പൂമുഖം LITERATUREലേഖനം എന്താണ് ശശി തരൂരിന്റെ കുഴപ്പം-? കേരളത്തിലെ രാഷ്‌ടീയത്തിൽ, കോൺഗ്രസിൽ….

എന്താണ് ശശി തരൂരിന്റെ കുഴപ്പം-? കേരളത്തിലെ രാഷ്‌ടീയത്തിൽ, കോൺഗ്രസിൽ….


കേരളം പല മാനുഷിക പുരോഗതിയുടെ കാര്യങ്ങളിലും ഇന്ത്യയിലെ ഒന്നാമൻ എന്ന് അവസരം കിട്ടുമ്പോഴൊക്കെ നാം മാത്രമല്ല കേന്ദ്ര സർക്കാരും പറയുന്നു. കഴിഞ്ഞ ഒരാഴ്ചയിൽ ശശി തരൂർ കെ റെയിലിനെപ്പറ്റി പറഞ്ഞതും , കേന്ദ്രം കേരളത്തെ കുറിച്ചു പറഞ്ഞ ചില നല്ല കാര്യങ്ങളുടെ പേരിൽ സംസ്ഥാനത്തെ പുകഴ്ത്തിയതും , അദ്ദേഹത്തെ കൊണ്ടെത്തിച്ചത്, ഒരു ഒന്നാം സ്ഥാനത്താണ്. ആ ഒന്നാം സ്ഥാനം കേരളത്തിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ജനപ്രതിനിധി എന്നോ, അസൂയയുടെയും കുശുമ്പിന്റെയും രാഷ്‌ടീയ പക പോക്കലിന്റെയും ഒന്നാം ഇര എന്നോ ആവാം . അദ്ദേഹത്തെ പ്രതിസ്ഥാനത്തു നിറുത്തിയിട്ട് , പുറത്താക്കൽ ഭീഷണി വരെ നടത്തി, അവസാനം ” ശശി തരൂർ ക്ലോസ്ഡ്” (ശശി തരൂർ തീർന്നു )എന്ന് പറഞ്ഞു നിറുത്തിയത് , മറ്റാരുമല്ല, കേരളത്തിലെ കോൺഗ്രസിന്റെ ഒന്നാം പ്രതിനിധി ആണ് . ഈ വസ്തുത ഈ പ്രതിഭാസത്തെ ചുഴഞ്ഞു പരിശോധിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.

കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളും , പാർലമെന്റ് അംഗങ്ങളും എന്ത് കൊണ്ടാണ് ശശി തരൂരിനെ ഇടക്കിടെ ഇങ്ങനെ തങ്ങളുടെ വിമർശനത്തിന്റെ കുന്ത മുനയിൽ നിർത്തുന്നത്? അത് അന്വേഷിച്ചു ചെല്ലുന്നവർ ആദ്യം ശശി തരൂർ എന്ന വ്യക്തിയുടെ രാഷ്‌ടീയ പ്രൊഫൈൽ പരിശോധിക്കേണ്ടിയിരിക്കുന്നു. വിശ്വ പൗരൻ എന്നൊക്കെ ഒരു പുച്ഛ ഭാവത്തിൽ അദ്ദേഹത്തിന്റെ വിമർശകർ പറയുന്ന , മൂന്നാം തവണയും തിരുവന്തപുരത്തു നിന്നു തിരഞ്ഞെടുക്കപ്പെട്ട ഈ ലോകസഭാംഗത്തിന് കേരള രാഷ്‌ടീയത്തിലെ പ്രസക്തിക്കും,അതിൽ മറ്റു പലർക്കുമുള്ള അസ്വസ്ഥതക്കും കാരണം എന്താണ് ?ശരിയാണ് ; അദ്ദേഹം ഐക്യ രാഷ്ട്ര സഭയുടെ അണ്ടർ സെക്രട്ടറി ജനറൽ ആയിരുന്നു. സെക്രട്ടറി ജനറൽ ആകുവാൻ അന്നത്തെ ബി ജെ പി കേന്ദ്ര മന്ത്രി സഭയുടെ പിന്തുണയോടെ മത്സരിച്ചു തോറ്റപ്പോൾ ഇന്ത്യൻ പാർലമെൻറിൽ കോൺഗ്രസുകാരനായി എത്തി . യൂ പി എ മന്ത്രി സഭയിൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ആയിരുന്ന നേതാവാണ്. അതിനുമുപരി 23 ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഗ്രന്ഥ കർത്താവാണ്, പ്രൊഫഷണൽ കോൺഗ്രസിന്റെ ചെയർമാൻ ആണ്, ട്വിറ്ററിൽ 8.2 മില്യൺ (82 ലക്ഷം ) ആൾക്കാർ ഇന്ത്യയിലും ലോകത്തെമ്പാടും അനുയായികളുള്ള വിശ്വപൗരൻ തന്നെ ആണ്. മാത്രവുമല്ല, ഓക്സ്ഫോർഡ് പോലെയുള്ള ലോകോത്തര സർവകലാശാലകളിൽ പ്രഭാഷണത്തിന് ക്ഷണിക്കപ്പെടുന്ന ഒരു സ്കോളർ ആണ്. കൂടെ ഇന്ത്യൻ നഗര എലൈറ്റിന്റെ കണ്ണിലുണ്ണി ആണ്. ഇന്ത്യയിൽ ഇത്രത്തോളം പലവിധ സംഘടനകൾ ക്ഷണിക്കുന്ന പ്രാസംഗികൻ ഇല്ല എന്ന് പറയാം . കൂടെ അദ്ദേഹത്തിന്റെ പൗരുഷ പ്രകൃതി അദ്ദേഹത്തെ സ്ത്രീകളുടെ ഇടയിലെ സിനിമ സ്റ്റാർ പോലെയുള്ള ഒരു നേതാവാക്കുന്നു.

