പൂമുഖം വായനാനുഭവം മനുഷ്യവ്യവഹാരങ്ങളുടെ നീതിശാസ്ത്രം (സേതുവിന്‍റെ തിരഞ്ഞെടുത്ത കഥകളുടെ പഠനം)

മനുഷ്യവ്യവഹാരങ്ങളുടെ നീതിശാസ്ത്രം (സേതുവിന്‍റെ തിരഞ്ഞെടുത്ത കഥകളുടെ പഠനം)

സേതു എഴുതിത്തുടങ്ങിയിട്ട് അര നൂറ്റാണ്ടിലേറെയായി. പല കാലങ്ങളിലായി വിവിധ ധാരകളെ ആസ്പദമാക്കിക്കൊണ്ടുള്ള ചില കഥകൾ പുനർവായനയിൽ തെളിഞ്ഞുനിൽക്കുന്നത് അപൂർവമല്ല. എങ്കിലും അതിസാധാരണമല്ലാത്ത അത്തരം കഥാപരിസരങ്ങൾ സേതുവിന്റെ എഴുത്തുജീവിതത്തിൽ കാണാം. വ്യത്യസ്തമായ സാഹചര്യങ്ങളിൽ എഴുതിയ കഥകളെ ചേർത്തുപിടിക്കുന്ന ഇഴകളിൽ കാലികമായ പ്രസക്തി വായിച്ചെടുക്കാനാവും. കഥകളുടെ പ്രമേയം ഇന്നത്തെ ലോകവിനിമയത്തെ കൂടെ സംബോധന ചെയ്യുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നതത്രെ.

അശോകൻ (1972)

“അങ്ങനെ എല്ലാം അറിയാറാകണമെങ്കിൽ എത്ര വയസ്സെത്തണം” എന്ന ദാർശനികചോദ്യം സ്വയം ചോദിക്കുന്ന പത്തുവയസ്സുകാരനായ അശോകന്റെ ജീവിതചക്രമാണ് ‘അശോകൻ’ എന്ന കഥയിൽ പ്രതിപാദിക്കുന്നത്. മകനെ പഠിപ്പിച്ച് തഹസിൽദാരാക്കണം എന്ന, ചെത്തുകാരനിൽ നിന്ന് മൂന്നു കള്ളുഷാപ്പുകൾക്കും ന്യായവില ഷോപ്പിനും ഉടയോനായിത്തീർന്ന കൃഷ്ണൻകുട്ടിയുടെ ആഗ്രഹം തീവ്രമാണ്. ഒന്നാംക്ലാസ്സിൽ ഒന്നാമനായി ജയിക്കാനായി മകനെ തയ്യാറാക്കുന്ന അച്ഛന്റെ അഭിലാഷങ്ങളെ അശോകൻ ഏതെല്ലാം വിധത്തിലാണ് ചെറുക്കുന്നത്, അത് ഏതെല്ലാം മാനദണ്ഡങ്ങളിൽ അധിഷ്ഠിതമാണെന്നതുമാണ് കഥയുടെ കാമ്പ്. “ഞാൻ ചെത്തുകാരന്റെ മകനാണ് അപ്പോൾ ഞാനും ചെത്തുകാരനാകണം” എന്ന തത്വത്തിലാണ് അശോകൻ വിശ്വസിച്ചത്. ജാതി എന്ന പാടയിലൂടെ നോക്കിക്കാണുന്ന ജീവിതമത്രെ അയാൾക്ക് പഥ്യം. അതുകൊണ്ട് ജാതിയെയും കുലത്തൊഴിലിനേയും ഒരു സമവാക്യത്തിന്റെ ഇരുവശങ്ങളിലും അയാൾ പ്രതിഷ്ഠിച്ചു. ജീവിതപരിണാമത്തിന്റെ സ്വരലയം അവധാനതാപൂർവം അന്വേഷിക്കുന്ന അശോകൻ സാഡിസ്റ്റ് മനോഭാവം പുലർത്തുന്നുവോ എന്ന സംശയത്തിന് യുക്തിഭദ്രതയുണ്ട്. “താളം തെറ്റാതെ സമാന്തരമായ പാളങ്ങളിലൂടെ നീന്തണം. എന്നാലേ ജീവിതം മോണോട്ടോണസ് ആകൂ..കൂടുതൽ വിരസമാകൂ..” എന്ന് പറയുന്ന അയാളിൽ നൈരാശ്യം നിഴലിക്കുന്നത് കാണാം. ചുരുക്കത്തിൽ യുദ്ധം ചെയ്തുമടുത്തപ്പോൾ ബുദ്ധമതം സ്വീകരിച്ച ഭൂതകാലചരിത്രത്തിലെ അശോകനെ വർത്തമാനകാലലോക ശൈലിയിൽ പ്രതിനിധാനം ചെയ്യുകയാണോ കഥയിലെ അശോകൻ. എന്ന് തോന്നാം . അസ്തിത്വവാദത്തിന്റെ ചുവടുപിടിച്ച്, നിരർത്ഥകമായ ജീവിതത്തിന്റെ മുനമ്പിലൂടെ തെന്നിനീങ്ങുന്ന മനുഷ്യരുടെ കൂട്ടത്തിലെ അശോകന്, തത്വവാദങ്ങളും സ്വയം രൂപപ്പെടുത്തിയ ആശയപ്രപഞ്ചവും ജീവിതാവബോധം നൽകുന്നു. “തോനെ പടിച്ചെങ്കിൽ ഒരു ആനേനെ വരയ്‌ക്കെടാ” എന്ന് പറയുന്ന കൃഷ്ണൻകുട്ടിയുടെ മനോവിചാരവും പഠിക്കുന്തോറും കൂടുതൽ മണ്ടനായി തീരുകയാണെന്ന് ബോധ്യമുള്ള അശോകനും തമ്മിലുള്ള വൈരുധ്യം ആനയ്ക്ക് പകരം ‘കുടം’ ആയി സ്ലേറ്റിൽ രൂപപ്പെട്ടു.

