പൂമുഖം LITERATUREകഥ രണ്ടാം ജന്മം

രണ്ടാം ജന്മം

“ചായ് ഗരം ചായ്” എന്ന വിളി കേട്ടാണ് അയാൾ ഉണർന്നത്. കഴുത്തിൽ മഫ്ലർ ചുറ്റി വലിയ ചായകെറ്റിലുമായി ഒരു വൃദ്ധൻ പാസ്സെജിലൂടെ നടക്കുന്നുണ്ട്. വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരശബ്ദത്തിൽ പാഞ്ഞിരുന്ന ട്രെയിൻ സമതലത്തിൽ ഒഴുകുന്ന നദിയെപ്പൊലെ ഒരേ താളത്തിൽ വേഗത കുറച്ച് ഓടുകയാണ്. ഏതോ സ്റ്റേഷൻ അടുക്കുകയാണെന്ന് തോന്നുന്നു. അയാൾ മുകളിലെ ബെർത്തിൽ നിന്ന് താഴെ ഇറങ്ങി, താഴത്തെ ബെർത്തിൽ അവൾ ഗാഢനിദ്രയിലാണ്. അവളുടെ കാലുകൾ ഒതുക്കി അയാൾ ജനാലയ്ക്കരികിൽ ഇരുന്നു. നേരം പരപരാ വെളുത്തു വരുന്നതെയുള്ളൂ. വയലുകൾ മാറി രണ്ടും മൂന്നും നിലയുള്ള കെട്ടിടങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇടയ്ക്കിടെ തകരയും ഓലയും മേഞ്ഞ ചേരികളും, അവയ്ക്കിടയിലൂടെ ചെറു വഴികളും. ഇതിലേതോ ചേരിയിൽ നിന്നാവണം ചായക്കാരൻ ട്രെയിനിൽ കയറിയത്. അയാൾ ഒരു ചായ വാങ്ങിയാലോ എന്ന് ആലോചിച്ചെങ്കിലും അവസാനം വേണ്ടാ എന്ന് തീരുമാനിച്ചു. സ്റ്റേഷൻ എത്തട്ടെ, അവിടെനിന്ന് ആവാം.

അന്തരീക്ഷത്തിലെ മൂടമഞ്ഞിനിടയിലൂടെ സൂര്യരശ്മികൾ ഒളിച്ചുനോക്കിത്തുടങ്ങിയിട്ടുണ്ട്. റെയിൽ പാളങ്ങൾക്കരികിലൂടെ അങ്ങിങ്ങായി കൂനിക്കൂടിയ മനുഷ്യരൂപങ്ങൾ നടക്കുന്നു. പ്രഭാത കർമ്മത്തിന് സ്ഥലം നോക്കി നടക്കുകയാവാം. അയാൾ പുറത്തേക്ക് മിഴി നട്ടിരുന്നു. റെയിൽ പാളങ്ങൾ രണ്ടിൽ നിന്ന് നാല്, നാലിൽ നിന്ന് എട്ട് എന്നിങ്ങനെ വർദ്ധിച്ചു വരുന്നു. കൂടുതൽ കൂടുതൽ കെട്ടിടങ്ങളും ചേരികളും കണ്ടു തുടങ്ങി. പതിയെ ട്രെയിൻ ഒരു വലിയ സ്റ്റേഷനിൽ എത്തിച്ചേർന്നു. മഹാനഗരത്തിലെയ്ക്കുള്ള കവാടമാണ്. ഇനിയത്തെ സ്റ്റേഷനിൽ ഇറങ്ങണം. ട്രെയിനിന്റെ യാത്ര അവിടെ അവസാനിക്കും. അയാൾ ട്രെയിനിൽ നിന്ന് ഇറങ്ങി. ചായ വിൽക്കുന്ന സ്റ്റാളിലെ തിരക്ക് കണ്ടപ്പോൾ ചായ കുടിക്കാമെന്ന മോഹം അയാൾ ഉപേക്ഷിച്ചു. പ്ലാറ്റ്‌ഫോമിലുള്ള പൈപ്പിൽ മുഖം കഴുകി തിരികെ നടക്കുമ്പോഴേക്കും ട്രെയിൻ മെല്ലെ നീങ്ങിത്തുടങ്ങിയിരുന്നു. അയാൾ ഓടി ട്രെയിനിൽ കയറി.

