിങ്ങളുടെ മകൻ/മകൾ ഗൾഫിൽ പോയി ചെറിയ വരുമാനമൊക്കെ ആയിത്തുടങ്ങി ഇനി വെള്ളം കയറാത്തിടത്തു ഒരു വീട് വെച്ചാലോ എന്നാലോചിച്ചു തുടങ്ങുന്ന സമയം പണ്ട് പട്ടിയെ അഴിച്ചു വിട്ട അതേ മുതലാളി നിങ്ങളുടെ വീട്ടിൽ എത്തും. ആ പുഴയ്ക്കക്കരെ കിടക്കുന്ന ( പുള്ളി വിൽക്കാൻ ശ്രമിച്ചിട്ട് വഴിയില്ലാത്തതു കൊണ്ട് നല്ല വില കിട്ടാതെ കിടക്കുന്നതാവും) സ്ഥലം ദാക്ഷായണീടെ മോന് വേണമെങ്കിൽ എഴുതിത്തരാം, വീട് പണി തുടങ്ങിക്കോളൂ, കുറവുള്ള പൈസ തവണകളായി തന്നാൽ മതി എന്ന് ഉദാരനാവും. അല്ലെങ്കിൽ വീട് പണിക്കുള്ള മരം പറമ്പിൽ നിന്ന് വെട്ടിക്കോളൂ, ഇപ്പോൾ താലി പണയം വെച്ച് പണം തന്നാൽ മതി, ബാക്കി ഞാൻ കണക്കിലെഴുതിക്കോളാം എന്ന സ്റ്റൈലിൽ

അയാളുടെ ( വിറ്റു പോകാത്ത ) സ്ഥലം‌ വിറ്റു പോകുകയും ചെയ്യും, അയാളുടെ പണം കടമായി കൊടുത്തു അതിന്റെ പലിശയും മുതലും അയാൾക്ക്‌ തിരിച്ചു കിട്ടുകയും ചെയ്യും. ഇതാണ്‌ ജപ്പാൻ ലോൺ മോഡൽ

1980 കളിൽ തന്നെ ജപ്പാൻ ലോകത്തെ ഡോണർ സൂപ്പർ പവർ ആയി ആണ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ കുറെ ദശകങ്ങളായി അവരുടെ സാമ്പത്തിക വളർച്ച അല്‌പം പിന്നോട്ടാണ്. 2021

മൂന്നാം ക്വാർട്ടറിൽ ജപ്പാൻ ഇക്കോണമി 0.8ശതമാനം ചുരുങ്ങുകയും ചെയ്തു. 2016 ൽ അവർ തങ്ങളുടെ അന്താരാഷ്ട്ര ലോൺ പോളിസി വീണ്ടും പുതുക്കിയപ്പോൾ ഔദ്യോഗികമായി തന്നെ പോളിസിയിൽ തങ്ങൾ നൽകുന്ന എല്ലാ ഓ ഡി എ ലോണുകളും തങ്ങളുടെ രാജ്യത്തിനു ഗുണകരമായിരിക്കണം എന്ന് എഴുതി വെക്കുകയും ചെയ്തു.

സമാധാനപരമല്ലാത്ത കാര്യങ്ങൾക്കു ലോൺ നല്കില്ലെന്നൊരു പോളിസി ഉണ്ടായിരുന്നു ജപ്പാന് അടുത്തിടെ വരെ. അതും അവർ മാറ്റിയെഴുതി മേഖലയിലെ ചൈനീസ് നിയന്ത്രണത്തെ അതി ജീവിക്കാൻ. ഫിലിപ്പീൻസിനും വിയറ്റ്നാമിനും മിലിട്ടറി നവീകരണങ്ങൾക്കുള്ള ലോൺ നൽകിയത് അങ്ങനെയാണ്. ചൈനയുടെ ശത്രു നമ്മുടെ മിത്രം അതാണ് ലൈൻ. ഇന്ത്യ ഇപ്പോൾ ചേർത്ത് നിർത്തേണ്ട മിത്രമാണ്

നമ്മുടെ ജപ്പാൻ പലിശ മുതലാളി അപ്പോൾ വീട് വെക്കാൻ പോകുന്ന സോറി റെയിൽ നിർമ്മിക്കാൻ പോകുന്ന നമ്മളെ എങ്ങിനെയാണ് സഹായിക്കുന്നത് എന്ന് നോക്കാം

ജപ്പാൻ നമുക്ക് 35000 കോടി കടം തരും ( ബാക്കി നമ്മൾ വേറെ ഏജൻസികളിൽ നിന്ന് കണ്ടെത്തണം )

എപ്പോ തരും ?