ലേലം (1998)

‘ലേലം’ (1998) എന്ന കഥ തീർത്തും സമകാലികമാണ്. ഏത് ഉരുപ്പടിക്കും ക്രമനമ്പർ ചാർത്തി വിൽക്കാൻ വേണ്ടി വെച്ചിരിക്കുന്ന പഴയ ലേലപ്പുരയെ കുറിച്ചുള്ള മറ്റുചിന്തകളെ ദൃഢമായി വായനയിലേക്ക് എത്തിക്കുകയാണ്. അക്കങ്ങൾ പ്രതിനിധാനം ചെയ്യുന്ന മനുഷ്യർ ഉൾപ്പടെയുള്ള സ്ഥാവര ജംഗമ വസ്തുക്കൾ രൂപപ്പെടുത്തുന്ന രാഷ്ട്രീയം തീർച്ചയായും യാഥാർഥ്യബോധ്യമുള്ളതല്ല. ഏതോ രാജ്യം ഭരിച്ചിരുന്ന രാജാവിനെ മൃതപ്രായനായി ലേലപ്പുരയിൽ എത്തിക്കുകയും അവിടെവെച്ചു മരണപ്പെടുകയും ചെയ്തു. അയാൾ കാലക്രമേണ ഒരു പ്രതിമയാകുന്നുണ്ട് . സ്വാഭാവികമായി അയാളെ തിരിച്ചറിയുന്നത് ഒരു അക്കത്തിലൂടെയായി മാറി. മനുഷ്യരുടെ സ്വത്വത്തെക്കാളും അവരുടെ കൈവശമുള്ള തിരിച്ചറിയൽരേഖകളിൽ വിശ്വാസം അർപ്പിക്കുന്ന വർത്തമാനകാല രാഷ്ട്രീയവ്യവസ്ഥയിൽ അക്കങ്ങൾ മനുഷ്യഭാഗധേയത്തെ നിർണയിക്കുന്നു. ജൂതന്മാരെ വേർതിരിച്ചറിയാൻ വേണ്ടി ഹിറ്റ്ലറിൻറെ ഭരണകൂടം അനുശാസിച്ച സമ്പ്രദായങ്ങളെ ഇവിടെ ഓർമ വരുന്നു. ലേലത്തിന്റെ ക്രയവിക്രയ വസ്തുക്കളായി (ജീവനുള്ളതെന്നോ അചേതനമെന്നോയുള്ള അന്തരമില്ലാതെ) പ്രദർശിപ്പിക്കുന്ന സ്ഥലമായി കഥയിലെ പതിമൂന്നാം നമ്പർ കെട്ടിടം പ്രവർത്തിച്ചു. തിരിച്ചറിയൽ സംഖ്യകളുമായി രാജ്യത്തെ പൗരവർഗത്തെയും വളർത്തുമൃഗങ്ങളെയും ആവിഷ്കരിക്കുന്ന അവസ്ഥ പ്രതീതിയല്ലാതെ യാഥാർഥ്യമായേക്കാവുന്ന ഒരു കാലമാണ് ഇന്ന്. ജൂതന്മാരെ പേരുകളാൽ വിവേചിച്ചറിയാൻ ഇസ്രായേൽ എന്നോ സാറാ എന്നോ അവർക്കൊപ്പം ചേർക്കുന്നതുപോലെ വിൽക്കാൻ വെച്ച വസ്തുക്കളെയും മനുഷ്യരെയും അടയാളപ്പെടുത്തുന്ന മാർഗമായി ‘അക്ക’ങ്ങൾ രൂപപ്പെടുന്ന സ്ഥിതിഗതിയാണിവിടെ ഉടലെടുക്കുന്നത്. നോട്ടക്കണ്ണടയിലൂടെയുള്ള സൂക്ഷ്മവീക്ഷണത്തിൽ മനുഷ്യർ അക്കങ്ങളായും, അവർ പാർക്കുന്ന ഇടം പലതരം വ്യാപാരസംബന്ധമായ കൊടുക്കൽ-വാങ്ങലുകൾ ‍ നടക്കുന്ന ലോകമായും രൂപഭേദം വരികയാണ് .