“എഴുന്നേൽക്ക്, ഇനി കൂടിയാൽ അരമണിക്കൂർ കഴിഞ്ഞാൽ നമുക്ക് ഇറങ്ങാനായി” അവളുടെ തോളത്ത് തട്ടിക്കൊണ്ട് അയാൾ പറഞ്ഞു. അവൾ ഒന്ന് തിരിഞ്ഞിട്ട് ആലസ്യത്തോടെ അയാളുടെ കൈ പിടിച്ചു, പിന്നെ വീണ്ടും മയക്കത്തിലാണ്ടൂ. ഒരു അല്ലലും ഇല്ലാതെ ഒരു സ്കൂൾ കുട്ടിയെപ്പോലെ മയങ്ങുന്ന അവളുടെ മുഖം ഇടയ്ക്കിടെ നോക്കി അയാൾ ഇരുന്നു. വർഷങ്ങൾ പത്ത് കഴിഞ്ഞിരിക്കുന്നു തന്റെ ജീവിതത്തിലേയ്ക്ക്, തന്നെ വിശ്വസിച്ച്, ഇവൾ കടന്നു വന്നിട്ട്. ഇനിയും ഒരു കുഞ്ഞ് പിറന്നില്ലല്ലോ എന്ന ദു:ഖം അവളെ വല്ലാതെ അലട്ടുന്നുണ്ടെന്ന് അയാള്ക്ക് നന്നായി അറിയാം. തനിക്ക് ജോലിത്തിരക്കുകളിൽ മുഴുകി ഏകാന്തതയും സ്വകാര്യ ദു:ഖങ്ങളും മറക്കാം. പക്ഷെ അവളുടെ കാര്യം അങ്ങനെയല്ലല്ലോ. അതിനാൽ തന്നെ ബോറടി മാറ്റാൻ ഇടയ്ക്കിടെ അവളെയും കൂട്ടി ഇത്തരം യാത്രകൾ നടത്താൻ അയാൾ എങ്ങനെയും സമയം കണ്ടെത്തും.

മൂടൽ മഞ്ഞ് നീങ്ങിയതോടെ സൂര്യൻ ഒളിച്ചുനോട്ടം നിർത്തി നേരിട്ട് പ്രത്യക്ഷപ്പെട്ടുതുടങ്ങി. അല്പം ദൂരെയായി ടെർമിനസ് സ്റ്റേഷൻ അടുക്കുന്നതിന്റെ എല്ലാ സൂചനകളും കണ്ടു തുടങ്ങി. വലിയ മൈതാനത്തിൽ വരകൾ വരച്ചതുപോലെ റെയിൽവേ ട്രാക്കുകൾ നീളുന്നു. വാഗണുകളുടെ നീണ്ട നിരകൾ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്നു. പാളങ്ങളുടെ ഇരു വശങ്ങളിലും ചേരികളുടെ നീണ്ട നിരകൾ. കലപില കൂട്ടി നായ്ക്കളും പന്നികളും മാലിന്യകൂമ്പാരങ്ങളിൽ ഓടി നടക്കുന്നു. ചില കൂനകളിൽ തീ കത്തുന്നുണ്ട്.. അവിടവിടെ എരുമത്തൊഴുത്തുകൾ, കൂടാരങ്ങൾ, കൂരകൾ.. മൃഗതുല്യമായി കൂരകളിൽ ജീവിക്കുന്ന മനുഷ്യർ. ഏത് ഉത്തരേന്ത്യൻ സ്റ്റേഷൻ പരിസരങ്ങളിലും കാണുന്ന മടുപ്പിക്കുന്ന ഇത്തരം ദൃശ്യങ്ങളാണ് ട്രെയിൻ യാത്രകളിൽ അയാൾ ഏറ്റവും വെറുക്കുന്നത് .

