പൂമുഖം EDITORIAL നുണ എന്ന സത്യം

നുണ എന്ന സത്യം

രു കൈ കൊണ്ട് മുടി പിറകിലെക്കൊതുക്കി നെടു നെടുങ്കൻ ഇംഗ്ലീഷ് ഡയലോഗുകൾ വിടുന്ന മമ്മൂട്ടിയെ കാണാനും എഴുനേറ്റ് നിന്ന് കയ്യടിക്കാനും മാത്രമായി കിംഗ്‌ സിനിമ 7 പ്രാവശ്യം തിയേറ്ററിൽ പോയി കണ്ട, പരിചയക്കാരനായ ഒരു  പയ്യനുണ്ടായിരുന്നു നാട്ടിൽ. സ്കൂൾ വിദ്യാഭ്യാസം പകുതിയിൽ മതിയാക്കിയ, ഇംഗ്ലീഷ്‌ ഒരക്ഷരം പോലും അറിയാത്തയാൾ. കയ്യടിക്കാൻ കാര്യം മനസ്സിലാവണമെന്നില്ലെന്നു പഠിച്ചത് അയാളിൽ നിന്നാണ്.

  കേന്ദ്ര മന്ത്രിയായിരുന്ന കൃഷ്ണകുമാർ രണ്ടാമൂഴം  ജയിച്ച്,  വി പി സിംഗ് ഭരണ കാലത്ത് പ്രതിപക്ഷത്തിരിക്കുമ്പോൾ കൃഷ്ണകുമാർ അപ്പോഴും മന്ത്രിയാണെന്ന് വിശ്വസിക്കുന്ന ഒരാളെ കണ്ടു മുട്ടി. അങ്ങിനെയല്ലെന്നും കോണ്ഗ്രസ് ഇപ്പോൾ പ്രതിപക്ഷ ത്താണെന്നും അയാളോട് പറയാൻ ശ്രമിച്ചപ്പോൾ, “കള്ളം പറയല്ലേ ചേട്ടാ, ആര് ഭരിച്ചാലും കൃഷ്ണകുമാർ മന്ത്രി തന്നെയായിരിക്കും”  എന്നായിരുന്നു മറുപടി..
 ഇങ്ങനെ ചില അനുഭവങ്ങൾ ഉള്ളത് കൊണ്ട്,   ടിവിയിലും മറ്റും   വന്ന്‍ പച്ചക്കള്ളം വിളിച്ചു പറയുന്ന സുന്ദരക്കുട്ടപ്പന്മാരായ നേതാക്കളെ കാണുമ്പോൾ ഒന്നും തോന്നാറില്ല. സംസാരിക്കുന്നത് നമ്മളോടല്ലെന്നും അവർ അഡ്രസ് ചെയ്യാൻ ആഗ്രഹിക്കുന്ന അവരുടേതായ മാസ് ബെയ്സിനോട് ,അഥവാ  അവരെ വിശ്വസിക്കുന്ന, അവരെ മാത്രം വിശ്വസിക്കുന്ന , അണികളോടാണെന്നും തിരിച്ചറിവ് വന്നിരുന്നു.
ഈയിടെ, തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കുള്ള യാത്രയില്‍   ഫെയ്സ് ബുക്കിനെക്കുറിച്ചും ട്വിറ്ററിനെ കുറിച്ചും നിര്‍ത്താതെ സംസാരിച്ച ഡ്രൈവറോട്  മെട്രോ റെയിൽ പണികൾ നടക്കുന്നതിനാൽ എം ജി റോഡിൽ നല്ല തിരക്കായിരിക്കും എന്ന് പറഞ്ഞപ്പോൾ ‘അതിനു മെട്രോയുടെ ഉദ്ഘാടനം ഒക്കെ കഴിഞ്ഞില്ലേ ഇനിയെന്ത് ട്രാഫിക്?’ എന്നായിരുന്നു പ്രതികരണം. എറണാകുളത്തുകാരല്ലാത്ത വലിയൊരു പക്ഷം തിരിച്ചറിയൽ കാര്ഡ് ഉടമകള്ക്ക് മെട്രോ എന്നേ ഓടിത്തുടങ്ങിയ ഒന്നാണ്. എം ജി റോഡിലെത്തി ഇപ്പോഴും കുറ്റികൾ മാത്രമായി നില്ക്കുന്ന മെട്രോ റെയിൽ കണ്ടു അയാള്‍ വാ പൊളിച്ചു. ‘അപ്പൊ ഇതൊക്കെ പറ്റിപ്പായിരുന്നോ?’ എന്ന് അല്പം ഉറക്കെ തന്നെ ചോദിക്കുകയും ചെയ്തു എന്നത് മറ്റൊരു കാര്യം