ഒരു പാർലമെന്റ് അംഗമെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ സഭയിൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. കാരണം സംസാരിക്കുന്ന വിഷയത്തിന്റെ ആഴത്തിലേക്ക് കടക്കുവാനും ആകർഷകമായി അവതരിപ്പിക്കാനും കഴിവുള്ള ചുരുക്കം ചില ലോകസഭാംഗങ്ങളിൽ ഒരാളാണ് അദ്ദേഹം. കേരളത്തിനെ സംബന്ധിച്ചിടത്തോളം ശശി തരൂരും രാഹുൽ ഗാന്ധിയും നമ്മുടെ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു കൊണ്ട് ലോക സഭയിൽ സംസാരിക്കുന്ന രണ്ടു പ്രമുഖ അംഗങ്ങൾ ആണെന്ന് പറയാം. മാത്രവുമല്ല ഇംഗ്ലീഷിൽ ഇത്ര ആകർഷകമാം വിധം സംസാരിക്കുന്ന ഒരേ ഒരു മലയാളി അംഗവും. മലയാളി അംഗം എന്ന് പ്രതേകിച്ചു പറയുവാൻ കാരണം , മറ്റു അംഗങ്ങളുടെ ഇംഗ്ലീഷ്, ഹിന്ദി ഭാഷയുടെ ഉപയോഗത്തെ എടുത്തു കാണിക്കുവാൻ ആണ്. കൊല്ലത്തു നിന്നുള്ള പ്രേമ ചന്ദ്രൻ ഒഴിച്ച്, ആരെങ്കിലും ലോക്‌സഭയുടെ ശ്രദ്ധ തങ്ങളുടെ പ്രസംഗം വഴി പിടിച്ചു പറ്റിയതായി കേട്ട് കേൾവി പോലും ഇല്ല. ഒരു ബഹുമാനപ്പെട്ട മലയാളി ലോകസഭാംഗം , തന്റെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിൽ എഴുതിയാണ് വായിക്കുന്നത്. അത് കൊണ്ട് തന്നെ അത് മംഗ്ലീഷിനേക്കാൾ കഷ്ടതരമായ, ആർക്കും മനസ്സിലാവാത്ത അവതരണമായി കലാശിക്കുന്നു. ഒരംഗം ഭാഷ അറിയാത്തതു കൊണ്ട് പാട്ടു പാടുന്നു. മറ്റുള്ളവർ നടുത്തളത്തിൽ ഇറങ്ങുന്ന കൂട്ടർ, ചിലർ സിന്ദാബാദ് വിൽക്കുന്നവർ, ചിലർ ഉറക്കം തൂങ്ങികൾ . ഒരിക്കൽ എഴുത്തുകാരൻ സക്കറിയ പറയുകയുണ്ടായി ,നമ്മുടെ മിക്ക പാർലമെന്റ് അംഗങ്ങളും ” പട്ടി ചന്തക്കു പോകും പോലെ ” ആണ് ഡൽഹിക്കു പോകുന്നത് എന്ന്. ഡൽഹി യാത്രകൾ കൊണ്ട്, അവർക്കു പോലും എന്തെങ്കിലു ഗുണമുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ആയുസ്സു മുഴുവൻ പെൻഷൻ കിട്ടും , സെൻട്രൽ ഹാൾ എന്ന ഇന്ത്യൻ പവർ ക്ലബ്ബിൽ അംഗത്വം കിട്ടും . ഇത് പറയുവാൻ കാരണം ഭാഷ അറിയുക എന്ന അളവ് കോലിൽ അല്ല. ഒരു പാർലമെന്റ് അംഗത്തിന്റെ ശക്തി എന്നത്, ഭാഷ മാത്രമല്ല എന്ന് സമ്മതിച്ചു കൊണ്ടുതന്നെ ഒരു ജനപ്രതിനിധി എന്ന നിലയിൽ എങ്ങനെ തന്റെ പ്രവർത്തനം, ജനങ്ങളുടെ, സർക്കാരിന്റെ, പൊതു മണ്ഡലത്തിന്റെ, തന്റെ പാർട്ടിയുടെ , തന്റെ നിയോജക മണ്ഡലത്തിന്റെ ക്രിയാത്‌മകമായ പുരോഗതിക്കു സഹായിക്കുന്നു എന്നതും കൂടിയാണ്, എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു . കൂടെ പാർലമെന്റ് എന്ന ഏറ്റവും ശക്തമായ ജനാധിപത്യത്തിന്റെ അധികാരത്തിന്റെ വേദി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും ഒരു അംഗത്തിന്റെ പ്രവർത്തനത്തെ വിലയിരുത്തുന്നതിൽ നോ ക്കേണ്ടിയിരിക്കുന്നു.