മൂന്നു കുട്ടികൾ’ (1981)

സ്‌കൂൾ വിട്ടു മടങ്ങുകയായിരുന്ന നന്ദൻ, ബാപ്പുട്ടി, അയ്യപ്പൻ എന്നീ കുട്ടികളാണ് താരതമ്യേന ചെറിയ കഥയായ ഇതിലെ കഥാപാത്രങ്ങൾ. പറങ്കിമാങ്ങകളുടെ കാലമായിരുന്നു അത്. നന്ദൻ കുപ്പായമൂരി അരയിൽ ചുറ്റിക്കെട്ടിയതിനു ശേഷം കുന്നിൻ ചെരുവിലുള്ള പറങ്കിമാവിൽ പൊത്തിപ്പിടിച്ചു കയറാൻ തുടങ്ങി. ഒരു കൊമ്പിൽ നിന്ന് തൂങ്ങിയാടി മറ്റേ കൊമ്പിൽ കേറിയ അവൻ ദേഹത്ത് അരിച്ചിറങ്ങിയ പുളിയനുറുമ്പുകളെ നുള്ളിപ്പറിച്ചു കളയുകയും ചെയ്തു. പൊത്തിപ്പിടിച്ചു കേറുന്ന നന്ദൻ ആ പ്രവൃത്തി തുടർന്നുകൊണ്ടിരുന്നു. അവന്റെ കുപ്പായത്തിന്റെ മങ്ങിയ വെളുപ്പ് താഴെ നിന്ന് മറ്റു കുട്ടികൾക്ക് കാണാൻ സാധിക്കാതെ വന്നു. അതു കലങ്ങി മാഞ്ഞുപോയി. എങ്ങുനിന്നോ മാങ്ങകൾ താഴേക്കു വീണാൻ തുടങ്ങി. ഉയരങ്ങളിൽ നിന്ന് ഒരു പൊട്ടിച്ചിരിയും. പറങ്കിമാവ് ശക്തമായി ആടിയുലയുകയും പൊട്ടിച്ചിരി മാത്രം കേൾക്കാൻ തുടങ്ങുകയും ചെയ്തു. മാമ്പഴങ്ങൾ ചറപറ ഉതിർന്നു വീണുകൊണ്ടിരുന്നു. മുകളിൽ നിന്ന് വീണ്ടും ചിരി കേട്ടു. എന്നാലതിനു നന്ദന്റെ ശബ്ദമായിരുന്നില്ല. മുതിർന്ന ഒരാളുടെ പരുക്കൻ ഒച്ചയും അതോടൊപ്പം ഒരു കിളുന്തു ശബ്ദവും കേട്ടു. അത് നന്ദന്റെ ആയിരുന്നുവോ?

അധികം വൈകാതെ അവന്റെ ഷർട്ട് പാറിപ്പറന്നു താഴെ വീണു, തുടർന്ന് നിക്കറും നനഞ്ഞ ഒരു പട്ടുകോണകവും. ഒരുമാസം കഴിഞ്ഞപ്പോൾ അവന്റെ പേര് സ്‌കൂളിലെ ഹാജർ പുസ്തകത്തിൽ നിന്ന് വെട്ടി. എഴുത്തുകാരൻ ഫാന്റസിയുടെ ഭയപ്പെടുത്തുന്ന ഒരു താളം സൃഷ്ടിച്ചു, പേടിസ്വപ്നമാക്കി മാറ്റുകയാണ് ഈ കഥയുടെ പരിസരത്തെ. കുട്ടിയെ കാണാതെയാക്കിയതും അവന്റെ ചെറിയൊരു ശബ്ദം മാത്രം അവസാനമായി കേട്ടതോടൊപ്പം മരത്തിനു മുകളിൽ മുതിർന്ന ഒരാൾ കൂടെയുണ്ടായിരുന്നുവെന്ന സൂചന നൽകിയതും ആശങ്ക ജനിപ്പിക്കുന്നു. ബാലരതിയുടെ സന്ദർഭത്തിലേക്ക് വിരൽചൂണ്ടുന്ന കഥ ഒരേ സമയം മാർക്കേസിന്റെ പരിസരങ്ങളിലും മറ്റും കാണുന്ന അസാധ്യതകളുടെ സാധ്യതകളിൽ മുട്ടിനിൽക്കുകയാണ്. പ്രാഥമികമായി ഭ്രമാത്മകമെന്നു വായിച്ചെടുക്കാവുന്ന കഥയിലേക്ക് പീഡനപർവത്തിന്റെ അപകടകരമായ ആകസ്മികത കൂടെ തുന്നിവെക്കുകയാണ്. “പണ്ട് പണ്ട് നന്ദൻ എന്ന ഒരു കുട്ടിയുണ്ടായിരുന്നു” എന്ന ലളിതമായ കഥപറച്ചിലായി അവസാനിപ്പിക്കുന്ന ‘മൂന്നു കുട്ടികൾ’ സങ്കീർണമായ യുക്തികളുടെ തുറസ്സാണ്. നന്ദുവിന്റെ സ്വത്വം ഒരു സങ്കല്പമായി പരിണമിക്കുന്നു. അതൊരു പ്രഹേളികയും പേടിസ്വപ്നവുമായി അവശേഷിപ്പിച്ചുകൊണ്ട് ഒരു മുത്തശ്ശിക്കഥയിലെ പരിസരപ്രമേയം എന്നത് പോലെ മാറുമ്പോഴും അതിലടങ്ങിയ സാമൂഹികയാഥാർഥ്യം കാണാതെ പോകരുത്. അത്തരത്തിലുള്ള നോട്ടത്തെ ചേർത്തുവെയ്ക്കുമ്പോഴാണ് കഥയുടെ മാനം വേറിട്ടതാവുന്നത്.