ഒരു പക്ഷെ ജീവിതത്തിലൊരിക്കൽ പോലും സ്വന്തം ജില്ല വിട്ടു പോയിട്ടില്ലാത്തവരുടെ എണ്ണം ഇതുവരെ പിളർന്നതും ഇനി പിളരാനിരിക്കുന്നതുമായ മുഴുവൻ കേരളാ കോണ്ഗ്രസുകാരുടെ  മൊത്തം വോട്ട് എണ്ണത്തേക്കാൾ കൂടുതൽ വരും എന്ന്‍  കൂടി വേണ്ടവർക്ക് ചുമ്മാ ചേർത്തു വെച്ച് വായിക്കാവുന്നതാണ്. അതായത് കണ്ണൂരിലേക്ക് വിമാന ടിക്കറ്റ് കിട്ടുമോ എന്നന്വേഷിച്ച്  ട്രാവൽ എജന്സികളിലേക്ക് വിളി പോയിത്തുടങ്ങി എന്നർത്ഥം. മുടി ചീകാൻ മറന്നാലും ഉദ്ഘാടനം മറക്കാതെ ചെയ്യുന്നത് അത് കൊണ്ടാണ്.
അത് കൊണ്ട് തന്നെയാണ് പാർലമെന്റിൽ മനുസ്മൃതിമാർ പച്ചക്കള്ളങ്ങൾ ഉറക്കെ അലറുന്നത്. അവർ സംസാരിക്കുന്നത്, അവർ സംസാരിക്കാൻ ആഗ്രഹിക്കുന്നവരോടാണ്, അവരെ കേള്ക്കാൻ ആഗ്രഹിക്കുന്നവരോടും.
80 കളുടെ അവസാനത്തിലൊരിക്കൽ, ബോംബു നിർമ്മാണത്തിനിടെ ഒരു കൈപ്പത്തി നിശ്ശേഷം നഷ്ടപ്പെട്ടു പോയ നക്സൽ നേതാവ് ഉണ്ണിച്ചെക്കൻ   കൊല്ലം പ്രസ് ക്ലബ് മൈതാനിയിൽ ഒരു പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു. കേൾവിക്കാരായി താടിയും മുടിയും നീട്ടി വളർത്തിയ മുപ്പതോളം ചെറുപ്പക്കാർ, പിന്നെ ഞാനും. ഉണ്ണിച്ചെക്കൻ   വിരലുകൾ ഇപ്പോഴും ബാക്കിയുള്ള കൈപ്പത്തി ആകാശത്തേയ്ക്കുയർത്തി ആ യുവാക്കളോട് ഉച്ചത്തിൽ ഒരു രഹസ്യം പറഞ്ഞു.” നിങ്ങളറിയണം സഖാക്കളെ കേന്ദ്ര ഗവണ്‍മെന്‍റ് 20 രൂപ വരെയുള്ള എല്ലാ നോട്ടുകളും നാണയങ്ങളും പിൻവലിക്കാൻ പോകുകയാണ്. ദരിദ്രൻ ഇവിടെ  ജീവിക്കെണ്ടതില്ലെന്നു തന്നെയാണ് ദേശീയ മുതലാളിത്തത്തിന്‍റെ തീരുമാനം”.  താടിയും മുടിയും നീട്ടി വളർത്തിയ ചെറുപ്പക്കാർ തലയാട്ടി. ഉണ്ണിച്ചെക്കൻ   സംസാരിച്ചത് വിപ്ലവ മോഹികളോടാണ്. 20 രൂപാ നോട്ടു പിൻവലിക്കപ്പെടുമ്പോഴെങ്കിലും  വിപ്ലവം വരുമെന്ന് അവർ ആഗ്രഹിച്ചു. അത്തരമൊരു വാർത്തയ്ക്കായി പിറ്റേ ദിവസം മുതൽ പത്ര വായനയും ശീലമാക്കി
നമ്മൾ എന്തിനു 80 കളിലേക്ക് പോകണം. പുതിയ കാലത്തിലെ കരുത്തനായ ഇടതു മുഖ്യ മന്ത്രി സ്ഥാനാര്‍ത്ഥി ” ജയരാജനെ ഞങ്ങൾ ചോദ്യം ചെയ്യാനായി വിട്ടു തരില്ല” എന്ന് പ്രഖ്യാപിക്കുമ്പോൾ അദ്ദേഹം സംസാരിക്കുന്നത് അത്തരം പ്രസ്താവനകളിൽ അസ്വസ്ഥത കൊള്ളുന്ന നിഷ്പക്ഷ ബുജി സമൂഹത്തോടല്ല. അദ്ദേഹം സംസാരിക്കുന്നത് അത്തരം പ്രഖ്യാപനങ്ങളിൽ ആവേശം കൊള്ളുന്ന അണികളോട് മാത്രമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള യാത്രയിൽ തന്‍റെ ഏറ്റവും വലിയ കൈമുതൽ അണികളുടെ ആവേശമാണ് എന്ന് അദ്ദേഹത്തിന് അറിയാം.