നൂറു ശതമാനം സാക്ഷരത , വിദ്യാഭ്യാസ പുരോഗതി എന്ന് എപ്പോഴും വീമ്പിളക്കുന്ന മലയാളിക്ക് , വിദേശത്തു പോയി കാലക്ഷേപം നടത്തുന്ന മലയാളിയുടെ ജന പ്രതിനിധികൾക്ക് ,ഇംഗ്ലീഷ് ഭാഷ ഒരു ബാലികേറാമലയാണ് എന്നത് എത്ര ശോചനീയാവസ്ഥയാണെന്നു നാം ആലോചിക്കേണ്ടിയിരിക്കുന്നു. ഭാഷ അത്ര ബാലികേറാമലയല്ല എന്ന് ശരദ് പവാറിന്റെ പോലെ മറാത്തി മാത്രം സംസാരിച്ചിരുന്ന ഒരു രാജ്യരക്ഷാ മന്ത്രി( പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ കാലത്തു ) രണ്ടു നേരം ഹിന്ദി- ഇംഗ്ലീഷ് അധ്യാപകരെ വെച്ച് പരിശീലിച്ചു തെളിയിച്ചിട്ടുണ്ട്.

നാൽപതു വർഷത്തെ എന്റെ ഡൽഹി ജീവിതത്തിൽ-അതിൽ പതിനഞ്ചു വർഷം പാർലമെന്റിൽ ഒരു പത്ര പ്രവർത്തകൻ ആയി , ലോക സഭ , രാജ്യ സഭ അംഗങ്ങളുടെ അകത്തേയും, പുറത്തെയും പ്രവർത്തനം കണ്ട ഒരാൾ എന്ന നിലയിൽ -പറയാം ശ്രി കെ പി ഉണ്ണികൃഷ്ണന് ശേഷം സഭയുടെ മുഴുവൻ ശ്രദ്ധ ലഭിക്കുന്ന ഒരേ ഒരു മലയാളി അംഗം ശശി തരൂർ ആണ്. കെ പി എഴുന്നേറ്റാൽ സർക്കാരിന്റെയും മറ്റു അംഗങ്ങളുടെയും ശ്രദ്ധ അദ്ദേഹത്തിന് കിട്ടുമായിരുന്നു, കാരണം അദ്ദേഹം വിഷയങ്ങൾ പഠിച്ചു, സഭയുടെ ചട്ടങ്ങൾക്ക് അനുസൃതമായി, ഇംഗ്ലീഷ് ഭാഷയെ നല്ല വണ്ണം ഉപയോഗിച്ച്, കൊടുക്കണ്ട വർക്ക്‌ നല്ലതായി കൊടുത്തു ചർച്ചകളിൽ പങ്കെടുത്തിരുന്നു. കെ പി സഭയെ പിടിച്ചു കുലുക്കിയിരുന്ന എൻപതുകളിൽ ഇംഗ്ലീഷ് ഭാഷ ഒട്ടും വശമില്ലാത്ത ഒരംഗം മലയാളത്തിൽ പ്രസംഗിച്ചും , ഡൽഹിയിൽ കാര്യങ്ങൾ നടത്താൻ, പാലക്കാടൻ പപ്പടവും ഉപ്പേരിയും നൽകി തന്റെ ജനപ്രാതിനിധ്യം