കുട്ടിയെ മായാരൂപിയാക്കി രൂപപ്പെടുത്തുന്ന കാഴ്ച യാഥാർഥ്യത്തെ മായികാവസ്ഥയിലേക്ക് പരിവർത്തനം ചെയ്യുന്നു. മറ്റൊരു തരത്തിൽ, സ്വപ്നത്തെ യാഥാർഥ്യമാക്കി മെനയുന്ന ബോർഹെസിന്റെ ‘The Circular Ruins’ എന്ന കഥ ഇവിടെ ഓർമ വരികയാണ്. മനോരഥങ്ങളിൽ നിന്ന് മനുഷ്യനെ ആകൃതിപ്പെടുത്തുന്ന ബോർഹെസിന്റെ കഥയിലെ കഥാപാത്രത്തിന്റെ സ്വപ്നയാത്രകൾ പ്രസിദ്ധമാണ്. വിഭ്രാന്തിയും വ്യാമോഹവും കേന്ദ്രസ്ഥാനം വഹിക്കുന്ന അത്തരം പ്രമേയത്തിന്റെ രൂപരേഖയിൽ തന്നെയാണ് ‘മൂന്നു കുട്ടിക’ളും രചിച്ചിരിക്കുന്നത്. അവിചാരിതവും അപ്രതീക്ഷിതവുമായ വിധത്തിൽ പതിയിരിക്കുന്ന അപകടങ്ങളുടെ ചുഴിയെ ഭ്രമകല്പനയായി അവതരിപ്പിക്കുകയാണ് കഥാകൃത്ത് ഈ കഥയിൽ.

അടയാളങ്ങൾ (2000)

സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കാല്പനികമായ വിതാനങ്ങൾ, ആദർശവൽക്കരിച്ച വിനിമയങ്ങൾ, വിശ്വാസങ്ങളുടെ രൂപപരിണാമങ്ങൾ, അഭൗമതലത്തിൽ നിന്ന് പൊട്ടിമുളച്ചെത്തുന്ന വിഷാദവലയങ്ങൾ തുടങ്ങിയ വിഷാദസങ്കലനങ്ങളുടെ ഇടതൂർന്ന കളിയരങ്ങായി ഏതാനും കഥകളെ സേതു പരുവപ്പെടുത്തുന്നു. ‘അടയാളങ്ങൾ'(2000) എന്ന കഥയുടെ അടിത്തട്ടിൽ ഇത്തരം ബിംബവാക്യങ്ങൾ സ്‌പഷ്‌ടമായി തെളിഞ്ഞുനിൽക്കുന്നു. മറ്റു ശരീരങ്ങളിൽ നിന്ന് ഇറക്കിക്കളഞ്ഞ വിഷം ഒടുവിലൊരു നിയോഗമായി സർവദമനന്റെ മുത്തച്ഛനിലേക്ക് തിരിച്ചെത്തുന്നതുപോലെ നീലനിറത്തിൽ അടയാളങ്ങൾ ദമനനിലും മാർത്തയ്‌ക്കുമിടയിൽ അകലം തീർക്കുന്നു. അടുപ്പങ്ങളെ പേരിട്ടുവിളിക്കാൻ വൈമുഖ്യം കാണിക്കുന്ന അയാൾ അടയാളങ്ങളേതുമില്ലാതെ അടുപ്പങ്ങളെ ഇഷ്ടപ്പെടുന്നു. അയാളുടെ ഉള്ളിലെ ചില പൊരുത്തക്കേടുകൾ മാർത്തയിലൂടെ സ്പർശിച്ചറിയാനാണ് ദമനൻ ശ്രമിക്കുന്നത്. പരസ്പരമുള്ള കണ്ടുമുട്ടലുകളിൽ, സ്പർശങ്ങളിൽ, നിർവചിക്കാൻ കഴിയാത്ത ഏതോ നിമിഷങ്ങളിൽ പ്രണയം അഗ്നിയായി കത്തിജ്വലിക്കുന്നതും ഉള്ളറിഞ്ഞു വിശ്വസിക്കുന്നവന് ഉൾകാഴ്ചയായി പ്രിയപ്പെട്ടവളുടെ ശരീരം (മനസ്സും) പരിവർത്തനം ചെയ്യുന്നതും ദമനനിലൂടെ രംഗോചിതമായി അവതരിപ്പിക്കുന്നു. സേതുവിന്റെ പ്രസിദ്ധമായ ‘ഉയരങ്ങളിൽ’ എന്ന കഥയിലെ കഥാപാത്രങ്ങൾക്കിടയിലുള്ള വിനിമയങ്ങളുടെ വേറിട്ട ധ്വനിപ്രകാരമാണ് ‘അടയാളങ്ങളിൽ’ നിലനിൽക്കുന്നത്. ഓരോ മൈതാനത്തിനും അവയുടേതായ വൻ രഹസ്യങ്ങളുണ്ടെന്ന തത്വത്തെ ബലപ്പെടുത്തുന്ന സന്ദർഭങ്ങൾ സ്വയം പ്രകാശിതമാവുകയാണ്. പരസ്പരമുള്ള ബന്ധത്തിൽ വിടവുകൾ ബാക്കി കിടക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും കഥാപാത്രങ്ങളുടെ ഉലച്ചിലുകളും ആയങ്ങളും കൊണ്ട് അവ സ്ഥാപിക്കുകയും ചെയ്യുന്ന കഥാഗാത്രത്തെയാണ് സേതു മെനയുന്നത്. അദ്ദേഹത്തിന്റെ കഥാജീവിതത്തിൽ ഇങ്ങനെയുള്ള നോട്ടങ്ങൾ സവിശേഷതയോടെ നിലകൊള്ളുന്നു. ഇത്തരം വ്യവഹാരങ്ങളുടെ ഈർപ്പവും ഇടർച്ചകളും അവതരിപ്പിക്കുന്ന ആഖ്യാനരൂപത്തിൽ ഗൃഹാതുരമായ സ്നേഹവായ്പുകളുടെ ഉർവ്വരത ലയിച്ചുചേർന്നിരിക്കുന്നു എന്ന നിരീക്ഷണവും പ്രധാനമാണ്. ‘അരുന്ധതിയുടെ വിരുന്നുകാരൻ’ എന്ന കഥയിലും സൂചിതമാകുന്നത് സമാനമായ ഘടനയുള്ള ‘പ്രത്യയശാസ്ത്ര’മാണെന്നതിൽ സംശയമില്ല.