ദൂരെ വലിയ കോൺക്രീറ്റ് അംബരചുംബികൾ കാണാനുണ്ട്. ടെർമിനസ് സ്റ്റേഷൻ അടുത്തുവെന്നു തോന്നുന്നു. പാസ്സെജിൽ യാത്രക്കാർ ലഗേജുമായി ക്യൂ നിന്ന് തുടങ്ങി.

“നീ ബാഗ്ഗുകൾ കാത്ത് സീറ്റിൽ ഇരുന്നാൽ മതി. ഞാൻ പോയി കൂലിയെ വിളിച്ചു വരാം.” അവളെ ഉണർത്തിയിട്ട് അയാൾ പറഞ്ഞു.

അവളുടെ തലയാട്ടൽ ഏറ്റു വാങ്ങി അയാൾ ക്യൂ നിൽക്കുന്നവരുടെ ഇടയിലൂടെ മെല്ലെ വാതിൽക്കലേയ്ക്ക് നീങ്ങി. തീവണ്ടി തന്റെ യാത്ര അവസാനിച്ചല്ലോ എന്ന ആശ്വാസത്തിൽ മെല്ലെ മുരണ്ടുകൊണ്ട് പ്ലാറ്റ്‌ഫോം പിടിച്ചു തുടങ്ങി. നോക്കുമ്പോൾ പ്ലാറ്റ്‌ഫോമിൽ ഒരു മനുഷ്യ മഹാസമുദ്രം തന്നെയുണ്ട്. പല നിറങ്ങൾ, ഗന്ധങ്ങൾ, വേഷങ്ങൾ, ഭാഷകൾ… തിരക്കിലേയ്ക്ക് ഇറങ്ങണോ വേണ്ടയോ എന്ന് ശങ്കിക്കുമ്പോഴേയ്ക്ക് പുറകിൽ നിന്ന് തള്ളൽ വന്നു തുടങ്ങി. ഇനി ഇറങ്ങാതെ രക്ഷയില്ല.

പ്ലാറ്റ് ഫോമിൽ കാലെടുത്തു വെച്ചതു മാത്രം അയാള്ക്ക് ഓർമ്മയുണ്ട്, ജനക്കൂട്ടത്തിനിടയിലെ ഒരു ഭജനസംഘത്തിന്റെ നടുവിലാണ് ചെന്ന് പെട്ടത്.. ഡോലക്കും ഇലത്താളവും, ഏകതാരയും എല്ലാം ചേർന്ന് താളനിബദ്ധമായി ഏതോ കീർത്തനം പാടിക്കൊണ്ട് ശുഭ്രവസ്ത്രധാരികളായ ഭജനസംഘം നീങ്ങുകയാണ്,.. അടുത്തടുത്ത കമ്പാർട്ട്മെന്റുകളിൽ നിന്ന് ഇറങ്ങിയവരാവാം. അയാൾക്ക് ഒന്നും ചെയ്യാൻ സാവകാശം കിട്ടിയില്ല.. കയത്തിൽ വീണവനെ പോലെ അയാള് കൂടുതൽ കൂടുതൽ ഭജനസംഘത്തിന്റെ നടുവിലേയ്ക്ക് തള്ളപ്പെട്ടു. പ്ലാറ്റ്‌ഫോമിൽ ആൾക്കൂട്ടത്തിലലിഞ്ഞ്, എന്നാൽ ഗീതവും താളവും തെറ്റാതെ, ഭജനസംഘവും മുമ്പോട്ട് കുതിച്ചു.