നടത്തിയിരുന്നു. ഒരു സിനിമാ നടൻ ഈ കഴിഞ്ഞ പാർലമെൻറിൽ (പതിനാറാം ലോക സഭ ) പ്രസംഗിച്ചപ്പോൾ, രാഹുൽ ഗാന്ധി പുറകിൽ ഇരുന്നു ഉറങ്ങുന്നതായി കാണപ്പെട്ടു. മലയാള ഭാഷ പഠിക്കാൻ മാത്രമല്ല കേൾക്കാനും കഠിനമാണെന്ന് മറ്റു ഭാഷക്കാർ പറയുമെങ്കിലും ആ സിനിമാ നടനംഗത്തിന്റെ സംഗീത ചുവയുള്ള തൃശൂർ ഭാഷ രാഹുൽ ഗാന്ധിക്കു ഉറക്കുപാട്ടായതിൽ അത്ഭുതമില്ല.

നാട്ടിൽ നിന്ന് ഒരു ലോക സഭാംഗം പത്തു ലക്ഷത്തോളം ആൾക്കാരെ പ്രതിനിധീകരിച്ചായിരിക്കും ലോക സഭയിൽ എത്തുന്നത്, പക്ഷെ ആ സഭയിൽ അദ്ദേഹത്തെ പോലെ അഞ്ഞൂറോളം( 540) അംഗങ്ങൾ 135 കോടി ജനങ്ങളെ പ്രതിനിധീകരിച്ചു എത്തുന്നുണ്ട് എന്നും, അവരുമായി മത്സരിച്ചു വേണം ഏതു അംഗത്തിനും തന്റെ സഭയിലെ പ്രകടനം നടത്തുവാൻ എന്നും മിക്ക മലയാളി അംഗങ്ങളും ഓർക്കുന്നില്ല. അത് മനസ്സിലാക്കിയാലും അവർക്കു അതിനുള്ള ശേഷി ഇല്ലായ്കയാൽ അവർ ഡൽഹിയിലും, നാട്ടിലും ജനനായകന്മാരായി വിലസുന്നു. ഇവിടെയാണ് ലോക സഭയിലെ പ്രകടനങ്ങളിൽ താരമായ തരൂരിനോട് താരങ്ങൾ അല്ലാത്ത മറ്റു കോൺഗ്രസ് അംഗങ്ങളുടെ പ്രശ്നങ്ങൾ തുടങ്ങുന്നത്. തങ്ങളുടെ കുറവുകളെ തരൂരിന്റെ പാർലമെന്റ് പ്രകടനവുമായി ആരെങ്കിലും തട്ടിച്ചു നോക്കിയാൽ താൻ സ്വയം വിശ്വസിക്കുന്ന സിംഹമല്ല വെറും പൂച്ചയാണ് എന്ന അധമ ബോധം ഇവരെ വേട്ടയാടും. അത് പ്രകടിപ്പിക്കുവാൻ പറ്റിയ വേദി നാട്ടിലെ ഇത്തരം സംവാദങ്ങൾ ആണല്ലോ?. അത് തന്നെ ആണ് ഈ കൂട്ടർ തരൂരിനെ വിമർശനത്തിന്റെ, വിവാദങ്ങളുടെ കുന്ത മുനയിൽ നിറുത്തുവാൻ എപ്പോഴും ആഗ്രഹിക്കുന്നതും.