റെയിൽ നിർമ്മാണത്തിന് വേണ്ട 80 ശതമാനം സ്ഥലവും നമ്മൾ ഏറ്റെടുത്തു കഴിഞ്ഞു തരും. അതായതു സ്ഥലം വാങ്ങാനുള്ള പണം മുതലാളി തരില്ല. അതുകൊണ്ടാണ് പരിപാടിക്ക് കേന്ദ്ര അംഗീകാരവും വിദേശ ലോണും ഒക്കെ പാസ്സാകും
മുൻപ് സ്ഥലത്തു കല്ലിടാൻ പിണറായി സാർ പോലീസിനെ ഇറക്കുന്നത് . മനസ്സിലായോ

സ്ഥലമൊക്കെ ഏറ്റെടുത്തു കഴിയുമ്പോൾ മുതലാളി 35000 കോടി ഘട്ടങ്ങളായി തരും

അത് കൊണ്ട് നമ്മൾ എന്ത് ചെയ്യണം ?

അവിടല്ലേ ഗുട്ടൻസ് ആ പണം മുതലാളിക്ക് തന്നെ തിരിച്ചു കൊടുത്തു മുതലാളിയുടെ രാജ്യത്തു നിന്ന് സിൽവർ റെയിലിനുള്ള മുതലാളി തരുന്ന സ്റ്റാൻഡേർഡ് ഗേജ് റെയിലും ട്രെയിനുകളും നമ്മൾ വാങ്ങണം. ( ഈ സ്റ്റാൻഡേർഡ് ഗേജ് സെമി ഹൈ സ്‌പീഡ്‌ റെയിൽ ഇപ്പൊ മുതലാളി മുതലാളിയുടെ രാജ്യത്തു ഉപയോഗിക്കാറില്ല കേട്ടോ, പുഴയ്ക്കക്കരെ കിടക്കുന്ന ആർക്കും വേണ്ടാത്ത എന്ന ടോണിൽ വായിച്ചാൽ മതി )

അപ്പൊ മുതലാളി തരുന്ന പൈസയ്ക്ക് മുതലാളിയുടെ ട്രെയിനും റെയിലും സാങ്കേതിക വിദ്യയും നമ്മൾ വാങ്ങിക്കും. മുതലാളിക്ക് മുടക്കു മുതൽ ഉടൻ തിരിച്ചു കിട്ടും. പിന്നെയൊരു 40 കൊല്ലംവീണ്ടും നമ്മൾ മുടക്കു മുതലും പലിശയും തിരിച്ചടച്ചു കൊണ്ടിരിക്കണം. (40 കൊല്ലമാണ് ഇപ്പോഴത്തെ ലോൺ റീ പേയ്‌മെന്റ് എഗ്രിമെന്റ്)

കുറച്ചു കൊല്ലങ്ങൾ മുൻപ് വരെ മുതലാളിത്ത വികസന മാതൃക എന്നൊക്കെ എം എൻ വിജയനും മറ്റും വിശദീകരിച്ചിരുന്ന മോഡലാണിത്