മുമ്പിലും പിന്നിലും ഇടത്തും വലത്തും എല്ലാം താളനിബദ്ധമായി ചലിക്കുന്ന കൈകാലുകൾ മാത്രം.. കുതറി മാറാൻ ശ്രമിക്കുംതോറും കൂടുതൽ കൂടുതൽ അവരിലേക്ക് അയാൾ ഇഴുകിച്ചേർന്നു. മെല്ലെ അയാളും അവരിൽ ഒരാളായി. കൂലിയെ മറന്നു, ട്രെയിനിൽ, തന്നെ കാത്തിരിക്കുന്ന ഭൈമിയെ മറന്നു. ചെവിയിൽ അവർ പാടുന്ന ഗാനം മാത്രം, കൈകാലുകളിൽ കത്തിപടരുന്ന ഉന്മാദം മാത്രം. അയാൾ സ്വയം മറന്നു. ഏതോ മന്ത്രശക്തിയാലെന്നവണ്ണം ആ ഗായകസംഘത്തോടൊപ്പം ഒഴുകി. അലകടലിലെ പായ് വഞ്ചി പോലെ! ലക്ഷ്യമറിയാതെ… റെയിൽവേ ടെർമിനസ് സ്റ്റെഷനും മഹാനഗരവും എല്ലാം വിദൂരതയിൽ മറഞ്ഞു. അടഞ്ഞ കണ്ണുകളിൽ ഒരു നക്ഷത്രം മാത്രം. മനസ്സിൽ അലയടിക്കുന്ന ഗാനത്തിന്റെ മാറ്റൊലി മാത്രം. കൈകാലുകളും ശരീരവും ഉള്ളതായി അനുഭവപ്പെടുന്നില്ല. ബോധം ഒഴിഞ്ഞ് ഒരു അപ്പൂപ്പൻ താടി പോലെ അയാൾ പറന്നു നടന്നു!


“ക്യാ മർനെ കാ ഇരാദാ ഹൈ ക്യാ? (ചാകാനുള്ള പുറപ്പാടാണോ?)” ആരോ തോളിൽ ശക്തിയായി കുലുക്കി. ഏതോ അശരീരി കേട്ടവനെ പോലെ അയാൾ ഉന്മാദത്തിന്റെ പരകോടിയിൽ നിന്ന് നിന്ന് മെല്ലെ ഉണർന്നു.

“പിയാ ഹൈ ക്യാ? (കള്ള് കുടിച്ചിട്ടുണ്ടോ?)” നോക്കുമ്പോൾ ഒരു പോലീസുകാരൻ. താൻ ഇതെവിടെയാണ്? അയാൾ ചുറ്റും നോക്കി. ഏതോ റോഡിനു നടുവിലാണ്. മുമ്പിലും പുറകിലും ഹോണടിക്കുന്ന വാഹനങ്ങൾ. വശങ്ങളിൽ തലങ്ങും വിലങ്ങും നീങ്ങുന്ന മനുഷ്യർ.. തിരക്കേറിയ ഏതോ തെരുവിന്റെ നടുവിലാണ് താൻ നില്ക്കുന്നത്. പോലീസുകാരൻ അയാളെ റോഡിന്റെ വശത്തേയ്ക്ക് കൊണ്ടുപോയി, ഫുട് പാത്തിൽ ഇരുത്തി. അടുത്ത കടയിൽ നിന്ന് കുറച്ച് വെള്ളം വാങ്ങി അയാളുടെ മുഖത്ത് തളിച്ചു. അയാൾ പതിയെ മറവിയിൽ നിന്ന്, ഉന്മാദത്തിൽ നിന്ന്, കരകയറി. . “താൻ ഇതെവിടെയാണ്? എങ്ങനെ ഇവിടെ എത്തി!” അയാൾ സ്വയം ചോദിച്ചു. പെട്ടെന്നാണ് അയാൾ ഓർത്തെടുത്തത്. “ദൈവമേ, തന്റെ ഭാര്യ, ട്രെയിനിൽ..” അയാളുടെ വയറ്റിൽ തീനാളങ്ങൾ ഉയർന്നു. ഇത് സ്ഥലം ഏതാണ്? റെയിൽവേ സ്റ്റേഷൻ എവിടെയാണ്? ഒരെത്തും പിടിയും കിട്ടുന്നില്ല. ലെഗ്ഗെജ് ഏല്പ്പിച്ച് ട്രെയിനിൽ ഇരുത്തിയ തന്റെ ഭാര്യയുടെ സ്ഥിതി എന്താണ്?” അയാൾ വേവലാതിപ്പെട്ടു. ഭ്രാന്ത് പിടിച്ചവനെ പോലെ അയാൾ പിച്ചും പേയും പറയാൻ തുടങ്ങി. ഫൂട്ട് പത്തിൽ ഇരുന്ന് അയാൾ ഞെരിപിരി കൊണ്ടു. അപ്പോഴേയ്ക്കും പോലീസുകാരൻ അയാളെ ഉപേക്ഷിച്ചു പൊയ്ക്കഴിഞ്ഞിരുന്നു. ഇനിയിപ്പോൾ ആരോട് ചോദിക്കും! മൊബൈൽ ആണെങ്കിൽ അവളുടെ കൈയ്യിലുമാണ്!