ഇത്രയും പറഞ്ഞു വെച്ചത് ശശി തരൂരിന്റെ രാഷ്‌ടീയ പരിചയക്കുറവ് ന്യായീകരിക്കാൻ അല്ല. അദ്ദേഹത്തിനോട് കൂടെയുള്ള കോൺഗ്രസ് എം പി മാർ , മറ്റു രാഷ്‌ടീയക്കാർ എന്നിവർക്കുള്ള വ്യക്തിഗതമായ പ്രശ്‌നങ്ങൾ മനസിലാക്കുവാൻ ഉള്ള ഒരു ബാക്ഗ്രൗണ്ട് ആയി കാണുക . കെ റെയിൽ വിവാദത്തെ പറ്റി ഞാൻ അദ്ദേഹത്തിനു ഒരു മെയിൽ അയച്ചു. മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിനിനെ എതിർക്കുന്ന സി പി എം പോലുള്ള ഒരു പ്രസ്ഥാനത്തിനെ എങ്ങനെ പിന്തുണയ്ക്കാൻ ആകും എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി വളരെ ലളിതമായിരുന്നു. ” ഞാൻ ചോദിച്ചത് ഒരു പൊതു സംവാദത്തിനു വേണ്ടിയാണു”. അതായതു പൊതു രംഗത്ത് വേണ്ട ഒരു കാര്യകാരണ സംവാദത്തിന്. ഇടതു സർക്കാർ കൊണ്ടുവരുന്നു എന്നത് കൊണ്ട് എതിർക്കുന്നത് വെറും രാഷ്‌ടീയ എതിർപ്പാണെന്നും, കോവിഡ് മഹാമാരിക്കാലത്തു എതിർപ്പിനായി എതിർത്ത എല്ലാ കോൺഗ്രസ് തന്ത്രങ്ങളും ജനങ്ങൾ നിരാകരിച്ചു എന്നും മനസിലാക്കുന്ന ഏതൊരു ചിന്തിക്കുന്ന മനുഷ്യനും അവശ്യപ്പെടുന്ന ഒന്നാണ് കെ റെയിൽ പോലെ ജനങ്ങളെ ഒരേ സമയം ഉത്തേജിപ്പിക്കുകയും, വിഡ്ഢി ആക്കുകയും ചെയ്യുന്ന ഒരു പദ്ധതിയെ പറ്റിയുള്ള ചർച്ചകൾ.

കെ റെയിലിനെപ്പറ്റി ചർച്ച നടത്തുമ്പോൾ കേരളത്തെക്കാളും പണവും ശക്തിയുള്ള മോദിജിയുടെ ബുള്ളറ്റ് ട്രെയിൻ സ്വപ്നം ഇതുവരെ പൂവണിഞ്ഞില്ല എന്ന് ഓർക്കുന്നത് നല്ലതാണ് .പിന്നെ എങ്ങനെയാണ് കട ബാധ്യതയിൽ മുങ്ങി കുളിച്ചു പിച്ചച്ചട്ടിയുമായി നടക്കുന്ന കേരള സർക്കാർ കെ റെയിൽ പോലെ ഒരു ലക്ഷം കോടി വേണ്ട പദ്ധതിയെപ്പറ്റി ചിന്തിക്കുന്നത് എന്ന് പല കാര്യങ്ങളിലും ഭാവനാസൃഷ്ടി കൊണ്ട് മാത്രം സംസ്ഥാന ഖജനാവ് നടത്തുന്ന എല്ലാ രാഷ്‌ടീയക്കാർക്കും പാഠമാകേണ്ടതാണ് . ശശി തരൂർ ആഗ്രഹിച്ചത്, അങ്ങനെ യുള്ള ഒരു ചർച്ചയാണ് എന്ന് പറയേണ്ടിവരും, അദ്ദേഹത്തിന്റെ നിശ്ശബ്‌ദത കാണുമ്പോൾ . വസ്തുതകളുടെ തുറന്ന ചർച്ചകൾ ജനാധിപത്യ രീതിയിൽ നടത്താതെ , നേതൃ ഭക്തി മാർഗത്തിൽ നടത്തുന്ന മോദിജിയുടെ രാഷ്‌ടീയവും ഇതും തമ്മിൽ എന്താണ് വ്യതാസം എന്ന് കേരളത്തിലെ രാഷ്‌ടീയ പണ്ഡിതന്മാരും , നിരീക്ഷകരും പറഞ്ഞാൽ കൊള്ളാം .