എം എൻ വിജയൻ

ജപ്പാൻ മുതലാളിക്ക് ഇനിയുമുണ്ട് ഗുണങ്ങൾ. തൻറെ രാജ്യത്തെ വ്യാവസായിക വികസനം മാത്രമല്ല അത് ( കെ റെയിൽ വരുമ്പോൾ ജിഡിപി വികാസം ഉണ്ടാകും എന്ന് നവമാർക്സിസ്റ്റുകൾ പറയുന്നു, ജിഡിപി വികസനം ഉണ്ടാകുക തന്നെ ചെയ്യും അതങ്ങു ജപ്പാനിലായിരിക്കുമെന്ന് മാത്രം). തുടർ വികസനം, സാങ്കേതിക വിദ്യ, മെയിന്റനൻസ് എന്നീ മേഖലകളിൽ മാത്രമല്ല ജാപ്പനീസ് സാങ്കേതിക വിദഗ്ധർക്ക് പ്രൊജക്ടിന്റെ ഭാഗമായി കേരളത്തിൽ തൊഴിലവസരങ്ങൾ ഉണ്ടാകുകയും ചെയ്യും

വെറും 1 ശതമാനം പലിശയിലല്ലേ ലോൺ എന്നാണു ചിലരുടെ അത്ഭുതപ്പെടൽ. ജപ്പാൻ സെൻട്രൽ ബാങ്ക് ഇപ്പോൾ ജപ്പാനിനുള്ളിൽ മറ്റു ബാങ്കുകൾക്ക് നൽകുന്ന നിലവിലുള്ള പലിശ നിരക്ക് – 1 % ആണ്. അപ്പൊ രണ്ടു ശതമാനമാണ് നേട്ടം. ഇപ്പോൾ കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ് ജപ്പാൻ ഇക്കോണമി. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ കൂടുതൽ ഹൈ സ്പീഡ് ട്രെയിനുകളും മറ്റും വരേണ്ടത് നമ്മളെക്കാൾ ജപ്പാന്റെ ആവശ്യമാണ്.

ജപ്പാന്റെ മാത്രമല്ല കഴിഞ്ഞ കുറെ വർഷങ്ങളായി പ്രതിസന്ധിയിൽ ആയിരിക്കുന്ന ലോക മുതലാളിത്തത്തിന്റെ മുഴുവൻ ആവശ്യമാണ് ദരിദ്ര രാജ്യങ്ങളെ കൊണ്ട് കടമെടുപ്പിച്ചായാലും വൻകിട പദ്ധതികൾ നടപ്പിലാക്കുക എന്നത്. അത്തരം ‘വികസന’ പദ്ധതികളുടെ ഉപജ്ഞാതാക്കൾ ആ ദരിദ്ര രാജ്യങ്ങളിലെ ഇരട്ട ചങ്കുള്ള
ഭരണാധികാരികൾ പോലുമല്ല. ‘നമുക്ക് വേണ്ട’ ഇത്തരം പദ്ധതികളുടെ രൂപരേഖകൾ ഉണ്ടാവുന്നത് തന്നെ ആഗോള കൺസൾട്ടൻസികളുടെ ഓഫിസുകളിലാണ്. അതായതു ജപ്പാനിലും വാഷിംഗ്ടണിലും ഒക്കെയിരുന്നു ആഗോള ഏജൻസികളാണ് ഇനി കേരളത്തിൽ ഒരു ഹൈ സ്‌പീഡ്‌ റെയിൽ ആയാലോ, സൊമാലിയയിൽ രണ്ടെണ്ണമായാലോ എന്നൊക്കെ പ്ലാൻ ചെയ്യുന്നത്