അയാൾ ലക്ഷ്യമില്ലാതെ ഉന്മാദിയെ പോലെ ഫുട്ട് പാത്തിലൂടെ നടന്നു. എതിരെ ഒരു മധ്യവയസ്‌കൻ ആംഗ്യവിക്ഷേപങ്ങളോടെ മൊബൈലിൽ സംസാരിച്ചു കൊണ്ട് വരുന്നുണ്ട്. മധ്യവയസ്കനെ തടഞ്ഞു നിർത്തി അയാൾ മൊബൈലിനു വേണ്ടി കെഞ്ചി. രൂക്ഷമായ നോട്ടത്തോടെ അയാളെ തള്ളിമാറ്റി മധ്യവയസ്‌കൻ കടന്നുപോയി.

വേച്ചു വേച്ച് അയാൾ നടന്നു. അയാളുടെ മനസ്സില് അപ്പോൾ ഭാര്യയല്ലാതെ മറ്റാരുമില്ല. അവളുടെ ദീന മുഖം, കരയുന്ന മുഖം, അയാളിൽ തീയായി പടർന്നു. വീഴാൻ പോയ അയാളെ ഒരു ചെറുപ്പക്കാരൻ താങ്ങിപ്പിടിച്ചു.

“ക്യാ ഹോഗയാ ആപ് കോ?” ബീമാർ ഹൈ ക്യാ?” (എന്താണ് പറ്റിയത്? സുഖമില്ലേ?) ചെറുപ്പക്കാരൻ ചോദിച്ചു.

“എന്റെ ഭാര്യ, എന്റെ ഭാര്യ” അയാൾ മുറുമുറുത്തു.

“ക്യാ ഹോഗയാ ഹൈ? ബോലിയെ തോ സഹി. (പറയൂ, എന്ത് പറ്റി?)” ചെറുപ്പക്കാരൻ വീണ്ടും ചോദിച്ചു.

“എനിക്ക് വഴി തെറ്റി, റെയിൽവേ സ്റ്റേഷനിൽ പോകണം. എന്റെ ഭാര്യ..” അയാൾ വിക്കി വിക്കി മുറിഹിന്ദിയിൽ പറഞ്ഞു.

“സ്റ്റേഷൻ ഇധർ സെ ജാദാ ദൂർ നഹി. ആയിയേ, മേം ആപ്കോ സ്റ്റേഷൻ പഹുഞ്ച് ജാത്താ ഹും. (“റെയിൽവേ സ്റ്റേഷനിലേയ്ക്ക് ഇവിടുന്ന് അത്ര ദൂരമില്ല. വരൂ, ഞാൻ കൊണ്ടുപോകാം).” ചെറുപ്പക്കാരൻ അയാളുടെ കൈ പിടിച്ചു നടന്നു തുടങ്ങി.

