പൂമുഖം LITERATUREകഥ ഈച്ച

ഈച്ച

കൊതിയൂറുന്നഗന്ധം പിൻതുടർന്നെത്തിയതാണ് ഈച്ച. മണത്തിൻ്റെവഴി മരണത്തിലേക്കുള്ള വഴിയായപ്പോൾ മാധുര്യം മനസ്സിലോർത്തു പാറിയെത്തിയതും പഴച്ചാറിൽ മുങ്ങിയതും ഞൊടിയിടയിൽ കഴിഞ്ഞു. കാഴ്ചമങ്ങുമ്പോൾ കൂട്ടുകാരുടെ ചിറകടിയൊച്ചകൾ അടുത്തുവരുന്നത് കേട്ടു. അരുതെന്ന് പറയാൻ ആകുന്നില്ലല്ലോ…

xxxxx xxxxx xxxxx

” അമ്മേ… ജ്യൂസില് ഈച്ച വീണു” കുട്ടിയുടെ സ്വരത്തിൽ നിരാശ.
” അതെടുത്ത് കളയ് മോനെ… അമ്മ വേറെ കൊണ്ട്വരാം…”

xxxxx xxxxx xxxxx

കുട്ടിനീട്ടിയെറിഞ്ഞ ജ്യൂസ് മുറ്റത്ത് ചിതറിവീണു. മരണത്തിൽ നിന്ന് കഷ്ടിച്ചുരക്ഷപ്പെട്ട ഈച്ച കുഞ്ഞിന് നന്ദിപറയുമ്പോൾ അവിടവിടെയായി ചുറ്റിപ്പറക്കുന്ന കൂട്ടുകാരുടെ ശാപവചസ്സുകൾ കേട്ടു –
” നാശം പിടിച്ച മനുഷ്യക്കുട്ടി…ചുണ്ടിൻ്റെ വക്കീന്നാണ് തട്ടിപ്പറിച്ചത് “
മണ്ണിൽ വറ്റിത്തീർന്ന പഴച്ചാറിൽ ആർക്കുന്ന കൂട്ടത്തിൻ്റെ ചിറകൊച്ചകൾക്കിടയിലേയ്ക്ക്,
തൊണ്ടയിൽ തടഞ്ഞ മധുരം തുപ്പിക്കൊണ്ട് ഈച്ച ജീവശ്വാസം നുകർന്നു.

              xxxxx

കവർ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like