ഓരോ രാജ്യത്തിന്റെയും ഭൂപ്രകൃതികൾ അടിസ്ഥാനമാക്കിയായിരിക്കണം അതാതു രാജ്യത്തെ യാത്രാ മാതൃകകൾ വികസിപ്പിക്കേണ്ടതു. 44 നദികളുള്ള കേരളത്തിൽ നദികളിലൂടെയുള്ള യാത്രാ മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ചു ഏതാണ്ട് ഒരു ദശകം മുൻപ് വരെ ഗൗരവമായ ചർച്ചകൾ ഇടയ്‌ക്കിടെ ഉണ്ടാകാറുണ്ടായിരുന്നു. സ്വാതന്ത്ര്യ ലബ്ദിക്ക് മുമ്പ് തിരുവിതാംകൂർ മഹാരാജാവ് അമ്പലപ്പുഴ പാൽപ്പായസം കുടിക്കാൻ വന്നിരുന്നത് ജലമാർഗ്ഗമായിരുന്നു. ഇപ്പോഴും ആ ജലപാതകൾ അവിടെയുണ്ട്, വികസിപ്പിക്കാവുന്നതുമാണ് പക്ഷേ ആഗോള മുതലാളിത്തത്തിന് അതിൽ താൽപ്പര്യമുണ്ടാവില്ല. കെ റെയിലിനേക്കാൾ ചെലവ് കുറഞ്ഞ, പരിസ്ഥിതി ദോഷമുണ്ടാക്കാത്ത ആകാശ പാതകൾ, താരതമ്യേന കുറഞ്ഞ പരിസ്ഥിതി ആഘാതവും കുറഞ്ഞ ചെലവും വരുന്ന റോഡു വികസനം എന്നിവയെ ഒക്കെ പിന്നിലേക്ക് മാറ്റി ഒരു സംസ്ഥാന സർക്കാർ തങ്ങളുടെ പരിധിയിൽ പോലും വരാത്ത ( റെയിൽവേ ഒരു കേന്ദ്ര വകുപ്പാണ് എന്നത് നമ്മൾ മറന്നെന്നു തോന്നുന്നു) ഇൻവെസ്റ്റ്മെന്റ് ഏറ്റെടുക്കുമ്പോൾ അതും സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കേന്ദ്രം തയ്യാറല്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ഘട്ടത്തിലും അത്തരമൊരു വൻകിട ഇൻവെസ്റ്റ്മെന്റ് പദ്ധതിയുമായി മുന്നോട്ടു പോകുമ്പോൾ നെറ്റികൾ ചുളിയുന്നതു
സ്വാഭാവികം

കെ റെയിൽ ടൂറിസം വികസിപ്പിക്കും എന്നതാണ് ഒരു വാദം ശരിയാണ് തർക്കമില്ല പക്ഷേ അതിലും എത്രയോ അധികം ടൂറിസം വികസനം യാത്ര പുത്തൻ യാനങ്ങളിലൂടെ, വികസിത മനോഹര ജലപാതകളിലൂടെയായാൽ ഉണ്ടാവും. ഒരു നാടിൻറെ യഥാർത്ഥ സൗന്ദര്യം കാണാനാണ് ടൂറിസ്റ്റുകൾ വരിക.യാത്ര മനോഹരമായ ജലപാതകളിലൂടെയാണെങ്കിൽ അതാവും കേരളാ ടൂറിസത്തെ മാറ്റി മറിക്കുക

ഒരു ശരാശരി മലയാളിയുടെ യാത്രയുടെ 90 ശതമാനവും സ്വന്തം ജില്ലയ്ക്കുള്ളിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക്‌ ജില്ലാ കേന്ദ്രങ്ങളിൽ എത്താൻ ഇപ്പോഴും ഒന്നരയും രണ്ടും മണിക്കൂർ വേണം. കെ റെയിൽ അത്തരം പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യുന്ന ഒരു സമഗ്ര വികസന പദ്ധതിയല്ല താനും. അത് ദീർഘ ദൂര യാത്രികർക്ക് വേണ്ടി മാത്രമുള്ളതാണ് എന്നാൽ ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കുള്ള കണക്ടിവിറ്റി ഇല്ല താനും. ഭാവിയിലും കഴിയാത്ത തരത്തിലാണ് അതിന്റെ ഗെജും.

മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ്‌ ട്രെയിൻ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഇടതു – വലതു ഭേദമില്ലാതെ മലയാളികളിൽ ബഹുഭൂരിപക്ഷവും അതിനെ എതിർത്തിരുന്നു. മുംബൈയിലെ ജനസംഖ്യ 2 കോടിയാണ്. അഹമ്മദാബാദ് സിറ്റിയിൽ മാത്രം 82 ലക്ഷവും. ( കേരളത്തിലെ ഒരു നഗരത്തിലെയും പോപ്പുലേഷൻ ഇനിയും 10 ലക്ഷം കടന്നിട്ടില്ലെന്ന് ഓർക്കുക ) ദിവസവും 15000 പേർ ഇപ്പോൾ തന്നെ ഈ നഗരങ്ങളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്കു നിർത്താതെ കാർ മാർഗ്ഗം യാത്ര ചെയ്യുന്നുണ്ട്. മറ്റൊരു 10000 പേർ ട്രെയിനിലും ഫ്ളൈറ്റിലുമായും.

ഒരിക്കലെങ്കിലും മുംബൈയിൽ പോയിട്ടുള്ളവർക്കു അറിയാം ഒരസുഖം വന്നാൽ പോലും അഹമ്മദാബാദിൽ നിന്ന് ഒരു കുടുംബം മുംബൈയിലേക്ക് ഓടുമെന്നു. രണ്ടും വ്യാവസായിക നഗരങ്ങൾ ആണ്, അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര ഒഴിച്ച് കൂടാനാവാത്തതു. എന്നിട്ടും ബുള്ളറ്റ്‌ ട്രെയിൻ പ്രോജക്ട് റിപ്പോർട്ട് പ്രകാരമുള്ള പ്രതീക്ഷിത പാസഞ്ചർ എണ്ണം ദിവസേന 40000 മാത്രമാണ്. കെ റെയിലിന്റെയോ ? 79000 വും അതും 2025 മുതൽ

അഞ്ചു വർഷം കഴിയുമ്പോൾ ലോൺ തുക തിരിച്ചടച്ചു തുടങ്ങണം. ഇത്തരമൊരു മെഗാ പ്രോജക്ട് റണ്ണിങ് കോസ്റ്റ് മീറ്റ് ചെയ്തു തുടങ്ങാൻ തന്നെ ദശകങ്ങൾ എടുക്കും എന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും അറിയാം

പലിശ തന്നെ 13000 കോടിയിലധികം വരും ഇപ്പോഴത്തെ കണക്കനുസരിച്ചു.

കടം കൂടുന്തോറും വികസനം കൂടും എന്ന നവമുതലാളിത്ത സിദ്ധാന്തം ഇലയുടെ അറ്റത്തു അൽപം ചുവന്ന അച്ചാറിനൊപ്പം വിളമ്പുന്ന നവ കമ്മ്യുണിസ്റ്റുകാർ നമ്മോടു പറയാതെ പോകുന്നത് തിരിച്ചടവ് മുടങ്ങിയാൽ നമ്മുടെ സമ്പദ് വ്യവസ്ഥ തന്നെ തകരുമെന്ന സത്യമാണ്. അങ്ങനെ തകർന്ന രാജ്യങ്ങളുടെ ചരിത്രമാണ്. അങ്ങിനെയുണ്ടായാൽ അതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നത് മുഴുവൻ ജനതയുമാകും, പ്രത്യേകിച്ച് ഒരിക്കൽ പോലും കെ റെയിലിൽ കയറാൻ സാധ്യതയില്ലാത്ത, റോഡരുകിൽ നിന്ന് കൊടിയേറ്റം ഗോപിയെ പോലെ ഹോ എന്തൊരു സ്‌പീഡ്‌ എന്ന് മാത്രം പറയാൻ കഴിയുന്ന സാമ്പത്തിക വിഭാഗത്തിലുള്ളവർ. ഒരു സമ്പദ് വ്യവസ്ഥയുടെ തകർച്ച ആദ്യം ബാധിക്കുന്നതു അത്തരക്കാരെയാവും. ഗ്രീസിന്റെ സാമ്പത്തിക തകർച്ച തകർത്തു കളഞ്ഞത് അവിടുത്തെ സാധാരണ ജനങ്ങളുടെ ജീവിത നിലവാരത്തെയാണ്.