ട്രെയിൻ എത്തിയത് നാലാം നമ്പര് പ്ലാറ്റ് ഫോമിലാണെന്ന് അയാൾ ഓർത്തെടുത്തു. ആ പ്ലാറ്റ് ഫോമിനെ ലക്‌ഷ്യം വെച്ച് അയാൾ ഓടി. കൂടെ വന്ന ചെറുപ്പക്കാരൻ ഒപ്പം ഓടി. നോക്കുമ്പോൾ നാലാം നമ്പർ പ്ലാറ്റ് ഫോം വിജനമായിരിക്കുന്നു. താൻ വന്ന ട്രെയിൻ അവിടെ നിന്ന് പോയിരിക്കുന്നു. അയാൾ ദയനീയമായി ചെറുപ്പക്കാരനെ നോക്കി.

ചെറുപ്പക്കാരൻ അടുത്തു കണ്ട കൂലിയോടു ചോദിച്ചു: “ഭായ് സാബ്, അഭി ജോ റെയിൽ ഗാഡി ഇസ് പ്ലാറ്റ് ഫോം മേ ആയി ഥി, വൊഹ് കഹാൻ ചലി ഗയി?” (ഇപ്പോൾ ഈ പ്ലാറ്റ് ഫോമിൽ വന്ന ട്രെയിൻ എവിടെ പോയെന്ന് അറിയാമോ, സഹോദരാ?)

“വഹ് ഗാഡി തോ യാർഡ്‌ ഗയി (അത് യാർഡിൽ പോയല്ലോ!)” ദൂരേയ്ക്ക് വിരൽ ചൂണ്ടി കൂലി പറഞ്ഞു.

അയാളുടെ വയർ വീണ്ടും ഒരു തീക്കുണ്ഡമായി. തീക്കുണ്ഡത്തിൽ നിന്ന് ഉയരുന്ന തീനാളങ്ങൾ തന്റെ ശരീരവും മനസ്സും വിഴുങ്ങുന്നത് അയാൾ അറിഞ്ഞു. കാലത്ത് ട്രെയിനിൽ ഇരിക്കുമ്പോൾ വശങ്ങളിൽ കണ്ട ദൃശ്യങ്ങൾ അയാളുടെ മനസ്സില് മിന്നിമറഞ്ഞു. റെയിൽവേ യാർഡ്‌ എന്ന് പറഞ്ഞാൽ അധോലോകത്തിന്റെയും വൃത്തികേടുകളുടെയും കേന്ദ്രമാണ്. തന്റെ ഭാര്യ അവിടെ എവിടെയോ ട്രെയിനിൽ തനിയെ.. ഏതെങ്കിലും കശ്മലന്മാർ അവളെ….!! അയാളുടെ ഉള്ളിൽ നിന്ന് വിറയൽ കൈകാലുകളിലേയ്ക്ക് പടർന്നു. ട്രെയിനിൽ ഉറങ്ങിക്കിടന്ന അവളുടെ മുഖം അയാളെ അലട്ടി.

“വരൂ, നമുക്ക് പെട്ടെന്ന് യാർഡിലേക്ക് പോകാം.” ചെറുപ്പക്കാരൻ പറഞ്ഞു. “പേടിക്കേണ്ട, താങ്കളുടെ ഭാര്യ സുരക്ഷിതയായിരിക്കും.” യാർഡിൽ റെയിൽവേ പോലിസ് റോന്ത് ചുറ്റലുണ്ട്.” ചെറുപ്പക്കാരൻ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

ആശകളെല്ലാം നശിച്ച് ജീവഛവം പോലെ വേച്ചു പോകുന്ന അയാളെ താങ്ങി ചെറുപ്പക്കാരൻ കൂടെ നടക്കാൻ തുടങ്ങി.

അപ്പോഴാണ്‌ പെട്ടെന്ന് പ്ലാറ്റ്ഫോമിന്റെ വശത്ത്‌ നിന്ന് ഒരു ശബ്ദം അയാളെ തേടി എത്തിയത്.