ജലസമാധി (2002)

ഈ കഥയിൽ വാർദ്ധക്യം പേടിസ്വപ്നമായി തീരുകയും വാർദ്ധക്യാവസ്ഥകളിൽ നിന്ന് മുക്തി സമ്മാനിക്കുന്നതുപോലെ അപകടമരണം സംഭവിക്കുകയും ചെയ്യുന്ന ഒരു ഗ്രാമത്തിലെ മനുഷ്യരുടെ അങ്കലാപ്പുകളെയാണ് വിവരിക്കുന്നത്. വൃദ്ധരെ ദയാവധത്തിന് വിധേയമാക്കുന്ന തമിഴ്‌നാട്ടിലെ ചില ഗ്രാമങ്ങളുടെ ‘തലൈക്കൂത്തൽ’ എന്ന ദുരാചാരത്തെ ആസ്പദമാക്കി എഴുതിയ കഥയാണിത്. പേടിസ്വപ്നങ്ങൾ മനുഷ്യരെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട അനേകം കഥകൾ എഴുതിയ കഥാകൃത്ത് ഇവിടെ സാമൂഹികമായ പടലങ്ങളിലേക്ക് ഒരു പേടിസ്വപ്നം യാഥാർഥ്യമാവുന്നതിന്റെ അംശങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഒരു ഫാക്ടറിയിലെ ജോലിയുമായി ബന്ധപ്പെട്ട ചുറ്റുപാടിലാണ് ഈ കഥ വികസിക്കുന്നത്. പത്തുപന്ത്രണ്ടു കൊല്ലങ്ങൾ കൊണ്ട് അൻപത്തൊമ്പത് വയസ്സ് കഴിഞ്ഞ എട്ടു തൊഴിലാളികൾ ദുരൂഹമായ സാഹചര്യത്തിൽ മുങ്ങി മരിക്കുകയായിരുന്നു. എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്ന കാര്യത്തിൽ ഉളവെടുക്കുന്ന ആശങ്കയുടെ താഴ്‌വരയായി ഗ്രാമം മാറുന്നു.

ഗോപാലൻ (1969)

ആദിചാലിയൻ എന്ന ആശയത്തിന്റെ പ്രത്യക്ഷവിശകലനമാണ് ‘ഗോപാലൻ ‘ എന്ന കഥ . പണ്ടെങ്ങോ നാടുവിട്ടു പോയ ഗോപാലനെ മറുനാട്ടിൽവെച്ചു ആഖ്യാതാവ് അവിചാരിതമായി കണ്ടുമുട്ടുകയാണ്. എന്നാൽ ആഖ്യാതാവിനെ മനസിലാകാതെ അജ്ഞത നടിച്ചു കൊണ്ട് അയാൾ പെരുമാറുന്നു. ഓർമപ്പെടുത്തലുകൾക്കും പഴങ്കഥകൾക്കും അയാളെ തിരിച്ചറിവിന്റെ പാതയിലേക്ക് നയിക്കാനാവുന്നില്ല. ആഖ്യാതാവിനു മഞ്ഞപ്പിത്തം വന്നപ്പോൾ പരിചരിച്ചത് ‘ഗോപാലന്റെ’ ഭാര്യയായിരുന്നു. അവിടെനിന്നു സ്ഥലംമാറ്റം കിട്ടി മറ്റൊരിടത്തു എത്തിയപ്പോളും സമാനമായ സാഹചര്യങ്ങൾ ആവർത്തിക്കുകയാണ്. ഗോപാൽസിങ്ങും പ്രൊഫസർ ഗോപാലും ഒക്കെ നാട്ടിലെ ഗോപാലന്റെ രൂപഭേദങ്ങളായി ആഖ്യാതാവിനു തോന്നി. ഇങ്ങനെ രൂപത്തിൽ സാമ്യമുള്ള മനുഷ്യർ/കഥാപാത്രങ്ങൾ സൃഷ്ടിക്കുന്ന ‘Doppelgänger’ പ്രഭാവം സാഹിത്യത്തിൽ പണ്ടുമുതലേ മൂർച്ചയോടും മികവോടും ഉപയോഗിക്കുന്ന സങ്കേതമാണ്. ദസ്തെയ്‌വ്സ്കിയും നബോക്കോവും സരമാഗോയും സത്യജിത് റായ് യും ഇത്തരം പ്രമേയങ്ങൾ വിജയകരമായി അവതരിപ്പിച്ചിട്ടുണ്ട്. ഫാന്റസിയുടെ അംശങ്ങൾ ധ്വനിപ്പിക്കാനും വിനാശകരമായ ചുറ്റുവട്ടത്തെ ഒരുക്കാനുമാണ് സാമ്പ്രദായികമായി ‘ജീവിച്ചിരിക്കുന്ന ഒരാളോട് സാദൃശ്യം തോന്നുന്ന മറ്റൊരാൾ ‘ എന്ന ധാരണ സർഗാത്മക സാഹിത്യത്തിൽ വിന്യസിപ്പിക്കുന്നത്. Doppelgänger നെ സാങ്കല്പികമായ കഥാപാത്രമായോ, തത്വചിന്താപരമോ മന:ശാസ്ത്രപരമോ ആയ നിലയായോ നോക്കിക്കാണുന്ന രീതി അവലംബിക്കുകയാണ് പതിവ്. ഒരേ ഛായയിലുള്ള രണ്ടു പേരെയാണ് doppelgänger കൊണ്ട് ഉദ്ദേശിക്കുന്നത്.ആഖ്യാനത്തിൽ എന്തെങ്കിലും വിപത്ത് ഉരുണ്ടുകൂടുന്നതിനെ സൂചിപ്പിക്കാനും ഈ ആശയത്തിലൂടെ സാധിക്കും.

