പൂമുഖം LITERATUREകവിത ചിക്കുമരവും, മൈനയും, സ്കൂട്ടറും

ചിക്കുമരവും, മൈനയും, സ്കൂട്ടറും

ചിക്കുമരവും, മൈനയും, സ്കൂട്ടറും
ഞാൻ തന്നെ,
മേഘങ്ങൾ വരച്ചു ചേർത്ത
നീലാകാശത്തിന്റെ
നിറമുള്ള സ്കൂട്ടറിൽ

ഒരൊറ്റപ്പഴത്തിന്റെ ചിരിയുള്ളൊരു
ചിക്കുമരത്തിന്റെ തൈയ്യും
മുന്നിൽ വച്ച്,
നിലം തൊട്ടുമുയർന്നും
ഒരു പുതുപാട്ട് മൂളിയും
പൊടിയൻ വളവിലെ
കുളിരൻ കാറ്റിൽ കൂനിയും
ഇറക്കം തൊട്ടപ്പോളെന്റമ്മോ..
വളഞ്ഞു പറന്നൊരു മൈന
നെഞ്ചിലു മുട്ടി
വീണതാ, ചിക്കുമരക്കൊമ്പിൽ!

ട്രൗസറു പോലൊരു സഞ്ചിയിൽ
അംഗനവാടികുട്ടിയെപ്പോലെ
കുശുമ്പിയിരുന്ന തൈ,
ഒന്നുഷാറായി
ചില്ലകൾ ചേർത്തു പിടിച്ച്
മൈനയെ ഓമനിച്ചു…

വീഴ്ചയിൽ
ഒന്നുലഞ്ഞെങ്കിലും
സ്വപ്നത്തിന്റെ പരിക്കുകൾ കുടഞ്ഞ് കളഞ്ഞ്
മഞ്ഞക്കണ്ണു മിഴിച്ച്
മരക്കുഞ്ഞിനോട്‌ മിണ്ടിയും
ഒറ്റപ്പഴത്തിൽ പതുക്കെ
കൊത്തിയും,
വഴിയേ പാറിയ തുമ്പികളോടും
മേയാൻ വിട്ട പശുക്കളോടും
കൽവർട്ടിനു കീഴിലെ
കറുത്തവരമീനുകളോടും,
പെട്ടന്ന് പെട്ടന്ന്
“ഞാനിതാ പോണേ…”ന്നൊരു
പൊതുഭാഷയുടെ ഒതുക്കത്തിൽ
പറഞ്ഞൊപ്പിക്കുന്നു..

ഞാൻ വരച്ച വെള്ളമേഘങ്ങളെ
മഞ്ഞക്കൊക്കുകൊണ്ട്
ഉരച്ചുരച്ച് പറത്തി വിട്ട്
എന്റെ നീലവണ്ടിയോട്
ദൂരത്തോട് ദൂരം
മിണ്ടിച്ചിരിക്കുന്നു!

“കൂട്ടിലേക്കു വരുന്നോ”-യെന്ന
എന്റെ ചോദ്യത്തെ
നോക്കാതവഗണിച്ച്
കാഴ്ച്ചയിൽ,
പുഴ തുടങ്ങുന്ന വളവിൽ
പതുക്കെ നിർത്തിയ സ്കൂട്ടറിൽ
കാപ്പിച്ചിറകുകൾ നീർത്തി
മൈനയിറങ്ങിയതും…
അതാ, ചിക്കുമരം പൂത്ത് കുനിഞ്ഞും
മേഘങ്ങളിറങ്ങി നിറഞ്ഞും
വണ്ടിയിൽ പാട്ടുപോലൊരു ഹോണുയർന്ന് വളർന്നും
ഇല്ലാത്ത കൈകൾ വീശുന്നു!

പുതിയൊരു കാറ്റന്നേരം
മുന്നിൽ നിന്നൊരു തൂവലുയർത്തി
എനിക്ക് നീട്ടുന്നു…

ഞാനാ പതുപ്പിൽ,
ലജ്ജിച്ച്
തളിർത്തു തുടങ്ങിയ ബ്രേക്കിൽ
മുറുക്കെ പിടിച്ചു..

കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺ

Comments
Print Friendly, PDF & Email

You may also like