സ്ഥിരമായി ബാർ മുതലാളിയുടെ കാറിൽ യാത്ര ചെയ്യുകയും നല്ല ഒന്നാന്തരം കുടിയന്മാർ ഉള്‍പ്പെടുകയും ചെയ്യുന്ന കമ്മിറ്റിയുടെ പ്രസിഡന്‍റ് ആയിരിക്കുന്ന പുണ്യാളൻ പ്രഖ്യാപിക്കുന്നത് “കോണ്ഗ്രസ്സിൽ അംഗമായിട്ടുള്ള അവസാനത്തെ കുടിയനേയും പാർട്ടിയിൽ നിന്ന് പുറത്താക്കും ” എന്നല്ല മറിച്ചു കേരളത്തിലെ എല്ലാ ബാറുകളും പൂട്ടിക്കും എന്നാണ്. ആദര്‍ശ ധീരൻ അപ്പോൾ സംസാരിക്കുന്നത് ഒരു പ്രത്യേക വോട്ടു ബാങ്കിനോടാണ്.
 ഇന്ത്യയുടെ ആഭ്യന്തര മന്ത്രി, ജെ എൻ യു വിലെ ചില വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ലഷ്കർ ഇ തോയിബയുടെ പിന്തുണയുണ്ട് എന്ന് വിളിച്ചു പറഞ്ഞപ്പോഴും വിദ്യാർത്ഥി നേതാക്കളെ രാജ്യദ്രോഹികൾ എന്ന് മുദ്ര കുത്തിയപ്പോഴും പഴയ ചില മലയാള സിനിമാ സംവിധായകരെ പോലെ കാണികൾക്ക് വേണ്ടത് നിർമ്മിച്ച്‌ നല്കുക മാത്രമാണ് ചെയ്തത്.. രാജ്യസ്നേഹ ചേരുവകൾ ആവശ്യത്തിനു കൂട്ടിക്കുഴച്ച അത്തരം പട്ടാള സിനിമകള്‍ക്ക്  കാണികൾ ഉണ്ടെന്നും അവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും അവർ പുതിയ പുതിയ റിലീസുകൾ ഇടയ്ക്കിടെ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹത്തിനറിയാം. കാണികളെ ആകർഷിക്കണമെങ്കിൽ എല്ലാ സിനിമകളിലും വിദേശ വില്ലന്മാർ മാത്രം പോരെന്നും പാവം നാടൻ, സ്വദേശ, വില്ലന്മാരെയാണ് നാട്ടുകാർ ആവേശത്തോടെ കൂട്ടത്തോടെ കൈയേറ്റം ചെയ്യുക എന്നും ആഭ്യന്തരന് അറിയാം.
കള്ളം പറയുക എന്നതല്ല പ്രധാനം അത് സ്ഥിരമായി പറഞ്ഞു കൊണ്ടിരിക്കുക എന്നതാണ്. അത് കൊണ്ടാണ് നമ്മുടെ നേതാക്കളാരും പറഞ്ഞു പോയ കള്ളങ്ങൾ തിരുത്താത്തത്. ഒരു കള്ളം ഒമ്പത് വട്ടം ഷെയർ ചെയ്‌താൽ അത് സത്യമായി എന്നതാണ് പുതു വചനം.
നമ്മുടെ ഏറ്റവും മഹത്തായ മാതൃക ഇന്ന് ഗീബല്‍സ് തന്നെയാണ്. ആ മഹാനെ മനസ്സിലാക്കാൻ ഞങ്ങൾ വൈകിപ്പോയല്ലോ, ഭഗവാനേ എന്നാണ് ഭൂരിഭാഗം നേതാക്കളുടെയും കുണ്‍ഠിതം. ഈ നുണ പ്രചാരണങ്ങൾ ഏറ്റവും ശക്തമായി നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണെന്നതാണ് ഖേദകരം. ഒരു പക്ഷെ സത്യത്തെക്കാൾ അധികം നുണകൾ പ്രചരിപ്പിക്കാനാവണം ഇത്തരം മാധ്യമങ്ങൾ ഇന്ന് കൂടുതലായി ഉപയോഗിക്ക പ്പെടുന്നത്
ഗീബല്‍സിന് ഒരു ആരാധനാലയമുണ്ടാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദിവസവും രാവിലെ നടതുറക്കുമ്പോൾ അന്നന്നത്തെ വ്യാജ പ്രസ്താവനകൾ അര്‍ച്ചനയായി  സമർപ്പിക്കാവുന്നതാണ്. വൈകുന്നേരങ്ങളിൽ പ്രത്യേക ഫോട്ടോ ഷോപ്പ് വെടി വഴിപാടും. ആണ്ടോടാണ്ട് ഉത്സവത്തിന് പ്രാധാന ഐറ്റം വ്യാജ വീഡിയോ ഫെസ്റ്റിവൽ ആയിക്കോട്ടെ

end line

Comments
Print Friendly, PDF & Email

You may also like