പൂമുഖം പുസ്തകപരിചയം ജനാധിപത്യ ബോധത്തിന്റെ ഋജു രേഖകൾ

ജനാധിപത്യ ബോധത്തിന്റെ ഋജു രേഖകൾ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

2011 ലാണ് മലയാളത്തിലെ ആദ്യത്തെ വെബ് മാഗസിനായ മലയാളനാടിൽ പ്രവാസികളുടെ സാമ്പത്തിക നിലയെക്കുറിച്ച് മെതിലാജിന്റെ ലേഖനം ആദ്യമായി വായിക്കുന്നത്. വളച്ചുകെട്ടലുകളോ അനാവശ്യ ചമൽക്കാരങ്ങളോ ഇല്ലാതെ, വേറിട്ടൊരു രീതിയിൽ വായനക്കാരനോട് നേരിട്ട് സംവേദിക്കുന്ന രീതി അന്ന് തൊട്ടേ ശ്രദ്ധിച്ചിരുന്നു. തുടർന്ന് സമകാലിക രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് മെതിലാജിന്റെ നിരീക്ഷണങ്ങൾ താല്പര്യത്തോടെ വായിച്ചിരുന്നു. മെതിലാജിന്റെ തിരഞ്ഞെടുത്ത 27 ലേഖനങ്ങളുടെ സമാഹാരമാണ് കഴിഞ്ഞ വർഷം ലോഗോസ് ബുക്സ് പുറത്തിറക്കിയ “തോറ്റ സമരങ്ങളുടെ തമ്പുരാക്കന്മാർ ” എന്ന പുസ്തകം.

ഐതിഹാസികമായ കർഷക സമരം അഖിലേന്ത്യാ അടിസ്ഥാനത്തിൽ വിജയിച്ച അവസരത്തിലാണ് കേരളത്തിലെ തോറ്റ സമരങ്ങളെപ്പറ്റിയുള്ള ആദ്യ ലേഖനം വായിക്കുന്നത്. കേരളീയർ പിന്തുടരുന്ന സവിശേഷമായ രാഷ്ട്രീയ ബോധത്തെ മെതിലാജ് ദർശിക്കുന്നത് താഴെപ്പറയും വിധമാണ്:
” ആകെ വിജയിച്ച ഒരേയൊരു സമരത്തിൽ നിന്ന് വിട്ടുനിന്നവരാണ് നാം. അടിയന്തിരാവസ്ഥയ്‌ക്കെതിരെ ഇന്ത്യ മുഴുവൻ പ്രതിഷേധം ഇരമ്പിയപ്പോൾ ചില ഞരക്കങ്ങളും മൂളലുകളും ഒഴിച്ചു നിർത്തിയാൽ നിർലജ്ജം തോറ്റു കൊടുത്തവരാണ് നാം. തോറ്റുപോയ ഒരച്ഛന്റെ കാണാതെ പോയ മകന്റെ കിട്ടാത്ത ശരീരമാണ് നമ്മുടെ ആകെയുള്ള വിപ്ലവ പ്രവർത്തനം. കൊന്നു കത്തിച്ചവനെ അരിയിട്ട് വാഴിച്ച സമൂഹം. ഒരു ജനതയെ മുഴുവൻ തോൽപ്പിച്ച വിമോചന സമരമാണ് നമ്മുടെ ആഘോഷിക്കപ്പെട്ട വിജയ സമരങ്ങളിലൊന്ന്. “

ജീവിത സമരങ്ങളിൽ തോറ്റ് നാട് കടന്ന പ്രവാസികളാണ് കേരളത്തിന്റെ വിജയ കഥയുടെ പോലും പിന്നിൽ എന്ന്‌ മെതിലാജ് നിരീക്ഷിക്കുന്നുണ്ട്.

ന്യൂക്ലിയർ സമരം, ആസിയാൻ കരാർ സമരം, പങ്കാളിത്ത പെൻഷൻ സമരം, പെട്രോൾ വില വർദ്ധന സമരം, പ്രീ ഡിഗ്രി ബോർഡ് സമരം അങ്ങനെ തോറ്റ സമരങ്ങളുടെ നീണ്ട ലിസ്റ്റ് നിരത്തുന്നുണ്ട്. പൊതു ജനാഭിപ്രായം എന്ന നിക്ഷ്പക്ഷത നമുക്ക് വിഷയമല്ലാത്തത് കൊണ്ടാണ് ഈ സമരങ്ങൾ തോൽക്കാൻ കാരണം എന്നും മെതിലാജ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