ശക്തൻ തമ്പുരാന്റെ മൂന്നുകണ്ണുകൾ (1974)

ഈ കഥയിൽ, നാടുവാണിരുന്ന രാജാവിനെ തിരക്കേറിയ നാൽക്കവലയിൽ ട്രാഫിക്ക് നിയന്ത്രിക്കുന്ന പോലീസുകാരനാക്കി മാറ്റിയിരിക്കുകയാണ്. രാജാധിപത്യത്തെ തുടച്ചുനീക്കികൊണ്ട് ജനാധിപത്യം സ്ഥാപിതമായതോടെ, നാടു വാണ പൊന്നുതമ്പുരാൻ സർക്കാരിന്റെ ഒരുവകുപ്പിൽ ജീവനക്കാരനായി ജോലിയിൽ പ്രവേശിക്കുന്നു. അസംഗതമായ ഒരു പരിസരപ്രമേയത്തിന്റെ സാധ്യതകളെ ഉരച്ചുനോക്കുന്ന ഉരകല്ലായി കഥാഭൂമികയെ സാധ്യമാക്കുന്ന കരവിരുതാണ് ഈ കഥയ്ക്ക് പിന്നിലുള്ളത്. സ്വന്തം ഭൂമിയുടെ തീർപ്പു കൽപ്പിക്കാൻ അവകാശമുള്ള ഉടയോൻ അവിടെനിന്നു അയാളുടെ കുടിയാന്മാരുടെയും പ്രജകളുടെയും ചെറുത്തുനിൽപ്പിനെ തുടർന്ന് നിഷ്കാസിതനാവുകയും ജനാധിപത്യത്തിന്റെ ക്രമം ഉടലെടുക്കുകയും ചെയ്യുന്നു. അധിനിവേശം ചെയ്യുന്നവർക്ക് പ്രസ്തുതനാടിന്റെ ആന്തരിക വ്യവഹാരങ്ങളെക്കുറിച്ച് ആഴത്തിൽ ബോധ്യമുണ്ടാവണമെന്നില്ല. തൊലിപ്പുറത്തെ കാഴ്ചകളിലും സ്ഥാവര ജംഗമവസ്തുക്കളിലും അവരുടെ താല്പര്യം ഉടക്കി നിൽക്കുകയാണ് പതിവ്. എന്നാൽ ദേശത്തെ സ്നേഹിച്ച ഒരു രാജാവിന് അങ്ങനെ ചിന്തിക്കാനാവണമെന്നില്ല. ഭരണവിനിമയത്തിന്റെ കരുക്കൾ വ്യത്യസ്തമായേക്കാം. ജനങ്ങൾക്ക് തീരുമാനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചുകൊള്ളണമെന്നില്ല. ഫലത്തിൽ, രാജാവ് നിശ്ചയിക്കുന്നത് സ്വീകരിക്കുക എന്ന പ്രക്രിയയാണ് സംഭവിക്കാൻ സാധ്യതയുള്ളത്. അങ്ങനെയൊരു രാജാവ് ഭരണം ഇല്ലാതായതിനു ശേഷം നാടിന്റെ അഭിവൃദ്ധിയിൽ ഭാഗഭാക്കാവുന്ന ഭ്രാന്തൻസ്വപ്നമാണ് ഈ കഥ. ഭരിക്കുന്നവർക്കും ഭരിക്കപ്പെടുന്നവർക്കുമുള്ള ന്യായങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണയുള്ള മുൻഭരണാധിപൻ ജോലിയിൽ പ്രവേശിച്ചതിനെ ,ജനായത്ത സംവിധാനത്തെ പരിഹസിക്കാനെന്നോണമാണ്‌ ഇപ്പോഴത്തെ ഭരണകൂടവും മന്ത്രിമാരും കാണുന്നത്. അങ്ങനെ ശരീരത്തിൽ പലയിടത്തായി പന്ത്രണ്ടു യന്ത്രക്കണ്ണുകൾ ഘടിപ്പിച്ചുകൊണ്ട് യാന്ത്രികാവസ്ഥയിലേക്ക് അയാളെ രൂപാന്തരപ്പെടുത്തുകയാണ്. ഒരുദിവസം യന്ത്രം കേടാകുകയും അതിനെ ചൊല്ലി വലിയ കലാപം ആ തെരുവിൽ നടക്കുകയും ചെയ്തു. ഇതിനിടയിൽ ചുരുട്ടിപ്പിടിച്ച ആയിരം കൈകൾ തന്റെ നേർക്കു നീണ്ടുവരുന്നത്’ രാജാവ് കണ്ടു. ഒരുകാലത്തെ ഭരണാധികാരി പുതിയ ഭരണസംവിധാനത്തിന്റെ ഇരയായി പരിണമിക്കുന്നതിന്റെ ചിത്രമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. വേഷത്തിലുള്ള വിശേഷാധികാരം പൂർണമായും റദ്ദുചെയ്യപ്പെടുകയും പുതിയ ഭരണകൂടം അയാളുടെ സ്ഥിതിഗതികളിലേക്ക് അധിനിവേശം നടത്തുകയുമാണ് ഇവിടെ സംഭവിക്കുന്നത് എന്ന് വ്യക്തമാണ്.

