പൂമുഖം LITERATUREകവിത ജന്മാന്തര പുണ്യം

ജന്മാന്തര പുണ്യം

പേര് മാഞ്ഞോ ;മറന്നോ ?
മയ്യത്തെടുക്കാനായെന്നാരോ
മൊഴിയുന്നേരം…
നിദ്രയിലാണ്ട കുഞ്ഞിനെപ്പോൽ
നീണ്ടു നിവർന്നു കിടക്കുന്നു
ആകെ പൊതിഞ്ഞു മറഞ്ഞ്
അതങ്ങനെ ..
നിർമ്മലം,നിശ്ചലം,നിഷ്കളങ്കം..

നട്ടു നനച്ച മൈലാഞ്ചിത്തൈ
കുടഞ്ഞിട്ട തളിരിലനുള്ളുകൾ
കർപ്പൂരമലിഞ്ഞ നീരിൽ തുടിക്കുന്നു ..
ദേഹിയിലലിയാൻ
ദേഹംചേർന്നമരാൻ
തുണയായനുഗമിക്കാൻ ..
അതെത്ര
പവിത്രം;പരിമളം;പരിശുദ്ധം…..

അനുവാദമാരാഞ്ഞരുളിയ തനുവിൽ
അവസരമില്ലിനിയൊട്ടുമില്ലെന്ന
നിനവിൽ,
വിരൽ തൊട്ടുവാർന്ന തെളിനീരാൽ
പകരും അന്ത്യസ്നാനത്തിനിടയിൽ
ജരാ നരകളിലൂടൊഴുകി പരക്കുന്നു
പാശമായേകിയ വാത്സല്യമുത്തുകൾ .
അതൊരനുഭവവേദ്യം …
അനഘം,അനന്തം,അതീന്ദ്രിയം ….

മന്ദസ്മിതത്താൽ തിളങ്ങുമാമധരം
വെമ്പുന്നുവോ
മൊഴിയുവാനായെന്തോ?
അറിവിന്നാദ്യാക്ഷരം പകർന്ന;
പ്രാർത്ഥനാ മന്ത്രങ്ങളുതിർത്തു
പരിപൂതമാം ചൊടികൾ
വിടപറയുന്നുവോ?
ചേതനയറ്റെങ്കിലും ചൈതന്യമുറ്റും
വദന തേജസ്സിലത് തെളിയവെ
കാൺമൂ
നിശ്ശബ്ദം;നിസ്സഹം;നിസ്പന്ദം…..

പാദങ്ങളിൽ അന്ത്യോപചാരമർപ്പിക്കേ
ഓർമ്മകളിൽ നിറയുന്നു
ചൊല്ലി പഠിപ്പിച്ച പാഠങ്ങൾ
പിച്ചവെച്ചു നടത്തിയതും
പിന്നാലെ പാഞ്ഞതും
പിന്നോരോ ജീവിതച്ചുവടിലും
കാലിടറാതെ പതറാതെ
മുന്നേറാൻ ശീലിപ്പിച്ചതും
ഓർക്കുന്തോറുമത്
അമേയം,അപാരം,അവിസ്മരണീയം …

പതിയെ അംഗുലീവിടവുകളിൽ
സ്നിഗ്ധമാം പഞ്ഞിത്തുണ്ടുകളാൽ
കരതലം
ചേർത്ത് വെക്കവേ വിരലുകളിൽ
മുറുകെ പിടിച്ചുവോ ..
കരുതലിൻ
കടമയെന്നോർമ്മിപ്പിച്ചുവോ .
അത് പക്ഷേ
അതി
സൂക്ഷ്മം,അവാച്യം ,അതീന്ദ്രിയം…

ഇനിയില്ലയൊരു യാത്രാ മൊഴിയും
ഇനിയില്ലയൊരു മടക്ക യാത്രയും
മരണമെന്ന പ്രപഞ്ച സത്യം
അഹവും ഇഹവും വെടിഞ്ഞ്‌
ആറടി മണ്ണിലേക്ക് മറയവേ;
ഏതേത് ജന്മാന്തരങ്ങളിലും
നീയെന്‍
ജനനിയായ് ജന്മമെടുത്തെങ്കിലെന്ന
ചിന്തയാൽ മറ മാടിയ പള്ളിക്കാട്ടിലെ-
യിരുളിൽ മനമുരുകി ഞാൻ കേഴുന്നു.
ഏകാന്തം ,മൌനം ,അനാഥത്വം .

കവർ : ജ്യോത്സ്ന വിത്സൺ


Comments
Print Friendly, PDF & Email

You may also like