പൂമുഖം LITERATUREനിരൂപണം കഥാവാരം

കഥാവാരം

നീലകളർ പാന്റും വെളുത്ത ടി ഷർട്ടും – ടി. കെ. ശങ്കരനാരായണൻ (ദേശാഭിമാനി )
പരീക്കുട്ടിയുടെ പരിഷ്കൃത വേഷങ്ങൾ – ഗായത്രി (മാധ്യമം )
ജീവനം – ധന്യാരാജ് ( സമകാലിക മലയാളം )
മിറ – വി. കെ. ദീപ ( മാതൃഭൂമി )
ഇത്രയുമാണ് ഈയാഴ്ച വായിക്കാൻ കഴിഞ്ഞ കഥകൾ.

ദേശാഭിമാനിയിലെ “നീല കളർ പാന്റും വെളുത്ത ടീ ഷർട്ടും “അധികമൊന്നും പറയാനില്ലാത്ത സാധാരണ കഥ എന്ന് പറയാം.
മാധ്യമത്തിലെ” പരീക്കുട്ടിയുടെ പരിഷ്കൃത വേഷങ്ങൾ ” എന്ന കഥ, തുടക്കം തന്നെ വായനക്കാരനെ മുഷിപ്പിക്കുന്നു. നെടുനീളൻ പാരഗ്രാഫുകൾ. ക്ഷമയുള്ളവർക്ക് വേണമെങ്കിൽ വായിക്കാം. ഇടക്കെപ്പോഴെങ്കിലും ചിരിക്കാം. ആക്ഷേപ ഹാസ്യമായും പരിഗണിക്കാം. പുതുമ തീരെയില്ലാത്ത പലയാവർത്തി പറഞ്ഞ കാര്യം.

സമകാലിക മലയാളത്തിലെ കഥ” ജീവനം” – നോ കമന്റ്സ്. നോ കമന്റ്സ് അറ്റ് ഓൾ!!

ഒരു കഥയ്ക്ക് ആവശ്യമുള്ള ചേരുവകൾ എല്ലാമുണ്ട് വി. കെ ദീപയുടെ ‘മിറ’ യ്ക്ക്. പ്രണയം, രതി, പ്രതികാരം, സുന്ദരമായ വാക്യങ്ങൾ, പിന്നെ കഥാന്ത്യത്തിൽ ട്വിസ്റ്റ്. ആദ്യത്തെ മൂന്ന് ഘടകങ്ങളും ഉൾച്ചേർത്ത് ഒരു കഥ പറയുമ്പോൾ അത് പൈങ്കിളി ആയിത്തീരാറുണ്ട്. ഈ ബോധ്യം നന്നായിട്ടുണ്ട് എഴുത്തുകാരിക്ക്. അതു കൊണ്ട് തന്നെ ഭാഷയാലും അവതരണത്താലും സമർത്ഥമായി അതിനെ മറികടന്നിട്ടുണ്ട് ‘മിറ’യിൽ. എന്നിലെ മീഡിയോക്കർ വായനക്കാരനെ തൃപ്തിപ്പെടുത്തുന്നു ഇക്കഥ എന്ന് ആദ്യമേ പറയട്ടെ.

കഥയുടെ പോരായ്മയായി തോന്നിയത്, എഡിറ്റിങ് തന്നെ.

“നിശ്ശബ്ദം എനിക്കൊപ്പം വരൂ. നിശ്ശബ്ദം അതിന്റെ ശുദ്ധാവസ്ഥയിൽ പൂർണമായി ഇരുന്നോട്ടെ.” ഇതാണ് കഥയുടെ തുടക്കം. പക്ഷേ ഈ വാചകം വായിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ല.

തുടർന്നുള്ള പാരഗ്രാഫുകളിൽ ആവർത്തനങ്ങളുടെ ഘോഷയാത്ര! പക്ഷേ, ശോശയും സുനിയും കരുണേട്ടനും അംബികയും ഈഡൻ മാൻഷനുമെല്ലാം വായനക്കാരന് തൊട്ടുമുന്നിൽ തന്നെ സാക്ഷാൽക്കരിക്കാൻ പറ്റും വിധം സുന്ദരമായി അവതരിപ്പിക്കുന്നുണ്ട് കഥാകാരി. അംബികയെ പ്രാപിക്കാൻ അവസരം കൊടുക്കാതെ, സുനിയ്ക്ക് വരട്ടിയ പന്നിയിറച്ചിയിൽ വിഷം കൊടുക്കുന്നതൊക്കെ മനോഹരം. ആദ്യഭാഗം അങ്ങനെ തീരുമ്പോൾ പോരായ്മകൾ മറന്നു നമ്മൾ കഥയിൽ ലയിക്കുന്നു.