മായക്കാഴ്ചകൾ (2000)

ആക്ഷേപഹാസ്യത്തെ ക്രിയാത്മകമായി കഥകളിലേക്ക് സന്നിവേശിപ്പിക്കാൻ സിദ്ധിയുണ്ടായിട്ടും ബോധപൂർവം സേതു അത് പിന്തുടർന്നില്ല എന്ന് പറയാതിരിക്കാൻ കഴിയില്ല. കഥാകൃത്ത് ഒരുക്കിക്കൊണ്ടുവരുന്ന ശില്പമാതൃക സറ്റയർ ആവാതിരിക്കാൻ അദ്ദേഹം മന:പൂർവം ശ്രമിച്ചിരുന്നു എന്നുകരുതാം.’മായക്കാഴ്ചകൾ’ ഇതിന്റെ ദൃഷ്ടാന്തമാണ്. പാഞ്ചാലിയുടെ വസ്ത്രാക്ഷേപം തത്സമയം ചാനലിൽ ആസ്വദിക്കുന്ന കാഴ്ചക്കാരിലാണ് ഈ കഥ നില കൊള്ളുന്നത്. മഹാഭാരത്തിലെ രംഗത്തെ കാലികമായ വേഷപ്പകർച്ചയോടെ പുനരാവിഷ്കരിക്കുന്ന കഥയിൽ മാധ്യമപ്രതിനിധികൾ പ്രേക്ഷകരാകുന്നു. പുരാണകഥാപാത്രങ്ങളുടെ പേരുകളും വേഷഭൂഷാദികളും മാറുന്നുണ്ട്. അന്ധനായ കണ്ണൻകുട്ടിയാണ് സഭാതലത്തിന്റെ അധിപൻ. കറുപ്പയ്യൻ വസ്ത്രാക്ഷേപത്തിനു ചുക്കാൻ പിടിക്കുകയും ചെയ്യുന്നു. കണ്ണൻ കുട്ടിയെ നേരിട്ട് കാര്യങ്ങൾ ധരിപ്പിക്കാൻ അഭിനവ സഞ്ജയനും സന്നിഹിതനാണ്. മരണവും കൊലപാതകവും യുദ്ധവും തത്സമയം കണ്ടു ‘രസിക്കാനാ’യി സംപ്രേഷണം ചെയ്യുന്ന ദൃശ്യമാധ്യങ്ങൾക്ക് ഇതൊരു പുതുമയുള്ള പരിപാടിയാണ്.എന്നാൽ അത്തരമൊരു മായക്കാഴ്ചയുടെ തലം മാറുന്നത് പ്രതീതിയാഥാർഥ്യത്തിന്റെ പാളികളെ ഈ സന്ദർഭത്തിലേക്ക് സന്നിവേശിപ്പിക്കുമ്പോഴാണ്. മഹാഭാരതത്തിന്റെ സമകാലകാണ്ഡം വളരെയടുത്തുനിന്നു തിരക്കാഴ്ചയായി വീക്ഷിക്കുന്ന ഊർമിളയും അജയുമാണ് കഥയിലെ പുതിയതലമുറകഥാപാത്രങ്ങൾ. നെയ്‌തെടുക്കുന്ന വിസ്മയരംഗങ്ങളിലൂടെ സത്യമാണോ പൊളിവചനമാണോ എന്ന ചാഞ്ചല്യം ഇവരിൽ മുളപൊട്ടുന്ന വിധത്തിലാണ് കഥയുടെ പശ്ചാത്തലം രൂപപ്പെടുത്തിയിരിക്കുന്നത്. അനീതിയുടെ വൈലക്ഷണ്യം ഉത്തരാധുനികപരിസരങ്ങളിൽ എങ്ങനെയാണ് വായിക്കപ്പെടുന്നതെന്നും അതിന്റെ കാലിക വ്യാഖ്യാനങ്ങൾ എഴുതപ്പെട്ട കാലത്തുനിന്നും ഏതെല്ലാം വിധത്തിലാണ് മാറുന്നതെന്നും എന്ന ആലോചന കൂടിയാണ് ഈ കഥ. ഇതിഹാസത്തിന്റെ മാനങ്ങളെ തച്ചുടച്ചുകൊണ്ട് വേറൊരുഭാഷ്യം നൽകുന്നതിന്റെ ഭാഗമായി കഥയെ മുന്നോട്ടുവെക്കാം. ഉണ്ടാക്കിയെടുത്ത കപടമായ സ്ത്രീവിരുദ്ധതയോടെ പാഞ്ചാലിയെ കുറിച്ച് പരാമർശിക്കുന്ന ഊർമിളയും അതിനെ എതിർക്കുന്ന ആണധികാരരൂപമായ അജയനും വർത്തമാനകാലത്തിന്റെ കാഴ്ചപ്പാടുകളെ അവതരിപ്പിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന ലോകം ഭാവനാപരമായ ഉള്‍ക്കാഴ്‌ചയുടെ രീതിശാസ്ത്രത്തെ പരുവപ്പെടുത്തുന്നു . യാഥാർഥ്യ-പ്രതീതി യാഥാർഥ്യ ലോകത്തിന്റെ കെട്ടുകാഴ്ചകളിൽ അഭിരമിക്കുന്നതോടെ സത്യവും വ്യാജോക്തിയും തമ്മിലുള്ള ബന്ധം തിരിച്ചറിയപ്പെടാതെ പോകുന്നതും ഇതോടൊപ്പം പ്രാധാന്യത്തോടെ കൂട്ടിവായിക്കേണ്ടതാണ്.