ലേഖകൻ തരൂരിനോടൊപ്പം

പക്ഷെ അത്തരം വസ്തുതകൾ മനസിലാക്കുന്നതിന് പകരം, അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കും, എന്ന ഭീഷണി വരെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മുഴക്കി. മറ്റൊരു പഴയ അധ്യക്ഷൻ , ഇപ്പോൾ വെറും വാചകമടി മാത്രമാണെങ്കിലും, തനിക്കു ഒരു റോളുമില്ലാത്ത കമ്മിറ്റി അടുത്ത തെരഞ്ഞെടുപ്പിൽ തരൂരിന് ടിക്കറ്റ് നൽകില്ല എന്നും ആയി. ഇതൊക്കെ , മാറുന്ന രാഷ്‌ടീയ സാഹചര്യങ്ങളെ നേരിടുവാൻ തങ്ങളുടെ കയ്യിൽ ഒരിക്കലും ഒന്നുമില്ലാത്ത കുബുദ്ധികളുടെ ജല്പനമായേ കാണുവാൻ കഴിയൂ. അത് കൊണ്ട് തന്നെ ആയിരിക്കണം ഒരിക്കൽ “പന്നികളോട് മല്പിടുത്തതിന്” ഞാനില്ല എന്ന് പറഞ്ഞ തരൂർ ഈ പ്രാവശ്യം ചർച്ച എന്താണ് എന്ന് മനസിലാക്കുന്ന പ്രതിപക്ഷ നേതാവിന് ഒരു കത്ത് എഴുതി തന്റെ നിലപാട് വ്യക്തമാക്കിയത്. അതോടെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ” ശശി തരൂർ ക്ലോസ്ഡ് ” ആയി പ്രഖ്യാപിക്കുകയും ചെയ്തു. തീർന്നത് അദ്ദേഹമോ തരൂരോ എന്ന് ഭാവിയിൽ നാം കാണേണ്ടിയിരിക്കുന്നു.

ഇവിടെ തരൂരിന്റെയും, തരൂരിനെതിരെ ഭീഷണികൾ മുഴക്കിയ കോൺഗ്രസ് ലോകസഭ അഗങ്ങളുടെയും ലോക സഭയിലെ പ്രവർത്തനത്തെ പറ്റിയുള്ള ഒരു പട്ടിക വെയ്ക്കുന്നു. ജനങ്ങൾ തങ്ങളെ ഏല്പിച്ച ജോലി വെറും വാചകമടി അല്ല എന്ന് ആരാണ് മനസ്സിലാക്കി പ്രവർത്തിക്കുന്നത് എന്ന് അറിയുവാൻ ഈ പട്ടിക സഹായകരമാകട്ടെ. കൂടെ അസൂയ്ക്കും കുശുമ്പിനും, കഷണ്ടിക്കും മന്ദബുദ്ധിക്കും ഇതുവരെ ശാസ്ത്രം മരുന്ന് കണ്ടു പിടിച്ചില്ലല്ലോ എന്ന് ഓർത്തു നമുക്ക് ദുഖിക്കാം .

ഈ പട്ടികയിൽ എന്തെകിലും കുറവ് കാണുന്നവർ   ലോക സഭ വെബ് സൈറ്റ്‌  നോക്കി സ്വയം തിരുത്തുക.

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like