സുനിയുടെ മരണശേഷം അംബിക ഈഡൻ മാൻഷനിൽ വരുന്നു. ശോശ കാണിച്ചു കൊടുത്ത പെട്ടിയിലെ നാലായി മടക്കിയ കടലാസിൽ നിന്നും സ്റ്റാൻലി എഴുതിയ ആത്മകഥ വായിക്കുന്നു.

സ്റ്റാൻലിയുടെ ചരിത്രം അതിവിശാലമായി കഥാകാരി പറയുന്നുണ്ട്. ആ പറച്ചിൽ പക്ഷേ ശുദ്ധ കമന്ററി മാത്രമാണ്. സ്രാവുകളുടെ വാലും ചിറകും കൊണ്ടുള്ള സൂപ്പിന് യൂറോപ്പിൽ വൻ ഡിമാന്റാണെന്നും, അതു കൊണ്ട്, വലവീശിപ്പിടിക്കുന്ന സ്രാവുകളുടെ വാലും ചിറകും വെട്ടിയെടുത്ത് ഉടൽ ജീവനോടെ കടലിലേക്ക് വലിച്ചെറിയുന്നതിനെ ക്കുറിച്ചുമൊക്കെ കഥയിൽ വായിക്കാം. ഒരു പുതിയ വിവരം എന്നതിനേക്കാൾ, ഇക്കാര്യം കഥയ്ക്ക് മറ്റു വല്ല സംഭാവനയും നൽകുന്നുണ്ടോ എന്നെനിക്ക് അറിഞ്ഞു കൂടാ! അതിന് ശേഷം രാഷ്ട്രീയം എന്ന മട്ടിൽ അഭയാർത്ഥികളുടെ ബോട്ടും!

കഥയുമായി നേർ ബന്ധമില്ലാത്ത വസ്തുതകൾ വർണ്ണിക്കുന്നത് കൊണ്ട് പേജുകളുടെ എണ്ണം കൂട്ടാമെന്നല്ലാതെ വേറെന്തുണ്ട് കാര്യം?
അക്കാരണത്താൽ തന്നെ കഥയുടെ ഫോക്കസ് തെന്നിത്തെന്നി പോവുന്നുണ്ട്. മിറയുടെയും സ്റ്റാൻലിയുടെയും ആത്മഭാഷണങ്ങൾ കൃത്രിമത്വം നിറഞ്ഞു നിൽക്കുന്നവയാണ് ചിലയിടങ്ങളിൽ. സ്വഭാവികമായ ഒഴുക്ക് നഷ്ടപ്പെട്ടു പോകുന്നതിനാൽ, ഇനിയെത്ര പേജ് എന്ന് നോക്കിപ്പോകുന്നു വായനക്കാരൻ. നേരത്തെ പറഞ്ഞ കമന്ററി സ്വഭാവം മുഴച്ചു നിൽക്കുന്നതിനാൽ കഥയുടെ രൂപശില്പവും ഭാവശില്പവും ദുർബലമാവുന്നു.

അംബികയോടൊപ്പം ആ കടലാസ് മുഴവൻ വായിച്ചു തീരുമ്പോഴേക്കും കഥയുടെ ട്വിസ്റ്റ്‌ നമുക്ക് മുന്നിൽ അനാവൃതമാവുകയാണ്; അംബികയുടെ അച്ഛനാണ്‌ സ്റ്റാൻലി!
അതറിയുന്നതോടെ അംബികയ്ക്ക് ഭയം. അതിനു താഴെ വേറെ ഒരു പുസ്തകം കാണുന്നു. നാലായി മടക്കിയ കടലാസിൽ പറഞ്ഞത് മാതൃഭൂമിയുടെ എട്ടോളം പേജുകളിൽ നിറഞ്ഞു നിന്നുവെങ്കിൽ, ആ പുസ്തകം അംബിക വായിക്കാത്തത് നന്നായി എന്നേ ഞാൻ പറയൂ…!

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like