“ചേട്ടൻ എത്തിയോ.. ചേട്ടനിതെവിടെ പോയതാ, ഞാനാകെ പരിഭ്രമിച്ചല്ലോ! എത്ര നേരമായി ചേട്ടൻ ഇപ്പൊ വരും ഇപ്പൊ വരും എന്ന് വിചാരിച്ച് കാത്തു നില്ക്കുന്നു.”

നോക്കുമ്പോൾ അയാളുടെ ഭാര്യ അതാ തൊട്ടടുത്ത് പ്ലാറ്റ് ഫോമിൽ നിൽക്കുന്നു. അവളുടെ ശബ്ദം അമൃത് പെയ്യും പോലെ അയാളുടെ ചെവികളെ കോൾമയിർ കൊള്ളിച്ചു. അവളുടെ രൂപം ഒരു ഇളംകാറ്റ് പോലെ അയാളെ തഴുകി. അവളുടെ ശബ്ദത്തിന് ഇതുവരെ അറിയാത്ത മാധുര്യം! അവളുടെ രൂപത്തിന് ഇതുവരെ കാണാത്ത സൗന്ദര്യം!

“അപ്പൊ നീ ട്രെയിനിൽ യാർഡിൽ…” അയാൾ പുലമ്പി.

“ചേട്ടൻ ഇതെന്താ പിച്ചും പേയും പറയുന്നത്? ഞാനല്ലേ മുമ്പിൽ നില്ക്കുന്നത്. ചേട്ടനെ കാത്ത് ട്രെയിനിനുള്ളിൽ ഞാൻ കുറെ നേരം ഇരുന്നു. എല്ലാവരും ഇറങ്ങി, ട്രെയിൻ വിജനമായി. അപ്പോഴാണ്‌ ഈ പയ്യൻ വന്നത്.” അടുത്തു നില്ക്കുന്ന പയ്യനെ ചൂണ്ടി അവൾ പറഞ്ഞു.

“അവൻ ഹിന്ദിയിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ട് നമ്മുടെ ബാഗുകൾ എടുത്ത് നടക്കാൻ തുടങ്ങി. ഞാൻ ആകെ പേടിച്ചു. നമ്മുടെ ബാഗുകളുമായി അവൻ കടന്നു കളയുമെന്ന് കരുതി. പക്ഷെ അവൻ ബാഗുകൾ പ്ലാട്ഫോമിൽ വെച്ച് വീണ്ടും പെട്ടെന്ന് വന്ന് എന്നെയും പിടിച്ചു വലിച്ച് ട്രെയിനിൽ നിന്ന് ഇറക്കി. ഞാൻ ഇറങ്ങി സെക്കണ്ടുകൾക്കകം ട്രെയിൻ നീങ്ങി തുടങ്ങി. ഇവൻ അപ്പോൾ സഹായിച്ചില്ലായിരുന്നെങ്കിൽ…” അവൾ ഇടയ്ക്ക് നിർത്തി.

അയാളുടെ കണ്ണുകൾ അടുത്തു നിൽക്കുന്ന കൊച്ചു പയ്യനെ തഴുകി. എട്ടോ പത്തോ വയസ്സ് കാണും. അവന്റെ മുഷിഞ്ഞു കീറിയ വേഷവും കുളിക്കാതെ ജട പിടിച്ച മുടിയും അയാൾ കണ്ടില്ല. പകരം ഒരു മാലാഖയുടെ രൂപമാണ് അയാൾ കണ്ടത്. ചേർന്ന് നില്ക്കുന്ന ഭാര്യയെ ഒന്നുകൂടി ചേര്ത്ത് നിർത്തി അയാൾ അവനെ അരികത്തേക്ക് വിളിച്ചു. നാണിച്ച് മെല്ലെ അവൻ അയാളുടെ കരം ഗ്രഹിച്ചു.

“നമ്മുടെ രണ്ടാം ജന്മം ഇവിടെ തുടങ്ങുന്നു.” അയാൾ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചെവിയിൽ മൃദുവായി പറഞ്ഞു.

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

ചിത്രങ്ങൾ : പ്രസാദ് കുമാർ

Comments
Print Friendly, PDF & Email

You may also like