ഇത് പ്രധാനമാണ് കാരണം സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് കേന്ദ്രം അറിയിച്ചു കഴിഞ്ഞു. നമ്മൾ ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്. അന്താരാഷ്ട്ര വൻകിട ബാധ്യതകൾ നേരിട്ടു ഏറ്റെടുക്കാൻ കഴിയാത്ത സംസ്ഥാനം. ഇത്തരമൊരു കരാറിൽ ഒപ്പിടാൻ കേന്ദ്രം സാമ്പത്തിക ബാധ്യത ഏറ്റെടുക്കാത്തിടത്തോളം ഒരു സംസ്ഥാനത്തിനും അവകാശമില്ല തന്നെ പ്രത്യേകിച്ചും സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പദ്ധതിക്ക് എതിരായിരിക്കുമ്പോൾ.

തിരിച്ചടവ് മുടങ്ങിയ ഒരു സമ്പന്ന സ്റ്റേറ്റിന്റെ കഥ കൂടി പറഞ്ഞു ഈ കുറിപ്പവസാനിപ്പിക്കാം

നിങ്ങൾക്കറിയാവുന്ന നിങ്ങളുടെ ഇഷ്ട നഗരമാണ്. ദുബായ്.

അമിതമായ ഇൻഫ്രാ സ്ട്രക്ച്ചർ വികസനം അതിവേഗം വളരുകയായിരുന്ന ദുബായിയെ 2009 ൽ പെട്ടെന്നൊരു സാമ്പത്തിക പ്രതിസന്ധിയിലാക്കി ( 2007 ലോ മറ്റോ അന്നത്തെ മലേഷ്യൻ പ്രധാനമന്ത്രി ആയിരുന്ന മഹാതിർ മുഹമ്മദ് ദുബായുടെ വളർച്ച അമിത വേഗത്തിലാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു). അമേരിക്കയിൽ തുടങ്ങിയ 2008 ലെ ഗ്ലോബൽ ഫൈനാൻഷ്യൽ ക്രൈസിസ് 2009 ആയപ്പോഴേക്കും ദുബായിയെ പിടിച്ചു കുലുക്കി. 60 ബില്യൺ ഡോളർ കടം. അതിൽ 20 ബില്യൺ തിരിച്ചടവ് ഉടൻ വേണം. തിരിച്ചടവ് മുടങ്ങുമെന്ന ഘട്ടമായി.

ഒടുവിൽ ബിഗ് ബ്രദർ അബുദാബിയെ ആശ്രയിക്കേണ്ടി വന്നു ദുബായിക്ക്. മാസങ്ങൾ നീണ്ട നെഗോഷിയേഷൻ. അവസാനം ബുർജ് ദുബായിയുടെ പേര് ബുർജ് ഖലീഫ എന്നായി. ദുബായിലെ കണ്ണായ പലതും അബുദാബി ഗവന്മെന്റിന്റെ നിയന്ത്രണത്തിൽ ആയി. ബിഗ് ബ്രദർ കടം തിരിച്ചടക്കാനുള്ള 20 ബില്യൺ നൽകി. ഇപ്പോഴും ആ കടത്തിലെ 10 ബില്യൺ ദുബായ് അബുദാബിക്ക് നൽകാനുണ്ട്. ആ പ്രതിസന്ധി ദുബായിലെ പ്രോപ്പർട്ടി മാർക്കറ്റിനെ വലിയ പ്രതിസന്ധിയിൽ ആക്കി. പ്രോപ്പർട്ടി വാല്യു 40 ശതമാനം വരെ കുറഞ്ഞു. വിദേശികൾ ഉൾപ്പെടെയുള്ള ഇൻവെസ്റ്റേഴ്സിന്റെ കൈ പൊള്ളി. വലിയ വലിയ ബാങ്കുകൾ പരസ്പരം ലയിച്ചു. വല്യേട്ടന്റെ സഹായവും വിദഗ്ധമായ മാനേജ്‌മെന്റിലൂടെയും ആ സമ്പന്ന രാജ്യത്തിനു ആ പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞു

കേരളം ഒരു സമ്പന്ന സംസ്ഥാനമേയല്ല, നമുക്ക് വല്യേട്ടന്മാരുമില്ല

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments

You may also like