കൊച്ചിയിലെ നക്ഷത്രവും കൃഷ്ണമേനോനും

സേതു അടുത്തകാലത്തു എഴുതിയ കഥയായ ‘കൊച്ചിയിലെ നക്ഷത്രവും കൃഷ്ണമേനോനും’ ഏതാണ്ട് അറുപതു വർഷം മുൻപ് നടന്ന ബോംബയിലെ തെരഞ്ഞെടുപ്പിന്റെ ഓർമയെയും രാഷ്ട്രീയത്തെയും ശ്രദ്ധയിൽക്കൊണ്ടുവരുന്നു. ദാദറിലെ ‘കൊച്ചിയിലെ നക്ഷത്രം’ എന്ന ഹോട്ടലിലെ മലയാളി അന്തേവാസികൾ വി കെ കൃഷ്ണമേനോൻ ഉത്തര ബോംബയിൽ മത്സരിക്കുന്ന ആ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച വാദപ്രതിവാദത്തിൽ ഏർപ്പെടുന്നു. അതുവഴി പ്രവാസജീവിതത്തിലൂടെ കൈവരുന്ന പ്രായോഗികാംശത്തെ സ്ഥിതിഗതികളുടെ സിംഹാവലോകനം നടത്താൻ ഉപയോഗിക്കുന്നതെങ്ങനെയെന്നും വ്യക്തമാക്കുന്നു. ബോംബെയിലേക്ക് തൊഴിലന്വേഷണവും പിന്നെ ജോലിയുമായി ജീവിതം പറിച്ചുനടേണ്ടി വരുന്ന ഒരു തലമുറയുടെ ഉത്കണ്ഠകളും ആശങ്കകളും തീരെച്ചെറിയ ആഹ്ലാദങ്ങളും രാഷ്ട്രീയചിന്താഗതിയും പൊതുവെ രാജ്യത്തിന്റെ അവസ്ഥകളുമൊക്കെ അന്തേവാസികളുടെ സംഭാഷണങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. വി കെ കൃഷ്ണമേനോനും ജെ ബി കൃപലാനിയും മത്സരിച്ച തെരഞ്ഞെടുപ്പ് ലോകശ്രദ്ധ ആകർഷിച്ചിരുന്നു. കോൺഗ്രസ്സിനെ തോൽപ്പിക്കാനായി സോഷ്യലിസ്റ്റ് നേതൃത്വം കച്ച കെട്ടിയിറങ്ങിയെങ്കിലും വിജയം കൃഷ്ണമേനോന് ഒപ്പമായി. ബോംബെയുടെ ചരിത്രവും പരിണാമവും കുടിയേറ്റത്തിന്റെ നാൾവഴികളും ആനുഷംഗികമായി പറഞ്ഞുപോകുന്ന കഥ ബോംബെ എന്ന പ്രദേശത്തെ ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ മലയാളികളുടെ ജീവിതംകൂടെയാണ് വരച്ചുകാണിക്കുന്നത്.

ഇവിടെ പരാമർശിച്ച കഥകളിലെ പ്രമേയപരിസരങ്ങൾക്ക് പ്രത്യക്ഷത്തിൽ യാതൊരു ബന്ധവും ഇല്ല. ഒട്ടൊക്കെ വ്യത്യസ്തമായ സ്ഥലകാലങ്ങളിലൂടെ രൂപപ്പെട്ട ഈ കഥകളെ സൂക്ഷ്മമായി പരിശോധിച്ചാൽ മാനുഷികവ്യവഹാരങ്ങളുടെ സമാനമായ അവസ്ഥകളും അതുവഴി ഉരുത്തിരിയുന്ന നിലപാടുകളുടെ സാദൃശ്യങ്ങളും മെനഞ്ഞെടുക്കാനാവും. യാഥാർത്ഥവും അയഥാർത്ഥവുമായ പാളികളിലൂടെ കഥാക്കൂട്ട് വികസിപ്പിക്കുന്ന കഥാകൃത്തിന്റെ നിലപാടുകളും ഭാവനയും മേൽപരാമർശിച്ച കഥകളിലൂടെ വ്യക്തമാണ്.

കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺ

Comments
Print Friendly, PDF & Email

You may also like