മെതിലാജ് എം ഏ

ക്ലാസ് മുറിയെക്കാൾ പഠിച്ചത് ജീവിതത്തിൽ നിന്നാണെന്ന് മറ്റൊരു ലേഖനത്തിൽ മെതിലാജ് ഉദാഹരണസമേതം പറയുന്നുണ്ട്. ‘ പ്രവാചകന്റെ വഴി ‘ എന്ന ലേഖനത്തിൽ ബാബ്‌റി മസ്ജിദ് എന്ത് കൊണ്ട് വൈകാരികമായ ഒരു പ്രശ്നമായി മാറിയെന്ന് സൂക്ഷ്മായി അപഗ്രഥിക്കുന്നു. സ്ത്രീ പോപ്പാകുന്ന കാലത്തിൽ സ്ത്രീ മുന്നേറ്റങ്ങൾ ഉണ്ടാകേണ്ട ആവശ്യകതകളെ സമർഥിക്കുന്നു. ‘ വൻ മതിലുകൾ, ആഴക്കിടങ്ങുകൾ ‘എന്ന കുറിപ്പിൽ തീവ്ര വലതു പക്ഷത്തേക്ക് നീങ്ങിയ വിവിധ ലോക രാഷ്ട്രങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളെ നോക്കിക്കാണുകയാണ്. ഈ പുസ്തകത്തിലെ ഏറ്റവും പ്രൗഢമായ, ആഴത്തിലുള്ള ഒരു ലേഖനമാണിത്. മൂലധനത്തിന് 150 വയസ്സ് എന്ന കുറിപ്പിൽ പ്രശസ്തമായ മൂലധനത്തിന്റെ വായന യില്ലാതെ അതിനെപ്പറ്റി അഭിപ്രായം പറയുന്ന ബുദ്ധിജീവികളെ കളിയാക്കുന്നുണ്ട്.

‘ജനാധിപത്യത്തിന് വയസ്സാകുന്നു’ എന്ന ലേഖനത്തിൽ, ഒരു ജനാധിപത്യ വിശ്വാസി എന്ന നിലയിൽ ലോക രാഷ്ട്രങ്ങളിലെ രാഷ്ട്രീയ ക്രമങ്ങളിൽ ജനാധിപത്യ രാഹിത്യം പ്രകടമാകുന്ന സമകാലിക അവസ്ഥകളെ വിലയിരുത്തുന്നു.പോപ്പുലിസ്റ്റുകൾ രാഷ്ട്രീയ രംഗത്ത് കയ്യടി നേടുന്നതിലെ ആശങ്ക പങ്കു വെയ്ക്കുന്നു. ഹാദിയ വിഷയം ആസ്പദമാക്കി പിന്നോട്ട് നടക്കുന്ന കേരളത്തെപ്പറ്റി ആശങ്കപ്പെടുന്നുണ്ട്. ഹിറ്റ്ലറുടെ ക്രൂരമായ ജൂത വിരോധവും ഫാസിസ്റ്റ് രീതിയും ‘അപരൻ എന്ന നരകം ‘ എന്ന ലേഖനത്തിൽ വിശദീകരിക്കുന്നു.

ഏത് വിഷയത്തെപ്പറ്റി ചർച്ച ചെയ്യുമ്പോഴും ഉയർന്ന ജനാധിപത്യ ബോധം ഈ ലേഖനങ്ങളിൽ കാണാം. ചില കുറിപ്പുകൾ ഇത്തിരി വിശദമായി പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

ആമുഖത്തിൽ മെതിലാജ് പറയുന്നുണ്ട്, തന്റെ പാർട്ടിയോ നേതാവോ ചെയ്യന്ന തെറ്റുകളെ ന്യായീകരിക്കേണ്ടി വരുന്ന അണികളുടെ ദൈന്യതയെപ്പറ്റി. അതിന് കാരണം അവർ ഇനിയും ജനാധിപത്യവൽക്കരിക്കപ്പെടാത്തതു കൊണ്ടാണ് എന്ന അഭിപ്രായം, വായനക്കാരുടെ ചിന്താ പഥത്തിൽ പുതിയ വെളിച്ചം നൽകുന്നുണ്ട്. അത് സ്വതന്ത്ര ചിന്തകളുടെ ധീരമായ പ്രതിഫലനമാണ്.

കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺ

Comments
Print Friendly, PDF & Email

You may also like